ചീവീട്
ഉച്ചയ്ക്കുശേഷം സ്കൂളിൽ സ്കോളർഷിപ്പ് പരീക്ഷയെഴുതുന്ന കുട്ടികൾക്ക് സ്പെഷ്യൽ ക്ലാസ്സ് ഉണ്ടാകാറുണ്ട്. അന്നു പക്ഷേ, അനിത ടീച്ചർക്ക് നേരത്തേ പോകേണ്ടി വന്നതിനാൽ ക്ലാസ്സില്ലായിരുന്നു.
ഉച്ചഭക്ഷണം കുഞ്ഞിപ്പെണ്ണ് സ്കൂളിൽ നിന്നു തന്നെ കഴിച്ചു.ഇന്നും പതിവുപോലെ മത്തങ്ങാക്കറി തന്നെയാണ് മല്ലികച്ചേച്ചി ചോറിലൊഴിച്ചത്. മത്തങ്ങാക്കറി കൂട്ടി കുഞ്ഞിപ്പെണ്ണിനു മടുത്തു കഴിഞ്ഞിരുന്നു. കുഞ്ഞിപ്പെണ്ണിനു മാത്രമല്ല; കൂട്ടുകാർക്കൊക്കെയും.
പക്ഷേ അക്കാര്യം പറയാൻ വയ്യ. ഒരു പ്രാവശ്യം കറി ചീത്തയാണെന്ന് പറഞ്ഞതിന് മർഹയ്ക്ക് വഴക്കു കിട്ടിയിരുന്നു. അതുകൊണ്ട് കുഞ്ഞിപ്പെണ്ണ് വേഗം ചോറുവാരിക്കഴിച്ച് പുറത്തിറങ്ങി.
ക്ലാസ്സില്ല; ക്ലാസ്സുണ്ടെന്ന് പറഞ്ഞിട്ടുള്ളതിനാൽ വീട്ടിൽ നേരത്തേ എത്തേണ്ടതുമില്ല. ഉമ്മയുടെ വീട്ടിൽ പോയതു കൊണ്ട് മർഹയും വന്നിട്ടില്ല. എന്തു ചെയ്യണമെന്ന് കുഞ്ഞിപ്പെണ്ണ് ആലോചിച്ചു.
ഒടുവിൽ കുട്ടിച്ചാത്തനോടു ചോദിക്കാൻ അവൾ തീരുമാനിച്ചു. എന്നിട്ട് പുസ്തകം തുറന്നു.
കുട്ടിച്ചാത്തനു പക്ഷേ സംശയമൊന്നുമില്ലായിരുന്നു – ചീവീട് ഭാഗവതരെ കാണാൻ പോകാമെന്ന് അവൻ പറഞ്ഞു.
അങ്ങനെ കുഞ്ഞിപ്പെണ്ണും കുട്ടിച്ചാത്തനും കൂടി ചീവീട് ഭാഗവതരെ കാണാൻ പോയി.
കുറച്ചു ദൂരെ, ഒരു നെൽപ്പാടത്തിനരികിലായിരുന്നു ചീവീട് ഭാഗവതരുടെ വീട്. വീടിന് നെൽക്കതിരിൻ്റെ മണമായിരുന്നു.
കുട്ടിച്ചാത്തൻ വാതിലിൽ മുട്ടി.
കാറ്റാണോ വാതിലിൽ മുട്ടുന്നതെന്ന് ഭാഗവതർ ചോദിച്ചു.
അല്ലെന്ന് കുട്ടിച്ചാത്തൻ പറഞ്ഞു.
മഴയാണോ എന്ന് ഭാഗവതർ.
അല്ലെന്നു കുട്ടിച്ചാത്തൻ.
അപ്പോൾ ഭാഗവതർ വന്ന് വാതിൽ തുറന്നു.
കാറ്റിനെയും മഴയെയും തനിക്കു പേടിയാണെന്ന് ഭാഗവതർ പറഞ്ഞു. കാരണമെന്താണെന്നുവെച്ചാൽ ഒരിക്കൽ ഒരു മഴക്കാലത്ത് ആരോ വാതിലിൽ മുട്ടുന്നതുകേട്ട് ഭാഗവതർ വാതിൽ കുറച്ചു തുറന്നു. ആരെയും കണ്ടില്ല. ഭാഗവതർ വാതിലടച്ചു. പിന്നെയും മുട്ടുകേട്ടു . ഭാഗവതർ വാതിൽ കുറച്ചു കൂടി തുറന്നു നോക്കി. അപ്പോഴും ആരെയും കണ്ടില്ല.
വീണ്ടും മുട്ടുന്നതു കേട്ടപ്പോൾ അതാരാണെന്ന് കണ്ടു പിടിക്കാൻ തീർച്ചയാക്കിയിട്ട് ഭാഗവതർ വാതിൽ മലർക്കെ തുറന്ന് പുറത്തിറങ്ങി. ആ തക്കത്തിന് മഴയും കാറ്റും കൂടി വീട്ടിനകത്തേക്ക് ഓടിക്കയറി. കാറ്റ് സാധനങ്ങളെല്ലാം അടിച്ചുപറത്തി.മഴ എല്ലാം നനച്ചുകുഴച്ചു.
അതിനു ശേഷം ആരെങ്കിലും വാതിലിൽ മുട്ടിയാൽ കാറ്റും മഴയുമല്ലെന്ന് ഉറപ്പാക്കിയിട്ടേ ചീവീട് ഭാഗവതർ വാതിൽ തുറക്കുകയുള്ളൂ.
ഭാഗവതരുടെ വീടിനകം നിറയെ സംഗീതോപകരണങ്ങളായിരുന്നു. പലതും കുഞ്ഞിപ്പെണ്ണ് ആദ്യമായിട്ടാണ് കാണുന്നത്.
ഒരു പാട്ടു പാടാൻ പോവുകയാണെന്ന് ഭാഗവതർ പറഞ്ഞു. കുഞ്ഞിപ്പെണ്ണും കുട്ടിച്ചാത്തനും സമ്മതഭാവത്തിൽ തലകുലുക്കി.
വയലിൻ വായിച്ചു കൊണ്ട് ഭാഗവതർ പാടാനാരംഭിച്ചു:
ചിർപ്പ്, ക്രീ
ചിർപ്പ്, ക്രീ
ക്രീ, ചിർപ്പ്
ക്രീ, ചിർപ്പ്…
ചെവിപൊത്താൻ കുഞ്ഞിപ്പെണ്ണിന് കടുത്ത ആഗ്രഹം തോന്നി. കുട്ടിച്ചാത്തൻ്റെ മുഖത്തേക്കു നോക്കിയപ്പോൾ അവനും അതേ ആഗ്രഹമുണ്ടെന്ന് അവൾക്ക് മനസ്സിലായി.

ഭാഗവതർ എന്തു വിചാരിക്കുമെന്നു കരുതി രണ്ടുപേരും ചെവിപൊത്തിയില്ല.
കുറച്ചു കഴിഞ്ഞപ്പോൾ ചീവീട് വയലിൻവായന നിർത്തിയിട്ട് പാട്ട് എങ്ങനെയുണ്ടായിരുന്നെന്ന് ചോദിച്ചു.
കുഞ്ഞിപ്പെണ്ണും കുട്ടിച്ചാത്തനും ഇഞ്ചി കടിച്ച ഭാവത്തിൽ ഇരിക്കുന്നത് കണ്ടപ്പോൾ പാട്ട് അവർക്ക് അത്ര പിടിച്ചിട്ടില്ലെന്ന് ഭാഗവതർക്കു തോന്നി.
പക്കമേളക്കാരെക്കൂടി വിളിക്കാമെന്ന് അപ്പോൾ ഭാഗവതർ പറഞ്ഞു. അവർ വന്നാൽ പാട്ട് ഒന്നുകൂടി ഉഷാറാകും.
അയ്യോ അതു വേണ്ടെന്ന് കുഞ്ഞിപ്പെണ്ണ് ചാടിപ്പറഞ്ഞു. ഇനിയും കുറെ ചീവീടുകൾ കൂടി വന്നാലുള്ള കാര്യം അവൾക്ക് ഓർക്കാനേ വയ്യ.
എന്നാൽ ഒറ്റയ്ക്കു പാടിക്കൊള്ളാമെന്നായി ഭാഗവതർ.
അപ്പോൾ കുഞ്ഞിപ്പെണ്ണിനൊരു ബുദ്ധി തോന്നി. അവൾ പപ്പ പാടുന്ന ഒരു പാട്ട് ഉച്ചത്തിൽ പാടി :
കുഞ്ഞിപ്പെണ്ണിന് ചോക്ലേറ്റ് തിന്നാൻ
എന്തു രസം, എന്തു സുഖം?
കുഞ്ഞിപ്പെണ്ണിന് ചോക്ലേറ്റ് തിന്നാൻ
നല്ല രസം, നല്ല സുഖം.
ഭാഗവതർക്ക് പാട്ട് ഇഷ്ടപ്പെട്ടു. പാട്ടിൻ്റെ കൂടെ അവൻ വയലിൻ വായിച്ചു.
ചിർപ്പ്, ക്രീ… ചിർപ്പ്, ക്രീ
കുഞ്ഞിപ്പെണ്ണ് പിന്നെയും പാടി :
കുഞ്ഞിപ്പെണ്ണിന് ഐസ്ക്രീം നുണയാൻ
എന്തു രസം, എന്തു സുഖം?
കുഞ്ഞിപ്പെണ്ണിന് ഐസ്ക്രീം നുണയാൻ
നല്ല രസം, നല്ല സുഖം.
ചിർപ്പ്, ക്രീ… ചിർപ്പ്, ക്രീ.
കുഞ്ഞിപ്പെണ്ണിന് ബിരിയാണി തിന്നാൻ
എന്തു രസം, എന്തു സുഖം?
കുഞ്ഞിപ്പെണ്ണിന് ബിരിയാണി തിന്നാൻ
നല്ല രസം, നല്ല സുഖം.
ചിർപ്പ്, ക്രീ… ചിർപ്പ്, ക്രീ.
കുഞ്ഞിപ്പെണ്ണിന് ഓടിക്കളിക്കാൻ
എന്തു രസം, എന്തു സുഖം?
കുഞ്ഞിപ്പെണ്ണിന് ഓടിക്കളിക്കാൻ
നല്ല രസം, നല്ല സുഖം.
ചിർപ്പ്, ക്രീ… ചിർപ്പ്, ക്രീ.
കുഞ്ഞിപ്പെണ്ണിന് കിടന്നുറങ്ങാൻ
എന്തു രസം, എന്തു സുഖം?
കുഞ്ഞിപ്പെണ്ണിന് കിടന്നുറങ്ങാൻ
നല്ല രസം, നല്ല സുഖം.
ചിർപ്പ്, ക്രീ… ചിർപ്പ്, ക്രീ.
പാട്ടിൻ്റെ കൂടെ കുഞ്ഞിപ്പെണ്ണും കുട്ടിച്ചാത്തനും ഡാൻസ് ചെയ്യുകയും ചെയ്തു.
പാട്ടും നൃത്തവും എല്ലാവർക്കും ഇഷ്ടമായി.

ചീവീട് ഭാഗവതർ പിന്നെ ചോക്ലേറ്റും ഐസ്ക്രീമും ബിരിയാണിയും വിളമ്പി. ചോക്ലേറ്റുകൾ കുഞ്ഞിപ്പെണ്ണിൻ്റെ വായിലേക്ക് മറയുന്നതു കണ്ടപ്പോൾ കുഴിയാന വൈദ്യർ തന്ന വയറുവേദനയ്ക്കുള്ള മരുന്ന് കൈയിലുണ്ടോയെന്ന് കുട്ടിച്ചാത്തൻ സ്വകാര്യമായി ചോദിച്ചു.
വയറുവേദനയുടെ കാര്യം ഓർമ്മ വന്നപ്പോൾ കുഞ്ഞിപ്പെണ്ണ് ചോക്ലേറ്റ് തീറ്റ നിർത്തി.
ഭാഗവതരോട് യാത്ര പറഞ്ഞു പുറത്തിറങ്ങിയപ്പോൾ കുഞ്ഞിപ്പെണ്ണിന് ഒരു കുസൃതി തോന്നി. അവൾ വാതിലിൽ മുട്ടി.
പുറത്ത് ആരാണെന്ന് ഭാഗവതർ ചോദിച്ചു.
കാറ്റും മഴയുമാണെന്ന് കുഞ്ഞിപ്പെണ്ണ് ശബ്ദം മാറ്റിപ്പറഞ്ഞു.
ഭാഗവതർ വാതിലിൻ്റെയും ജനലിൻ്റെയും കുറ്റിയിടുന്ന ശബ്ദം കേട്ട് കുഞ്ഞിപ്പെണ്ണും കുട്ടിച്ചാത്തനും പൊട്ടിച്ചിരിച്ചു