/indian-express-malayalam/media/media_files/uploads/2021/06/krv-3-3.jpg)
വലിയ കൊമ്പനെ നീരാട്ടിന് കൊണ്ടുപോകുന്നു. കുന്നിറങ്ങി അങ്ങാടിയിലൂടെ വേണം പുഴയിലേക്ക് പോകാൻ. അവധിക്കാലമായതിനാൽ ഒരു ഉത്സവത്തിനുള്ള കുട്ടികളുണ്ടായിരുന്നു തെങ്ങിൻ തോട്ടത്തിൽ നിന്നും ഇറങ്ങുമ്പോൾ. വഴിയിൽ വെച്ച് കൂടുതൽ പേർ ഒപ്പം കൂടി.
വേറെ പണിയൊന്നുമില്ലെങ്കിൽ ആനക്കുളി കണ്ടുകൊണ്ടിരിക്കുന്നത് ഏറെ നന്നെന്നാണ് വൈദ്യരുടെ അഭിപ്രായം. വെള്ളത്തിലിറങ്ങിയാൽ ആനകളുടെ സ്വഭാവമാകെ മാറും. പിന്നെ അവ കൊച്ചു കുട്ടികളേപ്പോലെയാണ്. കുത്തിമറിയും. തുമ്പി മാത്രം വെള്ളത്തിനു മീതെ ഉയർത്തിവെച്ച് വെള്ളത്തിനടിയിൽ ഒളിച്ചു കളിക്കും. വെള്ളത്തിൽ നിന്നും ആനകളെ കയറ്റിക്കൊണ്ടു പോരാൻ വലിയ പാടാണ്.
വലിയ കൊമ്പന്റെ നീരാട്ടുയാത്ര കാണാൻ നിന്നവരെല്ലാം ആ യാത്ര കണ്ട് അതിശയം കൂറി. മുന്നിൽ വലിയകൊമ്പൻ നടക്കുന്നു. അവനു പുറകിൽ ചെറിയകൊമ്പൻ ഒരാട്ടിൻ കുട്ടിയെ പോലെ നടക്കുന്നു. അയാളുടെ കൈയിൽ കാരക്കോലും തോട്ടിയും ഒന്നുമില്ല. അതെല്ലാം ആനയുടെ തുമ്പിക്കൈയിലാണ്. ചെറിയ കൊമ്പന്റെ കൈയിൽ ഉണ്ടായിരുന്നത് ഒരു ചെറിയ വടി മാത്രം. അത് അയാൾ നടക്കുന്നതിനി ടയിൽ പൊന്തയിൽ നിന്നു ഒടിച്ചെടുത്തതാണ്. ഒരു കുഞ്ഞാടിനെ പോലെ നടന്നു പോകുന്ന ആനയാണ് കഴിഞ്ഞ ദിവസങ്ങളിൽ ഇത്രയും വികൃതികൾ കാട്ടിയതെന്ന് ആരും വിശ്വസിക്കില്ല.
“ഇത്രേം വല്യ ആനേ ഒരു ചെറിയ വടിയിൽ നിർത്തണ ചെറിയകൊമ്പനും മോശക്കാരനല്ല” ആരുടേയോ അഭിപ്രായം കേട്ടു.
“ആനയുടെ മർമ്മം അയാക്കറിയാം, ആനമർമ്മംഅറിയാവുന്നവർക്ക് ആനയെ നെലയ്ക്കു നിർത്താൻ ഒരു ഈർക്കിലിന്റെ കഷണം മതി.” അതു പറഞ്ഞത് വൈദ്യരാണ്. വൈദ്യർ പറഞ്ഞാൽ അതിനപ്പുറം ആരും പറയാറില്ല. നാട്ടിൽ ആനയെക്കുറിച്ച് ഏറ്റവും നല്ല വിവരമുള്ള ആൾ അയാളാണ്. ആനകളുടെ എൻസൈക്ലോപീഡിയ.
/indian-express-malayalam/media/media_files/uploads/2021/06/krv-1-4.jpg)
“കൊറച്ച് വികൃതികൾ ഉണ്ടെങ്കിലും ഇത്രയും അടക്കവും ഒതുക്കവും ഒള്ള ആനകൾ ഇപ്പോൾ കുറവാണ്.”
വലിയകൊമ്പൻ പതിവിലും ഉറക്കെ മൂളി. വൈദ്യരുടെ അഭിപ്രായം വലിയകൊമ്പൻ കേട്ടിരിക്കുന്നു. അത് അവൻ സമ്മതിക്കുകയും ചെയ്തു. വൈദ്യർ സന്തോഷിക്കുകയും ചെയ്തു.
പെട്ടെന്നു തന്നെ രംഗമാകെ മാറി. ആന പെട്ടെന്നു നിന്നു. അതിനു പുറകെ പോയവരും. വലിയകൊമ്പൻ വഴിയരുകിലുള്ള തയ്യൽക്കടയുടെ നേരേ തിരിഞ്ഞു. തയ്യൽക്കടയിൽ ഇരുന്ന് പാവമൊരു തയ്യൽക്കാരൻ തയ്ക്കുന്നുണ്ടായിരുന്നു. ആന കടയുടെ നേരേ വരുന്നത് കണ്ട് അയാളാകെ പകച്ചു പോയി. തയ്യൽക്കാ രന് തന്റെ ഇരിപ്പിടത്തിൽ നിന്നും എഴുന്നേൽക്കാനുള്ള സാവകാശം പോലും കിട്ടിയില്ല. അതിനു മുമ്പേ ആന അയാളുടെ നേരേ തുമ്പിക്കൈ നീട്ടി നിന്നു. തയ്യൽക്കാരനാകട്ടെ ഭയന്ന് ഭിത്തിയോടു ചേർന്ന് നിന്ന് ഉറക്കെ കരഞ്ഞു.
കുറച്ചു നേരം അങ്ങനെ നിന്ന് ആന നടക്കുകയും ചെയ്തു.
ചെറിയകൊമ്പനു പോലും കാര്യം പിടികിട്ടിയില്ല. പക്ഷേ ഒരാൾക്കു മാത്രം പിടി കിട്ടി.
വൈദ്യർക്ക്. വൈദ്യർ തയ്യൽക്കാരനോടു പറഞ്ഞു ‘ആന കുളിച്ചു വരുമ്പോഴേക്കും കട അടയ്ക്കുന്നതാണു നല്ലത്. അല്ലെങ്കിൽ അവൻ തിരിച്ചു വരുമ്പോൾ തുമ്പിക്കൈ നിറയെ വെള്ളവുമായി വരും. നിന്റെ കടയുടെ ഉള്ളിലേക്കു ചീറ്റും. നീയും നിന്റെ തുണികളും ഒക്കെ നനയും.” എന്നിട്ടും ആളുകൾക്ക് ഒന്നും മനസിലായില്ല.
വൈദ്യർ പറഞ്ഞു.” നമ്മൾ ഒന്നാം ക്ലാസിൽ പഠിച്ച ആ കഥയുണ്ടല്ലോ? ആനയും തയ്യൽക്കാരനും എന്ന കഥ. അത് വലിയകൊമ്പൻ എവിടെ നിന്നോ കേട്ടിട്ടുണ്ടെന്ന് തോന്നുന്നു,” ഒരാനയും അതിനെ ഉപദ്രവിച്ചവരെ മറക്കില്ല. വൈദ്യർ പറഞ്ഞു. അതിനായി അയാൾ അപ്പോൾ ഉണ്ടാക്കിയെടുത്ത ഒരു കഥ നടപ്പിനിടയിൽ പറഞ്ഞു.
അയാളുടെ ചെറുപ്പത്തിൽ നാട്ടിലെ അമ്പലത്തിൽ എഴുന്നള്ളിപ്പിനു വന്ന ഒരു കുട്ടിയാനക്ക് ഒരു വികൃതിപ്പയ്യൻ ശർക്കരായാണെന്ന വ്യാജേന ടാർ ഉരുട്ടിക്കൊടുത്തു. ഒരു ദിവസം മുഴുവൻ ടാർ പല്ലിൽ ഒട്ടിപ്പിടിച്ച് ആന വശം കെട്ടു.
എന്നിട്ടെന്താ ഉണ്ടായത്?
അരനൂറ്റാണ്ട് കഴിഞ്ഞ് ഒരുത്സവത്തിന് അതും ഇവടെയെങ്ങും അല്ല. തെക്കെങ്ങാണ്ട്…തിരുവിതാംകൂറില് നമ്മടെ ആന എഴുന്നള്ളിപ്പിനിടയിൽ ആൾക്കൂട്ടത്തിൽ നിന്നും ഒരാളെ വലിച്ചങ്ങെടുത്തു.
ആരെയാ.? വൈദ്യർ നടപ്പിനിടയിൽ തിരിഞ്ഞു നിന്ന് ചോദിച്ചു.
നടപ്പിനിടയിൽ എല്ലാവരും ഒരുമിച്ചു പറഞ്ഞു ‘അവനെ തന്നെ, പണ്ട് ടാറ് കൊടുത്തവനെ തന്നെ.”
“അതെ, അതു തന്നെ” വൈദ്യർ പറഞ്ഞു.”ആനക്ക് അത്ര ഓർമ്മ ശക്തിയാണ്.”
അതിന് പുസ്തകത്തിലെ ആന ഇവൻ അല്ലല്ലോ വൈദ്യരെ, ഒരാൾ വൈദ്യരെ എതിർത്തു.
വൈദ്യർ പറഞ്ഞു.” ആ ആന എന്നേ ചത്തുപോയിരിക്കും. അവന്റെ പേരക്കുട്ടിയായിരിക്കും നമ്മടെ വലിയകൊമ്പൻ. ആനപ്പക സന്തതി പരമ്പരകളിലേക്കും പടരും.”
പെട്ടെന്നൊരു കരഘോഷം ഉയർന്നു. വലിയകൊമ്പൻ ഒരു മുറുക്കാൻ കടയിൽ തൂക്കിയിട്ടിരുന്ന ഒരു പഴക്കുല വലിച്ചു പറിച്ചെടുത്ത് ഒന്നിച്ചു വായിലേക്കു കയറ്റി അമർത്തിയതായിരുന്നു കാരണം. ആന ഒരു കുലകൂടി പറിച്ചെടുത്തപ്പോൾ ആളുകൾ കൈയടിച്ച് പ്രോത്സാഹിപ്പിച്ചു.
എന്നാൽ ആന അങ്ങാടിയിലെ അടുത്ത രണ്ടു കടകളോടും അങ്ങനെ തന്നെ ചെയ്ത് അടുത്ത കട ലക്ഷ്യമാക്കി നടന്നപ്പോൾ ആളുകൾ ഭയപ്പെട്ടു തുടങ്ങി.
/indian-express-malayalam/media/media_files/uploads/2021/06/krv-2-3.jpg)
വലിയ കൊമ്പന്റെ ഭാവം മാറി. പഴക്കുല കാണാതിരുന്നിടത്തെല്ലാം അവൻ എന്തെങ്കിലും നാശനഷ്ടം വരുത്തി. മേശവലിച്ച് പുറത്തേക്കിടുക. ഉപ്പുപെട്ടി മറിച്ചിടുക… ഉപ്പു തിന്നുക. തുമ്പികൊണ്ടടിച്ച് ഉപ്പു ചിതറിക്കുക. വഴിയരുകിൽ ഉണ്ടായിരുന്ന ഒന്നു രണ്ടു സൈക്കിൾ കൊമ്പിൽ കോർത്ത് തെല്ലു നടന്ന് മറിച്ചിട്ടു.
ചായക്കടക്കാരന്റെ അലമാര തകർക്കാൻ നോക്കിയെങ്കിലും നടന്നില്ല. അത് പിന്നെ ഒരിക്കലാകാമെന്ന് വിചാരിച്ചു കാണും. അല്ലെങ്കിൽ രണ്ടു ബോണ്ടയും ഉഴുന്നുവടയും നാലു പപ്പടവും കൊണ്ട് ആനയ്ക്കെന്താകാനാണ്?
വലിയ കൊമ്പന്റെ പരാക്രമം കണ്ടു നിന്ന വൈദ്യർ ഉറക്കെ വിളിച്ചു ചോദിച്ചു “വലിയ കൊമ്പന് എന്തോ പന്തികേട് തോന്നുന്നല്ലോ ചെറിയകൊമ്പാ, സൂക്ഷിക്കണേ ചെറിയകൊമ്പാ...“
"അല്ല” ചെറിയകൊമ്പന്റെ ശബ്ദം കേട്ടു. തന്റെ ആനയെക്കുറിച്ച് വേണ്ടാത്തതു പറഞ്ഞാൽ ഒരാനക്കാരനും ഇഷ്ടപ്പെടില്ല.
“പേടിക്കണ്ട വൈദ്യരേ… ഇതെല്ലാം അവന്റെ ചെറിയ ചെറിയ വികൃതികളാണ്”
“എന്നാൽപ്പിന്നെ അവനെ എങ്ങനെയെങ്കിലും സമാധാനിപ്പിക്കാൻ നോക്ക്.”
അയാൾ ഉറക്കെ വിളിച്ചു ചോദിച്ചു ” ഞാൻ പൊലീസിനെ വിളിക്കണോ കൊച്ചുകൊമ്പാ, അതോ ഫോറസ്റ്റുകാരെയോ?
അത് വലിയകൊമ്പൻ കേട്ടെന്നു തോന്നി. അവനൊന്നു തിരിഞ്ഞു നിന്ന് വൈദ്യരെ നോക്കി. പിന്നെ മുന്നോട്ട് നടക്കുകയും ചെയ്തു.
എല്ലാവരും വല്ലാതെ അതിശയിച്ചു. വലിയ കൊമ്പന്റെ വികൃതിയെക്കുറിച്ചോർത്തല്ല. ഇത്രയും വികൃതികൾ കാണിച്ചിട്ടും ചെറിയകൊമ്പൻ വലിയകൊമ്പനെ തടയാനൊരു ശ്രമം പോലും നടത്തിയില്ല. അവനു നേരേ ഒന്നൊച്ചയെടുക്കുക പോലും ഉണ്ടായില്ല. ഒന്നുരണ്ടു തവണ 'മോനേ.. മക്കളേ,' എന്നു വിളിച്ചതല്ലാതെ.
ആളുകൾക്ക് ഒരു കാര്യം മനസിലായി. ചെറിയകൊമ്പൻ പറയുന്നിടത്തുകൂടിയല്ല വലിയകൊമ്പൻ പോകുന്നത്. വലിയകൊമ്പൻ പോകുന്നിടത്തു കൂടി ചെറിയകൊമ്പൻ പോവുകയാണ്.
ഒടുവിൽ അങ്ങാടി ഉത്സവം കഴിഞ്ഞ അമ്പലപ്പറമ്പുപോലെയായെന്നുറപ്പായപ്പോൾ വലിയകൊമ്പൻ പുഴയിലേക്കു നടന്നു. നേരേ പുഴയിലേക്കിറങ്ങി. പുഴയിലൂടെ നടന്നു. പെട്ടെന്നവൻ പുഴയിൽ അപ്രത്യക്ഷനായി.
ചെറിയകൊമ്പൻ പുഴയിലേക്കു കണ്ണും നട്ട് മണൽപ്പുറത്തിരുന്നു. ആനക്കുളി കാണാൻ വന്നവരും അങ്ങനെ തന്നെ ചെയ്തു.പുഴക്കരയിൽ ഉൽക്കണ്ഠ നിറഞ്ഞു. വെള്ളത്തിൽ മുങ്ങിയ ആനയെ കാണാനില്ല.
വൈദ്യർ ആനക്കാരൻ ചെറിയകൊമ്പനോട് ചോദിച്ചു. “ആന അത്ര വികൃതികാട്ടിയിട്ടും ഒന്നു വിലക്കാതിരുന്നത് എന്തു കൊണ്ടാണ്?
ചെറിയകൊമ്പൻ പറഞ്ഞു “പറഞ്ഞിട്ടും കാര്യമില്ല വൈദ്യരേ. അവൻ കൊച്ചു പിള്ളേരെപ്പോലെയാണ്. അരുതെന്ന് പറഞ്ഞാൽ വികൃതി കൂടുകയേ ഉള്ളു. അതു തന്നെയേ ചെയ്യൂ. പിള്ളേരു ചില വികൃതികളു കാണിക്കുമ്പം നമ്മളു കണ്ണടച്ചു കൊടുക്കാറില്ലേ? അത്രേ ഉള്ളു. കഴിയുന്നത്ര ആപത്തുകൾ കുറയ്ക്കുക.അതാ എന്റെ രീതി.”
“എന്നു വെച്ചാല്...” വൈദ്യർ അത് നാട്ടുകാരോടു വിശദീകരിച്ചു. വലിയകൊമ്പൻ ചെറിയകൊമ്പന്റെ പാപ്പാനാണ്. അല്ലാതെ ചെറിയകൊമ്പൻ വലിയകൊമ്പന്റെ ആനക്കാരനല്ല. വൈദ്യർ കുറച്ചു കൂടി വിശദമാക്കി. എന്നു വെച്ചാൽ വലിയകൊമ്പൻ ചെറിയ കൊമ്പന്റെ റെയിഞ്ചിനു പുറത്താണ്.
Also Read : കെ ആർ വിശ്വനാഥൻ എഴുതിയ കഥകള്‍ വായിക്കാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us