Latest News
വിദ്യാര്‍ഥിനി വെടിയേറ്റ് മരിച്ച സംഭവം: രാഖിലിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം

വലിയ കൊമ്പൻ തിരിച്ചുവരുമോ?

“ആളുകളെ കണ്ടപ്പോൾ അവനൊന്നു മുരണ്ടു. അടുത്ത നിമിഷം വലിയ കൊമ്പൻ തിരിഞ്ഞോടി. പുറകേ കടുവയും,” കെ ആർ വിശ്വനാഥൻ എഴുതിയ കുട്ടികളുടെ നോവൽ ചങ്ങലയുടെ പതിനഞ്ചാം ഭാഗം

k r viswanathan , childrens novel , iemalayalam
ചിത്രീകരണം: വിഷ്ണുറാം

വീണ്ടും രണ്ടു നാൾ കഴിഞ്ഞാണ് വലിയ കൊമ്പനെ തേടിപ്പോയ രണ്ട് സംഘങ്ങളും തിരിച്ചെത്തിയത്. ഒരു വൈകുന്നേരം. അവരെല്ലാം നന്നേ തളർന്നിട്ടുണ്ട്. അവർ കൊണ്ടുപോയിരുന്ന ഭക്ഷണം തീർന്നിരുന്നു. പോരെങ്കിൽ കാട്ടിൽ വഴി തെറ്റുകയും ചെയ്തു. എല്ലാവരും പുഴക്കരയിൽ തളർന്നിരുന്നു.

വലിയ കൊമ്പന്റെ തിരിച്ചുവരവ് കാണാൻ വന്ന എല്ലാവരും വീണ്ടും നിരാശരായി.

“കാട്ടിൽ നിങ്ങൾ വലിയകൊമ്പനെ കണ്ടോ?

തിരിച്ചെത്തിയ ആർക്കും വലിയ കൊമ്പനെക്കുറിച്ച് പറയാനുള്ള ഉത്സാഹം കണ്ടില്ല. വല്ലപാടും കുറച്ചു നേരം കിടക്കണം. നല്ലവണ്ണം വല്ലതും കഴിക്കണം. എന്നിട്ടാകാം വിശേഷങ്ങളൊക്കെ. വലിയ കൊമ്പനെ തിരിച്ചു കൊണ്ടുവരാൻ കഴിയാത്തതിൽ എല്ലാവർക്കും വിഷമമുണ്ടായിരുന്നു.

തെങ്ങിൻ തോട്ടത്തിലിരുന്നു കുട്ടിശങ്കരൻ കാട്ടിൽ പോയ വിശേഷങ്ങളെല്ലാം പറഞ്ഞു. വഴിയിൽ നെറ്റിപ്പട്ടത്തിൽനിന്നു പൊട്ടി വീണ ഗോളകൾ എടുത്തുകളിക്കുന്ന കുരങ്ങിൻ കൂട്ടത്തെ കണ്ടു.

പിറ്റേന്നു രാവിലെ പാറക്കെട്ടിനു മുകളിൽനിന്നു നോക്കിയപ്പോൾ അകലെ മുളംങ്കൂട്ടത്തിൽനിന്നു മുള ഒടിച്ചു നിൽക്കുന്ന വലിയ കൊമ്പനെ കണ്ടു. അവന്റെ നെറ്റിയിൽ അപ്പോഴും നെറ്റിപ്പട്ടം ഉണ്ടായിരുന്നു. അങ്ങനെയാണ് അത് വലിയ കൊമ്പനാണെന്നു തിരിച്ചറിഞ്ഞത്.

കഴിയുന്നത്ര വേഗം അവന്റെ അടുത്തെത്തി. വിളിച്ചു നോക്കി.

അവനൊന്നു തിരിഞ്ഞു നോക്കി. പിന്നെ നാലുകാലും പറിച്ച് ഓടി മറഞ്ഞു.എല്ലായിടത്തും ആനയുടെ കാലടിപ്പാടുകൾ ഉണ്ട്. അതുകൊണ്ട് അവനെ കൃത്യമായി പിന്തുടരാൻ കഴിഞ്ഞില്ല.

പിറ്റേന്ന് നെറ്റിപ്പട്ടത്തിൽനിന്നു കൊഴിഞ്ഞു വീണ സ്വർണഗോളക തലയിൽ വച്ചിരിക്കുന്ന ഒരു കുരങ്ങിൻ കുട്ടിയെ കണ്ടു. അവന്റെ അച്ഛനും അമ്മയും അവനെ ചേർത്തു പിടിച്ചിരുന്നു. ആ വഴി വലിയകൊമ്പൻ പോയിട്ടുണ്ടെന്ന് അങ്ങനെയാണറിഞ്ഞത്.

വീണ്ടും അവനെ തോട്ടിൻ കരയിൽവച്ചു കണ്ടു. അപ്പോഴും വലിയ കൊമ്പന്റെ അടുത്തേക്കു ചെല്ലാൻ കഴിഞ്ഞില്ല. ആ നേരം അവന്റെ ഒപ്പം ഒരു കടുവയുമുണ്ടായിരുന്നു. കടുവ തോടിനു തീരത്തെ പാറക്കെട്ടിനു മുകളിൽ ഇരിക്കുകയായിരുന്നു. അവൻ താഴേയും.

k r viswanathan , childrens novel , iemalayalam


ആളുകളെ കണ്ടപ്പോൾ അവനൊന്നു മുരണ്ടു. അടുത്ത നിമിഷം വലിയകൊമ്പൻ തിരിഞ്ഞോടി. പുറകേ കടുവയും.

“ ഏതായാലും കാട്ടാനക്കൂട്ടം അവനെ ഇതുവരെ ഉപദ്രവിച്ചിട്ടില്ല.” കുട്ടിശങ്കരൻ ആശ്വാസം കൊണ്ടു.

“നന്നായി,” അശ്വതിക്കുട്ടി പറഞ്ഞു. “ വലിയ കൊമ്പനെ ആർക്കാണ് ഉപദ്രവിക്കാൻ കഴിയുക? അവൻ തല ഉയർത്തിപ്പിടിച്ച് അങ്ങനെ നിന്നാൽ ആരാണു പേടിക്കാത്തത്?”

“അതൊക്കെ നാട്ടിൽ,” കുട്ടിശങ്കരൻ പറഞ്ഞു. “ നാട്ടാനയെ കാട്ടാനകൾ കൂട്ടം ചേർന്ന് ആക്രമിക്കും. ചുറ്റും നിന്ന് കുത്തിക്കുത്തി മറിക്കും.” ഒപ്പമുണ്ടായിരുന്നവർ അങ്ങനെയാണ് പറഞ്ഞത്. എന്തോ ഭാഗ്യം കൊണ്ടാണ് ഇതുവരെ ഒന്നും പറ്റാതെ നിൽക്കുന്നത്.”

“ഇല്ല, നമ്മടെ കൊമ്പനെ ആർക്കും തോൽപ്പിക്കാൻ കഴിയില്ല. കണ്ടിട്ടില്ലേ അവന്റെ സൂചി പോലെ കൂർത്ത കൊമ്പുകൾ.” കുട്ടിശങ്കരൻ പറഞ്ഞു.

രണ്ട്, മൂന്ന് ആനക്കൂട്ടത്തെയെങ്കിലും ഞങ്ങൾ കണ്ടു. അവയിലുണ്ടായിരുന്ന കൊമ്പനാനകളുടെ കൊമ്പുകൾ വലിയ കൊമ്പന്റെ കൊമ്പുകളേക്കാൾ വലുതാണ്. മൂന്നാലു കൊമ്പന്മാർ ഒരുമിച്ചു വന്നാൽ വലിയ കൊമ്പൻ എന്തു ചെയ്യാനാണ്?”

“അപ്പോൾ?” ഒരാൾ സങ്കടപ്പെട്ടു.

“മിക്കവാറും അങ്ങനെയൊക്കെ ആവാനാണ് സാധ്യതയെന്നാണ് കൂട്ടത്തിലുള്ളവർ പറഞ്ഞത്,” കുട്ടിശങ്കരൻ നിരാശനായി.

“ഇനി ഒരിക്കൽ കൂടി വലിയ കൊമ്പനെ തേടി പോകും. പക്ഷേ വലിയ കൊമ്പൻ പഴയ പടി തിരിച്ചു വരുമെന്ന് ഒരു പ്രതീക്ഷയുമില്ല. നമ്മളൊക്കെ അവന്റെ കാര്യം മറക്കുകയാണു നല്ലത്. ഇനി ആരും അവന്റെ പുറത്തുകയറാമെന്നും വിചാരിക്കേണ്ട,” തെല്ലുനേരം കഴിഞ്ഞ് കുട്ടിശങ്കരൻ പറഞ്ഞു.

“നോക്കിക്കോ,” അശ്വതിക്കുട്ടി പറഞ്ഞു.” അടുത്ത തവണത്തെ പോക്കിൽ തീർച്ചയായും വലിയകൊമ്പൻ വരും.. വലിയകൊമ്പൻ തിരിച്ചു വരുന്നത് ഞാൻ സ്വപ്നം കണ്ടു. അപ്പോഴും അവൻ നെറ്റിപ്പട്ടം കെട്ടിയിട്ടു ണ്ടായിരുന്നു.”

നമ്മടെ വൈദ്യർ മനോഹരമായ ഒരു സ്വപ്നം പറഞ്ഞു, നമ്മടെ വലിയകൊമ്പൻ പിടിയാനയോടൊപ്പം തിരിച്ചുവരുന്നത്. നാണം കുണുങ്ങുന്ന പിടിയാനയുടെ തുമ്പി പിടിച്ച്. ഏതായാലും ഓർത്തോർത്ത് രസിക്കാൻ പറ്റിയ സ്വപ്നമായിരുന്നു അത്.”

കുട്ടിശങ്കരൻ ചിരിച്ചു. “അങ്ങനെയൊന്നും ഉണ്ടാകില്ല. ഒറപ്പാണ്.”

k r viswanathan , childrens novel , iemalayalam


എന്തിനാണിനി കാട്ടിലേക്കു പോകുന്നതെന്നറിയാമോ? ആനയുടെ ഉടമസ്ഥൻ എന്താണ് പറഞ്ഞതെന്ന് കേൾക്കണോ? ഇനി ചെല്ലുമ്പോഴേക്കും ചിലപ്പോൾ കാട്ടാനക്കൂട്ടം അവനെ കുത്തിമലർത്തിയിട്ടുണ്ടാ കും. എങ്കിൽ അവന്റെ കൊമ്പെടുക്കണം, നഖങ്ങളെടുക്കണം, അങ്ങനെയാണയാൾ പറഞ്ഞത്.
ഇനി ജീവനോടെ കണ്ടാലും തിരിച്ചു കൊണ്ടുവരാൻ കഴിഞ്ഞില്ലെങ്കിൽ വെടിവച്ചുകൊല്ലും. അല്ലെങ്കി ൽ വേറാരെങ്കിലും അവന്റെ കൊമ്പുകൾ കൈവശപ്പെടുത്തും. അതിനുമുമ്പ്, കാടു കയറിയ നാട്ടാനയെ വെടിവയ്ക്കാൻ എളുപ്പമാണ്.

ആനയുടമയ്ക്ക് വലിയ കൊമ്പനോട് ദേഷ്യമാണ്. ഒരിക്കൽ കാടുകയറിയ ആന വീണ്ടും തരം കിട്ടിയാൽ വീണ്ടും കാടുകയറും. കാട് അവന്റെ മനസിൽനിന്നു മാറുകയേയില്ല.

കുട്ടിശങ്കരൻ പറഞ്ഞു. “വലിയ കൊമ്പനോട് ദേഷ്യം തോന്നിയിട്ട് കാര്യമൊന്നുമില്ല. കാട്ടിലൂടെ അങ്ങനെ നടക്കുമ്പോൾ ആർക്കും മടങ്ങിപ്പോരണമെന്നൊന്നും തോന്നിയില്ല. കരുതിയിരുന്ന ഭക്ഷണ സാധനങ്ങൾ തീർന്നപ്പോഴാണ് തിരിച്ചുപോരണമെന്ന് തോന്നിയത്. കാട്ടിൽ എല്ലാവരും സന്തോഷത്തി ലായിരുന്നു.”

കാട് അങ്ങനെയാണ്, എല്ലാവരേയും ചേർത്തു പിടിക്കും. കാടിന് എല്ലാവരും പ്രിയപ്പെട്ടവരാണ്.
“എനിക്ക് ഇനിയും കാട് കാണാൻ പോകണമെന്നുണ്ട്. പിന്നെ വലിയ കൊമ്പന്റെ കാര്യം പറയാനുണ്ടോ? ജനിച്ചിടത്തേക്ക് തിരിച്ചു പോകാൻ ആരാണ് ആഗ്രഹിക്കാത്തത്? കുട്ടിശങ്കരൻ പറഞ്ഞു. “കാട്ടാനക്കൂട്ടം ഉപദ്രവിക്കില്ലെങ്കിൽ അവൻ കാട്ടിൽ തന്നെ കഴിഞ്ഞോട്ടെ എന്നാണന്റെ ആഗ്രഹം.”

അതെ, ഇടയ്ക്ക് ഒക്കെ നമ്മളെ കാണാൻ വരണമെന്നേയുള്ളു.

വല്ലപ്പോഴും, പുഴക്കക്കരെ വന്നുനിന്ന് തുമ്പി ഒന്നുയർത്തിയാൽ മതി.

കുട്ടികളുടെ നോവൽ ചങ്ങലയുടെ മറ്റ് ഭാഗങ്ങൾ ഇവിടെ വായിക്കാം

Get the latest Malayalam news and Children news here. You can also read all the Children news by following us on Twitter, Facebook and Telegram.

Web Title: Kids holiday story k r viswanathan children stories podcast audiobook audible childrens novel changala chapter 15

Next Story
വലിയ കൊമ്പന് എന്ത് സംഭവിച്ചു?
The moderation of comments is automated and not cleared manually by malayalam.indianexpress.com