Latest News
രാജ്യത്ത് 44,230 പേർക്ക് കോവിഡ്; 555 മരണം
ഹർഡിൽസിൽ ജാബിർ പുറത്ത്; ബോക്സിങ്ങിൽ മെഡലുറപ്പിച്ച് ലവ്ലിന ബോർഗോഹൈൻ
അമ്പെയ്ത്തിൽ ദീപിക കുമാരി ക്വാർട്ടറിൽ; സ്റ്റീപ്പിൾ ചേസിൽ ദേശിയ റെക്കോഡ് തിരുത്തി അവിനാശ് സാബ്ലെ

കാട് കയറിയ ആനയും നാട്ടിലേക്കിറങ്ങിയ കടുവയും

“കടുവ പന്തെടുത്തു കൊടുത്തു പോലും. ചിരിച്ചു പോലും. കടുവ അവരോടൊത്ത് ക്രിക്കറ്റ് കളിച്ചു പോലും. ആദ്യത്തെ പന്തു തന്നെ വേലിക്കപ്പുറ ത്തേക്ക് അടിച്ചുപോലും,” കെ ആർ വിശ്വനാഥൻ എഴുതിയ കുട്ടികളുടെ നോവൽ ചങ്ങലയുടെ പതിമൂന്നാം ഭാഗം

k r viswanathan , childrens novel , iemalayalam
ചിത്രീകരണം: വിഷ്ണുറാം

വലിയകൊമ്പനെ തെങ്ങിൽ ചേർത്ത് തളച്ചു. ഫോറസ്റ്റ് ഓഫീസർ പറഞ്ഞതുപോലെ കൂച്ചു വിലങ്ങുമിട്ടു. ഇടച്ചങ്ങലയുമിട്ടു.

ഇനി പിള്ളേരുകളിയൊന്നും വേണ്ട. ആനസ്കൂൾ അടച്ചുപൂട്ടിയിരിക്കുന്നു.

ചെറിയ കൊമ്പൻ തലയാട്ടി. അവൻ എന്തു വികൃതിയാണ് കാട്ടിയതെന്ന് ചോദിക്കണമെന്നുണ്ടായിരുന്നു ചെറിയ കൊമ്പന്. എന്നാൽ കുട്ടിശങ്കരൻ അതു ചോദിക്കുകയും ചെയ്തു.

ഫോറസ്റ്റ് ഓഫീസർ പറഞ്ഞു. “ഇവടെ കുട്ടികളുടെ രക്ഷിതാക്കൾ പരാതി തന്നിട്ടുണ്ട്. അവർക്ക് ആനയിൽനിന്നു സംരക്ഷണം കൊടുക്കണംന്ന്.”

ചെറിയ കൊമ്പൻ കൈകൂപ്പി. “അവൻ പിള്ളേരടെ ഒപ്പം കൂടുമ്പോൾ അവൻ അവരേക്കാൾ ചെറിയകുട്ടിയായി മാറുന്നു. എന്തു ചെയ്യാനാണ്. “

ഫോറസ്റ്റ് ഓഫീസർ കടുപ്പിച്ചു പറഞ്ഞു.” അതിനാണ് ഭ്രാന്തെന്നു പറയുന്നത്.”

നേരം ഇരുട്ടിത്തുടങ്ങിയാൽ ചെറിയ കൊമ്പനോ കുട്ടിശങ്കരനോ ചെന്ന് ചങ്ങലകൾ അഴിക്കും. നീ കൊറച്ചു നേരം നടന്നോ വലിയ കൊമ്പാ… രണ്ടു പേരും ചങ്ങലകളില്ലാതെ നടക്കാൻ അനുവദിക്കും. ഇപ്പോൾ വലിയ കൊമ്പന് അതിലൊന്നും വലിയ താൽപ്പര്യമില്ല. കൂച്ചു വിലങ്ങിട്ടാലും ഇല്ലെങ്കിലും ഒരുപോലെ. അവനതും കാര്യമാക്കുന്നില്ല.

വലിയ കൊമ്പൻ മറ്റൊരു ലോകത്താണ്.

അവനിപ്പോൾ ഏതു നേരവും കാട്ടിലാണ്. മുളങ്കൂട്ടങ്ങൾ ഒടിച്ചുതകർത്ത്…തിന്ന്…. കുട്ടിയാനകൾക്ക് പങ്കുവച്ച്… മഴ കൊണ്ട്… നിലാവിൽ പുഴയിൽ മുങ്ങിക്കിടന്ന്… ചെളിയിൽ കുത്തിമറിഞ്ഞ്.. മേലാകെ മണ്ണുവാരിയെറിഞ്ഞ്…

കാട്ടിൽ തീറ്റ കഴിഞ്ഞാൽ ആനകൾ എന്തു ചെയ്യും? അവരുടെ വിനോദമെന്താണ്?

ചോദ്യം കേട്ട് കടുവ ചിരിച്ചു. കാട്ടിൽ ജീവിക്കുന്നതു തന്നെ ഏറ്റവും വലിയ വിനോദം. കാട്ടിൽ ജീവിക്കുന്നതിനെക്കുറിച്ച് സ്വപ്നം കാണുന്നതു പോലും നിനക്കിപ്പോൾ ഒരു വിനോദമല്ലേ?

വലിയ കൊമ്പൻ തലകുലുക്കി. ഒരിക്കൽ താൻ കണ്ട സ്വപ്നം വലിയ കൊമ്പന്റെ ഓർമയിലെത്തി. നിറഞ്ഞുകിടക്കുന്ന ചെളിയിൽ കൂട്ടുകാരോടൊത്ത് കെട്ടുപിണഞ്ഞ് ചാടി തലകുത്തി മറിഞ്ഞ്.
അത് മനസിൽ കിടന്നതു കൊണ്ടായിരിക്കണം, മറ്റൊന്നും ആലോചിക്കാതെ പാടത്തിലെ ചെളിയിലേക്കിറങ്ങി കെട്ടിമറിഞ്ഞു മദിച്ചു.

ആളുകൾക്ക് അതൊരു നല്ല കാഴ്ചയായിരുന്നു.

എഴുന്നള്ളത്തിന് വേണ്ടി കുളിപ്പിച്ചു നിർത്തിയ ആനയാണെന്ന കാര്യം മറന്നു. നെറ്റിപ്പട്ടം കെട്ടാനുള്ള സമയമായെന്ന് ഓർത്തുമില്ല.

k r viswanathan , childrens novel , iemalayalam


ഇപ്പോഴും നല്ല ഓർമ്മയുണ്ട്. അന്നായിരുന്നു ചെറിയകൊമ്പൻആദ്യമായി തല്ലിയത്. എന്നാലും സാരമില്ല. അന്ന് എഴുന്നള്ളത്തു കഴിയും വരെ തൊട്ടും തലോടിയും നിന്നു. ചെറിയ കൊമ്പനും വിഷമമായിട്ടുണ്ടാ വും.

എഴുന്നള്ളത്ത് കഴിഞ്ഞ് നെറ്റിപ്പട്ടം അഴിച്ച് ചെറിയകൊമ്പൻ പാടത്തേക്കു കൊണ്ടുപോയി. നിലാവിൽ കറുത്ത ചെളി തിളങ്ങുന്നു.

“നീ നിന്റെ ഇഷ്ടം പോലെ കെട്ടിമറിഞ്ഞോ മോനേ, നിനക്ക് മതിയാകും വരെ, നേരം വെളുക്കും വരെ, ഞാൻ നിന്നെ കഴുകിക്കുളിപ്പിച്ചെടുത്തോളാം.”

ചെളിയിലേക്കിറങ്ങിയതാണ്. പെട്ടെന്നു തന്നെ തിരിച്ചുകയറി.

നിനക്കു ചെളിയിൽ കളിക്കേണ്ടേ മോനേ?

കടുവ പറഞ്ഞ സ്വാതന്ത്ര്യത്തിന്റെ അർഥം ഇപ്പോൾ മനസിലാകുന്നു, മറ്റൊന്നിന്റെ സൗകര്യത്തിനനു സരിച്ച്, ഔദാര്യത്തിനനുസരിച്ച് കിട്ടുന്ന സ്വാതന്ത്ര്യത്തിന് ഒരു രസവുമില്ല. തനിക്ക് തോന്നുന്ന നേരങ്ങ ളിൽ ഒരു നെറ്റിപ്പട്ടം പോലും എങ്ങും കാത്തിരിക്കാനുണ്ടാകരുത്.

ഏതായാലും വലിയ കൊമ്പന് ഏറെ ദിവസം കൂച്ചുവിലങ്ങിൽ നിൽക്കേണ്ടി വന്നില്ല.

നാട്ടിലെ പൗരാവലി മന്ത്രിക്ക് സ്വീകരണം കൊടുക്കുന്നു. സ്വീകരണത്തിന് നെറ്റിപ്പട്ടം കെട്ടിയ ആനയുണ്ടായാൽ നന്നായെന്ന് ആദ്യം പറഞ്ഞത് മന്ത്രി തന്നെ. അതും വെറും ആന പോരാ. നെറ്റിപ്പട്ടം കെട്ടിയ ആന തന്നെ വേണം. കൊമ്പുനീണ്ട കൊമ്പൻ തന്നെ വേണം.

വലിയ കൊമ്പന്റെ കാര്യം അറിഞ്ഞപ്പോൾ മന്ത്രി തീർത്തു പറഞ്ഞു. എന്നാൽ വലിയകൊമ്പൻ തന്നെ വേണം. ആർക്ക് വേണമെങ്കിലും മാലയിടാം. പക്ഷേ ഒരു മാല വലിയകൊമ്പൻ തന്നെ ഇടണം. വലിയ കൊമ്പൻ ഉണ്ടെന്നറിഞ്ഞാൽ ആളു കൂടും. ആളുകൾക്കു ഹരം കൂടും.

അങ്ങനെ വലിയകൊമ്പന്റെ കൂച്ചുവിലങ്ങഴിച്ചു. കൂച്ചുവിലങ്ങ് അഴിക്കാതെ അവൻ ഒറ്റയടി വയ്ക്കില്ലെ ന്ന് ചെറിയ കൊമ്പനറിയാം.

കുട്ടിശങ്കരൻ ഒരു കൊമ്പിലും ചെറിയ കൊമ്പൻ മറുകൊമ്പിലും പിടിച്ചു നിന്നു. വലിയ കൊമ്പൻ ആളുകൾക്കിടയിൽ നെറ്റിപ്പട്ടത്തിന്റെ തിളക്കവുമായി തലയെടുപ്പോടെ നിന്നു.

ഒരു കുഴപ്പവുമുണ്ടായില്ല. ഉണ്ടാക്കിയുമില്ല.

മന്ത്രിക്ക് മാലയിട്ട് മന്ത്രിക്ക് തുമ്പികൈകൊണ്ട് ഹസ്തദാനം നടത്തി. അതൊക്കെ എത്രവട്ടം അവൻ ചെയ്തതാണ്. മന്ത്രിയെ സ്റ്റേജ് വരെ കൊണ്ടുപോയി. തിരിച്ചു പോന്നു. ആൾക്കൂട്ടത്തിനിടയിലൂടെ ആർക്കും ഒരു പോറലും ഏൽപ്പിക്കാതെ.

പക്ഷേ, നെറ്റിപ്പട്ടം അഴിക്കാൻ നോക്കിയപ്പോഴാണ് കുഴപ്പമുണ്ടായത്. വലിയകൊമ്പൻ നെറ്റിപ്പട്ടം അഴിക്കാൻ ആരെയും സമ്മതിച്ചില്ല.

അവൻ തോന്നിയിടത്തു കൂടി നടന്നു. അവൻ എപ്പോഴെങ്കിലും ഓടുമോയെന്നു ഭയന്ന് കുട്ടിശങ്കരൻ അവന്റെ വാൽതൊട്ടു നടന്നു. ആന ഓടാനൊരുങ്ങിയാൽ വാലിൽ തൂങ്ങണം. അങ്ങനെ ചെയ്താൽ ആനക്ക് വേഗത്തിൽ ഓടാൻ കഴിയില്ല.

ചെറിയ കൊമ്പൻ കൊമ്പും പിടിച്ചു മുന്നിൽ നടന്നു.

ഫോറസ്റ്റ് ഓഫീസറുടെ ജീപ്പ് ആനക്കരികിൽ വന്നുനിന്നു.

“ഇത്രയും ആളുകളുടെ ഇടയിൽ ഒരു ഭ്രാന്തനാനയെ കൂച്ചുവിലങ്ങിടീക്കാതെ നടത്തിയോ? ആനക്കെന്തു മന്ത്രിയും തന്ത്രിയും. നാട്ടുകാരുടെ ഭാഗ്യം. അതിനെ വേഗം കൂച്ചുവിലങ്ങ് ഇട്.” അയാൾ പുറത്തേക്കിറങ്ങി. ഓഫീസർ വലിയ കൊമ്പന്റെ ചങ്ങലകളും ജീപ്പിൽ കൊണ്ടു വന്നിരുന്നു.

“വേഗം കൂച്ചു വിലങ്ങിട്. അവനെപ്പോഴാ മനസ് മാറുന്നതെന്ന് ദൈവത്തിനു പോലും അറിയില്ല.
വലിയ കൊമ്പൻ ഒന്നു മൂളി. തല കുലുക്കി.ചെറിയ കൊമ്പൻ ഭയപ്പെട്ടു.

തൊട്ടടുത്ത നിമിഷംവലിയ കൊമ്പൻ തന്റെ മുഴുവൻ ശക്തിയുമെടുത്ത് ജീപ്പ് കുത്തിമറിച്ചു. പിന്നെ ഓട്ടമായിരുന്നു. സർവ ശക്തിയുമെടുത്ത്. അവൻ പുഴയിലേക്കിറങ്ങി. വെള്ളത്തിലൂടെ വേഗത്തിൽ നടന്നു.

പുറകേ എത്തിയ കുട്ടിശങ്കരനും ചെറിയ കൊമ്പനും കരഞ്ഞു വിളിച്ചു.

“പറ്റിക്കരുതേ മകനേ…”

“വലിയ കൊമ്പാ ചതിക്കരുതേ…”

ഒരു നിമിഷം നിന്നു. അപ്പോൾ മറ്റൊരു വിളി വലിയ കൊമ്പനെ ഉണർത്തി. കാടിന്റെ വിളി.

” നീ വരുന്നില്ലേ മകനേ…വേഗം വാ മകനേ… ഞാൻ കാത്തിരിക്കാൻ തുടങ്ങിയിട്ട് എത്ര കാലമായി.
നിന്റെ വീടിനെ ഇനിയും നിനക്കു മനസിലായില്ലേ?”

പുറകിൽ നിന്നും വീണ്ടും വിളി. ഒന്നു തിരിഞ്ഞുനിന്ന് തുമ്പി ഉയർത്തി. പൊടുന്നനെ അവൻ പുഴയിൽ താണു.

അക്കരെ കാറ്റു വീശുന്നു. മരത്തലപ്പുകൾ കാറ്റിൽ ഉലഞ്ഞാടുന്നു. അകലെ കാടിന്റെ ഇരുളിമ കൂടുതൽ കനക്കുന്നു. കാടിറങ്ങി വന്ന പുഴയിലെ ഓളങ്ങളിലൂടെ കടന്നുപോകുന്നു.

അപ്പോഴും ഒരു ജീപ്പ് അലറി വിളിച്ച് നാട്ടിലൂടെ പായുന്നുണ്ടായിരുന്നു. വലിയകൊമ്പനു മദം പൊട്ടിയിരിക്കുന്നു. ഭ്രാന്തെടുത്ത് പാഞ്ഞുവരുന്നുണ്ട്. എല്ലാവരും സൂക്ഷിക്കുക. ആരും പുറത്തിറങ്ങരുത്. പുഴക്കരയിലുള്ളവർ കൂടുതൽ ശ്രദ്ധിക്കുക.

വലിയ കൊമ്പൻ എവിടെയാണ് കരപറ്റുന്നതെന്ന് ആർക്കറിയാം?

k r viswanathan , childrens novel , iemalayalam

സ്കൂൾ മൈതാനത്ത് കുട്ടികളുടെ ക്രിക്കറ്റ് മത്സരം. മൈതാന അതിർത്തിയിലെ കാട്ടിലേക്ക് വീണ പന്തെടുക്കാൻ ചെന്ന കുട്ടി ഒരു നിമിഷം സംശയിച്ചു നിന്നു. മരങ്ങളിൽ കാട്ടുവള്ളികൾ പടർന്ന് മരമാകെ മറഞ്ഞ് കാടുകെട്ടിക്കിടക്കുന്ന ഇടമാണത്. സ്കൂളിലെ ഫോറസ്ട്രി ക്ലബ്ബുകാർ ഉണ്ടാക്കിയെടുത്ത ഒരു കുട്ടിക്കാട്. വള്ളികൾ കെട്ടുപിണഞ്ഞ് പടർന്ന് ഇരുട്ടുനിറഞ്ഞു കിടക്കുന്ന അവിടേക്കു കയറാൻ പേടി തോന്നും.

വള്ളിക്കാട്ടിൽ കിടക്കുന്ന പന്ത് അവൻ കണ്ടു. പന്തെടുക്കാൻ ഒരു കമ്പ് തിരയുന്ന നേരം തനിക്കു നേരേ ക്രിക്കറ്റ് ബോൾ ഉരുണ്ടുരുണ്ടു വരുന്നതു കണ്ട് അവൻ തെല്ലൊന്നമ്പരന്നു. പന്തെടുത്ത് തിരിയുമ്പോൾ പൊന്തക്കുള്ളിൽനിന്ന് അനക്കം കേട്ടു. കാട് കാറ്റിൽ ഉലയുന്നുണ്ട്.

ഒരു ശബ്ദം ഉച്ചഭാഷിണിയിലൂടെ കയറ്റം കയറി വരുന്നുണ്ട്. ആ ശബ്ദത്തിനു കാതോർത്തു, ”വലിയ കൊമ്പൻ ഇടഞ്ഞിരിക്കുന്നു. ഈ വഴിയിലൂടെ വരാൻ സാധ്യതയുണ്ട്. സൂക്ഷിക്കുക.”

കുട്ടികൾക്ക് ഒട്ടും പേടി തോന്നിയില്ല. വലിയ കൊമ്പനു നേരേ ചെല്ലാൻ അവർക്കിപ്പോൾ കഴിയും. വലിയ കൊമ്പനുമായി അത്രയും ചങ്ങാത്തത്തിൽ ആയിരുന്നു അവർ.

വീണ്ടും വള്ളിക്കാട്ടിൽ അനക്കം. കാറ്റില്ലെങ്കിലും ഇലകൾ ഉലയുന്നുണ്ട്. തിരിഞ്ഞു നോക്കി. എന്തോ ഇരുട്ടിൽ അനങ്ങുന്നുണ്ട്. മെല്ല ഇലകൾ വകഞ്ഞുമാറ്റി ഉള്ളിലേക്കു നോക്കി.
വല്ലാത്തൊരലർച്ചയോടെ അവൻ തിരിഞ്ഞോടി.

“എന്ത്?” എല്ലാവരും ബഹളം വച്ചു.

“എന്താണ്? വലിയ കൊമ്പനോ?”

അവൻ ശ്വാസം വലിക്കാൻ പാടുപെട്ട് വള്ളിക്കാട്ടിലേക്ക് വിരൽ ചൂണ്ടി.

“വലിയ കൊമ്പനോ,” കുട്ടികൾ വീണ്ടും ചോദിച്ചു. ഒരാനയെ മറയ്ക്കാൻ മാത്രം ഇടമുണ്ടായിരുന്നു വള്ളികൾ കെട്ടിക്കിടന്ന ആ ഇടത്തിന്.

അവൻ വിലങ്ങനെ തലയാട്ടി. അങ്ങോട്ടു പോകാനൊരുങ്ങിയവരെ അവൻ തടഞ്ഞു.
ആ നേരം വള്ളിക്കാട്ടിൽ വീണ്ടും അനക്കം കണ്ടു.

ഒരു കടുവ വള്ളിക്കാട്ടിൽനിന്നു പുറത്തു കടന്ന് അവരെ നോക്കി നിൽക്കുന്നു. അത് ഒരടി മുന്നോട്ടു വച്ചപ്പോൾ കുട്ടികൾ നിലവിളിയോടെ മൈതാനത്തുനിന്ന് ഓടി.

പക്ഷേ, കുട്ടികൾ പറഞ്ഞത് ആരും വിശ്വസിച്ചില്ല. ചെന്നു നോക്കിയവരാരും ഒരടയാളവും അവിടെങ്ങും കണ്ടില്ല.

വൈദ്യർ വള്ളിക്കാട്ടിൽ കടുവയെ ആദ്യം കണ്ടെന്നു പറഞ്ഞു കുട്ടിയോടു ചോദിച്ചു, ”വള്ളിക്കാട്ടിൽ നീ കടുവയെ കണ്ടതാണോ?”

അവൻ തല കുലുക്കി. അവനെ പേടി വിട്ടുമാറിയിരുന്നില്ല.

”അപ്പോൾ കടുവ എന്തു ചെയ്യുകയായിരുന്നു,” വൈദ്യർ വീണ്ടും ചോദിച്ചു.

”അത് പമ്മിക്കിടക്കുകയായിരുന്നു.”

“നിന്നെക്കണ്ടപ്പോൾ കടുവ എന്തു ചെയ്തു?”

കുട്ടി മെല്ലെപ്പറഞ്ഞു. “എന്നെക്കണ്ടപ്പോൾ അവൻ എനിക്കു നേരേ ചിരിക്കുന്നതു പോലെ തോന്നി.”
പെട്ടെന്നവിടെ കൂട്ടച്ചിരി മുഴങ്ങി.

”കടുവ പന്തെടുത്തു കൊടുത്തു പോലും. കടുവ ചിരിച്ചു പോലും,” വൈദ്യർ പൊട്ടിച്ചിരിച്ചു. അയാൾ കൂട്ടിച്ചേർത്തു, ‘ കടുവ അവരോടൊത്ത് ക്രിക്കറ്റ് കളിച്ചു പോലും. ആദ്യത്തെ പന്തു തന്നെ വേലിക്കപ്പുറത്തേക്ക് അടിച്ചു പോലും.”

എന്നാൽ അന്ന് ഇരുട്ടുപരന്ന നേരത്ത് പൊലീസ് വണ്ടി വീണ്ടും വന്നു.ഇത്തവണ അതിനു പതിവിലും വേഗം കൂടുതലായിരുന്നു, ശബ്ദവും. “എല്ലാവരും കരുതിയിരിക്കുക, കടുവ നാട്ടിലെത്തിയിട്ടുണ്ട്, ആരും വീട്ടിൽനിന്നു പുറത്തിറങ്ങരുത്.”

മറ്റൊരു വാർത്തയും കേട്ടു. വൈദ്യർ ആശുപത്രിയിലാണ്. പരക്കം പാഞ്ഞു വന്ന എന്തോ ഒന്ന് അയാളെ തട്ടിയിട്ടത്രേ.. കൈയിലും കാലിലും ചതവും മുറിവുമുണ്ട്.

അതൊരു കടുവായെണെന്ന് വൈദ്യർ പറഞ്ഞെങ്കിലും ആരുമത് വിശ്വസിച്ചില്ല.

“കടുവയായിരുന്നെങ്കിൽ അത് തീർച്ചയായും വൈദ്യരെയും കൊണ്ടേ പോകൂ.”

“ഇല്ല, ഒരു കടുവയും വൈദ്യരെ തൊട്ടുനോക്കുക പോലുമില്ല. കഷായം ഉണ്ടാക്കിയുണ്ടാക്കി അയാളുടെ മേലാകെ കയ്പായിക്കാണും..”

“പൂച്ച തട്ടിയിട്ടാലും അയാൾ കടുവയെന്നേ പറയൂ.”

കുട്ടികളുടെ നോവൽ ചങ്ങലയുടെ മറ്റ് ഭാഗങ്ങൾ ഇവിടെ വായിക്കാം

Get the latest Malayalam news and Children news here. You can also read all the Children news by following us on Twitter, Facebook and Telegram.

Web Title: Kids holiday story k r viswanathan children stories podcast audiobook audible childrens novel changala chapter 13

Next Story
പാവം പാവം കടുവk r viswanathan , childrens novel , iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express