സൈക്കിളിൽ നിന്നു വീണ കുട്ടിയും നീലക്കുടയും
അപ്പോഴാണ് നിവേദ്യ ആ വഴി വന്നത്. വലിയ പത്രാസുകാരിയാണ് അവൾ. റെയിൻകോട്ടൊക്കെയിട്ട് സൈക്കിളിലാണ് വരവ്.
അവൾ കുഞ്ഞിപ്പെണ്ണിൻ്റെയടുത്തു വന്ന് മഴവെള്ളത്തിലൂടെ സൈക്കിൾ വെട്ടിച്ചു. കുഞ്ഞിപ്പെണ്ണിൻ്റെ മേലാകെ ചെളി തെറിച്ചു.
സൈക്കിൾ കുറച്ചു ദൂരെ നിർത്തിയിട്ട് നിവേദ്യ കുഞ്ഞിപ്പെണ്ണിനെ നോക്കി പരിഹസിച്ചു ചിരിച്ചു: എങ്ങനെയുണ്ട് ദേവ്നേയെന്നായിരുന്നു ആ ചിരിയുടെ അർത്ഥം.
കുഞ്ഞിപ്പെണ്ണ് നോട്ടുപുസ്തകം തുറന്നു.
അകത്തിരുന്ന് കുട്ടിച്ചാത്തൻ ചൂണ്ടുവിരൽ കൊണ്ട് ചിത്രം വരയ്ക്കുകയായിരുന്നു. നിവേദ്യ സൈക്കിളിൽനിന്നു വീഴുന്ന ചിത്രമായിരുന്നു അവൻ വരച്ചുകൊണ്ടിരുന്നത്.
അയ്യോ നിവേദ്യേ, നീയിപ്പോൾ സൈക്കിളിൽ നിന്നു വീഴുമെന്ന് കുഞ്ഞിപ്പെണ്ണ് വിളിച്ചുപറഞ്ഞു.
നിലത്ത് കാലുകുത്തി നിൽക്കുന്ന ഞാനങ്ങനെ സൈക്കിളിൽനിന്നു വീഴാൻ? നിവേദ്യ പിന്നെയും പരിഹസിച്ചു ചിരിച്ചു.
നിവേദ്യ സൈക്കിളിൽ നിന്ന് ഉയരുന്നതാണ് പിന്നെ കുഞ്ഞിപ്പെണ്ണ് കണ്ടത്. ‘പ്ളും’ എന്ന് അവൾ ചെളിവെള്ളത്തിൽ വീണു.
അവളുടെ മേൽ സൈക്കിളും വീണു.
നിലത്തു കൈകുത്തി തന്നെ കണ്ണു മിഴിച്ചു നോക്കുന്ന നിവേദ്യയെക്കണ്ട് കുഞ്ഞിപ്പെണ്ണിന് ചിരി പൊട്ടി.

കുറച്ചുകഴിഞ്ഞ് നിലത്തു നിന്നെഴുന്നേറ്റ് സൈക്കിളുമുന്തി നിവേദ്യപോയി. തലതാഴ്ത്തി ചെളിയിൽക്കുളിച്ച് പോകുന്ന അവളെ കണ്ട് കുഞ്ഞിപ്പെണ്ണിന് പാവം തോന്നി.
ഇത്രയും വേണ്ടായിരുന്നെന്ന് കുഞ്ഞിപ്പെണ്ണ് കുട്ടിച്ചാത്തനോട് പറഞ്ഞു.
ഇനി അവളുടെ അഹങ്കാരം കുറഞ്ഞോളുമെന്ന് കുട്ടിച്ചാത്തൻ മറുപടിയും പറഞ്ഞു.
മഴ കുറഞ്ഞിരുന്നു. എന്നാൽ കുറേശ്ശെ ചാറുന്നുണ്ട്. കുടയുണ്ടായിരുന്നെങ്കിലെന്ന് കുഞ്ഞിപ്പെണ്ണ് ആശിച്ചു പോയി.
ഉടനെ കുട്ടിച്ചാത്തൻ നോട്ടുപുസ്തകത്തിൽ ഒരു കുടയുടെ ചിത്രം വരച്ചു. അടുത്ത നിമിഷത്തിൽ കുഞ്ഞിപ്പെണ്ണിൻ്റെ കൈയിലതാ ഒരു നീലക്കുട!
നോട്ടുപുസ്തകമടച്ച് ബാഗിൽ വെച്ച് കുടയും ചൂടി കുഞ്ഞിപ്പെണ്ണ് വീട്ടിലേക്കു പോയി.
വീട്ടിലെത്താനായപ്പോൾ കുട തിരിച്ചുവാങ്ങിക്കൊള്ളാൻ അവൾ കുട്ടിച്ചാത്തനോടു പറഞ്ഞു. അല്ലെങ്കിൽ കുട എവിടെനിന്നു കിട്ടിയെന്ന് അമ്മ ചോദിക്കും.

ഉടനെ കുട അപ്രത്യക്ഷമായി.
കുഞ്ഞിപ്പെണ്ണ് വീട്ടിലേക്കോടി. അച്ഛനും അമ്മയും അച്ചച്ചനും ആശുപത്രിയിൽ നിന്ന് എത്തിയിരുന്നില്ല. അച്ചമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കുഞ്ഞിപ്പെണ്ണിനെ കാണാതെ വിഷമിച്ചു നിൽക്കുകയായിരുന്നു അവർ.
അച്ചമ്മ തോർത്തെടുത്ത് അവളുടെ തലതോർത്താൻ തുടങ്ങി. മഴയത്തു വന്നിട്ടും തീരെ നനഞ്ഞിട്ടില്ലല്ലോയെന്ന് അവർ അത്ഭുതപ്പെട്ടു.
ചായയും പലഹാരവും കഴിച്ചിട്ട് കുഞ്ഞിപ്പെണ്ണ് മുറിയിലേക്കു പോയി.
അവൾ മെല്ലെ നോട്ടുപുസ്തകം തുറന്നു. കുട്ടിച്ചാത്തൻ അവിടെത്തന്നെയുണ്ട്.
അവളുടെ വീടിന്നടിയിലാണ് തൻ്റെ വീടെന്നും പക്ഷേ താനിനി കുഞ്ഞിപ്പെണ്ണിൻ്റെ കൂടെയായിരിക്കുമെന്നും കുട്ടിച്ചാത്തൻ പറഞ്ഞു. പക്ഷേ അവനെ മറ്റാരും കാണാൻ പാടില്ലെന്നു മാത്രം.
കുഞ്ഞിപ്പെണ്ണ് നോട്ടുപുസ്തകം മാറ്റി വെച്ച് പഠിക്കാൻ തുടങ്ങി.
രാത്രിയായപ്പോൾ അമ്മയും പപ്പയും അച്ചച്ചനും വന്നു. അച്ചച്ചന് അസുഖം കുറഞ്ഞിരുന്നു. എല്ലാവരും അവൾക്ക് ഉമ്മ കൊടുത്തു.
അത്താഴം കഴിച്ചിട്ട് അവൾ വീണ്ടും നോട്ടുപുസ്തകം തുറന്നു.
അതിനകത്ത് സുഖമായി കിടന്നുറങ്ങുകയാണ്കുട്ടിച്ചാത്തൻ.