ബാലസാഹിത്യ രചനയിൽ തന്റേതായ മുദ്രപതിപ്പിച്ച കെ ആർ വിശ്വനാഥൻ കുട്ടികൾക്കായി എഴുതുന്ന പുതിയ നോവൽ ആരംഭിക്കുന്നു.
ശ്രദ്ധേയമായ നിരവധി രചനകളുടെ കർത്താവും ഒട്ടേറെ പ്രശസ്ത പുരസ്കാരങ്ങൾ നേടിയ സാഹിത്യകാരനുമാണ് വിശ്വനാഥൻ എന്ന കുട്ടികളുടെ പ്രിയപ്പെട്ട എഴുത്തുകാരൻ.
കേരള സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യപുരസ്കാരം, ഭീമ ബാലസാഹിത്യ പുരസ്താരം എന്നിവ അദ്ദേഹത്തിനെ തേടിയെത്തിയിട്ടുണ്ട്. ചെറുകഥാകൃത്ത്, നോവലിസ്റ്റ് എന്നീ നിലകളിലും വിശ്വനാഥൻ അറിയപ്പെടുന്നു. ‘ ദേശത്തിന്റെ ജാതകം’ എന്ന നോവലിന് പൂർണ – ഉറൂബ് പുരസ്കാരം ലഭിച്ചിട്ടുണ്ട്.
മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ഇഴപിരിയാബന്ധമാണ് അദ്ദേഹത്തിന്റെ കൃതികളുടെകാതല്‍. പ്രകൃതിയിലേക്ക് തുറന്നു വയ്ക്കുന്ന ഒരു മൂന്നാംകണ്ണ്, കുട്ടികള്‍ക്ക് സമ്മാനിക്കുന്ന ഒരപൂര്‍വ്വാനുഭവമാണ് അദ്ദേഹത്തിന്റെ ബാലസാഹിത്യകൃതികൾ.
‘ആലിപ്പഴം,’ ‘കുഞ്ഞനാന,’ ‘ഹിസാഗ,’ ‘അമ്മാളുവമ്മയും കുട്ടികളും,’ ‘കബാല,’ ‘ബിസാറ,’ ‘പക്ഷിക്കോളനി,’ ‘കുഞ്ഞിക്കുറുക്കനും കൂട്ടുകാരും’ തുടങ്ങിയ ഓരോ രചനയും അത് അടയാളപ്പെടുത്തുന്നു.
എല്‍ പി സക്കൂള്‍ അദ്ധ്യാപകനായിരുന്ന കാലത്ത് കുട്ടികളുമായുള്ള അടുപ്പത്തിലൂടെ ലഭിച്ച അനുഭവം ഊര്‍ജ്ജമാക്കി എഴുതപ്പെട്ടവയാണ് അദ്ദേഹമഴുതിയ ബാലസാഹിത്യ കൃതികൾ. അതിനാൽ തന്നെ അവ കൂടുതൽ കുട്ടിത്തം തുളുമ്പുന്നതും ശിശുകേന്ദ്രീകൃതവുമാണ്.
ഐ ഇ മലയാളത്തിന്റെ വായനക്കാരെ സംബന്ധിച്ചടത്തോളം വിശ്വനാഥനെ പ്രത്യേകം പരിചയപ്പെടുത്തേണ്ടതില്ല. ‘കപോതോപനിഷത്ത്,’ ‘ശവപ്പെട്ടിക്കവല,’ ‘ദുശാനക്കളികൾ തുടങ്ങിയ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ കഥകൾ ഐ ഇ മലയാളത്തിലാണ് പ്രസിദ്ധീകരിച്ചത്.
‘ചങ്ങല’ എന്ന പുതിയ നോവലിൽ, ഒരാനയുടെയും കടുവയുടെയും കുട്ടികളുടെയും ഒരു ദേശത്തിന്റെയും മനസ്സുകള്‍ നിറയുന്നു. സ്വാതന്ത്ര്യം എന്നാലെന്താണെന്ന് കുട്ടികള്‍ക്ക് മനസ്സിലാവുന്ന ഭാഷയിൽ ഇതിൽ പറയുന്നു.
തീര്‍ച്ചയായും കുട്ടികളേ, നിങ്ങള്‍ക്ക് ഇഷ്ടമാവും ‘ചങ്ങല’ക്കഥയിലെ യിലെ വലിയ കൊമ്പന്‍ എന്ന, കുസൃതി-വികൃതി ആനയെ.

വലിയകൊമ്പന്റെ വരവ്
വലിയകൊമ്പനും ചെറിയ കൊമ്പനും വരുന്നുണ്ട്.
ഉച്ചനേരത്ത് കത്തുമായി വരുന്ന പോസ്റ്റ്മാനാണ് ആ വിശേഷം നാട്ടിൽ മുഴുവൻ എത്തിച്ചത്. രണ്ടു മൂന്നു ദിവസമായി അങ്ങനെ ഒരു വാർത്തയ്ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു, നാട്ടുകാരൊക്കെയും.
വൈകുന്നേരത്തോടെ വലിയകൊമ്പനും ചെറിയകൊമ്പനും നാട്ടിലെ ത്തും. വലിയകൊമ്പൻ ഒരു വലിയ കൊമ്പനാന തന്നെ. അവന്റെയത്ര വലിയകൊമ്പുള്ള ആനകൾ അടുത്ത ദേശത്തൊന്നുമില്ല. പൂരങ്ങളായ പൂരങ്ങളിലെല്ലാം എഴുന്നള്ളിപ്പിൽ പ്രമാണി. വലിയകൊമ്പൻ ഉണ്ടെങ്കി ൽ ഉത്സവത്തിന് പത്തരമാറ്റാണ്. ആളുകളും കൂടും.
ചെറിയകൊമ്പൻ വലിയകൊമ്പന്റെ ആനക്കാരൻ. അയാളുടെ നീണ്ടു വളഞ്ഞ കൊമ്പൻ മീശയാണ് ആ പേരിനു കാരണം. വലിയകൊമ്പന്റെ ആനക്കാരനായതിനുശേഷമാണ് അയാൾ ചെറിയകൊമ്പൻ എന്നറിയ പ്പെടാൻ തുടങ്ങിയത്. അതിനു മുമ്പ് അയാളേയും എല്ലാവരും വലിയ കൊമ്പൻ എന്നാണ് വിളിച്ചിരുന്നത്.
ചെറിയകൊമ്പൻ വലിയകൊമ്പന്റെ പാപ്പാനായിട്ട് രണ്ടു മൂന്നു വർഷങ്ങളായെങ്കിലും നാട്ടുകാരാരും വലിയകൊമ്പനെ നേരിൽ കണ്ടി ട്ടില്ല. ചെറിയകൊമ്പൻ ആ നാട്ടുകാരനാണ്. അയാൾ ലക്ഷ്മിക്കുട്ടി യുടേയും ചെറിയശങ്കരന്റേയും ആനക്കാരനായിരുന്ന കാലത്ത് ആനക ളെ പലപ്പോഴും വീടിനടുത്തുള്ള തെങ്ങിൻ തോട്ടത്തിൽ തളയ്ക്കുമായിരു ന്നു. അക്കാലം നാട്ടിലെ കുട്ടികളൊക്കെ തെങ്ങിൻ തോട്ടത്തിലെത്തും. ലക്ഷ്മിക്കുട്ടിക്ക് കുട്ടികളുമായി നല്ല ചങ്ങാത്തമുണ്ടായിരുന്നു. ചെറിയ ശങ്കരൻ കുട്ടികളോട് അടുക്കാൻ തുടങ്ങിയ കാലത്താണ് ചെറിയ കൊമ്പൻ അവനെ വിട്ട് വലിയകൊമ്പന്റെ പാപ്പാനായത്.
കുട്ടികളെല്ലാം വലിയകൊമ്പന്റെ വരവും കാത്തിരിക്കുകയാണ്. വലിയ കൊമ്പൻ ഇപ്പോൾ മറ്റൊരു പണിക്കും പോകാറില്ല. ഉത്സവങ്ങൾ കഴിഞ്ഞാൽ അവന്റെ ഉടമസ്ഥന്റെ വീട്ടുവളപ്പിൽ തളയ്ക്കുകയാണു പതി വ്. ചെറിയകൊമ്പൻ വലിയകൊമ്പനെ നാട്ടിലേക്ക് കൊണ്ടുവരുന്നത് ആദ്യമായിട്ടാണ്. ഇനി കുറച്ചുനാൾ വലിയകൊമ്പന് സുഖചികിത്സ യാണ്. അതിനാണ് അവനെ ഇങ്ങോട്ട് കൊണ്ടുവരുന്നത്. അടുത്തു പുഴയുണ്ട്. ആനയെ തളയ്ക്കാൻ നല്ല തെങ്ങിൻ തോട്ടമുണ്ട്. നല്ല തീറ്റയും കിട്ടും.
ഉത്സവങ്ങളിൽ കോലവും എഴുന്നള്ളിച്ച് തലയെടുപ്പോടെ നിൽക്കുന്ന വലിയകൊമ്പന്റെ ചിത്രങ്ങൾ പത്രങ്ങളിലും ടിവിയിലും യൂട്യൂബിലും കണ്ടിട്ടുണ്ട്. നാട്ടിലെ ആനപ്രേമികൾ വലിയകൊമ്പനെ കാണാൻ വേ ണ്ടി മാത്രം ദൂരസ്ഥലങ്ങളിൽ ഉത്സവത്തിനു പോകാറുണ്ട്. അങ്ങനെ കണ്ടവർ കുറച്ചു പേരേയുള്ളു.

കുറച്ചുകാലം മുമ്പു വരെ വലിയകൊമ്പനെ തടിപിടിപ്പിക്കാൻ കൊണ്ടു പോകുമായിരുന്നു. എഴുന്നള്ളത്തിനു പോയി പേരെടുത്തതോടെ അതു വേണ്ടെന്നു വെച്ചു. ഇനി സുഖചികിത്സയെല്ലാം കഴിഞ്ഞ് നാട്ടിലെ അമ്പലത്തിലെ ഉത്സവവും കഴിഞ്ഞേ അവൻ പോകൂ. അതുവരെ തെങ്ങിൻ തോട്ടത്തിൽ കാണും.
വൈകുന്നേരം വരെ കുട്ടികൾ ആനച്ചങ്ങലയുടെ കിലുക്കം കേൾക്കുന്നുണ്ടോ എന്നു ചെവിയോർത്തിരുന്നു. കുട്ടികൾ മാത്രമല്ല, ഒട്ടുമിക്ക ആളുകളും.
വൈദ്യരുടെ അങ്ങാടിമരുന്ന് കടയുടെ കോലായിൽ നാലഞ്ചാളുകൾ കൂടിയിട്ടുണ്ട്. അവിടെ നിന്നും വൈദ്യരുടെ ഒച്ച കേട്ടു. നാട്ടിൽ ഏതു വാർത്തയും ആദ്യമെത്തുന്നത് വൈദ്യരുടെ കടയിലാണ്. അയാൾ കടയിൽ വരുന്നവരോടും വഴിയിൽ കൂടി പോകുന്നവരോടും അതെ ല്ലാം പറഞ്ഞ് നാടുമുഴുവൻ എത്തിക്കും. കഷായക്കൂട്ടുകൾക്കുള്ള അങ്ങാടിമരുന്നുകൾ നുറുക്കുന്നതിനിടയിൽ കാര്യങ്ങൾ കടയിൽ വരു ന്നവരോട് ചർച്ച ചെയ്യുകയും ചെയ്യും.
“ഇല്ല…തീർച്ചയായും ഇല്ല.” വൈദ്യർ കടയുടെ വരാന്തയിൽ ഇരിക്കുന്നവരോടു പറഞ്ഞു. ”വല്യകൊമ്പനും കൊച്ചുകൊമ്പനും നടന്നു തന്നെയേ വരൂ. അതാ ഇത്ര അമാന്തിക്കണത്.”
“ഇപ്പോ ആനയുടെ വരവും പോക്കും ഒക്കെ വണ്ടിയിലേ പറ്റൂള്ളു എന്നൊണ്ട്. പണ്ടത്തേപ്പോലെ വല്ലാണ്ട് നടത്തിക്കാനൊന്നും പറ്റില്ല. കേസാകും.“ കേൾവിക്കാരിലൊരാൾ പറഞ്ഞു.
വൈദ്യർ ഉറക്കെ ചിരിച്ചു. “നിങ്ങള് പത്രത്തിൽ വായിച്ചില്ലേ. കഴിഞ്ഞ തവണ എങ്ങാണ്ട് ഉത്സവത്തിനു കൊണ്ടോകാന് ലോറിയേൽ കേറ്റാൻ തൊടങ്ങീതാ… ഒരു കാലെടുത്തു വല്യകൊമ്പൻ വച്ചതേയുള്ളു… ദാ അപ്പോ ലോറീടെ നടുവങ്ങ് ഞെരിഞ്ഞൊടിഞ്ഞു. അതിപ്പിന്നെ എവടേം നടന്നു പോകാനൊള്ള ലൈസൻസ് അവനു കിട്ടീട്ടൊണ്ട്.”
വൈദ്യർ പറയുന്നതിൽ പാതിയേ എല്ലാവരും വിശ്വസിക്കാറുള്ളു. എന്നാലും ആനയെക്കുറിച്ചുള്ള ഒരു നുണക്കഥ പോലും കേൾക്കാൻ ആളുകൾക്കിഷ്ടമാണ്.
വലിയ കൊമ്പന്റെ വരവ് രാത്രിയാകാനാണ് സാധ്യതയെന്ന് വൈദ്യർ പറഞ്ഞു.
“ചെറിയകൊമ്പന്റെ മൊബൈൽ ഫോണിലേക്ക് ഞാൻ രാവിലെതൊട്ട് വിളിക്കണതാണ്. അയാളെ കിട്ടണതേയില്ല. ഔട്ട് ഓഫ് റെയിഞ്ചാന്ന് പറയണു. അയാളിനി ആനേം കൊണ്ട് വേറെ വല്ല ദേശത്തും പോയോ എന്തോ? ആർക്കറിയാം.” ഒരു ആനപ്രേമി സംശയം പറഞ്ഞ് വീണ്ടും ചെറിയകൊമ്പനെ വിളിച്ചു നോക്കി. ഔട്ട് ഓഫ് റെയിഞ്ച് തന്നെ.
വൈദ്യർ മുറുക്കാൻ ചണ്ടി തുപ്പി പറഞ്ഞു. “ചെറിയകൊമ്പൻ ഔട്ട് ഓഫ് റെയിഞ്ച് ആകൂന്ന് പറയണത് ശരിയായിരിക്കും.” അയാൾ എല്ലാവരേയും നോക്കി. “ചെറിയകൊമ്പൻ ഇപ്പോ ആനപ്പൊറത്താകും. അതാ റെയിഞ്ച് കിട്ടാതെ പോണത്. അത്ര ഉയരോണ്ട് നമ്മടെ വലിയ കൊമ്പന്. ഞാനോരോ തവണ കാണുമ്പളും അവന് രണ്ട് രണ്ടര ഇഞ്ചെങ്കിലും വെച്ച് പൊക്കം കൂടീട്ടൊണ്ട്.”

കേൾവിക്കാർ അതിശയം കൊണ്ടു. ആനക്കാര്യം പറയുമ്പോൾ അതും വിശ്വസിക്കാം. അതിശയം കൊള്ളാം.
വലിയ കൊമ്പനെക്കുറിച്ച് ഇനിയും വൈദ്യർ എന്തെങ്കിലും പറയുമെന്നോർത്തു. അയാൾ അഞ്ചെട്ടുത്സവങ്ങൾക്കെങ്കിലും വലിയ കൊമ്പനെ കാണാൻ വേണ്ടി മാത്രം യാത്ര ചെയ്തിട്ടുണ്ട്.
“തെക്കെങ്ങാണ്ട് അവൻ ഉത്സവത്തിനെടക്ക് ഒന്നെടഞ്ഞെന്നു കേട്ടല്ലോ വൈദ്യരേ.?
വൈദ്യർ പറഞ്ഞു. “അന്ന് ഞാനും അവടെ ഒണ്ടായിരുന്നു. തിരുവിതാം കൂറില്. അവടെ എന്താ സംഭവിച്ചത്? തേവരടെ എഴുന്നള്ളപ്പിനിടയില് നാദസ്വരം വായിച്ചു കൊണ്ടിരുന്ന തമിഴന് എന്തോ ഒന്നു പെഴച്ചു. ആർക്കും അതു പിടികിട്ടിയില്ല. നമ്മടെ വലിയ കൊമ്പന് അതു പിടി കിട്ടി. അതാ അന്നവൻ എടഞ്ഞത്.”
വലിയകൊമ്പനെ മാത്രമല്ല ഒരാനയേയും താനല്ലാതെ വേറാരും കുറ്റപ്പെടുത്തുന്നത് വൈദ്യർക്കിഷ്ടമല്ല. ആരെങ്കിലും കുറ്റം പറഞ്ഞാൽ അയാൾക്ക് അതിനു മതിയായ ഒരു സമാധാനമുണ്ടാകും.
വൈദ്യർ പറഞ്ഞു. “ആരും അവനെപറഞ്ഞാ കേൾപ്പിക്കാൻ നോക്കാതിരുന്നാൽ മതി. എന്നാൽ, പിന്നെ ഒരു ശല്യോം ഒണ്ടാകില്ല. അത്ര അടക്കോം ഒതുക്കോം അവനൊണ്ട്.”
വലിയകൊമ്പനെക്കുറിച്ച് പറഞ്ഞിട്ട് വൈദ്യർക്ക് മതി വരുന്നില്ല. കേൾക്കുന്നവർക്കും മതിയാകുന്നില്ല. ആനക്കഥകൾ അങ്ങനെയാണ്.
അവനെ അങ്ങ് എഴുന്നള്ളിച്ചു നിർത്തിക്കഴിഞ്ഞാൽ ആനക്കാരൻ ചെറിയകൊമ്പൻ അവന്റെ മുന്നിൽ ഒന്നുരണ്ട് പനമ്പട്ട എടുത്തിട്ട് മുൻകാലിൽ കാരക്കോലും വെച്ച് പിൻകാലിൽ ചാരിയിരുന്നുറങ്ങും.. കൂർക്കം വലിച്ച്. വലിയകൊമ്പൻ പനമ്പട്ട കൊറേച്ചേ കൊറേച്ചേ എടുത്തെടുത്ത് വായിലിട്ട്, “വൈദ്യർ ഒന്ന് നിർത്തി. അടുത്ത മുറുക്കാൻ വായിലേക്ക് കയറ്റി ചവച്ചു.
വെറ്റില മുറുക്കുന്നതിനിടയിൽ അയാൾ പറയുന്നതൊന്നും അത്ര വ്യക്തമാവില്ല. അതു കൊണ്ട് കേൾവിക്കാർ ചെവി കൂർപ്പിച്ചു പിടിച്ചു.
“പനമ്പട്ട ഓരോന്നെടുത്ത് വായിലിട്ട് ചവച്ച്, നാദസ്വരമാണെങ്കിൽ അത്… പഞ്ചവാദ്യാണേ അത്. അതും കേട്ടങ്ങനെ അതിനൊപ്പിച്ച് ചെവിയാട്ടി രസം പിടിച്ചങ്ങനെ നിൽക്കും. ഒന്നനങ്ങുക പോലുമില്ല. നാദസ്വരോം പഞ്ചവാദ്യോക്കെ പെഴക്കാതിരുന്നാ മതി.”
ഒരാൾ സംശയം ചോദിച്ചു. “അവനൊന്നനങ്ങുക പോലുമില്ലെങ്കിൽ പിന്നെന്തിനാ കാരക്കോലു മുങ്കാലിൽ വെക്കണത്. അതിലെന്തെങ്കിലും കാര്യോണ്ടോ വൈദ്യരേ? കാണുമല്ലോ?“
കാരക്കോല് ആനയുടെ കാലിൽ വെക്കുന്നത് അനങ്ങരുതെന്ന് ആനയ്ക്കുള്ള നിർദ്ദേശമാണ്.
വൈദ്യർ മുറുക്കാൻ നീര് ഉള്ളിലേക്ക് രണ്ട് വട്ടം ഇറക്കി പെട്ടെന്ന് ഉത്തരം കണ്ടെത്തി.
“അതാ കഥ” വൈദ്യർ പറഞ്ഞു. “പഞ്ചവാദ്യോം നാദസ്വരോം ഒക്കെ അവസാനിക്കാൻ പോകുവാന്ന് കണ്ടാ ഒടനെ വലിയകൊമ്പൻ എന്തു ചെയ്യുമെന്നോ?” വൈദ്യർ ചുറ്റും നിന്നവരോട് ചോദിച്ചു.
“എന്തു ചെയ്യും.?”

വൈദ്യർ തുടർന്നു. “അപ്പോഴേക്കും ആനക്കാലിൽ ചാരി ചെറിയ കൊമ്പൻ നല്ല ഉറക്കമായിക്കാണും. നമ്മടെ വലിയകൊമ്പൻ കാരക്കോലെടുത്ത് നമ്മടെ ചെറിയകൊമ്പന്റെ തൊടേല് മെല്ലെ ഒന്നടിക്കും… കുഞ്ഞൊരടി. എന്തിനാ?“
കേട്ടിരുന്നവർ പരസ്പരം നോക്കി. എന്തിനാ? അവർക്കതിന് ഉത്തരം കണ്ടെത്താൻ കഴിഞ്ഞില്ല.
“ചെറിയകൊമ്പനെ ഉറക്കത്തിൽ നിന്നും ഉണർത്താൻ.”
കേൾക്കാനിരുന്നവർ അതിനും തലയാട്ടി. ആനക്കഥ അങ്ങനെ വേണം കേൾക്കാൻ. കഥ പറയുന്ന ആളോട് ചോദ്യം പാടില്ല. രസച്ചരട് പൊട്ടും.
രാത്രി പതിനൊന്നു മണിവരെ കാത്തിരുന്നിട്ടും വലിയകൊമ്പനും ചെറിയ കൊമ്പനും വന്നില്ല. വൈദ്യർ മൂക്കൊന്നു ചുളിപ്പിച്ചു കൊണ്ടു പറഞ്ഞു. അയാൾക്ക് ആനയുടെ ചൂരു പിടിക്കാനറിയാം.
“ഒരു അഞ്ച് അഞ്ചര കിലോമീറ്ററിനുള്ളിലെങ്ങും വലിയകൊമ്പൻ എത്തിയിട്ടില്ല. ഇന്നിനി പ്രതീക്ഷ വേണ്ട.” വൈദ്യർ പറഞ്ഞു.
വലിയ കൊമ്പനും ചെറിയ കൊമ്പനും എന്തോ പറ്റിയിട്ടുണ്ട്. ഒറപ്പാ.
വൈദ്യർ മൊബൈൽ എടുത്തു ചെറിയകൊമ്പനെ വിളിച്ചു. കിട്ടുന്നില്ല. വലിയകൊമ്പനും ചെറിയകൊമ്പനും ഇപ്പോഴും റെയിഞ്ചിന് പുറത്താണ്.
“അയാളിപ്പം ആനപ്പൊറത്തിരുന്ന് നല്ല ഉറക്കമായിരിക്കും.”