Latest News

വലിയ കൊമ്പന് എന്ത് സംഭവിച്ചു?

“രാജകീയമായി നടന്ന അവൻ ഒരു മുളംകൊമ്പിൽ ചലനമറ്റ് തൂങ്ങിക്കിടക്കുന്നത് കണ്ടപ്പോൾ മനസിലൊരു പ്രയാസം.” കെ ആർ വിശ്വാനാഥൻ എഴുതിയ കുട്ടികളുടെ നോവൽ ചങ്ങലയുടെ പതിനാലാം ഭാഗം

ചിത്രീകരണം: വിഷ്ണുറാം

പുഴക്കരയിൽ ആളുകൾ കൂടിയിട്ടുണ്ട്.

കാടുകയറിപ്പോയ വലിയ കൊമ്പനെ തേടിപ്പോയവർ തിരിച്ചുവരുന്നെന്ന് വിവരം കിട്ടിയിട്ടുണ്ട്.
വലിയ കൊമ്പനെ തേടി രണ്ട് സംഘങ്ങൾ കാട്ടിലേക്ക് പോയിട്ടുണ്ട്. പേരെടുത്ത ആനക്കാർ, കാടറിയാവുന്നവർ, ചെറിയകൊമ്പൻ എന്നിങ്ങനെ പത്തിരുപതുപേർ. കുട്ടിശങ്കരനെയും ഒപ്പം കൂട്ടിയിട്ടുണ്ട്. അവൻ വിളിച്ചാൽ വലിയ കൊമ്പൻ വരാതിരിക്കില്ലെന്ന് പറഞ്ഞത് ചെറിയ കൊമ്പനാണ്. അവർ പോയിട്ട് അഞ്ചോ ആറോ ദിവസം കഴിഞ്ഞു.

ഇന്നു വരും നാളെ വരുമെന്നു കരുതി നാട്ടുകാരൊക്കെയും കാത്തിരുന്ന് അക്ഷമരായി. പക്ഷേ പോയ വരെക്കുറിച്ച് ഒരു വിവരവും കിട്ടിയില്ല. കാട്ടിലേക്കു പോയ ആരുമായും ഇതുവരെ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല. കാടിറങ്ങി വന്ന ഫോറസ്റ്റുകാരിൽനിന്നു പുതിയ വിവരമൊന്നും കിട്ടിയില്ല.

എന്നാലും നാടാകെ വാർത്ത പരന്നു. ഇന്ന് വലിയ കൊമ്പൻ തിരിച്ചെത്തും.

കടുവ തട്ടി മറിഞ്ഞു വീണശേഷം മൗനിയായിപ്പോയ വൈദ്യർ വളരെ നാൾ കൂടി വായ തുറന്നത് വലിയ കൊമ്പനെക്കുറിച്ചു പറയാനായിരുന്നു. കഴിഞ്ഞ ദിവസം അയാളുടെ കടയിൽ മരുന്നു വാങ്ങാൻ വന്നവരോടാണ് പറഞ്ഞത്.

“നോക്കിക്കോ ഒന്നുകിൽ വലിയ കൊമ്പൻ രാജാവായിട്ട് എഴുന്നള്ളും. അല്ലെങ്കിൽ മുറിവേറ്റ ഒരു യാചകനെ പോലെ തിരിച്ചു വരും. അതെനിക്കൊറപ്പാ.”

രാജാവായിട്ടു വരുന്നതെങ്ങനെയെന്ന് ആദ്യം വൈദ്യർ വിശദീകരിച്ചു: ”നോക്കിക്കോ, ഇന്നല്ലേൽ നാളെ, അല്ലെങ്കിൽ നാളത്തെ കഴിഞ്ഞ് വലിയ കൊമ്പൻ തിരിച്ചു വരും. അവന്റെ ഒപ്പം ഒരു പെണ്ണാനേം കാണും. ഒറപ്പാ. അവൻ നെറ്റിപ്പട്ടോം കെട്ടി കാടുകയറിയത് പിന്നെന്തിനാ? നെറ്റിപ്പട്ടം കെട്ടിയ കൊമ്പനെ കണ്ടാൽ ഏതു പിടിയാനയാണ് അവനൊപ്പം പോരാൻ മടിക്കുന്നത്?”

അതുകേട്ടവർ തെല്ലുനേരം മനോഹര സ്വപ്നത്തിൽ മയങ്ങി. നെട്ടിപ്പട്ടം കെട്ടിയ ആനയോടൊപ്പം തുമ്പികോർത്ത് നാണം കുണുങ്ങി വരുന്ന ഒരു പിടിയാന. മനോഹരമായ ഒരു കാഴ്ചയായിരിക്കും അത്, “ഹേയ്” ആരോ എതിരു പറയാനൊരുങ്ങി.

“അങ്ങനേം സംഭവിക്കും. ഐതീഹ്യമാലയിൽ അങ്ങനെ ഒരു കഥയുണ്ട്.” ആ കഥ പറയാൻ വൈദ്യർ ഒരുങ്ങിയില്ല.

“അല്ലെങ്കിൽ ഒരു ഭിക്ഷക്കാരനെ പോലെ” വൈദ്യർ അതും വിശദീകരിച്ചു.

”കാട്ടാനകൾ വലിയ കൊമ്പനെ കൂട്ടത്തിൽ കൂട്ടില്ല. നാട്ടിൽനിന്നു ചെല്ലുന്ന ആനകളെ കൂട്ടം ചേർന്നു കുത്തിയോടിക്കും. വലിയ കൊമ്പന്റെ വമ്പൊന്നും കാട്ടിൽ ചെലവാകില്ല. ആനക്കൂട്ടം നാലുപാട് നിന്നും പാഞ്ഞു വന്നാൽ വലിയകൊമ്പൻ പാഞ്ഞ വഴി കാണില്ല. അങ്ങനെ അവൻ ഒരു ഭിക്ഷക്കാര നെപ്പോലെ കാടിറങ്ങി വരും.”

വൈദ്യർ ഉറപ്പിച്ചു പറഞ്ഞു.” രണ്ടിലൊന്ന് ഒറപ്പാ”

എങ്ങനെയായിരിക്കും വലിയകൊമ്പൻ തിരിച്ചെത്തുക?

രാജാവായിട്ടോ? അതോ യാചകനായിട്ടോ?

എല്ലാവരും കാത്തിരിക്കുകയാണ്.

“ഒരു സാധ്യത കൂടിയുണ്ട്,” തെല്ലുനേരം കഴിഞ്ഞ് വൈദ്യർ പറഞ്ഞു. “ വലിയകൊമ്പൻ കാടുകയറിയ വാർത്ത നാട്ടിലെങ്ങും പാട്ടായല്ലോ? അതുകേട്ട് നാട്ടിലെ വീരപ്പമ്മാര് തോക്കുമായി കാടുകയറി ക്കാണും. വല്യ കൊമ്പാണല്ലോ അവന്. ചെലപ്പോ നമ്മടെ വലിയകൊമ്പന്റെ കൊമ്പ് ഇപ്പോ എത്തേണ്ടിടത്ത് എത്തിക്കാണും. കുറച്ചുകാലം കഴിയുമ്പോൾ അതു ദൈവങ്ങളായി നമ്മടെ അടുത്തേക്ക് വരും. ഇനി അവനെ അങ്ങനെ കാണാനാവും നമ്മടെയൊക്കെ യോഗം.”
അതുകേട്ട് എല്ലാവരും വേദനിച്ചു.

“ഇനിയും ഒരു സാധ്യത കൂടിയുണ്ട്.” വൈദ്യർ മറ്റൊരു കാര്യം കുടെ കാണുന്നുണ്ട്. കാട്ടിൽ അവൻ എല്ലാവരെയും യുദ്ധത്തിൽ തറപറ്റിച്ച് രാജരാജനായി വിലസിയെന്നും വരാം. ഒറ്റയാനായി. കാടിനെ വിറപ്പിച്ചു കൊണ്ട്.”

വൈദ്യർ പറഞ്ഞു, ”അവളെ പേടിച്ചാരും വഴി നടപ്പീല എന്നു വായിച്ചിട്ടില്ലേ, അതു പോലെ.”

ആനക്കഥയും അതിലുപരി വലിയ കൊമ്പന്റെ കഥയും ആയതിനാലാകാം വൈദ്യരുടെ കഥകളിൽ ഒരു ചോദ്യവുമുണ്ടായില്ല. കേട്ടുനിന്നവരെല്ലാം തലകുലുക്കിയതേയുള്ളു. അവർ ഇനിയും വൈദ്യർ മറ്റൊരു സാധ്യത കണ്ടെത്താൻ കാത്തുനിൽക്കുകയാണ്. നേരം സന്ധ്യയും കഴിഞ്ഞു.
വൈദ്യർ പറഞ്ഞു. ഇനി കാത്തിരുന്നിട്ടു കാര്യമില്ല. എല്ലാവരും മടങ്ങുകയാണു നല്ലത്. കടുവ നമ്മുടെ നാട്ടിൽനിന്നു പോയിട്ടില്ലെന്ന് ആരും ഉറപ്പിച്ചു പറഞ്ഞിട്ടില്ലെന്ന് ഓർമ വേണം. ആ ഓർമയിൽ ചിലരെല്ലാം പുഴക്കര വിട്ടു.

ഇരുട്ടു പരക്കുന്നു.

അക്കരെ ഒരു വെട്ടം തെളിഞ്ഞു. അടുത്ത നിമിഷം തീപ്പന്തങ്ങളുടെ എണ്ണം കൂടി. പുഴയിൽ തീപ്പന്തങ്ങൾ ഇളകിയാടി. ഒട്ടു കഴിഞ്ഞപ്പോൾ തീപ്പന്തങ്ങൾ പുഴയിലേക്കിറങ്ങി. എല്ലാവരും വെട്ടത്തിലേക്ക് ഉറ്റു നോക്കി. അതിൽ വലിയകൊമ്പന്റെ കറുപ്പ് തെളിയുന്നുണ്ടോ?

വൈദ്യർ പറഞ്ഞു. ”വലിയകൊമ്പനില്ലാന്ന് ഉറപ്പാണ്. കൊമ്പനായിരുന്നെങ്കിൽ നെറ്റിപ്പട്ടം തിളങ്ങി യേനേ.”

തീ വെട്ടത്തിൽ നെറ്റിപ്പട്ടം തിളങ്ങുന്നില്ല.

വലിയകൊമ്പൻ എത്രയോ മുമ്പേ നെറ്റിപ്പട്ടം വലിച്ചുപറിച്ച് എറിഞ്ഞിട്ടുണ്ടാകും.

ശരിയായിരിക്കും. ആനകൾക്ക് നെറ്റിപ്പട്ടം പോലും ഭാരമാണ്. അതൊന്നും നമുക്ക് മനസിലാകുന്നില്ലന്നേയുള്ളു.

മെല്ലെ മെല്ലെ പുഴയിലെ വെട്ടങ്ങൾ അണഞ്ഞു. ഇപ്പോൾ നാട്ടുവെളിച്ചത്തിന്റെ നിഴൽ മാത്രം പുഴയ്ക്ക് മുകളിൽ പരന്നു കാണാം. എല്ലാം നിശബ്ദമാണ്. ഒരു ശബ്ദവും പുഴ കടന്നു വരുന്നില്ല. ഇടയ്ക്ക് ഒരു ടോർച്ചിൽ നിന്നുള്ള പ്രകാശം മാത്രം തെളിയുന്നുണ്ട്.

ആരോ ഇരുട്ടിലേക്ക് സൂക്ഷിച്ചു നോക്കി പറഞ്ഞു.

“ഇരുട്ടിൽ വഴി തെറ്റിയെന്നു തോന്നുന്നു”

പുഴയുടെ നടുവിൽ നിന്ന്, ഇടയ്ക്കൊന്നു മിന്നിയ ടോർച്ചിന്റെ വെട്ടം വലത്തോട്ടു തിരിഞ്ഞുപോകുന്നു.

ഇപ്പോൾ അതിന് വേഗവും കൂടിയിട്ടുണ്ട്. “ഈ കടവിൽ കേറണ്ടന്ന് വലിയ കൊമ്പന് തോന്നിക്കാണും, എന്നും അവൻ അങ്ങനായായിരുന്നല്ലോ. നിരീച്ചേടത്ത് അവൻ കയറാറില്ലല്ലോ?

എല്ലാവരും പുഴയിൽ ഇടയ്ക്കിടെ തെളിയുന്ന ടോർച്ചു വെട്ടത്തെ നോക്കി പുഴക്കരയിലൂടെ നടന്നു.

തൊട്ടപ്പുറത്ത് മറ്റൊരു കടവുണ്ട്. അവിടെ കയറാനായിരിക്കും വലിയകൊമ്പൻ നിശ്ചയിച്ചിരിക്കുന്നത്. അവനതു പരിചയമുള്ള കടവാണ്. ഇവിടെ മുങ്ങിയാൽ അവനവിടെയാണ് പൊങ്ങാറുള്ളത്. ആൾക്കൂട്ടം കടവിൽ എത്തിയപ്പോഴേക്കും വെട്ടവും അവിടെയെത്തി.

അതൊരു വള്ളമായിരുന്നു. അതിൽ കുറച്ച് ആളുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു. വള്ളത്തിലെ കാഴ്ചകൾ ഒന്നും വ്യക്തമായില്ല.

എല്ലാവരും നിരാശരായി. വലിയകൊമ്പന് എന്തു പറ്റി?


വൈദ്യർ കരയും പോലെ പറഞ്ഞു. “ വള്ളത്തിൽ വലിയ കൊമ്പന്റെ കൊമ്പുകളാണെന്ന് തോന്നുന്നല്ലോ?”

ആദ്യം വള്ളത്തിൽ നിന്നുമിറങ്ങിയവർ ഒന്നും മിണ്ടാതെ മുന്നോട്ടു നടന്നു. പിന്നീടിറങ്ങിയവർ വള്ളത്തിൽ നിന്നും വലിയൊരു ഭാരം ചുമലിലേക്കേറ്റി നടന്നു. പുഴക്കരയിൽ കിടന്ന ജീപ്പിന്റെ ലൈറ്റുകൾ തെളിഞ്ഞു.

കാലുകൾ പരസ്പരം കൂട്ടിക്കെട്ടിയ ഒരു കടുവ ചുമട്ടുകാരുടെ ചുമലിൽ വെച്ചിരുന്ന മുളയിൽ തലകീഴായി തൂങ്ങിക്കിടക്കുന്നത് വെളിച്ചത്തിൽ എല്ലാവരും കണ്ടു. തൂങ്ങിക്കിടന്നിരുന്ന വാൽ മണ്ണിൽ മുട്ടുന്നുണ്ടായിരുന്നു. അവനിൽ നിന്നും ചോര ഇറ്റിറ്റു വീഴുന്നുണ്ട്. എന്തോ പാതി പറഞ്ഞതു നിർത്തിയതു പോലെ അതിന്റെ വായ് തുറന്നിരുന്നു. അല്ലെങ്കിൽ എന്തോ പറയാനൊരുങ്ങിയതു പോലെ. ഒടിഞ്ഞു വീണതു പോലുള്ള അവന്റെ തല ചുമട്ടുകാരുടെ നടത്തത്തിനൊപ്പം ഇളകി.
മുകളിൽ നിന്നും പുഴക്കരയിലേക്ക് ഒരു ലോറി ഇറങ്ങി വന്നു. അതിലുണ്ടായിരുന്ന കൂട്ടിലേക്ക് കടുവയെ വലിച്ചു കയറ്റി, മുള വലിച്ചെടുത്ത് കൂടിന്റെ വാതിലടച്ചു.

ലോറി തിടുക്കത്തിൽ പുഴക്കര വിട്ടു.

ജീപ്പിലുണ്ടായിരുന്ന ഫോറസ്റ്റ് ഓഫീസർ പറഞ്ഞു, “ഇനി അതിന്റെ ഉപദ്രവം നമുക്കുണ്ടാകില്ലെന്ന് കരുതാം. ഇന്നുച്ചകഴിഞ്ഞാ ആദ്യത്തെ മയക്കു വെടിവച്ചത്.”

ആദ്യ വെടികൊണ്ട് അവൻ കുറച്ചോടി, വല്ലാത്ത പരാക്രമമായിരുന്നു. രണ്ടാമത്തെ വെടിക്കാണ് അവനൊന്നടങ്ങിയത്. ഇനി അങ്ങ് ദൂരെ എവിടെയെങ്കിലും കാട്ടിൽ കൊണ്ടു പോയി വിടാനാണ് തീരുമാനം. ഇനി ഒരിക്കലും അവന് തിരിച്ചുവരാൻ പറ്റാത്ത ഒരിടത്തേക്ക്.

വൈദ്യർ ഒന്നും പറയാതെ നിൽക്കുന്നതു കണ്ട് ഫോറസ്റ്റ് ഓഫീസർ ചോദിച്ചു, “ എന്താ വൈദ്യരേ കടുവയെക്കുറിച്ച് പുതിയ കഥയൊന്നും ചുട്ടെടുത്തില്ലേ. ആനക്കഥകൾ മാത്രം പോരല്ലോ?”

വൈദ്യർ മെല്ലെ പറഞ്ഞു. “രാജകീയമായി നടന്ന അവൻ ഒരു മുളംകൊമ്പിൽചലനമറ്റു തൂങ്ങിക്കിടക്കുന്നത് കണ്ടപ്പോൾ മനസിലൊരു പ്രയാസം. അവൻ തല ഉയർത്തിപ്പിച്ചിച്ച് പോകുന്നത് ഞാനെത്രയോ തവണ കണ്ടിട്ടുണ്ട്. ഭയമുണ്ടായിരുന്നെങ്കിലും ആ നടപ്പ് എത്ര കണ്ടാലും മതിയാകുമായിരുന്നില്ല.”

വൈദ്യർക്കുണ്ടായ പ്രയാസം എല്ലാവർക്കുമുണ്ടായിരുന്നു. കടുവയെ കൊണ്ടുപോയത് നന്നായി. എന്നാലും ആ തൂങ്ങിക്കിടപ്പ് എല്ലാവരുടേയും ഉള്ളിൽ തട്ടി. ഇത്രയും കാലത്തിനിടയിൽ ഉറച്ച കാൽ വയ്പുകളോടെ നാട്ടിലൂടെ നടന്നുപോകുന്ന കടുവയെ കണ്ടവർ എത്രയുമുണ്ട്, നാട്ടിൽ,
ഇപ്പോൾ, ഒരു മുളങ്കൊമ്പിൽ, കാലുകൾ കൂട്ടിക്കെട്ടി, താഴേക്കുകുഴഞ്ഞു വീണ ശിരസുമായി,
മനസിൽനിന്ന് അത് പെട്ടെന്നൊന്നും പോകില്ല.

കുട്ടികളുടെ നോവൽ ചങ്ങലയുടെ മറ്റ് ഭാഗങ്ങൾ ഇവിടെ വായിക്കാം

Get the latest Malayalam news and Children news here. You can also read all the Children news by following us on Twitter, Facebook and Telegram.

Web Title: Kids holiday story k r viswanathan children stories podcast audiobook audible childrens novel changala chapter 14

Next Story
കാട് കയറിയ ആനയും നാട്ടിലേക്കിറങ്ങിയ കടുവയുംk r viswanathan , childrens novel , iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com