/indian-express-malayalam/media/media_files/uploads/2022/01/jk-3.jpg)
ചിത്രീകരണം : ജയകൃഷ്ണന്‍
ഇടിയും മഴയും
പിറ്റേ ദിവസം സ്ക്കൂളിൽ നിന്ന് കുഞ്ഞിപ്പെണ്ണ് ഒറ്റയ്ക്കാണ് തിരിച്ചു വന്നത്. സാധാരണ പപ്പ കൂട്ടാൻ വരാറുള്ളതാണ്. അന്ന്, പക്ഷേ പപ്പ അച്ചച്ചനെ ഡോക്ടറെ കാണിക്കാൻ പോയതായിരുന്നു.
പെട്ടെന്നാണ് ഇടിയും മഴയും വന്നത്. കുഞ്ഞിപ്പെണ്ണ് കുടയെടുത്തിട്ടില്ലായിരുന്നു. അവൾ ഓടി അടഞ്ഞുകിടന്ന ഒരു പീടികയുടെ തിണ്ണയിൽ കയറി നിന്നു.
ആകാശമാകെ കറുത്തിരുന്നു. പീടികത്തിണ്ണയിൽ കയറി നിന്നിട്ടും മഴപ്പാറലടിച്ച് അവളുടെ ഉടുപ്പാകെ നനഞ്ഞു.
അടുത്തെങ്ങും ആരുമില്ല.
/indian-express-malayalam/media/media_files/uploads/2022/01/jk-1-1.jpg)
പെട്ടെന്ന് ഇടിമുഴങ്ങി. കുഞ്ഞിപ്പെണ്ണ് "അയ്യോ" എന്ന് കരഞ്ഞു.
അപ്പോഴാണ് ആ ഇല പറന്നു വന്നത്.
ആദ്യം കുഞ്ഞിപ്പെണ്ണത് നോക്കിയില്ല; അവളുടെ ശ്രദ്ധ മുഴുവൻ ദൂരെ കാണുന്ന മലയെ തീനാവുകൊണ്ട് നക്കുന്ന ഇടിമിന്നലുകളിലായിരുന്നു.
പീടികത്തിണ്ണയിൽ വീണ ഇല പതുക്കെപ്പതുക്കെ അവളുടെയടുത്തേക്ക് ചാടിച്ചാടിവന്നു.
കുഞ്ഞിപ്പെണ്ണ് നോക്കുമ്പോഴുണ്ട് പച്ചിലയ്ക്ക് രണ്ട് കൈയും കാലും!
ഒന്നുകൂടി നോക്കിയപ്പോഴുണ്ട് വായും മൂക്കും ചെവിയും കണ്ണും!
കുട്ടിച്ചാത്തൻ!
കുഞ്ഞിപ്പെണ്ണിന് പേടിയായി.
/indian-express-malayalam/media/media_files/uploads/2022/01/jk-2-1.jpg)
പേടിക്കേണ്ടെന്ന് കുട്ടിച്ചാത്തൻ ഇലപൊഴിയുന്ന സ്വരത്തിൽ പറഞ്ഞു. എന്നിട്ട് അത് പറന്നുയർന്ന് കുഞ്ഞിപ്പെണ്ണിൻ്റെ തോളിൽ വന്നിരുന്നു.
ഇപ്പോൾ കുഞ്ഞിപ്പെണ്ണിന് കുട്ടിച്ചാത്തനെ ശരിക്കും കാണാം - തിളങ്ങുന്ന കണ്ണുകളും ചിരിയ്ക്കുന്ന വായനിറയെ വെളുത്ത കുഞ്ഞിപ്പല്ലുകളും.
തന്നെ വേറെയാരും കാണാൻ പാടില്ലെന്ന് കുട്ടിച്ചാത്തൻ പറഞ്ഞു. കുഞ്ഞിപ്പെണ്ണ് നോട്ടുബുക്ക് തുറന്നു പിടിച്ചു. അവൻ വേഗം അതിനുള്ളിലൊളിച്ചു.
കുഞ്ഞിപ്പെണ്ണിന് കുട്ടിച്ചാത്തനെ ശരിക്കും ഇഷ്ടമായി.
Read More: ഒരു കഥ കൂടി വായിക്കാന്‍ തോന്നുന്നുണ്ടോ, എന്നാല്‍ ഇവിടെ ക്ലിക്ക് ചെയ്യു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.