Latest News

വലിയ കൊമ്പൻ യാത്ര പറയുന്നു

“കണ്ണിൽ വെള്ളവും നിറച്ചു നിൽക്കുന്ന കുട്ടികളോടായി അയാൾ പറഞ്ഞു. “നിങ്ങൾ ചോദിക്കേണ്ട ചോദ്യം ഞാൻ ചോദിച്ചെന്നേയുള്ളൂ, നിങ്ങൾക്ക് അരുതെന്നെങ്കിലും പറയാമായിരുന്നു. ചെറുവിരലെങ്കിലും ഉയർത്താമായിരുന്നല്ലോ? നിങ്ങളെ അവൻ ഒത്തിരി പുറത്ത് കയറ്റിയിട്ടുള്ളതാണല്ലോ? ഇത്തിരി സ്നേഹമെങ്കിലും തിരിച്ചു നൽകാമായിരുന്നല്ലോ? അവൻ വേദനിച്ചു നിലവിളിച്ച നേരം അങ്ങനെ ആഗ്രഹിച്ചിട്ടുണ്ടാകില്ലേ?” കെ ആർ വിശ്വനാഥൻ എഴുതിയ കുട്ടികളുടെ നോവൽ ചങ്ങല അവസാന ഭാഗം

k r viswanathan , childrens novel , iemalayalam

കാടുകയറിയ വലിയ കൊമ്പനെ രണ്ടാംവട്ടം തിരഞ്ഞുപോയ സംഘം തിരിച്ചെത്തുന്നു.

എല്ലാവരും പുഴക്കരയിലേക്കു പോകാനൊരുങ്ങി. ഇത്തവണ വലിയ കൊമ്പനുമായി തിരിച്ചുവരുമെന്ന് ഉറപ്പിച്ചാണ് പോയത്. എല്ലാവരും അങ്ങനെ വിശ്വസിക്കുകയും ചെയ്തു. ഒരാഴ്ചയെങ്കിലും കഴിഞ്ഞേ വരുകയുള്ളൂലഎന്നാണ് പറഞ്ഞിരുന്നത്. പെട്ടെന്ന് മടങ്ങിവരുന്നത് ആനയെ കിട്ടിയത് കൊണ്ടായിരി ക്കും.

എന്നാലും കുട്ടികൾക്ക് പുഴത്തീരത്തേക്ക് പോകണമെന്ന് തോന്നിയില്ല. അശ്വതിക്കുട്ടി കരഞ്ഞു കൊണ്ടിരുന്നതേയുള്ളു. ഇത്തവണ കാട്ടിലേക്കൂ പോയ സംഘത്തെക്കുറിച്ച് കുട്ടിശങ്കരൻ പറഞ്ഞതു കേട്ടിട്ടാണ് അവർ പോകാതിരുന്നത്.

പാതിരാത്രിയിലാണ് വള്ളത്തിൽ പോയത്. വള്ളത്തിൽ എന്തെല്ലാമുണ്ടായിരുന്നെന്ന് അവന് പിടികിട്ടി യില്ല. പക്ഷേ, വള്ളത്തിൽനിന്നു പെട്രോൾ മണക്കുന്നുണ്ടായിരുന്നു. ചാക്കിൽ പൊതിഞ്ഞുകെട്ടി വച്ചിരുന്നത് തോക്കായിരിക്കുമെന്ന് കുട്ടിശങ്കരൻ പറഞ്ഞു.

വെടികൊണ്ടു വീണ ആനയുടെ വായിൽ എന്തെങ്കിലും കുത്തിനിറച്ച് പെട്രോളൊഴിച്ച് കത്തിക്കും. ആനയുടെ ജീവൻ പോയിട്ടുണ്ടോയെന്നു പോലും നോക്കില്ല.

അബോധത്തിലും ആന മരണപ്പിടച്ചിൽ പിടയും.

ചെറിയ കൊമ്പനെയും കൂടെ കൂട്ടിയിട്ടുണ്ട്. ഒരിക്കൽ കൂടി അവനെ വിളിച്ചു നോക്കും. ഒരു തവണ അതുമതിയെന്നാണ് ആനയുടെ ഉടമ പറഞ്ഞിരിക്കുന്നത്. വലിയ കൊമ്പനു തിരിച്ചു വരാനുള്ള അവസാ‍നത്തെ അവസരമാണത്.

”നോക്കിക്കോ. വലിയകൊമ്പൻ തിരിച്ചു വരു,” അശ്വതിക്കുട്ടി ഉറപ്പിച്ചു പറഞ്ഞു. അവൾ അതിനു വേണ്ടി ഒത്തിരി പ്രാർഥിച്ചിട്ടുണ്ട്.

ചെറിയ കൊമ്പൻ വിളിച്ചപ്പോൾ വലിയ കൊമ്പൻ ഒപ്പം പോന്നിരിക്കും. കാട്ടിൽ അവന് കൂട്ടൊന്നും കിട്ടിക്കാണില്ല. കാടാണെങ്കിലും ഒറ്റയ്ക്ക് എത്ര നേരം നടക്കാനാണ്?

മറിച്ചു വല്ലതുമാണെങ്കിൽ പകൽ വെട്ടത്ത് ആരും തിരിച്ചു വരില്ലല്ലോ?

എല്ലാവരും പുഴയോരത്തേക്കു നടന്നു.

ആനയുടെ ഉടമസ്ഥനും പുഴക്കരയിൽ ഉണ്ടായിരുന്നു. ഉവ്വ്. വലിയകൊമ്പൻ തിരിച്ചെത്തും. അല്ലായിരു ന്നെങ്കിൽ അയാൾ പുഴക്കരയിലേക്ക് വരില്ലായിരുന്നല്ലോ? അയാളുടെ മുഖത്ത് ഇപ്പോൾ ദേഷ്യമൊന്നുമില്ല.

വൈകുന്നേരമായപ്പോൾ അക്കരെ ആളുകളെ കണ്ടു തുടങ്ങി. ആനയെ തേടിപ്പോയവർ തന്നെ. അവർക്കു പുറകിൽ പൊടുന്നനെ വലിയ കൊമ്പനും ആനപ്പുറത്ത് ചെറിയകൊമ്പനും തെളിയുമെന്ന് എല്ലാവരും ഉറപ്പിച്ചു. ഏറെ കാത്തിട്ടും അതുണ്ടായില്ല.

എല്ലാവരും വള്ളത്തിൽ കയറി, വള്ളം പുറപ്പെട്ടപ്പോൾ തീരുമാനിച്ചു. ഇക്കുറിയും വലിയ കൊമ്പനില്ല. അവനിനി വരില്ല.

k r viswanathan , childrens novel , iemalayalam

വള്ളത്തിൽനിന്ന് ആദ്യം ഇറങ്ങിയത് ചെറിയ കൊമ്പനായിരുന്നു. അയാൾ തലതാഴ്ത്തിയാണ് ഇറങ്ങിയത്. ആരോടു ഒന്നും പറയാതെ അയാൾ പുഴക്കര വിട്ടു നടന്നു.

വള്ളത്തിൽനിന്നു ചാക്കുകെട്ടുകൾ എടുത്ത് ജീപ്പിലേക്കു വെച്ചു. വീണ്ടും മറ്റൊരു ചാക്കു കൂടി. അതും ജീപ്പിലേക്കു വച്ചു. ചെറിയ ഒരു ചാക്ക് പുറത്തേക്കെടുത്തപ്പോൾ അതിൽനിന്നു മൂന്നാലു സ്വർണഗോളകകൾ താഴേക്കു വീണു. നെറ്റിപ്പട്ടത്തിലെ ഗോളകളായിരുന്നു അത്. അത് വല്ലാതെ ചുളുങ്ങിയിട്ടുണ്ട്. പോക്കുവെയിലിൽ അത് മിന്നി. അതും ജീപ്പിലേക്കിട്ടു. ജീപ്പ് സ്റ്റാർട്ടാക്കി പോകാനൊരുക്കം കൂട്ടി.

പെട്ടെന്ന് പുഴക്കരയിൽനിന്ന് ഒരാരവം ഉയർന്നു. അങ്ങേക്കരയിൽ ഒരാന നിൽക്കുന്നു. അത് മെല്ലെ പുഴയിലേക്കിറങ്ങി.

അത് വലിയ കൊമ്പൻ തന്നെ.

നമ്മുടെ വലിയ കൊമ്പൻ.

വലിയകൊമ്പൻ വരുന്നു.

പോകാനൊരുങ്ങിയ ജീപ്പ് നിർത്തി. ഉടമസ്ഥനും സംഘവും അങ്ങോട്ടും ഇങ്ങോട്ടും എന്തൊക്കെയോ പറഞ്ഞ് തിടുക്കത്തിലായി. ജീപ്പിൽനിന്നു ചാക്കു കെട്ടുകൾ വലിച്ചു പുറത്തേക്കിട്ടു. വണ്ടിയിൽനിന്നു ചങ്ങല താഴേക്കിടുന്ന ശബ്ദം മുഴങ്ങി.

വലിയ കൊമ്പൻ അപ്പോഴേക്കും പുഴയുടെ മധ്യത്തിൽ എത്തിയിരുന്നു. കരയിൽനിന്ന് ആർപ്പുവിളി കളും ഉയർന്നു. കൂടുതൽ ആളുകൾ പുഴയുടെ തീരത്തേക്ക് എത്തിത്തുടങ്ങി. പാവം തയ്യൽക്കാരൻ കൈയിൽ കുറച്ചു പഴങ്ങളും ശർക്കരയും കൊണ്ടാണു വന്നത്. ആന കാടുകയറിയതിനുശേഷം അയാൾ വലിയ വിഷമത്തിലായിരുന്നു.

ആന പുഴക്കരയോടടുത്തതോടെ കൈയടി ശബ്ദവും ആർപ്പുവിളികളും ഉച്ചസ്ഥായിലായി.

അവൻ മെല്ലെ മെല്ലെ വരുന്നു. ഇപ്പോൾ അവൻ തല ഉയർത്തിപ്പിടിക്കുന്നില്ല. അവൻ നടക്കുന്നത് അവൻ പോലും അറിയുന്നില്ലെന്നു തോന്നി. ഇടയ്ക്ക് ഒരു നിമിഷം സംശയിച്ചുനിന്ന അവൻ വീണ്ടും നടക്കാൻ തുടങ്ങി.

വലിയകൊമ്പൻ കരയിൽ കറിയപ്പോൾ പുഴക്കര നിശബ്ദമായി.

ഒരു കൊടിയ കുറ്റവാളിയെപ്പോലെ വലിയകൊമ്പൻ തലകുനിച്ചു നിന്നു. അവന്റെ ചെവിയിൽ കീറിപ്പറിഞ്ഞ നെറ്റിപ്പട്ടം തൂങ്ങിക്കിടന്നിരുന്നു. അതിലൂടെ ഒലിച്ച വെള്ളം അവന്റെ കണ്ണീർ പോലെ ഇറ്റിറ്റു വീഴുന്നുണ്ട്.

വലിയ കൊമ്പന്റെ മേലാകെ കീറിപ്പൊളിഞ്ഞിട്ടുണ്ട്. മുറിവുകളിൽ കറുത്ത ചോര കട്ടപിടിച്ച് കിടന്നിരുന്നു. വയറ്റിൽ ഒരു വലിയ മുറിവ് അതിൽനിന്ന് ചോര ഒലിക്കുന്നുണ്ട്. അവന്റെ ഒരു കൊമ്പിന്റെ അറ്റം ഒടിഞ്ഞിട്ടുണ്ട്. മറുകൊമ്പിൽ കറുത്ത നിറം കട്ടപിടിച്ചു നിൽക്കുന്നു.

“വലിയ കൊമ്പാ…” നിലവിളി പോലെ ഒരു ശബ്ദം കേട്ടു. ചെറിയ കൊമ്പൻ കരയുകയായിരുന്നു. “നീ എന്നെ പറ്റിച്ചല്ലോ മോനേ…”

ആ ശബ്ദത്തിനു നേരേ അവൻ മെല്ലെ തുമ്പിയൊന്നുയർത്താൻ ശ്രമിച്ചു. പക്ഷേ പാതിപോലും ഉയർത്താൻ അവനു കഴിഞ്ഞില്ല. അവന് തുമ്പിയിലും മുറിവേറ്റ് മാംസം പലയിടത്തും പിളർന്നിട്ടുണ്ട്.

ശർക്കരയും പഴവുമായി വലിയകൊമ്പന്റെ മുമ്പിലെത്തിയ പാവം തയ്യൽക്കാരനെ ആനയുടമ തടഞ്ഞു. “അവന് മധുരം കൊടുക്കേണ്ട നേരമല്ല ഇത്…” അയാൾ തയ്യൽക്കാരനെ ആനയുടെ മുമ്പിൽനിന്നു മാറ്റി വിട്ടു. പാവം തയ്യൽക്കാരനെ വലിയ കൊമ്പൻ തിരിഞ്ഞു നോക്കാതെ നടന്നകന്നു.

വലിയ കൊമ്പന്റെ ഉടമസ്ഥൻ അരികെ എത്തിയപ്പോൾ അവൻ മുട്ടുമടക്കി. മണ്ണിൽ കൊമ്പുകുത്തി. ഞാൻ പരാജയപ്പെട്ടിരിക്കുന്നു. ആ നേരം അവന്റെ പുറത്തു കൂടി ചങ്ങല വീണു. അവൻ അതിനെതിർ പ്പൊന്നും കാണിച്ചില്ല. ചങ്ങല ഇട്ടു തീരും വരെ അങ്ങനെ തന്നെ നിന്നു. പുറത്തുകയറാൻ ആളെത്തിയ പ്പോൾ മുൻകാൽ മടക്കിക്കൊടുത്തു. മുൻകാലിലൂടെ പുറത്തുകയറിയ ആൾ ചെവിയിൽ കുടുങ്ങിക്കിടന്നിരുന്ന നെറ്റിപ്പട്ടമഴിച്ച് താഴേക്കിട്ടു.

താഴെ ഒരാൾ കാലുകളിൽ കൂച്ചു വിലങ്ങിട്ടു. മുൻ കാലുകളും കൂട്ടി ചങ്ങലയിട്ടു.

k r viswanathan , childrens novel , iemalayalam


പിൻ കാലുകളിൽ കൂർത്ത മുനകളുള്ള ഇരുമ്പുപട്ടകൾ ഇട്ടു മുറുക്കി. പട്ടകൾ മുറുകിയോ എന്നറിയാൻ ആനക്കാരിലൊരാൾ കുന്തം കൊണ്ട് ഇടിച്ചു നോക്കി. ഇരുമ്പാണികൾ മുറിവിൽ തുളഞ്ഞു കയറിയപ്പോൾ വലിയകൊമ്പൻ കൂനിപ്പോയി. അവനിൽനിന്ന് ഒരു ദീനരോദനം ഉയർന്നു. ആനക്കാരനതിഷ്ടപ്പെട്ടില്ലെന്ന് തോന്നുന്നു. അയാൾ വീണ്ടും ഇരുമ്പു പട്ടയിൽ കുന്തം കൊണ്ട് തട്ടി. ഉള്ളിൽ ഉയർന്ന കരച്ചിൽ അവനടക്കി. എന്നിട്ടും മുളകീറും പോലൊരു ശബ്ദം പുറത്തേക്കു വന്നു.

“അതിന്…” ആൾകൂട്ടത്തിൽനിന്ന് ഒരു ശബ്ദം കേട്ടു. പുഴക്കര പെട്ടെന്നു നിശബ്ദമായി. എല്ലാവരും തിരിഞ്ഞു നോക്കി. വൈദ്യരാണ്. വൈദ്യരുടെ ശബ്ദം വീണ്ടും ഉയർന്നു.

“അതിന്… ഇത്രയൊക്കെ ചെയ്യാൻ അവൻ എന്തു തെറ്റാണ് ചെയ്തത്? അവന് ഇത്രയും വിലങ്ങുകളിട്ട തെന്തിനാണ്? അവൻ തല കുനിച്ചു തന്നതിനോ? അവന്റെ കാലിൽ ഇരുമ്പു പട്ട മുറിക്കയത് എന്തിനാണ്? അവൻ കൊമ്പുകുത്തിയതിനോ? അനക്കമറ്റു നിന്നിട്ടും വീണ്ടും വീണ്ടും അവനെ ഉപദ്രവിച്ചതെന്തിനാണ്?”

”ഓഹോ” ആനക്കാരൻ മുറുമുറുത്ത് വീണ്ടും വടിയെടുത്തു.

“മുട്ടുമടക്കിയ ഒരു ജീവിയെ, ഇനി അതിനെ തൊട്ടു പോകരുത്.” അത്രയും കനപ്പെട്ട ശബ്ദം ആളുകൾ വൈദ്യരിൽനിന്ന് ആദ്യം കേൾക്കുകയാണ്.

“തൊട്ടാൽ? കനത്ത ശബ്ദം കേട്ടു. ആനയുടെ ഉടമസ്ഥനാണ്.

മറുപടി ഉണ്ടായില്ല.

“നടക്കാനേ” പുതിയ ആനക്കാരൻ പറഞ്ഞു.


വലിയ കൊമ്പൻ ഒന്നു തിരിഞ്ഞു നോക്കാൻ ശ്രമിച്ചു. പുറകിൽ അവന്റെ കൂട്ടുകാർ കൂട്ടം കൂടി നിൽക്കുന്നുണ്ട്.

കാലിൽ കെട്ടിയ ഇരുമ്പു പട്ടയിൽ അടിവീഴുന്ന ശബ്ദം കേട്ടു. അവന്റെ ദേഹം അറിയാതൊന്നു ചുരുണ്ടു കൂടി. അടുത്ത അടി കൂടി. മുൾമുനകൾ മാംസത്തിൽ ആണ്ടിറങ്ങുന്നു. അവൻ തുമ്പി ഉയർത്തി. ഒന്നലറിക്കരയാൻ തുടങ്ങിയതാണ്. വേദന കൊണ്ട് തുമ്പി താണു.

അവൻ മെല്ലെ നടന്നു. കാലുകളിലെല്ലാം ചങ്ങലകൾ തിരിച്ചും മറിച്ചൂം ബന്ധിച്ചതിനാൽ എങ്ങനെ നടക്കണമെന്നറിയാതെ അവൻ അടുത്ത അടിവെക്കാൻ സംശയിച്ചു നിന്നു.

അപ്പോൾ പുറകിൽനിന്ന് ഇരുമ്പു പട്ടയിൽ കുന്തം കൊണ്ടുള്ള കുത്തു വീണു. കാലുകൾ ചേർത്തുരച്ചുരച്ച് ഒരടി വയ്ക്കാൻ പോലും പാടു പെട്ടു.

ചെറിയ കൊമ്പൻ ആന ഉടമയുടെ നേരേ കൈ തൊഴുതു “എവിടെ വരെ വേണമെങ്കിലും ഞാൻ കൊണ്ടാക്കിത്തരാം.. അവന്റെ കാലിലെ ചങ്ങലകളഴിച്ചാൽ മതി.”

അതാരും കേട്ടില്ല.

പുഴക്കരയിൽ നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് വലിയ കൊമ്പനെ കയറ്റുന്നതിനിടയിൽ വീണ്ടും അവന്റെ ശരീരത്തിൽ നാലു പുറത്തുനിന്നും അടി വീണു. ചങ്ങലയിട്ട ശരീരം കൊണ്ട് ആനക്കാർ പറയുന്നത് അനുസരിക്കാൻ അവനു കഴിഞ്ഞില്ല.

സഹിക്കാനാവാതെ വലിയകൊമ്പൻ ഉറക്കെ അലറി വിളിച്ചു. ബന്ധിക്കപ്പെട്ട ആനയുടെ നിലവിളി പോലും അനുസരണക്കേടായേ ആനക്കാർക്കു തോന്നിയൊള്ളൂ.

വീണ്ടും അവനെ കൂട്ടം ചേർന്ന് വേദനിപ്പിക്കുന്നു. വലിയ കൊമ്പൻ നിശബ്ദനായി.

“ഇനി അവനെ ഉപദ്രവിക്കരുത്,” വൈദ്യർ തനിക്കാവുന്ന ശബ്ദത്തിൽ അലറി. ഒരു ഫലവുമുണ്ടായില്ല. വൈദ്യർ പുറകോട്ടു മാറി.

കണ്ണിൽ വെള്ളവും നിറച്ചുനിൽക്കുന്ന കുട്ടികളോടായി അയാൾ പറഞ്ഞു, “നിങ്ങൾ ചോദിക്കേണ്ട ചോദ്യം ഞാൻ ചോദിച്ചെന്നേയുള്ളൂ, നിങ്ങൾക്ക് അരുതെന്നെങ്കിലും പറയാമായിരുന്നു. ചെറുവിരലെങ്കിലും ഉയർത്താമായിരുന്നല്ലോ? നിങ്ങളെ അവൻ ഒത്തിരി പുറത്ത് കയറ്റിയിട്ടുള്ളതാണല്ലോ? ഇത്തിരി സ്നേഹമെങ്കിലും തിരിച്ചു നൽകാമായിരുന്നല്ലോ? അവൻ വേദനിച്ചു നിലവിളിച്ച നേരം അങ്ങനെ ആഗ്രഹിച്ചിട്ടുണ്ടാകില്ലേ?”

പെട്ടെന്ന് കുട്ടികളിൽ നിന്ന് നിലവിളി ഉയർന്നു. വലിയ കൊമ്പൻ ലോറിയിൽ കയറിക്കഴിഞ്ഞു. ലോറി നീട്ടിയൊരു ഹോൺ മുഴക്കി.

ലോറി മുന്നോട്ട് ചലിക്കാൻ തുടങ്ങിയപ്പോൾ വലിയകൊമ്പൻ തിരിഞ്ഞു നോക്കാൻ ശ്രമിച്ചു. മെല്ലെ തുമ്പി ഉയർത്തി. അവനാകാവുന്നിടത്തോളം. അവനാരോടാണു യാത്ര പറഞ്ഞത്? ചിലപ്പോൾ പുഴക്കരയിൽ കരഞ്ഞു നിന്ന കൂട്ടുകാരോടാകാം. തനിക്കു വേണ്ടി ഒരു വാക്കു പറഞ്ഞ വൈദ്യരോടുമാകാം. അല്ലെങ്കിൽ അകലെയുള്ള കാടിനോടുമാകാം.

കുട്ടികളുടെ നോവൽ ചങ്ങലയുടെ മറ്റ് ഭാഗങ്ങൾ ഇവിടെ വായിക്കാം

Get the latest Malayalam news and Children news here. You can also read all the Children news by following us on Twitter, Facebook and Telegram.

Web Title: Kids holiday story k r viswanathan children stories podcast audiobook audible childrens novel changala chapter 16

Next Story
വലിയ കൊമ്പൻ തിരിച്ചുവരുമോ?k r viswanathan , childrens novel , iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express