മർഹയുടെ ബിരിയാണി
പിറ്റേന്ന് നേരം വെളുത്തപ്പോൾ അച്ചച്ചനും അച്ചമ്മയ്ക്കും അസുഖം കുറഞ്ഞത് കണ്ട് എല്ലാവർക്കും സന്തോഷമായി. അന്നൊരു ഞായറാഴ്ചയായിരുന്നു. എല്ലാവരുടെയും മുഖം തെളിഞ്ഞിരിക്കുന്നതു കൊണ്ട് കുഞ്ഞിപ്പെണ്ണ് പതുക്കെ മർഹയുടെ വീട്ടിൽപോയി കളിച്ചോട്ടേയെന്നു ചോദിച്ചു.
അമ്മയ്ക്ക് അതത്ര സമ്മതമായിരുന്നില്ല. കാരണം മുമ്പൊരിക്കൽ മർഹയുടെ വീട്ടിലേക്കു പോകുമ്പോഴാണ് ഒരു കറുത്ത പട്ടി കുഞ്ഞിപ്പെണ്ണിനെ ഓടിച്ചത്. അതിനു ശേഷം മൂന്നു ദിവസം അവൾ പനിച്ചു കിടന്നു.
എന്നാൽ പപ്പ സമ്മതിച്ചു. കൂടാതെ മർഹയുടെ വീടിൻ്റെ ഗേറ്റു വരെ അവളുടെ കൂടെ വരികയും ചെയ്തു.
ഉപ്പയും ഉമ്മയും ദൂരെയെവിടെയോ പോയതു കൊണ്ട് വീട്ടിൽ മർഹ തനിച്ചേ ഉണ്ടായിരുന്നുള്ളൂ.
അങ്ങനെ അവർ രണ്ടു പേരും കൂടി തക്കാളിഭൂതവും കുട്ടിയും കളിക്കാൻ തീരുമാനിച്ചു.
ആദ്യം മർഹ തക്കാളി ഭൂതവും കുഞ്ഞിപ്പെണ്ണ് കുട്ടിയുമായി.
ഇതായിരുന്നു കളി:
അച്ഛനുമമ്മയും പുറത്തു പോയപ്പോൾ കുട്ടി വാതിലടച്ച് വീട്ടിനകത്തിരിക്കുകയാണ്. തക്കാളിഭൂതം കുട്ടിയെ പിടിക്കാൻ ആദ്യം പാൽക്കാരൻ്റെയും പിന്നെ പത്രക്കാരൻ്റെയും വേഷത്തിൽ വരുന്നു. പാലും പത്രവും പുറത്തു വെച്ചാൽ മതിയെന്നും അച്ഛനുമമ്മയും വരാതെ വാതിൽ തുറക്കില്ലെന്നും കുട്ടി പറയുന്നു. ഒടുവിൽ തപാൽക്കാരൻ്റെ വേഷത്തിൽ വരികയാണ് തക്കാളിഭൂതം. അച്ഛൻ്റെയുമമ്മയുടെയും കത്തുണ്ടെന്ന് പറഞ്ഞിട്ട് ഭൂതം കത്തു വായിക്കുന്നു. കുറച്ചു കഴിഞ്ഞ് ഒരിടത്തു ചെല്ലാനാണ് കത്തിൽ പറഞ്ഞിരിക്കുന്നത്. ശരിയാണെന്നു കരുതി കുട്ടി അവിടേക്ക് ചെല്ലുന്നു.
അവിടെ കുട്ടിയെ പിടിക്കാൻ ഒളിച്ചിരിക്കുകയാണ് തക്കാളിഭൂതം.കുട്ടി അവിടെയെത്തിയതും തക്കാളിഭൂതം ചാടി വീഴുന്നു.
കുട്ടി വീട്ടിലേക്ക് തിരിച്ചോടുന്നു. പുറകേ തക്കാളിഭൂതവും.
കുട്ടികളുടെ ഇറച്ചി കഴിഞ്ഞാൽ തക്കാളി ഭൂതത്തിന് ഏറ്റവും ഇഷ്ടമുള്ള സാധനമാണ് തക്കാളി. ഭൂതം പിടിക്കുമെന്നായപ്പോൾ കുട്ടി ഒരു തക്കാളി പിന്നിലേക്കെറിയുന്നു.

ഓട്ടം നിർത്തി തക്കാളിയെടുക്കുകയാണ് ഭൂതം.
വീണ്ടും ഭൂതം പിടിക്കുമെന്നായപ്പോൾ കുട്ടി അടുത്ത തക്കാളിയെറിയുന്നു.
ഇങ്ങനെ ഓടി ഭൂതം പിടിക്കുന്നതിനു മുമ്പ് വീടെത്തിയാൽ കുട്ടി ജയിച്ചു. കുട്ടിയെ പിടിച്ചാൽ ജയിക്കുന്നത് ഭൂതമായിരിക്കും.
ഈ കളിയാണ് കുഞ്ഞിപ്പെണ്ണും മർഹാ മറിയവും കൂടി കളിച്ചത്.
ശരിക്കുള്ള തക്കാളിയെടുത്താൽ ഉമ്മയുടെ കൈയിൽ നിന്ന് അടികൊള്ളുമെന്നറിയാമാ യിരുന്നതുകൊണ്ട്. കടലാസ് ചുരുട്ടിയെറിയുകയാണ് അവർ ചെയ്തതെന്ന് പറയേണ്ടല്ലോ.
രണ്ടു മൂന്നു തവണ കളിച്ചു കഴിഞ്ഞപ്പോൾ കുഞ്ഞിപ്പെണ്ണിനും മർഹയ്ക്കും വിശന്നു. അടുക്കളയിൽച്ചെന്നു നോക്കിയപ്പോൾ ഉമ്മ ഉണ്ടാക്കി വെച്ചിരിക്കുന്നതാകട്ടെ വെറും ചോറും മത്തങ്ങാക്കറിയും.
സ്കൂളിൽ നിന്ന് ദിവസവും കിട്ടുന്നത് ചോറും മത്തങ്ങാക്കറിയുമാണ്; ഇപ്പോഴിതാ ഇവിടെയും മത്തങ്ങാക്കറി.
ഒരു വഴിയുണ്ടെന്ന് ഉടനെ മർഹ പറഞ്ഞു. അവൾക്ക് ബിരിയാണിയുണ്ടാക്കാനറിയാം. ഒരു അര മണിക്കൂർ കാത്തിരുന്നാൽ മതി.
ഇറച്ചിയൊന്നുമില്ലാത്തതുകൊണ്ട് വെജിറ്റബിൾ ബിരിയാണിയേ ഉണ്ടാക്കാനാകൂ എന്നു മാത്രം.
അങ്ങനെ ഒരു പാത്രത്തിൽ കുറെ ബിരിയാണിയരിയും പച്ചക്കറികളും വെള്ളവും കൂടി മർഹ സ്റ്റൗവിൻ്റെ മുകളിൽ വെച്ചു. പിന്നെ കുറച്ച് എണ്ണയൊഴിച്ചു.
വെന്തു കഴിഞ്ഞപ്പോൾ അവർ ബിരിയാണി സ്വാദ് നോക്കി .
ഒരു രസവുമില്ലെന്ന് കുഞ്ഞിപ്പെണ്ണ് പറഞ്ഞു.
ഉപ്പു പോരാഞ്ഞിട്ടാണെന്ന് മർഹ; എന്നിട്ട് അവൾ കുറച്ചു ഉപ്പു കൂടിയിട്ടു.
എന്നിട്ടും തീരെ കൊള്ളില്ലെന്ന് കുഞ്ഞിപ്പെണ്ണ്.
മുളക് പോരാഞ്ഞിട്ടാണെന്നു പറഞ്ഞ് മർഹ കുറച്ച് മുളകുപൊടി കൂടിയിട്ടു.
എന്നിട്ടും ബിരിയാണി ബിരിയാണിയായില്ല.
കുഞ്ഞിപ്പെണ്ണ് മർഹയെ ഒന്നു പറ്റിക്കാൻ തീരുമാനിച്ചു.
ഞാനുണ്ടാക്കിക്കാണിക്കാം ബിരിയാണിയെന്നായി കുഞ്ഞിപ്പെണ്ണ്.
ബിരിയാണി ഉണ്ടാക്കാൻ ആണി വേണമെന്ന് കുഞ്ഞിപ്പെണ്ണ് പറഞ്ഞു. എന്നിട്ട് എത്ര ബിരിയാണി വേണമെന്ന് അവൾ മർഹയോട് ചോദിച്ചു.
ആണി കൊണ്ട് ബിരിയാണിയോ എന്ന് മർഹ അന്തം വിട്ടു. എന്തായാലും വേണ്ടില്ല, ബിരിയാണിയല്ലേ മൂന്നെണ്ണം ആയിക്കോട്ടെ എന്നായി അവൾ. രണ്ടെണ്ണം അവൾക്കും ഒന്ന് കുഞ്ഞിപ്പെണ്ണിനും.
എന്നിട്ട് അവൾ മൂന്ന് ആണിയെടുത്ത് കുഞ്ഞിപ്പെണ്ണിനെ ഏൽപ്പിച്ചു. കുഞ്ഞിപ്പെണ്ണ് അവളോട് കുറച്ചുനേരം മുറിയിൽച്ചെന്ന് വാതിലടച്ചിരിക്കാൻ പറഞ്ഞു.

കുഞ്ഞിപ്പെണ്ണ് നോട്ടുപുസ്തകം തുറന്ന് കുട്ടിച്ചാത്തനോട് മൂന്നു ബിരിയാണി വേണമെന്നു പറഞ്ഞു.
കുട്ടിച്ചാത്തൻ ബിരിയാണി വരയ്ക്കാൻ തുടങ്ങി. വരച്ചു തീർന്നതോടെ അതാ ഒന്ന്… രണ്ട് … മൂന്ന് ബിരിയാണി.
നല്ല ഒന്നാന്തരം കോഴിബിരിയാണി.
ബിരിയാണി കണ്ട് മർഹയ്ക്ക് ഞെട്ടാനൊന്നും അധികം നേരം കിട്ടിയില്ല. അതിൻ്റെ മണമടിച്ചപ്പോൾ തന്നെ അവളുടെ വായിൽ വെള്ളം നിറഞ്ഞിരുന്നു. രണ്ടര ബിരിയാണി അവൾ തന്നെ അകത്താക്കി. അരബിരിയാണിയേ കുഞ്ഞിപ്പെണ്ണിന് കിട്ടിയുള്ളൂ.
ഇത്രയും നല്ല ബിരിയാണി മർഹ കഴിച്ചിട്ടേയില്ല. ആണികൊണ്ട് എങ്ങനെയാണ് ബിരിയാണിയുണ്ടാക്കുന്നതെന്ന് പഠിപ്പിച്ചു തരാൻ അവൾ കുഞ്ഞിപ്പെണ്ണിനോട് കെഞ്ചിച്ചോദിച്ചു.
ആദ്യമൊന്നും കുഞ്ഞിപ്പെണ്ണ് പറഞ്ഞു കൊടുത്തില്ല. ഒടുവിൽ മർഹയുടെ നിർബന്ധം സഹിക്കാൻ വയ്യാതായപ്പോൾ അവൾ പറഞ്ഞു.
ഒരു പാത്രത്തിൽ ബിരിയാണിയരിയിട്ട് വെള്ളമൊഴിക്കുക . എത്ര ബിരിയാണിവേണോ അത്രയും ആണിയിടുക. എന്നിട്ട് ബിരിയാണി മന്ത്രം ചൊല്ലുക. ബിരിയാണി റെഡി.
ബിരിയാണി മന്ത്രം പഠിപ്പിച്ചു കൊടുക്കണമെന്ന് മർഹ.
അതുമാത്രം പറഞ്ഞു തരില്ലെന്നായി കുഞ്ഞിപ്പെണ്ണ്. എങ്കിലും ഒടുവിൽ മർഹയെക്കൊണ്ടുള്ള സ്വൈര്യക്കേട് സഹിക്കാൻ വയ്യാതായപ്പോൾ അവൾ മന്ത്രം പറഞ്ഞുകൊടുത്തു:
‘ആണീ ആണീ ബിരിയാണീ
കോഴി കിടന്നൊരു ബിരിയാണീ
പച്ചക്കറിയും മസാലകളും
നന്നായ്ച്ചേർത്തൊരു ബിരിയാണി.
ഹും ഹ്രും ഭിർ ഭും!’
അരിയും വെള്ളവും ആണിയുമുള്ള പാത്രത്തിൽ തൊട്ട് ഈ മന്ത്രം ചൊല്ലിയാൽ ബിരിയാണി റെഡിയാകുമെന്ന് കുഞ്ഞിപ്പെണ്ണ് പറഞ്ഞു കൊടുത്തു. ഇനി ആടു ബിരിയാണിയാണു വേണ്ടതെങ്കിൽ കോഴിക്കു പകരം ആടെന്ന് പറഞ്ഞാൽ മതി.
കുഞ്ഞിപ്പെണ്ണ് പോയി കുറച്ചു കഴിഞ്ഞപ്പോൾ മർഹയുടെ ഉമ്മയും ബാപ്പയും വന്നു. അവർക്ക് നല്ല വിശപ്പുണ്ടായിരുന്നു. പത്തു മിനിട്ടിനകം അസ്സൽ ബിരിയാണിയുണ്ടാക്കിത്തരാമെന്ന് മർഹ അവരോടു പറഞ്ഞു. ആദ്യം സമ്മതിച്ചില്ലെങ്കിലും ഒടുവിൽ ബിരിയാണിയുണ്ടാക്കാൻ അവരവളെ അനുവദിച്ചു.
മർഹ ഉടനെ ബിരിയാണിച്ചെമ്പിൽ അരിയും വെള്ളവുമൊഴിച്ച് അടുപ്പത്തു വെച്ചു. മൂന്ന് ആണി കൂടിയിട്ട് അവൾ ബിരിയാണി മന്ത്രം ചൊല്ലി.നേരത്തേ കോഴിബിരിയാണി കഴിച്ചതിനാൽ ഇത്തവണ ആടു ബിരിയാണിയുണ്ടാക്കാനുള്ള മന്ത്രമാണ് അവൾ ചൊല്ലിയത്. പക്ഷേ എത്രചൊല്ലിയിട്ടും അരി അരിയായും വെള്ളം വെള്ളമായും ആണി ആണിയായും കിടന്നതല്ലാതെ ബിരിയാണി ഉണ്ടായില്ല.
വെറുതെ കുറെ അരി കളഞ്ഞതിന് മർഹയ്ക്ക് ഉമ്മയിൽനിന്ന് അടി കിട്ടി.
പിറ്റേന്ന് സ്കൂളിൽ വെച്ച് കുഞ്ഞിപ്പെണ്ണിനെ കണ്ടപ്പോൾ മർഹ മുഖം വീർപ്പിച്ചു നടന്നു.