“ങ്ങ്ഹീ… ങ്ങ്ഹീ….
അപ്പൂ… അപ്പൂ ….”
ഉത്സവം കഴിഞ്ഞ് അപ്പു പോയപ്പോൾ മുതൽ തുടങ്ങിയതാണ് മിലിയുടെ കരച്ചിൽ. കുട്ടിയാനയ്ക്ക് അപ്പു എന്ന ഓമനപ്പേരിട്ടതും മിലി തന്നെയാണ്.
അമ്പലത്തിലെ ആൽച്ചുവട്ടിൽ കിണി…. കിണി… കിണി… എന്ന് ചങ്ങലയും കിലുക്കി രസിച്ച് കളിച്ച് നിൽക്കുകയായിരുന്ന അവനെ ഒറ്റ നോട്ടത്തിൽ തന്നെ മിലിക്ക് ഇഷ്ടമായി. എന്റെ കൈയ്യും വലിച്ചു പിടിച്ച് അവൾ കുട്ടിയാനയ്ക്ക് മുമ്പിൽ നിൽപ്പായി.
“അങ്കിൾ, ഇവന്റെ പേരെന്താ?” പാപ്പാൻ വലിയ ഗമയിൽ ഒറ്റശേഖരം നീലകണ്ഠൻ എന്നു പറഞ്ഞു. അത് മിലിക്ക് ഇഷ്ടമായില്ല.
“ഇവന്റെ പേര്… അപ്പു..അപ്പു.. അതു മതി അല്ലെ അച്ഛാ…” മിലി എന്നെ നോക്കി പറഞ്ഞു. ഞാൻ തലയാട്ടി.
“അപ്പു… അപ്പൂ..” മിലി കുട്ടിയാനയെ അങ്ങനെ വിളിച്ചപ്പോൾ അവൻ സന്തോഷത്തോടെ പാള ചെവിയാട്ടി.
“ഇവൾ ആള് മിടുക്കിയാണല്ലോ.” പാപ്പാൻ മിലിയെ പുകഴ്ത്തി. അപ്പുവിന്റെ അടുത്ത് മിലിയെ നിർത്തിയ ഞാൻ അപ്പോൾ കണ്ട ഒരു കൂട്ടുകാരനോട് വർത്തമാനം പറഞ്ഞു കൊണ്ട് അമ്പലമതിലിനടുത്ത് നിന്നു .
ഇതിനിടയിൽ പാപ്പാൻ കുട്ടിയാനയുമായി അമ്പലത്തിനോട് ചേർന്ന് ഒഴുകുന്ന പുഴയിലേക്ക് പോകുന്നത് കണ്ടു. മിലി ഓടി വന്ന് എന്നോട് അനുവാദം ചോദിച്ചിട്ട് അവർക്ക് പിന്നാലെ കൂടി. നാട്ടുകാരുടെയും കൂട്ടുകാരുടെയും നാട്ടു വർത്തമാനങ്ങളിലേക്ക് ഞാൻ ഊളിയിട്ടു. പത്ത് ദിവസത്തെ ഗംഭീര ഉത്സവം ദേശത്തിന്റെ പെരുമയാണ്.
ഇട്ടിരുന്ന ഉടുപ്പെല്ലാം നനച്ചു കൊണ്ട് കുറച്ച് കഴിഞ്ഞ് മിലി ഓടി വന്നു. കുളി കഴിഞ്ഞ കുട്ടിയാനയും മിലിയും ഒരുമിച്ചാണ് വന്നത്. അമ്പല മുറ്റത്തു നിന്നും വീട്ടിലേക്കുള്ള വഴി നിറയെ അവൾ അപ്പുവിന്റെ വിശേഷങ്ങൾ പറഞ്ഞു.

“അച്ഛാ..അപ്പു വെള്ളം കുടിക്കുന്ന കാണാൻ ബഹുരസമാണ് കേട്ടോ.. നീണ്ട മൂക്ക് വെള്ളത്തിലിട്ട് കീഴോട്ടും മേലോട്ടും അവനാട്ടും. അപ്പോ തുമ്പിക്കൈ നിറയെ വെള്ളം കേറും.. പിന്നെ ഒരൊറ്റ ചീറ്റിക്കലാ.. വെള്ളം കുടിക്കുന്നതും കുളിക്കുന്നതും അങ്ങനാ.. ആ വികൃതി എന്റെ പുറത്തും വെള്ളം ചീറ്റി.”
മിലിയുടെ അപ്പുവിശേഷം കേട്ട് ഞങ്ങൾ വീട്ടുപടിക്കലെത്തി. അവളുടെ അമ്മൂമ്മയെ കണ്ടതും എന്റെ കൈവിട്ട് ബാക്കി കഥ പറയാനായി ഓടി. അന്നു രാത്രി വീടു മുഴുവൻ അപ്പുവിന്റെ കഥകൾ അവൾ നിരത്തി. അശ്വതിയും അമ്മയും അച്ഛനും അവളുടെ കഥ കേട്ട് ചിരിച്ചു.
പിറ്റേന്ന് ഓഫീസിൽ പോകേണ്ടതു കൊണ്ട് മിലി അവളുടെ അപ്പൂപ്പന്റെ കൂടെയാണ് ഉത്സവപ്പറമ്പിൽ അപ്പുവിനെ കാണാൻ പോയത്. ബൈക്കിന്റെ ശബ്ദം വീട്ടുമുറ്റത്ത് കേട്ടപ്പോൾ തന്നെ മിലി ഓടി വന്നു.
“അച്ഛാ.. ഇന്നൊരു ഭയങ്കര സംഭവമുണ്ടായി. നമ്മുടെ അപ്പു ഇന്നൊരു മരത്തിനിടയിൽ കുടുങ്ങിപ്പോയി. എന്നെ കണ്ട് അവൻ ഭയങ്കര കളിയായിരുന്നു.. കളിച്ച് കളിച്ച് ഒരു മരത്തിന്റെ കവട്ടയ്ക്കിടയിൽ തല കുരുങ്ങി..എല്ലാവരും ഓടിക്കൂടി..ഒടുവിൽ പാപ്പാൻ അങ്കിൾ ഒരു വിധത്തിൽ അവനെ രക്ഷിച്ചു.”
മിലി കഥ തുടരവേ അച്ഛൻ ഇറങ്ങി വന്നു.
“എടാ.. ഗോപാ …. ഇവൾ എന്തൊരു കരച്ചിലാരുന്നെന്നോ… ആനക്കുട്ടി രക്ഷപെട്ടേപ്പിന്നാ ഒന്ന് നിർത്തിയത്.”
മിലി ഞാൻ കൊണ്ടുവന്ന പലഹാര പൊതിയുമായി അകത്തേക്ക് ഓടിപ്പോയി.
നാലാമത്തെ ദിവസം മിലി കുട്ടിയാനയുടെ പുറത്ത് കയറിയ വിശേഷം പറഞ്ഞത് അശ്വതിയാണ്. രാത്രി ഉറങ്ങാൻ കിടന്നപ്പോൾ. “അപ്പു… അപ്പു… എന്നെ വീഴ്ത്തല്ലേ.” എന്ന് മിലി ഉറക്കത്തിൽ പറയുന്നത് കേട്ട് ഞങ്ങൾ ചിരിച്ചു പോയി.

ഞങ്ങളുടെ പറമ്പിൽ രുചിയുള്ള നീണ്ട പുല്ലുകൾ വളരുന്നുണ്ടെന്ന് പറഞ്ഞാണ് മിലി പാപ്പാനുമായി ഉത്സവത്തിന്റെ ആറാമത്തെ ദിവസം വീട്ടിൽ വന്നത്. അമ്മയുടെ വകയായി പഴുത്ത ഒരു പാളാം കോടൻ കുലയും അവളുടെ പാപ്പാൻ അങ്കിളിന് കിട്ടി. അച്ഛൻ ഒരു മുണ്ടും സമ്മാനിച്ചു.
അമ്പലത്തിൽ നിന്ന് കിട്ടുന്ന തേങ്ങ, വാഴപ്പഴം എന്നിവയൊക്കെ അപ്പുവിന് സപ്ലെ ചെയ്യുന്ന ജോലിയും മിലി ഏറ്റെടുത്തു. അപ്പു അവളുടെ തലയിൽ തുമ്പിക്കൈ ചേർത്ത് വെച്ച് സ്നേഹപ്രകടനം നടത്തി.
ഉത്സവം തീരുന്നതിന്റെ തലേ ദിവസമാണ് മിലി കാടിനെക്കുറിച്ച് ചോദിച്ചത്.
“അച്ഛാ ശരിക്കും ആനകളുടെ വീട് കാടല്ലേ? പിന്നെ എങ്ങനെ നാട്ടിൽ വന്നു?”
മിലിയുടെ ചോദ്യത്തിന് എനിക്ക് കൃത്യമായ ഉത്തരം പറയാൻ കഴിഞ്ഞില്ല.
ഉത്സവത്തിന് കൊടിയിറങ്ങിയ ദിവസം ഞാൻ ലീവെടുത്തു. മിലിയുമായി അമ്പലപ്പറമ്പിൽ എത്തി. രാവിലെ തൊട്ടേ അവൾക്ക് വല്ലാത്ത വിഷമമായിരുന്നു. അപ്പുവിന്റെ അടുത്ത് നിന്ന് ഒരുപാട് വിശേഷങ്ങൾ അവൾ പറയുന്നത് കണ്ടപ്പോൾ എനിക്ക് സങ്കടം തോന്നി. കരിവളയും ബലൂണും കളിപ്പാട്ടങ്ങളും ഒന്നും മിലി ചോദിച്ചില്ല.
യാത്ര പറയാനായി പാപ്പാൻ ഗോവിന്ദൻ വന്നപ്പോൾ ഞാനയാൾക്ക് മിലിയുടെ സന്തോഷത്തിന് വേണ്ടി കുറച്ച് പണം നൽകി. ഉത്സവപ്പറമ്പിൽ നിന്ന് ആളും കടകളും ഒഴിഞ്ഞു തുടങ്ങി. അപ്പു പോവുന്നതും മിലി നോക്കി നിന്നു. കലപില മിണ്ടുന്ന മിലി വീടുവരെ ഒന്നും മിണ്ടിയില്ല. പിന്നെ തുടങ്ങി.
“ങ്ങ്ഹീ… ങ്ങ്ഹീ…
അപ്പു… അപ്പു …. “എന്ന ഈ കരച്ചിൽ അതിപ്പോഴും കേൾക്കാം.