ഗപ്പിലോകം
കാത്തു എന്ന് പെണ്ണിന് പേര്. പാക്കരൻ എന്ന് ആണിന്റെ പേര്. അപ്പു, അപ്പുവിന്റെ ഗപ്പി മീനുകൾക്കിട്ടിരിക്കുന്ന പേരുകളാണിതൊക്കെ കേട്ടോ.
ഒരു ഉരുണ്ട സ്ഫടിക ഭരണിയിലെ വെള്ളത്തിലാണ് ഗപ്പിയെ അപ്പൂപ്പനും അപ്പുവും കൂടി ഇട്ടു വച്ചിരിക്കുന്നത്. അവർ നിർത്താതെ നീന്തിക്കൊണ്ടേയിരിക്കും. ഇടയ്ക്ക് രണ്ടാളും മുഖം മുട്ടിച്ച് വാലു പിടപ്പിച്ച് എന്തൊക്കെയോ കാര്യങ്ങൾ പറയുന്നത് കാണാം.
നമ്മടെ അപ്പു ഒരു നല്ല കുട്ടിയാണ്, ഇപ്പം മുറ്റത്തു നിന്ന് പറന്നു വന്ന തുമ്പിയുടെ പേരെന്തായിരിക്കും, ആ ഭിത്തീലിരിക്കുന്ന തുറു കണ്ണൻ പല്ലിയോട് നമുക്കു കൂട്ടുവേണ്ട എന്നൊക്കെയാവും അവർ തമ്മിൽത്തമ്മിൽ പറയുന്നത് എന്നാണ് അപ്പുവിന് തോന്നുന്നത്.
പാക്കരനെ കാണാനാണ് ഭംഗി. അവനാണ് വലിപ്പവും. പാക്കരനതിന്റെ ഗമയും നല്ലോണമുണ്ട്. പാക്കരനും കാത്തുവും തിമിംഗലത്തോളമായി സ്ഫടികക്കുപ്പി പൊട്ടിച്ചു പുറത്തു ചാടുന്നത് അപ്പു ഇന്നാള് സ്വപ്നം കണ്ടു. അവര് അപ്പുവിനെ വിഴുങ്ങുമോ എന്നു പേടിച്ച് ഉച്ചയുറക്കത്തിൽ നിന്ന് കരഞ്ഞുണർന്ന് നോക്കുമ്പോഴുണ്ട് പാക്കരനും കാത്തുവും അപ്പുവിനെത്തന്നെ നോക്കി സ്ഫടികക്കുപ്പിയുടെ അരികിൽത്തന്നെ നിൽക്കുന്നു. അപ്പുവിനെന്താ പറ്റിയത് എന്നവർ പേടിച്ചു പോയിക്കാണും.

വികൃതി കാണിക്കുമ്പോഴൊക്കെ അപ്പുവിനെ അമ്മ തുരുതുരാ വഴക്കു പറയാറില്ലേ, അപ്പോ അപ്പു കാത്തുവിനോടും പാക്കരനോടും മിണ്ടിയാണ് സങ്കടം തീർക്കാറുള്ളത്. വിഷമിക്കണ്ടാട്ടോ എന്ന് പറയുമ്പോലെ അവര് രണ്ടാളും അപ്പോ അപ്പുവിനെ നോക്കും. അവരെങ്ങാൻ തിമിംഗലമായിപ്പോയാൽപ്പിന്നെ അപ്പു ആരോടാണ് സങ്കടം പറയുക? അവർക്ക് മീങ്കുഞ്ഞുങ്ങളുണ്ടാകുമ്പോ, അപ്പുവല്ലാതെ വേറാരണവർക്ക് നല്ല നല്ല പേര് കണ്ടു പിടിച്ചു കൊടുക്കുക? ഉർവ്വശി, രംഭ, തിലോത്തമ, രാവണൻ, വിഭീഷണൻ, കുംഭകർണ്ണൻ, എം എസ് ധോണി, ജഡേജ, രാഹുൽ ഗാന്ധി – ഇത്രയും പേരുകൾ അപ്പു സ്റ്റോക്ക് ചെയ്തിട്ടുണ്ട്. കുട്ടികൾക്ക് പേരുകൾ എന്ന ഒരു പുസ്തകവും അപ്പുവിന്റെ കൈയിലുണ്ട്. ഇനി പാക്കരനും കാത്തുവിനും കുട്ടികൾ ഉണ്ടാവണം, അതാണപ്പു കാത്തിരിക്കുന്നത്.
Priya AS Malayalam Stories for Children
അമ്മിണിത്താരക
അമ്മിണിയ്ക്ക് ഉറങ്ങാൻ നേരം എന്നും പാട്ടു വേണം. അമ്മേ, അമ്മേ നമ്മുടെ അമ്പിളി അമ്മാവനെപ്പോ വരും, അമ്മിണിത്താരകൾ കുഞ്ഞിന്റെ കൂടെ അത്താഴമുണ്ണാനെപ്പോവരും? – അമ്മ പാടുന്നതിൽ വച്ച് അമ്മിണിക്കേറ്റവും ഇഷ്ടം ഈ പാട്ടാണ്.
എന്നും അമ്മിണി, അമ്മയെക്കൊണ്ട് രാത്രി കിടന്നുറങ്ങാൻ നേരം ഈ പാട്ട് നാലഞ്ചു തവണ പാടിക്കും. ‘ഈ മനുഷ്യക്കുട്ടികളെയൊക്കെ വളർത്താൻ എന്തൊരു പാടാണ്’ എന്നു പറഞ്ഞ് തലയിൽ കൈവച്ച് ഒരിരിപ്പിരിക്കും അപ്പോഴമ്മ. അത് കാണുമ്പോ, അമ്മിണിക്ക് ചിരി പൊട്ടും പഞ്ഞിക്കായ പൊട്ടിച്ചിതറും പോലെ. ഒടുക്കം അമ്മയും ചിരിക്കുടുക്കയായി ‘ഓ, എന്റെ അമ്മിണിത്താര കേ, ഇനി പാട്ടുമതി, വേഗം ഒന്നുറങ്ങിക്കേ’ എന്നു പറയും. അപ്പോ അമ്മിണിക്കു നല്ല സന്തോഷം വരും.
അമ്മിണിത്താരക! എന്തൊരു നല്ല പേരാണത്… അമ്മിണിയുടെ പേരും അമ്മിണിത്താരക എന്നാക്കിയാൽ മതിയായിരുന്നു. താരക എന്നു വച്ചാൽ നക്ഷത്രം. എപ്പഴും തിളങ്ങുന്നയാളാണല്ലോ നക്ഷത്രം. ‘അമ്മിണിത്താരകേ’ എന്നാരോ അവളെ വിളിച്ചുവെന്നും അപ്പോ അമ്മിണി, നക്ഷത്രം പോലെ തിളങ്ങിയെന്നും ചുറ്റും സൂക്ഷിച്ചു നോക്കിയപ്പോഴാണ് അപ്സരാ ജലാലുദ്ദീൻ എന്ന പാവയാണ് അമ്മിണിയെ അങ്ങനെ വിളിച്ചതെന്നു മനസ്സിലായതെന്നും അമ്മയോട് പറഞ്ഞപ്പോൾ അമ്മ കണ്ണു വിടർത്തിക്കേട്ടു.
അമ്മയെ അപ്പോൾ അപ്സരാ ജലാലുദ്ദീൻ, വല്യ കണ്ണിപ്പെണ്ണേ എന്നു വിളിച്ചത് അമ്മ കേട്ടില്ല എങ്കിലും അമ്മിണി ശരിയ്ക്കും കേട്ടു. അതെന്താ അമ്മയ്ക്ക് കേൾക്കാമ്പറ്റാത്തതെന്നോ? അമ്മ, വലുതല്ലേ? കുട്ടികൾക്കേ പാവകളുടെ സംസാരം മനസ്സിലാവൂ.
ഇന്നാളമ്മയ്ക്ക് പനി വന്ന് ‘അമ്മേ, അമ്മേ, നമ്മുടെ അമ്പിളി അമ്മാവൻ…’ പാടാൻ പറ്റാതെ ചുമയൊക്കെ ആയപ്പോൾ, അപ്സരയാണ് അമ്മിണിക്കാ പാട്ട് പാടി കൊടുത്തത്.

അമ്മ പാടുന്നത്ര ശരിയായില്ല എന്നു പറഞ്ഞപ്പോ, അപ്സരയ്ക്ക് ഇഷ്ടപ്പെട്ടില്ല. പിന്നെ അമ്മിണി, അപ്സരയെക്കുറിച്ച് ‘അപ്സരേ സുന്ദരീ’ എന്നൊക്കെ പാട്ടുണ്ടാക്കി പാടിയാണ് അവളെ പിന്നേം കൂട്ടാക്കിയത്… ഹൊ! ഈ പാവക്കുട്ടികളെ വളർത്താനൊക്കെ എന്തു പാടാണ്!
ഒരു കഥയും കൂടി വായിക്കാന്‍ തോന്നുണ്ടോ, എന്നാല്‍ ഇതാ
Priya AS Malayalam Stories for Children: കഥനേരം-തെറ്റാലിത്താഷി