കേരളപ്പിറവിയുടെയും ശിശുദിനത്തിന്റെയും ഭാഗമായി 2021 നവംബർ ഒന്നിന് ഐ ഇ മലയാളം ആരംഭിച്ച ‘കുട്ടിക്കഥക്കൂട്ട്’ 51 ദിവസം പൂർത്തിയാക്കുകയാണ്. മലയാളത്തിലെ 51 അക്ഷരങ്ങളുടെ ചിത്രഭംഗിയെ കുട്ടികളുടെ മനസിലേക്ക് എഴുതിച്ചേർക്കാൻ 51 ദിവസവും മലയാളത്തിലെ ലബ്ധപ്രതിഷ്ഠർ മുതൽ പുതുതലമുറ പ്രതിഭകൾ വരെ കൈകോർത്തു.
മലയാളഭാഷയുടെ ഭാവിയുടെ അവകാശികളായ ഇന്നത്തെ കുട്ടികൾക്കു ഭാഷയുടെയും ഭാവനയുടെയും അറിവിന്റെയും ബഹുവർണ ലോകങ്ങളിലേക്കു വഴിതുറന്ന് നൽകിയ 51 കഥകൾ അവതരിപ്പിക്കാൻ കഴിഞ്ഞതിൽ ഐ ഇ മലയാളത്തിന് അതിയായ സന്തോഷവും അതിലേറെ അഭിമാനവുമുണ്ട്.
നാളെയും മലയാള ഭാഷയുടെ മാധുര്യം ഈ ലോകത്ത് നിലനിൽക്കണമെങ്കിൽ വരും തലമുറ ആ ഭാഷയെ നെഞ്ചോട് ചേർക്കണം. അതിന് അവരെ ഭാഷയോട് ചേർന്നുനിൽക്കാൻ പ്രേരിപ്പിക്കുന്ന രചനകളുണ്ടാകണം. കുട്ടികൾ പരസ്പരം സ്നേഹത്തോടെയും സൗഹാർദ്ദത്തോടെയും വളരുന്ന ഒരു ലോകത്തെയാണ് എല്ലാവരും സ്വപ്നം കാണുന്നത്. ആ ലോകത്തേക്കുള്ള വാതിലുകളാണ് ഭാവനകളും സ്വപ്നങ്ങളും നിറഞ്ഞ മാതൃഭാഷയിലെ സർഗാത്മകമായ ഇടപെടൽ.
കേരളത്തിലെ കഥകൾ മാത്രമല്ല, ലക്ഷദ്വീപ്, തമിഴ്നാട്, ഗുജറാത്ത് തുടങ്ങിയ പ്രദേശങ്ങളിലെ ഭാഷകളിലെയും ലാറ്റിൻ അമേരിക്കയിൽനിന്നും വെയിൽസിൽനിന്നും ഗൾഫ് രാജ്യങ്ങളിൽ നിന്നുമുള്ള രചനകളും പ്രസിദ്ധീകരിക്കാൻ ഐ ഇ മലയാളത്തിനു സാധിച്ചു. വിശ്വസാഹിത്യ ലോകത്തേക്കും വിശ്വമാനവ സങ്കൽപ്പത്തിലേക്കും കുട്ടികളുടെ കാഴ്ചയെ എത്തിക്കാൻ ഈ ചെറുതിരിവെട്ടം വഴി തുറക്കുമെന്ന് പ്രതീക്ഷ ഞങ്ങൾക്കുണ്ട്.
അ മുതൽ അം വരെയുള്ള അമ്പത്തിയൊന്ന് അക്ഷരങ്ങളെ കോർത്തിണക്കി, അമ്പത്തിയൊന്ന് ദിവസം മലയാള ഭാഷയുടെ മധുരവും ഭാവനയുടെ പുതിയ ആകാശങ്ങളും വരും തലമുറയ്ക്ക് കൈമാറാൻ ഐ ഇ മലയാളത്തോട് സഹകരിച്ച എല്ലാ സാഹിത്യപ്രതിഭകൾക്കും സ്നേഹം നിറഞ്ഞ നന്ദി. ഓരോ കഥയോടും അതീവ താൽപ്പര്യപ്പോടെ പ്രതികരിക്കുകയും പുതിയ വായനക്കാരിലേക്ക് ഈ കഥകളെ എത്തിക്കുകയും ചെയ്ത വായനക്കാരായ രക്ഷാകർത്താക്കൾക്കും കുട്ടികൾക്കും ഐ ഇ മലയാളം ഹൃദയപൂർവം നന്ദി രേഖപ്പെടുത്തുന്നു.
കുട്ടികളുടെ ലോകത്തേക്കു വീണ്ടും പുതിയ കഥകളും കവിതകളും നോവലുകളുമൊക്കെയായി ഐ ഇ മലയാളം വരും. കാത്തിരിക്കുക, ഐഇ മലയാളം വായനയുടെ, ഭാവനയുടെ വാതിലുകൾ നിങ്ങൾക്കായി തുറക്കുന്നു.
എഴുത്തുകാർക്കും വായനക്കാർക്കുമൊക്കെ ഒരിക്കൽ കൂടി നന്ദി
എഡിറ്റർ
മഴനാട്ടിലെ നട്ടുച്ച
ചിന്മയി അതിരാവിലെ തന്നെ ഉണർന്ന് പോയി. കട്ടിലിൽ കിടന്ന് അവൾക്ക് ബോറടിച്ചു. നേരം വെളുത്തു വരുന്നതേയുള്ളൂ. ആരും ഉണർന്നിട്ടില്ല. ഈ സൂര്യൻ എവിടെ പോയിരിക്കുകയാണോ ആവോ. ഉറങ്ങാൻ തോന്നുന്ന ദിവസങ്ങളിൽ ഓടിപ്പിടച്ചു വന്ന് ചിന്മയിയെ ഉണർത്തും. ഇന്ന് കാണാനും കൂടിയില്ല.
അച്ഛന്റെ മൊബൈലിൽ സമയം നോക്കി.ഏഴ് മണി. ഒൻപത് മണിക്ക് പോകാം എന്നാണ് അച്ഛൻ പറഞ്ഞിരിക്കുന്നത്. ഇപ്പോഴും ഇരുട്ട് തോന്നുന്നത് ഈ നാട്ടിൽ ആയിട്ടായിരിക്കും. ഇവിടെ ഇങ്ങനെ മഞ്ഞു മൂടിക്കിടക്കുമ്പോൾ എവിടെ നിന്ന് വെളിച്ചം വരാനാണ്?
സ്വെറ്ററും സോക്സും ഒക്കെയിട്ടിട്ടും കിടുകിടാ വിറയ്ക്കുന്നുണ്ട്. ഷില്ലോങ്ങിൽ എപ്പോഴും തണുപ്പാണ് എന്ന് അമ്മ പറഞ്ഞപ്പോൾ ഇത്ര പ്രതീക്ഷിച്ചില്ല. കുളിര് കൊണ്ട് ചിന്മയിയ്ക്ക് മടുത്തു. അവൾ കമ്പിളിക്കുള്ളിൽ ചുരുണ്ടു കൂടിക്കിടന്നു. അമ്മ വിളിച്ചപ്പോഴാണ് വീണ്ടും ഉണർന്നത്.
“ആഹാ, മഴ കാണാൻ വന്നിട്ട് ഉറക്കമാണോ? എണീറ്റ് വാ… നമുക്ക് പോണ്ടേ?” എന്ന് ചോദിച്ചു കൊണ്ട് അമ്മ, ചിന്മയിക്ക് ഉമ്മ കൊടുത്ത് എഴുന്നേൽപ്പിച്ചു.
മൂടിപ്പുതച്ച് കിടന്നിടത്ത് നിന്നും എഴുന്നേൽക്കാൻ തോന്നിയില്ലെങ്കിലും മഴ കാണാനുള്ള ആവേശത്തിൽ അവൾ ചാടിയെഴുന്നേറ്റു.
കുട, മഴക്കോട്ട്, ടോർച്ച് അവൾ എല്ലാം നോക്കി ഉറപ്പാക്കി.
തലേന്ന്, രാത്രി കിടക്കുമ്പോൽ എല്ലാം എടുത്തു വച്ചതാണ്. എന്നിട്ടും ഒരിക്കൽ കൂടി നോക്കി.
മഴ നാട്ടിലേക്ക് പോകാൻ ഇതൊക്കെ വേണമെന്ന് അവിടെ പോയിട്ടുള്ള അമ്മാവൻ, അച്ഛനോടും അമ്മയോടും പറയുന്നത് അവൾ കേട്ടിരുന്നു.
തണുപ്പുകൊണ്ട് കിടുകിടാ വിറച്ച് അവൾ പല്ലു തേച്ചു. മുഖം കഴുകാൻ
അച്ഛൻ അവൾക്ക് ചെറുചൂടുവെള്ളം കൊടുത്തു.
ഈ തണുപ്പത്ത് കുളി ഒന്നും വേണ്ട എന്ന് അമ്മ പറഞ്ഞു.

പെട്ടെന്ന് റെഡിയായി പുറത്തേക്കിറങ്ങി. സാധനങ്ങൾ എല്ലാം എടുത്തോ എന്നു ചിന്മയി ഒരിക്കൽ കൂടി നോക്കി.
ഹോട്ടലിന്റെ മുറ്റത്ത് കാർ റെഡി ആയി കിടക്കുന്നു. ഡ്രൈവർ വന്നു പരിചയപ്പെട്ടു “ദേക്കാ” അയാളുടെ പേര് ചിന്മയ്ക്ക് ഇഷ്ടപ്പെട്ടു.
കാറിൽ കയറി. മഴ നാട്ടിലേക്ക് 60 കിലോമീറ്റർ ദൂരം ഉണ്ടെന്ന് ഡ്രൈവർ ദേക്ക മാമൻ പറഞ്ഞു.
ചിന്മയി മുൻസീറ്റിൽ ഇരുന്നു. കാഴ്ചകൾ ഒരുപാടുണ്ട്.
സ്വെറ്ററും ഓവർകോട്ടും ഷൂസും സോക്സും മങ്കി ക്യാപ്പും ഒക്കെ ഇട്ടിട്ടും ചിന്മയി തണുത്തു വിറച്ചു കൊണ്ടേയിരുന്നു.
സൂര്യനെ കാണാനേയില്ല. കാർ മുന്നോട്ടു മുന്നോട്ടു പോയി. മല മുകളിലേക്ക് കയറുമ്പോൾ രണ്ടുവശത്തും പൈൻ മരക്കാടുകൾ നിറഞ്ഞ് നിൽക്കുന്നത് ചിന്മയി കണ്ടു. വലിയ വലിയ മലകൾ നിറയെ പൂക്കൾ, മരങ്ങൾ, കാടുകൾ… പുറത്തേക്ക് നോക്കിയിരുന്നു ചിന്മയി.
കൺനിറയെ കാഴ്ചകൾ. എങ്ങോട്ട് നോക്കിയാലും മനോഹരകാഴ്ചകൾ. ഇടയ്ക്ക് ഒരിടത്ത് വെള്ളച്ചാട്ടം കാണാൻ ഡ്രൈവർ മാമൻ കാർ നിർത്തി.
“എന്തൊരു ഭംഗി” ചിന്മയിക്ക് സന്തോഷം കൊണ്ട് കുളിര് വന്നു.
വലിയ മലയുടെ മുകളിൽ നിന്ന് താഴേക്ക് ഒഴുകുന്ന ഏഴ് വെള്ളച്ചാട്ടങ്ങൾ.
“അമ്മേ, ഫോൺ തരൂ, ഫോട്ടോ എടുക്കട്ടെ” അമ്മയുടെ കയ്യിൽ നിന്നും ഫോൺ വാങ്ങി അവൾ ഫോട്ടോ എടുക്കാനായി ക്യാമറ ഫോക്കസ് ചെയ്തു. പെട്ടെന്ന്, വെള്ളച്ചാട്ടങ്ങൾ എല്ലാം ഇല്ലാതായി ഒരു വെള്ള കർട്ടൻ മുന്നിൽ വന്ന് വീണത് പോലെ. മായാലോകത്തെന്ന പോലെ ചിന്മയി അമ്പരന്നു.
മേഘ കൂട്ടങ്ങൾ, വെള്ള മേഘ കൂട്ടങ്ങൾ താഴേക്കിറങ്ങി വന്ന് കാഴ്ചകൾ മറച്ചതാണ്.
ഒന്നും കാണാൻ വയ്യ.ആരെയും കാണാൻ വയ്യ. അവൾ ഉച്ചത്തിൽ അമ്മയെയും അച്ഛനെയും വിളിച്ചു. ഡ്രൈവർ മാമൻ അവളെ ആശ്വസിപ്പിച്ചു “പേടിക്കണ്ട. ഇത് ഇപ്പോൾ മാറും.”

അച്ഛൻ അവളെ ചേർത്ത് പിടിച്ചു. അങ്ങനെ ചെറിയ പേടിയോടെ നോക്കി നിൽക്കെ അത്ഭുതകഥയിലെന്ന പോലെ മേഘങ്ങൾ പറന്നുപോയി. വെള്ളച്ചാട്ടങ്ങൾ വീണ്ടും വന്നു. ഇപ്പോൾ കൂടുതൽ ചന്തമുണ്ട്. സൂര്യന്റെ വെളിച്ചം വീണ് വെട്ടിത്തിളങ്ങുന്ന മേഘങ്ങൾ ക്ക് താഴെ വെള്ളച്ചാട്ടങ്ങൾ കുതിച്ചൊഴുകുന്നു.
അവൾ മൊബൈലിൽ കുറെ ഫോട്ടോകൾ എടുത്തു.
ആ കാഴ്ച കണ്ട് തീരുംമുമ്പ് മഴ വന്നു. ആർത്തലച്ച് മഴ.
ആകാശം പൊട്ടി വീഴുന്നതുപോലെ ചിന്മയിക്ക് തോന്നി. ചുറ്റുമുള്ള മലകളിലും കാടുകളിലും തകർത്തു പെയ്യുന്ന മഴ. മുന്നിലെ റോഡ് കാണാൻ വയ്യാതെ മഴ. കൂരിരുട്ടിൽ ഹെഡ് ലൈറ്റിട്ടാണ് കാർ മുന്നോട്ട് പോകുന്നത്.
“പേടിയാവുന്നു,” അമ്മ പറഞ്ഞു
” മഴ കാണാൻ അല്ലെ നമ്മൾപോകുന്നത്. ഇത് സാമ്പിൾ അല്ലേ, ഇപ്പോഴേ പേടിച്ചാലോ” അച്ഛൻ അമ്മയെ കളിയാക്കി.
കാർ വീണ്ടും മലകളെ ചുറ്റിക്കറങ്ങി മുന്നോട്ടുപോയി. കാറിനുള്ളിലേക്ക് മേഘങ്ങൾ കടന്നു വന്നു കൊണ്ടേയിരുന്നു.
കറുത്ത മേഘങ്ങൾ, വെളുത്ത മേഘങ്ങൾ മാറിയും മറിഞ്ഞും വന്നുകൊണ്ടി രുന്നു. ചിന്മയി കാറിനുള്ളിൽ എത്തുന്ന മേഘങ്ങളെ കൈകൊണ്ട് പിടിക്കാൻ ശ്രമിച്ചു . കൈകളിൽ ഒതുങ്ങാതെ അവ പറന്നു പറന്നു പോയി. അവൾ വീണ്ടും വീണ്ടും മേഘങ്ങളെ പിടിക്കാൻ ശ്രമിച്ചു കൊണ്ടേയിരുന്നു.
ആ കളി തുടർന്നു കൊണ്ടിരിക്കുമ്പോഴാണ് അവൾ ആ ബോർഡ് കണ്ടത്.
“ചിറാപുഞ്ചി ദി വെറ്റസ്റ്റ് പ്ലേസ് ഓണ് പ്ലാനറ്റ് ഏർത്ത്.” (ചിറാപുഞ്ചി, ഭൂമിയിലെ ഏറ്റവും നനവുള്ള പ്രദേശം).
മഴയുടെ കൂടെ മേഘങ്ങളേയും കൊണ്ട് അവൾ മഴനാട്ടിലേക്ക് കടന്ന് ചെന്നു.
കാണാൻ പോകുന്ന മഴയുടെ പൂരം എന്തായിരിക്കും? അവളുടെ ഉള്ളിൽ ആകാംക്ഷ നിറഞ്ഞു.
കൊടുങ്കാട്, പേമാരി, ഇരുട്ട്, വെള്ളത്തിന്റെ വിളയാട്ടം. അവളുടെ സങ്കൽപം കാടുകയറി.
“ലോകത്തിൽ ഏറ്റവും കൂടുതൽ മഴ പെയ്യുന്ന ചിറാപുഞ്ചി” എന്ന് സ്കൂളിൽ പഠിച്ചപ്പോൾ മുതൽ കാണണമെന്ന് തോന്നിയ സ്ഥലമാണ്,” അമ്മ സന്തോഷത്തോടെ പറഞ്ഞു.

Read More: ബീനയുടെ മറ്റ് രചനകള് ഇവിടെ വായിക്കാം
മഴയും മേഘങ്ങളും പെട്ടെന്ന് ഇല്ലാതാവുന്നത് ചിന്മയി കണ്ടു.
വെയിൽ കൊണ്ട് കാഴ്ചകൾ തെളിഞ്ഞു. വെളിച്ചം കൊണ്ട് കണ്ണ് നിറഞ്ഞു. സിമന്റ് കൊണ്ടു കെട്ടിയ ഒരു പ്ലാറ്റ്ഫോമിൽ കാർ നിർത്തി ഡ്രൈവർമാമൻ പറഞ്ഞു.
“ഇറങ്ങിക്കോളൂ, ഇതാണ് ചിറാപുഞ്ചി.”
അച്ഛനും അമ്മയും ചിന്മയിയും ഒന്നും മനസ്സിലാവാതെ നോക്കി.
പുറത്തേക്കിറങ്ങിയപ്പോൾ സഹിക്കാൻ പറ്റാത്ത ചൂട്. ചുറ്റും കണ്ട മരങ്ങളും ചെടികളും ഒക്കെ ഉണങ്ങി വരണ്ടത് പോലെ. കൊടുങ്കാടുമില്ല,വന്മരവുമില്ല.
പാർക്കും ചെറിയ കടകളും ഒക്കെയുള്ള വരണ്ടുണങ്ങിയ ഒരു സ്ഥലം.
“അതാണ് ചിറാപുഞ്ചി വ്യൂ പോയിന്റ്.അവിടെ നിന്ന് നോക്കിയാൽ ബംഗ്ളാദേശ് കാണാം.,,” ഡ്രൈവർ മാമൻ ചൂണ്ടിക്കാണിച്ച സ്ഥലത്തേക്ക് ചിന്മയി നടന്നു. അച്ഛനുമമ്മയും പിന്നാലെ ചെന്നു.
സൂര്യൻ കത്തി ജ്വലിച്ചു നിന്നു. ചൂട് സഹിക്കാൻ പറ്റാതെ അവൾ കോട്ടും സ്വെറ്ററും കയ്യുറയും മങ്കി ക്യാപ്പും ഒക്കെ ഊരിമാറ്റി.
ചിറാപുഞ്ചിയിൽ വെയിലിൽ കുളിച്ച് നിൽക്കുമ്പോൾ അമ്മയോട് അവൾ ചോദിച്ചു.
“അമ്മേടെ ടെക്സ്റ്റ് ബുക്കിലെ ചിറാപുഞ്ചി ഇതല്ലേ അമ്മേ?”
അമ്മ ഒന്നും മിണ്ടിയില്ല.
അച്ഛൻ ഡ്രൈവർ മാമനോട് ചോദിച്ചു, “ഇവിടുത്തെ മഴയെവിടെ പോയി?”
കാർ തുറന്ന് അകത്തേക്ക് കയറി ഡ്രൈവർ മാമൻ പറഞ്ഞു “മലയെല്ലാം ഇടിച്ച്, മരമെല്ലാം വെട്ടി, കാടെല്ലാം വെളുപ്പിച്ച്… മഴയും കൂടെ പോയി…”