/indian-express-malayalam/media/media_files/uploads/2022/02/jk-6.jpg)
ചിത്രീകരണം : ജയകൃഷ്ണന്‍
ദത്തൻ്റെ പൂന്തോട്ടം
കുഞ്ഞിപ്പെണ്ണിൻ്റെ ഏട്ടനാണ് ദേവദത്തൻ എന്ന ദത്തൻ. അവന് ഈയിടെയായി പൂന്തോട്ടമുണ്ടാക്കുന്നതിലാണ് ശ്രദ്ധ. അമ്മയും ഒപ്പമുണ്ട്. കുഞ്ഞിപ്പെണ്ണിനെ അങ്ങോട്ട് അടുപ്പിക്കുകയേ ഇല്ല. ചെറിയ കുട്ടികൾ വിത്തും ചെടിയുമൊന്നും നട്ടാൽ ശരിയാവുകയില്ലെന്നാണ് ദത്തൻ പറയുക.
അങ്ങനെ ദത്തനും അമ്മയും കൂടി എവിടെ നിന്നൊക്കെയോ കുറെ പൂച്ചെടികളുടെ തൈയും വിത്തുമൊക്കെ കൊണ്ടുവന്നു. മുറ്റത്തിനോട് ചേർന്ന് പറമ്പിൻ്റെ ഒരു ഭാഗം പാഴ്‌ച്ചെടികളൊക്കെ പറിച്ചു കളഞ്ഞ്, കൊത്തിക്കിളച്ച് തൈകളും വിത്തുകളും നട്ടു.
എന്നിട്ട് ദത്തൻ എല്ലാ രാവിലെയും വൈകുന്നേരവും തോട്ടം നനയ്ക്കാൻ തുടങ്ങി. അങ്ങോട്ടും കുഞ്ഞിപ്പെണ്ണിനെ അടുപ്പിച്ചില്ല. ചെറിയ കുട്ടികൾ വെള്ളമൊഴിച്ചാൽ ഒന്നുകിൽ അധികമാകും; അല്ലെങ്കിൽ കുറഞ്ഞു പോകും - അതാണ് ദത്തൻ്റെ ന്യായം.
എന്നിട്ടെന്തുണ്ടായി?
ദത്തൻ നട്ട വിത്തുകളൊന്നും മുളച്ചില്ല.
തൈകളാണെങ്കിൽ കരിയാനും തുടങ്ങി.
ദത്തനും അമ്മയും പഠിച്ച പണി പതിനെട്ടും നോക്കി. ഒരു കാര്യവുമുണ്ടായില്ല. തോട്ടം മുഴുവൻ കരിഞ്ഞുതന്നെ കിടന്നു.
എപ്പോഴുമെന്നപോലെ കുഞ്ഞിപ്പെണ്ണിനുതന്നെയായി അതിനും കുറ്റം. അവൾക്ക് , കൂട്ടുകാർ പറയുന്നതുപോലെ കരിനാക്കു മാത്രമല്ല കരിങ്കണ്ണുമുണ്ടെന്ന് ദത്തൻ പറഞ്ഞു.
കുഞ്ഞിപ്പെണ്ണിനു വാശിയായി. നോക്കിക്കോ - ഒന്നാന്തരം പൂന്തോട്ടം ഉണ്ടാക്കിക്കാണിച്ചു തരാമെന്ന് അവൾ ദത്തനെ വെല്ലുവിളിച്ചു.
/indian-express-malayalam/media/media_files/uploads/2022/02/jk-4.jpg)
പിറ്റേന്നു തന്നെ കുഞ്ഞിപ്പെണ്ണ് പണി തുടങ്ങി. അവളും കുറെയേറെ വിത്തുകളും തൈകളും കൊണ്ടുവന്ന് നട്ടുപിടിപ്പിച്ചു. എല്ലാ വൈകുന്നേരവും വെള്ളമൊഴിക്കാനും തുടങ്ങി.
ഒന്നാം ദിവസം കഴിഞ്ഞു.
രണ്ടാം ദിവസം കഴിഞ്ഞു.
മൂന്നാം ദിവസവും നാലാം ദിവസവും അഞ്ചാം ദിവസവും കഴിഞ്ഞു.
വിത്തുകളൊന്നും മുളച്ചില്ല; തൈകളാവട്ടെ വാടാനും തുടങ്ങി.
ദത്തൻ അവളെ കളിയാക്കിക്കൊണ്ട് കൂവി വിളിച്ചു; 'കൂയ് കൂയ്… കൂയ് കൂയ്…'
കുഞ്ഞിപ്പെണ്ണ് പുസ്തകം തുറന്ന് കുട്ടിച്ചാത്തനോട് സങ്കടം പറഞ്ഞു.
കുട്ടിച്ചാത്തൻ വരയ്ക്കാൻ തുടങ്ങി - ഒന്നാന്തരമൊരു പൂന്തോട്ടമാണ് അവൻ വരച്ചത്.
പിറ്റേന്ന് നേരം വെളുത്തതേ കുഞ്ഞിപ്പെണ്ണ് തോട്ടത്തിലേക്ക് ഓടിച്ചെന്നു. എന്താണവൾ കണ്ടത്?
വിത്തുകളൊക്കെ മുളയ്ക്കാൻ തുടങ്ങിയിരിക്കുന്നു! തൈകളാകട്ടെ വലുതായി മൊട്ടിടാനുള്ള ഒരുക്കത്തിലാണ് !
കുഞ്ഞിപ്പെണ്ണിൻ്റെ ആർപ്പുവിളികേട്ട് ദത്തനും അമ്മയും പപ്പയും ഓടിവന്നു. അച്ചച്ചനും അച്ചമ്മയും കിടപ്പുമുറിയുടെ ജനലിലൂടെ നോക്കി.
ചെടികൾ തഴച്ചുവളർന്നു നിൽക്കുന്നതുകണ്ട് അവർക്കാർക്കും വിശ്വാസം വന്നില്ല.
രണ്ടു ദിവസം കൊണ്ട് നിറയെ പൂക്കളുള്ള നല്ലൊരു തോട്ടമായി അവിടം മാറി. ആർക്കും പേരുപോലുമറിയാത്ത ചെടികൾ അവിടെയുണ്ടായിരുന്നു.
അന്നുരാത്രി ഉറങ്ങാൻ കിടക്കുന്നതിനു മുമ്പ് എങ്ങനെയാണ് ഇത്രയും നല്ലൊരു പൂന്തോട്ടമുണ്ടാക്കിയതെന്ന് ദത്തൻ കുഞ്ഞിപ്പെണ്ണിനോടു ചോദിച്ചു.
കുഞ്ഞിപ്പെണ്ണ് ഏട്ടനെ ഒന്നു പറ്റിക്കാൻ തീരുമാനിച്ചു.
വിത്തുകൾ മുളയ്ക്കാൻ രാത്രി പാട്ടുപാടിയാൽ മതിയെന്ന് അവൾ ദത്തനോടു പറഞ്ഞു. പാട്ടുകേൾക്കാൻ ചെടികൾക്ക് ഭയങ്കര ഇഷ്ടമാണ്. മൂന്നു രാത്രി തുടർച്ചയായി താൻ പാടിയതുകൊണ്ടാണ് ചെടികൾ മുളച്ചതെന്നു കൂടി അവൾ തട്ടിവിട്ടു.
പിറ്റേന്നു തന്നെ ദത്തൻ കുറെ വിത്തുകൾ കൊണ്ടുവന്നു. കുഞ്ഞിപ്പെണ്ണിൻ്റെ പൂന്തോട്ടത്തിനോട് ചേർന്ന് കുറെ സ്ഥലം വെടിപ്പാക്കി അവൻ വിത്തുകൾ നട്ടു.
ഇനിയെന്തിനാണ് മറ്റൊരു പൂന്തോട്ടമെന്ന് അമ്മയും പപ്പയും ചോദിച്ചതൊന്നും അവൻ ശ്രദ്ധിക്കാനേ പോയില്ല.
/indian-express-malayalam/media/media_files/uploads/2022/02/jk-5.jpg)
അന്നു രാത്രി പുറത്തുനിന്ന് ആരോ പാടുന്നതു കേട്ട് വീട്ടിലുള്ളവർ ഞെട്ടിയുണർന്നു. വാതിൽ തുറന്ന് പപ്പ ടോർച്ചടിച്ചു നോക്കി.
ചെടികൾ നട്ട സ്ഥലത്തു നിന്ന് പാട്ടു പാടുന്ന ദത്തനെ കണ്ട് എല്ലാവരും അന്തംവിട്ടു.
കാര്യമറിയാവുന്ന കുഞ്ഞിപ്പെണ്ണു മാത്രം വാപൊത്തി ചിരിയടക്കി.
രാത്രി എല്ലാവരുടെയും ഉറക്കം കളഞ്ഞതിന് ദത്തനെ അമ്മ വഴക്കുപറഞ്ഞു. ഒരടിയും കിട്ടിയെന്നാണ് തോന്നുന്നത്.
ശരിക്കു പാടാൻ പറ്റിയില്ലെന്ന് അവൻ കുഞ്ഞിപ്പെണ്ണിനോടു സങ്കടപ്പെട്ടു.
ഉച്ചത്തിൽ പാടിയതാണ് കുഴപ്പമായതെന്നും ഇനിയുള്ള രാത്രികളിൽ പതുക്കെ പാടിയാൽ മതിയെന്നും ചിരിക്കാതിരിക്കാൻ പാടുപെട്ടുകൊണ്ട് കുഞ്ഞിപ്പെണ്ണ് പറഞ്ഞു.
പിറ്റേന്ന് രാത്രി ദത്തൻ പാടി .
അതിൻ്റെ പിറ്റേന്നും പാടി.
അങ്ങനെ അവൻ അഞ്ചു ദിവസം പാടി.
വിത്തുകളൊന്നും മുളച്ചില്ല.
ഇത്രയും മോശം പാട്ടു കേട്ടാൽ വിത്തൊക്കെ കരിയുകയാണ് ചെയ്യുകയെന്നും തൻ്റെ തോട്ടത്തിൻ്റെ ഒരു ഭാഗം കൂടി ഉണങ്ങാൻ തുടങ്ങിയിട്ടുണ്ടെന്നും കുഞ്ഞിപ്പെണ്ണ് പറഞ്ഞപ്പോഴാണ് അവൾ തന്നെ കളിപ്പിക്കുകയായിരുന്നുവെന്ന് ദത്തന് മനസ്സിലായത്.
തൻ്റെ നേരെ കോക്രി കാണിക്കുന്ന ദത്തനെ കണ്ട് കുഞ്ഞിപ്പെണ്ണ് പൊട്ടിച്ചിരിച്ചു.
Read More: ഒരു കഥ കൂടി വായിക്കാന്‍ തോന്നുന്നുണ്ടോ, എന്നാല്‍ ഇവിടെ ക്ലിക്ക് ചെയ്യു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.