ആനയും കടുവയും

പിറ്റേന്ന് വൈദ്യശാലയിൽ ആനക്കഥ കേൾക്കാൻ വന്നവരോട് വൈദ്യർ പറഞ്ഞു. “എന്റെ നോട്ടത്തിൽ ഒന്നും അത്ര പന്തിയല്ല. എന്തോ ഒരു കള്ള ലക്ഷണം ആനയ്ക്കുണ്ട്. എന്തോ ഒരു പന്തികേട്.“ ഒന്നു നിർത്തി അയാൾ ശബ്ദം താഴ്ത്തിപ്പറഞ്ഞു. കെ ആർ വിശ്വനാഥൻ എഴുതിയ കുട്ടികളുടെ നോവൽ ചങ്ങല അഞ്ചാം ഭാഗം

k r viswanathan , childrens novel , iemalayalam

നേരെ മേറെക്കഴിഞ്ഞിട്ടും വലിയ കൊമ്പനെ കാണാനേയില്ല. ശ്വാസമെടുക്കാൻ വെള്ളത്തിനു മേലേ അവന്റെ തുമ്പിക്കൈ ഉയർന്നു വരുന്നതു പോലും കാണാനില്ല.

പുഴയ്ക്കക്കരെ കാടുതുടങ്ങുന്നു. രാവിലെ വിറകൊടിക്കാനും കാട്ടുപഴങ്ങൾ പറിക്കാൻ പോയവരും അക്കരെ തന്നെ നിൽക്കുകയാണ്. വലിയകൊമ്പൻ പുഴയിൽ മുങ്ങിക്കിടക്കുമ്പോൾ പുഴമുറിച്ചു കടക്കുന്നതെങ്ങനെ? മുകളിലേക്കോ താഴേക്കോ പോയി ഇക്കരെ കടക്കാമെന്നോ വെച്ചാൽ വലിയകൊമ്പൻ എവിടെയാണ് മുങ്ങിക്കിടക്കുന്നതെന്ന് ആർക്കറിയാം?

വലിയകൊമ്പൻ കുളികഴിഞ്ഞ് മടങ്ങിയാലേ അവർക്ക് ഇക്കരയ്ക്ക് പോരാൻ കഴിയൂ.

“ഇനി” ഒരാൾ ചോദിച്ചു. “ആന എല്ലാവരുടേം കണ്ണുവെട്ടിച്ച് കാടു കയറിക്കാണുമോ?”

പെട്ടെന്നതൊരു ചർച്ചയായി. പതിവു പോലെ ആ നേരം വൈദ്യർ ഇടപെട്ടു.

“ആന കാ‍ടു കയറിയാലും ഭയപ്പെടാനൊന്നുമില്ല. നേരത്തോടു നേരം കൂടുന്നതിനിടയിൽ അത് തിരിച്ചു വരും. കാട്ടിലെ ആനക്കൂട്ടങ്ങൾ അവനെ കുത്തിമലർത്തും. നാട്ടാന കാട്ടിലേക്കു ചെന്നാൽ പിന്നത്തെ കഥ പറയണ്ട. വലിയ കൊമ്പനാന്ന് അവടെ ചെന്നു പറഞ്ഞിട്ടു കാര്യമില്ല. വാലും പൊക്കി നാട്ടിലേക്ക് പായേണ്ടി വരും. കാട്ടാനകൾക്ക് നാട്ടാനകളോട് അത്ര വിരോധമാണ്.”

“എന്താ അത്ര വിരോധം വരാൻ വൈദ്യരേ. അതിനു പൊറകില് വല്ല കഥുമുണ്ടോ?”

“കഥയല്ല, കാര്യം തന്നെയൊണ്ട്” വൈദ്യർ പറഞ്ഞു.” മനുഷ്യന്റെ ഒപ്പം പൊറുക്കണ ഒരു ജീവിയേം ഒരു ജീവിക്കും ഇഷ്ടമല്ല. അതു തന്നെ കാര്യം. പിന്നെ കുഴീല് വീണ കാട്ടാനയെ പിടിക്കാൻ മുന്നിൽ നിക്കണത് നാട്ടാനയല്ലേ? തങ്ങളുടെ വർഗത്തെ തന്നെ വഞ്ചിക്കുന്നവര്. അതാ ഇത്ര വിരോധം.” അങ്ങനെ പലരും ചിലതും പലതും പറഞ്ഞു കൊണ്ടിരിക്കുന്നതിനിടയിലാണ് ചെറിയ കൊമ്പനേയും കാണാനില്ലെന്ന് ശ്രദ്ധയിൽ പെട്ടത്. അതോടെ എല്ലാവരും എഴുന്നേറ്റു നടക്കാൻ തുടങ്ങി. ആനയെങ്ങാനും കയറി വന്നാൽ എന്തു ചെയ്യും.? പുഴക്കരയിൽനിന്ന് എല്ലാവരേയും ഒഴിപ്പിക്കാൻ വൈദ്യർ നേതൃത്വം കൊടുത്തു.

k r viswanathan , childrens novel , iemalayalam

അപ്പോഴേക്കും വാർത്തയെത്തി. അങ്ങാടിയിൽ ഒരാന എല്ലാക്കടകളുടേയും മുമ്പിൽ ചെന്ന് വിനീതനായി നിൽക്കുന്നു. കടക്കാരൻ ഒന്നോ രണ്ടോ കഷണം ശർക്കര കൊടുത്താൽ അല്ലെങ്കിൽ ഒരു പഴം കൊടുത്താൽ നന്ദി സൂചകമായി അവനൊന്നമറുന്നു. ചെറിയകടകളിൽ നിന്ന് ഒരു നാരങ്ങാ മിഠായി കൊടുത്താലും മതി. ഇനി കൊടുത്തില്ലേലും അവനു കുഴപ്പമൊന്നുമില്ല.
പാവം തയ്യൽക്കടക്കാരനോട് തുമ്പി പൊക്കി അവൻ വന്ദനം പറയുകയും ചെയ്തു. അങ്ങോട്ടു പോയ ആനയല്ല ഇങ്ങോട്ടു വന്നത്.

“എത്ര എടഞ്ഞാലും നല്ല പോലെ ഒന്നു തേച്ചു കുളിച്ചാൽ അവനു തങ്കപ്പെട്ട സ്വഭാവാകും. ആനേടെ എടച്ചിൽ എന്നു പറയണത് ഒരു തരം ചെളിയാ.” വൈദ്യർ ചോദിച്ചു.

“നിങ്ങളെങ്ങനെയാണ് കൊമ്പൻ കരപറ്റണ സ്ഥലം കണ്ടുപിടിച്ചത്?

ചെറിയകൊമ്പൻ പറഞ്ഞു.” അവൻ എവിടെയെങ്കിലും ചെന്നു കേറൂന്ന് എനിക്കൊറപ്പാ. സാധാരണ എടത്തൂടാ അവന്റെ സഞ്ചാരം. അതവന്റെ സ്വഭാവാ. കൊച്ചു കുട്ടികളുടെ സ്വഭാവം. അവൻ ഇന്നു വരെ മുങ്ങ്യേടത്ത് പോങ്ങീട്ടില്ല. പേരാറില് മുങ്ങ്യാ മീനച്ചിലാറിലേ പൊങ്ങൂ. കുറിഞ്ഞിമല കേറ്യാ കൊറത്തിമലേലേ കാണൂ.

“ചെറിയകൊമ്പാ ഈ ആനയ്ക്ക് എന്തേലും അസുഖോണ്ടോ? ഒരോ നേരത്തും ഓരോ സ്വഭാവം,” വൈദ്യർ രഹസ്യമായി ചോദിച്ചു.

“ഒരസുഖോം ഇല്ല വൈദ്യരേ, കാട്ടില് ജീവിച്ച ജീവിയല്ലേ, നമ്മള് നാട്ടിലൊള്ളോരെ പോലെ അത്ര ഡീസന്റാകാൻ അത്രയ്ക്കങ്ങ് കഴിയുവോ? കൊറച്ചൊക്കെ ക്ഷമിക്കുക. അതേ മാർഗൊള്ളൂ. പിന്നെ വല്യകൊമ്പന് കളിപ്രായം വിട്ടിട്ടുമില്ലല്ലോ. പേരിലുമാത്രേ അവനു വലിപ്പമൊള്ളു?” ചെറിയ കൊമ്പന് വലിയകൊമ്പൻ എപ്പോഴും ചെറിയ കുട്ടി തന്നെ.

തെങ്ങിൽ തളച്ചിരുന്ന ആനയെ ആകെയൊന്നു നോക്കി വൈദ്യർ. തുമ്പി നിലത്ത് ഇഴയുന്നു. പതിനെട്ടു നഖങ്ങൾ. മാതംഗശാസ്ത്രത്തിൽ പറയുന്ന പ്രകാരം ലക്ഷണങ്ങൾ എല്ലാമുണ്ട്. എന്നാലും വൈദ്യർ പറഞ്ഞു: “അവനൊരു മനസുഖക്കൊറവൊണ്ട്.”

“വൈദ്യരേ…” ആനക്കാരൻ പറഞ്ഞു.

“നമ്മളെ കാട്ടിൽ കൊണ്ടു പോയി വിട്ടാലുണ്ടാകണ മനസുഖക്കൊറവേ ആനക്കുള്ളൂ“

k r viswanathan , childrens novel , iemalayalam

പിറ്റേന്ന് വൈദ്യശാലയിൽ ആനക്കഥ കേൾക്കാൻ വന്നവരോട് വൈദ്യർ പറഞ്ഞു. “എന്റെ നോട്ടത്തിൽ ഒന്നും അത്ര പന്തിയല്ല. എന്തോ ഒരു കള്ള ലക്ഷണം ആനയ്ക്കുണ്ട്. എന്തോ ഒരു പന്തികേട്.“ ഒന്നു നിർത്തി അയാൾ ശബ്ദം താഴ്ത്തിപ്പറഞ്ഞു.

എല്ലാവരും അൽപ്പം സൂക്ഷിക്കുന്നത് നല്ലതാണ്. കുട്ടികളെ ആനപ്പറമ്പിലേക്കു വിടാതിരിക്കുന്നതാണു നല്ലത്. വലിയകൊമ്പന് മദപ്പാടിന്റെ, അതു പറഞ്ഞു തീരും മുമ്പേ പൊലീസ് ജീപ്പ് വേഗത്തിൽ ഇറക്കമിറങ്ങിവരുന്നത് കണ്ടു. അതിൽ നിന്നും ഉച്ചഭാഷിണിയിലൂടെ വിളിച്ചു പറയുന്ന ശബ്ദത്തിന് എല്ലാവരും കാതോർത്തു.

വൈദ്യർ പറഞ്ഞു.” എന്റെ ഊഹം ശരിയാണെന്നു തോന്നുന്നു. വലിയ കൊമ്പനു മദമിളകിക്കാണും.. അതാണു വിളിച്ചു പറയുന്നതെന്ന് തോന്നുന്നു. അവൻ മദമിളകി വരുന്നുണ്ടാകും.
എല്ലാവരും ഭയപ്പെട്ടു.

എന്നാൽ, പൊലീസ് ജീപ്പിൽനിന്നു വിളിച്ചു പറഞ്ഞത് മറ്റൊന്നായിരുന്നു. അതുകേട്ട് എല്ലാവരും നന്നേ ഭയപ്പെടുകയും നടുങ്ങുകയും ചെയ്തു.

”നാട്ടുകാരേ,” പൊലീസ് ജീപ്പിൽനിന്ന് ഒരു പൊലീസുകാരന്റെ ശബ്ദം പതർച്ചയോടെ ഉയർന്നു.

”പ്രിയപ്പെട്ട നാട്ടുകാരേ, കടുവ പുഴക്കക്കരെ എത്തിയിരിക്കുന്നു. എല്ലാവരും കരുതിയിരിക്കുക. സൂക്ഷിച്ചിരിക്കുക. ഇന്ന് അവൻ പുഴകടക്കാൻ സാധ്യതയുണ്ട്. എല്ലാവരും വീട്ടിൽ തന്നെ വാതിലടച്ചിരിക്കുക. എന്തെങ്കിലും ശബ്ദം കേട്ടാൽ പുറത്തിറങ്ങരുത്. കാലിത്തൊഴുത്തുകൾ അടച്ചിടാൻ നോക്കുക.” തുടങ്ങിയ നിർദ്ദേശങ്ങളുമായി വണ്ടി കടന്നു പോയി.

അങ്ങാടി പെട്ടെന്നു നിശബ്ദമായി. പെട്ടെന്നു തന്നെ വിജനവുമായി. കട വേഗത്തിൽ അടച്ചുകൊണ്ട് വൈദ്യർ പറഞ്ഞു, ” പകൽ മുഴുവൻ ഒരു ഭ്രാന്തനാന. രാത്രി മുഴുവൻ ഒരു കടുവ. എന്തൊരു നാടാണിത്.. അക്കരെ കാട്ടിൽ കടുവ എത്തിയെന്നു കേട്ടാൽ എല്ലാവരും മണ്ടിപ്പായുന്നു. വല്ലാത്ത നാടു തന്നെ.”

Also Read : കെ ആർ വിശ്വനാഥൻ എഴുതിയ കഥകള്‍ വായിക്കാം

Get the latest Malayalam news and Children news here. You can also read all the Children news by following us on Twitter, Facebook and Telegram.

Web Title: Kids holiday story k r viswanathan children stories podcast audiobook audible childrens novel changala chapter 5

Next Story
വയലറ്റും ഗ്രീനും-കുട്ടികളുടെ നോവൽ രണ്ടാം ഭാഗംpriya as novel
The moderation of comments is automated and not cleared manually by malayalam.indianexpress.com