scorecardresearch

Latest News

മിലിയുടെ ആകാശം: കുട്ടികളുടെ നോവല്‍ ആരംഭിക്കുന്നു

ദൂരെ എന്തോ പറന്നു പോകുന്നത് അവള്‍ കണ്ടു. പക്ഷിയാണോ, വിമാനമാണോ എന്ന് സംശയമായി. ഇപ്പോള്‍ വിമാനങ്ങള്‍ ഒന്നും കാണാറേയില്ല. അതിനെയുമൊക്കെ പൂട്ടിയിട്ടിരിക്കുകയായിരിക്കും എന്ന് പെട്ടെന്ന് ഓര്‍ത്തു

K A Beena, Childrens Novel, IE Malayalam

മിലി ഉണര്‍ന്നത് നിറഞ്ഞ ചിരിയോടെയാണ്. ഉറക്കത്തില്‍ അവള്‍ മ്യൂസിയം പാര്‍ക്കില്‍ കളിക്കുകയായിരുന്നു കൂട്ടുകാരൊക്കെ കൂടെയുണ്ടായിരുന്നു.

പാര്‍ക്കിലെ ഓരോ കളിപ്പാട്ടത്തിലും അവളും കൂട്ടുകാരികളും കയറിയിറങ്ങി കളിച്ചു. ഊഞ്ഞാലാടി, കളിപ്പാട്ടങ്ങള്‍ മടുത്തപ്പോള്‍ നിലത്തിരുന്ന് മണ്ണ് വാരി കളിച്ചു. പുല്ല് നിറഞ്ഞ മൈതാനത്ത് ഓടിയോടി തളര്‍ന്നു. അങ്ങനെ തളര്‍ന്ന് പുല്‍ത്തകിടിയില്‍ കിടന്നപ്പോള്‍ അവരെല്ലാം കൂടി ആകാശം കണ്ടു. ആകാശത്ത് വെള്ളമേഘങ്ങള്‍ വെപ്രാളപ്പെട്ട് പോകുന്നത് കണ്ട് ജെസി പറഞ്ഞു. ‘മേഘങ്ങള്‍ക്ക് അപ്പിയിടാന്‍ മുട്ടീട്ട് ഓടിപ്പോകുന്നതാ.’

കെവിന്‍ എതിര്‍ത്തു ”ഇങ്ങനൊന്നും പറയരുത്, അമ്മ വഴക്കു പറയും.”

ജെസി പൊട്ടിച്ചിരിച്ചു. ‘ഇതൊക്കെ സാധാരണകാര്യങ്ങള്‍ ആണെന്നാണ്‌ എന്റെ വീട്ടില്‍ പറയാറ്, മേഘങ്ങള്‍ക്കെന്താ അപ്പിയിടാന്‍ തോന്നില്ലേ?’

എല്ലാവരും പൊട്ടിച്ചിരിച്ച് അത് ശരിയാണെന്ന് സമ്മതിച്ചു. അപ്പോഴാണ് മിലി ഉണര്‍ന്നത്. അവളുടെ ചുണ്ടില്‍ അപ്പോഴും ചിരി ബാക്കി നിന്നിരുന്നു. അമ്മയും അച്ഛനും അടുക്കളയില്‍ ആണെന്ന് തോന്നുന്നു. സംസാരവും പാത്രങ്ങളുടെ ശബ്ദങ്ങളും മിലി കേട്ടു. എഴുന്നേറ്റ് അടുക്കളയിലേക്ക് ചെന്നു. അവളപ്പോഴും പാര്‍ക്കിലെ ഓര്‍മ്മകളില്‍ തന്നെയായിരുന്നു.k a beena, childrens novel, iemalayalam
അമ്മ മിലിയെ കണ്ട് പുഞ്ചിരിച്ചു.

”ആഹാ, അമ്മേടെ രാജകുമാരി എഴുന്നേറ്റോ? ടോയ്‌ലറ്റില്‍ പോയോ? പല്ലു തേച്ചോ,”
അച്ഛന്‍ ചോദിച്ചു.

”ചായ തരട്ടെ മോളെ?”

മിലി തലയാട്ടി.

”ഇന്ന് പാര്‍ക്കില്‍ കൊണ്ടു പോവുമോ?” അവളുടെ ചോദ്യം കേട്ട് അച്ഛനും അമ്മയും ചിരിച്ചു.

”മോളെ ലോക്ഡൗണ്‍ അല്ലേ? ആരും പുറത്തു പോകാന്‍ പാടില്ല എന്ന് മുഖ്യമന്ത്രിയും പ്രധാന മന്ത്രിയും ടിവിയില്‍ പറഞ്ഞത് മോള്‍ കേട്ടില്ലേ? പിന്നെ പാര്‍ക്കുകള്‍ ഒക്കെ അടച്ചിട്ടേക്കുകയല്ലേ? കുറച്ചു ദിവസം കഴിയട്ടെ.

കൊറോണയൊക്കെ മാറുമ്പോള്‍ പാര്‍ക്കൊക്കെ തുറക്കും. അപ്പോള്‍ നമുക്ക് പുറത്തു പോകാം കേട്ടോ. മോളുക്കുട്ടി പല്ലു തേച്ചിട്ട് വാ.”

അച്ഛന്‍ പറഞ്ഞതൊന്നും മിലിക്ക് ഇഷ്ടമായില്ല. അവള്‍ ഉച്ചത്തില്‍ കരയാന്‍ തുടങ്ങി.

”ഇന്ന് പാര്‍ക്കില്‍ പോണം,”എന്ന് ശാഠ്യം പിടിച്ച് പിണങ്ങി കൊണ്ടേയിരുന്നു.

അമ്മ അവളെ ചേര്‍ത്തു പിടിച്ച് ഉമ്മ വച്ചു.

അച്ഛന്‍ ഓമനിച്ച് പറഞ്ഞു ”കുട്ടികള്‍ക്ക് പുറത്തു പോകാന്‍ പാടില്ല മോളെ, ടീവീല്‍ വാര്‍ത്തയില്‍ പറയുന്നത് മോള് കേട്ടില്ലേ?”

”എനിക്കൊന്നും കേള്‍ക്കണ്ട. പാര്‍ക്ക് പൂട്ടിയിട്ടെങ്കില്‍ എന്നെ സ്‌കൂളില് കൊണ്ടോയാല്‍ മതി.”

”സ്‌കൂളും പൂട്ടിയിട്ടേക്കുവല്ലേ,” അമ്മ അവളെ ഉമ്മ വച്ചു കൊണ്ട് പറഞ്ഞു.,k a beena, childrens novel, iemalayalam
”എന്നാല്‍ പിന്നെ നാട്ടില്‍ പോവാം. അവിടെ പൂട്ടിയിടാന്‍ പറ്റില്ലല്ലോ. അപ്പൂപ്പനും, അമ്മൂമ്മയും ഉണ്ടല്ലോ. ഞാനവിടെ പറമ്പിലൊക്കെ ഓടികളിച്ചോളാം,” മിലി കരച്ചില്‍ നിര്‍ത്തി പുതിയ പദ്ധതി പറഞ്ഞു.

”അതെങ്ങനയാ മിലീ, ഒരിടത്തും പോകാന്‍ പറ്റില്ലല്ലോ, ബസും, തീവണ്ടിയും ഒക്കെ നിര്‍ത്തി വച്ചിരിക്കുകയല്ലേ?”

അച്ഛന്‍ പറയുന്നത് കേട്ട് മിലി വാശി പിടിച്ച് കരച്ചില്‍ തുടര്‍ന്നു.

”എനിക്ക് എവിടേങ്കിലും പോണം. ഇനീം ഫ്‌ളാറ്റിലിരിക്കണ്ടാ, പുറത്തു പോകാം, പുറത്തു പോണം.”

അവള്‍ ഏങ്ങിയേങ്ങി കരയുന്നതു കണ്ട് അച്ഛന്‍ വാരിയെടുത്ത് തോളിലിട്ടു.

”മോള്‍ക്ക് അച്ഛന്‍ കഥ പറഞ്ഞു തരാം.”

കഥയെന്ന് കേട്ട് മിലി കരച്ചില്‍ നിര്‍ത്തി, “എപ്പോള്‍ പറയും കഥ?”

”രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ കഥ പറഞ്ഞു തരാം. നല്ലൊരു കഥയാ ”ജാക്ക് ആന്റ് ദി ബീന്‍ സ്റ്റോക്ക്…” അച്ഛന്‍ അവള്‍ക്ക് ഉമ്മ കൊടുത്തു കൊണ്ട് പറഞ്ഞു.

”രാത്രി വേണ്ട, ഇപ്പോള്‍ വേണം.”

മിലിയുടെ ഡിമാന്റ് കേട്ട് അമ്മ സ്‌നേഹത്തോടെ പറഞ്ഞു.” ചക്കരേ, മോള്‍ക്കിപ്പോള്‍ ഓണ്‍ലൈന്‍ ക്ലാസ്സില്ലേ ടീച്ചറും കൂട്ടുകാരുമൊക്കെ ഗൂഗിള്‍ മീറ്റില്‍ വരില്ലേ? മിലിയെ കാണാതിരുന്നാല്‍ അവര്‍ക്കൊക്കെ സങ്കടമാവും. മോള് വേഗം കുളിച്ച് മിടുക്കിയായി വാ.”

ടീച്ചറുടെയും കൂട്ടുകാരുടെയും കാര്യം കേട്ടപ്പോള്‍ മിലിക്ക് സന്തോഷമായി. അവള്‍ അച്ഛനെ കൊണ്ട് സത്യം ചെയ്യിപ്പിച്ചു.  ”രാത്രി ജാക്കിന്റെ കഥ പറഞ്ഞു തരണം”.

”ഉറപ്പ്,” അച്ഛന്‍ അവളെ പല്ല് തേയ്പ്പിക്കാന്‍ കൊണ്ടുപോയി.

Read More: പ്രിയ എ എസ് എഴുതിയ കുട്ടിക്കഥകള്‍ വായിക്കാം, കേള്‍ക്കാം

പകല്‍ മിലി ഓണ്‍ലൈന്‍ ക്ലാസ്സില്‍ ടീച്ചറെ കണ്ടു. ടീച്ചര്‍ കണക്കാണ് പഠിപ്പിച്ചത്. ഒരു ചെറിയ കഥയും പറഞ്ഞു കൊടുത്തു. കൂട്ടുകാര്‍ മൊബൈല്‍ സ്‌ക്രീനില്‍ വന്ന്  ”മിലി, മിലി ” എന്നു വിളിച്ചപ്പോള്‍ അവള്‍ക്ക് രാത്രി കണ്ട സ്വപ്നം ഓര്‍മ്മ വന്നു.

മണ്ണിലും പുല്ലിലും ഓടിക്കളിക്കാന്‍ അവള്‍ക്ക് വീണ്ടും തോന്നി. ഫ്‌ളാറ്റിന് താഴെ സിമന്റിട്ട കുറേ സ്ഥലമുണ്ട്. ഫ്‌ളാറ്റിലെ കൂട്ടുകാരുമൊത്ത് മിലി അവിടെ കളിക്കാറുണ്ടായിരുന്നു. ലോക്ഡൗണ്‍ ആയതിന് ശേഷം വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ ആരെയും സമ്മതിക്കുന്നില്ല.
k a beena, childrens novel, iemalayalam
മിലി ക്ലാസ്സ് കഴിഞ്ഞ് അച്ഛനുമമ്മേം തിരക്കി ചെന്നു. രണ്ട് പേരും ലാപ്പ്‌ടോപ്പുകള്‍ക്കു മുന്നിലാണ്. ‘വര്‍ക്ക് ഫ്രം ഹോം’ എന്ന വാക്ക് മിലി ആദ്യമായി കേട്ടത് കൊറോണ വന്നതിന് ശേഷമാണ്.

അച്ഛനുമമ്മേം വീട്ടിലുണ്ടാകാന്‍ കാരണം കൊറോണയാണെന്നോര്‍ത്ത് മിലിക്ക് കൊറോണയോടുള്ള ദേഷ്യം കുറച്ച് മാറി. എല്ലാം പൂട്ടിയിട്ടുവെങ്കിലും അവര്‍ വീട്ടില്‍ ഉണ്ടല്ലോ. വീട്ടിലാണെന്ന് വച്ച് ഓഫീസ് സമയത്ത് രണ്ടുപേരും മിലിയോട് മിണ്ടുകയൊന്നും ഇല്ല. എപ്പോഴും ലാപ്പ്‌ടോപ്പില്‍ നോക്കികൊണ്ട് ജോലി ചെയ്‌തോണ്ടിരിക്കും. ഇനി സന്ധ്യ കഴിയണം അവരെ കിട്ടാന്‍.

മിലി ഫ്‌ളാറ്റിനുള്ളില്‍ ചുറ്റിക്കറങ്ങി നടന്നു. ഇടയ്ക്കു പോയി ജനലിലൂടെ ആകാശം നോക്കി. ഇപ്പോള്‍ മേഘങ്ങള്‍ പറന്നു നടക്കുന്നില്ല. ഒരേ നില്‍പ്പാണ്. വെള്ള മേഘങ്ങള്‍ക്കിടയ്ക്ക് ചാരനിറത്തിലുള്ള മേഘങ്ങളും ഉണ്ട്.

ദൂരെ എന്തോ പറന്നു പോകുന്നത് അവള്‍ കണ്ടു. പക്ഷിയാണോ, വിമാനമാണോ എന്ന് സംശയമായി. ഇപ്പോള്‍ വിമാനങ്ങള്‍ ഒന്നും കാണാറേയില്ല. അതിനെയുമൊക്കെ പൂട്ടിയിട്ടിരിക്കുകയായിരിക്കും എന്ന് പെട്ടെന്ന് ഓര്‍ത്തു.

ആകാശം നോക്കി മടുത്തപ്പോള്‍ മിലി മൊബൈല്‍ എടുത്ത് യൂ ട്യൂബ് തുറന്നു. അവള്‍ക്കേറ്റവും പ്രിയപ്പെട്ട ‘ഹാലോവീന്‍ സ്റ്റോറീസ്’ കാണാന്‍ തുടങ്ങി…

തുടരും…

Stay updated with the latest news headlines and all the latest Children news download Indian Express Malayalam App.

Web Title: Ka beena childrens novel miliyude akasam chapter 01