scorecardresearch

ഇവാന്റെ സ്വപ്നം

“ഇവാന്‍ അന്ന് രാത്രി കണ്‍നിറയെ സ്വപ്നം കണ്ടു; പേരില്ലാത്ത നാടിനെ, മീനുകളുടെ രാജ്ഞിയെ, മത്സ്യങ്ങള്‍ക്കൊപ്പം നീന്തി പന്തയം ജയിക്കുന്ന ആണ്‍കുട്ടിയെ” ജോജു ഗോവിന്ദ് എഴുതിയ കഥ

ഇവാന്റെ സ്വപ്നം

നാനു മുത്തച്ഛനെ ഇടംവലം തിരിയാന്‍ സമ്മതിക്കാതെ ഇവാന്‍ പിന്നാലെ കൂടിയിരിക്കുകയാണ്. ഇവാന് കഥ കേള്‍ക്കണം. അതാണ് നാനു മുത്തച്ഛന് പിന്നാലെയുള്ള നടപ്പിന്റെ ഉദ്ദേശം. കഴിഞ്ഞ രണ്ടു ദിവസങ്ങളായി മുത്തച്ഛന്‍ പറമ്പില്‍ പച്ചക്കറിത്തോട്ടം ഉണ്ടാക്കുന്നതിന്റെ തിരക്കിലായിരുന്നു.

ഇവാനാണ് മുത്തച്ഛന്റെ വലംകൈയായി പറമ്പില്‍ ഓടി നടന്ന് സഹായിച്ചത്. വെണ്ടയും തക്കാളിയും മത്തനും ചീരയും വെള്ളരിയും എന്നുവേണ്ട ഇവാന്റെ വീട്ടിലേക്ക് ആവശ്യമായ എല്ലാ പച്ചക്കറികളും അവര്‍ സ്വന്തമായി വീട്ടില്‍ത്തന്നെ വിളയിച്ചെടുക്കാറാണ് പതിവ്.

ഇത്തവണ മുത്തച്ഛനൊപ്പം പച്ചക്കറിത്തോട്ടത്തിനായി ഇവാനും മുന്‍പന്തിയിലുണ്ടായിരുന്നു. അതിന് പ്രത്യുപകാരമായി ഇവാന്‍ ആവശ്യപ്പെട്ടത്, മുത്തച്ഛനോട് ഒരു കഥ പറഞ്ഞു തരാനാണ്. മുത്തച്ഛന്‍ അത് ഏറ്റിട്ടുമുണ്ട്.

മുത്തച്ഛന്‍ കഥ പറഞ്ഞു തരുമ്പോള്‍ കേള്‍ക്കാന്‍ നല്ല രസമാണ്. കഥയുടെ താളത്തിനൊത്ത് നീട്ടിയും കുറച്ചും ശബ്ദം താഴ്ത്തിയും ഉയര്‍ത്തിയും ഭാവം ഉള്‍ക്കൊണ്ട് പറയുമ്പോള്‍, ഇവാന് പലപ്പോഴും താന്‍ ആ കഥയിലെ കഥാപാത്രങ്ങള്‍ക്കൊപ്പം സഞ്ചരിക്കുന്നതായി തോന്നാറുണ്ട്. അത്ര കേമമാണ് മുത്തച്ഛന്റെ കഥ പറച്ചില്‍. അതുകൊണ്ട് തന്നെയാണ് ഇവാന്‍ ഇത്തവണ മുത്തച്ഛന് മുന്‍പാകെ ഇങ്ങനെയൊരു ആവശ്യം ഉന്നയിച്ചതും.

സാധാരണ ഇവാന് കഥ പറഞ്ഞുകൊടുക്കുന്നത് ചേച്ചി മിയയാണ്. വാര്‍ഷികപരീക്ഷ നടക്കുന്നതിനാല്‍ ചേച്ചിയെ ശല്ല്യം ചെയ്യേണ്ട എന്ന് ഇവാനും കരുതി. റഷ്യന്‍ നാടോടിക്കഥകള്‍ വായിക്കാന്‍ ഇഷ്ടപ്പെടുന്ന മിയയുടെ പ്രധാന തട്ടകം, നാനു മുത്തച്ഛന്‍ മച്ചിന്റെ മുകളില്‍ ഒരുക്കിയ കൊച്ചു ലൈബ്രറിയാണ്.

ഇപ്പോള്‍ ഇവാന്റെയും പ്രിയപ്പെട്ട ഇടങ്ങളിലൊന്ന് മുത്തച്ഛന്റെ ഈ കൊച്ചു ലൈബ്രറി തന്നെ. ലൈബ്രറിയിലേക്ക് കയറണമെങ്കില്‍ കരയുന്ന ഏണിപ്പടികള്‍ ചവിട്ടിവേണം പോകാന്‍. മരപ്പാളികള്‍കൊണ്ട് നിര്‍മിച്ച പടികള്‍ ഓരോന്നായി ചവിട്ടുമ്പോള്‍ ‘അയ്യോ എന്നെ വേദനിപ്പിക്കാതെ ചവിട്ടൂ’ എന്ന മട്ടില്‍ അത് കരയും. ഏണിപ്പടികള്‍ കരയുമ്പോള്‍, കുട്ടികളുടെ ഉത്തരപ്പേപ്പര്‍ നോക്കുന്ന അധ്യാപികയായ അമ്മ മിഷേല്‍ ഉറക്കെ ചോദിക്കും,

ആരാണപ്പാ… ആരാണ്?
ഏണിപ്പടിയില്‍ ആരാണ്?
നുഴഞ്ഞുക്കയറ്റക്കാര്‍ അല്ലെങ്കില്‍
ഏണി കരയാതെ നോക്കിക്കോ…

അപ്പോള്‍ ഇവാന്‍ ഏണി കയറുന്നത് നിര്‍ത്തും. എന്നിട്ട് ഉറക്കെ അമ്മയോട് പറയും,

ഞാനാണമ്മേ… ഇവാനാണ്…
അമ്മേടെ പുന്നാരമോനാണ്…
നാനു മുത്തച്ഛന്റെ കഥ കേള്‍ക്കാനായി
തട്ടുമ്പുറത്തേക്കു പോണതാണേ…

joju govind, story, iemalayalam
ചിത്രീകരണം : ജോജു ഗോവിന്ദ്

അങ്ങനെ മരയേണി കയറി ഇവാന്‍ നാനു മുത്തച്ഛന്റെ ലൈബ്രറിയില്‍ ചെന്ന് മുത്തച്ഛന്റെ അരികിലായി ഇരിപ്പുറപ്പിച്ചു. നാടോടിക്കഥകള്‍ അടുക്കിവച്ചിരിക്കുന്ന റാക്കില്‍ നിന്നും മുത്തച്ഛന്‍ ഒരു പുസ്തകം തിരഞ്ഞെടുത്തു.

ചേച്ചി മിയയുടെ പ്രിയപ്പെട്ട റാക്കാണ് അത്. മിയ ഏറ്റവും കൂടുതല്‍ പുസ്തകങ്ങള്‍ തിരയുന്നതും അവിടെത്തന്നെ. ആ റാക്കിലെ പുസ്തകങ്ങളില്‍ മാത്രമേ ഇവാന്‍ ചിത്രങ്ങള്‍ കണ്ടിട്ടുള്ളു. മാത്രമല്ല, അവ വളരെ കുറച്ചു പേജുകളും നിറയെ വര്‍ണങ്ങളും ഉള്ളതായിരിക്കും. ചില ചിത്രകഥകളൊക്കെ ഇവാനും വായിച്ചു തുടങ്ങിയിരുന്നു. അതിലെ അക്ഷരങ്ങള്‍ പെറുക്കിയെടുത്ത് വാക്കുകള്‍ കോര്‍ക്കും, ചിത്രങ്ങള്‍ കണ്ട് അര്‍ത്ഥം മനസ്സിലാക്കും. ഇതാണ് ഇവാന്റെ വായനയുടെ രീതി.

എന്നാല്‍ വീട്ടിലെ മുതിര്‍ന്നവര്‍ വായിക്കുന്ന പുസ്തകങ്ങളൊക്കെ കട്ടികൂടിയതും പേജുകളില്‍ അക്ഷരങ്ങള്‍ മാത്രം നിറഞ്ഞു നില്‍ക്കുന്നതുമായിരിക്കും. അത്തരം പുസ്തകങ്ങള്‍ നാനു മുത്തച്ഛനും അമ്മ മിഷേലും സാം അച്ഛനും വളരെ പെട്ടെന്ന് വായിച്ചു തീര്‍ക്കുന്നത് കണ്ട് ഇവാന്‍ അത്ഭുതം കൊള്ളാറുണ്ട്. തനിക്ക് എപ്പോഴാണ് അവരെപോലെ വലിയ പുസ്തകങ്ങള്‍ വായിക്കാന്‍ കഴിയുക എന്ന് ഉത്കണ്ഠപ്പെടും.

ഇവാന് വായിച്ചു കൊടുക്കാനുള്ള കഥയുമായി നാനു മുത്തച്ഛന്‍ കസേരയില്‍ ഇരുന്നു. ശബ്ദം ശരിയാക്കി കഥ പറയാന്‍ ആരംഭിച്ചു.

‘പേരില്ലാത്ത നാടി’നെക്കുറിച്ചുള്ള കഥയാണിത്. നാടിന് പേരില്ലാത്തതുപോലെ അവിടുത്തെ ആളുകള്‍ക്കും പേരില്ല. ഒരു വസ്തുവിനും പേരില്ല. അങ്ങനെയാണ് പേരില്ലാത്ത നാടിന് ആ പേര് വീണത്. പേരില്ലാത്ത നാടുമായി ഭൂമി കുറെ ഉരുണ്ടു. കാലം കടന്നുപോയി.

പേരില്ലാത്ത നാടിന്റെ ആകാശം മൂന്ന് രാവും മൂന്നു പകലും നിന്നു പെയ്‌തൊഴിഞ്ഞവേളയില്‍, ഒരു പെണ്‍കുട്ടിയും ഒരു ആണ്‍കുട്ടിയും ദേശത്തിന്റെ കിഴക്കും പടിഞ്ഞാറുമായി ജനനംകൊണ്ടു.

പേരില്ലാത്ത നാട്ടില്‍ ജനിച്ച ആ പെണ്‍കുട്ടി, തനിക്കൊരു പേരില്ലാത്തതില്‍ അതിയായി സന്ദേഹപ്പെട്ടിരുന്നു. ഒരുവേള, തനിക്കൊരു പേരു സ്വയം കണ്ടെത്താനും അവള്‍ മുതിര്‍ന്നു. പക്ഷേ, പേരില്ലാത്ത ആ നാട്ടില്‍ തന്റെ പേരെടുത്തു വിളിക്കാന്‍ ആരാണ് ഒരുക്കമാവുക? അത് ആ നാടിന്റെ നിയമത്തിന് എതിരുമാണ്. എങ്കിലും അവള്‍ തനിക്കൊരു പേരു കണ്ടെത്തി തരുന്നവനെ മാത്രമേ വിവാഹം ചെയ്യൂ എന്ന് തീരുമാനിച്ചുറച്ചിരുന്നു.

അയാൾ സ്‌നേഹത്തോടെ, തന്റെ പേരുവിളിക്കുന്നത് അവള്‍ പലതവണ സ്വപ്നത്തില്‍ കണ്ടിരുന്നു. അങ്ങനെയൊരാള്‍ വരുമെന്നു തന്നെ അവള്‍ തീര്‍ച്ചപ്പെടുത്തി.

എന്നാല്‍, പടിഞ്ഞാറില്‍ ജനിച്ച ആണ്‍കുട്ടിയാകട്ടെ, അവന്റെ ചെറുപ്പം കടലില്‍ ചെന്ന് മീന്‍ പിടിക്കുന്നതില്‍ ഹരം കൊണ്ടിരുന്നു. മുളയ്ക്ക് സമാനമായ തടി വെട്ടിമുറിച്ച്, കൂട്ടിച്ചേര്‍ത്ത് വള്ളമുണ്ടാക്കിയായിരുന്നു ആണ്‍കുട്ടിയുടെ കടല്‍സവാരി.

ഉള്‍ക്കടലില്‍ ചെന്നുപെട്ടാല്‍ അവന്‍ വള്ളത്തില്‍നിന്നും കടലിലേക്ക് എടുത്തുചാടും. കടലിന്റെ ആഴങ്ങളില്‍ ചെന്ന് മത്സ്യങ്ങള്‍ക്കൊപ്പം നീന്തും. അവരുമായി പന്തയം നടത്തും. പന്തയത്തില്‍ തോറ്റാല്‍ ജീവനാണ് വില നൽകേണ്ടത്. അതുകൊണ്ടു തന്നെ ആണ്‍കുട്ടി എപ്പോഴും തന്റെ ജീവന്‍ കൈപ്പിടിയില്‍ ഒതുക്കി മത്സരത്തില്‍ ജയിക്കുവാന്‍ പരിശ്രമിക്കുമായിരുന്നു.

അങ്ങനെ ജയിച്ചുവരുന്ന ആണ്‍കുട്ടിയുടെ അന്നത്തെ അത്താഴത്തിന് വിഭവമായി ഉണ്ടാവുക തനിക്കൊപ്പം മത്സരിച്ച് പരാജയപ്പെട്ട മത്സ്യമായിരിക്കും. മത്സ്യത്തെ കമ്പില്‍ കൊരുത്ത് ചുട്ടെടുക്കാറാണ് പതിവ്. വലിയ മീനാണെങ്കില്‍ അന്നത്തെ അത്താഴത്തിനുള്ളത് എടുത്ത് മിച്ചം വരുന്നത് ഉപ്പു പുരട്ടി ഉണക്കി സൂക്ഷിക്കും.

joju govind, story, iemalayalam
ചിത്രീകരണം : ജോജു ഗോവിന്ദ്

പേരില്ലാത്ത നാടിനെയുംകൊണ്ട് ഭൂമി പിന്നെയും കറങ്ങി. പെണ്‍കുട്ടി വളര്‍ന്നു വലുതായി. കാണുന്നവര്‍ക്കെല്ലാം അവള്‍ സുന്ദരിയാണെന്ന് തോന്നി. ആണ്‍കുട്ടി വളര്‍ന്നു വളര്‍ന്നു വലുതായി. കാണുന്നവര്‍ക്കെല്ലാം അവന്‍ സുന്ദരനാണെന്ന് തോന്നി. അങ്ങനെയിരിക്കെ തന്റെ വള്ളത്തിന് അറ്റകുറ്റപണികള്‍ക്കായി പേരില്ലാത്ത നാടിന്റെ കിഴക്കന്‍പ്രദേശത്തു കണ്ടുവരുന്ന മുളയ്ക്കു സമാനമായ തടിവെട്ടാന്‍ പടിഞ്ഞാറന്‍ദേശത്തുനിന്നും അവന്‍ യാത്രയായി.

കാട്ടരുവിയിലൂടെ വെട്ടിയ തടിയും ഒഴുക്കികൊണ്ടു വരികയായിരുന്നു, ചെറുപ്പക്കാരനായ ആ യുവാവ്. അപ്പോഴായിരുന്നു അരുവിയില്‍ നീന്തിത്തുടിക്കുകയായിരുന്ന പെണ്‍കുട്ടിയെ അവന്‍ കണ്ടുമുട്ടിയത്.

ഒറ്റനോട്ടത്തില്‍ അവളുടെ കണ്ണുകള്‍ മീന്‍കണ്ണുകള്‍ക്ക് സമമായിരുന്നു. കടലില്‍ താന്‍ ഇതുവരെ കാണാത്ത, കാണാനായി അതിയായി കൊതിച്ച മത്സ്യകന്യകയെ പോലെയായിരുന്നു അവൾ. അരുവിയുടെ ആഴങ്ങളില്‍ നീന്തി രസിക്കുന്ന പെണ്‍കുട്ടിയെ ലക്ഷ്യമാക്കി അവന്‍ വെള്ളത്തിലേക്ക് ചാടി.

അടിത്തട്ടില്‍ പെണ്‍കുട്ടിക്ക് അഭിമുഖമായി നിന്ന് അവന്‍ അവളെ ഗാഢമായി നോക്കി. എന്നിട്ട് ‘മീനുകളുടെ രാജ്ഞി’ എന്നര്‍ഥമുള്ള വാക്ക് അവളുടെ ചെവിയില്‍ മൊഴിഞ്ഞു.

നാനു മുത്തച്ഛന്‍ കഥ മുഴുമിപ്പിക്കാതെ പെട്ടെന്ന് നിര്‍ത്തി. ഇവാന് സത്യമായും സങ്കടം വന്നു. ഒരു തവണപോലും മുത്തച്ഛന്‍ ഇങ്ങനെ പാതിവഴിയില്‍ കഥപറച്ചില്‍ അവസാനിപ്പിച്ചിട്ടില്ല. ഇന്നിത് ആദ്യമാണ്. നാനു മുത്തച്ഛന്‍ മേശയില്‍നിന്നും ഇവാനായി കരുതിയ ഒരു നോട്ട്ബുക്കും പെന്‍സിലും അവന് നേരെ നീട്ടി. ഇവാന്‍ ആകാംഷയോടെ അത് വാങ്ങി.

“ഇനി കഥ പറയേണ്ടത് ഇവാന്‍ക്കുഞ്ഞാണ്,” മുത്തച്ഛന്‍ പറഞ്ഞു.

“ഞാനോ?” ഇവാന്‍ ആശ്ചര്യപ്പെട്ടു. “ഞാനെങ്ങനെ കഥ പറയാന്‍? അക്ഷരങ്ങള്‍ പെറുക്കിയെടുത്താണ് വായിക്കുന്നതു തന്നെ. അങ്ങനെയുള്ള ഞാന്‍ ബാക്കി കഥ പറഞ്ഞു തീരുമ്പോഴേക്കും ഒരു ദിവസം കഴിയും.”

“പുസ്തകത്തില്‍ എഴുതിവെച്ച കഥയല്ല ഇവാന്‍ക്കുഞ്ഞ് പറയേണ്ടത്. ഞാന്‍ വായിച്ചു നിര്‍ത്തിയതിന്റെ തുടര്‍ച്ചയില്‍ നീ കഥ പറയണം,” മുത്തച്ഛന്‍ ആവശ്യപ്പെട്ടു.

വല്ലാത്തൊരു കുരുക്കില്‍പെട്ടതുപോലെ ഇവാന് തോന്നി. അവന്റെ കൊച്ചുമുഖം മ്ലാനമായി. അവന്‍ ലൈബ്രറിയില്‍നിന്നും മരയേണി ഇറങ്ങി താഴെ വന്നു. മുഖം വാടിയതു കണ്ട് കോഴിക്കുഞ്ഞുങ്ങള്‍ക്കുള്ള തീറ്റയുമായി പുറത്തേക്ക് പോകുന്ന സാം അച്ഛന്‍ ഇവാനോട് ചോദിച്ചു,

“ഇവാന്‍കുഞ്ഞേ… ഇവാന്‍കുഞ്ഞേ…
എന്തിനു വാടി നിന്റെ മുഖം?
നാനു മുത്തച്ഛന്റെ തട്ടുമ്പുറത്ത്
കളഞ്ഞുപോയോ നിന്റെ ചിരി?”

അപ്പോള്‍ ഇവാന്‍ തന്റെ കയ്യിലെ നോട്ടുബുക്കും പെന്‍സിലും കാട്ടി സാം അച്ഛനോട് മറുപടി പറഞ്ഞു,

“നാനു മുത്തച്ഛന്റെ തട്ടുമ്പുറത്തോട്ട്
കഥ കേള്‍ക്കാനായിട്ട് ചെന്നതാണേ…
കഥ പൂര്‍ത്തിയാക്കാതെ പാതിക്കു നിര്‍ത്തീട്ട്
എന്നോട് മുഴുമിക്കാനായി പറഞ്ഞു.”

joju govind, story, iemalayalam
ചിത്രീകരണം : ജോജു ഗോവിന്ദ്

ഇത് കേട്ടതും സാം അച്ഛന്‍ ചിരിച്ചു. ഇവാന്റെ അരികിലേക്കു വന്ന് ഇങ്ങനെ പറഞ്ഞു, “ഇവാന്‍ക്കുഞ്ഞിന്റെ ഭാവന പരിശോധിക്കാന്‍ നാനു മുത്തച്ഛന്‍ ഒരു കുസൃതി ഒപ്പിച്ചതല്ലേ…”

“ഭാവനയോ? അതെന്താ?” ഇവാന്‍ ശബ്ദത്തില്‍ കൗതുകം കലര്‍ത്തി ചോദിച്ചു.

അപ്പോള്‍ സാം അച്ഛന്‍ രണ്ടു മുറിക്ക് അപ്പുറത്തിരുന്ന് ഉത്തരപ്പേപ്പര്‍ നോക്കുകയായിരുന്ന അമ്മ മിഷേലിനെ ചൂണ്ടി പറഞ്ഞു, “ദേ, അമ്മയോട് ചോദിച്ചാല്‍ ചിലപ്പോള്‍ നിനക്കതിന് രസികന്‍ ഉത്തരം കിട്ടും.”

ഇവാന്‍ അമ്മ മിഷേലിന്റെ അരികിലേക്കായി ഓടി.

“അമ്മേ, ഈ ഭാവന എന്നുവെച്ചാല്‍ എന്താ?”

അമ്മ മിഷേല്‍ ഉത്തരപ്പേപ്പറില്‍നിന്നും കണ്ണുവെട്ടിച്ച് കുസൃതി നിറഞ്ഞൊരു നോട്ടത്തോടെ ചോദിച്ചു,

“എവിടുന്ന് കിട്ടി എന്റെ കുഞ്ഞിന് ഭാവനയെ?”

നാനു മുത്തച്ഛന്‍ തന്നെ ഏൽപ്പിച്ച പുതിയ ദൗത്യത്തെപ്പറ്റി അമ്മയോട് ഇവാന്‍ വിശദീകരിച്ചു.

അമ്മ മിഷേല്‍ അവന്റെ കവിളില്‍ തലോടിക്കൊണ്ട് ചോദിച്ചു, “ഇവാന്‍ക്കുഞ്ഞ് സ്വപ്നം കാണാറില്ലേ?”

“ഉണ്ട്, ഇന്നലെ ഉറങ്ങുമ്പോള്‍ക്കൂടി എന്റെ കണ്ണുകള്‍ നിറയെ സ്വപനമായിരുന്നു.” ഇവാന്‍ ആവേശത്തോടെ മറുപടി പറഞ്ഞു.

“മിടുക്കന്‍. നിറയെ ഭാവനയുള്ളവരാണ് കണ്‍നിറയെ സ്വപ്നം കാണുന്നത്. അതുകൊണ്ട് തീര്‍ച്ചയായും നാനു മുത്തച്ഛന്‍ പാതി പറഞ്ഞു നിര്‍ത്തിയ കഥ ഇവാന്‍ക്കുഞ്ഞിന് പൂര്‍ത്തിയാക്കാനാകും.” അമ്മ മിഷേല്‍ അവന് പൂര്‍ണ പിന്തുണകൊടുത്തു.

അന്ന് രാത്രി ഇവാന്‍ പതിവിലും നേരത്തേ ഭക്ഷണം കഴിച്ചു. നാനു മുത്തച്ഛന്‍ തന്ന നോട്ടുബുക്കും പെന്‍സിലും കട്ടിലില്‍ തനിക്കൊപ്പം ചേര്‍ത്തുവെച്ചു. ഭാവന ഉണരാനായി ധ്യാനിച്ചു കിടന്നു. തന്റെ പ്രിയപ്പെട്ട പര്‍പ്പിള്‍ നിറത്തിലുള്ള ബ്ലാങ്കറ്റിനുള്ളില്‍ കിടന്ന് ഇവാന്‍ അന്ന് രാത്രി കണ്‍നിറയെ സ്വപ്നം കണ്ടു…

പേരില്ലാത്ത നാടിനെ, മീനുകളുടെ രാജ്ഞിയെ, മത്സ്യങ്ങള്‍ക്കൊപ്പം നീന്തി പന്തയം ജയിക്കുന്ന ആണ്‍കുട്ടിയെ. സ്വപ്നത്തിലെപ്പോഴോ മീനുകളുടെ രാജ്ഞി തന്റെ പുറംകയ്യില്‍ വരച്ച മത്സ്യകന്യകയുടെ ചിത്രം കാട്ടാനായി ഇവാന്‍ ഉറക്കം വിട്ട്, നാനു മുത്തച്ഛന്റെ അരികിലേക്ക് ഓടി. ഇവാന്റെ കഥ കേള്‍ക്കാനായി മുത്തച്ഛനപ്പോള്‍ തട്ടുമ്പുറത്ത് കാത്തിരിപ്പുണ്ടായിരുന്നു.

കുട്ടിക്കഥക്കൂട്ടിൽ നാളെ ടെൻസി ജേക്കബ് എഴുതിയ കഥ വായിക്കാം

Children, Short story, Malayalam Writer

Stay updated with the latest news headlines and all the latest Children news download Indian Express Malayalam App.

Web Title: Joju govind story for children evante swapnam