Latest News

കടുവ പറഞ്ഞ കഥ

വലിയകൊമ്പൻ പറഞ്ഞു. “അത് ഏറ്റവും വിഷമം പിടിച്ച കാര്യമാണ്. ഇതുവരെ കുട്ടികളുമായി ചങ്ങാത്തം കൂടിയ കടുവയെക്കുറിച്ച് കേട്ടിട്ടില്ല.ഞാനവരെ നിന്റെ അടുത്തു കൊണ്ടുവരാം. പക്ഷേ അവർ ഭയപ്പെട്ടാൽ തിരിച്ചു കൊണ്ടുപോകും. ഇനി അവർ ഭയമൊന്നും കാട്ടിയില്ലെങ്കിലും നീ അവരെ എങ്ങനെയാണ് അതെല്ലാം പറഞ്ഞു മനസിലാക്കുന്നത്?” കെ ആർ വിശ്വനാഥൻ എഴുതിയ കുട്ടികളുടെ നോവൽ ചങ്ങല ഭാഗം 11

k r viswanathan , childrens novel , iemalayalam
ചിത്രീകരണം: വിഷ്ണുറാം

കടുവ പറയാൻ തുടങ്ങി, എന്റെ നീക്കങ്ങളെ ആരോ ഓരോ നിമിഷവും പിന്തുടരുന്നുണ്ട്. അതെന്നെ വല്ലാതെ ഭയപ്പെടുത്തുന്നു. ഇരയുടെ പുറകെ പായുമ്പോഴും ആ ചിന്ത എന്നെ വേട്ടയാടുന്നു. തന്റെ ഇരപിടിക്കൽ മറ്റാരോ മറഞ്ഞിരുന്ന് ഉറ്റു നോക്കുന്നുണ്ട്. ആ ചിന്തയിൽ കുരുങ്ങുന്നതോടെ എന്റെ വേഗം നഷ്ടപ്പെടുന്നു.കൈകാലുകളിൽ വേദന പടരുന്നു. എന്റെ വേഗം നഷ്ടപ്പെടുന്നു. ഇര എന്നിൽ നിന്ന് രക്ഷപ്പെടുകയും ചെയ്യുന്നു.

ഇനി ഇരയെ വീഴ്ത്തിയാലും സുഖമായിട്ടൊന്നു തിന്നാൻ കൂടി കഴിയില്ല. ഞാൻ മാംസം കടിച്ചു മുറിക്കു ന്നത്, എല്ലുകൾ കടിച്ചു പൊട്ടിക്കുന്നത് ആരോ നോക്കുന്നുണ്ട്. ചിറിയിൽ പറ്റിയ ചോര നാക്കുകൊണ്ട് വടിച്ചെടുക്കുന്നതു പോലും. ഉറങ്ങുന്നത്, പുഴയിൽ തലയറ്റം മുങ്ങിക്കിടക്കുന്നത് , നീന്തുന്നത്, എല്ലാം, എല്ലാം…. ആരെങ്കിലും തുറിച്ച കണ്ണുകളോടെ കാണുന്നു എന്ന തോന്നലിൽ ഭയമാണുണ്ടാകുന്നത്.

വലിയകൊമ്പൻ അവനെ നോക്കി. ഭയപ്പെട്ടവന്റെ ഭാവമാണവന്.

കടുവ പറഞ്ഞു.’ എത്രയോ കാലമായി സുഖമായൊന്നുറങ്ങിയിട്ട്. കണ്ണൊന്നു ചിമ്മുമ്പോൾ ആരുടേയോ കാലടി ശബ്ദം അടുത്തടുത്തു വരുന്നതു പോലെ തോന്നും.”

“അതൊക്കെ നിന്റെ തോന്നലുകൾ മാത്രമായിരിക്കും” വലിയകൊമ്പൻ അവനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.

”ഉവ്വ്. തീർച്ചയായും അതെല്ലാം അങ്ങനെയാണ്. ഇപ്പോൾ ഞാൻ ഇവിടെ നിൽക്കുന്നത് ആരോ തിരിച്ചറി യുന്നുണ്ട്. നിന്നോട് സംസാരിക്കുന്നതു പോലും.”

കൊമ്പനും ആ നേരം ഭയപ്പെട്ടതു പോലെ അസ്വസ്ഥത കൊണ്ടു.

“നീ ഭയപ്പെടേണ്ട കാര്യമൊന്നുമില്ല, നിന്നെ ആരും നോക്കിയിരിക്കുന്നില്ല.”

വലിയ കൊമ്പനു സമാധാനമായി.

“എന്നെ ഏത് സമയവും കൺതുറന്ന് നോക്കിയിരിക്കുന്നത് മനുഷ്യരാണെന്നറിയുമ്പോൾ എന്റെ ഭയം കൂടുന്നു. ശരീരം മുഴുവൻ ആരോ ചങ്ങലക്കിട്ടപോലെ തോന്നുമപ്പോൾ.”

ആ നേരം അടുത്ത വഴിയിൽ കൂടി ഒരു ജീപ്പ് കടന്നു പോയി. അതിൽ നിന്നും വിളിച്ചു പറയുന്നതു കേട്ടു.
“കടുവ പുഴ കടന്ന് ഇക്കരെയെത്തിയിട്ടുണ്ട്. എല്ലാവരും സൂക്ഷിച്ചിരിക്കുക, ആരും പുറത്തിറങ്ങരുത്. അടുത്തെവിടെയോ അവൻ അവനുണ്ട്, അടുത്തെവിടെയോ…”

കടുവ പറഞ്ഞു. “ഞാൻ എവിടെച്ചെന്നാലും ഇങ്ങനെ ഒരു വാഹനം ഇതേ ഒച്ചയുമായി കടന്നു പോകാറു ണ്ട്. ഒരു പക്ഷേ അവർ വിളിച്ചു പറയുന്നത് ഞാൻ ഇവിടെ എവിടെയെങ്കിലും എത്തിയിട്ടുണ്ടെന്നായിരി ക്കും.”

ഒന്നു നിർത്തി കടുവ ചോദിച്ചു. ”മനുഷ്യ ഭാഷ നിനക്ക് കുറച്ചൊക്കെ വശമുണ്ടല്ലോ, അവർ എന്നെക്കുറിച്ചാണോ വിളിച്ചു പറയുന്നത്.”

വലിയകൊമ്പൻ പറഞ്ഞു: “എനിക്ക് ഇടത്താനേ വലത്താനേ തുടങ്ങി കുറച്ചു വാക്കുകളേ മനസിലാവുകയുള്ളു.”

കടുവ അപ്പോഴും ചിരിച്ചു,” നിന്നെ ചങ്ങലയിൽ നിർത്താനുള്ള വാക്കുകൾ മാത്രമേ നിനക്കു മനസിലാകൂ.”

വലിയകൊമ്പൻ അറിയാതെ മൂളി.

k r viswanathan , childrens novel , iemalayalam


“എന്നെക്കുറിച്ചു തന്നെയാകും,” കടുവ പറഞ്ഞു. “ അല്ലെങ്കിൽ ഞാൻ ചെല്ലുന്നിടത്തെല്ലാം ഇങ്ങനെ തന്നെ കേൾക്കുന്നതെങ്ങനെ?

“എല്ലാം നിന്റെ തോന്നലുകളാണെന്ന് എനിക്കു തോന്നുന്നു. അവർ പറയുന്നതൊന്നും നിന്നെക്കുറി ച്ചാകുമെന്നു തോന്നുന്നില്ല,” കൊമ്പൻ കടുവയെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.

“നോക്ക്,” വലിയ കൊമ്പന്റെ ശ്രദ്ധ തന്റെ കഴുത്തിലേക്ക് തിരിച്ചു കൊണ്ട് കടുവ പറഞ്ഞു, “ഇത് എന്റെ കഴുത്തിൽ കെട്ടിയതിനു ശേഷമാണ് ഇങ്ങനെയെല്ലാമായത്.”

വലിയകൊമ്പൻ നോക്കി. അതു നേരത്തേ കണ്ണിൽ പെട്ടതാണ്. എല്ലാ കടുവകൾക്കും അങ്ങനെ ഉണ്ടാകുമെന്നു കരുതി.

“ആരാണു നിന്റെ കഴുത്തിൽ ഇതുകെട്ടിയത്.?”

”ഒരിക്കൽ ബോധം കെട്ടു പോയത് ഓർമ്മയുണ്ട്. ഏറെ നേരത്തിനു ശേഷം ബോധം തെളിയുമ്പോൾ ഇതെന്റെ കഴുത്തിലുണ്ടായിരുന്നു. ഇതു കഴുത്തിൽ കിടന്നതിന്റെ അസ്വസ്ഥതയിൽ വളരെക്കാലം ഉറക്കം പോലും നഷ്ടപ്പെട്ടിട്ടുണ്ട്.”

വലിയകൊമ്പൻ പറഞ്ഞു: ”ഒരിക്കൽ എനിക്കും അങ്ങനെ സംഭവിച്ചിട്ടുണ്ട്. ഉത്സവത്തിനിടയിൽ ഇടഞ്ഞ് കാര്യമായ വഴക്കുണ്ടാക്കിയപ്പോഴായിരുന്നു അത്. ബോധം വീഴുമ്പോൾ ഞാൻ നാലു കാലിലും ചങ്ങലയിലായിരുന്നു.”

“തീർച്ചയായും അങ്ങനെ ബോധം കെടുത്തിയത് മനുഷ്യരായിരിക്കണം.”

വലിയകൊമ്പൻ പറഞ്ഞു:” തീർച്ചയായും മനുഷ്യർ തന്നെ. സത്യം പറഞ്ഞാൽ ഞാൻ അന്നുമുതലാണ് നന്നാകാൻ തുടങ്ങിയത്. ”

കടുവ എതിർത്തു, “എന്നു പറഞ്ഞാൽ അന്നുമുതൽ നീ കൂടുതൽ അടിമയായി എന്നേ അർഥമുള്ളൂ.”

ഇനിയും കടുവയുടെ സംസാരം തനിക്ക് ഒട്ടും മനസിലാകാത്ത കാര്യങ്ങളിലേക്കു കടന്നേക്കുമെന്ന് കരുതി വലിയകൊമ്പൻ പറഞ്ഞു.“ഇത്ര നേരം പറഞ്ഞിട്ടും നീ നാട്ടിലേക്കു വന്നതെന്തിനാണെന്ന് പറഞ്ഞില്ലല്ലോ?”

“ഇത്ര നേരം കേട്ടിട്ടും നിനക്ക് ഇനിയും അതു മനസിലായില്ലേ?”

വലിയകൊമ്പൻ ഇല്ലെന്നു തല കുലുക്കി.

കടുവ പറഞ്ഞു. ”എന്റെ കഴുത്തിൽ കെട്ടിയിരിക്കുന്ന ഈ സാധനം എങ്ങനെയെങ്കിലും ഒന്ന് അഴിച്ചു മാറ്റണം. പണി പതിനെട്ടും പയറ്റി നോക്കി. നടന്നില്ല. ഒരിക്കൽ അത് പാതിയോളം വിജയത്തിലെത്തിയതാണ്. അപ്പോഴേക്കും അവർ വീണ്ടും ബോധം കെടുത്തി പുതിയ ഒരെണ്ണം കെട്ടിവിട്ടു.”

വലിയകൊമ്പൻ ചോദിച്ചു. “ഏതു നേരവും നിന്റെ നീക്കങ്ങൾ ശ്രദ്ധിച്ചിരിക്കാൻ നീ എന്ത് കുഴപ്പമാണു ണ്ടാക്കിയത്?”

കടുവ മെല്ലെപ്പറഞ്ഞു. ” എന്നെ ആക്രമിക്കാൻ നോക്കിയവരുടെയെല്ലാം നേരേ ഞാൻ ചാടി വീണിട്ടുണ്ട്. എങ്ങുനിന്നും പേടിച്ചോടിയിട്ടില്ല. ഒരിക്കൽ എന്നെ വെടിവയ്ക്കാൻ നോക്കിയ ആളുടെ മേലെ ചാടി വീണ് മാന്തിപ്പൊളിക്കുകയും ചെയ്തിട്ടുണ്ട്.”

കടുവ ദീർഘ നിശ്വാസം ചെയ്തു. “നരഭോജിക്കടുവ, മനുഷ്യനെ തീനി, എന്നൊക്കെ പേരു വീഴുകയും ചെയ്തു. “

“അതിന് “ വലിയകൊമ്പൻ ചോദിച്ചു. “ നാട്ടിലെത്തിയാൽ നിന്റെ കഴുത്തിലെ കെട്ട് ആര് അഴിച്ചു മാറ്റാനാണ്.”

k r viswanathan , childrens novel , iemalayalam

“ഒരിക്കൽ പകുതിയോളം അഴിച്ചു എന്നു പറഞ്ഞല്ലോ? അത് ചെയ്തത് ഒരു കുരങ്ങനായിരുന്നു. ഒരു കുരങ്ങാട്ടിയിൽനിന്നു രക്ഷപെട്ടവൻ. അവന് സ്വാതന്ത്ര്യമില്ലായ്മ ശരിക്കും മനസിലാകുമായിരുന്നു. അതുകൊണ്ടാണ് അവനെന്നെ സഹായിച്ചത്. ഞാൻ അവനെ തേടി വരുന്നതാണ്. ഈ നാട്ടിൽ വച്ചാണ് ഞാനവനെ ആദ്യമായി കാണുന്നത്. പക്ഷേ അവൻ വീണ്ടും ആ കുരങ്ങാട്ടിയുടെ കൈയിൽ പെട്ടെന്നാണു തോന്നുന്നത്.”

വലിയകൊമ്പൻ കടുവയുടെ കഴുത്തിലെ കോളറിൽ തുമ്പികൊണ്ടു തൊട്ടു നോക്കി. അവനത് അഴിച്ചു മാറ്റാൻ കഴിയില്ല.

“എന്റെ അടുത്ത നോട്ടം കുട്ടികളായിരുന്നു. അവരുമായി ചങ്ങാത്തം കൂടിയാൽ, ഇപ്പോൾ നീ അവരോട് ചങ്ങാത്തം കൂടിയില്ലേ? അതു പോലെ, അവർ എന്നെ ഈ ചങ്ങലയിൽ നിന്നും മോചിപ്പിക്കുമെന്ന് എനിക്കുറപ്പായിരുന്നു. പക്ഷേ, ഞാൻ ചെല്ലുന്നിടത്തൊക്കെ എന്റെ പേരു കേട്ടാൽ അവർ ഓടിപ്പോകും.”

“ശരിയാണ് കുട്ടികൾക്കതിനു കഴിയും.” വലിയകൊമ്പൻ പറഞ്ഞു.”പക്ഷേ വന്യമൃഗങ്ങളെന്നു കേട്ടാൽ അവർ ഭയപ്പെടും.”

“ഞാൻ പലവട്ടം പലയിടത്തും അതിനു ശ്രമിച്ചു. നടന്നില്ല. അതിനു വേണ്ടി ഞാൻ ശ്രമിച്ചു കൊണ്ടിരി ക്കും. എന്നെങ്കിലുമൊരിക്കൽ കുട്ടികൾ എന്നോടു ചങ്ങാത്തം കൂടാതിരിക്കില്ല.” കടുവ ചോദിച്ചു. നീ അവരുമായി ഇണങ്ങിച്ചേർന്നതെങ്ങനെയാണ്?

ആന പറഞ്ഞു. “അവരുമായി ഇണങ്ങുക അത്ര തന്നെ.”

“എനിക്ക് അതിനാഗ്രഹമുണ്ട്.”

Read More: കുട്ടികളുടെ നോവൽ ചങ്ങലയുടെ മറ്റ് ഭാഗങ്ങൾ ഇവിടെ വായിക്കാം

വലിയകൊമ്പൻ പറഞ്ഞു. “അത് ഏറ്റവും വിഷമം പിടിച്ച കാര്യമാണ്. ഇതുവരെ കുട്ടികളുമായി ചങ്ങാത്തം കൂടിയ കടുവയെക്കുറിച്ച് കേട്ടിട്ടില്ല. ഞാനവരെ നിന്റെ അടുത്തു കൊണ്ടുവരാം. പക്ഷേ അവർ ഭയപ്പെട്ടാൽ തിരിച്ചു കൊണ്ടുപോകും. ഇനി അവർ ഭയമൊന്നും കാട്ടിയില്ലെങ്കിലും നീ അവരെ എങ്ങനെയാണ് അതെല്ലാം പറഞ്ഞു മനസിലാക്കുന്നത്?”

“വിഷമം പിടിച്ച പണിയാണ്. എന്നാലും ശ്രമിച്ചു നോക്കാം അല്ലേ?” കടുവ പറഞ്ഞു. “ഈ കുടുക്ക് എങ്ങനെയെങ്കിലും ഊരിക്കിട്ടിയാലേ എനിക്കു സമാധാനമാകൂ. ഏതെങ്കിലും ഒരു കുട്ടിക്ക് അതു മനസിലാകാതിരിക്കില്ല.”

ഏതു ഭാഷയും കുട്ടികൾക്ക് പെട്ടെന്നു മനസിലാകും. അതിൽ അൽപ്പം സ്നേഹം കരുതി വച്ചിട്ടുണ്ടെങ്കിൽ.

Get the latest Malayalam news and Children news here. You can also read all the Children news by following us on Twitter, Facebook and Telegram.

Web Title: Kids holiday story k r viswanathan children stories podcast audiobook audible childrens novel changala chapter 11

Next Story
സ്വാതന്ത്ര്യം എന്നാൽ എന്ത്?k r viswanathan , childrens novel , iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com