Latest News

മിലിയുടെ ആകാശം: കുട്ടികളുടെ നോവല്‍-അവസാന ഭാഗം

മനുഷ്യനും മൃഗങ്ങളും മരങ്ങളും ചെടികളും ഒത്തു ചേര്‍ന്ന് മധുരമായ സംഗീതം അവള്‍ക്ക് വേണ്ടി പൊഴിച്ചു കൊണ്ടേയിരുന്നു. ഏതൊക്കെയോ പൂക്കള്‍ അസുലഭമായ സുഗന്ധങ്ങളാല്‍ അവളെ സന്തോഷിപ്പിച്ചു. നിറങ്ങളുടെ മായാജാലത്തില്‍ മോഹിതയായി അവള്‍ പറന്നു കൊണ്ടേയിരുന്നു. എല്ലാം മറന്ന് പറന്ന് പറന്ന് അവള്‍ അവിടുത്തെ ഒരു കുട്ടിയായി മാറി

K A Beena, Childrens Novel, IE Malayalam

പറന്ന് പറന്ന് കുറേ ദൂരം കഴിഞ്ഞപ്പോള്‍ കുറച്ച് താഴെ തിളങ്ങുന്ന റോസ് നിറത്തിലുള്ള ഒരു സ്ഥലം അവര്‍ കണ്ടു.

”ഇവിടെയാണ് നമുക്ക് പോകേണ്ടത്.” അവര്‍ പതുക്കെ താഴേക്കിറങ്ങി.

മിലിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. മരങ്ങളും ചെടികളും വായുവില്‍ പാറി നടക്കുന്നു, മിലി ഒരിക്കലും കണ്ടിട്ടില്ലാത്ത നിറങ്ങളാണ് പല പൂക്കള്‍ക്കും ഇലകള്‍ക്കും. ഇലകള്‍ക്ക് പച്ച നിറമേ ഇല്ല. നീല, വയലറ്റ്, പര്‍പ്പിള്‍, കറുപ്പ്, ബ്രൗണ്‍ അങ്ങനെ പല നിറങ്ങളിലുള്ള പൂക്കള്‍. ഇലകള്‍ക്ക് ചുവപ്പും, റോസും, ഓറഞ്ചും ഒക്കെയുണ്ട് നിറങ്ങള്‍.

ഭൂമിയില്‍ കാണാത്ത തരം വലിപ്പമാണ് ചെടികള്‍ക്കും മരങ്ങള്‍ക്കും പൂക്കള്‍ക്കും. വായുവില്‍ ഒഴുകി നടക്കുന്ന ചെടികള്‍ക്കിടയില്‍ ചിത്രശലഭങ്ങളെയും തുമ്പികളെയും കിളികളെയും മിലി കണ്ടു. അവര്‍ക്കെല്ലാം വലിപ്പമുണ്ട്. ചിത്രശലഭങ്ങള്‍ക്ക് മിലിയുടെ ടെക്സ്റ്റ്ബുക്ക് വിടര്‍ത്തി വയ്ക്കുന്നത്രയുണ്ട് വലിപ്പം. ചിത്രശലഭങ്ങളുടെ ചിറകുകളില്‍ എന്തൊക്കെയോ എഴുതിയിരിക്കുന്നു. തുമ്പികളൊക്കെ വെള്ള നിറക്കാരാണ്. അവര്‍ക്കും വലിപ്പമുണ്ട്. കിളികളാണെങ്കില്‍ മരച്ചില്ലയില്‍ ഇരിക്കുന്നില്ല, പകരം പൂക്കളിലാണ് ഇരിക്കുന്നത്. കിളികളെ കണ്ടാല്‍ മനുഷ്യരെ പോലെ തോന്നും, എപ്പോഴും ചിരിച്ചു കൊണ്ടേയിരിക്കുന്ന കിളികള്‍.

”ഇവിടുത്തെ ചെടികളും മരങ്ങളും കിളികളും തുമ്പികളും ചിത്ര ശലഭങ്ങളും മൃഗങ്ങളും ഒക്കെ സംസാരിക്കും മോളെ.”

സുനിതാന്റി പറഞ്ഞതു കേട്ട് മിലി അമ്പരന്നു. ”എന്നോടും മിണ്ടുമോ? ഞാന്‍ സംസാരിച്ചു നോക്കട്ടെ,”
മിലി അത്ഭുതത്തോടെ ചോദിച്ചു.

ka beena , childrens novel, iemalayalam
”നമുക്ക് മിണ്ടാന്‍ പറ്റുമോ എന്തോ? ഇവിടെ ജീവജാലങ്ങള്‍ക്കൊക്കെ ഒരേ ഭാഷയാണ്. മനുഷ്യരെപോലെയുള്ളവരുടെ ഭാഷയും മറ്റ് ജീവികളുടെയും ചെടികളുടെയും ഭാഷയും ഒക്കെ ഒന്നാണ്. അവരൊക്കെ തമ്മില്‍ വലിയ വര്‍ത്തമാനമാണ്. നമ്മുടെ സ്‌പേസ് സെന്ററില്‍ ഇവരുടെ ഭാഷയെയും ജീവിതത്തെയും കുറിച്ച് ഗവേഷണം നടക്കുന്നുണ്ട്.”

മിലി മുന്നിലുള്ള കാഴ്ച സൂക്ഷിച്ചു നോക്കി, ചെവി കൂര്‍പ്പിച്ച് കേള്‍ക്കാന്‍ നോക്കി – പാറിപ്പറക്കുന്ന ചെടികള്‍ക്കും മരങ്ങള്‍ക്കും ചിത്രശലഭങ്ങള്‍ക്കും, തുമ്പികള്‍ക്കും കിളികള്‍ക്കുമിടയില്‍ അവള്‍ ഒരത്ഭുതം കണ്ടു. പറന്നു വരുന്ന മനുഷ്യര്‍. അവര്‍ക്ക് വലിപ്പം തീരെ കുറവാണ്, കൈകള്‍ക്കും കാലുകള്‍ക്കും നല്ല നീളമുണ്ട്. കൈകാലുകള്‍ വായുവില്‍ ചലിപ്പിച്ച് അവര്‍ മിലിയുടെയും, ആന്റിയുടെയും അടുത്തു വന്നു.

പൂക്കളെ പോലെ, ചിത്രശലഭങ്ങളെ പോലെ അവര്‍ക്കും ചിരിക്കുന്ന മുഖങ്ങളായിരുന്നു. അടുത്തെത്തിയപ്പോഴാണ് മിലി ശരിക്കും കണ്ടത്, ചിത്ര ശലഭങ്ങളെ പോലെ അവര്‍ക്കും മനോഹരങ്ങളായ ചിറകുകളുണ്ട്. അതില്‍ നിറയെ ചിത്രങ്ങളുണ്ട്. തീരെ ചെറിയ അവരുടെ രൂപം കണ്ട് ഗള്ളിവേഴ്സ് ട്രാവല്‍സിലെ ലില്ലിപുട്ടുകളെ അവള്‍ക്ക് ഓര്‍മ്മ വന്നു.

പറന്നുകൊണ്ട് തന്നെ അവര്‍ ആന്റിയോട് സംസാരിച്ചു. ആന്റി പറഞ്ഞത് കേട്ട് സന്തോഷത്തോടെ മിലിയുടെ ചുറ്റും പറന്ന് നടന്ന് എന്തൊക്കയോ ശബ്ദങ്ങള്‍ പുറപ്പെടുവിച്ചു. അതു കേട്ട് അവിടെയുണ്ടായിരുന്ന ചെടികളും പൂക്കളും ചിത്രശലഭങ്ങളും തുമ്പികളും കിളികളും ഒക്കെ കുറച്ചു സമയം അനങ്ങാതെ, നിശ്ശബ്ദരായി നിന്നു. നിശ്ശബ്ദതയിലൂടെ അവര്‍ മിലിയെ സ്വാഗതം ചെയ്യുകയാണെന്ന് ആന്റി പറഞ്ഞു – മിലിയും അനങ്ങാതെ നിന്നു – പെട്ടെന്ന് മനോഹരമായ സംഗീതത്തിന്റെ തുടക്കമായി.

ചുറ്റുമുള്ള പ്രപഞ്ചം അവര്‍ക്കുമുന്നില്‍ സംഗീതം പൊഴിച്ച് നൃത്തം ചെയ്തു. മിലിക്ക് കുളിര് കോരി. ഇത്രസുന്ദരമായ ഒരു അനുഭവം അവള്‍ക്കിതേവരെ ഉണ്ടായിട്ടില്ല. അവരുടെ കൂടെ ചെല്ലാന്‍ അവിടെ വന്ന മനുഷ്യരെ പോലെയുള്ള ജീവികള്‍ ആവശ്യപ്പെട്ടു. ആന്റിയോടൊത്ത് മിലി അവര്‍ക്ക് പിന്നാലെ പറന്നു ചെന്നു. പറന്നു നടക്കുന്ന ചെടികള്‍ക്കും മരങ്ങള്‍ക്കും ഇടയിലൂടെ അവര്‍ പോയി. ഒരിക്കല്‍ പോലും അവയെ തട്ടുകയോ മുട്ടുകയോ ചെയ്തില്ല.

കുറേ നേരം പറന്ന് അവര്‍ ഒരു മലയുടെ ചോട്ടിലെത്തി. മല നിറയെ മനുഷ്യരായിരുന്നു. അവരെല്ലാം കുഞ്ഞു രൂപങ്ങള്‍ ആയിരുന്നു. മിലി യെക്കാളും ചെറുത്. നീണ്ട കാലുകളും കൈകളും ചിത്രശലഭചിറകുകളും എല്ലാവര്‍ക്കും ഉണ്ടായിരുന്നു. അവര്‍ പറന്നു നടന്നു കൊണ്ടേയിരുന്നു, അവിടെയും മരങ്ങളും ചെടികളും ജീവജാലങ്ങളുമൊക്കെ പറന്നു നടക്കുന്നുണ്ടായിരുന്നു. അവയ്ക്കിടയില്‍ പറക്കുന്ന പട്ടികളെയും പൂച്ചകളെയും ഒരു പാട് മൃഗങ്ങളെയും മിലി കണ്ടു. അവള്‍ക്ക് പേടിയായി. ഏറ്റവും പേടിച്ചത്, പറന്നു നടക്കുന്ന പാമ്പുകളെ കണ്ടപ്പോഴായിരുന്നു. അവള്‍ വിരണ്ട് ആന്റിയെ നോക്കി. ആന്റി സമാധാനിപ്പിച്ചു.

”ഇവയൊന്നും വിഷമുള്ള ജീവികളല്ല. ആരെയും കടിക്കില്ല. ഇവിടെ മനുഷ്യരും മൃഗങ്ങളും ഒക്കെ സ്‌നേഹം മാത്രം ഉള്ളവരാണ്. ആരും ആരെയും ഉപദ്രവിക്കില്ല.”

മിലിക്ക് അത് കേട്ട് സന്തോഷമായി. എന്തു നല്ല ഒരു നാട്.

 

ka beena , childrens novel, iemalayalam

കുറെ കുഞ്ഞു മനുഷ്യര്‍ അവരുടെ അടുത്തേക്ക് പറന്നു വന്നു. ചുറ്റും പാറിപ്പറന്ന് സ്വീകരിച്ചു. ആന്റിയോട് അവര്‍ എന്തോ സംസാരിച്ചു.

”മോള്‍ക്ക് വിശക്കുന്നുണ്ടോ എന്നാണ് ചോദിക്കുന്നത്.”

മിലി ചുറ്റും നോക്കി വീടുകളോ കെട്ടിടങ്ങളോ ഒന്നും അവള്‍ കണ്ടില്ല. എവിടെയാണ് ഭക്ഷണം കഴിക്കുക? അവള്‍ ആന്റിയോട് ചോദിച്ചു.
”ഇവര്‍ക്ക് വീടുകളും അടുക്കളയും ഒന്നുമില്ല. ഇങ്ങനെ പറന്നു നടക്കുകയല്ലേ. പാചകം ചെയ്യുന്ന ഭക്ഷണവും ഇല്ല. ഈ ചെടികളിലും മരങ്ങളിലും ഉള്ള പഴങ്ങള്‍ ഒക്കെ തിന്നാണ് ജീവിതം.”

അപ്പോഴേക്കും ഒരു ആപ്പിള്‍ മരം അവരുടെ അടുത്തേക്ക് പറന്നുവന്നു. മൂന്ന് നാല് ആപ്പിളുകള്‍ അതില്‍ നിന്ന് ഊര്‍ന്ന് മിലിയുടെ മുന്നിലേക്ക് പറന്നു എത്തി. മിലി അത് പിടിച്ചെടുക്കുന്നില്ലെന്ന് കണ്ട് കുഞ്ഞു മനുഷ്യര്‍ ആപ്പിളുകള്‍ കൈകൊണ്ട് പിടിച്ച് മിലിക്കും ആന്റിക്കും കൊടുത്തു.

ഹെല്‍മറ്റിന്റെ മുന്‍വശം ഉയര്‍ത്തി ആപ്പിള്‍ തിന്നാന്‍ ആന്റി പറഞ്ഞു. മിലി ആപ്പിള്‍ കടിച്ചുനോക്കി. അവള്‍ക്ക് സന്തോഷം കൊണ്ട് വീര്‍പ്പുമുട്ടി. അത്ര രുചിയുള്ള ഒരു ആപ്പിള്‍ ഇതിന് മുമ്പ് അവള്‍ കഴിച്ചിട്ടേയില്ല. അവള്‍ ആപ്പിള്‍ മുഴുവന്‍ തിന്നു.

”ഇവിടത്തെ ഒരു ആപ്പിള്‍ കഴിച്ചാല്‍ മതി, ഒരു ദിവസത്തേക്ക് ശക്തി കിട്ടും. വിശക്കുകയേയില്ല,” ആന്റി പറഞ്ഞു.

ആപ്പിള്‍ മരം ചിരിച്ചു കൊണ്ട് മുന്നിലേക്ക് വീണ്ടും വന്നു. കൈകൂപ്പി മിലി അതിന് നന്ദി പറഞ്ഞു. അത് സന്തോഷത്തോടെ പറന്നു പോയി. അപ്പോഴേക്കും മുന്തിരി വള്ളികള്‍ നിറയെ മുന്തിരികളുമായി മിലിയുടെ അടുത്തെത്തി. ചെടിയില്‍ നിന്ന് വേര്‍പ്പെട്ട് ഒരു കുല മുന്തിരിങ്ങ അടുത്തേക്ക് വരുന്നതു കണ്ട് അവള്‍ കൈകൊണ്ട് പിടിച്ചെടുത്തു. കുറച്ച് ആന്റിക്കും കൊടുത്ത് അവള്‍ കഴിച്ചു. എന്തൊരു രുചിയാണ്. മുന്തിരി വള്ളിയ്ക്കും അവള്‍ നന്ദി പറഞ്ഞു. അപ്പോള്‍ അതും പറന്നുപോയി. ആഹാരം കഴിച്ചു കഴിഞ്ഞപ്പോള്‍ മിലിക്ക് നല്ല ഉഷാറായി. ആ ജീവജാലങ്ങള്‍ക്കൊപ്പം പറന്നു കളിച്ചോട്ടെ എന്ന് അവള്‍ ആന്റിയോട് ചോദിച്ചു. ആന്റി അനുവാദം നല്‍കി.

”ഒറ്റയ്ക്ക് പോകണ്ട. ഞാനും വരാം,” എന്ന് പറഞ്ഞ് ആന്റിയും കൂടെ പറക്കാന്‍ തുടങ്ങി. അവള്‍ക്കൊപ്പം കുറെ കുഞ്ഞു മനുഷ്യര്‍ കൂടെ കൂടി. മലകള്‍ക്ക് മുകളിലൂടെ, അരുവികള്‍ക്ക് മുകളിലൂടെ അവര്‍ പറന്നു.

”ഇവിടെ സ്‌കൂളുണ്ടോ ആന്റി?” മിലി ചോദിച്ചതു കേട്ട് ആന്റി പൊട്ടിച്ചിരിച്ചു.

”ഇവര്‍ക്ക് സ്‌കൂളും കോളേജും ബുക്കും പരീക്ഷയും ഒന്നും ഇല്ല. ചിരിച്ച് സന്തോഷിച്ച് ഇങ്ങനെ കഴിഞ്ഞു കൂടുക. അത്രയേ ഉള്ളൂ.”

കൊള്ളാമല്ലോ എന്ന് മിലിക്ക് തോന്നി.

മനുഷ്യനും മൃഗങ്ങളും മരങ്ങളും ചെടികളും ഒത്തു ചേര്‍ന്ന് മധുരമായ സംഗീതം അവള്‍ക്ക് വേണ്ടി പൊഴിച്ചു കൊണ്ടേയിരുന്നു.
ഏതൊക്കെയോ പൂക്കള്‍ അസുലഭമായ സുഗന്ധങ്ങളാല്‍ അവളെ സന്തോഷിപ്പിച്ചു. നിറങ്ങളുടെ മായാജാലത്തില്‍ മോഹിതയായി അവള്‍ പറന്നു കൊണ്ടേയിരുന്നു. എല്ലാം മറന്ന് പറന്ന് പറന്ന് അവള്‍ അവിടുത്തെ ഒരു കുട്ടിയായി മാറി.

”നമുക്ക് പോകാം മോളേ, ഒരുപാട് സമയമായി. ഇവരോട് യാത്ര പറയാം…” ആന്റി പറഞ്ഞത് കേട്ട് അവള്‍ക്ക് സങ്കടമായി. മനസ്സില്ലാ മനസോടെ അവള്‍ ചുറ്റുപാടുമുള്ള കാഴ്ചകള്‍ക്ക് മുന്നില്‍ കൈകൂപ്പി. ആന്റിയും അങ്ങനെ തന്നെ ചെയ്തു.

പെട്ടെന്ന് ഒരു നിമിഷം എല്ലാം നിശ്ചലമായി. മിലിയും ആന്റിയും ആ നിശ്ചലതയില്‍ പങ്കുചേര്‍ന്നു.

ka beena , childrens novel, iemalayalam
അടുത്ത നിമിഷം ഇതേവരെ ആരും കേട്ടിട്ടില്ലാത്ത മനോഹരമായ സംഗീതം ഒഴുകി വന്നു. ചുറ്റുപാടും സുഗന്ധപൂരിതമായി മാറി. എല്ലാമെല്ലാം നിറങ്ങള്‍ കൊണ്ട് നൃത്തം ചെയ്തു. ആ മനോഹരാനുഭവത്തില്‍ മുങ്ങി മിലിയും ആന്റിയും മടക്കയാത്രതുടങ്ങി.

തിരിച്ചു പറക്കുമ്പോള്‍ ആന്റി അവള്‍ക്ക് ഭൂമി കാണിച്ചു കൊടുത്തു. പെട്ടെന്ന് മിലിക്ക് അച്ഛനെയും അമ്മയെയും കാണാന്‍ തോന്നി. അവളുടെ ഫ്‌ളാറ്റ് അവളെ തിരികെ വിളിച്ചു.

”എനിക്ക് തിരിച്ചു പോകണം,” മിലി ആന്റിയോട് പറഞ്ഞു.
ആന്റിക്ക് സങ്കടമായി. എന്നാലും അമ്മയെയും അച്ഛനെയും കാണണമെന്ന മിലിയുടെ ആഗ്രഹം ആന്റിക്ക് മനസ്സിലായി.

”മോള് പൊയ്‌ക്കോളൂ. ആ കാണുന്നതാണ് ഇന്ത്യ. മോള് താഴേക്ക് പറന്നോളൂ. അവിടെത്തുമ്പോള്‍ കേരളം കാണാന്‍ പറ്റും. പിന്നെ ഫ്‌ളാറ്റ് കണ്ടുപിടിച്ചാല്‍ മതിയല്ലോ. ഇനിയും നാലു മണിക്കൂര്‍ കൂടി ശ്വസിക്കാനുള്ള ഓക്‌സിജന്‍ നിന്റെ സ്‌പേസ് സ്യൂട്ടിലേ ബാക്ക് പാക്കിലുണ്ട്. മോള് പോയ്‌ക്കോളൂ. ആന്റി തിരിച്ച് ഭൂമിയില്‍ വരുമ്പോള്‍ തീര്‍ച്ചയായും നിന്റെ വീട്ടില്‍ വന്ന് നീന്നെ കാണും.”

അവളെ കെട്ടിപ്പിടിച്ച് ഉമ്മവച്ച് ആന്റി യാത്രയാക്കി.

മിലി താഴേക്ക് പറന്നു കൊണ്ടേയിരുന്നു. പറന്ന് പറന്നു അവള്‍ വീട്ടിലെത്തി. തളര്‍ച്ച മാറ്റാന്‍ സിറ്റൗട്ടിലെ കസേരയില്‍ അവള്‍ ഇരുന്നു.

”മോളേ, മിലിമോളേ” അമ്മയുടെ ശബ്ദം അവള്‍ കേട്ടു. ”നീയെവിടെയാ? ബെഡില്‍ നിന്ന് എണീറ്റ് എവിടെ പോയതാ?”

സിറ്റൗട്ടില്‍ അവളെ കണ്ട് അമ്മ ചോദിച്ചു.

”ഓ ഇവിടിരുന്ന് ഉറങ്ങുകയായിരുന്നോ. മോളെ കാണാതെ ഞങ്ങള്‍ പേടിച്ചുപോയി.”

അച്ഛന്‍ വന്ന് അവളെ വാരിയെടുത്തു. അവള്‍ അച്ഛനെ കെട്ടിപ്പിടിച്ച് ഉമ്മ വച്ചു.

അച്ഛന്‍ സിറ്റൗട്ടില്‍ നിന്ന് അവള്‍ക്ക് ആകാശം കാണിച്ചു കൊടുത്തു.

”നോക്കൂ മോളെ, മേഘങ്ങള്‍ ഓടിപ്പോകുന്നത് കണ്ടോ. നല്ല വെള്ള മേഘങ്ങള്‍. ആകാശവും മേഘങ്ങളും മോള്‍ക്ക് വലിയ ഇഷ്ടമല്ലേ. നോക്ക്.”

അവസാനിച്ചു

Get the latest Malayalam news and Children news here. You can also read all the Children news by following us on Twitter, Facebook and Telegram.

Web Title: Ka beena novel miliyude akasam chapter 05

Next Story
വയലറ്റും ഗ്രീനും-കുട്ടികളുടെ നോവൽ രണ്ടാം ഭാഗംpriya as novel
The moderation of comments is automated and not cleared manually by malayalam.indianexpress.com