മരങ്ങളില്ലാത്ത നഗരം
ദൂരെ കാണുന്ന മല കയറണമെന്നത് കുഞ്ഞിപ്പെണ്ണിൻ്റെ വലിയൊരു ആഗ്രഹമാണ്. കൊണ്ടുപോകാമെന്ന് പപ്പ പറഞ്ഞിട്ടുണ്ട്. പക്ഷേ ഇതുവരെ നടന്നിട്ടില്ല. പപ്പയ്ക്ക് ആകെക്കൂടി ഒരു ഞായറാഴ്ചയാണ് വീട്ടിലിരിക്കാനാവുക. അന്നാണെങ്കിൽ എന്തെങ്കിലും തിരക്കിൽച്ചെന്ന് പെടും. അമ്മയ്ക്കാണെങ്കിൽ നൂറു കൂട്ടം പണിയുണ്ടാകും. ദത്തനാണെങ്കിലോ ട്യൂഷന് പോവുകയും വേണം. അതുകൊണ്ട് മല കയറാനാകാത്തതിൽ കുഞ്ഞിപ്പെണ്ണിന് വലിയ വിഷമമൊന്നുമില്ല. എന്നാൽ ചെറിയ വിഷമം ഉണ്ടുതാനും.
പക്ഷേ ഇപ്പോൾ വേറൊരാളുണ്ടല്ലോ കൂടെ! മല കയറാൻ കൊണ്ടുപോകണമെന്നു പറഞ്ഞതും കുട്ടിച്ചാത്തൻ സമ്മതിച്ചു.
അങ്ങനെ ഒരു ഞായറാഴ്ച മർഹയുടെ കൂടെ കളിക്കാൻ പോവുകയാണെന്നു പറഞ്ഞ് നോട്ടുബുക്കും കൈയിലെടുത്ത് കുഞ്ഞിപ്പെണ്ണ് വീട്ടിൽ നിന്നിറങ്ങി.
കുത്തനെയുള്ള കയറ്റമായിരുന്നെങ്കിലും മലഞ്ചെരിവ് കാണാൻ നല്ല ഭംഗിയുണ്ടായിരുന്നു. മരങ്ങൾ, ചെടികൾ, പുല്ലുകൾ, പൂക്കൾ, മരത്തിലിരുന്നു് കലമ്പൽകൂട്ടുന്ന കിളികളും അണ്ണാറക്കണ്ണന്മാരും.
ഇലപോലെ പാറിപ്പാറി പോകുന്നതിനിടയിൽ മരങ്ങളുടെയും ചെടികളുടെയും പക്ഷികളുടെയും പേരുകൾ കുട്ടിച്ചാത്തൻ അവൾക്ക് പറഞ്ഞു കൊടുത്തു.
എങ്കിലും അവൻ പറഞ്ഞ പേരുകൾ എല്ലാം ശരിയാണോ എന്ന് കുഞ്ഞിപ്പെണ്ണിന് സംശയം തോന്നാതിരുന്നില്ല. അതായത് പനമരത്തെ അവൻ വിളിച്ചത് യക്ഷിമരം എന്നായിരുന്നു. കുഞ്ഞിപ്പെണ്ണിൻ്റെ സംശയം കേട്ടപ്പോൾ പനമരത്തെ കുട്ടിച്ചാത്തന്മാരുടെ നാട്ടിൽ വിളിക്കുന്നത് അങ്ങനെയാണെന്നായിരുന്നു അവൻ്റെ മറുപടി. അവൾ പിന്നെ ഒന്നും പറഞ്ഞില്ല.

അതുകൊണ്ടുതന്നെ ഉപ്പൻകാക്കയെ അവൻ പ്രേതക്കിളിയെന്നു വിളിച്ചപ്പോൾ കുഞ്ഞിപ്പെണ്ണിന് പേടിയൊന്നും തോന്നിയില്ല. എന്തു പേരു വിളിച്ചാലും ഉപ്പൻകാക്ക ഉപ്പൻകാക്ക തന്നെയാണല്ലോ.
കുറെ നടന്നപ്പോൾ കുഞ്ഞിെപ്പെണ്ണ് ക്ഷീണിച്ചു. അവൾ വഴിയരികിലുള്ള ഒരു മരത്തണലിൽ ചെന്നിരുന്നു.
വേണമെങ്കിൽ ഒരു വണ്ടിയുടെ ചിത്രം വരയ്ക്കാമെന്ന് കുട്ടിച്ചാത്തൻ പറഞ്ഞു. അതിൽ കയറി അവൾക്ക് മലയുടെ മുകളിലെത്താം.
പക്ഷേ കുഞ്ഞിപ്പെണ്ണിനതു വേണ്ട. അവൾക്ക് നടന്നു തന്നെ മല കയറണം എന്നാലേ ചുറ്റുമുള്ള കാഴ്ചകളൊക്കെ ശരിക്കും കാണാനാകൂ; ഇഷ്ടമുള്ള പൂക്കളൊക്കെ മണത്തു നോക്കാനൊക്കൂ.
ഉടനെ കുട്ടിച്ചാത്തൻ നോട്ടുപുസ്തകത്തിൽ ചൂണ്ടുവിരൽകൊണ്ട് ഒരു കേക്കിന്റെ ചിത്രം വരച്ചു. അടുത്ത നിമിഷം കുഞ്ഞിപ്പെണ്ണിൻ്റെ കൈയിലതാ നല്ലൊരു കേക്ക്!
മലയുടെ മറുവശത്ത് വലിയൊരു നഗരമാണത്രേ. കുട്ടിച്ചാത്തൻ നഗരത്തിലെല്ലായിടത്തും സഞ്ചരിച്ചിട്ടുണ്ട്. നഗരത്തിൽ താമസിക്കുന്ന ആരെക്കുറിച്ചെങ്കിലുമുള്ള ഒരു കഥപറയാൻ കുഞ്ഞിപ്പെണ്ണ് അവനോട് പറഞ്ഞു.
കുട്ടിച്ചാത്തൻ കഥപറയാൻ തുടങ്ങി. കേക്ക് നുണഞ്ഞു കൊണ്ട് കുഞ്ഞിപ്പെണ്ണ് കഥ കേട്ടു:
നഗരത്തിലെ ഒരു ഫ്ലാറ്റിൽ ഒരു കുട്ടി താമസിച്ചിരുന്നു. ഒരു ദിവസം അവനൊരു കേക്ക് തിന്നാൻ തോന്നി. ആരും കാണാതെ അവൻ കുറച്ചു ദൂരെയുള്ള ബേക്കറിയിലേക്ക് പോയി.
കൈയിലുണ്ടായിരുന്ന പോക്കറ്റ് മണി കൊടുത്ത് അവൻ കേക്ക് വാങ്ങി. അപ്പോഴാണ് അവൻ അനിയത്തിയെക്കുറിച്ചോർത്തത്: കേക്ക് അവൾക്കും വലിയ ഇഷ്ടമാണ്.
പിന്നെ അവൻ ഒന്നുമാലോചിച്ചില്ല. കേക്കുംകൊണ്ട് നേരെ വീട്ടിലേക്കു പോയി.
മരങ്ങളില്ലാത്ത നഗരത്തിൽ ചൂടു നിറഞ്ഞുനിന്നു. വെയിലേറ്റ് നമ്മുടെ കുട്ടിയുടെ തല പൊള്ളി. അവൻ കേക്കെടുത്ത് തലയിൽ വെച്ചു.
തിടുക്കത്തിൽ നടക്കുന്നതിനിടയിൽ കേക്കിലെ ക്രീം ഉരുകിയൊലിക്കുന്നത് അവനറിഞ്ഞില്ല.
ഫ്ലാറ്റിലെത്തിയപ്പോഴേക്കും കണ്ണുകളുടെ സ്ഥാനത്തൊഴികെ തല മുഴുവൻ ക്രീം പരന്നു കഴിഞ്ഞിരുന്നു. അതവൻ്റെ മുഖം തന്നെ മാറ്റിക്കളഞ്ഞു.
അനിയത്തിയാണ് വാതിൽ തുറന്നത്
അയ്യോ – മുന്നിൽ നിന്ന ഭീകരരൂപിയെക്കണ്ട് അവൾ നിലവിളിച്ചു.
അവളുടെ കരച്ചിൽ കേട്ട് അമ്മ ഓടി വന്നു.
അയ്യോ അയ്യോ- ഭീകരരൂപിയെക്കണ്ട് അമ്മയും നിലവിളിച്ചു.
രണ്ടുപേരുടെയും കരച്ചിൽ കേട്ട് അച്ഛനും ഓടി വന്നു.
അയ്യോ അയ്യോ അയ്യയ്യോ – മൂന്നു പേരും അത്യുച്ചത്തിൽ നിലവിളിച്ചു. എന്നിട്ട് വാതിൽ വലിച്ചടച്ചു.
താനാരാണെന്ന് കുട്ടി കരഞ്ഞുപറഞ്ഞിട്ടും അവർ വാതിൽ തുറന്നില്ല. കാരണം ക്രീമിൻ്റെ തണുപ്പു തട്ടി അവൻ്റെ ഒച്ചയും മാറിയിരുന്നു.

ഫ്ലാറ്റിൽ നിന്നിറങ്ങി കുട്ടി കരഞ്ഞു കരഞ്ഞു നടന്നു. നടന്നുനടന്ന് അവൻ കടൽത്തീരത്തെത്തി.
ഒരു തിര വന്ന് അവൻ്റെ മുഖത്തെ ക്രീം മുഴുവൻ കഴുകിക്കളഞ്ഞു.
അച്ഛനുമമ്മയും അനിയത്തിയും തന്നെ തിരിച്ചറിഞ്ഞില്ലല്ലോ, അവൻ പിന്നെയും കരഞ്ഞു.
നേരം കുറെ കഴിഞ്ഞിട്ടും അവനെ കാണാഞ്ഞ് അച്ഛനുമമ്മയും അനിയത്തിയും തിരക്കിയിറങ്ങി. ഏറെത്തിരഞ്ഞ് കടൽത്തീരത്തിരുന്ന് കരയുന്ന അവനെ അവർ കണ്ടെത്തി.
കാര്യമറിഞ്ഞപ്പോൾ അച്ഛനുമമ്മയ്ക്കും സങ്കടമായി. അവരവനെ വാരിയെടുത്ത് ഏറ്റവും വലിയ ബേക്കറിയിലേക്ക് കൊണ്ടുപോയി. എന്നിട്ട് അവിടുത്തെ ഏറ്റവും നല്ല കേക്കും ഐസ്ക്രീമും അവനും അനിയത്തിക്കും വാങ്ങിക്കൊടുത്തു.
അതോടെ കുട്ടി ചിരിച്ചു.
കഥ കൊള്ളാമെന്ന് കുഞ്ഞിപ്പെണ്ണ് സമ്മതിച്ചു. പക്ഷേ നഗരത്തിലെവിടെയും ഒരു തണൽമരം പോലുമില്ലാഞ്ഞത് എന്തുകൊണ്ടാണെന്ന് അവൾ ചോദിച്ചു.
മരങ്ങൾ മുഴുവൻ മുറിച്ചിട്ടാണ് നഗരമുണ്ടാക്കിയതെന്ന് കുട്ടിച്ചാത്തൻ പറഞ്ഞു.
എങ്കിൽ നഗരം മുഴുവൻ മരങ്ങൾ വരയ്ക്കാൻ കുഞ്ഞിപ്പെണ്ണ് അവനോട് പറഞ്ഞു. അവിടെയും നിറയെ തണലും കിളികളും ഉണ്ടാകട്ടെ.
കുട്ടിച്ചാത്തൻ അവളെ നോക്കി. ആ കണ്ണുകളിലെ സങ്കടംകണ്ട് അവൾ പിന്നെ നിർബന്ധിക്കാൻ പോയില്ല.
ഈ ചെറിയ കുട്ടിച്ചാത്തന് അത്രയും വലിയ കാര്യം ചെയ്യാനാവുകയില്ലെന്ന് അവൾ കരുതി.
മരങ്ങളും മരത്തണലുമില്ലാത്ത നഗരം തനിക്കു കാണേണ്ടെന്നു പറഞ്ഞ് അവൾ തിരിച്ചുപോകാൻ എഴുന്നേറ്റു.