മിലിയുടെ ആകാശം
ആന്റണി, ആനറ്റ് എന്ന രണ്ട് പാവപ്പെട്ട കുട്ടികളുടെ കഥയാണ് അവള് കണ്ടത്. അവരുടെ വീട്ടില്‍ വല്ലാത്ത കഷ്ടപ്പാട് ആയിരുന്നു. ഫീസ് കൊടുക്കാന്‍ പണമില്ലാത്തതിനാല്‍ അവര്‍ക്ക് സ്കൂളില്‍ പോകാന്‍ കഴിഞ്ഞിരുന്നില്ല.
സ്കൂളില്‍ പോയി പഠിക്കണമെന്ന് ആ കുട്ടികള്‍ക്ക് വലിയ ആഗ്രഹം ആയിരുന്നു. അതിനു വേണ്ടി പണം ഉണ്ടാക്കാന്‍ അവര്‍ വീടിനു മുന്നിലുള്ള ഇത്തിരി സ്ഥലത്ത് പച്ചക്കറികള്‍ നാട്ടു വളര്‍ത്തി.
അവ വളര്‍ന്നു പാകമായിക്കഴിയുന്പോള് ചന്തയില്‍ കൊണ്ട് പോയി വിറ്റ് പണമുണ്ടാക്കി സ്കൂള്‍ ഫീസ് കൊടുത്ത് പഠിക്കാം എന്നായിരുന്നു പരിപാടി. അവരുടെ പച്ചക്കറികള്‍ തഴച്ചു വളര്‍ന്നു പൂവിട്ടു. നല്ല മുഴുത്ത കായ്കളായി വളര്‍ന്നു.
അവ പറിച്ചെടുത്ത് ചന്തയില്‍ കൊണ്ട് പോയി വില്‍ക്കാം എന്ന് കരുതി ഒരു ദിവസം അവര്‍ തോട്ടത്തില്‍ ചെന്നു. അവിടത്തെ കാഴ്ച കണ്ടു ആന്റണിയും ആനറ്റും ഞെട്ടിപ്പോയി.
അവര്‍ നട്ടു വളര്‍ത്തിയ മത്തനും, കാബേജും, മറ്റ് പച്ചക്കറികളും മണ്ണില്‍ നിന്ന് തനിയെ ഇറങ്ങി വന്ന് നടന്ന് നടന്ന് ഒരു മാന്ത്രികവാതിലിലൂടെ പോകുന്നു. അവര്‍ക്ക് സഹിച്ചില്ല. അവര്‍ പിന്നാലെ ഓടി. ആനറ്റിനു ഒരു ഉരുളക്കിഴങ്ങിനെ പിടികൂടാന്‍ പറ്റി.
“ഇന്ന് ഹാലോവീന്‍ രാത്രിയാണ്. ആഹ്ലാദ രാത്രി. ഇന്നത്തെ രാത്രി ഞങ്ങളെ വെറുതെ വിടൂ,” പച്ചക്കറികളുടെ നേതാവ് മത്തന്‍ അവരോട് അപേക്ഷിച്ചു.
മറ്റു പച്ചക്കറികള്‍ കൂടെ ചേര്‍ന്ന് ഈ രാത്രി ആഘോഷിക്കാന്‍ പൊയ്ക്കോട്ടേ എന്ന് ചോദിച്ചു കൊണ്ടേയിരുന്നു.
“സ്കൂളില്‍ പോകാന്‍ വേണ്ടി കഷ്ടപ്പെട്ട് വളര്‍ത്തിയ പച്ചക്കറികള്‍ വില്‍ക്കാതെ എങ്ങനെ ഞങ്ങള്‍ പണം ഉണ്ടാക്കും,” ആന്റണി അവയോട് ചോദിച്ചു.
മരം വെട്ടുകാരനായ അച്ഛനും വീട്ടുപണികള്‍ ചെയ്യുന്ന അമ്മയ്ക്കും പണമില്ലാത്തതിനാല്‍ അവരുടെ പഠിത്തം മുടങ്ങിയിരിക്കുകയാണ് എന്ന് അവര്‍ പച്ചക്കറികളെ അറിയിച്ചു. ഇത്രയും കഷ്ടപ്പെട്ട് പച്ചക്കറികള്‍ വളര്‍ത്തിയത് സ്കൂളില്‍ പോകാന്‍ പൈസ ഉണ്ടാക്കാന്‍ വേണ്ടിയായിരുന്നുവെന്ന് അവന് വീണ്ടും അവയോട് പറഞ്ഞു.
പച്ചക്കറികളിലെ പ്രമുഖന് മത്തന്‍ അവനെ ആശ്വസിപ്പിച്ചു. ”സ്കൂളിന്റെ കാര്യം ഓര്‍ത്ത് നീ വിഷമിക്കണ്ട. അത് ഞങ്ങള്‍ നോക്കിക്കോളാം. ഇപ്പോള്‍ ഹാലോവിന് കാലമാണ് നിങ്ങള്‍ ഞങ്ങളോടൊത്ത് വരൂ, നമുക്ക് കാട്ടില്‍ പോകാം, അവിടെ ആഘോഷങ്ങള്‍ ധാരാളമുണ്ട്.”
മത്തന്റെ ശബ്ദത്തിലെ ഉറപ്പ് കേട്ട് ആന്റണിയും ആനറ്റും പച്ചക്കറികള്‍ക്ക് പിന്നാലെ കാട്ടിലേയ്ക്ക് പോകാന്‍ തീരുമാനിച്ചു.
അവയ്ക്ക് പിന്നാലെ അവരും ഓടി. ഓടിയെത്തിയപ്പോള്‍ ഒരു മായാലോകമായിരുന്നു അവര്‍ക്ക് മുന്നില്‍ കാട്ടില്‍ തെളിഞ്ഞത്. മനോഹരമായ ഒരു സ്ഥലമായിരുന്നു അത്. അവിടെ നിറയെ പല വേഷങ്ങളിട്ട മാന്ത്രിക ജീവികള്‍ ഉണ്ടായിരുന്നു.
ആന്റണി അത്ഭുതപ്പെട്ടു ”ഞാനിതുവരെ ഇവിടെ വന്നിട്ടില്ലല്ലോ”
മത്തന്‍ മറുപടി പറഞ്ഞു ”ഇവിടെയെത്താന്‍ എളുപ്പമല്ല, മാജിക്കിലൂടെയേ പറ്റൂ.”
പെട്ടെന്ന് മത്തന്റെ ഓറഞ്ച് മഞ്ഞ നിറം കടുത്ത് തിളങ്ങുന്നതും തൊപ്പിയും കണ്ണാടിയും ഒക്കെ വച്ച് മത്തന്‍ ‘സ്മാര്‍ട്ട്’ ആകുന്നതും ആനറ്റ് കണ്ടു. അവള് കൂകിയാര്‍ത്തു.
- Read More: മിസോയ് സാൻ: കുട്ടികളുടെ നോവൽ വായിക്കാം
”ഇത് ഹാലോവിന് രാത്രിയാണ് മോളെ! ആഘോഷിക്കൂ,” മത്തന്‍ തലകുത്തി മറിഞ്ഞു കൊണ്ട് പറഞ്ഞു.
അപ്പോഴേക്കും നാലുപാടുനിന്നും പലതരം ജീവികള്‍ പറന്നു വന്നു. അവരില്‍ പലരെയും കണ്ട് ആനറ്റിന് പേടിയായി അവള് മത്തനോട് ചോദിച്ചു ”ഇവര്‍ ക്രൂരന്മാരും ചതിയന്മാരുമായ ദുര്മന്ത്രവാദികള് ആണോ?’
“ഞങ്ങള്‍ സ്നേഹമുള്ളവരാണ്. ആരെയും ഉപദ്രവിക്കുന്നവര്‍ അല്ല,” മന്ത്രവാദിനികള്‍ അവളോട് പറഞ്ഞു.
തങ്ങളുടെ ചൂലില്‍ ആന്റണിയെയും ആനറ്റിനെയും കയറ്റി അവര്‍ പറന്നു പൊങ്ങി. ചൂലിന്റെ അറ്റത്ത് അവര്‍ക്കൊപ്പം അവരുടെ പൂച്ചകളും ഉണ്ടായിരുന്നു. ആന്റണിക്കും ആനറ്റിനും സന്തോഷം കൊണ്ട് പൊട്ടിച്ചിരിക്കാന്‍ തോന്നി.
ആകാശത്ത് പറന്നു നടക്കുന്നത് അവരുടെ സ്വപ്നമായിരുന്നു. മന്ത്രവാദിനികള്ക്കൊപ്പം ചൂലില്‍ ഇരുന്ന് അവര്‍ ആകാശത്ത് പല കളികളും കളിച്ചു. താഴെ പച്ചക്കറികള്‍ കാട്ടില്‍ കണ്ട ജീവികളോടൊപ്പം ചേര്‍ന്ന് ”ഹാലോവീന്‍ രാത്രി, ഹാലോവീന്‍ രാത്രി,” എന്ന് പാടി തുള്ളികളിക്കുന്നത് അവര്‍ കണ്ടു.
മിന്നാമിന്നികള്‍ പാറിക്കളിച്ചു. എല്ലാവരും ആഹ്ലാദ തിമിര്‍പ്പില്‍ ആയിരുന്നു. കുറേക്കഴിഞ്ഞപ്പോള്‍ ആന്റണിയും ആനറ്റും മന്ത്രവാദിനികള്ക്കൊപ്പം ആകാശത്ത് നിന്ന് താഴേക്ക് വന്നു അവരോട് ചേര്‍ന്ന് തുള്ളിച്ചാടാന്‍ തുടങ്ങി. അവര്‍ നൃത്തം ചെയ്തു, പാട്ടുകള്‍ പാടി.
- Read More: ഭൂമിയുടെ അലമാര: കുട്ടികളുടെ നോവൽ വായിക്കാം
സമയം അതിവേഗം പാഞ്ഞു. പോകാന്‍ സമയമായെന്ന് മന്ത്രവാദിനികള്‍ അറിയിച്ചപ്പോള്‍ പച്ചക്കറികള്‍ പറഞ്ഞു.
”ഞങ്ങള്‍ ഇനി മടങ്ങിപ്പോകുന്നില്ല. നിങ്ങള്‍, നിങ്ങളുടെ ചൂലില്‍ കയറ്റി ഈ കുട്ടികളെ വീട്ടില്‍ കൊണ്ടാക്കിയാല്‍ മതി,” മത്തന്‍ പറഞ്ഞു.
” അയ്യോ നിങ്ങള്‍ വന്നില്ലെങ്കില്‍ എങ്ങനാ? നിങ്ങളെ ചന്തയില്‍ കൊണ്ട് പോയി വിറ്റ് പണം കിട്ടിയാല്‍ അല്ലെ ഞങ്ങള്‍ക്ക് സ്കൂളില്‍ പോകാന്‍ പറ്റൂ,” ആന്റണി കരയും പോലെ പറഞ്ഞു.
” വരൂ, ഞങ്ങളോടൊപ്പം വരൂ…” ആനറ്റ് കെഞ്ചി.
” നിങ്ങള്‍ വിഷമിക്കണ്ട. നിങ്ങള്‍ക്ക് സ്കൂളില്‍ ചേരാനുള്ള പണം ഞങ്ങള്‍ തരാം,” മത്തന്‍ ആന്റണിക്ക് രണ്ട് സഞ്ചി നിറയെ സ്വര്‍ണ്ണനാണയങ്ങള്‍ കൊടുത്തു.
മന്ത്രവാദിനികള്‍ അവരെ ചൂലില്‍ കയറ്റി വീട്ടിലാക്കി. ഹാലോവീന്‍ രാത്രിയില്‍ കിട്ടിയ സ്വര്‍ണ്ണനാണയങ്ങള്‍ കൊണ്ട് ആന്റണിയും ആനറ്റും സ്കൂളില്‍ ചേര്‍ന്ന് പഠിച്ചു.
Read More: പ്രിയ എ എസ് എഴുതിയ കുട്ടിക്കഥകള്‍ വായിക്കാം, കേള്‍ക്കാം
ഹാലോവീന്‍ വീഡിയോകള്‍ കണ്ട് കണ്ട് മിലി പകല്‍ മുഴുവന്‍ ഇരുന്നു. ഒക്ടോബര്‍ 31 ആണ് ‘ഹാലോവീന്‍ ഡേ’ എന്നും അന്ന് ലോകത്ത് ഒരുപാട് സ്ഥലങ്ങളില്‍ വിചിത്രമായി വേഷം കെട്ടി ആഘോഷങ്ങള്‍ നടത്തുമെന്നും വീഡിയോകളിലൂടെ അവള് മനസ്സിലാക്കിയിട്ടുണ്ട്.
ഇക്കൊല്ലത്തെ ഹാലോവീന്‍ ആഘോഷിക്കണമെന്ന് അവള് അമ്മയോട് പറഞ്ഞിട്ടുണ്ട്. പക്ഷേ അസ്ഥികൂടം, കാക്ക, ചിലന്തി പോലെയുള്ള പേടിപ്പിക്കുന്ന രൂപങ്ങള്‍ കാണുമ്പോള്‍ മിലിക്ക് പേടിയാവും.
മത്തങ്ങ കൊണ്ട് ഉണ്ടാക്കിയ തലയുടെ രൂപം ഹാലോവീന്‍ നിര്‍ബന്ധമാണ് എന്ന് അവള്‍ക്കറിയാം. അവള്‍ക്ക് അത്തരമൊരു വേഷം ഉണ്ടാക്കി കൊടുക്കാമെന്ന് അമ്മ വാക്ക് കൊടുത്തിട്ടുണ്ട്.
Read More: മിലിയുടെ ആകാശം: കുട്ടികളുടെ നോവലിന്റെ മറ്റു ഭാഗങ്ങൾ വായിക്കാം
തുടരും…