scorecardresearch

ചിത്രകാരനും പുരാവസ്തു വിൽപ്പനക്കാരനും

"ചിത്രകാരനോട് യാത്ര പറഞ്ഞ്, 'പുഴയിലേക്ക് ഉന്തിനില്ക്കുന്ന പാറക്കെട്ടു കളു'മായി പുരാവസ്തു വിൽപ്പനക്കാരന്‍ മടങ്ങി" ജോജു ഗോവിന്ദ് എഴുതിയ കഥ

"ചിത്രകാരനോട് യാത്ര പറഞ്ഞ്, 'പുഴയിലേക്ക് ഉന്തിനില്ക്കുന്ന പാറക്കെട്ടു കളു'മായി പുരാവസ്തു വിൽപ്പനക്കാരന്‍ മടങ്ങി" ജോജു ഗോവിന്ദ് എഴുതിയ കഥ

author-image
Joju Govind
New Update
joju govind, story, iemalayalam

ഒരിക്കല്‍ ഒരിടത്ത് ഒരു ചിത്രകാരനുണ്ടായിരുന്നു. അയാള്‍ അങ്ങനെ വലിയ പ്രശസ്തനൊന്നുമായിരുന്നില്ല. ജന്മസിദ്ധമായ കഴിവുകൊണ്ട് വരച്ചു പഠിച്ച്, കുറേക്കാലം കൊണ്ട് തന്റേതായ ഒരു ശൈലി ഉണ്ടാക്കിയെടുത്തു. ഒരു ദിവസം പുഴയിലേക്ക് ഉന്തിനില്ക്കുന്ന പാറക്കെട്ടുകളെ വരയ്ക്കുകയായിരുന്നു അയാള്‍. അപ്പോഴാണ് അങ്ങാടിയില്‍ പുരാവസ്തുക്കളുടെ കച്ചവടം നടത്തുന്ന ചിത്രകാരന്റെ സുഹൃത്ത് അവിടേക്ക് വന്നത്.

Advertisment

പുഴയിലേക്ക് തള്ളി നില്‍ക്കുന്ന പാറക്കെട്ടുകളുടെ ചിത്രം കണ്ട് സുഹൃത്ത് അമ്പരന്നു.

"ഓഹ്, ചങ്ങാതി നിങ്ങളെന്നെ അമ്പരപ്പിച്ചിരിക്കുന്നു. നിങ്ങളുടെ വിരല്‍ത്തുമ്പ് എന്തത്ഭുതമാണ് കാട്ടിയത്. സത്യത്തില്‍, എനിക്കാ പാറയിടുക്കില്‍ നിന്നും പുഴയിലേക്ക് കുതിച്ചു ചാടാന്‍ കൊതി തോന്നുന്നു."

പ്രിയ സ്‌നേഹിതന്റെ പ്രശംസ കേട്ട് ചിത്രകാരന്‍ ഒന്ന് ചിരിക്കുക മാത്രം ചെയ്തു.

Advertisment

"സ്‌നേഹിതാ, ഞാനൊന്ന് ചോദിച്ചു കൊള്ളട്ടെ, നിങ്ങളീ ചിത്രം എന്തു ചെയ്യാന്‍ പോകുന്നു," കൂട്ടുകാരന്‍ ചോദിച്ചു.

"ഞാനിത് എന്റെ ശേഖരത്തില്‍ എടുത്തുവെക്കാന്‍ പോകുന്നു," ചിത്രകാരന്‍ പറഞ്ഞു.

സുഹൃത്ത് അത് തടഞ്ഞുകൊണ്ട് പറഞ്ഞു, "ചങ്ങാതി, മണ്ടത്തരം കാണിക്കാതിരിക്കൂ. ഇത് താങ്കളുടെ ശേഖരത്തില്‍ വെച്ചതുകൊണ്ട് ആര്‍ക്കെന്ത് പ്രയോജനം. താങ്കളുടെ കലാസൃഷ്ടി നാട്ടുകാര്‍ കാണട്ടെ."

"നിലവില്‍ ചിത്രങ്ങള്‍ പ്രദര്‍ശനത്തിന് വെക്കാനുള്ള വലിപ്പമൊന്നും എനിക്ക് കൈ വന്നിട്ടില്ല. അതുകൊണ്ട് തന്നെ ഈയടുത്തൊന്നും ഞാന്‍ ചിത്രപ്രദര്‍ശനം നടത്താന്‍ ആഗ്രഹിക്കുന്നില്ല," ചിത്രകാരന്‍ പറഞ്ഞു.

joju govind, story, iemalayalam

"അതിനുള്ള മാര്‍ഗ്ഗവുമായാണ് ഞാന്‍ വന്നിരിക്കുന്നത്. വാസ്തവത്തില്‍ എന്റെ പുരാവസ്തു കച്ചവടം വളരെ പരുങ്ങലിലാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. ആളുകള്‍ക്ക് പഴയവസ്തുക്കളോടുള്ള കമ്പം കുറഞ്ഞ മട്ടാണ്. മുമ്പായിരുന്നെങ്കില്‍ വീട്ടില്‍ അലങ്കാരത്തിനായി പുരാവസ്തുക്കള്‍ കൊണ്ടു പോകുന്നത് പതിവായിരുന്നു. നല്ല കച്ചവടവും ആ സമയങ്ങളില്‍ നടക്കുമായിരുന്നു. ഇപ്പോള്‍ അതല്ല സ്ഥിതി. ആരും കടയിലേക്ക് തന്നെ കയറുന്നില്ല."

"അതിന് എന്റെ എന്തു സഹായം വേണമെന്നാണ് പറഞ്ഞു വരുന്നത്," ചിത്രകാരന്‍ ഇടയ്ക്കു കയറി ചോദിച്ചു.

"പറയട്ടെ, താങ്കളുടെ ചിത്രം എന്റെ കടയില്‍ ഒരു വിൽപ്പന വസ്തുവായി വെച്ചാല്‍ ചിലപ്പോള്‍ ആ ചിത്രം കണ്ടിട്ടെങ്കിലും ആളുകള്‍ കടയില്‍ കയറും. അങ്ങനെ കയറിക്കഴിഞ്ഞാല്‍ താങ്കളുടെ ചിത്രവും എന്റെ പുരാവസ്തു ശേഖരവും വിറ്റഴിക്കപ്പെടാന്‍ സാധ്യതയുണ്ട്. അതിന് താങ്കളുടെ ഈ മഹത്തായ കലാസൃഷ്ടി എനിക്കു തന്നുകൂടെ?"

തന്റെ കൂട്ടുകാരന്റെ ജീവിതം താന്‍ മൂലം രക്ഷപ്പെടുകയാണെങ്കില്‍ അതില്‍പരം സന്തോഷം തനിക്കില്ല. അതുകൊണ്ടു തന്നെ തന്റെ ഏറ്റവും പുതിയ ചിത്രം 'പുഴയിലേക്ക് ഉന്തിനില്ക്കുന്ന പാറക്കെട്ടുകള്‍' സുഹൃത്തിന് നൽകാൻ ചിത്രകാരൻ തീരുമാനിച്ചു.

"എന്റെ കൈവശമിപ്പോള്‍ ഈ ചിത്രത്തിനു നല്കാനുള്ള തുക കാണില്ല. ഈ ചിത്രം വിറ്റു പോകുമ്പോള്‍ അതിന്റെ എൺപത് ശതമാനം വിഹിതം ഞാന്‍ എത്തിക്കാം," സുഹൃത്ത് വിഷമത്തോടെ തന്റെ അവസ്ഥ പങ്കുവെച്ചു.

"അതിനെന്താ കൂട്ടുകാരാ. ഞാനിപ്പോള്‍ പണം ആവശ്യപ്പെട്ടില്ലല്ലോ. താങ്കള്‍ ദുരിതകാലം കരകയറിയിട്ട് അതിനുള്ള പണം തന്നാല്‍ മതി..." ചിത്രകാരന്‍ ചങ്ങാതിയെ ആശ്വസിപ്പിച്ചു.

അതുകേട്ടപ്പോള്‍ പുരാവസ്തു വിൽപ്പനക്കാരനായ കൂട്ടുകാരന്‍ ചിത്രകാരനെ കെട്ടിപ്പിടിച്ചു. രണ്ടുപേര്‍ക്കും എന്തെന്നില്ലാത്ത സന്തോഷമുണ്ടായി.

ചിത്രകാരനോട് യാത്ര പറഞ്ഞ്, 'പുഴയിലേക്ക് ഉന്തിനില്ക്കുന്ന പാറക്കെട്ടു കളു'മായി പുരാവസ്തു വിൽപ്പനക്കാരന്‍ മടങ്ങി.

joju govind, story, iemalayalam

പൊതുവേ തിരക്കു കുറഞ്ഞ അങ്ങാടിയില്‍ അന്നേ ദിവസം പുരാവസ്തു വിൽപ്പനക്കാരന്റെ കടയില്‍ അത്യാവശ്യം നല്ല തിരക്കുണ്ടായിരുന്നു. അയാള്‍ മുന്‍കൂട്ടി കണ്ടതുപോലെ തന്നെ സംഭവിച്ചു.

'പുഴയിലേക്ക് ഉന്തിനില്ക്കുന്ന പാറക്കെട്ടുകള്‍,' എന്ന ചിത്രം കണ്ട് പലരും ആ കടയിലേക്ക് കയറി. ഒന്നുരണ്ടു പേര്‍ ആ ചിത്രത്തിന് വില പറഞ്ഞുവെച്ചു പോയി. ചിത്രം കണ്ട് വന്നവരില്‍ ഒരാള്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു കെടാവിളക്കും അതേക്കാലത്ത് ഭരിച്ചിരുന്ന ഒരു നാട്ടുരാജാവിന്റെ വാളും വാങ്ങി. ആളുകള്‍ക്ക് കൂടുതല്‍ താൽപ്പര്യം ചിത്രത്തിനാണെന്ന് മനസ്സിലാക്കിയ പുരാവസ്തു കച്ചവടക്കാരന്‍ ചിത്രം ലേലത്തില്‍ വെക്കാന്‍ തീരുമാനിച്ചു. ഏറ്റവും കൂടുതൽ വില തരുന്നയാള്‍ക്ക് ചിത്രം സ്വന്തം.

അങ്ങനെ ആയിരം സ്വര്‍ണ്ണനാണയത്തിന് 'പുഴയിലേക്ക് ഉന്തിനില്ക്കുന്ന പാറക്കെട്ടുകള്‍' ലേലത്തില്‍ വിറ്റുപോയി. പുരാവസ്തു കച്ചവടക്കാരന്‍ തന്റെ അധികമായി കൈവശം വന്ന സ്വര്‍ണ്ണനാണയം കണ്ടപ്പോഴേക്കും മട്ടു മാറി. ഇത്രയൊന്നും പണം ചിത്രകാരന് നൽകേണ്ട ആവശ്യമില്ല എന്ന് അയാൾ ചിന്തിച്ചു. അയാള്‍ ഉടന്‍ ചിത്രകാരന്‍ ചങ്ങാതിക്ക് കത്തെഴുതി.

പ്രിയ കൂട്ടുകാരാ,
താങ്കളുടെ 'പുഴയിലേക്ക് ഉന്തിനില്ക്കുന്ന പാറക്കെട്ടുകള്‍' ഉള്ളതുകൊണ്ട് അത്യാവശ്യം ആളുകള്‍ കടയിലേക്ക് കയറുന്നുണ്ട്. ചില്ലറ കച്ചവടം അതുകൊണ്ട് നടന്നു. താങ്കളുടെ ചിത്രത്തിന് ആവശ്യക്കാര്‍ ഉണ്ട്. ആരാണോ കൂടുതല്‍ പണം തരുന്നത് അയാള്‍ നൽകാനാണ് എന്റെ പദ്ധതി.
ചിലപ്പോള്‍ ഈ ആഴ്ചയ്ക്കകം ചിത്രം വിറ്റുപോയേക്കും. അപ്പോഴേക്കും മുന്‍കൂറായി എനിക്ക് താങ്കളുടെ അടുത്ത ചിത്രം വേണം. കഴിയുമെങ്കില്‍ ഒരാഴ്ചയ്ക്കകം പുതിയ ചിത്രം തയ്യാറാക്കുക. അടുത്ത ആഴ്ച പണവുമായി ഞാന്‍ എത്താം.

എന്ന്
സ്വന്തം സുഹൃത്ത്

കത്തുവായിച്ച ചിത്രകാരന്‍ കുറച്ചു നിമിഷം പറയാനാകാത്ത സന്തോഷ ത്തോടെ നിന്നു. തന്റെ കലാവസ്തു കൊണ്ട് പ്രിയപ്പെട്ട സുഹൃത്തിന്റെ ജീവിതം കരു പിടിക്കുന്നുണ്ടല്ലോ എന്നറിഞ്ഞപ്പോള്‍ ചെറുതായി കണ്ണു നനഞ്ഞു. ചിത്രകാരന്‍ പെട്ടെന്നു തന്നെ അടുത്ത ചിത്രം വരയ്ക്കാന്‍ തുനിഞ്ഞു. കൈകോര്‍ത്തു പോകുന്ന രണ്ടു സ്‌നേഹിതരുടെ ചിത്രമായിരുന്നു അത്.

ഒരാഴ്ച അവസാനിക്കാറാകും മുന്‍പു തന്നെ പുരാവസ്തു വിൽക്കുന്ന കൂട്ടുകാരന്‍ ചിത്രകാരനെ തേടിയെത്തി. വന്നയുടനെ കൂട്ടുകാരനെ കെട്ടിപ്പിടിച്ചു. എന്നിട്ട് തന്റെ കയ്യില്‍ കരുതിയിരുന്ന ഇരുപത് സ്വര്‍ണ്ണനാണയങ്ങള്‍ നല്കിക്കൊണ്ട് പറഞ്ഞു "കൂട്ടുകാരാ ഇതാ നിനക്കുള്ള വിഹിതം..."

joju govind, story, iemalayalam

"ഇപ്പോള്‍ കച്ചവടം നന്നായി നടക്കുന്നുണ്ടോ," ചിത്രകാരന്‍ സ്വര്‍ണ്ണനാണയം സ്വീകരിച്ചുകൊണ്ട് ചോദിച്ചു.

"ഉണ്ട് ചങ്ങാതി, അത്യാവശ്യം നന്നായി തന്നെ കാര്യങ്ങള്‍ പോകുന്നുണ്ട്. എവിടെ എനിക്കു തരാനുള്ള ചിത്രം. അതുവിറ്റ് കച്ചവടം നമുക്ക് കൊഴുപ്പിക്കാം."

ചിത്രകാരന്‍ പുതുതായി വരച്ച 'കൈകോര്‍ത്തു പോകുന്ന രണ്ടു സ്‌നേഹിതരുടെ ചിത്രം' കൂട്ടുകാരന് കൈമാറി.

ചിത്രം കണ്ട് പുരാവസ്തു വില്ക്കുന്ന കൂട്ടുകാരന് കുറ്റബോധമുണ്ടായി. അയാള്‍ പറഞ്ഞു, "ചങ്ങാതി, എന്നോട് ക്ഷമിക്കൂ. താങ്കളുടെ ചിത്രം ലേലത്തില്‍ വിറ്റുപോയത് ആയിരം സ്വര്‍ണ്ണനാണയത്തിനാണ്. ഞാന്‍ പറഞ്ഞ വാക്കു പ്രകാരം എണ്ണൂറ് സ്വര്‍ണ്ണനാണയങ്ങള്‍ നിന്നെ ഏല്‍പ്പിക്കേണ്ടതാണ്. പക്ഷേ, അത്രയും വലിയ തുക ഒന്നിച്ച് കയ്യില്‍ കിട്ടിയപ്പോള്‍ എന്നെ ഗതികെട്ടൊരു നേരത്ത് സഹായിച്ച കൂട്ടുകാരനെ മറന്നുപോയി. എന്നോട് ക്ഷമിക്കണം. താങ്കള്‍ വരച്ച ഈ ചിത്രം എന്റെ കണ്ണുതുറപ്പിച്ചു."

ചിത്രകാരന്‍ സ്‌നേഹിതനെ ചേര്‍ത്തു പിടിച്ചുകൊണ്ട് പറഞ്ഞു, അതൊക്കെ വിട്ടേക്കൂ. സുഹൃത്തേ. നമ്മുടെ സ്‌നേഹത്തെ പ്രതി വരച്ച ചിത്രമായിരുന്നു അത്. എല്ലാം നീ ഏറ്റുപറഞ്ഞല്ലോ എനിക്ക് അതുമതി. മാത്രവുമല്ല, ഇപ്പോള്‍ വരച്ച ചിത്രം വിറ്റുകിട്ടുന്ന പണം മുഴുവന്‍ നിനക്കുള്ളതാണ്. നീ അത് സ്വീകരിച്ചാലും.

"ഇല്ല. ഈ ചിത്രം ഞാന്‍ വില്ക്കില്ല. ഇത് നമ്മുടെ സ്‌നേഹത്തിന്റെ അടയാളമായി ഞാന്‍ കാത്തു സൂക്ഷിക്കും," പുരാവസ്തു വിൽക്കുന്ന കൂട്ടുകാരന്‍ ചിത്രകാരനെ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു.

അങ്ങനെ കൂട്ടുകാരന് നൽകാൻ വേണ്ടി പുതിയൊരു ചിത്രത്തിന്റെ പണിപ്പുരയിലേക്ക് ചിത്രകാരന്‍ കടന്നു.

Stories Malayalam Writer Children

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: