scorecardresearch

Latest News

കുഞ്ഞിപ്പെണ്ണും കുട്ടിച്ചാത്തനും ഭാഗം 6

“കുഴിയാന മുറിയിലൂടെ പുറകോട്ടു നടക്കുകയായിരുന്നു. പിൻഭാഗം ചുവരലടിക്കുമ്പോൾ അവൻ പിന്തിരിഞ്ഞ് വീണ്ടും പുറകോട്ടു നടക്കും. നടക്കുന്നതിനിടയിൽ അവൻ എന്തൊക്കെയോ ആംഗ്യങ്ങൾ കാണിക്കുകയും അർത്ഥം മനസ്സിലാക്കാനാവാത്ത ശബ്ദങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തുകൊണ്ടിരുന്നു.” ജയകൃഷ്ണൻ എഴുതിയ കുട്ടികളുടെ നോവൽ ആറാം ഭാഗം

jayakrishnan, novel, iemalayalam
ചിത്രീകരണം : ജയകൃഷ്ണന്‍

കുഴിയാനവൈദ്യർ

അച്ചച്ചനും അച്ചമ്മയ്ക്കും മാറി മാറി സുഖമില്ലാതാവുന്നതു കാരണം പപ്പ ലീവെടുത്ത് വീട്ടിലിരിപ്പാണ്. ഇപ്പോൾ ശമ്പളവുമില്ല; കുഞ്ഞിപ്പെണ്ണിന് ചിലപ്പോൾ പാവം തോന്നും.

അച്ചച്ചന് സുഖമില്ലാതായാൽ വൈകാതെ അച്ചമ്മയ്ക്കും അസുഖം വരും; തിരിച്ചും. പിന്നെ ആകെയൊരു ബഹളമാണ്; പപ്പ ടാക്സി വിളിക്കുന്നു; അച്ചച്ചനും അച്ചമ്മയും കഴിക്കുന്ന മരുന്നുകളുടെ ചീട്ട് എടുക്കുന്നു; ഡോക്ടർക്ക് ഫോൺ ചെയ്യുന്നു. അമ്മയാകട്ടെ ആശുപത്രിയിൽ നിൽക്കാനുള്ള വസ്ത്രങ്ങളും പുതപ്പും വെള്ളവും എടുത്തു വെക്കുന്നു; മക്കളോട് സമയത്തിന് ഭക്ഷണമെടുത്തു കഴിക്കണമെന്നു പറയുന്നു.

അന്നും അവരെല്ലാം ആശുപത്രിയിൽ പോയതായിരുന്നു. ദത്തനാകട്ടെ സ്കൂളിലും പോയി. കുഞ്ഞിപ്പെണ്ണിന് അന്ന് ക്ലാസ്സുണ്ടായിരുന്നില്ല. കോവിഡ് വന്നതിനു ശേഷം അങ്ങനെയാണ് . ആഴ്ചയിൽ മൂന്നുദിവസമേ ക്ലാസ്സുള്ളൂ.

അച്ചച്ചനെയും അച്ചമ്മയെയും സുഖപ്പെടുത്താനുള്ള മരുന്ന് വരയ്ക്കാമോ എന്ന് കുട്ടിച്ചാത്തനോട് ചോദിക്കണമെന്ന് നിശ്ചയിച്ചു കൊണ്ടാണ് കുഞ്ഞിപ്പെണ്ണ് നോട്ടുപുസ്തകം തുറന്നത്.

മരുന്നു തരാമെന്ന് കുട്ടിച്ചാത്തൻ സമ്മതിച്ചു. പക്ഷേ അതിനു മുമ്പ് ഒരാളെ കാണാനുണ്ട്; മറ്റാരെയുമല്ല; കുഴിയാനയെ.

കുഴിയാന വലിയ വൈദ്യരാണ്. ഒരു മാതിരി അസുഖങ്ങൾക്കെല്ലാമുള്ള മരുന്ന് അവൻ്റെ കൈയിലുണ്ടെന്ന് കുട്ടിച്ചാത്തൻ കുഞ്ഞിപ്പെണ്ണിനോട് പറഞ്ഞു.

വീടുപൂട്ടാൻ കുട്ടിച്ചാത്തൻ അവളെ സഹായിച്ചു. എന്നിട്ട് രണ്ടുപേരും കൂടി തിടുക്കപ്പെട്ട് കുഴിയാനയുടെ വീട്ടിലേക്കു പോയി.

മുത്തശ്ശിമാവിൻ്റെ വേരുകൾക്കിടയിലുള്ള ഒരു കുഴിക്കടിയിലായിരുന്നു കുഴിയാനയുടെ വീട്. കുഞ്ഞിപ്പെണ്ണും കുട്ടിച്ചാത്തനും അവിടെയെത്തി.

വീട്ടിനകത്തുനിന്ന് ചില വിചിത്ര ശബ്ദങ്ങൾ കേൾക്കുന്നുണ്ടായിരുന്നു. അവർ രണ്ടു പേരും തുറന്നു കിടന്ന ഒരു ജനലിലൂടെ അകത്തേക്ക് എത്തി നോക്കി.

എന്താണവർ കണ്ടത്?

കുഴിയാന മുറിയിലൂടെ പുറകോട്ടു നടക്കുകയായിരുന്നു. പിൻഭാഗം ചുവരലടിക്കുമ്പോൾ അവൻ പിന്തിരിഞ്ഞ് വീണ്ടും പുറകോട്ടു നടക്കും. നടക്കുന്നതിനിടയിൽ അവൻ എന്തൊക്കെയോ ആംഗ്യങ്ങൾ കാണിക്കുകയും അർത്ഥം മനസ്സിലാക്കാനാവാത്ത ശബ്ദങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തുകൊണ്ടിരുന്നു.

കുട്ടിച്ചാത്തൻ വാതിലിൽ മുട്ടി. കുഴിയാന പിന്നോട്ട് നടന്നുവന്ന് വാതിൽ തുറന്നു.

jayakrishnan, novel, iemalayalam

കുഴിയാനയുടെ വീടിനകം നിറയെ നല്ല പഞ്ചാരമണലായിരുന്നു. മണലിലിട്ട കസേരകളിലൊന്നിലിരുന്നിട്ട് എന്താണ് കുഴിയാനയിങ്ങനെ തെക്കും വടക്കും നടക്കുന്നതെന്ന് കുട്ടിച്ചാത്തൻ അന്വേഷിച്ചു.

കുഴിയാനകളുടെ അഖിലലോക സമ്മേളനത്തിൽ നടത്തേണ്ട പ്രസംഗം പഠിക്കുകയാണെന്നും എന്നാൽ ഒറ്റ വാക്കുപോലും തലയിൽ വരുന്നില്ലെന്നും കുഴിയാന ആവലാതിപ്പെട്ടു.

പ്രസംഗം പഠിക്കാൻ തങ്ങൾ സഹായിക്കാമെന്നും പക്ഷേ ഇപ്പോൾ കുഞ്ഞിപ്പെണ്ണിൻ്റെ അച്ചച്ചനും അച്ചമ്മയ്ക്കും വേണ്ട മരുന്നുകൾ തരണമെന്നും കുട്ടിച്ചാത്തൻ പറഞ്ഞു.

രോഗവിവരങ്ങൾ ചോദിച്ചറിഞ്ഞിട്ട് കുഴിയാന മരുന്നുമുറിയിലേക്കു പോയി. കുറച്ചു കഴിഞ്ഞപ്പോൾ രണ്ടു ചെറിയ കുപ്പികളുമായി അവൻ മടങ്ങി വന്നു. കുപ്പികളിലൊന്നിൻ്റെ പുറത്ത് അച്ചച്ചൻ്റെയും മറ്റേതിൻ്റെ പുറത്ത് അച്ചമ്മയുടെയും പേരെഴുതിയിട്ടുണ്ടായിരുന്നു.

ഇനി പ്രസംഗം തുടർന്നോളാൻ കുട്ടിച്ചാത്തൻ പറഞ്ഞു.

കുഴിയാന പിന്നെയും ആംഗ്യങ്ങൾ കാണിച്ചു കൊണ്ട് പിന്നോട്ടു നടക്കാൻ തുടങ്ങി.

എന്നാൽ ചില മുക്കലും മൂളലുമല്ലാതെ ഒരു വാക്കു പോലും പുറത്തു വന്നില്ല

അറ്റകൈക്ക് കുഴിയാന ഒരു കാര്യം ചെയ്തു. അവൻ ഒരു ചുള്ളിക്കമ്പെടുത്ത് രണ്ടായൊടിച്ച് മൈക്കും സ്റ്റാൻ്റും പോലെ കൂട്ടിക്കെട്ടി. എന്നിട്ട് അതിൻ്റെ മുന്നിൽ നിന്ന് പ്രസംഗിക്കുന്നതു പോലെ ഘോരമായി ആംഗ്യം കാണിക്കാൻ തുടങ്ങി. എന്നിട്ടും അവൻ്റെ വായിൽ നിന്ന് അപശബ്ദങ്ങളല്ലാതെ മറ്റൊന്നും വന്നില്ല.

പ്രസംഗം എങ്ങനെയുണ്ടെന്ന് കുറച്ചു കഴിഞ്ഞ് കുഴിയാന കിതച്ചു കൊണ്ടു ചോദിച്ചു.

നല്ല ബോറായിട്ടുണ്ടെന്ന് കുഞ്ഞിപ്പെണ്ണും കുട്ടിച്ചാത്തനും പറഞ്ഞു.

ഇതിൽക്കൂടുതലൊന്നും തന്നെക്കൊണ്ടാവില്ലെന്ന് കുഴിയാന നെടുവീർപ്പിട്ടു.

പ്രസംഗം തോന്നാനുള്ള മരുന്നില്ലേയെന്ന് കുഞ്ഞിപ്പെണ്ണ് തിരക്കി. ഇല്ലെന്നായിരുന്നു മറുപടി.

കുഴിയാനയ്ക്കു വേണ്ട പ്രസംഗം കുഴിയാനതന്നെ എഴുതിയിട്ടുണ്ടെന്ന് അപ്പോൾ കുട്ടിച്ചാത്തൻ പറഞ്ഞു.

കുഴിയാനയ്ക്ക് ഒന്നും മനസ്സിലായില്ല.

ഉടനെ കുട്ടിച്ചാത്തൻ മണലിലേക്ക് വിരൽ ചൂണ്ടി..

കുഴിയാന നടന്നു നടന്ന് മണൽ നിറയെ അക്ഷരങ്ങൾ രൂപപ്പെട്ടിരുന്നു. അക്ഷരങ്ങൾ കൂട്ടി വായിച്ചപ്പോൾ ഒന്നാന്തരമൊരു പ്രസംഗമായി അത് മാറി.

jayakrishnan, novel, iemalayalam

കുഴിയാന സന്തോഷം കൊണ്ട് തുള്ളിച്ചാടി. എന്നിട്ട് കുട്ടിച്ചാത്തനും കുഞ്ഞിപ്പെണ്ണിനും ചായയും പലഹാരങ്ങളും കൊടുത്തു. പിന്നെ കുറെ ചോക്ലേറ്റുകളും.

ചോക്ലേറ്റ് ഒന്നിനു പിറകെ ഒന്നായി കുഞ്ഞിപ്പെണ്ണിൻ്റെ വായിലേക്ക് മറയാൻ തുടങ്ങിയപ്പോൾ മുഴുവനും അപ്പോൾത്തന്നെ തീർക്കണോ എന്ന് കുട്ടിച്ചാത്തൻ അവളുടെ ചെവിയിൽ ചോദിച്ചു.

വീട്ടിലേക്കു കൊണ്ടു പോയാൽ അതെല്ലാംഎവിടെനിന്ന് കിട്ടിയെന്ന് അമ്മ ചോദിക്കുമെന്നായിരുന്നു അടുത്ത ചോക്ലേറ്റ് വിഴുങ്ങുന്നതിനിടയിൽ കുഞ്ഞിപ്പെണ്ണ് പറഞ്ഞ മറുപടി.

ഉടനെ കുട്ടിച്ചാത്തൻ കുഴിയാന വൈദ്യരോട് എന്തോ പറഞ്ഞു. കുഴിയാന വേഗം അകത്തു പോയി മറ്റൊരു കുപ്പിയുമായി വന്നു.

അതെന്താണെന്നുള്ള കുഞ്ഞിപ്പെണ്ണിൻ്റെ സംശയത്തിന് രാത്രിയിൽ വയറുവേദന വന്നാൽ കഴിക്കാനുള്ള മരുന്നാണെന്നായിരുന്നു കുട്ടിച്ചാത്തൻ്റെ മറുപടി.

അതു കേട്ട് ലേശം നാണക്കേട് തോന്നിയതുകൊണ്ട് കുഞ്ഞിപ്പെണ്ണ് ചോക്ലേറ്റ് തീറ്റ നിർത്തി. പിന്നെ രണ്ടു പേരും കുഴിയാനയോട് യാത്ര പറഞ്ഞു.

വീട്ടിലെത്തിയപ്പോൾ ആരും എത്തിയിട്ടില്ലായിരുന്നു.

മരുന്ന് അതേപടി അച്ചച്ചനും അച്ചമ്മയ്ക്കും കൊടുത്താൽ അതെവിടെനിന്നു കിട്ടിയെന്ന് അവർ ചോദിക്കില്ലേയെന്ന് കുഞ്ഞിപ്പെണ്ണ് സംശയിച്ചു.

കുട്ടിച്ചാത്തൻ ഉടനെ ഒരു വഴി പറഞ്ഞു കൊടുത്തു.

അതനുസരിച്ച് കുഞ്ഞിപ്പെണ്ണ് വേഗം കുഴിയാന കൊടുത്ത മരുന്നുകൾ അച്ചച്ചനും അച്ചമ്മയും എല്ലാ ദിവസവും കിടക്കുന്നതിനുമുമ്പു കഴിക്കുന്ന രണ്ട് മരുന്നുകളിൽ ചേർത്തു.

കുറച്ചു കഴിഞ്ഞപ്പോൾ വീട്ടുകാർ തിരിച്ചെത്തി. കുഞ്ഞിപ്പെണ്ണും ദത്തനും പതിവുപോലെ കളിക്കുകയും അടികൂടുകയും ചെയ്തപ്പോഴേക്കും രാത്രി വന്നു.

എല്ലാവരും ഉറങ്ങാൻ കിടന്നു.

കുറെ കഴിഞ്ഞപ്പോൾ, കുട്ടിച്ചാത്തൻ പറഞ്ഞതുപോലെ കുഞ്ഞിപ്പെണ്ണിനു വയറുവേദന വന്നു. അമ്മയെ വിളിച്ച് കരയണോ എന്നാലോചിച്ചപ്പോഴാണ് കുഴിയാനവൈദ്യർ തന്ന മരുന്നിൻ്റെ കാര്യം ഓർമ്മവന്നത്. കുഞ്ഞിപ്പെണ്ണ് വേഗം മരുന്നെടുത്തു കഴിച്ചു. കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ വയറുവേദന മാറി.

അപ്പോൾ കുഴിയാന വൈദ്യരുടെ മരുന്നുകൊള്ളാമല്ലോ.

നാളെയാവുമ്പോഴേക്കും അച്ചച്ചൻ്റെയും അച്ചമ്മയുടെയും അസുഖം കുറയുമെന്നു സന്തോഷിച്ചുകൊണ്ട് കുഞ്ഞിപ്പെണ്ണ് വേഗം ഉറങ്ങി.

Read More: ഒരു കഥ കൂടി വായിക്കാന്‍ തോന്നുന്നുണ്ടോ, എന്നാല്‍ ഇവിടെ ക്ലിക്ക് ചെയ്യു

Stay updated with the latest news headlines and all the latest Children news download Indian Express Malayalam App.

Web Title: Jayakrishnan novel for children kunjipennum kuttichathanum chapter 6