/indian-express-malayalam/media/media_files/uploads/2021/06/krv-6-2.jpg)
ചിത്രീകരണം: വിഷ്ണുറാം
പിറ്റേന്ന് പുഴയിൽ കുളിക്കാൻ പോയപ്പോൾ കടുവ പറഞ്ഞതൊക്കെയും വലിയകൊമ്പൻ ഓർത്തു. ഒരു പേരിന്റെ പോലും ബന്ധനമില്ലാതെയുള്ള ജീവിതം. തന്നേപ്പോലുള്ള ധാരാളം ആനകളുമായി കൂടിക്കലർന്നുള്ള ജീവിതം. പുഴയിൽ കൂട്ടരുമൊത്തുള്ള കെട്ടിമറിഞ്ഞുള്ള കുളി. അതിനു നേരവും കാലമൊന്നുമില്ല. ചെറിയകൊമ്പന്റെ വരവും പോക്കും ഒന്നും അറിയണ്ട.
കാട് നിറഞ്ഞു നിൽക്കുന്ന മുളങ്കൂട്ടം. തനിയെ തുമ്പിക്കൈ കൊണ്ട് ഒടിച്ചുള്ള തീറ്റ. ഒന്നിനും കാത്തുനിൽക്കേണ്ട. എണ്ണിയെടുകയും വേണ്ട. ചായക്കടക്കാരന്റെ അലമാരയിലെ പലഹാരങ്ങൾക്കും തയ്യൽക്കാരന്റെ കൈയിലെ രണ്ടു പഴങ്ങൾക്കും വേണ്ടിയുള്ള കാത്തുനിൽപ്പും വേണ്ട.പിന്നെ കൂട്ടം ചേർന്ന് തോന്നുന്നിടത്തേക്കുള്ള യാത്ര.
കടുവ പറഞ്ഞതു ശരിയാണെങ്കിൽ കാട്ടിൽ എന്നും ഉത്സവകാലമാണ്.
പുഴക്കക്കരയിലേക്കു നോക്കി. അകലെ ഇരുളിമ കാണുന്നുണ്ട്. അവിടെയായിരിക്കണം കടുവ പറഞ്ഞ കാട്.
എഴുന്നള്ളത്തിനെ കുറിച്ച് ഓർത്തു,വലിയകൊമ്പൻ. ശബ്ദഘോഷങ്ങളുടെ ഇടയിൽ ഒരേ നിൽപ്പ്. മണിക്കൂറുകളോളം. നാലുകാലിലും പരസ്പരം ബന്ധിക്കപ്പെട്ട ചങ്ങലകൾ. മുന്നിൽ തീവെട്ടികൾ. അവയിൽ നിന്നുള്ള ചൂട് കുറയ്ക്കാൻ ഏതുനേരവും ചെവിയാട്ടിക്കൊണ്ടിരിക്കണം.അതുകണ്ട് ആന സംഗീതം ആസ്വദിക്കുന്നുവെന്നു പറയും.
എന്നാലും വലിയകൊമ്പൻ ഓർത്തു. മറ്റേതൊരു ആനയെക്കാളും സ്വതന്ത്രനാണു താൻ. ആനക്കാരൻ ചെറിയകൊമ്പൻ ഒരിക്കലും ഉപദ്രവിച്ചിട്ടില്ല. തനിക്കൊപ്പം നടക്കുകയാണയാൾ. എന്നാൽ, അറിയാം പല ആനകളുടേയും നഖങ്ങൾക്കിടയിൽ കൂർത്ത സൂചികൾ കയറ്റി വെച്ചിട്ടുണ്ട്. കരി തേച്ചു മറച്ച വൃണങ്ങൾ കാലിൽ ധാരാളമുണ്ട്. എന്തെങ്കിലും വികൃതികാട്ടിയാൽ വ്രണങ്ങളിൽ തോട്ടികൊണ്ടൊരു പിടുത്തം. കാരക്കോലുകൊണ്ട് സൂചികളിൽ ഒരമർത്തൽ. നഖങ്ങൾക്കിടയിലൂടെ കടന്നു പോകുന്ന കുന്തമുന. വേദന കൊണ്ട് കൂന്നിപ്പോകുന്നത് കാണാം.
വലിയ കൊമ്പന്റെ ആദ്യത്തെ പാപ്പാൻ അങ്ങനെയെല്ലാം ചെയ്യുമായിരുന്നു. നഖങ്ങളിൽ കുന്തം കൊണ്ടൊരു കുത്ത്. ചെവിയിൽ തോട്ടി കോർത്തൊരു വലി. ഇടഞ്ഞാൽ എവിടെയെങ്കിലും തളച്ച് ഭക്ഷണം തരാതെ പീഡനം.
/indian-express-malayalam/media/media_files/uploads/2021/06/krv-4-4.jpg)
അതൊക്കെ മാറിയത് ചെറിയകൊമ്പൻ ആനക്കാരനായി എത്തിയതിനു ശേഷമാണ്.
പക്ഷേ താൻ അനുഭവിക്കുന്നതൊന്നുമല്ല സ്വാതന്ത്ര്യം എന്ന് കടുവ പറയുന്നു. അവനൊരു പേരു പോലും ഇല്ല. ആരും വിളിക്കാനും തടസപ്പെടുത്താനും ഇല്ല.
പിന്നെ അവനെന്തിനാണു നാട്ടിലിറങ്ങുന്നത്.? അവൻ പറയുന്നതെല്ലാം ശരിയായിരിക്കുമോ? ഏതായാലും അവൻ പറഞ്ഞതെല്ലാം പുതിയ പുതിയ കാര്യങ്ങളായിരുന്നു. കേൾക്കാൻ ഒത്തിരി രസമുള്ള കാര്യങ്ങൾ. കേട്ടിരിക്കാനും.
കടുവ പറഞ്ഞതോർത്തു.
കാട്ടിലെ മഴയിൽ നനഞ്ഞു നിൽക്കുന്ന ആനക്കൂട്ടത്തിന്റെ മുഖങ്ങളിൽ നിറയുന്ന ഭാവം അത് നിന്റെ മുഖത്ത് ഒരിക്കലും കണ്ടിട്ടില്ല. പുഴയിൽ കൂട്ടം കൂടിയിറങ്ങുന്ന ആനക്കൂട്ടത്തിന്റെ ഉത്സാഹവും സന്തോഷവും നാട്ടിലെ ഒരാനകളിലും ഞാൻ കണ്ടിട്ടില്ല.
വലിയകൊമ്പൻ തുമ്പി ഉയർത്തി. മലയ്ക്കപ്പുറത്തു നിന്നും ആനക്കൂട്ടത്തിന്റെ ഗന്ധം ഒഴുകി വരുന്നു ണ്ടോ? ഒരാൾ ഇക്കരെ കാലിൽ ചങ്ങലയുമായി നടക്കുന്നുണ്ടെന്ന് അവർ അറിഞ്ഞിട്ടുണ്ടാകുമോ?
ഇപ്പോൾ വലിയകൊമ്പൻ കാടിനെക്കുറിച്ചു മാത്രം ഓർക്കുന്നു. കുട്ടികളുടെ കളിചിരികളിൽ നിന്ന് അവൻഅറിയാതെ മാറിപ്പോകുന്നു. വലിയകൊമ്പൻ മനസിൽ ഒരു കാട് വളർത്തി തുടങ്ങിയിരിക്കുന്നു. നിറയെ മരങ്ങൾ നിറഞ്ഞു നിൽക്കുന്ന കാട്. മുളങ്കാടുകൾ മാത്രം നിറഞ്ഞു നിൽക്കുന്ന ഇടങ്ങൾ. പുഴകൾ, തടാകങ്ങൾ…
അന്ന് കുളി പൂർത്തിയാകും മുമ്പേ അവൻ എഴുന്നേറ്റു.
കാലിൽ രണ്ടു ചുറ്റായിക്കിടന്നിരുന്ന ചങ്ങലയ്ക്ക് വല്ലാത്ത ഭാരം ഉണ്ടെന്ന് ആദ്യമായി തോന്നി. ഒരിക്ക ലും ആ ചങ്ങല ഊരിയതായി ഓർമ്മയില്ല. കഴുത്തിലിട്ട കയറിനും വല്ലാത്ത ഭാരം അനുഭവപ്പെടുന്നു.
കരയിൽ ഇട്ടിരുന്ന പനമ്പട്ട എടുക്കാനും തോന്നിയില്ല. അത് തന്റെ ഭക്ഷണമല്ല. ഇതൊന്നും തന്റെ ഇടമല്ല.
കുട്ടിശങ്കരൻ എന്താണ് പറയുന്നത് എന്ന് കേട്ടില്ല. പനമ്പട്ട എടുക്കാനായിരിക്കണം പറഞ്ഞത്. എന്തുകൊണ്ടോ ഇന്ന് കുട്ടിശങ്കരനേയും അനുസരിക്കാൻ തോന്നുന്നില്ല.
“ഗതി കെട്ടാൽ പുലി പുല്ലും തിന്നും എന്നു കേട്ടിട്ടില്ലേ. അതു പോലെയേ ഉള്ളു ഇതും. ഗതി കെട്ടാൽ ആന പനമ്പട്ടയും തിന്നുമെന്നാക്കാം.” അത് പറഞ്ഞ് കടുവ ചിരിച്ചതോർത്തു.
ആനക്കുളി കാണാൻ വന്ന ആരോ കുട്ടിശങ്കരനോട് പറയുന്നു: “ആനയ്ക്ക് അധിക സ്വാതന്ത്ര്യം അനുവദിച്ചു കൊടുക്കുന്നത് നല്ലതല്ല, തോട്ടിയുടെ മുനയിൽ നിർത്തണം എപ്പോഴും. അല്ലെങ്കിൽ….”
അയാൾ തുടർന്നു. “പനമ്പട്ട എടുപ്പിക്കുക തന്നെ വേണം. ആന അനുസരണക്കേട് കാട്ടിയാൽ പിന്നത്തേക്കു വെക്കരുത്”
കടുവ പറഞ്ഞത് ശരിയായിരിക്കാം. ഒരു കാട്ടുമൃഗത്തിന് കാട്ടിലേ സ്വാതന്ത്ര്യം കിട്ടൂ.
കുട്ടിശങ്കരൻ വീണ്ടും പറഞ്ഞപ്പോൾ വലിയകൊമ്പൻ പനമ്പട്ട തുമ്പിയിലെടുത്ത് കൊമ്പിൽ വെച്ചു.
/indian-express-malayalam/media/media_files/uploads/2021/06/krv-5-2.jpg)
വലിയകൊമ്പൻ കടുവ വരുന്നത് കാത്ത് നിന്നു. രാത്രിയാകാൻ ഇനിയും നേരമേറെയുണ്ട്. പക്ഷേ, കടുവ വന്നില്ല. വലിയകൊമ്പൻ അക്ഷമനായി. അവൻ പറഞ്ഞതൊക്കെയും നുണയായിരിക്കുമോ?
പക്ഷേ, തന്റെ ഉള്ളിൽ ഒരു കാടുവളരുന്നത് വലിയകൊമ്പന് അനുഭവപ്പെടാൻ തുടങ്ങി. അതിന്റെ കുളിരിൽ അവൻ സ്വപ്നങ്ങൾ കണ്ടങ്ങനെ നിൽക്കും.
വളരെ നാളുകൾക്കു ശേഷം ഒരു ദിവസം പാതിരാവ് കഴിഞ്ഞപ്പോഴാണ് കടുവ മതിൽ ചാടി വലിയ കൊമ്പന്റെ അടുത്തെത്തിയത്.
ക്ഷമ പറയും പോലെ കടുവ പറഞ്ഞു. "കഴിഞ്ഞ തവണ വരാൻ ആവുന്നത്ര ശ്രമിച്ചതാണ്. പുഴക്കരയിൽ ആരൊക്കെയോ എന്നെ കാത്തിരിക്കുന്നതു പോലെ എനിക്കു തോന്നി.”കടുവ വീണ്ടും സംസാരിക്കാൻ തുടങ്ങുമ്പോൾ വലിയകൊമ്പൻതടഞ്ഞു.
“നീ ആദ്യം കഴിഞ്ഞ തവണ ഞാൻ ചോദിച്ച ചോദ്യത്തിന് ഉത്തരം പറയുക. കാട്ടിൽ അത്രയും സ്വാത ന്ത്ര്യമുണ്ടെങ്കിൽ നീ എന്തിനാണ് നാട്ടിലേക്കു വരുന്നത്?”
കടുവാ ചോദിച്ചു. “ഏറ്റവും വലിയ അസ്വാതന്ത്ര്യം എന്താണന്നറിയാമോ?”
വലിയ കൊമ്പന് ദേഷ്യം വന്നു. അവൻ പറഞ്ഞു.” ഞാൻ എന്തു ചോദിക്കുമ്പോഴും നീ മറുചോദ്യം ചോദിച്ച് എന്റെ ചോദ്യത്തിൽ നിന്നും രക്ഷപ്പെടുന്നു. എനിക്കിപ്പോൾ വല്യ സംശയമുണ്ട്. നീ എന്നെ വഴി തെറ്റിക്കാൻ വന്നതാണെന്ന്.”
കടുവ ചിരിച്ചു. “സ്വാതന്ത്ര്യമില്ലാതെ കഴിയുന്ന എല്ലാവരുടേയും ചിന്ത അങ്ങനെയാണ്. ആരെങ്കിലും അവന്റെ സ്വാതന്ത്ര്യമില്ലായ്മയെ ഓർമ്മിപ്പിക്കുന്നത് തന്നെ പറ്റിക്കാനാണെന്ന്.”
വലിയകൊമ്പൻ പറഞ്ഞു.” നീ വലിയ ആളുകളെ പോലെ വലിയ വലിയ കാര്യങ്ങൾ പറയുന്നു. എനിക്കൊട്ടും മനസിലാകുന്നുമില്ല, കാട് എന്നൊന്ന് ഉണ്ടോ എന്നു പോലും എനിക്കിപ്പോൾ സംശയമുണ്ട്.”
കടുവ അതിലൊട്ടും ശ്രദ്ധിക്കാതെ പറഞ്ഞു. “ ലോകത്തിലെ ഏറ്റവും കഠിനമായ അസ്വാതന്ത്ര്യം താൻ ചെയ്യുന്നതൊക്കെയും എവിടെയോ ഇരുന്ന്ഒരാൾ നിരീക്ഷിക്കുന്നതാണെന്ന് എനിക്കു തോന്നുന്നു.”
വലിയകൊമ്പൻ കടുവയെ നോക്കി.
കുട്ടികളുടെ നോവൽ ചങ്ങല യുടെ മറ്റ് ഭാഗങ്ങൾ ഇവിടെ വായിക്കാം
“വലിയകൊമ്പാ ഇതാണ് എന്റെ പ്രശ്നം. ഞാൻ എവിടെ ചെന്നാലും അത് പെട്ടെന്ന് എല്ലാവരും അറിയുന്നു.”
ജീപ്പിന്റെ ശബ്ദം അടുത്തടുത്തു വരുന്നു. പെട്ടെന്ന് കടുവ മതിൽ ചാടി മറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us