വീട്ടുമുറ്റത്ത് നിറയെ ചെടികളും പൂക്കളുമുള്ള ഒരിടം എന്നു മാത്രമാണ് മഞ്ജരിയോട് അമ്മ പറഞ്ഞിരുന്നത്. “എനിക്കതു തൊടാനും ഇഷ്ടം തോന്നിയാൽ പൊട്ടിക്കാനും പറ്റുമോ എന്നു മാത്രമാണ് അന്നേരം മഞ്ജരി അമ്മയോടു തിരിച്ചു ചോദിച്ചത്.
മഞ്ജരിക്ക് പൂക്കളും ചെടികളുമുള്ള വിശാലമായ ഗാർഡൻ, അപ്പാർട്ട്മെന്റിന്റെ ഏതു ബാൽക്കണിയിൽ നിന്നാലും കാണാം. ഇരട്ട ടവറുകളുള്ള ഫ്ലാറ്റിനെ ചുറ്റി നാലുഭാഗത്തും മനോഹരമായ തോട്ടമുണ്ട്. അവിടില്ലാത്ത പൂക്കളും ചെടികളും ഇല്ല എന്നു തന്നെ പറയാം. തലയിൽ തൊപ്പി വെച്ച, ഷൂസും പാന്റ്സുമൊക്കെയിട്ട ചെറുപ്പക്കാരൻ ഗാർഡനർ, പിന്നെ വെയിലത്ത് തലയിൽ പുള്ളിത്തോർ ത്തുകൊണ്ട് കൊണ്ട് കെട്ടി എപ്പോഴും കുനിഞ്ഞിരുന്നു പണിയെടുക്കുന്ന വയസായ ഒരാൾ അങ്ങനെ രണ്ട് തോട്ടക്കാരെ അവിടെ മഞ്ജരി കാണാറുണ്ട്. വയസായ ആൾക്ക് എപ്പോഴും ദേഷ്യമാണ്. കുട്ടികൾ അടുത്തു ചെല്ലുന്നതേ ഇഷ്ടമല്ല. കളികൾക്കിടയിൽ പന്തോ കോക്കോ ഒക്കെ തെറിച്ചു തോട്ടത്തിൽ വീണാൽ അയാളതു പെട്ടന്നു തിരിച്ചു കൊടുക്കുക പോലുമില്ല. എന്റെ ചെടി നശിപ്പിച്ചു, പൂവിന്റെ തണ്ടൊടിച്ചു എന്നൊക്കെ അപ്പാർട്ട്മെന്റ് അസോസിയേഷൻ ഓഫീസിൽ പരാതി പറയുകയും ചെയ്യും.
ചെറുപ്പക്കാരൻ കുറച്ചു കൂടി മയമുള്ളയാളാണ്. അയാൾ പക്ഷേ എപ്പോഴുമുണ്ടാവില്ല. ചെടികളുടെ വണ്ടിയുമായി ഇടയ്ക്കു വരും. തോട്ടത്തിലിറങ്ങി മറ്റേയാൾക്കു നിർദ്ദേശങ്ങൾ കൊടുക്കും. സ്വയം ജോലി ചെയ്യുന്നതും കാണാം. മുറ്റത്തു കളിക്കുന്ന കുട്ടികളോടു വലിയ ശത്രുതയൊന്നും കാണിക്കില്ലെന്നു മാത്രമല്ല, ഇടയ്ക്കൊക്കെ ചിരിക്കുക പോലും ചെയ്യും. എങ്കിലും പൂക്കൾ പറിക്കരുത് എന്നെഴുതി വെച്ചിരിക്കുന്ന ആ തോട്ടം മഞ്ജരിക്ക് മുകളിൽ നിന്നു നോക്കാനേ ഇഷ്ടമുള്ളൂ. അതവളുടേതാണെന്നു തോന്നിയിട്ടേയില്ല.

ഞങ്ങളുടെ ഫ്ലാറ്റിനു മുന്നിൽ നല്ല തോട്ടമുണ്ട്, റെയർ പ്ലാന്റ്സ്, വെറൈറ്റി ക്രീപ്പേഴ്സ്… എന്നൊക്കെ അമ്മ പലരോടും അഭിമാനത്തോടെ പറയുന്നതും വീടും തോട്ടവും കാണാൻ ക്ഷണിക്കുന്നതും മഞ്ജരിയെ മടുപ്പിക്കും. തോന്നുമ്പോഴൊക്കെ ഇറങ്ങിച്ചെല്ലാനും പൂ മണപ്പിക്കാനും ഇടയ്ക്കൊന്നു പൊട്ടിച്ചെടുക്കാനും ഒന്നും സ്വാതന്ത്ര്യമില്ലാത്ത ഒരു പൂന്തോട്ടം എങ്ങനെ സ്വന്തമാണെന്നു വിചാരിക്കാനാണ്!
ഇന്നാളൊരു ദിവസം കിടപ്പുമുറിയുടെ ബാൽക്കണിയിലൂടെ താഴേക്കു നോക്കി നിൽക്കുന്ന അവളെ ആ ചെറുപ്പക്കാരൻ ഗാർഡനർ കൈകാണിച്ചു താഴെ വരൂ എന്നു ക്ഷണിച്ചു. അയാളുടെ പേര് അമൽ എന്നാണെന്ന് അമ്മ പറഞ്ഞിരുന്നു. അവൾ ഇല്ല എന്നു തിരിച്ചും കൈകാട്ടി. വൈകുന്നേരം സൈക്കിളോടിക്കാൻ താഴെച്ചെന്നപ്പോഴും അയാൾ തോട്ടത്തിൽ തന്നെയാണ്. ഇടയ്ക്കൊന്നു തലയുയർത്തിയപ്പോൾ അവളെക്കണ്ട് ചിരിച്ചു.
“കുട്ടിയല്ലേ റോസുടുപ്പിട്ട് പതിമൂന്നാം ഫ്ലോറേലെ ബാൽക്കണിൽ നിന്നേർന്നത്?”
അവൾ അതെയെന്നു തലയാട്ടിയപ്പോൾ അയാൾ പിന്നെയും ചോദിച്ചു “എന്താ വിളിച്ചിട്ടു വരാത്തത്? ഒരു വയലറ്റ് താമര ആദ്യായിട്ടു വിരിഞ്ഞിരുന്നു. അതു കാണിച്ചു തരാനാ വിളിച്ചത്. “
അവൾ കമ്പിവലകൾക്കിടയിലൂടെ എത്തി നോക്കി,വയലറ്റ് താമര എങ്ങനെയുണ്ടാവും? അവൾ ചിത്രങ്ങളിലല്ലാതെ ഒറിജിനൽ താമരപ്പൂവ് കണ്ടിട്ടുപോലുമില്ല. അവളുടെ നോട്ടം കണ്ട്
അയാൾ ചിരിച്ചു.
” ഇപ്പോ സന്ധ്യയായില്ലേ, ഇനി രസം ണ്ടാവില്ല. കൂമ്പാൻ തുടങ്ങി. അന്നേരം വരണാർന്നു. ഇപ്പോ നെറയെ ആൾക്കാരുംണ്ട്, കുട്ടിയെ തോട്ടത്തിനുള്ളിൽ കയറ്റിയാൽ എല്ലാ കുട്ടികളും വരും, എന്നെ ദാ പ്രഭേട്ടൻ തിന്നുകളയും. ഇനി വിരിയുമ്പോ കാണിക്കാം ട്ടോ…”
അയാൾ കുറച്ചു ദൂരെ പണിയെടുക്കുന്ന വയസായ ആളെ ചൂണ്ടിക്കാണിച്ചു. മഞ്ജരി അപ്പോൾത്തന്നെ സൈക്കിൾ ചവിട്ടി അവിടുന്നു പോകുകയും ചെയ്തു. അത്രയൊക്കെയാണ് താമസസ്ഥലത്തെ പൂന്തോട്ടവുമായി അവൾക്കുള്ള ബന്ധം.
അവളുടേതുമാണ്, പക്ഷേ അതിനുള്ളിൽ കടക്കാനോ ഇഷ്ടപ്പെട്ട ഒന്നിറുത്തു അവളുടെ പേരിനോടു സാദൃശ്യമുള്ള പേരുള്ള മഞ്ജു മിസിനു കൊടുക്കാനോ വീട്ടിനുള്ളിൽ ചുവരിൽ തൂക്കിയിട്ട അച്ഛന്റെ ചിത്രത്തിനു മുന്നിൽ വെക്കാനോ പറ്റില്ല. അങ്ങനത്തെ ഒന്നിനെ ഞങ്ങളുടെ പൂന്തോട്ടമെന്ന് ഒരിക്കലും മഞ്ജരി വിളിക്കില്ല.
അങ്ങനെയൊരിക്കലാണ് അമ്മ അവളോട് നിറയെ പൂക്കളും ചെടികളുമുള്ള ഒരിടത്തെക്കുറിച്ചു പറഞ്ഞു തുടങ്ങിയത്. അമ്മ സ്നേഹിതമാർക്കൊപ്പം പത്തു ദിവസം ടൂർ പോകുകയാണ്. മഞ്ജരിയെ കൂട്ടാൻ പറ്റില്ല. ആ കൂട്ടത്തിൽ കൂടാൻ അവൾക്കുമില്ല ഇഷ്ടം. അവരെല്ലാം ഇടയ്ക്ക് ഇവിടെയും വരാറുണ്ട്. അമ്മ പാർട്ടി നടത്തുമ്പോൾ, മറ്റുചിലപ്പോൾ വെറുതെ മിണ്ടിപ്പറഞ്ഞിരിക്കാനെന്നു പറഞ്ഞ്. ഓരോരുത്തരും വരുമ്പോൾ മഞ്ജരിയുടെ കവിളിൽ നുള്ളി ഓമനിക്കും, ‘സ്വീറ്റ് ഗേൾ,’ ‘ക്യൂട്ട് ബേബി,’ എന്നൊക്കെ തരം പോലെ പറയും.
എല്ലാവരോടും ചിരിക്കണം, താങ്ക്യൂ ആന്റി എന്നു പറയണം. മൂന്നാലു പേരോടു ഇതാവർത്തിക്കു മ്പോഴേക്ക് അവളുടെ കവിളുകൾ നോവാൻ തുടങ്ങും. ‘ഛബ്ബി ചീക്ക്സ്’ എന്നു പറഞ്ഞ് കവിളിൽ നുള്ളുന്നതും പിടിച്ചു വലിക്കുന്നതുമെന്തിനാണ്! അമ്മയോടു പറഞ്ഞാൽ അമ്മ അവളുടെ മുഖത്ത് സ്വന്തം കവിളമർത്തി ചിരിക്കും ” ഇഷ്ടം കൊണ്ടല്ലേടാ എന്റെ അന്നമ്മൂ.”
അന്നമ്മൂ എന്ന വിളിയും അമ്മയുടെ കവിളിന്റെ തണുത്ത മിനുമിനുപ്പും മഞ്ജരിക്കൊരുപാടിഷ്ടമായതുകൊണ്ട് അവളാ പരിഭവം മറക്കും. എന്തായാലും ആ ആളുകളുടെ കൂടെപ്പോവാൻ മഞ്ജരിയില്ല. അവരുടെ കൂടെച്ചേർന്നാൽ അമ്മയ്ക്ക് അവളുടെ കാര്യത്തിൽ വലിയ ശ്രദ്ധയൊന്നുമില്ല താനും. വീട്ടിലെ പാർട്ടിയാണെങ്കിൽ മോളു കഴിച്ചിട്ട് കിടന്നോ എന്നു പറഞ്ഞ് വേഗം മുറിയിലേക്കു തള്ളി വിടും.
അവരുടെ വീടുകളിൽ ചെല്ലുമ്പോഴാണെങ്കിൽ പോയി കളിച്ചോ എന്നു പറഞ്ഞു വിട്ടാൽ പിന്നെ തിരിച്ചുപോരാൻ നേരത്താണ് മഞ്ജരിയെ അന്വേഷിക്കുക. വലിയ പരിചയമോ അടുപ്പമോ ഇല്ലാത്ത പല പ്രായക്കാരായ കുട്ടികളുടെ കൂടെ എത്ര നേരം മിണ്ടാനാണ്! കുറച്ചു നേരം അവരോടു ചിരിച്ചും കൂട്ടത്തിൽ കൂടുന്നുവെന്നു വരുത്തിയുമൊ =ക്കെ ചുറ്റിപ്പറ്റി നിന്നിട്ട് മഞ്ജരി എവിടെങ്കിലും മാറിയിരുന്ന് വല്ല കോമിക്കും നോക്കുകയോ അമ്മയുടെ ഫോണിൽ കാർട്ടൂൺ കാണുകയോ ഒക്കെയാണു പതിവ്. കഴിഞ്ഞ പിറന്നാളിന് അമ്മ സമ്മാനമായി കിൻഡിൽ വാങ്ങിത്തന്നതിനു ശേഷം ഇത്തരം സമയങ്ങൾ ചെലവഴിക്കാൻ ഇപ്പോളവൾക്കു ഒട്ടും പ്രയാസവുമില്ല.

എന്തായാലും അമ്മയും കൂട്ടുകാരികളും മാത്രമായുള്ള യാത്ര താൻ കാരണം മുടങ്ങരുതെന്നുള്ളതു കൊണ്ട് മഞ്ജരി എവിടെയും അഡ്ജസ്റ്റു ചെയ്യാൻ തയ്യാറായിരുന്നു. അമ്മ എത്ര കാലമായി ആഗ്രഹിക്കുന്നതും പ്ലാൻ ചെയ്യുന്നതുമാണത്. എന്നും ഓഫീസും വീടും മഞ്ജരിയുടെ സ്കൂളുമൊക്കെയാ യുള്ള ഓട്ടപ്പാച്ചിലിൽ അമ്മയ്ക്കും വേണമല്ലോ ഒരു ബ്രേക്ക്.
മഞ്ജരി മൂഡ് ഔട്ടാകുമ്പോഴൊക്കെ അമ്മ അവളെ ഷോപ്പിങ്ങ് മാളിൽ കൊണ്ടു പോകും, ഒരുപാടു സമയം അവൾക്കൊപ്പം കറങ്ങി നടക്കും, സിനിമക്കു പോകും. ബുക്സും ഉടുപ്പുകളുമൊക്കെ വാങ്ങിത്തരും. ഇഷ്ടമുള്ള ഫുഡും വയറുനിറയെ കഴിപ്പിക്കും. പക്ഷേ അമ്മയെ ഇങ്ങനൊക്കെ ഒന്നു റിഫ്രഷ് ചെയ്യിക്കാൻ ആരാണുള്ളത്! അമ്മയ്ക്കും സന്തോഷിക്കണം.
വേണമെങ്കിൽ പത്തു ദിവസം മേബിളാന്റിയുടെ വീട്ടിൽ നിൽക്കാൻ പോലും അവൾ റെഡിയായിരുന്നു. അമ്മയോടു പറയും മുമ്പേ മേബിളാന്റിയോട് അതിനെപ്പറ്റി പറഞ്ഞു നോക്കി. പക്ഷേ മേബിളാന്റി അതു സമ്മതിച്ചില്ല,അയ്യോ എന്റെ വീട്ടിലൊന്നും കുട്ടിക്കു പറ്റൂല എന്നു പറഞ്ഞു ആ ആലോചന തടയുകയും ചെയ്തു. പല സ്ഥലത്തു ജോലിക്കു പോകുന്നതു കൊണ്ട് അവർക്കിവിടെ നിൽക്കാനും സാധിക്കില്ല.
സ്കൂളിലെ ഫ്രണ്ട്സ്, മഞ്ജു മിസ്സിന്റെ വീട് തുടങ്ങി പല സാധ്യതകളും മഞ്ജരി ദിവസങ്ങളോളം ആലോചിച്ചെങ്കിലും അവൾക്കൊന്നും തെളിഞ്ഞു കിട്ടിയില്ല. അമ്മയ്ക്കാണെങ്കിൽ വലിയ ടെൻഷനൊന്നും ഉള്ളതായിട്ടു തോന്നിയതുമില്ല. ഒടുവിൽ യാത്രയ്ക്കു മൂന്നുദിവസം മുമ്പ് ഷോപ്പിങ്ങിനിടയിലാണ് മഞ്ജരി അമ്മയോടതിനെപ്പറ്റി ചോദിച്ചത്. അമ്മ അവൾക്കു വേണ്ടി ഭംഗിയുള്ള ഒരു ട്രാവൽ ബാഗ് സെലക്ടുചെയ്യുകയായിരുന്നു. അമ്മ തന്നെക്കൂടി കൂടെ കൊണ്ടുപോകാനാണോ പ്ലാനെന്ന് അവൾ ഭയന്നു.
” ഞാൻ ഇല്യാട്ടോ അമ്മേ. ഞാൻ വരില്യ…”
വാശി കലർന്ന അവളുടെ വാക്കുകൾ കേട്ട് അമ്മ ഒന്നും പറയാതെ ട്രാവൽ ബാഗിന്റെ ബിൽ പേ ചെയ്ത് അവളെയും കൂട്ടി ജ്യൂസ് പാർലറിലേക്കു പോയി. അവൾക്കു വേണ്ട ചോക്കലേറ്റ് ഷേയ്ക്ക് അമ്മ തന്നെയാണ് ഓർഡർ ചെയ്തത്. മഞ്ജരിക്ക് ആകെ ടെൻഷനാവുന്നുണ്ടായിരുന്നു. എന്താ അമ്മേടെ പ്ലാൻ, തന്നോടുകൂടെ വരാൻ പറയുമോ എന്നൊക്കെയോർത്ത്. ഈ അമ്മയാണെങ്കിൽ ഒന്നും പറയുന്നുമില്ല.

മാതളനാരങ്ങയുടെ റൂബി നിറമുള്ള മുത്തുകൾ വിതറിയ ചോക്കലേറ്റ് ഷേയ്ക്ക് മുന്നിലെത്തിയപ്പോഴാണ് അമ്മ ചോദിച്ചത് .
” കുട്ടി എവിടെ വരില്ലാന്നാ പറഞ്ഞത്? “
” അമ്മേടെ കൂടെ ടൂറിന് “
അമ്മ പൊട്ടിച്ചിരിച്ചു.
“അതിന് ആരാപ്പോ കുട്ടിയെ കൂടെ കൊണ്ടു പോവുന്നത്? വരണംന്നു പറഞ്ഞാലും ഞാൻ കൊണ്ടു പോവില്ലാട്ടോ…”
മഞ്ജരി നാണിച്ചു തല കുനിച്ച് സ്ട്രോ കൊണ്ട് റൂബിക്കല്ലുകൾ ഇളക്കിക്കൊണ്ടിരുന്നു. ഇത്തരം മുത്തുകൾ കൊണ്ട് ഒരു മാല കോർക്കണമെന്നു എപ്പോഴത്തെയും പോലെ വിചാരിച്ചു. പണ്ട് അമ്മയുടെ ജോലിസ്ഥലത്തെ ആരുടെയോ വീട്ടിൽ പോയപ്പോൾ അവൾ തത്തകളെ കണ്ടിട്ടുണ്ട്. ഭംഗിയുള്ള കൂട്ടിൽ, കഴുത്തിൽ റിബണൊക്കെ കെട്ടിയ രണ്ട് തത്തകൾ. തത്തയെ വളർത്തണംന്ന് അന്നുതൊട്ടേയുള്ള മോഹമായിരുന്നു. പക്ഷേ അവളുടെ ഫ്ലാറ്റിൽ അതിനൊന്നും സൗകര്യമില്ല. ഈ മാതളമുത്തുകൾ കാണുമ്പോൾ അവളതോർക്കും. റിബണഴിച്ചു കളഞ്ഞിട്ട് മാതളനാരങ്ങ മുത്തുകൾ കോർത്ത മാല തത്തകളുടെ കഴുത്തിലിടണം. അവരതു പരസ്പരം കൊത്തിത്തിന്നട്ടെ. എന്തു രസമായിരി ക്കും!
” വീട്ടുമുറ്റത്ത് നിറയെ ചെടികളും പൂക്കളുമുള്ള ഒരിടത്താണ് ഞാനെന്റെ അന്നമ്മൂനെ ആക്കാൻ പോണത്. “
അന്നേരമാണ് മഞ്ജരി അതെനിക്കു തൊട്ടു നോക്കാനും ഇഷ്ടം തോന്നിയാൽ പൊട്ടിക്കാനും പറ്റുമോ എന്നന്വേഷിച്ചത്. ‘പറ്റും ട്ടോ’ എന്ന് ആദ്യം പറഞ്ഞെങ്കിലും അമ്മ പിന്നെ എന്തിനാ പൊട്ടിക്കണത്, ഇഷ്ടംണ്ടെങ്കിൽ തൊട്ടോളൂ, വാസനിച്ചോളൂ, പൊട്ടിക്കുന്നത് ചിലപ്പോ അവർക്കിഷ്ടായില്ലെങ്കിലോ? അല്ലെങ്കിൽ ചോദിച്ചിട്ടു മാത്രം പൊട്ടിച്ചാളൂ എന്നൊക്കെ അവളോടു പറഞ്ഞു. പക്ഷേ അതൊന്നും മഞ്ജരി കാര്യമായി ശ്രദ്ധിച്ചതു തന്നെയില്ല. അവളുടെ മനസ് വിശാലമായ, വേലികളില്ലാത്ത, ‘ഡോൺട് പ്ലക്ക് ഫ്ലവേഴ്സ്,’ ‘ഡോൺട് sച്ച്’ എന്നൊക്കെ ബോർഡുകൾ വെക്കാത്ത ഒരു പൂന്തോട്ടം സ്വപ്നം കാണുകയായിരുന്നു അപ്പോഴെല്ലാം .
പിറ്റേന്ന് ബാൽക്കണിയിൽ നിന്ന് താഴത്തെ തോട്ടം നോക്കുമ്പോൾ അവൾ അതു തന്നെ ഓർത്തു. കുറച്ചു ദിവസത്തേക്ക് എനിക്കും ഒരു പൂന്തോട്ടമുണ്ടാകാൻ പോകുന്നു. താഴെ നിന്ന് അമൽ അവൾക്കു നേരെ കൈയ്യുയർത്തി. താൻ പോകുന്നിടത്ത് വയലറ്റ് താമര വിരിയുന്ന ഒരു താമരക്കുളമുണ്ടായിരിക്കുമോ എന്നവളാലോചിച്ചു. വയലറ്റ് ആവണംന്നൊന്നുമില്ല,ഏതേലും കളർ താമരപ്പൂവായാൽ മതി. അവളിതുവരെ കണ്ടിട്ടില്ലാത്ത താമരപ്പൂവ്.
അമ്മ പോകുന്നതിന്റെ തലേന്നായിരുന്നു പൂന്തോട്ടത്തിലേക്കുള്ള മഞ്ജരിയുടെ യാത്ര. അവൾ പുതിയ ബാഗിൽ ഇഷ്ടപ്പെട്ട വസ്ത്രങ്ങളടുക്കിവെച്ചു.പത്തു ദിവസത്തേക്ക് വേണ്ട സാധനങ്ങളൊക്കെ ഓർത്തോർത്ത് ടോയ്ലറ്റ് കിറ്റിലും മറ്റുമായി അടുക്കി. കിൻഡലും ഫോണും സൈഡ് പോക്കറ്റിൽ ഭദ്രമാക്കി.
ആരുടെയും സഹായമില്ലാതെ ബാഗൊരുക്കിയതു കണ്ട് അമ്മ അവളെ ചേർത്തു പിടിച്ച് കവിളത്ത് മുഖമമർത്തി. “ന്റ അന്നമ്മു വലുതായീട്ടോ, പത്തു ദിവസം കഴിഞ്ഞ് വരുമ്പോ ഇനീം വലുതായിട്ടുണ്ടാവും,” എന്നു പ്രശംസിച്ചു. അവിടെ വാഷുചെയ്തു തരാനൊന്നും ആരുമുണ്ടാവില്ല ,വാഷിങ് മെഷീനിൽ ഇടാനൊക്കെ പ്രയാസാവും, കുട്ടി മുഷിഞ്ഞതൊക്കെ വൃത്തിയായി മടക്കി വേറൊരു കവറില് വെക്കണം. പത്തുടുപ്പുകളും ഇട്ടു കഴിയണ ദിവസം തിരിച്ചു കൂട്ടാൻ അമ്മവരും എന്നെല്ലാം അമ്മ അവളെ ഉപദേശിച്ചു.
കാറിൽ കയറുമ്പോൾ അവൾ അമലിനെ തിരഞ്ഞു. പക്ഷേ എപ്പോഴും ദേഷ്യം പിടിച്ച മുഖമുള്ള പ്രഭാകരനെന്ന ഗാർഡനറായിരുന്നു തോട്ടത്തിൽ. ഉള്ളിലെ ഉത്സാഹത്തിമിർപ്പു കൊണ്ടാവാം മഞ്ജരി നിറഞ്ഞ ചിരിയോടെ അയാൾക്കു നേരെ കൈ വീശി. പതിവില്ലാത്ത കൈവീശലിലും ചിരിയിലും അയാളാകെ അമ്പരന്നു എന്നു തോന്നി, ഒരു നിമിഷം കഴിഞ്ഞ് കാർ അയാളെക്കടന്നു പോകുമ്പോൾ അയാളും ചിരിച്ചുകൊണ്ടു അവൾക്കു ടാറ്റ പറഞ്ഞു. മഞ്ജരിക്ക് വലിയ സന്തോഷം തോന്നി. അമ്മയോടതിനെപ്പറ്റി പറഞ്ഞപ്പോൾ അമ്മ അവളുടെ കവിളിൽത്തലോടി.
“കൊടുക്കുന്നതാണു തിരിച്ചു കിട്ടുകാന്നു അന്നമ്മു എപ്പഴും ഓർക്കണം. എവിടെച്ചെല്ലുമ്പോഴും ,എത്ര വലുതായാലും ഓർക്കണം. ചെറിയ ചിരി കൊടുത്തപ്പോ ഒത്തിരി സന്തോഷം തരുന്ന ചിരി തിരിച്ചുകിട്ടിയില്ലേ?”
പുറത്തെ കാഴ്ചകളിലേക്ക് കൗതുകത്തോടെ നോക്കിയിരിക്കുന്നതിനിടയിൽ മഞ്ജരി അമ്മ പറഞ്ഞതു ശരിയാണല്ലോ എന്നോർത്തു.
ഒരു മണിക്കൂറോളം ഭംഗിയുള്ള, പക്ഷേ തീർത്തും അപരിചിതമായ ഏതൊക്കെയോ വഴികളിലൂടെ കാറോടിച്ചിട്ടാണ് അവർ ആ വീട്ടിലെത്തിയത്. പഞ്ചാരമണൽ വിരിച്ച മുറ്റത്തെ മാവിൻചുവട്ടിൽ അമ്മ കാർ പാർക്കു ചെയ്തു. മഞ്ജരി ഡോർ തുറന്നു പുറത്തിറങ്ങി. അവൾ തിരഞ്ഞത് പൂന്തോട്ടമായിരുന്നു. പക്ഷേ കുറെയധികം ചെടികളും ചെമ്പരത്തിപ്പടർപ്പും മരങ്ങളുമൊക്കെ മുറ്റത്തങ്ങുമിങ്ങും ഉണ്ടെന്നല്ലാതെ അതിനെയൊരു ഗാർഡനെന്നൊന്നും വിളിക്കാൻ പറ്റില്ല. അവൾ കണ്ടിട്ടുള്ളതൊക്കെ നല്ല അച്ചടക്കമുള്ള, മുറിച്ചും ട്രിംചെയ്തും അനാവശ്യ വളർച്ചകളെ മെരുക്കി നിർത്തിയിരിക്കുന്ന തോട്ടങ്ങൾ മാത്രമാണ്. മതിലിലേക്കു ചാഞ്ഞു പടർന്നിരിക്കുന്ന ചെമ്പരത്തിയിൽ നിറയെ ചുമപ്പു പൂക്കളുണ്ട്.

പക്ഷേ അവളുടെ ഫ്ലാറ്റിലെ തോട്ടത്തിൽ അമൽ എത്ര നിറം ചെമ്പരത്തികളാണ് വളർത്തിയിരിക്കുന്നത്. മഞ്ജരിയുടെയത്ര പൊക്കമേ എല്ലാറ്റിനുമുള്ളൂ. പൂത്തു മറിഞ്ഞ് നിൽക്കും. ബോഗൻ വില്ലകൾ പല നിറത്തിൽ കമ്പിവലകളുടെ ആകൃതിയിൽ വളഞ്ഞും പുളഞ്ഞും എന്തു ഭംഗിയാണ്! ഇവിടാണെങ്കിൽ ഒറ്റനിറത്തിൽ ഗേറ്റിനു മേലെക്കൂടി പടർന്ന് തണൽ പരത്തി നിൽക്കുന്നു. കാടുപോലെയുണ്ട്. നട്ടു കഴിഞ്ഞ് ആരും ഒരിക്കലും ഒന്നു വെട്ടിയിട്ടു പോലുമുണ്ടാവില്ല. ഇതാണോ അമ്മ പറഞ്ഞ പൂന്തോട്ടം! ഇത് കാണാനാണോ മഞ്ജരി ഇത്ര ദിവസം കാത്തു കാത്തിരുന്നത്! അവൾക്കു ദേഷ്യവും സങ്കടവും വന്നു.
അമ്മയോട് പരാതി പറയാൻ തിരിയുമ്പോ അമ്മ വരാന്തയിൽക്കയറി മണിയടിക്കുന്നു. അവൾ അമ്മേ എന്നു വിളിച്ച് അങ്ങോട്ടു ചെല്ലുമ്പോഴേക്ക് വാതിൽ തുറന്ന് രണ്ടു സ്ത്രീകൾ പുറത്തേക്കു വന്നു. നരച്ച തലമുടിയുള്ള രണ്ടു പേർ .അവരിലൊരാൾ അമ്മയെ ചേർത്തു പിടിച്ചു. മറ്റേയാൾ അപരിചിതത്വത്തോടെ നോക്കുന്ന മഞ്ജരിയുടെ കൈപിടിച്ച് അവളെ ദേഹത്തോടടുപ്പിച്ചു. അവരുടെ വസ്ത്രത്തിന്റെ നേർത്ത സുഗന്ധം മഞ്ജരിക്കിഷ്ടമായി.അവളതു മൂക്കു മുട്ടിച്ച് ആവോളം വലിച്ചെടുത്തു. അവരവളോടു പേരും പഠിക്കുന്ന ക്ലാസുമൊക്കെ ചോദിച്ചു. കവിൾത്തടങ്ങൾ പിച്ചി പറിക്കാതെ മൃദുവായി തലോടി മിടുക്കിയാണല്ലോ എന്നോമനിച്ചു. വേറെ പൂന്തോട്ടമുണ്ടോ എന്നു ചോദിക്കണമെന്ന് അവൾക്കു തോന്നി.
” വേറെ തോട്ടമോ? ഇവിടെ മുഴുവൻ തോട്ടമാണ്ല്ലോ .ഇവിടില്ലാത്തത് എവടേം ണ്ടാവില്ല. “
അവർ പിന്നെയും അവളുടെ കവിളുകൾ തലോടി. മഞ്ജരിക്ക് അവർ പറഞ്ഞതു മനസിലായില്ല. ചെടിച്ചട്ടികളോ അച്ചടക്കത്തിൽ ഒരുക്കി നിർത്തിയ ചെടികളോ ഇല്ലാത്ത ഇത് എന്തു തോട്ടമാണ്! മഞ്ജരിയുടെ സ്വപ്നത്തിലുണ്ടായിരുന്നത് ഇതൊന്നുമല്ല. അവൾ അവരുടെ കൈ വിടുവിച്ച് ഉമ്മറത്തെ ഉരുളൻ തൂണിൽ പിടിച്ച് പുറത്തേക്കു നോക്കി നിന്നു. തോട്ടം പോലൊക്കെയുണ്ട് ,നിറയെ വള്ളികളും തണലും മരങ്ങളും ,പൂക്കളും. ആകെ പച്ചപ്പ്. പക്ഷേ പൂന്തോട്ടമല്ല.
കാപ്പികുടി കഴിഞ്ഞ് അമ്മ അവളോട് സന്തോഷായിരിക്കണം ട്ടോ, അമ്മയ്ക്ക് അന്നമ്മൂനെ മിസ് ചെയ്യും എന്നു പറഞ്ഞ് തിരിച്ചു പോയി.
ബോഗേൻവില്ലകളുടെ തണലിലൂടെ അമ്മയുടെ വണ്ടി പോകുന്നത് നോക്കി നിന്നപ്പോൾ അവൾക്കിത്തിരി സങ്കടം വന്നു. അപ്പോഴേക്കും അവളുടെ ബാഗുമെടുത്ത് ആദ്യം അവളെത്തൊട്ടു വർത്തമാനം പറഞ്ഞ ആൾ കൂടെ വരൂന്നുപറഞ്ഞ് അകത്തേക്കു പോയി. മഞ്ജരി അവർക്കൊപ്പം അകത്തൊരു മുറിയിലെത്തി. മൂന്നു കട്ടിലുകളുള്ള മുറി. അവളുടെ ബാഗ് അവർ അലമാരയ്ക്കുള്ളിൽ വെച്ചു. ആന്റീ എന്നവൾ വിളിച്ചപ്പോൾ എന്റെ പേര് മല്ലിക എന്നാണ്, മല്ലികാമ്മ എന്നു വിളിച്ചോളൂ എന്ന് തിരുത്തി.
“കൈയ്യും കാലുമൊക്കെ കഴുകി വേണം ച്ചാൽ ഇത്തിരി റെസ്റ്റെടുത്തോളൂ. ഇവിടെ വേറേം ചിലരുണ്ട്. ഊണുകഴിക്കുമ്പോ എല്ലാരേം കാണാം,” എന്നു പറഞ്ഞ് മല്ലികാമ്മ മുറി വിട്ടു പോയി.
അറിയാത്ത വീട്ടിൽ, അറിയാത്തവർക്കിടയിൽ മഞ്ജരിക്കു കുറേശ്ശേ ഏകാന്തതയും വിഷമവുമൊക്കെ തോന്നുന്നുണ്ടായി രുന്നു. പക്ഷേ ഉച്ചസമയത്ത് ഡൈനിങ് റൂമിൽ മല്ലികാമ്മയ്ക്ക് പുറമേ വേറെയും നാലഞ്ചു അമ്മമ്മമാരെ കാണുകയും പരിചയപ്പെടുകയും ചെയ്തതോടെ അവൾക്കാ വിഷമം മാറിത്തുടങ്ങി.

കുട്ടിക്കിതൊക്കെ ഇഷ്ടമാകുമോ എന്ന ആശങ്കയോടെയാണ് മല്ലികാമ്മ അവൾക്ക് ചോറുവിളമ്പിയത്. “എരിവൊന്നും അധികം ല്യാ =, ഒക്കെ നമ്മടെ തൊടീലുണ്ടായ സാധനങ്ങളാ, കുട്ടി കഴിച്ചു നോക്കൂ. നൂഡിൽസും പിസയുമൊക്കെ ഇതിന്റെ മുന്നില് ഒന്നും ല്ല.”
പച്ചക്കരയുള്ള വേഷ്ടീം മുണ്ടുമുടുത്ത് പച്ച ബ്ലൗസുമിട്ട അമ്മമ്മ അവളോടു പറഞ്ഞു. അവരുടെ പേര് ചന്ദ്ര എന്നാണത്രേ. സ്റ്റീൽ തളികയിൽ പച്ച, ചുവപ്പ്, വെളുപ്പ്, മഞ്ഞ നിറങ്ങളിൽ പലതരം കറികൾ. എന്താണെന്നൊന്നും മനസിലായില്ലെങ്കിലും അവൾ രുചിയോടെ ഉണ്ടു. നല്ല വിശപ്പും ഉണ്ടായിരുന്നു. ഒന്നും വേസ്റ്റാക്കാതെ ആസ്വദിച്ചു കഴിക്കുന്നത് അമ്മമ്മമാർ ശ്രദ്ധിക്കുന്നുണ്ടായിരു ന്നു.
“മിടുക്കിയാണല്ലോ, കഴിക്കുന്നതു കണ്ടാലറിയാം. അന്നം ദൈവമാണ്, അതിനോട് ആദരം കാണിക്കണം. വേറാരേം തൊഴുതില്ലെങ്കിലും സാരല്യ, കഴിക്കാനിരിക്കുമ്പോ അന്നത്തിനു മുന്നിൽ മനസിലെങ്കിലും തൊഴണം,” ചന്ദ്രാമ്മ അവളോടു പറഞ്ഞു. മഞ്ജരി തലയാട്ടി.
എന്തു ഭക്ഷണമായാലും എത്ര ഇഷ്ടമില്ലാത്തതായാലും വിളമ്പി മുന്നിൽ കിട്ടിയാൽ അതിനോടു വെറുപ്പു കാണിക്കരുതെന്ന് അമ്മയും അവൾക്കു പറഞ്ഞു കൊടുത്തിട്ടുണ്ട്. ചിലപ്പോഴൊക്കെ വിഷമത്തോടെയാണെങ്കിലും എപ്പോഴും അവളതനുസരിക്കാറുമുണ്ട്.
ആ വീട്ടിൽ അവർ ആറുപേര് ഒന്നിച്ചു താമസിക്കുകയാണെന്നും വീട് മഞ്ഞ സാരിയുടുത്ത പ്രേമാമ്മയുടേതാണെന്നും മഞ്ജരിയോടവർ പറഞ്ഞു. പല സ്ഥലങ്ങളിൽ ജോലി ചെയ്തിരുന്ന അവരൊക്കെ റിട്ടയറായി, മക്കളൊക്കെ പലവഴിക്കായപ്പോൾ ഇവിടെ ഒന്നിച്ചു താമസിക്കുകയാണ്. വീട്ടിൽ ഒറ്റയ്ക്കു താമസിക്കുന്നതിന്റെ ബോറടി മാറ്റാൻ .ഇവിടെ വർത്തമാനം പറഞ്ഞും കളിച്ചും ചിരിച്ചും കൃഷിപ്പണികൾ ചെയ്തും രസകരമായിട്ടു കൂടുന്നു.
” ഇപ്പോ കുറച്ചു ദിവസത്തേക്ക് ഞങ്ങൾക്കൊരു കുഞ്ഞുവിരുന്നുകാരിയെയും കിട്ടിയല്ലോ .നമുക്ക് അടിച്ചു പൊളിക്കാം കേട്ടോ.”
സൂസന്നാമ്മ എന്നു പേരു പറഞ്ഞ അമ്മമ്മ അവളുടെ പുറത്തു കൂടി കൈവളച്ചിട്ടു. ഊണു കഴിഞ്ഞെഴുന്നേൽക്കുമ്പോഴേക്ക് ആ വീടും അവിടുത്തെ താമസക്കാരുമൊക്കെ മഞ്ജരിയുടെ അടുത്ത സുഹൃത്തുക്കളായിക്കഴിഞ്ഞിരുന്നു. അത്രയും ഇഷ്ടത്തോടും അടുപ്പത്തോടും കൂടിയാണവർ അവളോടു മിണ്ടിയത്. വീടിനു പിന്നിൽ കുളമുണ്ടെന്നും അതിനപ്പുറത്ത് പാടങ്ങളാണെന്നും അവിടൊക്കെ കൊണ്ടുപോകാമെന്നും മല്ലികാമ്മ മഞ്ജരിയോടു പറഞ്ഞു. ഞങ്ങളും വരുംട്ടോ എന്ന് പ്രേമാമ്മയ്ക്കൊപ്പം ബാക്കി നാലുപേരും ഉറക്കെച്ചിരിച്ചു. എല്ലാർക്കും കൂടി പോവാം ല്ലേ എന്നു മഞ്ജരി തീർപ്പുകൽപ്പിച്ചു.
പിന്നെയുള്ള ദിവസങ്ങൾ മഞ്ജരി ശരിക്കും ആസ്വദിക്കുകയായിരുന്നു.എല്ലാ ദിവസവും അവൾ കുളത്തിൽ പോയി. ചുവന്ന താമരപ്പൂക്കൾ അവൾക്കു കൈനിറയെ ചന്ദ്രാമ്മ പൊട്ടിച്ചു കൊടുത്തു. ആദ്യമൊക്കെ മടിച്ചു മടിച്ചാണെങ്കിലും അവൾ വെള്ളത്തിലിറങ്ങി, സൂസന്നാമ്മയുടെ കൈകളിൽക്കിടന്ന് വെള്ളത്തിൽ കാലിട്ടടിച്ചു. പിറ്റേദിവസം അവൾക്കൊരു റബ്ബർ ട്യൂബ് കിട്ടി. അതിൽ പിടിച്ച് നീന്താൻ തുടങ്ങിയതോടെ നല്ല രസമായി. മൂന്നാമത്തെ ദിവസം ട്യൂബില്ലാതെ തന്നെ അവൾ വെള്ളത്തിൽ പിടിച്ചു കിടന്നു .അമ്മമ്മമാർ കൈയ്യടിച്ചു പ്രോത്സാഹിപ്പിച്ചു. അടുക്കളയിലെ പണികളൊക്കെ രാവിലെ എല്ലാവരും കൂടി വേഗത്തിൽ ചെയ്തു തീർക്കും.

അതിന്റിടേൽ ആരെങ്കിലുമൊരാൾ മുറവുമായി തൊടിയിലേക്കിറങ്ങും. ഉച്ചയ്ക്കു വേണ്ട പച്ചക്കറികളൊക്കെ പൊട്ടിക്കാനുള്ള യാത്രയാണ്. മഞ്ജരിക്ക് ആ പുറത്തിറങ്ങൽ ലഹരിയായിരുന്നു. മഞ്ഞു വീണു തണുത്ത മണ്ണിലൂടെ, പുൽപ്പരപ്പിലൂടെ ചെരിപ്പിടാതെ ചവിട്ടി അങ്ങനെ നടക്കുക!
ഇന്നു അച്ചിങ്ങപ്പയറു വേണോ പടവലങ്ങ വേണോ ഉപ്പേരി എന്നു കൂടെ വന്നയാൾ ചോദിക്കും. മഞ്ജരി ഒന്നാലോചിച്ചിട്ട് ചീര ആയാലോ എന്നു ചോദിക്കും. അവർ മുറത്തിൽ നിറയെ ചെംഞ്ചുവപ്പ് ചീരയിലകൾ ശേഖരിക്കും. ആ തോട്ടത്തിൽ ഇല്ലാത്തതൊന്നുമില്ല. കയ്പപ്പന്തൽ ,പടവലത്തിന്റെയും പയറിന്റെയും പന്തൽ … അതിനടിയിലെ ഇരുണ്ട പച്ചപ്പിനടിയിലൂടെ നൂണ്ടു കളിക്കാൻ അവൾക്കെന്തൊരിഷ്ടമാണ്.
ഉച്ചയ്ക്കുശേഷം പറ്റുന്നവരൊക്കെ തോട്ടപ്പണിക്കിറങ്ങും. പുല്ലു പറിക്കലും ചാണകപ്പൊടി വിതറലും തടമിളക്കലും… ഇതെല്ലാം കഴിഞ്ഞ് കുളത്തിൽ വിസ്തരിച്ചു നീന്തിക്കുളി. തിരിച്ചു ചെന്നാൽ ചായ കുടിച്ചിട്ട് ചിലപ്പോൾ അമ്പലത്തിലേക്കു പാടവരമ്പത്തുകൂടി നടന്നു പോകാം. അല്ലെങ്കിൽ പടിപ്പുരയിലു വന്നിരുന്ന് പുറത്തേക്കു നോക്കാം.
ആരെങ്കിലും കഥ പറയും, ചിലപ്പോൾ അന്താക്ഷരി കളിക്കും, അക്ഷരശ്ലോകം ചൊല്ലലും ഉണ്ടാവും. മഞ്ജരിക്കതറിയില്ല. അവരവളെക്കൊണ്ട് പാട്ടുകൾ പാടിക്കും. ഇരുട്ടു പടർന്നും മഞ്ഞു വീണും ചുറ്റും തണുത്തു തുടങ്ങുന്നതു വരെ അവരെല്ലാവരും അവിടെ യിരിക്കും. മഞ്ജരിയുടെ മനസ് സന്തോഷം കൊണ്ടു നിറഞ്ഞു തുളുമ്പും. ഉറങ്ങാൻ കിടക്കുമ്പോഴാണ് അമ്മ വിളിക്കാറ്. അവളുടെ ശബ്ദത്തിൽ ആനന്ദം നിറഞ്ഞു പതയുന്നതറിഞ്ഞ് അമ്മ ചോദിക്കും “അന്നമ്മു അവ്ടെ ശരിക്കും എൻജോയ് ചെയ്യാണല്ലോ. മിടുക്കി,”
അമ്മയും സന്തോഷിക്കുകയാണെന്നു മഞ്ജരിക്കറിയാം. കണ്ട സ്ഥലങ്ങളെ പ്പറ്റിയും കാണാനിരിക്കുന്ന കാഴ്ചകളെപ്പറ്റിയും വാതോരാതെ അമ്മയും പറയും. മഞ്ജരിക്കു വേണ്ടി പല സമ്മാനങ്ങളും അമ്മ വാങ്ങിയിട്ടുണ്ടത്രേ! അതിലൊക്കെ വലിയ സമ്മാനമാണ് അമ്മ തന്നിട്ടു പോയതെന്ന് അവൾ ഉള്ളിൽ ചിരിച്ചു. ആ ചിരിയുടെ പാൽനുര അവളുടെ ചുണ്ടുകളിൽ പതയുന്നതു കണ്ട് ചന്ദ്രാമ്മ “ന്താ കുട്ടീടെ അമ്മ പറേന്നത്? തമാശയാ? ന്നാ ഉറക്കെപ്പറയൂ, ഞങ്ങളും ചിരിക്കട്ടെ,” എന്നവളുടെ അടുത്തെത്തും. ചിലപ്പോൾ അമ്മ അവരോടാരോടെങ്കിലുമൊക്കെ സംസാരിക്കാറുമുണ്ട്.
വീട്ടുമുറ്റത്തെ ചെടികൾക്കിടയിലൂടെ നടന്ന ഒരു വൈകുന്നേരമാണ് മഞ്ജരി ചതുരത്തിൽ വളച്ചുകെട്ടി, ബഡ്ഡു ചെയ്തും ടിഷ്യുകൾച്ചർ ചെയ്തും കൃത്യമായ ഇടവേളകളിൽ ട്രിംചെയ്തും പൂക്കൾ പറിക്കരുത് എന്നു ബോർഡു വെച്ചും കാണുന്നതു മാത്രമല്ല പൂന്തോട്ടമെന്നു തിരിച്ചറിഞ്ഞത്.
വിശാലമായ മുറ്റത്ത് അങ്ങുമിങ്ങുമായി ചിതറിക്കിടക്കുന്ന പൂച്ചെടികളോട് ആദ്യം അവൾക്കൊരിഷ്ട വുമുണ്ടായിരുന്നില്ല. പക്ഷേ മല്ലികാമ്മയ്ക്കും ചന്ദ്രാമ്മയ്ക്കുമൊപ്പം അവയ്ക്കിടയിലൂടെ നടന്നപ്പോഴാണ് എന്തുമാത്രം ചെടികൾ, എത്രയെത്ര പൂക്കൾ എന്നവൾ അമ്പരന്നു പോയത്.
ഒന്നിനെയും വെട്ടിയൊരുക്കിയിട്ടില്ല, എല്ലാം തോന്നിയ പോലെ വളരുന്നു. തടമിളക്കി ചാണകവും ചാരവുമൊക്കെ ഇട്ടു കൊടുക്കും. നിറയെ വെള്ളവും പിന്നെ ഇടയ്ക്കിടെ അടുത്തുപോയി മിണ്ടിപ്പറഞ്ഞിരിക്കുമത്രേ. മഞ്ജരിക്ക് ചിരി നിർത്താനായില്ല .ചെടികളോട് എങ്ങനാ മിണ്ടുകയെന്ന് അവൾക്കൊട്ടു മനസിലായതുമില്ല.
“അതൊക്കെ ഉണ്ട്. ചെടികളെ സ്നേഹം ളളവർക്കൊക്കെ അങ്ങനെ മിണ്ടാനും അറിയും,” ചന്ദ്രാമ്മ ഗൗരവത്തിൽ പറഞ്ഞു. പിന്നെയുള്ള ദിവസങ്ങളിൽ മഞ്ജരിക്കുമതു മനസിലായി. സൂസന്നാമ്മ രാവിലെ വന്നു റോസച്ചെടികളോടു മിണ്ടുന്നതും ഓമനിക്കുന്നതും വളരെ ശ്രദ്ധിച്ച് വേദനിപ്പിക്കാതെ ഒന്നോ രണ്ടോ പൂക്കൾ പൊട്ടിച്ചെടുക്കുന്നതും അവൾ കാണാൻ തുടങ്ങി. മഞ്ഞുതുള്ളികളിറ്റുന്ന ആ പൂക്കൾ അവർ പ്രാർത്ഥിക്കുന്ന മുറിയിലെ ജീസസിന്റെ ചിത്രത്തിനരികിൽ വെയ്ക്കും.
പ്രേമാമ്മ തുളസിച്ചെടികളോടാണു മിണ്ടുക. തുളസിയും അരളിയും ചെത്തിയുമൊക്കെ ചെറിയ പൂപ്പാത്രത്തിൽ ശേഖരിച്ച് അമ്പലത്തിൽ കൊണ്ടുപോവും .മല്ലികാമ്മ സന്ധ്യകളിൽ മുല്ലമൊട്ടിറുത്ത് മാല കോർത്ത് മഞ്ജരിയുടെ തലയിൽ ചൂടിക്കൊടുക്കും. മൊട്ടിറുക്കുമ്പോഴൊക്കെ അവരതിനോടു മിണ്ടുന്നതും ഈണത്തിൽ പാട്ടു മൂളുന്നതും മഞ്ജരി അതിശയത്തോടെ ശ്രദ്ധിച്ചു.
എണ്ണ കാച്ചാൻ ചെമ്പരത്തിപ്പൂ പറിക്കാൻ ഷബാനാമ്മ മഞ്ജരിയെയും കൂട്ടുവിളിച്ചു. കൈയ്യെത്തിച്ച് പൂ പറിക്കുന്നതിനിടയിൽ “നീയങ്ങു വലുതായിപ്പോയല്ലോ, ന്റെ ചെമ്പരത്തീ, കൈയ്യെത്താണ്ടായി,” എന്നവർ അതിനോടു കളി പറയുന്നത് മഞ്ജരിയെ ചിരിപ്പിച്ചു.
ചന്ദ്രാമ്മയ്ക്ക് പൂച്ചെടികളോടല്ല,പച്ചക്കറികളോടാണു കൂടുതൽ കൂട്ട്. എപ്പോഴും അവർക്കരികിലാണ്. കയ്പക്കക്കു പ്ലാസ്റ്റിക് കവറിട്ടും അച്ചിങ്ങയിലെ ചാഴി നുള്ളിക്കളഞ്ഞും ഒന്നുഷാറില് വളർന്നു വാ എന്നു വഴുതനത്തൈയ്യോടു പുന്നാരം പറഞ്ഞും എത്ര നേരം വേണമെങ്കിലും നടക്കും. മഞ്ജരിക്കന്നേരം അവർക്കൊപ്പം നടക്കുന്നത് ഭയങ്കര ഇഷ്ടമാണ്.

Read More: ജിസ ജോസിന്റെ മറ്റ് രചനകള് ഇവിടെ വായിക്കാം
ഒരു ബുധനാഴ്ച കുളിച്ചിട്ട് മാറ്റാൻ ഉടുപ്പെടുക്കുമ്പോഴാണ് മഞ്ജരി അതവസാനത്തെ ഉടുപ്പാണല്ലോ എന്നു കണ്ടത്. പത്തു ദിവസമായിരിക്കുന്നു. അപ്പോ ഇന്ന് അമ്മ മഞ്ജരിയെ കൊണ്ടുപോവാൻ വരും. സങ്കടമാണോ സന്തോഷമാണോ എന്നറിയാത്ത വികാരമാണ് അവൾക്കന്നേരമുണ്ടായത്. ഈ വീട്ടിൽ അമ്മമ്മമാർക്കൊപ്പം, ചെടികൾക്കും പൂക്കൾക്കുമിടയിൽ തിമിർത്തു നടന്ന ദിവസങ്ങൾ അവൾക്കു മതിയായിട്ടില്ല. പക്ഷേ പോയേ മതിയാവൂ.
അവളുടെ ഫ്ലാറ്റ്, അമ്മ, ഓൺലൈൻ ക്ലാസുകൾ … ഇവിടെ വന്നിട്ട് അവൾ കിൻഡിൽ തുറന്നിട്ടുപോലുമില്ല. വായിച്ചു പകുതിക്കു നിർത്തിയ പുസ്തകങ്ങൾ, അവളെ കൈ വീശി യാത്രയാക്കിയ ആ തോട്ടക്കാരൻ, വയലറ്റു താമര കാണിച്ചു തരാമെന്നു പറഞ്ഞ അമൽ ,അവളുടെ ചങ്ങാതിമാർ. പോയേ മതിയാവൂ. മഞ്ജരിയുടെ കണ്ണുകൾ തുളുമ്പി.
ബ്രേക്ക്ഫാസ്റ്റിനിരിക്കുമ്പോൾ കറുത്ത റാഗിദോശ വെള്ളചട്ണിയിൽ മുക്കിത്തിന്നുന്നതിനിടയിൽ ഞാനിന്നു തിരിച്ചു പോകുമല്ലോ എന്നവൾ സങ്കടത്തോടെ മന്ത്രിച്ചു. തൊട്ടടുത്തിരുന്ന ചന്ദ്രാമ്മ മാത്രമാണതു കേട്ടത്. മഞ്ജരിയുടെ കണ്ണു നനയുന്നതു കണ്ട് അവർ അവളെ ചേർത്തു പിടിച്ചു.
“ശര്യാണല്ലോ പത്തു ദിവസം എത്ര വേഗാ ഓടിപ്പോയത്… പക്ഷേ കുട്ടി ഇനീം ഇടക്കിടെ ഇവിടേക്കു വരുമല്ലോ. കുട്ടീടെ രണ്ടാമത്തെ വീടാണ് ട്ടോ ഇത്. സ്വന്തം വീട്…”
മഞ്ജരിക്ക് ശരിക്കും കരച്ചിൽ വന്നു. എല്ലാവരും കൂടി അവളെ ഉല്ലാസവതിയാക്കാൻ പലതും പറയാൻ തുടങ്ങി. അവൾക്കു കൊടുത്തയക്കാനുള്ള സാധനങ്ങൾ, ഇന്നു സ്പെഷ്യലായി ഉണ്ടാക്കേണ്ട വിഭവങ്ങൾ അതിനെക്കുറിച്ചൊക്കെ ഗംഭീര ചർച്ചയായി, ആറു പേരും കൂടെ .
ചന്ദ്രാമ്മ അവളെയും കൂട്ടി പച്ചക്കറിത്തോട്ടത്തിൽ പോയി പലതും പറിച്ചെടുത്തു ഒരു കുട്ടയിൽ നിറച്ചു.
“ഒക്കെ കൊണ്ടുപോവാനാണ്. ഗാർഡൻഫ്രഷല്ലേ. കുട്ടിക്കും അമ്മക്കും കുറെ ദിവസത്തേക്കുണ്ടാവും. തീരുമ്പോ ഇങ്ങ് ട് വരൂ ട്ടോ,” എന്നവളോടു പറഞ്ഞു. ഉച്ചയ്ക്ക് കുളത്തിൽ സൂസന്നമ്മയുടെ കൈകൾ വിടുവിച്ച് അവൾ നീന്തിത്തുടിച്ചു. “നന്നായി പഠിച്ചൂലോ, ഇനി ഫ്ലാറ്റിലെ പൂളിലും നീന്തണം കേട്ടോ ” എന്നവർ കൈയ്യടിച്ചു പ്രശംസിച്ചു.
പായസമൊക്കെയുള്ള സദ്യയായിരുന്നു ഉച്ചയ്ക്ക്. വയറു പൊട്ടുംവരെ അവൾ കഴിച്ചു. കുറച്ചു നേരം ഉറങ്ങണമെന്നു തോന്നിയെങ്കിലും മഞ്ജരി പുറത്തിറങ്ങി മുറ്റത്തെ ചെടികളോടും പൂക്കളോടും ഇനീം വരാം ട്ടോ എന്നു യാത്ര പറഞ്ഞു. ഒരു ചുവപ്പ് താമരവള്ളി കൊണ്ടു പോയാലോ എന്നു മഞ്ജരി ഓർത്തു. അമലിനു കൊടുക്കാം. അയാളുടെ കുളത്തിൽ വയലറ്റു താമരയ്ക്കൊപ്പം ചുവപ്പു കൂടി വിരിയട്ടെ. വിത്താണോ വള്ളിയാണോ നടേണ്ടതെന്നവൾക്കു കൺഫ്യൂഷനുമായി. വേണ്ട. അടുത്ത തവണ വരുമ്പോൾ അമലിനോടു ചോദിച്ചിട്ട് അവിടില്ലാത്ത ചെടികളൊക്കെ ഇവിടുന്നു കൊണ്ടു പോകാം. അതാവും നല്ലത്.
ചുറ്റിത്തിരിഞ്ഞ് ഒടുവിൽ പടിപ്പുരയിലെത്തി പച്ചപ്പാടങ്ങൾക്കപ്പുറത്തേക്കു നോക്കി നിൽക്കുമ്പോൾ വളരെ ദൂരെ അമ്മയുടെ ചുവപ്പു കാറാവണം, ഒരു വണ്ടി വളവു തിരിഞ്ഞ് വരുന്നത് മഞ്ജരി കണ്ടു. അവളതു എല്ലാവർക്കും ചൂണ്ടിക്കാണിച്ചു. പാടങ്ങൾക്കിടയിലൂടെയുള്ള കറുകറുത്ത വഴിയിലൂടെ ആ ചുവപ്പുകാർ മെല്ലെയൊഴുകിയടുക്കുന്നത് അവർ നിശ്ശബ്ദമായി നോക്കി നിന്നു.