scorecardresearch
Latest News

പേസ്ട്രി ഷെഫ്

“പാർക്കിങ്ങിലേക്കു നടക്കുമ്പോൾ ആഭ നിരുപമയുടെ കൈയ്യിൽ മുറുകെപ്പിടിച്ചു പറഞ്ഞു. കൈയ്യിലെ ഗ്രോസറിബാഗ് മാറ്റിപ്പിടിച്ച് നിരുപമ ആഭയുടെ തോളത്തു കൈ ചുറ്റി. ഏതാണ്ടു തോളൊപ്പമെത്തിയിട്ടുണ്ട് കുട്ടി!” ജിസ് ജോസ് എഴുതിയ കുട്ടികളുടെ കഥ

പേസ്ട്രി ഷെഫ്

“വലുതാകുമ്പോ എനിക്കൊരു പേസ്ട്രിഷെഫായാ മതി.”

ആഭ പറയുന്നതു കേട്ട് നിരുപമ അതിശയിച്ചു. അവൾ ആദ്യമായിട്ടായിരുന്നു അത്തരമൊരു പേരു കേൾക്കുന്നത്. ഞായറാഴ്ച വൈകുന്നേരമുള്ള പതിവു കറക്കത്തിനായി ഷോപ്പിങ് മാളിലായിരുന്നു അപ്പോഴവർ.

‘പാർട്ടി പേസ്ട്രീസ്’ എന്ന കടയിൽ ആഭയുടെ ഫേവറിറ്റ് കേക്ക് ‘റ്റിരാമിസു’വിനു കാത്തിരിക്കുന്നതിനിടയിലാണ് അവൾ പെട്ടന്ന് ഇങ്ങനൊരു പ്രഖ്യാപനം നടത്തിയത്. എൽ.കെ.ജിയിൽ പഠിക്കുന്ന കാലത്ത് “വലുതായാൽ ഞാനൊരു ഓട്ടോറിക്ഷ ഡ്രൈവറേ ആകൂ” എന്ന് ആഭ പറഞ്ഞതും അവളുടെ മുഖത്തെ ഗൗരവവും ശബ്ദത്തിലെ ഉറപ്പുമൊക്കെ കണ്ട് ചിരിച്ചുപോയതുമൊക്കെ പെട്ടന്നോർത്തു പോയി നിരുപമ. അക്കാലത്ത് അവളെ സ്കൂളിൽ കൊണ്ടുപോയിരുന്ന ഓട്ടോറിക്ഷ ഓടിച്ചിരുന്നത് ജൽസ എന്ന പെൺകുട്ടിയായിരുന്നു.

‘പാർട്ടി പേസ്ട്രീസ്’ കൂളിങ് ഫിലിം ഒട്ടിച്ച ഗ്ലാസുകൾ കൊണ്ടു മറച്ച വിശാലമായ കടയാണ്. അകത്തു ഇരുണ്ട വെളിച്ചമേ ഉണ്ടാവൂ. അങ്ങിങ്ങായി ചിതറിക്കിടക്കുന്ന ചെറിയ മേശകളും ഉരുളൻ കസേരകളും, മുകളിൽ നിന്നു തൂങ്ങിപ്പടർന്ന ഇലച്ചെടികളും.

ഞായറാഴ്ച ചിലപ്പോൾ സീറ്റുകിട്ടാൻ ക്യൂ നിൽക്കേണ്ടി വരാറുണ്ട്. ഇന്ന് ഭാഗ്യത്തിന് അതു വേണ്ടിവന്നില്ല. നിരുപമയ്ക്ക് അതിനുള്ളിൽ കയറിയാൽ ശ്വാസം മുട്ടലാണ്. ആഭ ഓർഡർ ചെയ്യുന്നതൊന്നും അവൾക്കു പറ്റുകയുമില്ല. ഒരു കപ്പ് ബ്ലാക്ക് കോഫിയുമായി ആഭയ്ക്കു കൂട്ടിരിക്കുമെന്നു മാത്രം. ആ കാപ്പിക്കാണെങ്കിൽ വല്ലാത്ത കയ്പ്പും.

ഏറ്റവും മുകളിലെ ഫുഡ് കോർട്ടിൽ, താഴെ നഗരം മുഴുവൻ കാണാൻ പാകത്തിൽ ജനാലയ്ക്കടുത്തുള്ള ഇരിപ്പിടത്തിലിരുന്ന് കാപ്പി കുടിക്കുന്നതാണ് നിരുപമയ്ക്കിഷ്ടം. പക്ഷേ ആഭയോട് അവളതു പറയാറില്ല, പറയാൻ സാവകാശം കിട്ടാറില്ല എന്നതാണു സത്യം, രണ്ടാമത്തെ ഫ്ലോറിലെത്തുമ്പോഴേ ആഭ അവളെയും പിടിച്ചുവലിച്ചു ‘പാർട്ടി പേസ്ട്രീസി’ലേക്കു കേറും.

ഇന്ന് ഷോപ്പിങ് മാളിലേക്കുള്ള വഴിയിൽ നിരുപമ ആഭയുടെ ട്യൂഷൻ ക്ലാസിലും കയറിയിരുന്നു.. സത്യത്തിൽ ട്യൂഷൻ ക്ലാസിലെ ടീച്ചറെ കാണുകയായിരുന്നു നിരുപമയുടെ പ്രധാനലക്ഷ്യം. അതു പറഞ്ഞാൽ ആഭയ്ക്ക് മടിയാവും, വയ്യായ്കയും വയറുവേദനയും വരും. അതുകൊണ്ട് നിരുപമ നമുക്ക് മാളിൽ പോകാമെന്നു മാത്രം അവളോടു പറഞ്ഞു. ചുറ്റിവളച്ച് ട്യൂഷൻ ക്ലാസിനടുത്തു കൂടെയുള്ള വഴിയേ വന്നത് ആഭ ശ്രദ്ധിച്ചില്ലെന്നു തോന്നി, അവൾ ഫോണിലായിരുന്നു. ബോഗെൻവില്ല പടർന്നു പന്തലിട്ടതു പോലെയുള്ള ഗേറ്റിനടുത്തു നിരുപമ വണ്ടി നിർത്തിയപ്പോഴാണ് ആഭ ഞെട്ടി തലയുയർത്തിയത്. എന്തിനാ ഇവിടെ എന്നവൾ പ്രതിരോധിച്ചു.

“ഈ വഴിയേ ബ്ലോക്ക് കുറവല്ലേ, അതാ ഇതിലേ വന്നത്. എന്തായാലും ഇവിടെത്തീലോ നമുക്ക് ടീച്ചറെ ഒന്നു കണ്ടിട്ടു വരാം” സ്വാഭാവികമായി നിരുപമ പറഞ്ഞു. ഇതൊരു ആസൂത്രിതമായ പദ്ധതിയാണെന്നു ആഭയ്ക്കു തോന്നണ്ട. ആഭ, ”നമുക്കു പോകാം അമ്മേ, ഇപ്പോത്തന്നെ ലേറ്റായി, പിന്നെ വരാം” എന്നൊക്കെ പറഞ്ഞു നോക്കിയെങ്കിലും നിരുപമ പുറത്തിറങ്ങിയതുകൊണ്ട് അവൾക്കും ഇറങ്ങേണ്ടി വന്നു. അവളുടെ ടീച്ചർ മുറ്റത്തു തന്നെ ചെടികൾ നനച്ചു കൊണ്ടു നിൽക്കുന്നുണ്ടായിരുന്നു.

jisa jose, story, iemalayalam

ആഭയെക്കണ്ട് “ആഹാ! ഇതാരാ ! കണ്ടിട്ടു നാളെത്രയായി” എന്നവർ കണ്ണുകൾ വിടർത്തി. നിരുപമ ക്ഷമാപണത്തോടെ ആഭ തുടർച്ചയായി ക്ലാസിൽ വരാത്തതിനുള്ള കാരണങ്ങൾ നിരത്തി. അതിൽ പകുതി മാത്രമേ ശരിയുള്ളുവെന്ന് ആഭ കുറ്റബോധത്തോടെ ഓർത്തു. സത്യം പറഞ്ഞാൽ അവൾക്ക് ട്യൂഷൻ ക്ലാസ് ഇഷ്ടമല്ല. സ്കൂളിലെ ആറേഴു പീരിയഡുകൾക്കു ശേഷം ടീച്ചറുടെ വീടിനു മുകളിലെ വലിയ ഹാളിൽ തിക്കിത്തിരക്കിയിരുന്നു പിന്നേം പഠിക്കുക.

അമ്മ വിളിക്കാൻ വരുന്നതുവരെ, ചിലപ്പോൾ ലേറ്റായാൽ എല്ലാവരും പോയിക്കഴിഞ്ഞും പുസ്തകം നിവർത്തിയിരിക്കേണ്ടി വരും. ശനിയാഴ്ച അതിരാവിലെ ഉണർന്നു ഉച്ചവരെ ക്ലാസ്! മടുത്തു പോവും. അതുകൊണ്ട് വൈകുന്നേരങ്ങളിൽ ആഭ സ്കൂൾ ബസ് ട്യൂഷൻ ക്ലാസിനു മുന്നിലെത്തുമ്പോൾ ഉറക്കം നടിച്ചിരിക്കും, എന്നിട്ട് നേരെ വീട്ടിലെത്തി അമ്മയ്ക്കു മെസേജയക്കും, ” അമ്മാ ഞാൻ ടയേഡായിരുന്നു, തലവേദനയായിരുന്നു, ഉറങ്ങിപ്പോയി, ബസ്സ് വിട്ടപ്പഴാ അറിഞ്ഞത്…” അങ്ങനെ പലതരം കാരണങ്ങൾ.

അതിൽ ചിലതാണ് നിരുപമ ഇപ്പോൾ ടീച്ചറോടു പറയുന്നത്. അവർ സംസാരിക്കുമ്പോൾ ആഭ മുറ്റത്തെ പൂച്ചെടികൾ നോക്കി. അധികവും കാക്റ്റസുകളാണ്. അതി മനോഹരമായ കുഞ്ഞുപൂക്കളുമായി ഇലകളില്ലാതെ പച്ചത്തണ്ടിലുടനീളം മുള്ളുകളുമായി ചട്ടികളിൽ നിരന്നിരിക്കുന്ന കുഞ്ഞിച്ചെടികൾ! ഇലയില്ലാത്തതു കൊണ്ട് അവരെ ചെടികളെന്നു വിളിക്കാമോയെന്നു ആഭ സംശയിച്ചു. ഇത്രയും കുട്ടികൾ കേറിയിറങ്ങി നടക്കുന്നതു കൊണ്ടാവും ട്യൂഷൻ ടീച്ചർ കാക്റ്റസുകൾ മാത്രം വളർത്തുന്നത്. ആർക്കും ഒരു പൂവു പോലും കൈനീട്ടി തൊടാനോ പറിക്കാനോ തോന്നാറില്ല.

നിരുപമ ടീച്ചറോടു സംസാരിച്ചു കഴിയുന്നതുവരെ ആഭ ചെടികൾക്കിടയിലൂടെ നടന്നു, ടീച്ചറോട് ബൈ പറയുമ്പോൾ നാളെ മുതൽ ആഭേരി കൃത്യമായി വരണം ട്ടോ എന്നു പറഞ്ഞ് ടീച്ചർ അവളുടെ കവിളിൽ തലോടി. ആഭ നിസ്സഹായതയോടെ തലയാട്ടി.

അവിടെ നിന്ന് ഷോപ്പിങ് മാളിലേക്കുള്ള യാത്രയിൽ അവളെ ചിലതെല്ലാം ഉപദേശിക്കണമെന്നു നിരുപമ വിചാരിച്ചിരുന്നു. പക്ഷേ ആഭ ഫോൺ പോലും ഉപേക്ഷിച്ച് പുറത്തേക്കു നോക്കി സങ്കടപ്പെട്ടിരിക്കുന്നതു കണ്ടപ്പോൾ അവൾക്കൊന്നും പറയാൻ തോന്നിയില്ല. എങ്കിലും ഷോപ്പിങ് മാളിന്റെ അണ്ടർ ഗ്രൗണ്ട് പാർക്കിങ്ങിൽ വണ്ടി നിർത്തി മുകളിലേക്കു പോകുന്നതിനിടയിൽ “ആഭ ഇനി മുതൽ ട്യൂഷൻ ക്ലാസിൽ റഗുലറാവണം, മാത്സും സയൻസുമൊന്നും ഒറ്റയ്ക്കു പഠിച്ചെടുക്കാൻ പറ്റുന്നില്ലല്ലോ, എനിക്കു ഹെൽപ്പു ചെയ്യാനുള്ള സമയവും കിട്ടുന്നില്ല, എനിക്കൊട്ടു നിങ്ങളുടെ സിലബസൊന്നും മനസ്സിലാകുന്നുമില്ല” എന്നവൾ പറയാതിരുന്നില്ല.

പക്ഷേ അപ്പോഴേക്ക് മൂഡ് ഒക്കെ മാറി ആഭ ഉല്ലാസവതിയായിക്കഴിഞ്ഞിരുന്നു. തിരക്കിട്ട് എസ്കലേറ്ററിൽ ഓടിക്കയറുന്നതിനിടയിൽ അവൾ താൻ പറഞ്ഞത് ശ്രദ്ധിച്ചിട്ടേയുണ്ടാവില്ലെന്നു നിരുപമ ഓർത്തു.

മാളിനുള്ളിലൂടെ ചുമ്മാ ചുറ്റിക്കറങ്ങൽ, കുറച്ചു വിൻഡോ ഷോപ്പിങ്, അത്യാവശ്യം ഗ്രോസറികൾക്കൊപ്പം, ചിലപ്പോൾ എന്തെങ്കിലുമൊക്കെ പർച്ചേസ്… പിന്നെ ‘പാർട്ടി പേസ്ട്രീസിൽ ‘ ആഭയ്ക്കിഷ്ടമുള്ള കേക്കും ജ്യൂസും.

ഇത്രയുമാണ് സാധാരണ അവരുടെ വീക്കെൻഡ് പരിപാടികൾ. കാണണമെന്നാഗ്രഹം തോന്നുന്ന സിനിമകളുണ്ടെങ്കിൽ മുകളിലെ തീയേറ്ററിൽ നിന്ന് അതുകൂടെ കാണാറുണ്ടായിരുന്നു കുറച്ചു കാലം മുമ്പുവരെ. ഇപ്പോൾ ആഭയ്ക്കിഷ്ടമുള്ളത് നിരുപമയ്ക്കും നിരുപമയുടേത് ആഭയ്ക്കും കാണാനിഷ്ടമല്ലാതായതോടെ സിനിമ അവരുടെ പ്രോഗ്രാമിൽ നിന്നു പുറത്തായിട്ട് കുറെ നാളായി.

ഇന്നും പതിവു പരിപാടികളൊക്കെ കഴിഞ്ഞ് ആഭയ്ക്ക് കുറച്ചു ഡ്രോയിങ് പേപ്പറുകളും പെയിന്റിങ്ങ് ബ്രഷുകളും വാങ്ങി അവസാനത്തെ ഐറ്റമായ ‘റ്റിരാമിസു’വിനു കാത്തിരിക്കുമ്പോഴാണ് ആഭ തന്റെ ഫ്യൂച്ചർ പ്ലാനിനെപ്പറ്റി ഉറക്കെ പ്രഖ്യാപിച്ചത്.

jisa jose, story, iemalayalam

“പേസ്ട്രി ഷെഫോ? എന്നു വെച്ചാൽ? നീയെവിടുന്നു കേട്ടു അങ്ങനൊന്നിനെപ്പറ്റി?”

ആഭ മുഖം വിടർത്തി ചിരിച്ചു. മനസ്സു നിറഞ്ഞ സന്തോഷം വരുമ്പോൾ മാത്രമുള്ള അവളുടെ സ്പെഷ്യൽ ചിരി. എത്ര ദേഷ്യവും സങ്കടവും ഉള്ളപ്പോഴായാലും അന്നേരം നിരുപമയ്ക്ക് അവളെ കെട്ടിപ്പിടിച്ച് ഉമ്മവെക്കാൻ തോന്നും. അത്രയും ഓമനത്തമുള്ള മധുരമായ പുഞ്ചിരി.

“അമ്മയ്ക്ക് ഒന്നുമറിയില്ല! അത് കേക്ക് ഡിസൈനിങാണ്! നല്ല നല്ല കേക്കുകളുണ്ടാക്കി അതിലൊക്കെ ഭംഗിയായിട്ടു ഡിസൈൻ ചെയ്യുന്ന ജോലി ! എന്തു രസായിരിക്കും അത് “

നിരുപമ അതിശയിച്ചു. കേക്ക് ഡിസൈനിങ്! കേക്കുണ്ടാക്കി അതിനു മീതെ ടോപ്പിങ് ചെയ്യുന്നത് പഠിക്കാനെന്തിരിക്കുന്നു! അതൊരു തൊഴിലാക്കാനൊക്കെ പറ്റുമോ? ഈ കുട്ടി ഇങ്ങനോരോന്ന് എവിടുന്നു കണ്ടു പിടിക്കുന്നു ആവോ? പണ്ട് ഓട്ടോറിക്ഷാ ഡ്രൈവർ മാത്രേ ആവൂ എന്നു പറഞ്ഞ കാലത്ത് ആഭയ്ക്ക് നാലുവയസ്സായിരുന്നു. അന്നു നിരുപമ പൊട്ടിച്ചിരിച്ചപ്പോൾ ആഭ പിണങ്ങി.

അതൊരു മോശം തൊഴിലായതു കൊണ്ടല്ല, പക്ഷേ കൂടുതൽ നന്നായി പഠിച്ചാൽ മോൾക്കു വിമാനം തന്നെ ഓടിക്കാമല്ലോ എന്നു പറഞ്ഞു മനസ്സിലാക്കാൻ നിരുപമ അന്നു നന്നേ കഷ്ടപ്പെട്ടു. എന്നിട്ടോ അതൊന്നും ആഭയുടെ മനസ്സു മാറ്റിയതുമില്ല.

“വിമാനം പറത്താൻ എനിക്കിഷ്ടമല്ല, ജൽസ ചേച്ചിയെപ്പോലെ ഓട്ടോ ഓടിച്ചാൽ മതി. എന്നിട്ട് നിറയെ കുഞ്ഞിക്കുട്ടികളേം കേറ്റി ബീച്ചിലേക്കും പാർക്കിലേക്കും പോകും. സ്കൂളിലേക്ക് മാത്രം കൊണ്ടു പോവൂല. ബീച്ചിലെത്തുമ്പോ എല്ലാർക്കും നിറമുള്ള ഫ്രോക്കുകള് കൊടുക്കും. ഉടുപ്പുമാറ്റി എല്ലാരേം കളിക്കാനിറക്കി വിടും, സ്കൂളു വിടണ സമയത്ത് എല്ലാരേം കൊണ്ടു തിരിച്ചു വീട്ടിലു പോകും. “

“തിരിച്ചു പോകുമ്പോ ഉടുപ്പു മാറ്റി യൂണിഫോം ഇടണ്ടേ? മാറ്റിയാലും ബീച്ചിലു കളിച്ചാല് ദേഹത്തും മുടീലും നെറച്ചു മണലാവില്ലേ? കുട്ട്യോൾടെ അമ്മമാർക്കൊക്കെ മനസ്സിലാവില്ലേ കുട്ടി സ്കൂളിലു പോയിട്ടില്ല ,ബീച്ചിലാ പോയതെന്ന് ? “

അന്ന് നിരുപമ ചിരിയമർത്തിപ്പിടിച്ചു ചോദിച്ചപ്പോൾ കുഞ്ഞാഭ ആലോചനയിലായി, ന്നാപ്പിന്നെ ബീച്ചു വേണ്ട, പാർക്കിലുമാത്രം പോവാം ല്ലേ എന്നു ഗൗരവത്തോടെ തീർപ്പു കൽപ്പിച്ചു .

”ന്നാലും സ്കൂളില് പോവാതെ എന്നും പാർക്കില് കളിക്കാൻ കൊണ്ടോയാൽ കുട്ട്യോൾടെ അമ്മമാര് ഓട്ടോഡ്രൈവറെ ചീത്ത പറയില്ലേ?” എന്നു നിരുപമ പിന്നെയും ചോദിച്ചു. തന്റെ ഭാവിപ്ലാൻ നടക്കില്ലെന്നു മനസ്സിലാക്കി ദേഷ്യവും സങ്കടവും എല്ലാം കൂടിവന്ന് ആഭ ഏങ്ങലടിച്ചു കരഞ്ഞത് ഇപ്പോഴോർക്കുമ്പോഴും നിരുപമക്കു ചിരി വരും.

“ജൽസ ആഭയെ സ്കൂളിലു വിടാതെ പാർക്കിലുകൊണ്ടു പോയാൽ അമ്മക്കു ദേഷ്യം വരില്ലേ, അതുപോലെ ആഭ ഡ്രൈവറാകുമ്പോ കുട്ടികളെ സ്കൂളിനു പകരം പാർക്കിലുകൊണ്ടു പോയാൽ ആ അമ്മമാർക്കും ദേഷ്യം വരും ” എന്നൊക്കെ പറഞ്ഞ് അവളെ സമാശ്വസിപ്പിച്ചതും പക്ഷേ കുട്ടികൾക്ക് സ്കൂളിലു പോണേലും ഇഷ്ടം പാർക്കാ എന്നു ആഭ ദുർബലമായി പ്രതിരോധിച്ചതും നിരുപമയോർത്തു. അന്നു ആഭ എത്ര കുഞ്ഞായിരുന്നു. മുതിർന്ന ക്ലാസിലെത്തുമ്പോഴേക്ക് അവളുടെ യാത്ര സ്കൂൾ ബസിലായി, ജൽസയെ തീരെ കാണാതായി, ഓട്ടോ ഡ്രൈവറാകാനുള്ള മോഹവും കൈവിട്ടു പോയി.

jisa jose, story, iemalayalam

പന്ത്രണ്ടാം വയസ്സിലിതാ മറ്റൊരു ഭാവിപദ്ധതി! ലോക്ഡൗൺ കാലത്ത് ആഭയും നിരുപമയും യൂട്യൂബ് നോക്കി കേക്കുകളുണ്ടാക്കിയിരുന്നു. അതു വരെ വീട്ടിലെ ഓവൻ കൊണ്ട് കേക്കുണ്ടാക്കാം എന്നവർ ആലോചിച്ചിട്ടേയില്ലായിരുന്നു. പല രുചികളിലുള്ള കേക്കുകൾ, ആദ്യമെല്ലാം ചിലതൊക്കെ വികൃതരൂപികളായിരുന്നു, ബേക്കിങ്ങിന്റെ പാകം തെറ്റി ഉള്ളു വേവാതെയും ആകൃതിയില്ലാതെയും ഈ പരിപാടി ഇനി വേണ്ട എന്നു നിരുപമ നിരാശപ്പെട്ടിട്ടുണ്ട്.

പിന്നെപ്പിന്നെ അത്തരം പരിമിതികളെ അവരുടെ കേക്കുകൾ അതിജീവിച്ചു. വിപ്പിങ് ക്രീം പതപ്പിച്ച് കോണിൽ നിറച്ച് കേക്കിന് മുകളിൽ ചിത്രപ്പണികൾ ചെയ്യാൻ ആഭയ്ക്കായിരുന്നു കൂടുതൽ കൗതുകം . അവളതു തരക്കേടില്ലാതെ ചെയ്യുകയുമുണ്ടായി. പിന്നെ ഓൺലൈൻ ക്ലാസുകളായി, ജോലിത്തിരക്കുകളായി, സ്കൂളും ഓഫീസും തുറന്നു. അടുക്കളയിലെ ഓവൻ വീണ്ടും നിശ്ചലമായിരിപ്പായി. അതിനിടയിൽ ആഭയുടെ മനസ്സിൽ ഇത്തരമൊരു പ്ലാനുണ്ടായതെങ്ങനെയായിരിക്കും?

“അതൊക്കെ ഒരു പാഷനോ ഹോബിയോ അല്ലേ മോളേ? നിനക്ക് ഒഴിവുസമയത്ത് എത്രവേണേലും കേക്കുണ്ടാക്കാമല്ലോ? വേണ്ട സാധനങ്ങളൊക്കെ നമുക്ക് വാങ്ങാം. അതിൽ ഇഷ്ടം പോലെ ഡിസൈനും ചെയ്യാലോ. അങ്ങനെ ചെയ്തു ചെയ്ത് പെർഫെക്ടായാല് നമുക്ക് ഫ്രണ്ട്സിനൊക്കെ കൊടുക്കുകയും ചെയ്യാം. വേണേല് ഓർഡർ കൂടി എടുക്കാം. ആഭാസ് കേക്ക്‌സ് & പേസ്ട്രീസ്. ആഹാ! ഇവിടത്തെ റ്റിരാമിസുവിനെക്കാൾ എത്ര നല്ലതായിരിക്കും അത് ! “

കോഫി ഫ്ലേവറുള്ള ഇറ്റാലിയൻ പേസ്ട്രി അപ്പോഴേക്കും ആഭയുടെ മുന്നിലെത്തിയിരുന്നു. ചോക്കലേറ്റു കൊണ്ടുള്ള ടോപ്പിങും കൂടിയായപ്പോൾ ആകെ കറുത്തിരുണ്ടുള്ള പേസ്ട്രി വെളുത്ത പിഞ്ഞാണത്തിൽ തലയെടുത്തു നിന്നു. അതിന്റെ ചവർപ്പുരുചിയോർത്തപ്പോൾ അല്പം നുള്ളി വായിൽ വെക്കാനുള്ള പ്രേരണ പോലും നിരുപമയ്ക്കുണ്ടായില്ല.

” അയ്യോ അമ്മാ! അങ്ങനെ ഹോബിയാക്കാനല്ല, പ്രൊഫഷനാക്കാനാണ് എനിക്കാഗ്രഹം. എന്തു രസമായിരിക്കും എപ്പോഴും ഭംഗിയുള്ള മധുരമുള്ള, നല്ല സുഗന്ധമുള്ള ഒരിടത്തു ജോലി ചെയ്യുന്നത്! എന്നിട്ട് നമ്മളിങ്ങനെ പുതിയ പുതിയ രുചികളും പുതിയ പുതിയ ഡിസൈനുകളും ഉണ്ടാക്കിക്കൊണ്ടിരിക്കും! എത്ര ക്രിയേറ്റീവായിരിക്കും അത്. “

മുന്നിലെത്തിയ റ്റിരാമിസുവിനെക്കൂടി ശ്രദ്ധിക്കാതെ ആഭ സീരിയസായി പറയാൻ തുടങ്ങിയപ്പോൾ നിരുപമ അമ്പരന്നു. ഇവൾ ബേക്കറിക്കാരിയാവണമെന്നാണോ പറയുന്നത്? പാവം നിരുപമയ്ക്ക് ബേക്കറി തുടങ്ങാൻ എവിടെ നിന്നാണത്രയും പണം? ഇടക്കൊരു സന്തോഷത്തിന് വീട്ടിലെ ചെറിയ ഓവനിൽ പരീക്ഷണങ്ങൾ നടത്തിക്കോട്ടെ. അതും ഒഴിവു സമയത്തു മാത്രം. അല്ലാതെ കേക്കു വിറ്റൊന്നും ജീവിക്കാൻ പറ്റില്ല. ഇതു പോലത്തെ പോഷ് ഷോപ്പ് തുടങ്ങൽ നടക്കുന്ന കാര്യവുമല്ല.നന്നായി പഠിക്കേണ്ട സമയമാണ്.

നാളെ മുതൽ ആഭയുടെ പഠനത്തിന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കണമെന്നും നിർബന്ധമായും ട്യൂഷനു പോകുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്നും നിരുപമ ഉറപ്പിച്ചു. ചെറിയ ക്ലാസുകൾ മുതലേ എൻട്രൻസുകൾക്കും സിവിൽ സർവ്വീസിനുമൊക്കെ കോച്ചിങ് കൊടുക്കുന്ന സ്ഥാപനങ്ങളെപ്പറ്റി അവൾ കേട്ടിട്ടുണ്ട്. അത്തരം എവിടെയെങ്കിലും ചേർക്കണം. തൽക്കാലം ഓൺലൈനായാലും മതി. ഇപ്പോഴേ ലക്ഷ്യബോധത്തോടെ പഠിച്ചില്ലെങ്കിൽ എവിടെയുമെത്തില്ല.

“അമ്മാ, എനിക്ക് പ്ലസ് ടു കഴിഞ്ഞാൽ പേസ്ട്രി ഷെഫാവാനാ പഠിക്കണ്ടത്. ഞാൻ ഡിസൈഡു ചെയ്തിട്ടുണ്ട്. ശരിക്കും പറഞ്ഞാൽ അതിന് പ്ലസ് ടു തന്നെ വേണ്ട, നമുക്ക് ജന്യുവിൻ ഇന്ററസ്റ്റുണ്ടായാൽ മതീന്നാ.”

നിരുപമ പിന്നെയും അന്തം വിട്ടു. ഇതൊക്കെ പഠിച്ചെടുക്കാൻ മാത്രമുണ്ടോ? കുറെ യൂട്യൂബ് നോക്കി പഠിക്കാം, പിന്നെ ആരേലും ചെയ്യുന്നതു കുറച്ചുനേരം നോക്കി നിന്നാലും പഠിക്കാം. ആദ്യമൊന്നും അത്ര ശരിയാവില്ല, അതു പിന്നെ സാരമില്ല. കേക്ക് ചുവരിൽ തൂക്കിയിടാനുള്ള കലാസൃഷ്ടിയൊന്നുമല്ലല്ലോ. തിന്നുതീർക്കാനുള്ളതല്ലേ. എത്ര ഭംഗിയുള്ള ഡിസൈനായാലും അതു പെട്ടന്നു മുറിച്ചു നശിപ്പിക്കപ്പെടും.

ചെറുപ്പത്തിൽ ആഭയുടെ പിറന്നാൾ കേക്കുകളിലെ വൈവിധ്യമുള്ള, അതീവഭംഗിയുള്ള ഡിസൈനുകൾ കണ്ട് അതു മുറിക്കാൻ സമ്മതിക്കാതെ ചിണുങ്ങുമായിരുന്ന കുഞ്ഞാഭയെപ്പറ്റി ഓർത്തപ്പോൾ നേരിയ ചിരി നിരുപമയുടെ ചുണ്ടിലൂറി. എത്ര നന്നായി ചെയ്താലും കേക്കിനു മുകളിലെ അലങ്കാരപ്പണികൾ ഒട്ടും ആയുസ്സില്ലാത്ത കലാസൃഷ്ടികളാണ്!

jisa jose, story, iemalayalam

“ആവട്ടെ. നീയതു ചെയ്തോളൂ, പക്ഷേ അതിനൊക്കെ മുന്നേ നല്ലൊരു ജോലി വേണം, അതിനു നല്ല ഏതേലും കോഴ്സ് പഠിക്കണം. അതിന് ഇപ്പോ തൊട്ട് ഹാർഡ് വർക്ക് ചെയ്യണം, ഇനിയിങ്ങനെ ഉഴപ്പരുത്, അമ്മയോട് പ്രോമിസ് ചെയ്യൂ. ജോലിയൊക്കെയായി സ്വന്തം കാലിൽ നിൽക്കാനായാൽ പിന്നെ ഇഷ്ടമുള്ള ഹോബീം ഒക്കെ ധൈര്യമായി ചെയ്യാലോ.”

“എന്റെ അമ്മാ! ഞാൻ എത്ര പറഞ്ഞു, എനിക്കത് ഹോബിയല്ല, പ്രൊഫഷനാക്കാനാണ്. കളിനറി & പേസ്ട്രി ആർട്സ് കോഴ്സെന്ന് അമ്മ കേട്ടിട്ടുണ്ടോ? അത് പഠിക്കാൻ പേസ്ട്രി അക്കാദമിയുമുണ്ട്. “

ചോക്കലേറ്റും ബട്ടർ ക്രീമും പുരണ്ട ഒരു ചിരി ആഭയുടെ ചുണ്ടിൽ വിരിഞ്ഞു. അമ്മയ്ക്കൊന്നുമറിയില്ലെന്നുള്ള ഭാവത്തിൽ അവൾ ഒരു സ്പൂൺ പേസ്ട്രി കോരിയെടുത്ത് നിർബന്ധപൂർവ്വം അമ്മയ്ക്കു നീട്ടി. നിരുപമയ്ക്കു വായ തുറന്ന് ചവർപ്പുള്ള ആ മധുരം സ്വീകരിക്കേണ്ടി വന്നു.

“എവിടെയാ ഇതൊക്കെ പഠിക്കുക? നമ്മുടെ നാട്ടിലുമുണ്ടോ? ഞാൻ കേട്ടിട്ടേയില്ലല്ലോ? “

“പല സ്ഥലത്തുമുണ്ട്, പക്ഷേ ഞാൻ പാരീസിലാണു പോവുക. ഏറ്റവും വെറൈറ്റി പേസ്ട്രീസ് ഉള്ള സ്ഥലാണ് അമ്മേ ഫ്രാൻസ്! അവിടത്തെ പേസ്ട്രി അക്കാദമീടെ പരസ്യം എന്താന്നറിയോ, Time to start your Sweet Career … അത്രേം സ്വീറ്റായ ഒരു കരിയറിലെത്താൻ പറ്റണത് എന്തു രസായിരിക്കും അമ്മേ.”

ആഭയുടെ ശബ്ദത്തിൽ സന്തോഷം നിറഞ്ഞു തുളുമ്പി. നിരുപമയ്ക്കതു കെടുത്തിക്കളയണമെന്നു തോന്നിയില്ല. പക്ഷേ പന്ത്രണ്ടു വയസ്സ്, ഈ പ്രായം കൃത്യമായ ലക്ഷ്യബോധത്തോടെ മുന്നോട്ടു പോകാനുള്ളതും കൂടിയാണ്. ഇത്തരം ഭ്രാന്തൻ സ്വപ്നങ്ങളും കണ്ട് അതാണു ലോകമെന്നും ജീവിതമെന്നും ഈ കുട്ടി വിചാരിച്ചാൽ എന്താണു ചെയ്യുക! എങ്ങനെയാണിവളുടെ മനസ്സു മാറ്റുക? നിരുപമയ്ക്കു സങ്കടം വന്നു.

“പക്ഷേ പാരീസിലൊക്കെ പഠിക്കാൻ എത്ര രൂപ വേണം ആഭേ? അമ്മയ്ക്ക് അത്രയ്ക്കൊന്നും പണമില്ലല്ലോ? അതുകൊണ്ട് മോൾ നന്നായി പഠിച്ച് ജോലിയൊക്കെയായി, സമ്പാദിച്ച് പാരീസിലു പൊയ്ക്കോളൂ. ഇപ്പോ അതൊന്നും വിചാരിച്ച് പഠിക്കാതിരിക്കരുത്. “

“അതൊന്നും അത്ര പ്രയാസമില്ല അമ്മേ, എഡ്യുക്കേഷണൽ ലോണൊക്കെ കിട്ടില്ലേ? വിവേക് ചേട്ടൻ യുകെയ്ക്ക് പോയത് അങ്ങനെയല്ലേ? കാശില്ലാന്നു വിചാരിച്ച് അമ്മ വിടാതിരിക്കരുത്. അവിടെച്ചെന്നാല് എനിക്ക് ജോലീം ചെയ്യാം, പഠിക്കേം ചെയ്യാം. “

ആഭ ഒന്നു മടിച്ചിട്ട് പിന്നെ കൂട്ടിച്ചേർത്തു. “ഇനീപ്പോ അമ്മയ്ക്ക് തീരെ പറ്റണില്ലാച്ചാൽ അച്ഛനോടു ചോദിക്കാം. തിരിച്ചു കൊടുത്താൽ മതിയല്ലോ. അതോർത്ത് അമ്മ വറീഡാവരുത്. ഇനീം അഞ്ചു വർഷമുണ്ട്. അപ്പോഴേക്കും എന്തേലും വഴിയൊക്കെ തെളിഞ്ഞു വരും. ചീർ അപ്പ് അമ്മാ.”

അവൾ പിന്നെയും കേക്കിന്റെ സ്പൂൺ നിരുപമയ്ക്കു നീട്ടി. ഇഷ്ടമില്ലാഞ്ഞിട്ടും നിരുപമയ്ക്കതു വീണ്ടും രുചിക്കേണ്ടിയും വന്നു. ആഭ തന്റെ പദ്ധതികളെക്കുറിച്ച് ഇത്രയും ഹോംവർക്ക് ചെയ്തിരിക്കുന്നത് നിരുപമയെ അമ്പരപ്പിക്കുന്നുണ്ടായിരുന്നു. ആഭ ട്യൂഷൻ ക്ലാസിൽ പോകാത്തതിനെപ്പറ്റിയും പഠിക്കാത്തതിനെക്കുറിച്ചുമൊക്കെ താൻ വേവലാതിപ്പെടുമ്പോൾ അവൾ പാരീസിലെയും ഇംഗ്ലണ്ടിലെയുമെല്ലാം പേസ്ട്രി അക്കാദമികളെക്കുറിച്ചും താൻ ചെയ്യേണ്ട സ്വീറ്റ് കരിയറിനെക്കുറിച്ചുമൊക്കെ ഗവേഷണം നടത്തുകയായിരുന്നു. ചെറിയ കുഞ്ഞെന്നും ലക്ഷ്യബോധമില്ലാത്തവളെന്നും വിചാരിച്ചിരുന്ന ആഭ! പണത്തിന്റെ കാര്യത്തിൽ അച്ഛനോടു സഹായം ചോദിക്കാൻ പോലും അവൾ ആലോചിച്ചിരിക്കുന്നു.

പാർട്ടി പേസ്ട്രീസിലെ ബില്ലടച്ചു പുറത്തിറങ്ങുമ്പോൾ നന്നേ നേരം വൈകിയിരുന്നു. വേഗം തിരിച്ചെത്തണം. ആഭയ്ക്കു ഹോം വർക്കുകളുണ്ടാവും. നിരുപമയ്ക്കും നാളത്തേക്കുള്ള ചില ഒരുക്കങ്ങളുണ്ട്. ഇനി ആറുദിവസം യന്ത്രത്തെപ്പോലെ ഓട്ടമാണ്. തിരക്കുമാത്രം!

“അമ്മ വിഷമിക്കണ്ടാട്ടോ, എനിക്കതാ ഇഷ്ടം, ഇഷ്ടമുള്ളതല്ലേ നമ്മള് ചെയ്യേണ്ടത്? അപ്പോ മനസ്സിനു സന്തോഷമുണ്ടാവും, മറ്റുള്ളവരെ സന്തോഷിപ്പിക്കാനും പറ്റും.”

പാർക്കിങ്ങിലേക്കു നടക്കുമ്പോൾ ആഭ നിരുപമയുടെ കൈയ്യിൽ മുറുകെപ്പിടിച്ചു പറഞ്ഞു. കൈയ്യിലെ ഗ്രോസറിബാഗ് മാറ്റിപ്പിടിച്ച് നിരുപമ ആഭയുടെ തോളത്തു കൈ ചുറ്റി. ഏതാണ്ടു തോളൊപ്പമെത്തിയിട്ടുണ്ട് കുട്ടി!

“സമയംണ്ടല്ലോ ആഭേ, ഇപ്പോ പഠിത്തം ശ്രദ്ധിക്കൂ, പ്ലസ് ടു കഴിഞ്ഞാല് നമുക്ക് ആലോചിക്കാം… അതിനെടേല് സ്കോളർഷിപ്പിന്റേം ലോണിന്റേം ഒക്കെ കാര്യങ്ങളു നമുക്കന്വേഷിക്കാം.. അപ്പഴത്തേനും ഈ ആഗ്രഹം മാറിയാലോ? ഇതിനു പകരം മറ്റെന്തെങ്കിലും സ്വപ്നം.”
നിരുപമയുടെ വാക്കുകൾ ഇടയ്ക്കു വെച്ചു മുറിച്ച് ആഭ “നോ” എന്നുറപ്പിച്ചു പറഞ്ഞു.

” അതാണെന്റെ ഡ്രീം! ഞാനവിടെയെത്തും അമ്മേ. ഇനി ട്യൂഷൻ ക്ലാസ്സൊന്നും വേണ്ട, അമ്മ പേടിക്കണ്ട, ഞാൻ നന്നായി പഠിക്കും. എനിക്ക് പാരീസിലു പോണ്ടതല്ലേ? ലോകത്തിലെ മികച്ച പേസ്ട്രി ഷെഫുമാരിലൊരാളാവേണ്ടതല്ലേ? ഞാൻ ഉഴപ്പില്ല. പക്ഷേ ട്യൂഷനു പോണ സമയം ഞാനെന്തെങ്കിലുമൊക്കെ വരക്കട്ടെ.”

തൂണുകൾക്കിടയിലൂടെ ശ്രദ്ധിച്ചു വണ്ടിയെടുക്കുന്നതിനിടയിൽ നിരുപമയുടെ ഓർമ്മയിൽ വിശ്വഭാരതി യൂണിവേഴ്സിറ്റിയിലെ കലാഭവനിൽ ചിത്രകല പഠിക്കാൻ പോകണമെന്നാഗ്രഹിച്ച ഒരു പതിനഞ്ചുകാരി ഉണർന്നു. അതാണ് സ്വപ്നമെന്നും അവിടെ പോയേ മതിയാവു എന്നും വാശി പിടിക്കാനറിയാത്തതു കൊണ്ട് ആ കുട്ടി നാട്ടിലെ കോളേജിൽ പ്രീഡിഗ്രിക്കു ചേർന്നു. എൻട്രൻസ് എഴുതി എഞ്ചിനീയറിങ് പഠിച്ചു.

നിരുപമയുടെ കണ്ണുകൾ നീറി. അവൾ ഇടതുകൈ നീട്ടി ആഭയെ തൊട്ടു.

Stay updated with the latest news headlines and all the latest Children news download Indian Express Malayalam App.

Web Title: Jisa jose story for children pastry chef

Next Story
കല്ല്K R Viswanathan, story, iemalayalam