കരിനാക്ക്
ദേവ്നയ്ക്ക് കരിനാക്കുണ്ട് – പിറ്റേ ദിവസം സ്കൂളിലെത്തിയപാടെ നിവേദ്യ അഭിനന്ദിനോടു പറഞ്ഞു.
എന്നിട്ട് തലേദിവസം താൻ സൈക്കിളിൽ നിന്നു വീണ കഥ അവളവനെ പറഞ്ഞു കേൾപ്പിച്ചു.
അവൻ പക്ഷേ അതൊന്നും വിശ്വസിച്ചില്ല. അത്ര വലിയ കരിനാക്കാണെങ്കിൽ കുറച്ചു കഴിഞ്ഞ് താൻ ശരിയാക്കിത്തരാമെന്ന് അവൻ വീമ്പു പറഞ്ഞു.
ഇതൊന്നുമറിയാതെയാണ് കുഞ്ഞിപ്പെണ്ണ് സ്കൂളിലേക്കു വന്നത്. കണ്ടയുടനെ അഭിനന്ദ് അവൻ്റെ കൈയിലുണ്ടായിരുന്ന ബോൾ അവളുടെ നേർക്ക് ശക്തിയിൽ അടിച്ചു.
ബോൾ അവളെ തൊട്ടുതൊട്ടില്ലെന്ന മട്ടിൽ കടന്നു പോയി.
കുഞ്ഞിപ്പെണ്ണിന് ദേഷ്യം വന്നു. ഇനി തൻ്റെ നേരെ ബോളടിച്ചാൽ ആ ബോള് അഭിനന്ദിൻ്റെ മേൽത്തന്നെ കൊള്ളുമെന്ന് അവൾ പറഞ്ഞു.
എന്നാൽ കാണാമെന്ന് പറഞ്ഞ് അഭിനന്ദ് ബോളെടുക്കാൻ ഓടി.
കുഞ്ഞിപ്പെണ്ണ് നോട്ടുപുസ്തകം തുറന്നു. അതിനകത്തിരുന്ന് കുട്ടിച്ചാത്തൻ ചിത്രം വരയ്ക്കുകയാണ് –
അഭിനന്ദ് നിലത്തു വീഴുന്ന ചിത്രം!
അഭിനന്ദ് വീണ്ടും കുഞ്ഞിപ്പെണ്ണിനു നേരെ ബോൾ കൂടുതൽ ശക്തിയിൽ അടിച്ചു.

പന്ത് കുഞ്ഞിപ്പെണ്ണിനെ വലംവെച്ച് അഭിനന്ദിനു നേർക്കു തന്നെ കുതിച്ചു. അടുത്ത നിമിഷം അവൻ ബോളുകൊണ്ട് നിലത്തു വീഴുന്നതാണ് എല്ലാവരും കാണുന്നത്. അവൻ വീണതാകട്ടെ തലേന്നു പെയ്ത മഴവെള്ളം കെട്ടിക്കിടന്നുണ്ടായ ചെളിയിലും.
ചെളിപുരണ്ട് പൂതത്തെപ്പോലെ എഴുന്നേറ്റു വരുന്ന അഭിനന്ദിനെക്കണ്ട് കുഞ്ഞിപ്പെണ്ണും കൂട്ടുകാരും പൊട്ടിച്ചിരിച്ചു.
നിവേദ്യ പറഞ്ഞത് ശരിയാണെന്ന് അഭിനന്ദ് സമ്മതിച്ചു: കുഞ്ഞിപ്പെണ്ണിന് കരിനാവുണ്ട്.
മേലു മുഴുവൻ ചെളിയാക്കിയതിന് ടീച്ചറിൽ നിന്ന് വഴക്കും കേട്ട് അവൻ ക്ലാസ്സിൽ കയറാതെ വീട്ടിലേക്കു പോയി.
കുറച്ചു കഴിഞ്ഞപ്പോൾ ക്ലാസ്സു തുടങ്ങി. അനിത ടീച്ചറുടെ കണക്ക് ക്ലാസ്സ്. കണക്ക് കുഞ്ഞിപ്പെണ്ണിന് വലിയ ഇഷ്ടമില്ല. അവളും കൂട്ടുകാരി മർഹയും അവസാനത്തെ ബഞ്ചിലാണ് ഇരിക്കുന്നത്.
കുറച്ചു കഴിഞ്ഞപ്പോൾ കുഞ്ഞിപ്പെണ്ണിനു ബോറടിച്ചു തുടങ്ങി. അവൾ മർഹ കാണാതെ നോട്ടുബുക്കെടുത്ത് ഒളിഞ്ഞു നോക്കി. അതിനകത്ത് കുട്ടിച്ചാത്തൻ കണ്ണടച്ചു കിടക്കുകയാണ്; ഉറുങ്ങുകയാണെന്നു തോന്നുന്നു. അവൾ അവൻ വരച്ച ചിത്രങ്ങളും നോക്കിയിരുന്നു.
പെട്ടെന്ന് മർഹ അവളെ തോണ്ടി. അവൾ തലയുയർത്തുമ്പോഴേക്ക് ടീച്ചറുടെ കൈയിലെ ചോക്കുകഷണം അവളുടെ നെറ്റിയുടെ നേർക്ക് പാഞ്ഞുവന്നു.
കുറെനേരമായി ടീച്ചർ കാണുന്നുണ്ടായിരുന്നു, കുഞ്ഞിപ്പെണ്ണ് ക്ലാസ്സ് ശ്രദ്ധിക്കാതെ നോട്ടുപുസ്തകവും നോക്കിയിരിക്കുന്നത്.
ചോക്കുകഷണം പക്ഷേ കുഞ്ഞിപ്പെണ്ണിൻ്റെ നെറ്റിയിൽ കൊണ്ടില്ല. അത് പിന്നിലെ ചുവരിലിടിച്ച് തിരിച്ചുചെന്ന് ടീച്ചറുടെ നെറ്റിയിൽ കൊണ്ടു!
കുഞ്ഞിപ്പെണ്ണ് പതുക്കെ നോട്ടുബുക്ക് തുറന്നു നോക്കി: അതിനകത്തതാ ചോക്ക് ടീച്ചറുടെ നെറ്റിയിൽ കൊള്ളുന്ന ചിത്രം! അപ്പോൾ കള്ളൻ കുട്ടിച്ചാത്തൻ ഉറങ്ങുകയായിരുന്നില്ല.
പെട്ടെന്ന് നിവേദ്യ കുഞ്ഞിപ്പെണ്ണിനെ നോക്കി ഇവളുടെ കരിനാവുകാരണമാണ് ചോക്ക് ടീച്ചറുടെ നെറ്റിയിൽ കൊണ്ടതെന്ന് വിളിച്ചു പറഞ്ഞു.
കുഞ്ഞിപ്പെണ്ണിന് സങ്കടവും ദ്യേഷ്യവും വന്നു. പുസ്തകം തുറന്ന് കുട്ടിച്ചാത്തനോട് നിവേദ്യക്ക് ഒരു പണി കൊടുക്കാൻ അവൾ പറഞ്ഞു.

കുട്ടിച്ചാത്തൻ വരയ്ക്കാൻ തുടങ്ങി…
പെട്ടെന്ന് നിവേദ്യയുടെ നാവ് പുറത്തേക്കു നീണ്ടു… അതിന് കറുത്ത നിറമായിരുന്നു. അവളുടെ വായിൽ നിന്ന് വല്ലാത്തൊരു ശബ്ദവും പുറപ്പെട്ടു: ‘ബ്ലാ, ബ്ലാ, ബ്ലാ, ബ്ലാ…’
എല്ലാവരും പേടിച്ചു. അനിത ടീച്ചർ വേഗം ആനന്ദ് മാഷെ വിളിച്ചുകൊണ്ടുവന്നു. അവരിരുവരും കൂടി ഒരു ഓട്ടോറിക്ഷ പിടിച്ച് നിവേദ്യയെ ആശുപത്രിയിലേക്കു കൊണ്ടുപോയി.
അപ്പോഴേക്കും ബെല്ലടിച്ചു. കൊറോണ കാരണം ഉച്ചവരയേ ക്ലാസ്സുള്ളൂ.
നോട്ടുബുക്ക് ബാഗിൽ വെക്കുന്നതിനു മുമ്പ് നിവേദ്യയെ പഴയ പടിയാക്കാൻ കുഞ്ഞിപ്പെണ്ണ് കുട്ടിച്ചാത്തനോടു പറഞ്ഞു.
പപ്പയുടെ കൂടെ വീട്ടിലേക്കു പോകുമ്പോൾ ഓട്ടോറിക്ഷ തിരികെ വരുന്നത് അവൾ കണ്ടു. ആശുപത്രിയിലെത്തിയപ്പോഴേക്കും നിവേദ്യയുടെ അസുഖമെല്ലാം മാറിയെന്ന് ആനന്ദ് മാഷ് പപ്പയോട് പറഞ്ഞു. ഏതായാലും ചെന്ന സ്ഥിതിയ്ക്ക് ഒരു ഇൻജക്ഷനെടുത്ത് ഡോക്ടർ അവളെ പറഞ്ഞയച്ചു.
നിവേദ്യ കുഞ്ഞിപ്പെണ്ണിനെ പേടിയോടെ നോക്കി. അത് കാണാത്ത ഭാവത്തിൽ അവൾ പപ്പയുടെ കൈയും പിടിച്ച് നടന്നു നീങ്ങി.