മത്തങ്ങാക്കറി
അന്ന് അച്ചച്ചനെയും അച്ചമ്മയെയും ചെക്കപ്പിനു കൊണ്ടുപോകേണ്ട ദിവസമായിരുന്നു. രാവിലെ അടുക്കളയിലാണെങ്കിൽ വലിയ ബഹളം. കറൻ്റില്ല, ഗ്യാസ് തീർന്നു – ഒന്നും പറയണ്ട.
ചോറും കറിയും ഉണ്ടാക്കാൻ പറ്റാത്തതു കൊണ്ട് ദത്തന് സ്കൂളിൽ കൊണ്ടുപോകാൻ ബ്രെഡും ഓംലെറ്റുമാണ് കൊടുത്തയച്ചത്. കുഞ്ഞിപ്പെണ്ണിന് അന്ന് സ്കൂളില്ല. അവൾക്കും ഉച്ചയ്ക്കു കഴിക്കാൻ അതു തന്നെയാണ് ഉണ്ടാക്കി വെച്ചത്. ഒരു വിധത്തിൽ പണിയൊക്കെത്തീർത്ത് പപ്പയും അമ്മയും അച്ചച്ചനെയും അച്ചമ്മയെയും കൊണ്ട് ആശുപത്രിയിലേക്ക് പോയി.
ബ്രെഡും ഓംലെറ്റും തീരെ ഇഷ്ടമില്ല കുഞ്ഞിപ്പെണ്ണിന്. അതുകൊണ്ട് അവൾ നോട്ടുപുസ്തകം തുറന്ന് കുട്ടിച്ചാത്തനെ വിളിച്ചു.
പുസ്തകത്തിൽ വരച്ച് ഭക്ഷണമുണ്ടാക്കേണ്ടെന്നും അതിനു പകരം ചോറും കറിയും നമുക്കു തന്നെ വെക്കാമെന്നായി കുഞ്ഞിപ്പെണ്ണ്. കുട്ടിച്ചാത്തനും അത് സമ്മതമായിരുന്നു.
അങ്ങനെ ആദ്യം അവർ രണ്ടു പേരും കൂടി ചോറു വെച്ചു. ഇനി വേണ്ടത് കറിയാണ്. കറിവെക്കാൻ നോക്കുമ്പോൾ ആകെയുള്ളത് ഒരു ചെറിയ മത്തങ്ങ .
ഇവിടെയും മത്തങ്ങ!
സ്കൂളിൽ വെയ്ക്കുന്ന കറിപോലെയല്ല, നല്ല ഒന്നാന്തരം കറിയുണ്ടാക്കാമെന്ന് കുഞ്ഞിപ്പെണ്ണ് പറഞ്ഞു. എന്നിട്ട് അവൾ മത്തങ്ങ മുറിക്കാൻ കത്തിയെടുത്തു.
ഉടനെ മത്തങ്ങ തന്നെ മുറിക്കരുതേ എന്ന് ഉച്ചത്തിൽ നിലവിളിച്ചു.
മുറിക്കാതെങ്ങനെ കറിവെക്കുമെന്ന് കുഞ്ഞിപ്പെണ്ണ് ചോദിച്ചു.
മുറിക്കുന്നതിന് കുഴപ്പമില്ലെന്നും പക്ഷേ തൻ്റെയുള്ളിൽ ഒരു കഥയുണ്ടെന്നും അത് പുറത്തു വരുന്നതിനു മുമ്പ് മുറിച്ചു കറിവെച്ചാൽ കറിയാകെ കയ്ക്കുമെന്നും മത്തങ്ങ പറഞ്ഞു.
കഥയല്ലേ, പുറത്തു വന്നോട്ടെയെന്നായി കുഞ്ഞിപ്പെണ്ണ്.
അങ്ങനെ മത്തങ്ങ കഥ പറയാൻ തുടങ്ങി.
“ഒരിടത്തൊരു അടുക്കളയിൽ ഒരു കുട്ടിമത്തങ്ങ ഉണ്ടായിരുന്നു. ഒരു ദിവസം രാത്രി,വീട്ടുകാർ അടുക്കളവാതിൽ കുറ്റിയിടാൻ മറന്നു. ആ തക്കത്തിന് ഒരു കുറുക്കൻ അടുക്കളയിൽ കയറിപ്പറ്റി. കുട്ടിമത്തങ്ങയെ കണ്ട് അവന് നാവിൽ വെള്ളമൂറി. അവൻ വായും തുറന്ന് കുട്ടിമത്തങ്ങയുടെയടുത്തേക്കു ചെന്നു.
ഉടനെ കുട്ടിമത്തങ്ങ തന്നെ തിന്നാതിരുന്നാൽ കുറുക്കന് വലിയൊരു മത്തങ്ങ തരാമെന്നു പറഞ്ഞു.
‘വലിയ മത്തങ്ങയോ?’ എവിടെ എന്നായി കുറുക്കൻ.

കുട്ടിമത്തങ്ങ ജനലിലൂടെ ആകാശത്തേക്കു വിരൽ ചൂണ്ടി. അവിടെയതാ വലിയൊരു മത്തങ്ങ… അമ്പിളി അമ്മാവൻ!
വലിയമത്തങ്ങയെ എങ്ങനെ പിടിക്കുമെന്നായി കുറുക്കൻ.
മുറ്റത്തിറങ്ങി നിന്നാൽ കിട്ടുമെന്ന് കുട്ടിമത്തങ്ങ.
അങ്ങനെ അവർ മുറ്റത്തിറങ്ങി. അവർക്കു നേരെ മുകളിൽ നിൽക്കുകയാണ് വലിയമത്തങ്ങ.
ഇപ്പോഴും അത് ആകാശത്തിൽത്തന്നെയാണല്ലോയെന്ന് കുറുക്കൻ പറഞ്ഞു. എന്നാൽ തോട്ടത്തിൽ ചെന്നാൽ അതിനെ പിടിക്കാൻ പറ്റുമെന്ന് കുട്ടി മത്തങ്ങയും പറഞ്ഞു.
അങ്ങനെ അവരിരുവരും തോട്ടത്തിലേക്ക് നടന്നു. മുകളിലായി വലിയമത്തങ്ങയും ഒപ്പം നടക്കുന്നതുകണ്ട് കുറുക്കൻ അത്ഭുതപ്പെട്ടു.
തോട്ടത്തിലെത്തിയിട്ടും വലിയമത്തങ്ങ താഴേക്കിറങ്ങിയില്ല. അത് മുകളിൽത്തന്നെ നിന്നു. കുറുക്കൻ കൂടെ വരുന്നതു കൊണ്ടാണ് വലിയ മത്തങ്ങ താഴെയിറങ്ങാത്തതെന്നും വഴിയിലേക്ക് താനൊറ്റയ്ക്ക് ചെന്നാൽ അത് താഴെ വരുമെന്നും കുട്ടിമത്തങ്ങ തട്ടിവിട്ടു.
മണ്ടൻ കുറുക്കൻ അതു വിശ്വസിച്ച് തോട്ടത്തിൽത്തന്നെ നിന്നു. കുട്ടിമത്തങ്ങ പതുക്കെ ഉരുണ്ടുരുണ്ട് വഴിയിലേക്കിറങ്ങി.
വഴിയിലെത്തിയപ്പോൾ കുട്ടിമത്തങ്ങ ഒറ്റയോട്ടം വെച്ചുകൊടുത്തു. കുറുക്കൻ എവിടെയൊക്കെ തിരഞ്ഞിട്ടും കുട്ടിമത്തങ്ങയെ കണ്ടുകിട്ടിയില്ല…”
രസം പിടിച്ച് കഥ കേൾക്കുന്നതിനിടയിൽ കറിവെക്കാനെടുത്ത മത്തങ്ങ ആദ്യം മുറ്റത്തേക്കും പിന്നെ തോട്ടത്തിലേക്കും അതു കഴിഞ്ഞ് വഴിയിലേക്കും ഉരുണ്ടുപോയത് കുഞ്ഞിപ്പെണ്ണും കുട്ടിച്ചാത്തനും ശ്രദ്ധിച്ചില്ല.
പെട്ടെന്ന് മത്തങ്ങയെ കാണാനില്ല!
കുഞ്ഞിപ്പെണ്ണും കുട്ടിച്ചാത്തനും ഓടിച്ചെന്നു. എവിടെ മത്തങ്ങ? കുഞ്ഞിപ്പെണ്ണ് വഴിയിലൂടെ കിഴക്കോട്ടോടി. കുട്ടിച്ചാത്തൻ പടിഞ്ഞാറോട്ടും.
മത്തങ്ങയുടെ പൊടിപോലുമില്ല.
ഓടിക്കിതച്ച് തിരികെ വീട്ടിൻ്റെ ഗേറ്റിനടുത്തെത്തിയപ്പോഴാണ് അവരതു കണ്ടത്.
മത്തങ്ങയുടെ ചിത്രമുള്ള ഒരു കടലാസ്സ്കഷണം.
കുഞ്ഞിപ്പെണ്ണ് വേഗം കടലാസ്സ് കൈയിലെടുത്തു. മറുപുറത്ത് ഇങ്ങനെ എഴുതിയിരുന്നു:
‘ആ മത്തങ്ങ ഞാൻ കൊണ്ടു വെച്ചതാണ്.’

എഴുത്തു കണ്ടിട്ട് ദത്തൻ്റെ കൈയക്ഷരം പോലെയുണ്ടന്ന് കുഞ്ഞിപ്പെണ്ണ് പറഞ്ഞു. സംശയം തീർക്കാൻ അവൾ അവൻ്റെ ഒരു നോട്ടുപുസ്തകമെടുത്തു നോക്കി. ദത്തൻ്റെ കൈയക്ഷരം തന്നെ!
പക്ഷേ അവനെങ്ങനെ അപ്രത്യക്ഷമാകുന്ന മാന്ത്രികമത്തങ്ങ കിട്ടിയെന്ന് എത്ര ചിന്തിച്ചിട്ടും കുഞ്ഞിപ്പെണ്ണിന് പിടികിട്ടിയില്ല.
വീട്ടിനടിയിൽ വേറെയും കുട്ടിച്ചാത്തന്മാരുണ്ടെന്നും അവരിൽ പലർക്കും തന്നേക്കാൾ ശക്തിയുണ്ടെന്നും കുട്ടിച്ചാത്തൻ പറഞ്ഞു. അവരിലൊരുവനെ ദത്തനു കിട്ടിയിട്ടുണ്ടാവാം.
ദത്തൻ്റെ കൈയിൽ തൻ്റെ കുട്ടിച്ചാത്തനേക്കാൾ വലിയ മറ്റൊരു കുട്ടിച്ചാത്തനുണ്ടാവുമെന്ന കാര്യമോർത്തപ്പോൾ കുഞ്ഞിപ്പെണ്ണിന് കുറച്ച് അസൂയയും ലേശം പേടിയും തോന്നി.
വൈകുന്നേരം സ്കൂൾ വിട്ടുവന്ന് ദത്തൻ കുളിക്കാൻ പോയ തക്കം നോക്കി കുഞ്ഞിപ്പെണ്ണ് അവൻ്റെ പുസ്തകങ്ങൾ മുഴുവൻ പരതി.
വേറെ കുട്ടിച്ചാത്തനെയൊന്നും എവിടെയും കണ്ടു കിട്ടിയില്ല. പക്ഷേ പുസ്തകങ്ങൾ വാരിവലിച്ചിട്ടതിന്റെ പേരിൽ ദത്തൻ അവളുമായിട്ട് അടികൂടി.
ഉറങ്ങാൻ കിടക്കുന്നതിനു മുമ്പ് കുഞ്ഞിപ്പെണ്ണ് തൻ്റെ നോട്ടുപുസ്തകം തുറന്നു നോക്കി. ഭാഗ്യം, പച്ചിലക്കുട്ടിച്ചാത്തൻ അവിടെത്തന്നെയുണ്ട്; മറ്റു കുട്ടിച്ചാത്തന്മാരാരും അവനെ പിടിച്ചുകൊണ്ടുപോയിട്ടില്ല.