നക്ഷത്രക്കുട്ടൻ ആകാശത്തിലൂടെ നടക്കുകയായിരുന്നു. തണുപ്പുള്ള രാത്രി;
നല്ല കാറ്റ്. ഹായ്, എന്തു രസം! നക്ഷത്രക്കുട്ടൻ വിചാരിച്ചു.
അപ്പോഴാണ് അപകടം പറ്റിയത്-
ഒരു കുസൃതിക്കാരൻ മേഘം ഓടിവന്ന് നക്ഷത്രക്കുട്ടനിട്ട് ഒറ്റയിടി!
പാവം നക്ഷത്രക്കുട്ടൻ. അവൻ ഹമ്മേ എന്നു കരഞ്ഞുകൊണ്ട് താഴെവീണു.
നക്ഷത്രക്കുട്ടൻ വന്നുവീണത് ഒരു വാഴച്ചുവട്ടിലായിരുന്നു.
ഭാഗ്യം, അവന് ഒന്നും പറ്റിയില്ല. അവൻ വേഗം ചാടിയെഴുന്നേറ്റ് ചുറ്റുംനോക്കി.
അതാ, കുറച്ചു ദൂരെ ഉറങ്ങിക്കിടക്കുകയാണ് ഒരു ഭയങ്കരൻ പാമ്പ്!
എന്റമ്മോ ഇവനെങ്ങാൻ എന്നെ കണ്ടാൽ അപ്പോഴേ പിടിച്ചുവിഴുങ്ങുമല്ലോ.
നക്ഷത്രക്കുട്ടൻ വിചാരിച്ചു. പേടിച്ചുവിറച്ചുകൊണ്ട് അവനാ വാഴയിൽ പൊത്തിപ്പിടിച്ചു കയറി,
വാഴക്കൂമ്പിലൊളിച്ചു. പിന്നെ, അവിടെയിരുന്ന് ഉറങ്ങിപ്പോയി.
ഉറക്കമുണർന്നപ്പോൾ നേരം പുലർന്നിരുന്നു.
ഇനി ഞാനെങ്ങനെ ആകാശത്തേക്ക് തിരിച്ചു പോകും? നക്ഷത്രക്കുട്ടന് കരച്ചിൽ വന്നു.
അപ്പോഴാണ് വാഴക്കൂമ്പിലെ തേനെടുക്കാൻ കുഞ്ഞാപ്പു അതുവഴി വന്നത്.
അവൻ നേരെ കൈ വഴക്കൂമ്പിനകത്തേക്കിട്ടു. അപ്പോഴതാ കൈക്കകത്ത് ഒരു നക്ഷത്രം!
ഇതെന്തൊരത്ഭുതം! കുഞ്ഞാപ്പു നക്ഷത്രക്കുട്ടനെ നോക്കി അന്തംവിട്ടുനിന്നു.
”എന്നെ രക്ഷിക്കണേ!” നക്ഷത്രക്കുട്ടൻ കരഞ്ഞു. “നീ ആരാ?” കുഞ്ഞാപ്പു ചോദിച്ചു.
“ഞാൻ നക്ഷത്രക്കുട്ടൻ.” എന്നിട്ട് നക്ഷത്രക്കുട്ടൻ തന്റെ കഥ മുഴുവൻ പറഞ്ഞു.
“അയ്യോ, പാവം!” കുഞ്ഞാപ്പുവിനു സങ്കടമായി: ”നിന്നെ ഞാനെങ്ങനെയാണ് സഹായിക്കേണ്ടത്?”
“രാത്രിയാകുമ്പോൾ എന്നെ ആകാശത്തിലെത്തിച്ചാൽ മതി.
” ഇവനെ ഞാനെങ്ങനെ ആകാശത്തിലെത്തിക്കും? കുഞ്ഞാപ്പു തലപുകഞ്ഞാലോചിച്ചു.
ഒടുവിൽ അവന് ഒരു സൂത്രം തോന്നി. അവൻ നക്ഷത്രക്കുട്ടനെ വീട്ടിലേക്കു കൊണ്ടുപോയി.
രാത്രി, അച്ഛനും അമ്മയും ഉറങ്ങിയപ്പോൾ കുഞ്ഞാപ്പു നക്ഷത്രക്കുട്ടനെയുംകൊണ്ട്
പതുക്കെ വീട്ടിൽ നിന്നിറങ്ങി. അവൻ തന്റെ പട്ടം കൈയിലെടുത്തിരുന്നു.
കുഞ്ഞാപ്പു നക്ഷത്രക്കുട്ടനെ പട്ടത്തിൽ കയറ്റിയിരുത്തി.
എന്നിട്ട് ആകാശത്തേക്ക് പട്ടംപറപ്പിച്ചു. പട്ടം ഉയർന്നുയർന്നുപോയി.
അങ്ങനെ നക്ഷത്രക്കുട്ടൻ വീണ്ടും ആകാശത്തിലെത്തി.