/indian-express-malayalam/media/media_files/uploads/2021/11/krv-fi.jpg)
നേരം സന്ധ്യയാകാൻ തുടങ്ങുന്നു. അടുത്തെങ്ങും മരമൊന്നും കാണാതെ ദേശാടനക്കിളികൾ നിരപ്പിലേക്ക് പറന്നിറങ്ങി. കൂട്ടത്തിൽ പ്രായം തോന്നിക്കുന്ന ഒരു പക്ഷി ഏറെ പറന്നതിന്റെ ക്ഷീണത്തിൽ ആത്മഗതം പോലെ ചോദിച്ചു “നമുക്ക് വഴി തെറ്റിയോ?“
ആരും അതിനു മറുപടി പറഞ്ഞില്ല. എല്ലാവർക്കും തളർച്ചയും ക്ഷീണവുമുണ്ട്.
തന്നെ ആശ്വസിപ്പിക്കാനെന്നോണം പ്രായം ചെന്ന പക്ഷി പറഞ്ഞു. “ഇല്ല. തെറ്റാനിടയില്ല. കഴിഞ്ഞ തവണ പോന്ന വഴിയിലൂടെ തന്നെയാണല്ലോ നമ്മൾ പറന്നത്. ഇത്ര ദൂരം തന്നെയാണ് പറന്നത്. ഇത്രയും സമയം തന്നെയാണ് പറന്നതും.”
ഒരു ദേശാടനക്കിളി ചിറകടിച്ച് തെല്ലൊന്ന് പറന്ന് സംഘനേതാവായ പക്ഷിയുടെ അടുത്തേക്കിരുന്ന് പറഞ്ഞു "വഴി തെറ്റിയെന്ന് തന്നെയാണ് ഞാൻ കരുതുന്നത്. എവിടെ വെച്ചാണ് നമുക്ക് ദിശ പിഴച്ചത്?"
സംഘത്തലവൻ അതു പറഞ്ഞ കിളിയെ നോക്കി വിലങ്ങനെ തലയാട്ടി. “നമുക്ക് ഒരിക്കലും വഴി തെറ്റാറില്ലല്ലോ?”
“മല നിരകൾ കഴിഞ്ഞാൽ അധിക നേരം പറക്കാനില്ലെന്നാണല്ലോ പറഞ്ഞത്? എവിടെയോ വഴി പിഴച്ചിട്ടുണ്ട്.”
“പക്ഷേ...” നേതാവ് പറഞ്ഞു "എന്റെ മനക്കണക്കുകൾ അനുസരിച്ച് നമ്മൾ പറക്കേണ്ട ദൂരവും സമയവും കൃത്യമാണ്. ഇവിടെ എവിടെയോ ആയിരുന്നു നമ്മുടെ ആവാസ കേന്ദ്രം.”
പഴയ കാഴ്ചകൾക്കായി അത് ചുറ്റും നോക്കി. പക്ഷേ കാഴ്ചകളൊന്നും കാണാനില്ല. ചുറ്റിലും വരണ്ട് ചുവന്ന പ്രദേശം. അവിടവിടെ കാണുന്ന ചെടികൾക്ക് വരണ്ട മുഖമാണ്.
/indian-express-malayalam/media/media_files/uploads/2021/10/krv-1.jpg)
എവിടെ വച്ചാണ് വഴി തെറ്റിയത്?
ക്ഷീണം വിട്ടുണർന്ന മറ്റൊരു പക്ഷി ചിറകുവിടർത്തി വീശിക്കൊണ്ട് ചോദിച്ചു “എങ്കിൽ നിങ്ങൾ പറഞ്ഞ പറഞ്ഞ മലകളെവിടെ? മരങ്ങളെവിടെ? കുളങ്ങളെവിടെ? പുൽമേടുകൾ എവിടെ? കുതിച്ചൊഴുകുന്നെന്നു പറഞ്ഞ തോടെവിടെ?”
യാത്ര പുറപ്പെടുന്നതിനു മുമ്പേ, സംഘനേതാവായ പക്ഷി ചെന്നെത്തുന്ന ഇടത്തെക്കുറിച്ച് അങ്ങനെയെല്ലാം സഹയാത്രകരോട് പറഞ്ഞിരുന്നു.
മനോഹരമായ മല നിരകളുണ്ട്. ഇടതൂർന്നു വളരുന്ന മരങ്ങളിൽ കൂടു കൂട്ടാം. കുതിച്ചൊഴുകുന്ന തോടും, ശാന്തമായി കിടക്കുന്ന ജലാശയങ്ങളും ചതുപ്പു നിലങ്ങളുമുണ്ട്. അന്നത്തിനൊട്ടും മുട്ടുവരില്ല.
പക്ഷേ ഇപ്പോൾ ഒന്നും കാണാനില്ല. പച്ചപ്പ് എന്നു പറയാൻ പോലും ഒന്നുമില്ല. നനവിന്റെ കുളിരു പോലുമില്ല.
സംഘനേതാവ് പറഞ്ഞു “എനിക്കുറപ്പാണ്. ഇതു തന്നെയായിരുന്നു ആ സ്ഥലം.”
കൂട്ടത്തിലൊരു ചെറുപ്പക്കാരൻ പക്ഷി ചിരിച്ചു കൊണ്ട് ചോദിച്ചു, “എങ്കിൽ നിങ്ങൾ പറഞ്ഞ മലയെവിടെ?”
“ഞാൻ അതാണ് തിരക്കുന്നത്...” ദേശാടനക്കിളികളുടെ നേതാവ് മനസിൽ കണക്കു കൂട്ടി വീണ്ടും പറഞ്ഞു. “എനിക്കു തെറ്റിയിട്ടില്ല. ദാ, അവിടെയായിരുന്നു ആ മല. മലയിൽ നിറയെ മരങ്ങളായിരുന്നു. അതിലായിരുന്നു ഈ നാട്ടിലെ പക്ഷികളൊക്കെയും കൂടുകെട്ടിയിരുന്നത്. കുറച്ചപ്പുറത്ത് നമ്മളും.”
/indian-express-malayalam/media/media_files/uploads/2021/10/krv-2.jpg)
“പക്ഷേ ആ മലയെവിടെ? ഒരു മല പെട്ടെന്നങ്ങ് മാഞ്ഞു പോകുമോ?”
അപ്പോൾ എവിടെ നിന്നെന്നു തിരിച്ചറിയാനാവാത്ത ഒരു ശബ്ദം കേട്ടു.
“ദേശാടനക്കിളീ, നിനക്കു വഴി തെറ്റിയിട്ടില്ല. ഞാൻ ഇവിടെത്തന്നെയുണ്ട്. നീ പറഞ്ഞ മല.”
എല്ലാവരും ചുറ്റും നോക്കി. മലയെ കാണാനില്ല.
“എവിടെ?”
വീണ്ടും ശബ്ദം.” നിങ്ങൾ നിൽക്കുന്നത് മലയിലാണ്.”
“അല്ല നിരപ്പിലാണ്. ഭൂമിയോട് ഒട്ടിച്ചേർന്നു കിടക്കുന്ന ഒരിടത്താണ്...”
“അല്ല കൂട്ടരേ. മലയിൽ തന്നെ. എന്നെ കൊണ്ടുവന്നാണ് നിങ്ങൾ ഇപ്പോൾ നിൽക്കുന്ന നിരപ്പ് തീർത്തത്.”
ദേശാടനക്കിളി ഒരു നിമിഷം സംശയിച്ചു നിന്നു.
“അപ്പോൾ, ഇതിലൂടെ ഒരു പുഴ ഒഴുകിയിരുന്നല്ലോ? അതെവിടെയാണ്?”
അപ്പോൾ മണ്ണിനടിയിൽ നിന്നും പുഴയുടെ നേർത്ത ശബ്ദം കേട്ടു.
“ഞാനിവിടെയുണ്ട്, മണ്ണിനടിയിൽ, മലയുടെ അടിയിൽ.”
പുഴയുടെ പതറിയ ശബ്ദം കേട്ട് ദേശാടനക്കിളി ചോദിച്ചു. “നീ കരയുകയാണോ?”
പുഴ പറഞ്ഞു, "ഞാൻ മാത്രമല്ലല്ലോ കരയുന്നത്. കരഞ്ഞു തീർക്കാൻ ഞങ്ങളുടെ ഉള്ളിൽ ഇത്തിരി കണ്ണുനീർ കൂടി ബാക്കിയുണ്ട്. അതുകൂടി കഴിഞ്ഞാൽ…”
ദേശാടനക്കിളികൾ നിശബ്ദരായി. തെല്ലു കഴിഞ്ഞ് കൂട്ടത്തിൽ ഏറ്റവും ചെറിയ കിളി ചോദിച്ചു. “നമ്മൾക്കെന്തു ചെയ്യാൻ കഴിയും?”
“നിന്റെ ചോദ്യം നല്ലതു തന്നെ. പക്ഷേ നമ്മളല്ലല്ലോ അതു തീരുമാനിക്കേണ്ടത്,” നിരാശ നിറഞ്ഞ ശബ്ദത്തിൽ സംഘനേതാവ് മെല്ലെ പറഞ്ഞു.
Read More : കെ ആർ വിശ്വനാഥൻ എഴുതിയ മറ്റ് കഥകള്‍ ഇവിടെ വായിക്കാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us