ഗുരു നേരത്തേ എഴുന്നേൽക്കും. സൂര്യനുദിക്കുമ്പോഴേക്കും ആൽത്തറയിലെത്തി കൂട്ടുകാരേയും കാത്തിരിക്കും. ആദ്യമെത്തുന്ന കൂട്ടുകാർ പക്ഷികളായിരിക്കും. അവ ആലിൻ കൊമ്പിൽ നിന്ന് പറന്നിറങ്ങി ഗുരുവിനു ചുറ്റും തത്തിക്കളിക്കും. ചുറ്റും പറന്നു നടക്കും. അണ്ണാറക്കണ്ണനും ഓന്തും അരണയും തവളയും ഒക്കെ വരും. ഗുരു അവരുടെ കളിചിരികളെല്ലാം കണ്ട് രസിച്ചിരിക്കും.
കുറച്ചു കഴിയുമ്പോഴേക്കും കുട്ടികളെത്തും. പിന്നെ അവരുടെ കളിയും ചിരിയും മേളവും തന്നെ. ചിലപ്പോൾ ഗുരു വല്ല കഥയും പറഞ്ഞെന്നിരിക്കും.
വൈകുന്നേരമാണ് മുതിർന്നവരുടെ വരവ്. അവരും ഗുരുവിനു മുമ്പിലിരിക്കും.ആ നേരം അധികം പറയുന്നത് അവരായിരിക്കും.ഗുരു അതും കേട്ടിരിക്കും.
എല്ലാവർക്കും ഗുരുവിനടുത്തു വരാൻ ഇഷ്ടമായിരുന്നു. നിബന്ധനകളില്ല. നിർബന്ധങ്ങളുമില്ല. വഴിപാടുകളില്ല. കാഴ്ചവസ്തുക്കൾ വേണ്ട. ഗുരുവിനരുകിൽ കാണിക്കപ്പെട്ടിയുമില്ല. പ്രസാദം പോലും ഇല്ല. ചുറ്റിലും ശിഷ്യഗണങ്ങളും ഇല്ല.
ഗുരുവെന്നു വിളിക്കുന്നതു ഇഷ്ടമുള്ള കാര്യമല്ല. ഗുരു പറയും. “ഞാനും നിങ്ങളെ പോലുള്ള ആൾ തന്നെ. പിന്നെ ഞാനെങ്ങനെ ഗുരുവാകും? ഒരു ഗുരുവിനു വേണ്ട ഒന്നും എനിക്ക് ഇല്ലല്ലോ?”
എന്നാലും അദ്ദേഹത്തെ എല്ലാവരും ഗുരു എന്നു പറഞ്ഞും വിളിച്ചും പോന്നു.

ഗുരുവിനടുത്തിരിക്കുന്നതും ഗുരുവിന്റെ വാക്കുകൾ കേൾക്കുന്നതും ആളുകൾക്ക് ആശ്വാസം നൽകി. അതുകൊണ്ട് അടുത്ത ദേശത്തുള്ളവർ പോലും ഗുരുവിനെ കാണാൻ വന്നു.
ഒരു ദിവസം ഗുരു ആളുകളോട് സംസാരിച്ചിരിക്കുന്ന നേരം ആലിന്റെ ഇലച്ചാർത്തുകൾക്കിടയിലൂടെ ഒരു കല്ല് പാഞ്ഞു വന്ന് ഗുരുവിന്റെ തലയിൽ വീണു. തല പൊട്ടി ചോര ഒഴുകി. ഗുരു ബോധം കെട്ടു പോവുകയും ചെയ്തു. ആളുകൾ താങ്ങിയെടുത്ത് വൈദ്യൻെറ അടുത്തു കൊണ്ടു ചെന്നു. മുറിവു കെട്ടി മരുന്ന് കൊടുത്തപ്പോഴേക്കും ഗുരുവിന്റെ ബോധം തെളിഞ്ഞു.
ഗുരു ചുറ്റും നിന്നവരെ നോക്കി. ഒരു ചെറുപുഞ്ചിരിയോടെ പറഞ്ഞു. “എൻെറ തലയിൽ വീണ ആ കല്ല് ഒന്നു കണ്ടാൽ കൊള്ളാമെന്നുണ്ട്.”
ഗുരു എന്താണ് തലയിൽ വീണ കല്ലിനെ തിരക്കുന്നതെന്ന സംശയമായി എല്ലാവർക്കും.
ഗുരു പറഞ്ഞു: “ആരെങ്കിലും പോയി ആ കല്ലൊന്നെടുത്തു കൊണ്ടു വരണം..”
ആളുകൾ കല്ലു തിരക്കിപ്പോയി. അധികം വൈകാതെ കല്ലുമായി വന്നു.
ഗുരു കല്ല് കൈയിലെടുത്ത് തിരിച്ചു മറിച്ചും നോക്കി. മുഖത്ത് പുഞ്ചിരി വിടർന്നു. മെല്ലെ പറഞ്ഞു.”ഇത് ആ കല്ല് തന്നെ… നല്ല മുനയുള്ള കല്ല്.”

ഗുരുവിനു ചുറ്റും നിന്നവർക്ക് ഒന്നും മനസിലായില്ല. അവർ ഗുരുവിനെ ഉറ്റു നോക്കി.
ഗുരു പറഞ്ഞു: “ഞാൻ എന്റെ ചെറുപ്പത്തിൽ മരക്കൊമ്പിലിരുന്ന ഒരു പക്ഷിയെ എറിഞ്ഞു. വെറുതെ ഒരു രസത്തിന്.. ഈ കല്ലുകൊണ്ടു തന്നെ. പക്ഷി താഴെവീണു പിടഞ്ഞു ചത്തു.. അന്ന് എന്നെ എല്ലാവരും മിടുക്കൻ എന്നു പറഞ്ഞു”
ഗുരു ചിരിച്ചു. “ഈ കല്ല് ഇത്രയും കാലം എന്നെ തേടി നടക്കുകയായിരുന്നു.. ഇന്നാണ് കല്ലിന് അവസരം ഒത്തു കിട്ടിയത്.” ഒന്നു നിർത്തി ഗുരു പറഞ്ഞു: “ ഒരു കർമ്മം ചെയ്തു തീർത്തതിന്റെ ആശ്വാസം ഈ കല്ലിന്റെ മുഖത്ത് സൂക്ഷിച്ചു നോക്കിയാൽ തെളിഞ്ഞു കാണാം.”
ആളുകൾക്ക് മെല്ലെ മെല്ലെ കാര്യം മനസിലായി.
ഒരു പ്രാണനെ വേദനിപ്പിച്ച ഒരു കല്ലും തിരിച്ചു വരാതിരുന്നിട്ടില്ല. കാലം എത്ര കഴിഞ്ഞാലും കല്ല് അയാളിലേക്കു തന്നെ തിരിച്ചു വരും.
ഗുരു ചിരിച്ചു. “ഇനിയും കല്ലുകൾ വരാനുണ്ടാകും.. ഇന്നല്ലെങ്കിൽ നാളെ അത് വരും.. കൂടുതൽ വേഗത്തോടെ.. കൂടുതൽ മൂർച്ചയോടെ.”
- കുട്ടിക്കഥക്കൂട്ടിൽ നാളെ ജിസ ജോസ് എഴുതിയ കഥ വായിക്കാം
