scorecardresearch
Latest News
മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് ബര്‍ലിന്‍ കുഞ്ഞനന്ദന്‍ അന്തരിച്ചു

മിലിയുടെ ആകാശം: കുട്ടികളുടെ നോവല്‍-ഭാഗം 3

മനോഹരമായ സംഗീതം വീണയില്‍ നിന്ന് വന്നു. കുറച്ച് നേരം അതു കേട്ടു കഴിഞ്ഞ് രാക്ഷസന്‍ കിടന്നുറങ്ങി. ജാക്ക് ശബ്ദമുണ്ടാക്കാതെ മാന്ത്രികവീണയുമെടുത്ത് പുറത്തേക്ക് നടക്കുമ്പോള്‍ വീണ നിലവിളിക്കാന്‍ തുടങ്ങി

K A Beena, Childrens Novel, IE Malayalam

രാത്രിയാകാന്‍ മിലി കാത്തിരുന്നു അച്ഛനുമമ്മയും വര്‍ക്ക് ഫ്രം ഹോം കഴിഞ്ഞ് വന്നപ്പോള്‍ എട്ട് മണിയായി. അച്ഛന്‍ ചപ്പാത്തി ഉണ്ടാക്കി, അമ്മ മുട്ടക്കറി വച്ചു. മിലി പാത്രങ്ങള്‍ ഒക്കെയെടുത്ത് ഡൈനിംഗ് ടേബിളില്‍ വച്ചു.

രാത്രി ഭക്ഷണം കഴിഞ്ഞപ്പോള്‍ മിലി അച്ഛനെ ഓര്‍മ്മിപ്പിച്ചു ”കഥ? ജാക്കിന്റേം പയറുവള്ളിയുടെയും കഥ പറഞ്ഞുതരാമെന്ന് രാവിലെ പറഞ്ഞത് ഓര്‍മ്മയില്ലേ?”

അമ്മ ചിരിച്ചു കൊണ്ടു അവളെ ഉമ്മ വച്ചു.

”ഇങ്ങനൊരു കഥക്കുട്ടി, എപ്പോഴും സ്വപ്‌നോം സങ്കല്‌പ്പോം കഥയും ഏതു ലോകത്താണോ ഈ കുട്ടി.”

മിലി അമ്മയെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്തിട്ട് കിടപ്പുമുറിയിലേക്കോടി.

”അച്ഛാ, വേഗം വായോ,” എന്ന് അവള്‍ വിളിച്ചു കൂവി.

മുന്‍വാതില്‍ കുറ്റിയിട്ട് അച്ഛന്‍ വന്നു.

“മിലിക്കുട്ടി പല്ലു തേച്ചോ?”

അച്ഛന്റെ ചോദ്യം കേട്ട് മിലി കുളിമുറിയിലേയ്‌ക്കോടി. തിടുക്കത്തില്‍ പല്ലു തേയ്ക്കാനായി ബ്രഷെടുത്തപ്പോള്‍ അവള്‍ ചിണുങ്ങി.

”വേഗം പല്ല് തേയ്ക്ക് അച്ഛാ-എന്നിട്ട് വേഗം കഥ പറയ്.”

അച്ഛന്‍ ചിരിച്ച് കൊണ്ട് പറഞ്ഞു ”എന്റെ മോളെ, ക്ഷമിക്ക്. കഥ പറയാതെ ഇന്ന് അച്ഛന്‍ ഉറങ്ങുന്നില്ല പോരെ.”

ബെഡില്‍ കയറി മിലി അക്ഷമയായി അച്ഛന്‍ വരുന്നതും കാത്തിരുന്നു.

അച്ഛന്‍ വന്ന് പുതപ്പെടുത്ത് അവളെ പുതപ്പിച്ചു. എന്നിട്ട് ചേര്‍ത്തു പിടിച്ച് കഥ പറയാന്‍ തുടങ്ങി.

”ഇത് ഒരു പഴയ പഴയ കഥയാണ് കേട്ടോ… ഒരു പാട് ഒരു പാട് വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരിടത്ത് ജാക്ക് എന്നൊരു പാവപ്പെട്ട പയ്യന്‍ ഉണ്ടായിരുന്നു. അവന്റെ അമ്മയുമൊത്ത് ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ ഒരു വീട്ടിലാണ് പാവം ജാക്ക് താമസിച്ചിരുന്നത്. ദാരിദ്രൃം കൊണ്ട് വലഞ്ഞ് ആഹാരം പോലും കഴിക്കാനില്ലാതെ കഷ്ടപ്പെട്ടപ്പോള്‍ അവന്റെ അമ്മ അവര്‍ക്ക് ആകെ ഉണ്ടായിരുന്ന പശുവിനെ ചന്തയില്‍ കൊണ്ടു പോയി വിറ്റിട്ടു വരാന്‍ അവനോട് പറഞ്ഞു.

ജാക്ക് പശുവിനെയും കൊണ്ട് ചന്തയില്‍ പോയി. വഴിയില്‍ ഒരാള്‍ അവനെ തടഞ്ഞു നിര്‍ത്തി.

‘ഈ പശുവിനെയും കൊണ്ട് നീ എവിടെ പോകുന്നു?’

‘ചന്തയില്‍ കൊണ്ടു പോയി വില്‍ക്കാന്‍ അമ്മ പറഞ്ഞു.’
ka beena , childrens novel, iemalayalam

‘നീയിനി ചന്ത വരെ നടക്കണ്ടേ, ഈ പശുവിനെ ഞാന്‍ വാങ്ങാം. പകരം നിനക്ക് ഞാന്‍ അഞ്ച് മാജിക്ക് പയര്‍വിത്തുകള്‍ തരാം.’

ജാക്ക് പയര്‍മണികള്‍ വാങ്ങി പശുവിനെ അയാള്‍ക്ക് കൊടുത്ത് വീട്ടിലേയ്ക്ക് മടങ്ങി. പശുവിനെ വിറ്റ് പയര്‍ വിത്തുകള്‍ വാങ്ങി വന്നതറിഞ്ഞ് അമ്മയ്ക്ക് ദേഷ്യം വന്നു.

‘കഷ്ടം നീ നമ്മുടെ പശുവിനെ അഞ്ചാറ് പയര്‍വിത്തുകള്‍ക്കു വേണ്ടി കൊടുത്തല്ലോ. ഇവിടെ ഒരു മണി ഭക്ഷണം പോലും ഇല്ല. നമ്മള്‍ എങ്ങനെ ജീവിക്കും എന്ന് നീ ഓര്‍ത്തില്ലല്ലോ?’

ദേഷ്യത്തോടെ അമ്മ ആ പയര്‍ വിത്തുകള്‍ പുറത്തേയ്ക്ക് വലിച്ചെറിഞ്ഞു.”

“അഞ്ച് പയര്‍ വിത്തുകള്‍ കിട്ടിയല്ലോ. പിന്നെന്താ ജാക്കിന്റെ അമ്മയ്ക്ക് ദേഷ്യം?”
മിലിയ്ക്ക് സംശയമായി.

” നീ കഥ മുഴുവന്‍ കേള്‍ക്കൂ മോളെ,” അച്ഛന്‍ അവളോട് പറഞ്ഞു.

“എന്നാല്‍ അച്ഛന്‍ കഥ മുഴുവന്‍ പറയൂ.”

അച്ഛന്‍ വീണ്ടും കഥ പറയാന്‍ തുടങ്ങി.

“അന്ന് ജാക്ക് ഒന്നും കഴിക്കാതെ ഉറങ്ങി. അവരുടെ വീട്ടില്‍ ഭക്ഷണമുണ്ടാക്കാന്‍ ഒന്നും ഉണ്ടായിരുന്നില്ല. അടുത്ത ദിവസം രാവിലെ ജാക്ക് ഉണര്‍ന്ന് ജനലിലൂടെ പുറത്തേക്ക് നോക്കി. മാന്ത്രിക പയര്‍വിത്ത് വളര്‍ന്ന് ആകാശം മുട്ടുന്ന ഒരു ചെടിയായി മാറിയിരിക്കുന്നത് അവന്‍ കണ്ടു. അവന്‍ ആ പയര്‍ ചെടിയില്‍ അള്ളിപിടിച്ച് മേലോട്ട് കയറി. കയറി കയറി അവന്‍ ആകാശത്തെത്തി. അവിടെ ഒരു കൊട്ടാരം അവന്‍ കണ്ടു. ഒരു രാക്ഷസന്റെ കൊട്ടാരമായിരുന്നു അത്. രാക്ഷസന്‍ പുറത്തു പോയിരിക്കുകയായിരുന്നു.”

“ജാക്ക് കൊട്ടാരത്തില്‍ കയറിചെന്നു. അടുക്കളയില്‍ രാക്ഷസന്റെ ഭാര്യ ആഹാരം ഉണ്ടാക്കുകയായിരുന്നു. അവന്‍ അവരോട് ചോദിച്ചു ‘വിശന്നിട്ട് വയ്യ. വല്ലതും തിന്നാന്‍ തരുമോ?’

രാക്ഷസന്റെ ഭാര്യ അവന് ബ്രെഡും പാലും കൊടുത്തു. അവന്‍ കഴിച്ചു കൊണ്ടിരുന്നപ്പോള്‍ രാക്ഷസന്‍ മടങ്ങിയെത്തി.

പേടിപ്പിക്കുന്ന രൂപമുള്ള വലിയ ഒരു രാക്ഷസനായിരുന്നു അത്. നീണ്ട മൂക്ക്, തുറിച്ച കണ്ണുകള്‍ , വലിയ ദേഹം.

ജാക്ക് പേടിച്ചുപോയി, അവന്‍ അടുക്കളയ്ക്കടുത്ത സ്റ്റോര്‍ റൂമില്‍ കയറി ഒളിച്ചു.”

മിലിക്ക് പേടിയായി. അവള്‍ അച്ഛനെ കെട്ടിപ്പിടിച്ചു.

“രാക്ഷസന്‍ ജാക്കിനെ ഉപദ്രവിക്കുമോ?” അവള്‍ ചോദിച്ചു.

അച്ഛന്‍ അവളെ ചേര്‍ത്ത് പിടിച്ചു കഥ തുടര്‍ന്നു.

”രാക്ഷസന്‍ അലറി വിളിച്ചു.’ഫീ-ഫി-ഫോ-ഫം, ഒരു ഇംഗ്ലീഷുകാരന്റെ രക്തം ഞാന്‍ മണക്കുന്നു. ജീവനോടെയോ മരിച്ചിട്ടോ അവനെ ഞാന്‍ തിന്നും,’

‘ഇവിടെ ആരുമില്ല,’ രാക്ഷസന്റെ ഭാര്യ അയാളോട് പറഞ്ഞു.

അത് കേട്ട് രാക്ഷസന്‍ ഭക്ഷണം കഴിച്ച് സ്വന്തം മുറിയിലേക്ക് പോയി.ka beena , childrens novel, iemalayalam അലമാര തുറന്ന് അയാള്‍ സഞ്ചികളില്‍ നിറച്ചു വച്ചിരുന്ന സ്വര്‍ണ്ണ നാണയങ്ങള്‍ എടുത്ത് എണ്ണി തിരികെ വച്ചു. രാക്ഷസന്‍ കിടന്നുറങ്ങി. ജാക്ക് ശബ്ദമുണ്ടാക്കാതെ അതില്‍ ഒരു സഞ്ചിയെടുത്ത് പയര്‍ വള്ളി വഴി താഴേക്ക് വന്നു. അവന്‍ വീട്ടിലെത്തി സ്വര്‍ണ്ണം നിറച്ച സഞ്ചി അമ്മയ്ക്കു കൊടുത്തു. കുറച്ചു നാള്‍ ആ സ്വര്‍ണ്ണം വിറ്റ് അവര്‍ ഭക്ഷണം കഴിച്ച് ജീവിച്ചു.”

“സ്വര്‍ണ്ണം തീര്‍ന്നപ്പോള്‍ അവര്‍ വീണ്ടും പട്ടിണിയിലായി. വിശപ്പ് സഹിക്കാന്‍ വയ്യാതെയായപ്പോള്‍ ജാക്ക് പയര്‍വള്ളിയില്‍ കയറി വീണ്ടും രാക്ഷസന്റെ കൊട്ടാരത്തില്‍ പോയി .

ഇത്തവണയും രാക്ഷസന്റെ ഭാര്യ അവന് ഭക്ഷണം കൊടുത്തു. രാക്ഷസന്‍ വന്നപ്പോള്‍ അവന്‍ കട്ടിലിന്റെ കീഴെ ഒളിച്ചിരുന്നു.

രാക്ഷസന്‍ മണം കിട്ടി വിളിച്ചു പറഞ്ഞു ‘ഫീ-ഫി-ഫോ-ഫം, മനുഷ്യമാംസം . ഞാനവനെ തിന്നും.’

പഴയതുപോലെ ഭാര്യ പറഞ്ഞു ‘ഇവിടെങ്ങും ആരും വന്നില്ല.”

“രാക്ഷസന്റെ ഭാര്യ നല്ലതാണല്ലേ അച്ഛാ, പാവം,” മിലി ആശ്വാസത്തോടെ പറഞ്ഞു.

” അതെ, അവര്‍ക്ക് ജാക്കിനോട് വലിയ സ്നേഹമായിരുന്നു… ബാക്കി കഥ കേള്‍ക്ക്.”

അച്ഛന്‍ കഥ വീണ്ടും പറയാന്‍ തുടങ്ങി.

“രാക്ഷസന്‍ ഭക്ഷണം കഴിച്ച് മുറിയിലേയ്ക്ക് പോയി.

അയാള്‍ ഒരു കോഴിയെ കൂടയില്‍ നിന്ന് എടുക്കുന്നത് ജാക്ക് കണ്ടു. രാക്ഷസന്‍ കോഴിയോട് പറഞ്ഞു ‘മുട്ടയിട്…’

കോഴി ഉടനെ ഒരു സ്വര്‍ണ്ണ മുട്ടയിട്ടു. രാക്ഷസന്‍ ഉറങ്ങിയപ്പോള്‍ ജാക്ക് കോഴിയെ എടുത്ത് പയറ ‌വള്ളി വഴി താഴേക്ക് പോയി. കോഴിയെ അമ്മയ്ക്ക് കൊടുത്തു.

കുറച്ചു നാള്‍ കഴിഞ്ഞ് ഒരു ദിവസം പിന്നെയും ജാക്ക് പയര്‍ വള്ളി വഴി കയറിപ്പോയി. അപ്പോഴും രാക്ഷസന്റെ ഭാര്യ അവന് ഭക്ഷണം കൊടുക്കുകയും രാക്ഷസന്‍ വരികയും ‘ഫീ-ഫി-ഫോ-ഫം,ഇവിടെയൊരു മനുഷ്യനെ ഞാന്‍ മണക്കുന്നു , ഞാനവനെ തിന്നും,’ എന്ന് പറയുകയും രാക്ഷസന്റെ ഭാര്യ ‘ഇവിടെയാരുമില്ല,’ എന്ന് പറയുകയും ചെയ്തു.

പതിവു പോലെ രാക്ഷസന്‍ ഭക്ഷണം കഴിച്ച് മുറിയില്‍ പോയി.

Read More: പ്രിയ എ എസ് എഴുതിയ കുട്ടിക്കഥകള്‍ വായിക്കാം, കേള്‍ക്കാം

ഇത്തവണ അയാള്‍ ഒരു മാന്ത്രിക വീണയാണ് എടുത്തത്. മനോഹരമായ സംഗീതം വീണയില്‍ നിന്ന് വന്നു. കുറച്ച് നേരം അതു കേട്ടു കഴിഞ്ഞ് രാക്ഷസന്‍ കിടന്നുറങ്ങി. ജാക്ക് ശബ്ദമുണ്ടാക്കാതെ മാന്ത്രികവീണയുമെടുത്ത് പുറത്തേക്ക് നടക്കുമ്പോള്‍ വീണ നിലവിളിക്കാന്‍ തുടങ്ങി.

‘മാസ്റ്ററെ,മാസ്റ്ററെ, ഈ പയ്യന്‍ എന്നെ മോഷ്ടിച്ച് കൊണ്ടു പോകുന്നു.’

അത് കേട്ട് രാക്ഷസന്‍ ഉണര്‍ന്നു. ജാക്കിനെയും കയ്യില്‍ മാന്ത്രികവീണയെയും കണ്ട് അയാള്‍ പൊട്ടിത്തെറിച്ചു.

ജാക്ക് ഓടി. പയര്‍ വള്ളിയില്‍ കൂടി അതിവേഗം താഴേക്കിറങ്ങി. രാക്ഷസനും പയര്‍വള്ളിയില്‍ പിടിച്ച് താഴേക്ക് വന്നു തുടങ്ങി. ജാക്ക് വേഗത്തില്‍ വീട്ടിലെത്തി ഒരു വലിയ കത്തിയെടുത്ത് കൊണ്ട് വന്ന് പയര്‍വള്ളി മുറിച്ചു കളഞ്ഞു. വള്ളി മുറിഞ്ഞ് വീണു. രാക്ഷസന്‍ താഴെ വീണ് മരിച്ചു.

മരിച്ച് കിടക്കുന്ന രാക്ഷസനെ കണ്ടപ്പോള്‍ അവന്റെ അമ്മ പറഞ്ഞു, ‘ഈ രാക്ഷസനാണ് നിന്റെ അച്ഛനെ കൊന്നത്. ഈ സ്വര്‍ണ്ണവും, സ്വര്‍ണ്ണ മുട്ടയിടുന്ന കോഴിയും, മാന്ത്രികവീണയുമൊക്കെ നിന്റെ അച്ഛന്റേതായിരുന്നു. ഇയാള്‍ അച്ഛനെ കൊന്ന് എല്ലാം മോഷ്ടിച്ച് കൊണ്ട് പോയതാണ്…’

ജാക്ക് അച്ഛനെയോര്‍ത്ത് കുറെനേരം കരഞ്ഞു. പിന്നീട് അവര്‍ സുഖമായി ജീവിച്ചു.”

Read More: മിലിയുടെ ആകാശം: കുട്ടികളുടെ നോവലിന്റെ മറ്റു ഭാഗങ്ങൾ വായിക്കാം

ജാക്കിന്റെ അച്ഛന്‍ മരിച്ചത് ഓര്‍ത്ത് സങ്കടം വന്നെങ്കിലും മിലിക്ക് അച്ഛന്‍ പറഞ്ഞ കഥ ഇഷ്ടമായി. അവസാനമായപ്പോഴേക്കും അവള്‍ക്ക് ഉറക്കം വന്നു തുടങ്ങിയിരുന്നു.

”ഇനി മോള് ഉറങ്ങ് ഒരുപാട് രാത്രിയായി,” അച്ഛന്‍ പറഞ്ഞു.

മിലി കണ്ണടച്ച് ഉറങ്ങാന്‍ കിടന്നു. അച്ഛന്‍ അവളെ തട്ടിയുറക്കി.

തുടരും…

Stay updated with the latest news headlines and all the latest Children news download Indian Express Malayalam App.

Web Title: Ka beena novel miliyude akasam chapter 03