Latest News

ആനത്തലയോളം കുസൃതി

വിവരം കേട്ട് ഓട്ടോ പിടിച്ചെത്തിയ വൈദ്യർ പറഞ്ഞു. “ഇതു പോലൊരു ആനയും ആനക്കാരനും ഇതുവരെ ഉണ്ടായിട്ടുമില്ല, ഇനിയൊട്ട് ഒണ്ടാകുകയുമില്ല. ഇനിയങ്ങോട്ട് ഒണ്ടാവുകയും വേണ്ട.” കെ ആർ വിശ്വനാഥൻ എഴുതിയ കുട്ടികളുടെ നോവൽ ചങ്ങലയുടെ മൂന്നാം ഭാഗം

k r viswanathan , childrens novel , iemalayalam
ചിത്രീകരണം:വിഷ്ണുറാം

ഉച്ചയ്ക്കുമുമ്പേ വലിയകൊമ്പനേയും ചെറിയകൊമ്പനേയും അന്വേഷിച്ച് ആളുകൾ എത്തിത്തുടങ്ങി. വന്നവരെല്ലാം വലിയകൊമ്പൻ ഉണ്ടാക്കിയ നഷ്ടങ്ങളുടെ കണക്കു പറഞ്ഞു. വാഴ നഷ്ടപ്പെട്ടവർ, തെങ്ങ് നഷ്ടപ്പെട്ടവർ, കമുക് നഷ്ടപ്പെട്ടവർ, വീടിന്റെ മൂല ഇടിഞ്ഞവർ, കിണറിന്റെ ആൾമറ കാ‍ണാതെ പോയവർ,വാഹനങ്ങളുടെ ചില്ലു തകർന്നവർ അങ്ങനെ അങ്ങനെ.

വന്നവരോടെല്ലാം ചെറിയകൊമ്പൻ പറഞ്ഞു:
“ഇത്തവണ നമ്മടെ കൊമ്പന്റെ വികൃതി നല്ലോണം കൊറഞ്ഞിട്ടുണ്ട്. എന്നാല് കുസൃതി ലേശം കൂടീട്ടുമുണ്ട്.” ചെറിയകൊമ്പന്റെ കണക്ക് ആർക്കും പിടികിട്ടിയില്ല. ആനയുടെ ഉടമസ്ഥന്റെ നമ്പർ കൊടുത്ത് എല്ലാവരേയും തിരിച്ചയച്ചു.

ഉത്സവക്കമ്മിറ്റിക്കാർ ഒരു ലോറി നിറയെ പനമടലുമായി വന്നു. കൊടുക്കാമെന്നു പറഞ്ഞ പനമ്പട്ട പലിശ സഹിതം കൊണ്ടുവന്നിട്ടുണ്ട്. അവർക്ക് നെറ്റിപ്പട്ടം തിരികെ കിട്ടണം.

ഇപ്പോഴും വലിയകൊമ്പൻ നെറ്റിപ്പട്ടം കെട്ടി നിൽക്കുകയാണ്. ചെറിയകൊമ്പൻ ഒന്നു രണ്ടു തവണ പുറത്തു കയറാൻ ശ്രമിച്ചതാണ്. കൊമ്പൻ സമ്മതിച്ചില്ല.

പനമ്പട്ടക്കു പുറമേ , ശർക്കര, കരിമ്പ് തുടങ്ങിയവയെല്ലാം അവർ കൊണ്ടു വന്നിരുന്നു. അതെല്ലാം ആനയുടെ മുമ്പിലേക്കു വെച്ച് ചെറിയകൊമ്പൻ വലിയ കൊമ്പനോട് ചോദിച്ചു.

“ഇനിയങ്ങു കൊടുത്തേക്കാം അല്ലേടാ മോനേ…?” മൂന്നാമത്തെ ചോദ്യത്തിൽവലിയകൊമ്പൻ ഒന്നു മൂളി.

വലിയകൊമ്പൻ, ചെറിയകൊമ്പൻ പറയുന്നത് സമ്മതമാണെങ്കിൽ മൂളും. അതവൻ വായ കൊണ്ടൂം മൂക്കു കൊണ്ടും ഒന്നിച്ചുണ്ടാക്കുന്ന ഒരു ശബ്ദമാണ്.

ആനക്കാരൻ ആനപ്പുറത്തു കയറി നെറ്റിപ്പട്ടമഴിച്ചു കൊടുത്തു. വലിയകൊമ്പൻ തിരക്കു പിടിച്ച് തീറ്റ തുടങ്ങി. എന്തുമാത്രമാണ് തിന്നു തീർക്കാനുള്ളത്?

എല്ലാവരും ആനപ്പറമ്പിൽ നിന്നു മടങ്ങാൻ തുടങ്ങിയ നേരത്ത് പറമ്പിൽ നിന്നും എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് നിലവിളി ഉയർന്നത്. നിലവിളിയോടൊപ്പം ഒരു കുട്ടിയുടെ ശബ്ദവും കേട്ടു.

“സൈക്കിളു കള്ളൻ… സൈക്കിളുകള്ളൻ…” ആന മൂളുകയും തലകുലുക്കുകയും ചെയ്തു.

കാര്യം തിരക്കിയവരോട് കുട്ടി കരഞ്ഞു പറഞ്ഞു. “ആന എന്റെ സൈക്കിളു കട്ടു.”

k r viswanathan , childrens novel , iemalayalam


അവൻ വഴിയരുകിൽ സൈക്കിളുമായി ആനയുടെ വരവും കണ്ട് നിൽക്കുകയായിരുന്നു. ആദ്യമായിട്ടാണ് ഒരാന നെറ്റിപ്പട്ടം കെട്ടി ആ വഴിയിലൂടെ വരുന്നത്..
എന്നാൽ അവന്റെ നിൽപ്പും ഭാവവും ആനയ്ക്ക് ഒട്ടും പിടിച്ചില്ല. അവൻ സൈക്കിളും തൂക്കിയെടുത്ത് നടന്നു.

കുട്ടി വീണ്ടൂം സൈക്കിളുകള്ളൻ എന്നു വിളിച്ചു കരഞ്ഞപ്പോൾ വലിയകൊമ്പൻ തെങ്ങിൽ ചാരിവെച്ചിരുന്ന സൈക്കിളെടുത്ത് മുന്നോട്ടു വെച്ചു.കുട്ടി സൈക്കിളെടുത്ത് സൈക്കിളുകള്ളൻ എന്ന് മൂന്നാലു തവണ വിളിച്ച്പാഞ്ഞു പോവുകയും ചെയ്തു.

“എന്നാ സംഗതി അതൊന്നുമല്ല, വൈദ്യർ പറഞ്ഞു.. അവൻ ആനേടെ പൊറകെ സൈക്കിളിൽ വന്ന് ബെല്ലടിച്ചു. വഴി മാറിക്കൊടുക്കാൻ. അത് ആനയ്ക്കൊട്ടും പിടിച്ചില്ല. പിടിച്ചത് സൈക്കിളിൽ. അതും പനമ്പട്ടയുടെ ഒപ്പം വെച്ചു.

കുട്ടി പോയിക്കഴിഞ്ഞപ്പോൾ ചെറിയകൊമ്പൻ പറഞ്ഞു.
‘എന്റെ വലിയ കൊമ്പാ നീ ദേശക്കാരെ ആകെ നാണം കെടുത്തുമല്ലോ… നാട്ടിലെ ആനയ്ക്ക് സൈക്കിളു കള്ളൻ എന്ന പേര് വീണാൽ വല്ലാത്ത നാണക്കേടു തന്നെ. ഇക്കാര്യങ്ങളെങ്ങാനും പത്രത്തിൽ വന്നാൽ എഴുന്നള്ളിപ്പിനു അരികിലെങ്ങാനും തല താഴ്ത്തി നിൽക്കേണ്ടി വരും.സൈക്കിളുകള്ളന്റെ തലേൽ ആരാണു തിടമ്പ് എഴുന്നള്ളിക്കുക?”

അതു കേട്ട് കൊമ്പൻ ഒന്നു മൂളി.

“കൊറച്ച് നേരം നിനക്ക് നടക്കണമെന്നു തോന്നുന്നുണ്ടോ?…” ചെറിയകൊമ്പൻ വലിയകൊമ്പനോടു ചോദിച്ചു. ആനയ്ക്ക് ഏറെ നേരം ഒരേ നിലയിൽ നിൽക്കുന്നത് ഇഷ്ടമല്ലെന്ന് ചെറിയകൊമ്പനറിയാം. അത് ആനയ്ക്ക് അസഹ്യമാണ്. ദിവസവും പത്തും നാൽപ്പതും കിലോമീറ്ററുകൾ നടക്കണം. എന്നാലേ ആനകൾക്ക് രക്ത ഓട്ടം ഒണ്ടാകൂ. ഉത്സവത്തിനൊക്കെ പോയി നിന്ന നിൽപ്പിൽ രണ്ടും മൂന്നും മണിക്കൂറുകൾ നിൽക്കേണ്ടി വരുമ്പോഴാണ് വലിയകൊമ്പൻ ഇടയാൻ തുടങ്ങുന്നത്.
ആനയുടെ ചങ്ങല അഴിച്ച് ചെറിയകൊമ്പൻ പറഞ്ഞു.
“അതിരു വിട്ടു കളിക്കല്ലേ… വല്യകൊമ്പാ.. നാണക്കേടാകും. നിന്റെ കളിപ്രായം കഴിഞ്ഞതാന്ന് ഓർമ്മ വേണം.”

അവനതിനു മൂളി.

ചെറിയകൊമ്പൻ ഒന്നുരണ്ടു പനമ്പട്ടയെടുത്ത് തണലിലേക്കിട്ട് ഉറങ്ങാൻ കിടന്നു.
ചങ്ങല അഴിച്ചിട്ടും വലിയകൊമ്പൻ അനങ്ങാതെ നിന്നതേയുള്ളു.. അവൻ ഇന്ന് നടക്കാനിറങ്ങാത്തതെന്തു കൊണ്ടെന്ന് ആലോചിച്ച് ചെറിയകൊമ്പൻ മെല്ലെ ഉറക്കത്തിലേക്കു കടന്നു. ഇടയ്ക്കെപ്പോഴോ ഉറക്കം സുഖമാകാതെ അയാൾ എഴുന്നേറ്റ് വീട്ടിലേക്കു പോയി.

വീണ്ടും കുട്ടികളെത്തി തുടങ്ങി. വീട്ടിൽ ഉച്ചയൂണിനു പോയവരെല്ലാം തിരിച്ചെത്തി. തെങ്ങിൻ പറമ്പിലേക്കു കയറിയ അവർ ആനയുടെ അടുത്തേക്കു ചെന്ന് ആനയുടെ തീറ്റയും നോക്കി നിന്നു.

“സൈക്കിളു കള്ളൻ” കുട്ടികളാരോ വിളിച്ചു പറഞ്ഞു. മൂന്നോ നാലോ പേർ അതാവർത്തിച്ചു. പെട്ടെന്നതൊരു കൂട്ടവിളിയായി.

“സൈക്കിളു കള്ളോ, സൈക്കിളു കള്ളോ, കുട്ടികളുടെ സൈക്കിളു കള്ളോ…”
വലിയകൊമ്പൻ തല കുലുക്കി.

“സൈക്കിൾ കള്ളൻ.. ആനക്കള്ളൻ.. പനമ്പട്ടക്കള്ളൻ… ” കുട്ടികൾക്ക് രസം പിടിച്ചു.
“നെറ്റിപ്പട്ടക്കള്ളൻ… കരിപ്പെട്ടിക്കള്ളൻ….മരപ്പട്ടിക്കള്ളൻ…” കുട്ടികൾ പെട്ടെന്നു താളം കണ്ടു പിടിച്ചു പാട്ടാക്കി.

k r viswanathan , childrens novel , iemalayalam


വലിയകൊമ്പൻ ഒന്നനങ്ങി. തലയൊന്നു കുലുക്കി. അവൻ ഒരടി മുന്നോട്ടു വെച്ചു.
കുട്ടികൾ നിലവിളിയോടെ നാലു പാടും ചിതറിയോടി. ആനയെ തളച്ചിട്ടില്ലെന്ന് അവർ അപ്പോഴാണറിഞ്ഞത്.

കുട്ടികളുടെ ഓട്ടത്തിൽ രസം പിടിച്ച വലിയകൊമ്പൻ ഒട്ടൊരു വേഗത്തിൽ അവരുടെ പുറകെ ഓടി. കുട്ടികൾ തോട്ടത്തിനു പുറത്ത് കടന്നതും വലിയകൊമ്പൻ തിരിച്ചു നടന്ന് തെങ്ങിൻ ചുവട്ടിൽ നിന്നു.

കുട്ടികൾ മെല്ലെ തിരിച്ചെത്തി. അവർ തിരിച്ചെത്തി തോട്ടത്തിനു പുറത്തു നിന്ന് കൂട്ടപ്പാട്ടു പാടി.
“ആനക്കള്ളൻ .. സൈക്കിളുകള്ളൻ… പെരുങ്കള്ളൻ
നെറ്റിപ്പട്ടക്കള്ളൻ.. കരിപ്പെട്ടിക്കള്ളൻ.. മരപ്പട്ടിക്കള്ളൻ…”

വലിയകൊമ്പൻ അവരെ ഓടിച്ചു തോട്ടത്തിനു പുറത്തു കടത്തി. കുട്ടികൾ വീണ്ടും വന്നു.
മെല്ലെ മെല്ലെ വലിയകൊമ്പനും കുട്ടികൾക്കും അതൊരു കളിയായി. കുട്ടികൾ മെല്ലെ തോട്ടത്തിനകത്തേക്കു കയറി.

തെങ്ങിൻ തോട്ടത്തിൽ വലിയകൊമ്പൻ കുട്ടികളുമായി കളിക്കുന്നു എന്നറിഞ്ഞ് കൂടുതൽ കുട്ടികൾ എത്തിത്തുടങ്ങി. കേട്ടറിഞ്ഞ് വൈദ്യരും ഓടിപ്പാഞ്ഞെത്തി. അയാൾ ആന കെട്ടഴിഞ്ഞു പോയതാകാമെന്ന് കരുതി ചെറിയ കൊമ്പനെ മൊബൈലിൽ വിളിച്ചു.
അയാൾ അപ്പോഴും ഔട്ട് ഓഫ് റെയിഞ്ചിലാണ്.

വലിയകൊമ്പനും ബോറടിക്കാൻ തുടങ്ങി. അവൻ കളി നിർത്തി തെങ്ങിനോട് ചേർന്നു നിന്ന് പനമ്പട്ട തിന്നാൻ തുടങ്ങി. തന്നെ കണ്ടു നിൽക്കാൻ ആൾക്കാരുണ്ടാകുക വലിയകൊമ്പന് വളരെ സന്തോഷമായിരുന്നു.

അമ്പലങ്ങളിലെ എഴുന്നള്ളത്തുകളിൽ അവനെ ആകർഷിച്ചത് അവനെ ഉറ്റു നോക്കി നിൽക്കുന്ന ആൾക്കൂട്ടമായിരുന്നു. വലിയകൊമ്പൻ തെങ്ങിൻ മുകളിലേക്കു നോക്കി. കൊള്ളാം തെങ്ങ് കുല നിറഞ്ഞ് മണ്ട നിറഞ്ഞ് നിൽക്കുന്നു. തെങ്ങിൽ ഒന്നു ചാരി നോക്കി. മണ്ട കുലുങ്ങുന്നുണ്ട്.. തുമ്പി ചേർത്ത് ആഞ്ഞു വലിച്ചു നോക്കി.

കൈയടി ഉയർന്നു. കൈയടിയും ആർപ്പു വിളിയും കേട്ടാൽ പിന്നെ വലിയകൊമ്പന് അടങ്ങി നിൽക്കാൻ കഴിയില്ല. അവൻ തുമ്പിക്കൈ കോർത്ത്ആഞ്ഞു കുലുക്കി. തെങ്ങിന്റെ മണ്ട തുള്ളി. തേങ്ങകൾ ഓരോന്നായി പൊഴിയാൻ തുടങ്ങി.

ആളുകളുടെ കൈയടി കൂടി.

പിന്നെ അടുത്ത തെങ്ങ്. അതിലേയും തേങ്ങ മുഴുവൻ ഇട്ടു. കണ്ടു നിന്നവർക്ക് ഹരമേറി. ഇപ്പോൾ ആർപ്പു വിളികളും കൈയടിയും വർദ്ധിച്ചു. ആളുകളുടേയും കുട്ടികളുടേയും എണ്ണവും കൂടിയിരിക്കുന്നു. വലിയ കൊമ്പനു ഹരമായി. ഇപ്പോൾ ഏതോ ഒരു വലിയ ഉത്സവത്തിനു പഞ്ചവാദ്യത്തിനുള്ളിൽ പെട്ടു നിൽക്കുന്നതു പോലെയാണ് വലിയ കൊമ്പനു തോന്നിയത്. തലയിൽ തിടമ്പുണ്ട്. നെറ്റിയിൽ നെറ്റിപ്പട്ടവുമുണ്ട്.

ബഹളം കേട്ട് ചെറിയകൊമ്പൻ ഉറക്കമുണർന്ന് വന്നപ്പോഴേക്കുംതോട്ടത്തിലെ ഒന്നോ രണ്ടോ തെങ്ങുകളിലെ തേങ്ങയും മന്നങ്ങയും ഒഴികെ എല്ലാം താഴെ വീണിരുന്നു. ചെറിയകൊമ്പൻ കണ്ടഭാവം നടിച്ചില്ല. ആ രണ്ടെണ്ണത്തിലെ തേങ്ങ കൂടി ഇട്ടോട്ടെ.. അതിലെ തേങ്ങ ഇട്ടില്ലെങ്കിലും നാളെ പത്രത്തിൽ ഒരു തെങ്ങിൻ തോട്ടം മുഴുവൻ നശിപ്പിച്ചെന്നേ വാർത്ത വരൂ.

അതു കൂടിക്കഴിഞ്ഞപ്പോൾ ചെറിയകൊമ്പൻ വലിയ കൊമ്പനെ വിളിച്ചു. തെങ്ങിൻ ചുവട്ടിൽ തളച്ചു.
അപ്പോഴേക്കും പൊലീസെത്തി. ആരോ പൊലീസിനു ഫോൺ ചെയ്തിരുന്നു. വലിയ കൊമ്പന് മദം പൊട്ടിയെന്ന്. വൈദ്യരായിരിക്കാനാണു സാധ്യതയെന്നു പലരും പറഞ്ഞു.

Also Read : കെ ആർ വിശ്വനാഥൻ എഴുതിയ കഥകള്‍ വായിക്കാം

ആ നേരത്തുതനെ തെങ്ങിൻ തോട്ടത്തിന്റെ ഉടമയും എത്തി. അയാളെയും വൈദ്യർ വിവരം അറിയിച്ചിട്ടുണ്ടാകും. പൊഴിഞ്ഞു കിടക്കുന്ന തേങ്ങ കണ്ട് അയാൾ ചെറിയകൊമ്പനോടു കയർത്തു.
തെങ്ങിൻ തോട്ടത്തിൽ ആനയെതളയ്ക്കാൻ അയാൾ സമ്മതിച്ചതാണ്.അയാളുടെ തോട്ടത്തിൽ നിന്നും പതിവായി തേങ്ങാമോഷണം പോകുന്നുണ്ടായിരുന്നു. അതൊന്ന് ഒഴിവായിക്കിട്ടിയേക്കും എന്ന് അയാൾ വിചാരിച്ചു.

അയാൾ പൊലീസിനെ കൂട്ടു പിടിച്ചു ചെറിയകൊമ്പനോട് വാക്കും വാക്കാണവുമായി.

“നഷ്ട പരിഹാരകൊടുക്കണം.”പൊലീസ് കണ്ടെത്തിയ പരിഹാ‍രം അതായിരുന്നു.

തെല്ലു നേരമാലോചിച്ചു നിന്നചെറിയകൊമ്പൻ ചോദിച്ചു. ഒരു തെങ്ങിൽ കയറുന്നതിന് എത്രയാ കൂലി ഇപ്പഴ്?

നാട്ടിൽ നടപ്പുള്ള കൂലി ആരോ പറഞ്ഞു.

“എന്നാ,ചെറിയകൊമ്പൻ പറഞ്ഞു. “ആ കൂലി വെച്ച് കണക്കു കൂട്ടി അത്രയും രൂപ ചെറിയ കൊമ്പന് കൊടുക്കണം. തേങ്ങ ഇട്ട കൂലി.”

തെങ്ങിൻ തോട്ടമുടമ പെട്ടെന്നു തന്നെ പിന്മാറി. “വേണ്ട., നഷ്ടപരിഹാരമൊന്നും വേണ്ട.”

“എന്നാല് പാതി തേങ്ങ വലിയ കൊമ്പന്” ചെറിയകൊമ്പൻ പറഞ്ഞു.

“അതെ, അതാണു ശരി.” പൊലീസുകാ‍രനും പറഞ്ഞു.

തോട്ടമുടമയ്ക്ക് സമ്മതിക്കേണ്ടി വന്നു.

വിവരം കേട്ട് ഓട്ടോ പിടിച്ചെത്തിയ വൈദ്യർ പറഞ്ഞു. “ഇതു പോലൊരു ആനയും ആനക്കാരനും ഇതുവരെ ഉണ്ടായിട്ടുമില്ല, ഇനിയൊട്ട് ഉണ്ടാകുകയുമില്ല. ഇനിയങ്ങോട്ട് ഉണ്ടാവുകയും വേണ്ട.”

Read More: ചങ്ങല മറ്റ് ഭാഗങ്ങൾ വായിക്കാൻ ഇവിടെ വായിക്കാം

Get the latest Malayalam news and Children news here. You can also read all the Children news by following us on Twitter, Facebook and Telegram.

Web Title: Kids holiday story k r viswanathan children stories podcast audiobook audible childrens novel changala chapter 3

Next Story
ഇടഞ്ഞ കൊമ്പനും ചതഞ്ഞ മീശയുംk r viswanathan , childrens novel , iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com