Latest News

കുട്ടിശങ്കരനും ആനസ്കൂളും

വലിയ കൊമ്പൻ നാട്ടിലൊരു സ്കൂൾ തുടങ്ങി അനപ്പുറത്തേറാൻ പഠിപ്പിക്കുന്ന സ്കൂൾ. കെ. ആർ വിശ്വനാഥൻ എഴുതിയ കുട്ടികളുടെ നോവൽ ചങ്ങല ഏഴാം ഭാഗം

k r viswanathan , childrens novel , iemalayalam

വലിയ കൊമ്പൻ വല്ലാതെ അസ്വസ്ഥനായി.
ആകെ ഒരു രസമുണ്ടായിരുന്നത് പുഴയിലെ കുളിയാണ്.മുങ്ങിക്കിടക്കാം. നാലു കാലും മുകളിലേക്കാക്കി കിടക്കാം. കുത്തിമറിയാം. അപ്പോഴൊക്കെ വലിയകൊമ്പൻ തനിക്ക് കുറേ കൂട്ടുകാരുണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിച്ചിട്ടുണ്ട്.

ഒരു കടുവയെ പേടിച്ച് അതെല്ലാം മുടങ്ങി.

വെള്ളത്തിൽ മുങ്ങിക്കിടന്ന് മനോഹരമായ സ്വപ്നങ്ങൾ കാണും വലിയകൊമ്പൻ. ചിലപ്പോൾ കടുത്ത ആലോചനയിലാകും. തന്നെ ബീഹാറിൽ നിന്നു കൊണ്ടുവന്നതാണെന്ന് ചിലർ പറയുന്നതു കേട്ടിട്ടുണ്ട്. ഉത്തർ പ്രദേശിൽ നിന്നു കൊണ്ടുവന്നതാണെന്ന് ചിലർ. തന്നെ കാണാൻ ഇടയ്കിടെ വരുന്ന വൈദ്യർ പറഞ്ഞത് താൻ കർണാടകത്തിൽ നിന്നും വന്നതാണെന്നാണ്. അതൊക്കെ എവിടെയുള്ള സ്ഥലങ്ങളാണോ ആവോ? ആർക്കറിയാം?

ആനക്ക് തീറ്റ കൊടുക്കാനും വെള്ളം കൊടുക്കാനും ഇപ്പോൾ വരുന്നത് ചെറിയ കൊമ്പന്റ മകനാണ്. കൊമ്പന്റെ കൊമ്പിന്റെ അത്ര പോലുമില്ല അവൻ. മറ്റു കുട്ടികളെ പോലെ പേടിയൊട്ടുമില്ല അവന്.അവൻ പനമ്പട്ട മാറ്റിയിട്ടു കൊടുക്കും. ഒന്നു രണ്ടു തവണ ആനപ്പുറത്തു കയറാൻ നോക്കി. ഒരു തവണ ഉരുണ്ടു വീഴുകയും ചെയ്തു. അവൻ എണീറ്റു നിന്നു വാ നിറയെ ചിരിക്കുകയാണ് ചെയ്തത്.
മകൻ ആനപ്പുറത്തു കയറുന്നതു കണ്ട ചെറിയകൊമ്പൻ പറഞ്ഞു.

“ആനപ്പുറത്തു കേറുക എന്നത് സൈക്കിളു കയറ്റം പോലെ അത്ര എളുപ്പമല്ല. അതൊരു ജീവിയാണ്. അതിനെ ഒട്ടും വേദനിപ്പിക്കാതെ, നീ ചെറ്യ കുട്ടിയാന്ന് പറഞ്ഞിട്ട് കാര്യമില്ല. ആനയ്ക്ക് വേദനിക്കാതെ വേണം.” വലിയ കൊമ്പനെ ആരെങ്കിലും വേദനിപ്പിക്കുന്നത് ചെറിയ കൊമ്പന് ഒട്ടും ഇഷ്ടമല്ല. അയാൾ പറയും. “അവനു വല്യ ശരീരോം രണ്ടു കൊമ്പും ഉണ്ടന്നേയുള്ളു. കുട്ടികളടെ മനസാ. കൊറച്ചു വേദനിച്ചാ കരയും. ചെലപ്പോ ഓടിപ്പോവുകേം ചെയ്യും.”

ചെറിയകൊമ്പൻ മകനോടു പറഞ്ഞു.” നീ അത്ര പാടുപെടുകയൊന്നും വേണ്ട. നിന്നെ പുറത്തു കേറ്റാൻ കാലമായെന്നു തോന്നിയാൽ അവൻ നിനക്കു മുമ്പിൽ കാലുമടക്കിത്തരും. അപ്പോൾ പിൻകാലാണ് മടക്കുന്നതെങ്കിൽ വാലിൽ പിടിച്ച് കേറണം. മുൻകാലാണ് മടക്കുന്നതെങ്കിൽ ചെവിയിൽ പിടിച്ച്, മെല്ലെ
അതു കേട്ട് വലിയകൊമ്പൻ മൂളി.

k r viswanathan , childrens novel , iemalayalam


അവനിപ്പോൾ ഇഷ്ടപ്പെടാത്തത് ഒന്നേയുള്ളു. ആനക്കാരൻ അയാളുടെ മകനിട്ടിരിക്കുന്ന പേര് ശങ്കരൻ എന്നാണ്. കുട്ടിശങ്കരൻ എന്നു വിളിക്കുകയും ചെയ്യും. രണ്ടും ആനകളുടെ പേരാണ്. രണ്ടു പേരും ഒന്നോ രണ്ടോ പേരേ കുത്തിക്കൊന്നിട്ടുണ്ട്. ആ പേര് അവനു വേണ്ടായിരുന്നു.

വലിയ കൊമ്പന് പനമ്പട്ടയും കൊടുത്ത് വെള്ളവും കൊടുത്ത് കുട്ടിശങ്കരൻ പോകാൻ തുടങ്ങുന്ന നേരത്ത് വലിയകൊമ്പൻ തുമ്പി കൊണ്ട് അവനെ മെല്ലെത്തൊട്ടു. കുട്ടിശങ്കരൻ തിരിഞ്ഞു നോക്കി.
വലിയകൊമ്പൻ കുട്ടിശങ്കരന്റെ മുമ്പിൽ മുൻകാൽ മടക്കുന്നു.

തെങ്ങിന്റെ തണലിൽ മകന്റെ പണികൾ കണ്ടിരുന്ന ചെറിയകൊമ്പൻ ഞെട്ടി. ഉത്സവത്തിനു തിടമ്പുമായി വരുന്ന ആളെ മാത്രമേ അവൻ മുൻ കാലിലൂടെ കയറ്റിയിരുന്നുള്ളു. ആനക്കാരൻ അല്ല ആനമുതലാളി വരെ ആനപ്പുറത്തു കയറണമെങ്കിൽ പിൻകാലിലൂടെ കയറിക്കൊള്ളണം. അതായിരുന്നു അവന്റെ ചിട്ട.

കുട്ടിശങ്കരൻ ചെവിയിൽ പിടിച്ച് ആനപ്പുറത്തേക്ക് വലിഞ്ഞു കയറി. വലിയകൊമ്പൻ അവനെ തുമ്പികൊണ്ട് മെല്ലെ താങ്ങിക്കൊടുക്കുകയും ചെയ്തു.

കുട്ടിശങ്കരൻ ആനക്കഴുത്തിലെ കയറിൽ കാൽ തിരുകി ഇരുപ്പ് ശരിപ്പെടുത്തി.ചെറിയ കൊമ്പൻ ലക്ഷ്മിക്കുട്ടിയുടെ ആനക്കാരനായിരുന്ന കാലത്ത് അവനെ ഒന്നു രണ്ടു തവണ ആനപ്പുറത്ത് കയറ്റിയിട്ടുണ്ട്.

വലിയ കൊമ്പന്റെ മുകളിലേറിയപ്പോൾ താൻ വളരെ ഉയരത്തിലെത്തിയെന്ന് കുട്ടിശങ്കരനു തോന്നി. അങ്ങാടിയിലൂടെ അങ്ങനെയൊന്നു യാത്ര ചെയ്യണമെന്ന് അവനു തോന്നി. അവന്റെ കൂട്ടുകാരുടെ ഇടയിലൂടെ. അവർ അവനെ കളിക്കാൻ കൂട്ടാറില്ല. ക്രിക്കറ്റാണ് കളി. ആ കളി അവന് ഒട്ടും വശമില്ല താനും. ആദ്യ പന്തിൽ തന്നെ ഔട്ട് ആകുന്ന കളിക്കാരനെ ആരാണ് ടീമിൽ എടൂക്കുന്നത്. പന്തെറിയാനാണെങ്കിലോ ആദ്യ പന്തു തന്നെ സിക്സറാക്കും. എന്നാലും കൂട്ടുകാർക്ക് അവനോട് സ്നേഹക്കുറവൊന്നുമില്ല. കുട്ടിശങ്കരനെപ്പിടിച്ച് അമ്പയറാക്കും. അതൊട്ടും രസമില്ലാത്ത പണിയാണ്.
ഇന്നവർ സ്കൂൾ ഗ്രൗണ്ടിൽ കളിക്കാൻ പോയിട്ടുണ്ടാകും. അവർക്കിടയിലൂടെ ആനപ്പുറത്തേറി കടന്നു പോകണം.

അതറിഞ്ഞതു പോലെ ചെറിയകൊമ്പൻ പറഞ്ഞു.

“ഏതായാലും നീ ആനപ്പുറത്തു കയറിയതല്ലേ..? ആനയെ ഒന്നു പുഴ വരെ കൊണ്ട്പോയിട്ടു പോരേ..”
അയാൾ അങ്ങനെ ഒരു ധൈര്യം ഉണ്ടാകാൻ ഒരു കാരണവുമുണ്ടായിരുന്നു. കുട്ടിശങ്കരൻ പറയുന്നതെല്ലാം അവൻ അതേ പടി താമസം വിനാ അനുസരിക്കുമായിരുന്നു. താൻ പത്തു തവണ പറയുന്നത് കുട്ടിശങ്കരൻ ഒരു തവണ പറഞ്ഞാൽ മതി. വലിയകൊമ്പൻ കുട്ടിശങ്കരനുമായി നല്ല ഇണക്കത്തിലായിരിക്കുന്നു.

കാരക്കോൽ ആനപ്പുറത്തേക്ക് ഇട്ടു കൊടുത്ത് ചെറിയകൊമ്പൻ പറഞ്ഞു. “കാരക്കോല് ആനയെ ഒന്നും ചെയ്യാനുള്ളതല്ല. ആനയുടെ കൂടെ കൈവീശിപ്പോകുന്നത് കണ്ട ആരോ ചെയ്ത ഒരു കാര്യമാണത്.”

അച്ഛന്റെ കണ്ടുപിടുത്തത്തിൽ മകൻ ചിരിച്ചു.

“വലിയ കൊമ്പാ വികൃതിയൊന്നും കാണിച്ചേക്കരുത്.” ചെറിയകൊമ്പൻ പറയുന്നതു കേട്ട് വലിയകൊമ്പൻ ഒച്ചത്തിലൊന്നു മൂളി.

കടുവ കാട് വിട്ടെന്നറിഞ്ഞിട്ടും അങ്ങാടി സജീവമായിട്ടില്ല. കടകളിൽ പഴക്കുലകൾ തൂങ്ങാൻ തുടങ്ങിയിട്ടില്ല. ചായക്കടയിലെ അലമാരകൾ ഒഴിഞ്ഞു കിടക്കുന്നു. കടുവാപ്പേടിയിൽ പെട്ട് അനക്കമറ്റു പോയ അങ്ങാടി വലിയ കൊമ്പന്റെ വരവ് കണ്ട് സജീവമായി.

ആനപ്പുറത്ത് കുട്ടിശങ്കരൻ ഇരിക്കുന്നു. കൈയിൽ വടിയും വെച്ച്. കുട്ടിശങ്കരൻ വലിയ കൊമ്പന്റെ ആനക്കാരനായെന്നറിഞ്ഞ് അവന്റെ കൂട്ടുകാരെല്ലാം, കളിനിർത്തി പാഞ്ഞെത്തി. അവർ ആർപ്പു വിളികളുമായി ആനയുടെ പുറകേ കൂടി. കുട്ടികൾ മാത്രമല്ല വലിയവരും ആ കൂട്ടത്തിലുണ്ട്.
ഓടിക്കിതച്ചെത്തിയ വൈദ്യർ കാര്യത്തിൽ ഇടപെട്ടു. ആരും ബഹളം ഉണ്ടാക്കരുത്. ആന വെരളും.. പോരെങ്കിൽ ആനക്കാരൻ ചെറിയ കൊമ്പനും ഇന്നില്ല. മുല കുടി മാറാത്ത കുട്ടിയോടൊപ്പം ആനയെ വിട്ടത് ഒട്ടും ശരിയായില്ല. ഇത് പൊലീസിൽ അറിയിക്കേണ്ടതാണ്.. അത്ര ഇണക്കമില്ലാത്ത ആനയാണെന്ന് ഇതിനകം അവൻ തെളിയിച്ചതാണ്. എല്ലാവരും ബഹളം വെക്കാതെ പിരിഞ്ഞു പോവുകയാണ് നല്ലത്.

ആരും പിരിഞ്ഞു പോയില്ല. കണ്ടവരൊക്കെ പുറകെ കൂടുകയാണു ചെയ്തത്. എന്തിനു പേടിക്കണം. ചെറിയകൊമ്പന്റെ ഒപ്പമുള്ള യാത്രയല്ല ഇപ്പോൾ. ആനപ്പുറത്തിരുന്ന് കുട്ടിശങ്കരൻ പറയുന്നത് ആന അക്ഷരം പ്രതി അനുസരിക്കുന്നു.

കുളിക്കാൻ വരുമ്പോഴൊക്കെയും അവൻ മറ്റെല്ലാ വികൃതികളും വേണ്ടെന്നു വെച്ചാലും തയ്യൽക്കടയുടെ മുമ്പിൽ നിൽക്കും.അകത്തേക്ക് തുമ്പി നീട്ടും. പാവം തയ്യൽക്കാരൻ കരുതി വെച്ചിരിക്കുന്ന പഴമെടുത്ത് ആനയ്ക്കു കൊടുക്കും.

തയ്യൽക്കടയുടെ മുന്നിലെത്തിയപ്പോൾ കുട്ടിശങ്കരൻ പറഞ്ഞു. “ പാവം തയ്യൽക്കാരൻ, അയാളെ ഇന്നു വെഷമിപ്പിക്കേണ്ട വലിയകൊമ്പാ.”

തയ്യൽക്കാരന്റെ കടയുടെ മുമ്പിൽ അവൻ നിന്നില്ല. പോകുന്ന പോക്കിൽ തയ്യൽക്കാരനു നേരേ തുമ്പി ഉയർത്തി നമസ്കാരം പറഞ്ഞു.

എല്ലാവർക്കും ഹരമേറുന്നു.

ആനപ്പുറത്തിരിന്ന് കുട്ടിശങ്കരൻ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ആന മൂളുന്നു. വലിയ കൊമ്പനും ചെറിയ കൊമ്പനും തമ്മിൽ ചോദ്യങ്ങളും മൂളലും ഉണ്ടായിരുന്നെങ്കിലും ആളുകൾ അത് കേൾക്കുന്നത് ആദ്യമായിട്ടായിരുന്നു. ചെറിയ ചെറിയ വർത്തമാനങ്ങളായിരുന്നു അത്.

k r viswanathan , childrens novel , iemalayalam


“ഇന്ന് നീരില് അധിക നേരം കെടക്കേണ്ട വലിയ കൊമ്പാ.”

“ഉം”

“നീ എന്നെ വിഷമിപ്പിക്കല്ലേ കൊമ്പാ‍.”

“ഉം”

“പുഴേല് ദൂരത്തൊന്നും പോകരുത്.”

“ഉം”

“ഉച്ചയാകുമ്പോഴേക്കും വീട്ടിലെത്തണം.”

“ഉം”

പുറകിൽ കുട്ടികളുടെ ശബ്ദവും ബഹളവും കൂടി.

“കൂട്ടുകാരാ, അവര് കൊറച്ച് ബഹളം കൂട്ടിക്കോട്ടേ, അല്ലേ വലിയ കൊമ്പാ?”

ആ ചോദ്യത്തിന് അവൻ മൂളുക മാത്രമല്ല തല കുലുക്കുകയും ചെയ്തു. അതോടെ ആർപ്പു വിളിയും ബഹളവും ഇരട്ടിയായി.

നീരാട്ട് യാത്ര പുഴക്കരയിലെത്തി. ആന മുൻ കാലു മടക്കിക്കൊടുത്തു. ചെവിയിൽ പിടിച്ച് കുട്ടിശങ്കരൻ താഴേക്കിറങ്ങി. തുമ്പിക്കൈ കൊണ്ട് ഇറങ്ങാൻ സഹായിക്കുകയും ചെയ്തു. ആന നേരേ നീറ്റിലേക്കിറങ്ങി.

“എന്നെ വലയ്ക്കല്ലേ വലിയകൊമ്പാ.”

വെള്ളത്തിലേക്കിറങ്ങിയ അവൻ തിരിഞ്ഞു നിന്ന് തലകുലുക്കി. ഇന്നവൻ അകലേക്കൊന്നും പോയില്ല. കരയോടു ചേർന്നു തന്നെ കുറച്ചു നേരം മുങ്ങിക്കിടന്നു. അധികം വൈകാതെ അവൻ പുഴയിൽ നിന്നും കയറിപ്പോരുകയും ചെയ്തു.

തിരിച്ചു പോരുമ്പോൾ കുട്ടിശങ്കരൻ ആനപ്പുറത്തു കയറിയില്ല. അവൻ കൊമ്പും പിടിച്ചു നടന്നതേ യുള്ളു. അവന്റെ കൈ കഴയ്ക്കുന്നുണ്ടായിരുന്നു. അവനു കൊമ്പിലേക്കെത്താൻ കൈ കുറച്ച് ഉയർത്തിപ്പിടിക്കണമായിരുന്നു. എന്നാലും ആ നടപ്പിന് ഒരു ഗമയുണ്ട്.

കണ്ടവരെല്ലാം അവന്റെ ആ നടപ്പിൽ അസൂയപ്പെടുകയും ചെയ്തു.

അന്ന് വലിയ കൊമ്പന്റെ നീരാട്ട് വിജയകരമായി പൂർത്തിയാക്കി. പക്ഷേ ആനപ്പുറകെ വന്ന വൈദ്യർ ചെറിയ കൊമ്പനോട് ഗൗരവത്തിൽ തന്നെ പറഞ്ഞു.

“ചെറിയ കൊമ്പാ, ആനയോട് കളിക്കണതും തീ കൊണ്ടു കളിക്കണതും ഒരു പോലെയാ കുട്ടിശങ്കരന്റെ കൈയിൽ ആനയെ കൊടുത്തു വിടരുത്”

ആനക്കാരൻ പറഞ്ഞു. “ അതിനു ഞാൻ കുട്ടിശങ്കരനെ വലിയ കൊമ്പന്റെ ഒപ്പമാണല്ലോ വിട്ടത്. കുട്ടിശങ്കരനെ വലിയകൊമ്പൻ കാര്യമായി നോക്കുകയും ചെയ്യണൊണ്ടല്ലോ?

Read More: ചങ്ങല മറ്റ് ഭാഗങ്ങൾ വായിക്കാൻ ഇവിടെ വായിക്കാം

വൈദ്യർ ദേഷ്യപ്പെട്ട് തിരിഞ്ഞു നടന്നു.

അന്ന് വൈകുന്നേരം ആനയെ തളച്ചിരുന്ന പറമ്പിൽ കുട്ടികളുടെ ബഹളമായിരുന്നു. അവർക്കെല്ലാം ആനപ്പുറത്തു കയറണം. ആനപ്പുറത്തു കയറി ഗമയിൽ അങ്ങാടിയിലൂടെ പോകണം.
കുട്ടിശങ്കരൻ പറഞ്ഞു. വലിയകൊമ്പൻ സമ്മതിക്കില്ല. ആരുടെയെങ്കിലും വീട്ടിലറിഞ്ഞാൽ കുഴപ്പമാകും.

“എന്നാൽ.” കൂട്ടത്തിലൊരാൾ പറഞ്ഞു.” ഞങ്ങളെ ആനപ്പുറത്തു കയറ്റിയില്ലെങ്കിൽ ഇനി നിന്നെ ഒരിക്കലും കളിക്കു കൂട്ടില്ല.”

കളിക്കു കൂട്ടില്ല എന്നു പറഞ്ഞാൽ തന്നെ കളിക്ക് അമ്പയറാക്കില്ല എന്ന്. കളി തീരണവരെ വെയിലു കൊള്ളണ ആ പണി അത്ര രസമുള്ളതല്ല.

കുട്ടികൾ തിരിച്ചു പോകാൻ തുടങ്ങി. എല്ലാവരും കൂടി പത്തിരുപത് പേരുണ്ട്. നടക്കുന്നതിനിടയിൽ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ ഒന്നു തിരിഞ്ഞു നിന്ന് ബാറ്റ് കുട്ടിശങ്കരനു നേരേ ചൂണ്ടി.

“ നീ ഞങ്ങളെ ആനപ്പൊറത്ത് കയറ്റാൻ പഠിപ്പിക്കുന്നോ ഇല്ലയോ?” അത് അന്ത്യ ശാസനമാണ്.

കുട്ടിശങ്കരൻ പറ്റില്ലെന്ന് തലയാട്ടി മൂളി. “വലിയകൊമ്പൻ സമ്മതിക്കില്ല.”

കുട്ടികൾ തിരിഞ്ഞു നടക്കാൻ തുടങ്ങിയതാണ്. പുറകിൽ നിന്നും ഒച്ചത്തിലൊരു മൂളൽ കേട്ട് അവർ തിരിഞ്ഞു നിന്നു വലിയകൊമ്പനാണ്. അവൻ ഒരു തവണ കൂടി മൂളി. മൂളുക മാത്രമല്ല അവൻ തലയാട്ടുകയും ചെയ്തു.

പെട്ടെന്ന് അവിടെ നിന്നും ആർപ്പു വിളി ഉയർന്നു. സന്തോഷം കൊണ്ട് കൂട്ടുകാർ കുട്ടിശങ്കരനെ ആകാശത്തിലേക്കുയർത്തി. ആകാശത്തിൽ നിന്നും കുട്ടിശങ്കരൻ ആനപ്പുറത്തേക്കു കയറി.
അങ്ങനെ ആനപ്പുറമേറാൻ പഠിക്കുന്ന സ്കൂളിനു തുടക്കമായി.

Also Read : കെ ആർ വിശ്വനാഥൻ എഴുതിയ കഥകള്‍ വായിക്കാം

Get the latest Malayalam news and Children news here. You can also read all the Children news by following us on Twitter, Facebook and Telegram.

Web Title: Kids holiday story k r viswanathan children stories podcast audiobook audible childrens novel changala chapter

Next Story
മറിയം,പട്രീഷ്യ, അറുമുഖന്‍, ഉമ്മുഖൊല്‍സു,പങ്കി,ചിലങ്ക-കുട്ടികളുടെ നോവൽ നാലാംഭാഗംpriya a s, novel
The moderation of comments is automated and not cleared manually by malayalam.indianexpress.com