Latest News

പാവം പാവം കടുവ

ആനപ്പുറത്തിരുന്ന് കാട് കാണുക. വലിയ കൊമ്പന്റെ പുറത്തിരിക്കുമ്പോൾ ഒന്നിനെയും പേടിക്കേണ്ട. അവന്റെ നീണ്ടു വളഞ്ഞ കൊമ്പുകൾ കാണുമ്പോൾ ആരാണ് അവന്റെ അടുത്തേക്കു വരിക. എന്നാൽ, അടുത്ത നിമിഷം, ആനപ്പുറത്തിരുന്ന കുട്ടികൾ ഉറക്കെ നിലവിളിച്ചു. കൂട്ടനിലവിളി തന്നെ. കെ ആർ വിശ്വനാഥൻ എഴുതിയ കുട്ടികളുടെ നോവൽ ചങ്ങല പന്ത്രണ്ടാം ഭാഗം

k r viswanathan , childrens novel , iemalayalam
ചിത്രീകരണം: വിഷ്ണുറാം

രണ്ടാഴ്ച കൊണ്ട് അങ്ങാടിയാകെ മാറി.

ഇപ്പോൾ അങ്ങാടിയിലെ കടകളിൽ പഴക്കുലകൾ തൂങ്ങുന്നുണ്ട്. ചായക്കടയിലെ അലമാരയിൽ പലഹാരങ്ങളുണ്ട്.പാവം തയ്യൽകാരൻ തന്റെ കട എന്നും തുറന്ന് തയ്യൽ ജോലികൾ ഒരു തടസവുമില്ലാതെ ചെയ്യുന്നുണ്ട്. ആന കുളികഴിഞ്ഞ് വരുമ്പോഴും അവൻ കട തുറന്നുവയ്ക്കാറുണ്ട്. വലിയ കൊമ്പൻ ആകെ മാറിയതായിരുന്നു കാരണം. അവൻ പുഴയിലേക്കുള്ള യാത്രക്കിടയിൽ ഒരു കടയിലും ചെന്ന് തുമ്പി നീട്ടുന്നില്ല. വൈദ്യരുടെ കടയിൽനിന്നു കരിപ്പെട്ടിക്ക് കാത്തു നിൽക്കുന്നില്ല. അവൻ വളരെ ശാന്തനാണ്.

അതിശയം മുഴുവനും ചെറിയ കൊമ്പനായിരുന്നു. അവനിപ്പോൾ എന്തു പറഞ്ഞാലും അനുസരിക്കുന്നു. ഇടത്താനേ എന്നു പറഞ്ഞാൽ ഇടത്തോട്ടു തന്നെ. കുറച്ചു നാളുകൾക്കു മുമ്പ് വരെ ഇടത്തോട്ടെന്നു പറ ഞ്ഞാൽ വലത്തോട്ടായിരുന്നു. അതുകൊണ്ട് ഇടത്തേട്ടെങ്കിൽ വലത്തോട്ടെന്നായിരുന്നു ചെറിയകൊമ്പൻ പറയാറുണ്ടായിരുന്നത്.

വലിയ കൊമ്പനെന്താണ് പറ്റിയതെന്ന് ചെറിയ കൊമ്പൻ ഭയപ്പെട്ടു. “എന്താണു മോനേ നെനക്ക് പറ്റിയത്?” ചെറിയ കൊമ്പൻ സങ്കടപ്പെട്ടു.

അതിനു മൂളലൊന്നും ഉണ്ടായില്ല.

മാറ്റമുണ്ടാകത്തത് ഒരു കാര്യത്തിനു മാത്രമായിരുന്നു. കുളിക്കാൻ പോകുന്ന നേരത്ത് കുട്ടികൾ പുറത്തു കയറും. ഇപ്പോൾ കുട്ടികൾ വാലിൽ പിടിച്ചു തൂങ്ങിക്കിടക്കാൻ പോലും തുടങ്ങിയിരിക്കുന്നു. കൊമ്പിൽ പിടിച്ചു തൂങ്ങിക്കിടന്നാലും വലിയ കൊമ്പനു പരാതിയില്ല. സൂക്ഷിച്ചു താഴെയിറക്കും. ഇപ്പോൾ ആനപ്പു റത്ത് കയറാൻ കൂടുതൽ പെൺകുട്ടികളും വന്നുതുടങ്ങി. വൈദ്യരുടെ പേരക്കുട്ടി ഐശ്വര്യയും മുമ്പിലുണ്ട്.

നാട്ടിൽ അവന്റെ പുറത്തുകയറാത്ത കുട്ടികൾ വളരെക്കുറവാണ്. പേടിയുള്ളവർ മാത്രമേ മാറി നിന്നൊള്ളൂ.

ആനപ്പുറത്ത് കയറാൻ പഠിപ്പിക്കുന്ന ഒരു സ്കൂൾ പോലും നാട്ടിൽ ഉണ്ടെന്നു കേൾക്കാൻ തുടങ്ങി. തൊട്ടടുത്ത സ്ഥലങ്ങളിൽ നിന്നുപോലും കുട്ടികൾ പാത്തും പതുങ്ങിയും വന്നു. പക്ഷേ വലിയകൊമ്പൻ മുതിർന്ന ആരേയും ആനപ്പുറത്ത് കയറ്റിയില്ല, വൈദ്യരെ ഒഴികെ.

k r viswanathan , childrens novel , iemalayalam

പതിവു പോലെ കുട്ടികളുമായി വലിയകൊമ്പൻ കുളിക്കാനിറങ്ങി. ഇപ്പോൾ കുട്ടിശങ്കരന്റെ ആവശ്യം പോലും ഇല്ലാതായിരിക്കുന്നു. കുട്ടികൾ പറയുന്നതെല്ലാം അവൻ കേൾക്കും. എന്നാലും പുറകിൽ എപ്പോഴും ചെറിയ കൊമ്പൻ ഉണ്ടാകും.വലിയ കൊമ്പന്റെ പെരുമാറ്റത്തിൽ അയാൾക്ക് എന്തോ ഒരു പൊരുത്തക്കേട് തോന്നിയതായിരുന്നു കാരണം.

അന്ന് പതിവു പോലെ പുഴയിലേക്കിറങ്ങി. മെല്ലെ നടന്നു. പുഴയുടെ നടുവ് വരെ എത്തി. ആനപ്പുറത്തിരുന്ന കുട്ടികൾ കൈയടിച്ച് അവനെ പ്രോത്സാഹിപ്പിച്ചതേയുള്ളു. പതിവായി തിരിച്ചു നടക്കാറുള്ള സ്ഥലം കഴിഞ്ഞ് ആന മുമ്പോട്ടു പോയപ്പോഴും കുട്ടികൾക്ക് ഒട്ടും ഭയം തോന്നിയില്ല. എന്നാൽ കരയിൽനിന്ന് കുട്ടിശങ്കരനും ചെറിയ കൊമ്പനും മാറിമാറി ഒച്ചയിട്ടു.

“തിരിഞ്ഞു വാ വലിയകൊമ്പാ.”

“ തിരിച്ചു വാ വലിയ കൊമ്പാ.”

എന്നാൽ വലിയകൊമ്പൻ അതു കേട്ടില്ല.

മറുകര എത്താറായപ്പോൾ ആനപ്പുറത്തിരുന്ന് കുട്ടികൾ ചോദിച്ചു. ‘വലിയ കൊമ്പാ, നീ ഞങ്ങളെ എങ്ങോട്ടാണ് കൊണ്ടുപോകുന്നത്?”

“നീ ഞങ്ങളെ കാടു കാണിക്കാൻ കൊണ്ടുപോവുകയാണോ കൊമ്പാ.” ആനപ്പുറത്തെ സ്ഥിരം യാത്രക്കാരിയായ അശ്വതിക്കുട്ടി വിളിച്ചു ചോദിച്ചു.

വലിയ കൊമ്പൻ മൂളുകയും തലകുലുക്കുകയും ചെയ്തു.

കാടെന്നു കേട്ടതും ആനപ്പുറത്തിരുന്ന് കുട്ടികൾ ആർപ്പു വിളിച്ചു. അവർക്കെല്ലാം കാടുകാണണമെന്ന് ആഗ്രഹം ഏറെയുണ്ട്. അവരുടെ അച്ഛനും അമ്മയും ഇതു വരെ സാധിച്ചു കൊടുക്കാത്ത കാര്യം. കാടു കാണണമെങ്കിൽ മല കയറി ഇറങ്ങണം. കുറച്ചു കൂടി കഴിയട്ടെ എന്ന് എപ്പോഴും തടസപ്പെടുത്തും. പോരെങ്കിൽ ഇടയ്ക്കിടെ എത്തുന്ന ഒരു കടുവയും.

ആനപ്പുറത്തിരുന്ന് കാട് കാണുക. വലിയ കൊമ്പന്റെ പുറത്തിരിക്കുമ്പോൾ ഒന്നിനേയും പേടിക്കേണ്ട. അവന്റെ നീണ്ടു വളഞ്ഞ കൊമ്പുകൾ കാണുമ്പോൾ ആരാണ് അവന്റെ അടുത്തേക്കു വരിക. എന്നാൽ, അടുത്ത നിമിഷം, ആനപ്പുറത്തിരുന്ന കുട്ടികൾ ഉറക്കെ നിലവിളിച്ചു. കൂട്ടനിലവിളി തന്നെ.

ഒരു കടുവ അവരെ കാത്തിട്ടെന്ന പോലെ പാറപ്പുറത്ത് ഇരിക്കുന്നു. വലിയകൊമ്പനെ കണ്ട് അവൻ മെല്ലെ എഴുന്നേറ്റു നിന്നു. അവനിപ്പോൾ ആനപ്പുറത്തേക്കു ചാടിക്കയറുമെന്ന് കുട്ടികൾ ഭയപ്പെട്ടു. ആനപ്പുറത്തുനിന്നു വീണ്ടും കൂട്ടനിലവിളി ഉയർന്നു.

ആ നേരം അക്കരെ പുഴക്കരയിൽനിന്ന് ഒരു ശബ്ദകോലാഹലം ഉയർന്നു.

പുഴക്കരയിൽ കടുവ എത്തിയിട്ടുണ്ടെന്നൊരു അറിയിപ്പുമായി ഫോറസ്റ്റ് ജീപ്പ് എത്തിയതായിരുന്നു കാരണം.

കുട്ടികളുടെ നിലവിളി, അതും അശ്വതിക്കുട്ടിയുടെ വലിയവായിലുള്ള നിലവിളി ഇങ്ങേക്കര വരെ എത്തി.

ആനപ്പുറത്തിരുന്ന് പേടിച്ചു വിളിച്ച കുട്ടികൾ ഒന്നിച്ചു കരഞ്ഞു പറഞ്ഞു, ” വലിയകൊമ്പാ തിരിച്ചു നടക്ക്. ന്റെ വലിയകൊമ്പാ തിരിച്ചു നടക്ക്. ഞങ്ങൾക്ക് പേടിയാകുന്നു.”

വലിയ കൊമ്പന് സംസാരിക്കാൻ കഴിയുമായിരുന്നെങ്കിൽ അവൻ അതിന് ഇങ്ങനെ മറുപടി പറയുമായിരുന്നു: “അവനും നിങ്ങളുടെ കൂട്ടുകാരൻ തന്നെ, നിങ്ങളെ ഏറെക്കാലമായി കാത്തിരിക്കുന്ന ഒരു കൂട്ടുകാരൻ, നിങ്ങളെ ഏറ്റവും ആവശ്യമുള്ള ഒരു കൂട്ടുകാരൻ.”

“അത് ഞങ്ങളെ തന്നെയാണു നോക്കുന്നത്. ഞങ്ങൾക്ക് പേടിയാകുന്നു. തിരിച്ചുനടക്ക് വലിയ കൊമ്പാ.”
വലിയകൊമ്പൻ തിരിച്ചു നടന്നു. കുട്ടികളുടെ നിലവിളി അവസാനിച്ചില്ല.. അവർ തിരിഞ്ഞു നോക്കി. കടുവ മെല്ലെ ആനയുടെ പുറകെ നടക്കുകയാണ്. വീണ്ടും ആന തിരിഞ്ഞു നിന്നു. അവൻ മെല്ലെ തുമ്പി ഉയർത്തി കടുവയോടു പറഞ്ഞു. “നീയിപ്പോൾ തിരിച്ചു പോവുക. കുട്ടികൾ വല്ലാതെ പേടിച്ചിരിക്കുന്നു.”

കടുവ നിരാശനായി, ”എനിക്കപ്പോൾ അവരുമായി ചങ്ങാത്തം കൂടാൻ പറ്റില്ലേ?”

വലിയകൊമ്പൻ പറഞ്ഞു.“ കുട്ടികൾക്ക് പരിചയമാകുമ്പോൾ അവരുടെ പേടി മാറും, നീ ഇപ്പോൾ തിരിച്ചു പോവുക.”

കടുവ നിരാശനായി തിരിച്ചുപോയി.

k r viswanathan , childrens novel , iemalayalam


ആനപ്പുറത്തെ നിലവിളി അവസാനിച്ചു.

കൊമ്പൻ തിരിച്ചുനടന്ന് പുഴയിലേക്കിറങ്ങി. വലിയകൊമ്പനേയും കുട്ടികളേയും കണ്ടപ്പോൾ അക്കരെനിന്ന് ആരവമുയർന്നു. പുഴക്കരയിൽ ആളുകളുടെ എണ്ണം കൂടിയിട്ടുണ്ട്. അപ്പോഴും പൊലീസ് ജീപ്പിൽനിന്ന് കടുവ പുഴക്കരയിൽ എത്തിയിട്ടുണ്ടെന്ന് വിളിച്ചുപറയുന്നുണ്ടായിരുന്നു.

കുട്ടികൾ തിരിച്ചു വരുന്നതിന്റെ സന്തോഷത്തിലായിരുന്നു എല്ലാവരും. കുട്ടിശങ്കരനും ചെറിയ കൊമ്പനും പുഴ പാതിയും കടന്നിരുന്നു. അവരും ആനപ്പുറത്തു കയറി.

“ എല്ലാവരും ഇല്ലേ?” ചെറിയ കൊമ്പൻ കുട്ടികളുടെ നേരേ തിരിഞ്ഞു.

“ഉണ്ട്, ഉണ്ട്” എല്ലാവരും ഉണ്ട്.”

‘ചെറിയ കൊമ്പൻ ആനയെ തലോടി, നീ ചതിച്ചില്ലല്ലോ മോനെ, അതുമതി.”

“ഞങ്ങൾ കടുവയെ കണ്ടു,” കുട്ടികൾ ഒരുമിച്ച് പറഞ്ഞു.

“എന്നിട്ട്?”കുട്ടികൾ വെറുതെ പറയുകയാണെന്ന് ചെറിയ കൊമ്പൻ കരുതി.

“കടുവ പേടിച്ചു പാഞ്ഞു.”

ചെറിയ കൊമ്പൻ മീശ പിരിച്ചു. “എന്റെ വലിയ കൊമ്പനെ കണ്ടാൽ ആരാണു പേടിച്ചു പായാത്തത്.”

“വലിയ കൊമ്പനെ കണ്ടല്ല കടുവ പേടിച്ചത്.”

“പിന്നെ?”

“അശ്വതിക്കുട്ടിയുടെ കരച്ചിൽ കേട്ട്.” കുട്ടികൾ കളിചിരികളിലേക്ക് തിരിച്ചെത്തി.

ആനപ്പുറത്തുനിന്ന് അശ്വതിക്കുട്ടി ചിണുങ്ങി.

വലിയ കൊമ്പനും കൂട്ടരും പുഴയുടെ നടുവിൽ എത്തിക്കാണും അപ്പോൾ പുഴക്കരയിൽനിന്നു വീണ്ടും ബഹളം കേട്ടു.

എന്തിനെന്ന് മനസിലായില്ല. ചെറിയ കൊമ്പൻ തിരിഞ്ഞു നോക്കി. പുഴക്കരയിൽ ഒരു കടുവ അവർ മടങ്ങിപ്പോകുന്നതും നോക്കി ഇരിക്കുന്നു.

ചെറിയ കൊമ്പൻ അത് കുട്ടികളോടു പറഞ്ഞില്ല.

എന്നാലും തിരിഞ്ഞുനോക്കിയ അശ്വതിക്കുട്ടി പുഴക്കരയിൽ അവരെ നോക്കിയിരിക്കുന്ന കടുവയെ കണ്ടു.

എല്ലാവരും തിരിഞ്ഞു നോക്കി.

അശ്വതിക്കുട്ടി പറഞ്ഞു, “പാവം”, “പാവം കടുവ…”

പുഴത്തീരത്തെത്തിയപ്പോൾ കുട്ടികൾ താഴെയിറങ്ങി. ജീപ്പിൽ നിന്നും ഇറങ്ങി വന്ന ഫോറസ്റ്റ് ഓഫീസർ ചെറിയ കൊമ്പനോട് കയർത്തു. “ആനയ്ക്കാണോ ഭ്രാന്ത്? അതോ നിങ്ങക്കോ…? രണ്ടിനെയും ചങ്ങലക്കിട്ടേ പറ്റൂ.”

ചെറിയകൊമ്പൻ ആഫീസറുടെ നേരെ കൈകൂപ്പി. “വലിയ കൊമ്പുണ്ടെങ്കിലും വലിയ കൊമ്പന് കുട്ടികളുടെ മനസാണ്.”

ആഞ്ഞൊരാട്ടാട്ടി ഓഫീസർ. എന്നിട്ടയാൾ പറഞ്ഞു. “ഇത് ആനക്കാരനു മാത്രമുള്ളതല്ല. ആനപ്പുറത്ത് പിള്ളേരെ കയറാൻ അനുവദിച്ച കുട്ടികളുടെ അച്ഛനും അമ്മയ്കും എല്ലാവർക്കും കൂടിയുള്ളതാണ്.”

അയാൾ വീണ്ടും ചെറിയ കൊമ്പന്റെ നേരേ വിരൽ ചൂണ്ടി. “ഇനി എന്നെങ്കിലും കുട്ടികളെ ആനപ്പൊ റത്ത് കേറ്റിയാൽ ഇയാള് ജയിലിൽ കിടക്കേണ്ടി വരും… നല്ലോണം ഓർത്തോ…” അയാൾ വീണ്ടും പറഞ്ഞു. “ആനയെ കൂച്ചു വിലങ്ങിട്ടു വേണം ഇനി നടത്താൻ… ഇനി വരുമ്പോൾ ആനയ്ക്ക് അതെല്ലാം ഉണ്ടാകണം…”

ആനപ്പുറത്തുനിന്നും ഇറങ്ങിയ ഒരു കുട്ടിയെ മാറ്റി നിർത്തി വൈദ്യർ ചോദിച്ചു. “ആനയും കടുവയും തമ്മിൽ എന്തെങ്കിലും സംഭാഷണങ്ങൾ നടന്നോ? അവർ പരസ്പരം ഒത്തിരി നേരം നോക്കി നിന്നോ?”

അത് കേട്ട് ദേഷ്യത്തിലായിപ്പോയ ഫോറസ്റ്റാഫീസർ പോലും ഉറക്കെച്ചിരിച്ചു.

വലിയകൊമ്പൻ പുഴക്കക്കരെയിലേക്കു നോക്കി തുമ്പി ഒന്നുയർത്തി. പിന്നെ തിടുക്കത്തിൽ നടന്നു. അവന്റെ വേഗം ഓരോ കാൽവയ്പിലും ഇരട്ടിച്ചു. അവൻ ഓടാൻ തുടങ്ങി.

പൊലീസ് ജീപ്പ് വലിയകൊമ്പന്റെ മുന്നിൽ കയറി പാഞ്ഞു.

അതിൽനിന്നു വിളിച്ചു പറയുന്നതു കേൾക്കാം, “ഭ്രാന്തു പിടിച്ച ആന ഓടി വരുന്നുണ്ട്. എല്ലാവരും സൂക്ഷിക്കുക, വഴി മാറിക്കൊടുക്കുക.”

എല്ലാവരുടെയും അഭിപ്രായവും ഇപ്പോൾ അതു തന്നെ, “ ഇതൊരു ഭ്രാന്തൻ ആന തന്നെ. അതിനു വഴിമാറിക്കൊടുക്കുക.”

പുഴക്കര ഒഴിഞ്ഞു.

പക്ഷേ പുഴക്കക്കരെ മറുകരയിലേക്ക് ഉറ്റുനോക്കി ഒരു കടുവ ഇരിക്കുന്നുണ്ടായിരുന്നു. ഒരു പാവം കടുവ.

കുട്ടികളുടെ നോവൽ ചങ്ങലയുടെ മറ്റ് ഭാഗങ്ങൾ ഇവിടെ വായിക്കാം

Get the latest Malayalam news and Children news here. You can also read all the Children news by following us on Twitter, Facebook and Telegram.

Web Title: Kids holiday story k r viswanathan children stories podcast audiobook audible childrens novel changala chapter 12

Next Story
കടുവ പറഞ്ഞ കഥk r viswanathan , childrens novel , iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com