കുട്ടിച്ചാത്തന്റെ വീട്
കുറെ ദിവസമായി കുഞ്ഞിപ്പെണ്ണ് നിർബന്ധം പിടിക്കുകയാണ് കുട്ടിച്ചാത്തൻ്റെ വീടു കാണാൻ. ഓരോ ദിവസവും എന്തെങ്കിലും കാരണം പറഞ്ഞ് കുട്ടിച്ചാത്തൻ ഒഴിഞ്ഞു മാറും. ഒരു ദിവസം പക്ഷേ അവന് കുഞ്ഞിപ്പെണ്ണിൻ്റെ നിർബന്ധം സഹിക്കാൻ പറ്റാതായി. അങ്ങനെ അവൻ അവളെയും കൂട്ടി തൻ്റെ വീട്ടിലേക്ക് യാത്ര തിരിച്ചു.
കുഞ്ഞിപ്പെണ്ണിൻ്റെ വീടിൻ്റെ അടിയിലായിരുന്നെങ്കിലും കുട്ടിച്ചാത്തൻ്റെ വീട്ടിലേക്ക് ദൂരം കുറെയുണ്ടായിരുന്നു. ഇരുട്ടിൻ്റെ ഒരു തുരങ്കത്തിലൂടെയായിരുന്നു അവർ നടന്നുകൊണ്ടിരുന്നത്. കുറെ കഴിഞ്ഞപ്പോൾ കുഞ്ഞിപ്പെണ്ണ് തളർന്നു.അവൾ അടുത്തുകണ്ട ഒരു കല്ലിന്മേൽ ഇരുന്നു. ഉടനെ തൻ്റെ മേലിരിക്കരുതേ എന്ന് കല്ല് ഉച്ചത്തിൽ കരഞ്ഞു.
കുഞ്ഞിപ്പെണ്ണ് ഞെട്ടിയെഴുന്നേറ്റു. ഇവിടെയുള്ള കല്ലുകൾക്കും ജീവനുണ്ടെന്ന് കുട്ടിച്ചാത്തൻ അവളോടു പറഞ്ഞു. എന്നിട്ട് അവൻ നോട്ടുപുസ്തകത്തിൽ രണ്ടു ചിറകുകൾ വരച്ചു. എന്നിട്ട് ആ ചിറകുകൾ കുഞ്ഞിപ്പെണ്ണിൻ്റെ തോളിൽ ഒട്ടിച്ചു ചേർത്തു.
ഇപ്പോൾ കുഞ്ഞിപ്പെണ്ണിന് പറക്കാം. ചിറകുകൾ വീശി അവൾ പറന്നു. ചിറകുകളില്ലാതെ തന്നെ കുട്ടിച്ചാത്തനും ഒപ്പം പറന്നു.
പക്ഷേ അവൾക്ക് ഒന്നും കാണാൻ പറ്റിയില്ല; കാരണം ഇരുട്ടിൻ്റെ ഒരു തുരങ്കത്തിലൂടെയാണ് അവൾ പറന്നത്.
കുറച്ചു കഴിഞ്ഞപ്പോൾ ഇരുട്ട് കുറഞ്ഞു വന്നു. ഒടുവിൽ അരണ്ട വെളിച്ചം നിറഞ്ഞ ഒരിടത്ത് അവർ ചെന്നെത്തി.
ഒരു തരിശുനിലമായിരുന്നു അത്. ചെടികളോ മരങ്ങളോ ഇല്ലാത്ത, പൊടിക്കാറ്റു വീശുന്ന ഒരിടം. അവിടെ ഇടിഞ്ഞു പൊളിഞ്ഞ ഒരു വീട് നിന്നിരുന്നു.

ഇതാണ് തൻ്റെ വീടെന്ന് കുട്ടിച്ചാത്തൻ പറഞ്ഞു.
കുഞ്ഞിപ്പെണ്ണ് അന്തംവിട്ടുപോയി. നോട്ടുപുസ്തകത്തിൽ വരച്ച് എന്തും ഉണ്ടാക്കാൻ കഴിയുന്ന കുട്ടിച്ചാത്തൻ്റെ വീട് വലിയൊരു കൊട്ടാരമായിരിക്കുമെന്നാണ് അവൾ വിചാരിച്ചിരുന്നത്.
കുട്ടിച്ചാത്തൻ അവളെ വീട്ടിനകത്തേക്ക് ക്ഷണിച്ചു. ഒരു കസേര പൊടി തുടച്ച് അവൾക്കിരിക്കാൻ കൊടുത്തിട്ട് അവൻ കുട്ടിച്ചാത്തന്മാരുടെ കഥ പറഞ്ഞു.
പണ്ടുപണ്ട് കുട്ടിച്ചാത്തന്മാർ മനുഷ്യരുടെ കൂടെ ഭൂമിയിലാണ് കഴിഞ്ഞിരുന്നത്. കുട്ടിച്ചാത്തന്മാരുടെ രാജാവും മനുഷ്യരുടെ രാജാവും സുഹൃത്തുക്കളുമായിരുന്നു.
പക്ഷേ വാസ്തവത്തിൽ മനുഷ്യരാജാവ് അസൂയക്കാരനും വഞ്ചകനുമായിരുന്നു. കുട്ടിച്ചാത്തന്മാരുടെ രാജ്യം കൂടി പിടിച്ചടക്കണം; എന്നിട്ട് ഭൂമിയിലെ ഒരേയൊരു രാജാവായി വാഴണം – അതാണ് അയാളുടെ ഉദ്ദേശ്യം. അതിനു വേണ്ടി അയാളും സഹായിയായ ദുഷ്ടൻമന്ത്രവാദിയും ചേർന്ന് ഒരു പരിപാടി തയ്യാറാക്കി.
അങ്ങനെ മനുഷ്യരാജാവ് കുട്ടിച്ചാത്തന്മാരെ ഒരു വിരുന്നിനു വിളിച്ചു. കുട്ടിച്ചാത്തന്മാരെല്ലാം സന്തോഷത്തോടെ വിരുന്നുണ്ണാൻ വന്നു. ചതിയൻ രാജാവ് അവർക്ക് വിളമ്പിയത് മയക്കുമരുന്നു ചേർത്ത ഭക്ഷണമായിരുന്നു. അതു കഴിച്ച് കുട്ടിച്ചാത്തന്മാരെല്ലാം ബോധംകെട്ടുവീണു.
കുട്ടിച്ചാത്തന്മാരെ ജീവനോടെ കുഴിച്ചുമൂടാൻ രാജാവ് ആജ്ഞാപിച്ചു. വലിയൊരു കുഴി തയ്യാറാക്കപ്പെട്ടു. ഭടന്മാർ കുട്ടിച്ചാത്തന്മാരെ അതിലെറിഞ്ഞ് മണ്ണിട്ടുമൂടി.
മനുഷ്യരാജാവിന് ഒരു മകളുണ്ടായിരുന്നു. അവൾക്ക് വലിയ ഇഷ്ടമായിരുന്നു കുട്ടിച്ചാത്തന്മാരെ . അവരെ കുഴിച്ചുമൂടുന്നതുകണ്ട് അവളുടെ ഹൃദയംപൊട്ടി. രാജകുമാരി എന്തു ചെയ്തു? അവൾ വേഗം ചെന്ന് അച്ഛൻ്റെ സഹായിയായ ദുഷ്ടൻമന്ത്രവാദിയുടെ മന്ത്രവാദപുസ്തകം അയാൾ കാണാതെ എടുത്തുകൊണ്ടുവന്നു. എന്നിട്ട് കുഴിക്കരികെ ചെന്ന് പുസ്തകം തുറന്ന് ചില മന്ത്രങ്ങൾ ചൊല്ലി. ഉടനെ കുഴിയിൽ നിന്ന് കുട്ടിച്ചാത്തന്മാർ പുറത്തുവന്നു.
കുറെ കുട്ടിച്ചാത്തന്മാർ മണ്ണിനടിയിൽപ്പെട്ട് ശ്വാസംമുട്ടി മരിച്ചു പോയിരുന്നു. ബാക്കിയുള്ളവർ വേഗം അവിടം വിട്ട് പാതാളത്തിലേക്കു പോകാൻ തീരുമാനിച്ചു. കൊച്ചുരാജകുമാരി ഒരു കാര്യം കൂടി ചെയ്തു – മന്ത്രവാദപുസ്തകം അവളവർക്ക് കൊടുത്തു.
അങ്ങനെ കുട്ടിച്ചാത്തന്മാർ ഭൂമിക്കടിയിലെ ലോകത്തിലെത്തി. അച്ഛനോ അമ്മയോ മക്കളോ മറ്റു ബന്ധുക്കളോ നഷ്ടപ്പെടാത്ത ആരും അവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നില്ല. സങ്കടം സഹിക്കാനാവാതെ കുട്ടിച്ചാത്തന്മാർ കരഞ്ഞു. അവരുടെ അവസാനിക്കാത്ത കരച്ചിൽ കാരണം അവിടം ഒരു തരിശുനിലമായി മാറി. അവിടെയുള്ള വീടുകൾ പഴകിപ്പൊളിഞ്ഞവയായും മാറി.
പച്ചിലക്കുട്ടിച്ചാത്തൻ്റ അച്ഛനും അമ്മയും കുഴിയിലകപ്പെട്ട് ശ്വാസം കിട്ടാതെ മരിച്ചു പോയിരുന്നു.
കുട്ടിച്ചാത്തന്മാർ മനുഷ്യരോട് പകരം വീട്ടാൻ തീരുമാനിച്ചു. കൊച്ചുരാജകുമാരി കൊടുത്ത മന്ത്രവാദ പുസ്തകത്തിലെ മന്ത്രങ്ങൾ അവർ പഠിച്ചു. മന്ത്രങ്ങളുപയോഗിച്ച് മനുഷ്യർക്ക് പലവിധ ഉപദ്രവങ്ങളും ഉണ്ടാക്കി.
പക്ഷേ കുട്ടികളെ കുട്ടിച്ചാത്തന്മാർക്ക് വളരെയധികം ഇഷ്ടമാണ്. ഒരു കുട്ടിയാണല്ലോ അവരെ സഹായിച്ചത്. അതുകാരണം പലപ്പോഴും അവർ കുട്ടികളുമായി ചങ്ങാത്തം കൂടുകയും ചെയ്യും.
കഥ പറഞ്ഞിട്ട് കുട്ടിച്ചാത്തൻ കരയാൻ തുടങ്ങി. കുഞ്ഞിപ്പെണ്ണ് അവനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. തേങ്ങലുകൾക്കിടയിൽ അവൻ പറയുന്നത് അവൾ കേട്ടു .
മനുഷ്യരെ കുട്ടിച്ചാത്തന്മാരുടെ ലോകത്തേക്ക് കൊണ്ടുവരാൻ പാടില്ല: കൊണ്ടു വന്നാൽ…
പെട്ടെന്ന് കുട്ടിച്ചാത്തൻ്റെ നിറം മാറാൻ തുടങ്ങുന്നത് കുഞ്ഞിപ്പെണ്ണു കണ്ടു. ആദ്യം ചാരനിറം, പിന്നെ കറുപ്പു നിറം… പച്ചിലക്കുട്ടിച്ചാത്തൻ ഒരു കരിയിലയായി മാറുകയായിരുന്നു. പതുക്കെപ്പതുക്കെ കരിയില പൊടിയാൻ തുടങ്ങി. വീശിയടിക്കുന്ന വരണ്ട കാറ്റിൽ കരിയിലത്തുണ്ടുകൾ പാറിയകന്നു….

കുഞ്ഞിപ്പെണ്ണ് വാവിട്ടു കരഞ്ഞു.
പെട്ടെന്ന് അവളുടെ കണ്ണിൽ ഇരുട്ടു നിറഞ്ഞു. വീണ്ടും വെളിച്ചം വന്നപ്പോൾ അവൾ അവളുടെ മുറിയിലായിരുന്നു.
കുഞ്ഞിപ്പെണ്ണ് വേഗം നോട്ടുപുസ്തകം തുറന്നു നോക്കി: കുട്ടിച്ചാത്തനില്ല.
അവൾ പിന്നെയും കരഞ്ഞു.
പിറ്റേദിവസം ക്ലാസ്സിൽ ശ്രദ്ധിക്കാതിരുന്ന കുഞ്ഞിപ്പെണ്ണിനെ അനിത ടീച്ചർ കൈയോടെ പിടിച്ചു. ടീച്ചർ അവളുടെ നോട്ടുപുസ്തകം തുറന്നു നോക്കി. ക്ലാസ്സിൽ പറഞ്ഞു കൊടുത്തതെന്നും അതിലെഴുതിയിട്ടില്ല; പകരം അനേകം ചിത്രങ്ങൾ: നീലക്കുടയുടെ, പൂന്തോട്ടത്തിൻ്റെ, കേക്കിൻ്റെ, ബിരിയാണിയുടെ, ചിറകുകളുടെ…. അനേകം ചിത്രങ്ങൾ.
വൈകുന്നേരം പപ്പ അവളെ കൂട്ടാൻ വന്നപ്പോൾ നോട്ടെഴുതുന്നതിനു പകരം കുഞ്ഞിപ്പെണ്ണ് ചിത്രങ്ങൾ വരയ്ക്കുന്നതിനെപ്പറ്റി ടീച്ചർ പരാതിപ്പെട്ടു.
പപ്പ നോട്ടുപുസ്തകം തുറന്നു നോക്കി. പിന്നെ ഒന്നും പറയാതെ കുഞ്ഞിപ്പെണ്ണിൻ്റെ കൈ പിടിച്ച് ഐസ്ക്രീം പാർലറിലേക്കു പോയി.
പപ്പ മുഖത്തു നിറയെ ചിരിയുമായി വീണ്ടും വീണ്ടും നോട്ടുപുസ്തകത്തിലെ ചിത്രങ്ങൾ നോക്കുന്നത് ഐസ്ക്രീം നുണയുന്നതിനിടയിൽ കുത്തിപ്പെണ്ണ് കണ്ടു.
താനല്ല, ഒരു കുട്ടിച്ചാത്തനാണ് ആ ചിത്രങ്ങൾ വരച്ചതെന്നു അവൾ പറഞ്ഞപ്പോൾ പപ്പ പൊട്ടിച്ചിരിച്ചു.പിന്നെ കുഞ്ഞിപ്പെണ്ണിനെ ചേർത്തുപിടിച്ച് കവിളിൽ ഉമ്മവെച്ചുകൊണ്ടു പറഞ്ഞു:
പപ്പയ്ക്കറിയാം ആ കുട്ടിച്ചാത്തനെ; ആ കുട്ടിച്ചാത്തൻ്റെ പേരാണ് കുഞ്ഞിപ്പെണ്ണ്.