Latest News

ഇടഞ്ഞ കൊമ്പനും ചതഞ്ഞ മീശയും

“ആനപ്പുറകെ ആനച്ചന്തത്തിൽ ലയിച്ച്  ഒന്നു രണ്ടടി വെച്ചവർ  പെട്ടെന്ന് പിന്മാറി. ആനയുടെ കൂടെ ആനക്കാരൻ ചെറിയകൊമ്പൻ ഇല്ലെന്ന് അവർ അപ്പോഴാണ് അറിഞ്ഞത്. ആന ഒറ്റയ്ക്കേയുള്ളു. ” കെ ആർ വിശ്വനാഥൻ എഴുതുന്ന കുട്ടികളുടെ നോവൽ രണ്ടാംഭാഗം

k r viswanathan , childrens novel , iemalayalam
ചിത്രീകരണം: വിഷ്ണുറാം

 നല്ല നിലാവുള്ള ദിവസം. നേരം പാതിരാവ് കഴിഞ്ഞിട്ടുണ്ട്.  
         
ചങ്ങലയുടെ കിലുക്കം കേട്ടു. വഴിയരുകിൽ താമസിക്കുന്നവർ എഴുന്നേറ്റ് വഴിയിലേക്കു നോക്കി നിന്നു. ചങ്ങലയുടെ കിലുക്കം തുടർച്ചയായി കേൾക്കുന്നുണ്ട്.  വലിയകൊമ്പനും ചെറിയകൊമ്പനും കയറ്റം കയറി വരുന്നുണ്ട്.
           
കയറ്റത്തിനു മുകളിൽ നിന്ന് താഴേക്കു നോക്കിയവർ നിലാവിൽ സ്വർണത്തിളക്കമാണ് കണ്ടത്. അതെന്തെന്ന് ആർക്കും മനസിലായില്ല. കറപ്പൊട്ടും കാണാനുമില്ല. സൂക്ഷിച്ചു നോക്കിയപ്പോൾ സ്വർണത്തിളക്കം കയറ്റം കയറി വരുകയാണ്. ചങ്ങലയുടെ ശബ്ദം താളത്തിൽ കേൾക്കാം.
         
നായ്ക്കളുടെ നീണ്ട കുര. വഴിക്കരികിലെവിടെയോ കുറുക്കമ്മാർ ഓളിയിട്ട് നായ്ക്കളോട് മത്സരിക്കുന്നുണ്ട്. പെട്ടെന്ന് നായ്ക്കളുടെ ശബ്ദം നിലച്ചു. ഒരു നായയുടെ ദീനരോദനം ഉയർന്നുകേട്ടു. അതിനെ ആരോ വേദനിപ്പിച്ചിട്ടുണ്ട്. വലിയകൊമ്പനായിരിക്കും. അല്ലെങ്കിൽ ചെറിയ കൊമ്പൻ.
     
സ്വർണത്തിളക്കം കയറ്റം കയറി അടുത്തടുത്തു വരുന്നു.
       
ആളുകൾ  കണ്ണിമയ്ക്കാതെ  നോക്കി നിന്നു.
     
കയറ്റത്തിനു മുകളിലേക്ക് ആന എത്തി.  നോക്കി നിന്നവർ അമ്പരന്നു. വെറും ആനയല്ല. നെറ്റിപ്പട്ടം കെട്ടിയ ആന. ഒന്നു കൂടി സൂക്ഷിച്ചു നോക്കി അങ്ങനെ തന്നെയെന്നുറപ്പിച്ചു. നെറ്റിപ്പട്ടത്തിന്റെ തിളക്കമാണ് കുറച്ചു മുമ്പ് കണ്ടത്.
             
എല്ലാവരും വീണ്ടും സംശയിച്ചു നിന്നു. സംശയിക്കാനൊന്നുമില്ല. വലിയകൊമ്പൻ തന്നെ. നെറ്റിപ്പട്ടം കെട്ടിയ വലിയകൊമ്പൻ തന്നെ. അവന്റെ വെളുവെളുത്ത കൊമ്പും നിലാവിൽ തിളങ്ങുന്നുണ്ട്. നീണ്ടു വളഞ്ഞ കൊമ്പുതന്നെ.. കൊമ്പുകൾക്കു മേലെ  വെച്ചിരുന്ന  പനമ്പട്ട അവൻ തുമ്പിക്കൈ കൊണ്ട് മുറുകെ  വരിഞ്ഞു പിടിച്ചിരുന്നു. ഒരാനയ്ക്ക് എടുക്കാവുന്നതിൽ അധികമുണ്ടായിരുന്നു അത്.
       
ആനപ്പുറകെ ആനച്ചന്തത്തിൽ ലയിച്ച്  ഒന്നു രണ്ടടി വെച്ചവർ  പെട്ടെന്ന് പിന്മാറി. ആനയുടെ കൂടെ ആനക്കാരൻ ചെറിയകൊമ്പൻ ഇല്ലെന്ന് അവർ അപ്പോഴാണ് അറിഞ്ഞത്. ആന ഒറ്റയ്ക്കേയുള്ളു. അത് വഴിയേ ആരേയും കൂസാതെ  നടന്നു പോവുകയാണ്. വഴിയരുകിൽ നിന്നവരെ  ശ്രദ്ധിച്ചതു പോലുമില്ല. കടുത്ത ചിന്തകളിൽ പെട്ടുപോയതു പോലെ.

k r viswanathan , childrens novel , iemalayalam


               
ചെറിയകൊമ്പൻ ഒപ്പം ഇല്ലേ? അതോ തോന്നിയതാണോ?. ആനക്കാലിനും എടുത്താൽ പൊന്താത്ത പനമ്പട്ടയ്ക്കുമൊപ്പം അയാൾ ഉണ്ടെങ്കിൽ തന്നെ കാണാൻ ഇടയില്ല.. അയാൾ ആനപ്പുറത്തുണ്ടാകും..  ആനപ്പുറത്താരും നോക്കിയതുമില്ലല്ലോ?
           
ചിലർ മെല്ലെ പുറകെ ചെന്നു നോക്കി  ഉറപ്പിച്ചു. ആന തനിച്ചേയുള്ളു.
       
എന്നിട്ടും സംശയം തീരാതെ ഒരാൾ തെല്ലുറക്കെ വിളിച്ചു.
     
“ചെറിയ കൊമ്പാ…”
       
മറുപടി ഉണ്ടായില്ല.
     
കുറച്ചു കൂടി ഉറക്കെ വിളിച്ചു..
     
“ആനക്കാരൻ ചെറിയകൊമ്പാ….”
 
ഒരു നിമിഷം മറുപടിക്ക് കാത്ത് ശബ്ദമുയർത്തി ചോദിച്ചു.
   
“വലിയകൊമ്പനൊപ്പം ചെറിയകൊമ്പനുണ്ടോ…?”
 
ശബ്ദം അല്പം കൂടിപ്പോയെന്നു തോന്നുന്നു. അത് വലിയകൊമ്പനെ ശല്യപ്പെടുത്തിയിട്ടുണ്ടകും. വലിയകൊമ്പൻ പെട്ടെന്ന് വെട്ടിത്തിരിഞ്ഞു. തുമ്പിക്കും കൊമ്പിനും ഇടയിൽ വെച്ച പനമ്പട്ടയോടെ.        
       
ചോദ്യത്തിനുത്തരമെന്ന പോലെ അവൻ തല കുലുക്കിയപ്പോൾ തിളക്കം കൂടുതൽ തിളങ്ങി. പക്ഷേ അവന്റെ തലകുലുക്കലിൽ ഭയപ്പെട്ടു പോയ ആളുകൾ  പിന്നോക്കം ഓടി. വലിയകൊമ്പനാകട്ടെ ഒരു കൂസലുമില്ലാതെ വെട്ടിത്തിരിഞ്ഞ്  മുമ്പോട്ടു നടന്നു.
       
ഇതെന്തു കഥയെന്നായി എല്ലാവരും. അങ്ങനെ അവർക്ക്  അധികനേരം സംശയിച്ചു നിൽക്കേണ്ടി വന്നില്ല.
         
ഒരു പൊലീസ് ജീപ്പ് അവരുടെ അടുത്തു വന്ന് നിർത്തി. എസ് ഐ പുറത്തേക്കു തലയിട്ടു.
         
“ഒരു വലിയ കൊമ്പനാന ഈ വഴിയെങ്ങാനും കടന്നു പോയോ…?”
       
ഇപ്പോൾ   കടന്നു പോയതേയുള്ളു കൂട്ടത്തിൽ ആനക്കാരനെ കണ്ടില്ല.. ആന നെറ്റിപ്പട്ടം കെട്ടിയിട്ടുമുണ്ട്. തുടങ്ങിയ വിശേഷങ്ങളും നാട്ടുകാർ പറഞ്ഞു.
   
ആനയുടെ ഒപ്പം ആനക്കാരനില്ലെന്നറിഞ്ഞ് എസ് ഐയും കൂടെയുള്ള പൊലീസുകാരും ഞെട്ടി.
         
പൊലീസുകാരനിൽ നിന്നും കരച്ചിൽ പോലെ ഒരു ശബ്ദമുയർന്നു.
   
“ദൈവമേ… എന്നാൽ വലിയകൊമ്പൻ ചെറിയകൊമ്പനെ കൊന്നിരിക്കും… ആന ഇന്നു സന്ധ്യമുതൽ ഇടഞ്ഞു നടപ്പാണ്”
           
ഞൊടിയിടയിൽ ആ വാർത്ത എല്ലാവരേയും ഉറക്കത്തിൽ നിന്നും ഉണർത്തി.
       
വലിയകൊമ്പൻ എത്തിയിട്ടുണ്ട്. പക്ഷേ ചെറിയകൊമ്പനെ എവിടെയോ വെച്ച് കുത്തിക്കൊന്നു എന്നു സംശയിക്കുന്നു ചെറിയ കൊമ്പനെ അന്വേഷിച്ച് പൊലീസ് പരക്കം പായുകയാണ്.

ഉടനെ ആന സ്ക്വാഡിനെ വിവരം അറിയിക്കണം. അവരെത്തി മയക്കു വെടി വെക്കുന്നതിനിടയിൽ അവൻ എന്തെല്ലാം അനർഥങ്ങൾ ഉണ്ടാക്കുമെന്ന് ആർക്കറിയാം.?
         
കൂടുതൽ വിവരങ്ങളറിയാൻ ആനപ്പുറകെ പോയവർ പെട്ടെന്നു തന്നെ തിരിച്ചെത്തി.
       
വലിയകൊമ്പനെ തളയ്ക്കണമെന്ന് തീരുമാനിച്ച തെങ്ങിൻ തോട്ടത്തിലേക്ക് തന്നെയാണ് അവൻ കയറിയത്. നേരെ ഒരു തെങ്ങിൻ ചുവട്ടിൽ ചെന്നു നിൽക്കുകയും ചെയ്തു. പനമ്പട്ട താഴേക്കിട്ട് പിന്നെ മെല്ലെ മെല്ലെ തീറ്റ തുടങ്ങി. ഒന്നും സംഭവിക്കാത്തതു പോലെ. കേറുന്നിടത്ത് പനമ്പട്ട കൊണ്ട് മതിൽ കുറച്ചൊന്ന് ഇടിഞ്ഞിട്ടുണ്ട്.

“ഓ, സമാധാനമായി…” എസ് ഐയും പൊലീസുകാരനും ഒരുമിച്ചാശ്വസിച്ചു.

   
അവൻ തെങ്ങിനടുത്ത് തന്നെ നിൽക്കുകയാണോ? അവനെ തളച്ചിട്ടുണ്ടോ? ആനപ്പുറകെ പോയവരെ എസ് ഐ ചോദ്യം ചെയ്തു. ‘അതോ വെറുതെ പറഞ്ഞതോ?’
   
“ഞാൻ കണ്ടതാണ്… ഒരാൾ പറഞ്ഞു. തെങ്ങിനോട് ചേർന്നു നിൽക്കുന്നു. തെങ്ങിൽ തളച്ചതു പോലെ തന്നെ…”
       
“പനമ്പട്ട തിന്നുകയും ചെയ്യുന്നുണ്ട്…” കൂടെപ്പോയ ആളും  ഉറപ്പു പറഞ്ഞു.
         
ചെറിയ കൊമ്പനല്ലാതെ വലിയ കൊമ്പനെ തളയ്ക്കാൻ ആരാണുള്ളത്.?
     
ആർക്കും ഒന്നും മനസിലാകുന്നില്ല. ഇനി എന്തെങ്കിലും പിടി കിട്ടണമെങ്കിൽ അങ്ങാടി മരുന്നു കട തുറക്കണം. വൈദ്യരെത്തിയാലേ ആനക്കാര്യങ്ങളിൽ ഒരു തീരുമാനമാകൂ.

k r viswanathan , childrens novel , iemalayalam

   
പിറ്റേന്ന് വളരെ നേരത്തേ തന്നെ വൈദ്യർ മരുന്നുകട തുറന്നു. വൈദ്യർക്ക് പാതിരാത്രി  മുതൽ പല വിവരങ്ങളും കിട്ടിത്തുടങ്ങി യിരുന്നു. ആനക്കമ്പക്കാരുടെ വാട്ട്സാപ്പ് ഗ്രൂപ്പുണ്ടെന്നും എവിടെയെങ്കിലും ഒരു ആന അനങ്ങിയാൽ തനിക്കു വിവരം കിട്ടുമെന്നാണ് വൈദ്യർ പറയുന്നത്.

വൈദ്യർ തനിക്കു കിട്ടിയ വിവരങ്ങൾ എല്ലാവരുമായി പങ്കുവെച്ചു.
               
എഴുന്നള്ളിപ്പിന് പോയതാണ് വലിയകൊമ്പനും ചെറിയകൊമ്പനും. എഴുന്നള്ളിപ്പിന് പോകുമ്പോൾ വലിയകൊമ്പന് രണ്ടു കാര്യങ്ങളിൽ നിർബന്ധമുണ്ട്. കോലം അവന്റെ തലയിൽ തന്നെ ഏറ്റണം. അത് മറ്റേതെങ്കിലും ആനപ്പുറത്ത് എഴുന്നള്ളിച്ചാൽ വലിയകൊമ്പൻ ഇടഞ്ഞതു തന്നെ. തിടമ്പേറ്റിയ ആനയെ തരം നോക്കി കുത്തും. ഉത്സവപ്പറമ്പ് തരിപ്പണമാക്കിയിട്ടേ പോരൂ.

രണ്ടാമത്തേത് പനമ്പട്ടയുടെ എണ്ണത്തിലാണ്. തളയ്ക്കുന്നിടത്ത് പത്തിരുപത് പനമ്പട്ടയെങ്കിലും വേണം. എഴുന്നള്ളിച്ചു നിർത്തുന്നിടത്തും വേണം മൂന്നാലെണ്ണം. വലിയ കൊമ്പന് എണ്ണാനറിയാമോ എന്തോ? അതിന്റെ എണ്ണം കുറഞ്ഞിടത്തെല്ലാം അവൻ വികൃതി കാട്ടിയിട്ടുണ്ട്. നെറ്റിപ്പട്ടം അഴിച്ചുവെക്കാൻ സമ്മതിക്കാതെ പോരും. അതാണവന്റെ പകരം വീട്ടൽ. ഒന്നു രണ്ട് ദിവസം നെറ്റിപ്പട്ടവുമായി അവൻ തോന്നുന്നിടത്തെല്ലാം വിലസും. നെറ്റിപ്പട്ടത്തിലെ സ്വർണനിറമുള്ള ഗോളകകൾ കുറച്ചധികം നഷ്ടപ്പെടും.
           
ഇന്നലെ നടന്നതും അതു തന്നെ. ഉത്സവക്കമ്മിറ്റിക്കാർക്ക് വേണ്ടത്ര പനമ്പട്ട കിട്ടിയില്ല. കിട്ടിയതെല്ലാം മറ്റാനകൾക്കു വീതിച്ചു വന്നപ്പോൾ വലിയ കൊമ്പന് എണ്ണം കുറഞ്ഞു പോയി. എഴുന്നള്ളത്തു കഴിഞ്ഞ് അവൻ നെറ്റിപ്പട്ടം അഴിക്കാൻ സമ്മതിച്ചില്ല എന്നു മാത്രമല്ല  മറ്റാനകളുടെ മുന്നിലിട്ട പട്ടകൾ കൂടി വലിച്ചെടുത്തു തോന്നിയിടം നോക്കി നടന്നു.
       
വലിയ കൊമ്പനല്ലേ? മറ്റാനകൾ ഒന്നനങ്ങിയതു പോലുമില്ല. എലികളെപ്പോലെ പേടിച്ചു വിറച്ചു നിന്നതേയുള്ളു.
   
ആളുകൾ വൈദ്യരുടെ മുമ്പിൽ രസിച്ചു നിന്നു.
 
“ആനക്കാരൻ ചെറിയകൊമ്പൻ എവിടെ? അയാൾക്ക് എന്താണു പറ്റിയത്?”
   
അതിനു മറുപടി പറയാൻ വൈദ്യർക്കു കഴിഞ്ഞില്ല. പൊലീസിനും കഴിഞ്ഞില്ല. ഇപ്പോഴും പൊലീസ് ജീപ്പ് ആനക്കൊപ്പം പുറപ്പെട്ട ആനക്കാരനെ കാണാഞ്ഞ്  പായുകയാണ്.  
   
“ഏതായാലും ചെറിയകൊമ്പൻ എത്തിയിട്ടില്ല എന്ന് അയാളുടെ വീട്ടിലെങ്കിലും അറിയിക്കേണ്ടതാണെന്ന് വൈദ്യരും കൂട്ടരും തീരുമാനിച്ചു. ചിലപ്പോൾ ചെറിയ കൊമ്പനെക്കുറിച്ച് എന്തെങ്കിലും വിവരം അവർക്കു കിട്ടാനും മതി. അയാൾ വീട്ടിലുള്ളവരെ ഫോണിൽ വിളിച്ചിട്ടുണ്ടാകും.
   
ആന തെങ്ങിൻ തോട്ടത്തിൽ എത്തിയത് അയാളുടെ വീട്ടുകാർ അറിഞ്ഞിരിക്കുമോ? ഇനി ആന നേരം വെട്ടം വീണപ്പോൾ എങ്ങോട്ടെങ്കിലും പോയിരിക്കുമോ? ഒരിക്കൽ പോലും വന്നിട്ടില്ലാത്ത തെങ്ങിൻ തോട്ടത്തിൽ ആന കൃത്യമായി എത്തിയതെങ്ങനെ? അവനെ തളച്ചതാരാണ്.? അതോ അങ്ങനെ തോന്നിയതോ?
       
ആളുകൾ പറഞ്ഞും ചോദിച്ചും ചോദ്യങ്ങൾ കുന്നുകൂടി. ഉത്തരങ്ങൾ കണ്ടെത്താൻ കഴിയാതെ വൈദ്യർ വിഷമിച്ചു.                
     
വൈദ്യരും സംഘവും തിരക്കിട്ട്  ചെറിയകൊമ്പന്റെ വീടെത്തിയ നേരം, വീടിന്റെ മുറ്റത്തിരുന്ന്  ഒരാൾ ഉച്ചത്തിൽ ഫോണിൽ സംസാരിക്കുന്നതു കണ്ടു.
   
ആനയ്ക്ക് പരമസുഖമെന്നു പറയുന്നു. ആനയുടെ ഇടച്ചിൽ മാറിയെന്നു പറയുന്നു. വലിയകൊമ്പനിപ്പോഴും കളിപ്രായം കഴിഞ്ഞിട്ടില്ലെന്നു തർക്കിക്കുന്നു. വൈദ്യരും കൂട്ടരും ചെവിയോർത്തു.
   
ആന വരവിൽ എന്തെല്ലാം തകർത്തെന്ന് കുറച്ചു കഴിഞ്ഞേ വിവരം ലഭിക്കൂ. ആരും ഇതുവരെ പരാതിയുമായി എത്തിയിട്ടില്ല. പോന്ന വഴിക്ക് ഒരുമാതിരി വാഹനങ്ങളിലെല്ലാം തൊട്ടും തലോടിയിട്ടുമുണ്ട്. വയലിലൂടെയും വാഴത്തോട്ടത്തിലൂടെയും മറ്റുമാണ് പോന്നത്. നഷ്ടപരിഹാരം എത്ര വരുമെന്ന് പറയാൻ വയ്യ. ഏതായാലും കഴിഞ്ഞ തവണത്തേതിനേക്കാൾ കൂടിയേക്കും. ഒട്ടും കുറയില്ലെന്നുറപ്പാണ്.
     
മൊബൈൽ ഫോണിൽ ഉച്ചത്തിൽ അങ്ങനെ വർത്തമാനം പറയുകയും ചിരിക്കുകയും ചെയ്തിരുന്നത് വലിയകൊമ്പന്റെ ഒന്നാം പാപ്പാനായ ചെറിയകൊമ്പനായിരുന്നു.
       
എന്നാൽ വൈദ്യർക്കും സംഘത്തിനും പെട്ടെന്ന് ചെറിയകൊമ്പനെ തിരിച്ചറിയാൻ കഴിഞ്ഞില്ല. അയാളുടെ കൊമ്പൻ മീശ രണ്ടുവശത്തും ചതഞ്ഞരഞ്ഞ് ഒടിഞ്ഞതു  പോലെ താഴേക്കു തൂങ്ങിക്കിടന്നതായിരുന്നു കാരണം.
       
ഫോണിൽ അയാൾ സംസാരിക്കുന്ന നേരത്ത് തന്റെ ചതഞ്ഞരഞ്ഞു പോയ മീശയെ വല്ലപാടും ഉയർത്തി നിർത്താൻ പാടുപെടുന്നുണ്ടായിരുന്നു. എന്നാൽ പിടി വിടുമ്പോൾ കൊമ്പൻ മീശ ഒടിഞ്ഞ തൂവൽ പോലെ താഴേക്കു ചാഞ്ഞു.
         
അത് ചെറിയ കൊമ്പനാണെന്ന്  തിരിച്ചറിഞ്ഞ ഉടനെ വൈദ്യർ, പൊലീസിന് ഫോൺ ചെയ്തു.   ചെറിയകൊമ്പന് ഒരു കുഴപ്പവുമില്ല. ആള് ഇവിടെത്തന്നെയുണ്ട്. മീശ കുറച്ച് ചതഞ്ഞിട്ടുണ്ട് എന്നു തോന്നുന്നു.

എല്ലാവർക്കു സമാധാനമായി.
 “എപ്പളാ എത്തിയത്?” ആനക്കാരൻ ചെറിയകൊമ്പനോട് വൈദ്യർ ചോദിച്ചു.

  മീശ ഉയർത്തി നിർത്താൻ പാടു പെട്ടുകൊണ്ട് ആനക്കാരൻ പറഞ്ഞു.
         
“ഞാനും ആനേം കറുസൂക്ഷം പന്ത്രണ്ടരയ്ക്ക് എത്തി.”

“അതിന്” വൈദ്യർ പറഞ്ഞു. ‘ആന തന്നെയേ ഒണ്ടായിരുന്നുള്ളു എന്നാണല്ലോ കേട്ടത്?”

ഒരു മീശയെ ഒന്നുയർത്തി നിർത്തി അയാൾ അടുത്ത വശം കൊമ്പനാക്കാൻ പിരി മുറുക്കിക്കൊണ്ടു ചോദിച്ചു.

“കേട്ടതല്ലേ വൈദ്യരേ ഒള്ളു. കണ്ടില്ലല്ലോ? കണ്ടതിൽ കാൽ പോലും വിശ്വസിക്കാൻ കഴിയാത്ത കാലമല്ലേ ഇത്”.

 ചെറിയകൊമ്പന്റെ മൊബൈൽ വീണ്ടും ബഹളം വെച്ചു. ആരോ കഷ്ടനഷ്ടങ്ങളുടെ കണക്ക് പറയുന്നു. ചെറിയ കൊമ്പൻ ആശ്വസിപ്പിക്കുന്നു.

k r viswanathan , childrens novel , iemalayalam


 
എല്ലാവരും തിരിച്ചു നടന്നു. വലിയകൊമ്പന്റെ സ്വഭാവം പകർന്നു കിട്ടിയിട്ടുണ്ട് ചെറിയകൊമ്പനും. ഇഷ്ടപ്പെടാത്തതെന്തെങ്കിലും ചോദിച്ചാൽ പെട്ടെന്ന് ഇടയും.
   
“കേട്ടിട്ടില്ലേ..?” വൈദ്യർ ചോദിച്ചു.” മുല്ലപ്പൂമ്പൊടിയേറ്റു കിടക്കുന്ന കല്ലിന്റെ കഥ.”

       
അന്ന് വൈദ്യരുടെ കടയിൽ നല്ല തിരക്കായിരുന്നു. ഇന്നലെ എങ്ങനെയാണ് ആന ഒറ്റയ്ക്കവിടെ എത്തിയതെന്ന് എല്ലാവർക്കും അറിയണം. അതിനുത്തരം കണ്ടെത്താൻ കഴിയുന്നത്  വൈദ്യർക്കു മാത്രമാണ്.
           
 ഉച്ചതിരിഞ്ഞപ്പോഴാണ്  വൈദ്യർ യുക്തിപൂർവ്വമായ ഒരുത്തരം കണ്ടെത്തിയത്.

വലിയ കൊമ്പനൊപ്പം നടന്ന ചെറിയകൊമ്പൻ എപ്പോഴോ വഴിയിൽ തളർന്നു വീണു പോയി. കുറേ ദിവസങ്ങളായി അയാൾ സുഖമായൊന്നുറങ്ങിയിട്ട്. ഏഴുദിവസത്തെ എഴുന്നള്ളിപ്പായിരുന്നല്ലോ? വലിയകൊമ്പനാകട്ടെ അയാൾ ഉറക്കം വിട്ട് എഴുന്നേൽക്കുന്നതു വരെ നിൽക്കാനുള്ള മനസുമുണ്ടായില്ല.
       

വലിയകൊമ്പൻ എന്തു ചെയ്യും? ഒടുക്കം  അവൻ  ചെറിയകൊമ്പനെ പനമ്പട്ടയ്ക്കുള്ളിൽ എടുത്തു വെച്ച് പൊതിഞ്ഞ് പനമ്പട്ടയെല്ലാം കൂടി എടുത്ത് കൊമ്പിൽ വെച്ചു നടന്നു. അതാണുണ്ടായത്..
 
വൈദ്യർ ഉറപ്പു പറഞ്ഞു. ഇന്നലെ നിങ്ങൾ കണ്ട പനമ്പട്ടയ്ക്കുള്ളിൽ ചെറിയകൊമ്പൻ സുഖമായി ഉറങ്ങുകയായിരുന്നു.അതിനുള്ളിൽ കിടന്ന് ആനയ്ക്ക് വഴി പറഞ്ഞു കൊടുത്തതും അയാൾ തന്നെ. അല്ലെങ്കിൽ എങ്ങനെയാണ് ഒരിക്കലും വരാത്ത വഴിയിലൂടെ വലിയകൊമ്പൻ വഴി തെറ്റാതെ വരുന്നത്.
 
വൈദ്യർ പറഞ്ഞത് ശരി തന്നെ. എന്നാലും ചെറുപ്പക്കാരിലൊരാൾക്ക് ചിരിപൊട്ടി.അതു തെല്ലുറക്കെയായി. വൈദ്യർ ദേഷ്യം കൊണ്ടു.

രണ്ടു മൂന്നു കൊല്ലം മുമ്പ്. ചെറിയകൊമ്പൻ വലിയകൊമ്പന്റെ പാപ്പാനായി വരുന്നതിനും മുമ്പ്. വല്യകൊമ്പന്റെ ഒരു പഴയ കഥ പറയാൻ തുടങ്ങി വൈദ്യർ.

അന്നത്തെ പാപ്പാൻ ആരുമായോ യാത്രക്കിടയിൽ എന്തിനോ വഴക്കു കൂടി. പാപ്പാൻ വഴക്കിനിടയിൽ നിലം തല്ലി വീണു. എഴുന്നേൽക്കാൻ പോലും പാടില്ലാതായി. അപ്പോൾ വലിയകൊമ്പൻ എന്തു ചെയ്തെന്നോ?വീണു കിടക്കുന്ന പാപ്പാനേയുമെടുത്ത് നേരേ പൊലീസ് സ്റ്റേഷനിലേക്ക് ചെന്ന് പാപ്പാനെ എസ് ഐയുടെ മുന്നിലേക്കു വെച്ചു.
 
ആ കേസിന് ഒരു തീർപ്പായി എന്ന് ആനക്കാരൻ പറഞ്ഞേപ്പിന്നെയേ വലിയകൊമ്പൻ അനങ്ങീള്ളു. ഈ പൊലീസ് സ്റ്റേഷൻ  വഴക്കും വാക്കോണം തീർക്കാനൊള്ളതാന്ന് ആന എങ്ങനെയാ അറിഞ്ഞത്.?” അതാ നമ്മടെ വലിയ കൊമ്പന്റെ തലേം ബുദ്ധീം.”

എന്നാലും ചെറുപ്പക്കാരന് അത്ര വിശ്വാസം  വന്നില്ല.
 
“എന്നാല് വഴക്കൊണ്ടാക്കണേനു മുമ്പേ അയാളെ പിടിച്ചു മാറ്റുകയല്ലായിരുന്നോ അത്ര വിവരമുള്ള ഒരാന ചെയ്യേണ്ടത്.?”

അതിനും  വൈദ്യർക്ക് മറുപടി ഉണ്ടായി.
“ആനക്കാരന് ഒന്നോ രണ്ടോ കിട്ടിക്കോട്ടേന്ന് ആനയും വിചാരിച്ചു കാണും. ആനയെ വല്ലാണ്ട് ഉപദ്രവിക്കണ ആളായിരുന്നു ആ ആനക്കാരൻ.”
     
ചെറുപ്പക്കാരൻ വീണ്ടും ചിരിച്ചത് വൈദ്യർക്ക് തീരെ രസമായില്ല.

വൈദ്യർ അയാളോട് ഇടഞ്ഞ് വേഗം നടന്നു. തക്കതായ ഒരുത്തരം കിട്ടിയപ്പോൾ തിരിഞ്ഞു നിന്നു.

“ഇനീം തെളിവു വേണോ… നെനക്ക് ?”

ചെറുപ്പക്കാരൻ മാത്രമല്ല എല്ലാവരും തല കുലുക്കി. ഒരു കഥ കേൾക്കാനുള്ള അവസരമാണ്.
 
“എന്നാൽ നമ്മ്ടെ ചെറിയകൊമ്പന്റെ കൊമ്പൻ മീശ ചതഞ്ഞു പോകാനുള്ള കാരണമെന്താണ്? അയാളുടെ കൊമ്പൻ മീശ എല്ലാവരും കണ്ടിട്ടുള്ളതാണല്ലോ? ആരെങ്കിലും അതിനു കാരണം ആലോചിച്ചിട്ടുണ്ടോ?”

“തല കൊണ്ട് ചിന്തിക്കണം.. എന്നാലേ ഉത്തരം കിട്ടൂ..” ഒരു ഉപദേശവും കൊടുത്തു.

വൈദ്യരുടെ ആ ചോദ്യത്തിന് ഉത്തരം ആർക്കും കിട്ടിയില്ല.

“എനിക്കു പിടികിട്ടിയില്ല വൈദ്യരേ…” ചെറുപ്പക്കാരൻ പറഞ്ഞു.
 
“പനമ്പട്ടയിൽ ചെറിയകൊമ്പനെ വെച്ചു നടന്നപ്പോൾ വലിയകൊമ്പന്റെ കൊമ്പിന്റെ അടിയിൽ പെട്ട് ചെറിയ കൊമ്പന്റെ കൊമ്പൻ മീശ ചതഞ്ഞു പോയി.അതാണുണ്ടായത്.”

ശരിയായിരിക്കും. അല്ലാതെങ്ങനെയാണ് ചെറിയകൊമ്പന്റെ  കൊമ്പൻ മീശ ചതഞ്ഞരഞ്ഞു പോകുന്നത്?
എല്ലാവർക്കും സമാധാനമായി.  
 
തിരിച്ചു പോരുന്ന വഴിക്ക്   മനയ്ക്കലെ പറമ്പിൽ  തളച്ചിരുന്ന ആനയുടെ അടുത്തും കയറി. മറ്റാനകളിൽ നിന്നു തട്ടിയെടുത്തതും പിടിച്ചു പറിച്ചതുമായ പനമ്പട്ടകൾ അവിടെ കൂടിക്കിടന്നിരുന്നു. ഒരാനയ്ക്ക് എടുക്കാവുന്നതിലും അധികം ഉണ്ടായിരുന്നു അത്. എന്നാൽ ആളുകളെ ഏറ്റവും അധികവും ആകർഷിച്ചത് മറ്റൊന്നായിരുന്നു.
 
ആനയെ തളച്ച തെങ്ങിൽ ചാരി ഒരു സൈക്കിൾ .
     
“വലിയകൊമ്പൻ സൈക്കിൽ ചവിട്ടുമോ?..” ആരോ ചോദിച്ചു.
     
വൈദ്യർക്ക് അതിനും ഉത്തരമുണ്ട്.
   
ചെറിയ കൊമ്പന്റെ  കാലിന് ആണി രോഗമുണ്ട്.. ആനയെ ഒത്തിരി ദൂരം നടത്തേണ്ടി വരുമ്പോൾ അയാൾ സൈക്കിളിലായിരിക്കും ആനയ്ക്കൊപ്പം സഞ്ചരിക്കുന്നത്. അയാൾക്ക് ആനയ്ക്കൊപ്പം എത്താൻ അതേ മാർഗമുള്ളു.”

അയാൾക്ക് ആനപ്പുറത്ത് കയറിയാൽ പോരേ?
  ‘അതാ വലിയ കൊമ്പന്റെ സവിശേഷതകള്..” വൈദ്യർ പറഞ്ഞു.
   
“ഫ്രീയായിട്ടു നടക്കണ നേരത്ത്  അവനു ഫ്രീയായിട്ടുതന്നെ നടക്കണം.. ആരും അവനെ ശല്യപ്പെടുത്തണത് അവനിഷ്ടമല്ല.. എന്നാല് ചെറിയകൊമ്പൻ ആനപ്പൊറത്തു കേറിയാല് വലിയകൊമ്പൻ സൈക്കിളും  തൂക്കിയെടുത്ത് നടക്കും.”

അങ്ങനെ അങ്ങനെ വളരെയേറെ സവിശേഷതകളുള്ള ആനയാണ് വലിയകൊമ്പൻ.

ചങ്ങലയുടെ ആദ്യ ഭാഗം ഇവിടെ വായിക്കാം

Get the latest Malayalam news and Children news here. You can also read all the Children news by following us on Twitter, Facebook and Telegram.

Web Title: Kids holiday story k r viswanathan children stories podcast audiobook audible childrens novel changala chapter 2

Next Story
ചങ്ങല – കുട്ടികളുടെ നോവൽ ആരംഭിക്കുന്നുk r viswanathan , childrens novel , iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com