scorecardresearch

ദേശീയമൃഗവും സംസ്ഥാനമൃഗവും തമ്മിൽ ഗൂഢോലചന

ആനയും കടുവയും തമ്മിൽ ദീർഘ നേരത്തേ സംഭാഷണം നടന്നിരിക്കുന്നു. എന്തായിരിക്കാം ഒരു ആനയും കടുവയും തമ്മിൽ സംസാരിച്ചിരിക്കുക? കെ. ആർ വിശ്വനാഥൻ എഴുതുന്ന കുട്ടികളുടെ നോവൽ ചങ്ങല ആറാം ഭാഗം

ദേശീയമൃഗവും സംസ്ഥാനമൃഗവും തമ്മിൽ ഗൂഢോലചന

പുഴ കടന്നാൽ കാടാണ്. കാടെന്നു പറയുമെങ്കിലും കൊടും കാടൊന്നുമല്ല. കുറച്ചു മരങ്ങളുടെ കൂട്ടം. അവിടെ നിന്നും കുറച്ചു കൂടി ഉള്ളിലേക്കു പോയാൽ നീണ്ടു നിവർന്നൊരു മലയുണ്ട്. മലയുടെ അപ്പുറം നല്ല കാടാണ്. വർഷങ്ങൾക്കു മുമ്പ് പുഴ കടന്നാൽ കാടിന്റെ തുടക്കമായിരുന്നു. ആനകൾ വെള്ളം കുടിക്കാനിറങ്ങുന്നതും പുഴയിൽ നീന്തി തുടിക്കുന്നതുമെല്ലാം പഴമക്കാർക്ക് ഓർമ്മയുണ്ട്. മാനുകൾ പുഴ നീന്തി ഇക്കരെ വരെ വരുമായിരുന്നു. കാട് മെലിഞ്ഞു വന്നപ്പോൾ മൃഗങ്ങളെല്ലാം മലയ്ക്കപ്പുറത്തേക്കു പോയി. ആനകൾക്കും മറ്റും അവിടെ വേണ്ടത്ര തീറ്റ കിട്ടും. അതുകൊണ്ട് ഒരു മൃഗവും മല കടന്ന് ഇപ്പുറത്തേക്ക് വരാറില്ല.

നാട്ടിലേക്ക് ഇടയ്ക്കിടെ വരുന്നത് ഒരു കടുവ മാത്രമാണ്. കാട്ടിൽ കടുവ ഇല്ലെന്നു കഴിഞ്ഞ തവണ കടുവ സെൻസസ് നടത്തിയവരും വനപാലകരും പറയുന്നു. മറ്റേതോ കാട്ടിൽ നിന്നാണവൻ വരുന്നത്. തികഞ്ഞ കുഴപ്പക്കാരനാണ്. തരം കിട്ടിയാൽ മനുഷ്യനെ കടിച്ചു കീറും. മനുഷ്യമാംസത്തിന്റെ രുചി അറിഞ്ഞവനാണ്. എന്നൊക്കെയാണ് അവനെക്കുറിച്ചുള്ള കേൾവി. അങ്ങനെയുള്ള ഏതു ജീവിയേയും പേടിക്കണം.

വൈദ്യർ പറഞ്ഞു. ഒരാളെക്കൊന്ന ആന പിന്നേം ആളുകളെ കൊല്ലാനൊള്ള കാരണവും അതു തന്നെ . ചോരക്കൊതി. മനുഷ്യനെ കുത്തിക്കൊന്നിട്ട് കൊമ്പിലൂടെ ഒലിച്ചുവരുന്ന ചോര കൊമ്പുയർത്തി വായിലാക്കും. പണ്ടൊരാന വയനാട്ടിലെ കാട്ടിലാണെന്നു തോന്നുന്നു. അതിന്റെ പാപ്പാനെ കൊന്ന്.” വൈദ്യർ അപ്പോൾ ചുട്ടെടുത്ത ആ കഥ കേൾക്കാൻ ആരും നിന്നില്ല. ആ നേരം കടുവാക്കഥ കേൾക്കാനായിരുന്നു ആളുകൾക്ക് താൽപ്പര്യം.

രണ്ടു ദിവസം നാട്ടിൽ കാണുന്ന കടുവയെ കുറച്ചു നാളുകൾക്ക് ശേഷം തമിഴ്‌നാട്ടിലെ കാട്ടിൽ കണ്ടെന്നു വരും. ചിലപ്പോൾ കർണാടകത്തിലെ കാട്ടിലായിരിക്കും പ്രത്യക്ഷപ്പെടുന്നത്.
നാട്ടിൽ ഇറങ്ങിയാൽ അവൻ ഒന്നു രണ്ടു ദിവസം വിലസും. ഒന്നോ രണ്ടോ ആടുകൾ. ഒരു കാളക്കുട്ടിയോ പോത്തിൻകുട്ടിയോ. നാട്ടിൽ ഇല്ലാതാകും. അത്രയൊക്കെ മതി അവന്. പക്ഷേ അവൻ കർണാടകത്തിലും തമിഴ്‌നാട്ടിലും രണ്ടോ മൂന്നോ പേരേ പിടിച്ചിട്ടുണ്ടെന്നാണു ഫോറസ്റ്റുകാരുടെ കൈയിലുള്ള കണക്ക്. അങ്ങനെയാണ് അവനെ ശല്യക്കാരനായി പ്രഖ്യാപിച്ചത്. അവനെ തമിഴ്‌നാട്ടിലെ ഒരു ജനവാസ കേന്ദ്രത്തിൽ വെച്ച് മയക്കുവെടി വെച്ചു പിടിക്കുകയും അവന്റെ നീക്കം അറിയാൻ അവന്റെ കഴുത്തിൽ കോളർ പിടിപ്പിക്കുകയും ചെയ്തു. അതു കൊണ്ട് അവൻ ഏതെങ്കിലും ജനവാസ കേന്ദ്രത്തിനരികിലെത്തിയാൽ ഉടനെ വനം വകുപ്പ് ആ വിവരം നാട്ടുകാരെ അറിയിക്കും.

നാട്ടുകാർ വേണ്ടത്ര മുൻകരുതൽ എടുക്കുന്നതിനാൽ കടുവ ആപത്തുകളൊന്നു ഉണ്ടാക്കിയിട്ടില്ല. രണ്ടോ മൂന്നോ ദിവസം കഴിയുമ്പോൾ ഫോറസ്റ്റ് ഓഫീസിൽ നിന്നും വിവരം കിട്ടും. അവൻ കർണാടകത്തിലോ തമിഴ്‌നാട്ടിലോ എത്തിയെന്നാവും അത്.

k r viswanathan , childrens novel , iemalayalam


കഴിഞ്ഞ രണ്ടു തവണയും അവൻ ഒരു നാശവും നാട്ടിൽ വരുത്തിയില്ല. ഒരു കോഴിക്കുഞ്ഞിനെ പോലും ഉപദ്രവിച്ചില്ല. വന്ന വഴിയെ തിരിച്ചു പോവുകയാണുണ്ടായത്.

ഇടയ്ക്കിടെ കാട്ടിൽ നിന്നുമിറങ്ങി വന്ന് നാടുകണ്ട് തിരിച്ചു പോകുന്ന അവന്റെ വരവ് എല്ലാവരേയും കൂടുതൽ ഭയപ്പെടുത്തി. അവൻ മനുഷ്യനെ തേടിയാണു വരുന്നത്. മനുഷ്യമാംസത്തിന്റെ രുചിയറിഞ്ഞവനാണവൻ. തരം കിട്ടാത്തതു കൊണ്ടണവൻ തിരിച്ചു പോകുന്നത്. എല്ലാവരും വേഗം വാതിലടച്ചു കിടന്നു.

നേരം ഇരുട്ടിക്കഴിഞ്ഞപ്പോൾ ഫോറസ്റ്റ് ജീപ്പ് അതിലൂടെ കടന്നു പോയി. അനൗൺസ്മെന്റ് വ്യക്തമായി കേട്ടു.

പുഴയ്ക്കക്കരെ കാട്ടിൽ കടുവ എത്തിയിട്ടുണ്ട്. ചിലപ്പോൾ പുഴ നീന്തിക്കടന്ന് അവൻ വരാൻ ഇടയുണ്ട്. കരുതിയിരിക്കുക. കടുവയെ ഉപദ്രവിക്കരുതെന്ന് എല്ലാവരേയും ഓർമ്മിപ്പിക്കുന്നു. കടുവ നമ്മുടെ ദേശീയ മൃഗമാണ്.ആരും പുറത്തിറങ്ങരുത്. വാതിലിൽ മുട്ടു കേട്ടാൽ പോലും. അതിബുദ്ധിയുള്ളവർ വീടിന്റെ പടിക്കൽ ഒരു പൂച്ചയേയോ പട്ടിയേയോകെട്ടിയിട്ടു. കടുവാ വന്നാൽ പിടിച്ച് തിന്ന് സമാധാനമായിക്കോട്ടെ. തൊഴുത്തിനു പുറത്ത് കൂട്ടത്തിൽ ഏറ്റവും പ്രായമേറിയ ജീവിയെ നിർത്തി. നഷ്ടം വന്നാലും വലിയ നഷ്ടം വരാതെ കഴിച്ചു കൂട്ടണം.

ഒരാഴ്ച്ച കഴിഞ്ഞിട്ടും കടുവയുടെ ശല്യമൊന്നും ഉണ്ടായില്ല. വനപാലകരുടെ വരവും കുറഞ്ഞു. പൊലീ സും വരാതായി. എല്ലാത്തവണത്തേയും പോലെ കടുവ മൈസൂർക്കാട്ടിലേക്കോ തമിഴ്‌നാട്ടിലേ ക്കോ കടന്നിട്ടില്ല. കാട്ടിലെവിടെയോ ചുറ്റിക്കറങ്ങുന്നുണ്ട്. എപ്പോൾ വേണമെങ്കിലും പുഴ കടന്നു വരാം. വൈദ്യർ പറഞ്ഞു. കടുവയുടെ കഴുത്തിൽ കെട്ടിയ യന്ത്രത്തിന് എന്തേലും തകരാറു പറ്റിയിട്ടുണ്ടാകും, അല്ലേൽ ഫോറസ്റ്റ്കാർക്ക് എവിട്യേലും പെഴച്ചിട്ടുണ്ടാകും.”

വൈദ്യർ ഒരു കഥ ഉണ്ടാക്കി. വനം കൊള്ളക്കാർ അവനെ വെടിവെച്ച് കൊന്നിട്ടുണ്ടാകും. ആരെങ്കിലും മനുഷ്യമ്മാര് കോളറെടുത്ത് കഴുത്തിലിട്ടു നടക്കണൊണ്ടാകും. അതാ അവര് കാട്ടിലും നാട്ടിലും കടുവ ഇറങ്ങിയെന്നു മാറി മാറി പറയുന്നത്. ചിലപ്പോൾ അതു ശരിയാകാമെന്ന് നാട്ടുകാർക്കും തോന്നി. ആരെങ്കിലും അതും കെട്ടിക്കോണ്ടു നടക്കുന്നുണ്ടാകും.

കടുവയെക്കുറിച്ചുള്ള ഭയം തെല്ലൊഴിഞ്ഞതോടെ എല്ലാവരുടേയും ശ്രദ്ധ പിന്നേയും വലിയ കൊമ്പനി ലേക്കായി. കഴിഞ്ഞ അഞ്ചാറു ദിവസങ്ങളിൽ അവനെ ആരും ശ്രദ്ധിച്ചിരുന്നില്ല. അവൻ പതിവു പോലെ പുഴയിൽ ചെറിയ കൊമ്പനൊപ്പം നീരാടാൻ പോയി. അവനും തെല്ല് സങ്കടമുണ്ട്. കടുവാപ്പേടി കാരണം അങ്ങാടിയിലെ കടകളൊന്നും തുറക്കാറില്ലായിരുന്നു. ഒരു നാരങ്ങാ മിഠായി കിട്ടാൻ കൂടി പഴുതില്ല.
എന്തെങ്കിലും ഒരു വികൃതി കാണിക്കാൻ ഒരവസരവും ഇല്ലാതായിരിക്കുന്നു.

അതുകൊണ്ട് അവൻ നേർവഴി വിട്ട് പലപ്പോഴും ആരുടെയെങ്കിലും വാഴത്തോട്ടത്തിലോ കൈതച്ചക്ക വിളയുന്നിടത്തോ കയറി. ഒന്നോരണ്ടോ വാഴകൾ ഒടിച്ചു തിന്നു. മൂത്ത ഒന്നോ രണ്ടോ കുലകളും കൈതച്ചക്കയും അകത്താക്കി.

ആർക്കും അതിൽ എതിർപ്പുണ്ടായില്ല. വാഴത്തോട്ടത്തിലോ പൈനാപ്പിൾത്തോട്ടത്തിലോ എവിടെയെങ്കിലും കടുവ പതുങ്ങിക്കൂടിയിട്ടുണ്ടെങ്കിൽ പാഞ്ഞു പൊക്കോളും. കടുവയെങ്ങാനും വലിയകൊമ്പന്റെ മുമ്പിൽ പെട്ടാൽ അവന്റെ കഥ കഴിഞ്ഞതു തന്നെ. എങ്ങനെയെങ്കിലും കടുവ അവന്റെ മുമ്പിൽ ഒന്ന് എത്തിക്കിട്ടിയാൽ മതി. വലിയകൊമ്പൻ കടുവയെ കൊമ്പിൽ കോർക്കും. എന്നിങ്ങനെയെല്ലാം പറഞ്ഞു നാട്ടുകാർ.

കടുവ വീണ്ടും പുഴക്കരയിലെത്തിയിട്ടുണ്ടെന്ന് അറിയിപ്പുണ്ടായി. കഴിഞ്ഞ രണ്ട് ദിവസമായി അവൻ അവിടെ തന്നെയുണ്ട്.
കടയിൽ കഷായത്തിന് അങ്ങാടിമരുന്നുകൾ വെട്ടിയരിഞ്ഞു കൊണ്ടിരുന്ന വൈദ്യർക്ക് വെളിപാടു ണ്ടായി. തെങ്ങിൻ തോട്ടത്തിൽ വലിയകൊമ്പൻ വെറുതെ നിൽക്കുകയാണ്. പ്രത്യേകിച്ച് പണിയൊന്നു മില്ല താനും. അവൻ പുഴയിലിറങ്ങിക്കിടന്നോട്ടേ. മതിയാവോളം. അല്ലെങ്കിൽ പുഴയുടെ തീരത്ത് കവാ ത്ത് നടത്തട്ടെ. പിന്നെ കടുവ ഇക്കരെ കടക്കില്ല. പുഴ പാതിയെത്തി തിരിച്ചു പോകും. അവന്റെ നീണ്ടു വളഞ്ഞ കൊമ്പു കണ്ടാൽ ഏതു കടുവയാണ് ഇക്കരെ കടക്കാൻ ശ്രമിക്കുന്നത്. ചിലപ്പോൾ ആനപ്പേടി യിൽ കടുവ ഒരിക്കലും ഇങ്ങുവന്നില്ലെന്നും വരും. ആർക്കും ഒരു ചേതവുമില്ലാത്ത കാര്യം.

k r viswanathan , childrens novel , iemalayalam


അക്കാര്യം ചെറിയകൊമ്പനോടും വലിയകൊമ്പനോടും ചർച്ച ചെയ്യണമെന്ന് തീരുമാനിച്ചു. കട തുറക്കാതിരുന്നതു കൊണ്ടു പഴുത്തു ചീയാൻ തുടങ്ങിയ മൂന്നാലു കുലകളുമായി വൈദ്യരും കൂട്ടരും ആനയെ തളച്ചിരുന്ന പറമ്പിലേക്കു നടന്നു.

ആദ്യം ചെറിയകൊമ്പനെ കാര്യം പറഞ്ഞു ധരിപ്പിച്ചു. അതൊരു നല്ല കാര്യമാണെന്ന് അയാൾക്കും തോന്നി. ദിവസവും അങ്ങാടിയിലൂടെയുള്ള അവന്റെ നടപ്പ് കുറഞ്ഞു കിട്ടും. വികൃതിയും കുറയും. ആവശ്യത്തിനു തീറ്റ കിട്ടിയാൽ മതി. അത് നാട്ടുകാർ ഏറ്റെടുക്കണം.

അതൊന്നും ഒരു തർക്കവും കൂടാതെ തീരുമാനമായി. ആനയുടമയുടെ സമ്മതവും കിട്ടി. ഇനി വലിയ കൊമ്പനെ വശത്താക്കണം. അതിനായി കൊണ്ടു വന്നിട്ടുള്ള കുലകളുമായി അവർ അവന്റെ അടുത്തേ ക്ക് നടന്നു. അവർ വന്നതൊന്നും വലിയകൊമ്പൻ കണ്ടില്ലെന്നു തോന്നുന്നു. അവൻ നിന്നുറങ്ങുകയായി രുന്നു ആ‍ നേരം. അവന്റെ ഉറക്കം കണ്ട് ചെറിയകൊമ്പൻ പറഞ്ഞു.

“കഴിഞ്ഞ കൊറേ ദിവസമായി അവനൊട്ടും ഉറങ്ങിയിട്ടേയില്ലെന്നു തോന്ന്ണു.നല്ല ഉറക്ക ക്ഷീണം കാണും. അതാ നിന്നുറങ്ങുന്നത്.”

“എന്താ പറ്റീത്..?” വൈദ്യർ ചോദിച്ചു. ആനക്ക് ഉറക്കക്കുറവുണ്ടാകണത് അത്ര നല്ല ലക്ഷണമല്ലല്ലോ?

“അസുഖമാണെന്ന് എനിക്ക് തോന്നുന്നില്ല. അവനു പ്രത്യേകിച്ചു വല്ലായ്കയൊന്നും ഇല്ലതാനും“ ചെറിയകൊമ്പൻ പറഞ്ഞു.

“എന്തായിരിക്കും കാരണം?” കടുത്ത ചിന്തയിലായി വൈദ്യർ.

“വെളുപ്പാൻ കാലം വരെ അവൻ ആരോടോ സംസാരിക്കുന്നതു പോലെയാണ് എനിക്കു തോന്നിയത്. സ്വപ്നം കണ്ടതാണോ എന്ന് ആദ്യം ഞാൻ സംശയിച്ചു.”

ഉണർന്ന് ചെവിയോർത്തപ്പോൾ സ്വപ്നമല്ല. വലിയകൊമ്പൻ ഇടയ്ക്കിടെ മൂളുന്നുണ്ട്. അവനോട് ആരെങ്കിലും സംസാരിക്കുമ്പോഴാണ് അങ്ങനെ മൂളുന്നത്.

ചെറിയകൊമ്പനും എന്തെങ്കിലും രോഗലക്ഷണങ്ങൾ ഉണ്ടോ എന്നറിയാൻ വൈദ്യർ അയാളുടെ കണ്ണിലേക്കും മുഖത്തേക്കും തറപ്പിച്ചു നോക്കി. അവിടെ പ്രത്യേകിച്ച് ഒരു ലക്ഷണവുമില്ല.
ചെറിയകൊമ്പന്റെ കാൽപ്പാദങ്ങളിലേക്കു നോക്കി. വൈദ്യർ ഞെട്ടി. ആകെയൊന്നു വിറകൊണ്ടു. വൈദ്യർ മണ്ണിലേക്ക് വിരൽ ചൂണ്ടി. വിരൽ ചൂണ്ടിയിടത്തേക്ക് എല്ലാവരും നോക്കി. ആനയെ തളച്ചിരുന്നതിനു ചുറ്റുമുള്ള നനവാർന്ന മണ്ണിൽ കാലടയാളങ്ങൾ തെളിഞ്ഞു കിടക്കുന്നു.

ആ കാലടയാളങ്ങൾ അവരൊക്കെയും തിരിച്ചറിഞ്ഞു. നാട്ടുകാർക്കൊക്കെയും നന്നേ പരിചയമുള്ള കാലടയാളങ്ങളായിരുന്നു അത്.

കടുവയുടെ കാൽപ്പാടുകൾ, അത് ഒന്നും രണ്ടുമല്ല, ആനയുടെ ചുറ്റിലുമുണ്ട്. അടുത്തെവിടെയോ നരഭോജിയായ ഒരു കടുവ തങ്ങളെ ഉറ്റു നോക്കി, നാക്കുനീട്ടി തങ്ങളുടെ മേലേക്ക് ചാടാൻ തക്കം പാത്തിരിക്കുന്നുണ്ടെന്ന് വൈദ്യരെങ്കിലുംഭയന്നു.

Read More: ചങ്ങല മറ്റ് ഭാഗങ്ങൾ വായിക്കാൻ ഇവിടെ വായിക്കാം

ചുറ്റും നോക്കി. അപകടമൊന്നും ഇല്ലെന്ന് ധൈര്യപ്പെടാൻ ശ്രമിച്ചു.
എന്നാലും അവർ ഞെട്ടി. ആനക്കാരൻ ചെറിയകൊമ്പൻ പറഞ്ഞതോർത്താണ് അവർ ഞെട്ടിയത്. വലിയകൊമ്പൻ നേരം വെളുക്കും വരെ ആരോടോ സംസാരിക്കുന്നതു പോലെ തോന്നിയത്രേ. ഇടയ്ക്കിടെ മൂളുന്നതു കേട്ടത്രേ.

അതു ശരിയായിരിക്കും.

ആനയും കടുവയും തമ്മിൽ ദീർഘ നേരത്തേ സംഭാഷണം നടന്നിരിക്കുന്നു.
എന്തായിരിക്കാം ഒരു ആനയും കടുവയും തമ്മിൽ സംസാരിച്ചിരിക്കുക?
എന്തൊക്കെയോ ഗൂഢാലോചനകൾ നടന്നിട്ടുണ്ട്. വാക്കുതർക്കങ്ങളും ഉണ്ടായിട്ടുണ്ട്. കടുവയും ആനയും കൂടുതൽ അസ്വസ്ഥരായിരുന്നു. അതു കൊണ്ടാണ് മണ്ണിൽ ഇത്രമാത്രം അടയാളങ്ങൾ കാണുന്നത്.

അതോർത്തപ്പോൾ വൈദ്യർ വീണ്ടും ഞെട്ടി. വൈദ്യർ മാത്രമല്ല. കൂടെ വന്നവരെല്ലാം.
ദേശീയമൃഗവും സംസ്ഥാനമൃഗവും തമ്മിൽ ഒരു മാരത്തോൺ ചർച്ച നടത്താൻ മാത്രം എന്തു കാര്യമാണ് ഈ ഭൂമിയിലുള്ളത്?

Also Read : കെ ആർ വിശ്വനാഥൻ എഴുതിയ കഥകള്‍ വായിക്കാം

Stay updated with the latest news headlines and all the latest Children news download Indian Express Malayalam App.

Web Title: Kids holiday story k r viswanathan children stories podcast audiobook audible childrens novel changala chapter 6