എന്റെ സ്കൂൾ വീണ്ടും തുറന്നു. സന്തോഷമായി. ഹൊ, വീട്ടിൽ അടച്ചിരുന്നു മടുത്തു. ഓൺലൈൻ ക്ലാസ് ഒരു രസവുമില്ല. കുളിച്ച് റെഡിയായി, മാസ്ക്കിട്ട് അച്ഛന്റെ ബൈക്കിൽ ഞാനിരുന്നു.
രാവിലെ കാറ്റു കൊണ്ട് ഇങ്ങനെ സ്ക്കൂളിലേക്ക് പോവുമ്പോ ഞാൻ അച്ഛന്റെ വയറിൽ കെട്ടിപിടിച്ചിരിക്കും. ആ പഴയ സന്തോഷം തിരികെ വന്ന പോലെ.
ഞാൻ ഏഴാം ക്ലാസിലാണ്. ടീനേജ് കുട്ടിയായെന്ന് പറഞ്ഞ് അച്ഛനെന്നെ കളിയാക്കും.
കൊറോണയ്ക്കും മുമ്പും ഇതുപോലെയായിരുന്നു. അച്ഛൻ എന്നെ ബൈക്കിൽ സ്കൂളിൽ വിട്ടിട്ട് ജോലിക്ക് പോകും. എന്റെ അച്ഛൻ മെഡിക്കൽ റെപ്പാണ്. ആശുപത്രികൾ കയറിയിറങ്ങി നടക്കണം. അമ്മയ്ക്ക് അതു കൊണ്ട് വലിയ ടെൻഷനാണ്. പാവം അച്ഛൻ.
ഞങ്ങളുടെ ശരിക്കുള്ള വീട് ഗ്രാമത്തിലാണ്. മലയോരത്ത്. അച്ഛന്റെ ജോലിക്ക് വേണ്ടി ഞങ്ങൾ സിറ്റിയിൽ വന്ന് താമസിക്കുകയാണ്. കുറച്ചു നാൾ അമ്മ ഒരു വലിയ തുണിക്കടയിൽ ജോലിക്ക് പോയിരുന്നു. പിന്നീട് നിർത്തി.
സിറ്റി ഭയങ്കര ഫാസ്റ്റാണ്. ചീറിപായും വണ്ടികൾ, മുട്ടൻ കെട്ടിടങ്ങൾ, വേഗത്തിൽ നടക്കുന്ന ആളുകൾ. ഈ ട്രാഫിക്കിലൂടെ അച്ഛൻ ബൈക്കിൽ പായുന്നത് കാണുമ്പോ എനിക്ക് പേടിയാവും. അന്നേരം ഞാൻ കണ്ണടച്ച് പിടിക്കും.
ഞങ്ങൾ വാടകയ്ക്കാണ് താമസിക്കുന്നത്. അച്ഛൻ മരുന്ന് കമ്പനിയിൽ എനിക്ക് ചിലപ്പോൾ ഡോക്ടർമാർക്ക് കൊടുക്കാനുള്ള പേനയും പെൻസിലും ഡയറിയുമൊക്കെ കൊണ്ടുവന്ന് തരും.

ഞങ്ങൾ സ്കൂളിലെത്തി. മാസ്ക്കും സാനിട്ടൈസറും ഒക്കെയായി ഗേറ്റിൽ വലിയ ബഹളം. സിറ്റിയിലെ വലിയ സ്കൂളാണിത്. രണ്ട് വലിയ മൈതാനങ്ങൾ, വലിയ കെട്ടിടങ്ങൾ, നിരവധി സ്കൂൾ ബസുകൾ, ആയിരത്തിലധികം കുട്ടികൾ ഒക്കെയുള്ള വലിയ സ്കൂൾ.
ചുറ്റും മരങ്ങൾ, പൂന്തോട്ടം, യേശുവിന്റെയും മാലാഖമാരുടെയും പ്രതിമകളുണ്ട്. ഞങ്ങളുടെ പ്രിൻസിപ്പൾ ഫാദർ ഗബ്രിയേൽ അച്ചന്റെ മേൽനോട്ടത്തിൽ നടത്തുന്ന ചെറിയ ഒരു സൂവും മത്സ്യക്കുളവും സ്കൂളിലുണ്ട്. ഞാൻ മുയലുകളെ നോക്കിയിരിക്കും. ഫിഷ്പോണ്ടിൽ നിറയെ ഫിഷാ.
ഞാനും അച്ഛനും ടൈ കെട്ടുന്നത് ഒരുമിച്ചാണ്. അച്ഛൻ ടൈ കെട്ടിത്തരും. അമ്മ മുടി ചീകി തരുമ്പോ അച്ഛൻ പറയും “കുട്ടാ, കുട്ടൻ പഠിക്കുന്നതെ വല്യ സ്കൂളിലാ. അച്ഛനൊക്കെ പഠിച്ചത് ചെറിയ സ്ക്കൂളിലാ.”
ഞാൻ ഇംഗ്ലീഷ് സംസാരിക്കുന്നത് കേൾക്കുമ്പോ അച്ഛൻ പറയും “കുട്ടാ, ഞാനൊക്കെ എ ബി സി ഡി പഠിച്ചത് നാലാം ക്ലാസിലാ.”
ചില സമയത്ത് അച്ഛന് ഭയങ്കര കോംപ്ലക്സാണ്. പി ടി എയ്ക്ക് വന്നാൽ ആരോടും മിണ്ടാതെ പൊയ്ക്കളയും. ഒരിക്കൽ എന്റെ ക്ലാസ് ടീച്ചർ അരുന്ധതി മിസ്സ് പുതിയ കിയ കാറിൽ വന്നപ്പോ അച്ഛൻ ബൈക്കൊതുക്കി.
“കുട്ടാ ഞങ്ങടെ ഹെഡ് മാസ്റ്റർ സൈക്കിളിലാണ് സ്കൂളിൽ വന്നിരുന്നത്. ഞാൻ ചെറിയ ക്ലാസുകളിൽ പഠിക്കുമ്പോ വെള്ള മുണ്ടും വെള്ള ഷർട്ടും കഷണ്ടി തലയുമായി ഹെഡ് മാസ്റ്റർ ജോൺ സർ വരുന്നത് കാണുമ്പോ തന്നെ എന്റെ മുട്ടിടിക്കുമായിരുന്നു. കിഴുക്ക് കിട്ടിയാലുണ്ടല്ലോ ചെവിയുടെ അറ്റം ചുവക്കും. പിന്നെ ഡസ്റ്റർ ഏറ്… സാറിന്റെ ഉന്നം പറയാതെ വയ്യ.”
എന്നെ, സ്കൂളിൽ കൊണ്ടു വിടുമ്പോഴെല്ലാം അച്ഛൻ സ്വന്തം സ്കൂളിനെക്കുറിച്ച് എന്തെങ്കിലും പറയും. അച്ഛന്റെ സ്കൂളിന് പിന്നിൽ ഒരു മലയുണ്ട്. കുറ്റിക്കാടും റബർ തോട്ടവും നിറഞ്ഞ കുന്ന്. അച്ഛന്റെ വീട്ടിൽ നിന്നും സ്കൂളിലേക്ക് ഒരു കാട്ടുവഴിയുണ്ട്.
അച്ഛനും കൂട്ടുകാരും തെച്ചി പഴങ്ങൾ പറിച്ചു തിന്ന് നീല നാക്കുമായി സ്കൂൾ വിട്ട് വീട്ടിൽ വരും. കഴിഞ്ഞ ദിവസം ഒരു ബബിൾഗം ചവച്ചപ്പോഴാണ് നാക്കിന് നീല നിറം വന്നത്. അന്നേരം അമ്മയെന്നെ വഴക്ക് പറഞ്ഞു. ബബിൾ ഗം ബാനായി.

ഒരിക്കൽ അച്ഛന്റെ സ്ക്കൂളിൽ ഒരു കുറുക്കൻ വന്നു. മലയിലെ കാട്ടിൽ നിന്നും ഇറങ്ങി വന്ന കുറുക്കൻ നാലാം ക്ലാസിലേക്ക് കയറി വന്നു. നായയാണെന്നാണ് കുട്ടികൾ ധരിച്ചിരുന്നത്.
“കുട്ടാ, ഹെഡ് മാസ്റ്റർ തറപ്പിച്ചു പറഞ്ഞു. കുറുക്കനാണെന്ന്. എ ഫോക്സ്. എ ഫോക്സ് ഇൻ ദ ക്ലാസ്സ്റും. ഞങ്ങളെല്ലാവരും കൂടെ കുറുക്കനെ ഓടിച്ചു. മലയിലെ കാട്ടിലേക്ക് അവൻ വാലും ചുരുട്ടി ഓടി പോയി. ന്ത് രസമായിരുന്നെന്നോ.”
ഒരിക്കൽ അച്ഛന്റെ കുട്ടിക്കാലത്ത് ഒരു മഴക്കാലത്ത് നടന്ന സംഭവം കേട്ടപ്പോ എനിക്ക് ചിരി വന്നു. ഭയങ്കര മഴക്കാലം. മലയിൽ നിന്ന് കാറ്റ് വീശിയടിച്ചു. അച്ഛന്റെ ക്ലാസിലെ ഒരു പെൺകുട്ടിയുടെ കുട വരാന്തയിലിരുന്ന് വിറച്ചു. കുട തുറന്നിരിക്കുകയായിരുന്നു എന്നിട്ടത് ചെറിയ ഡ്രോണിനെപ്പോലെ പറന്ന് പൊങ്ങി മരക്കൊമ്പിൽ കയറിയിരുന്നു. ക്ലാസിൽ ബഹളമായി. പെൺകുട്ടി കരച്ചിലായി. അച്ഛന്റെ കൂട്ടുകാരൻ ഒരു കല്ലെടുത്ത് എറിഞ്ഞ് കുട താഴെയിട്ടു.
ഇങ്ങനെ എന്തെല്ലാം രസങ്ങളാണ് അച്ഛന്റെ സ്ക്കൂളിൽ. അച്ഛൻ ചോക്ക് മോഷ്ടിച്ച കഥ കേട്ടപ്പോ എനിക്ക് സങ്കടം വന്നു.
ഹെഡ് മാഷാണ് അച്ഛന്റെ ക്ലാസിലെ കണക്ക് സർ. ഇടയ്ക്ക് ചോക്ക് തീരുമ്പോ മാഷ് ചോക്കെടുക്കാൻ വിടും. അച്ഛൻ സ്റ്റാഫ് റൂമിൽ കയറി. ചുവപ്പ്, നീല, മഞ്ഞ കളറുകളിൽ ചോക്ക് അങ്ങനെ നിരന്നിരിക്കുന്നു. അച്ഛൻ ഓരോ കളർ ചോക്കു കട്ടു. നിക്കറിന്റെ പോക്കറ്റിലിട്ടു. ക്ലാസിൽ വന്നു. അടുത്തിരുന്ന കുട്ടി അച്ഛന്റെ കള്ളത്തരം കണ്ടുപിടിച്ചു.
“ദേ സാറേ, ഇവൻ ചോക്ക് കട്ടു.”
അന്നത്തെ സാറുമ്മാര് ഇന്നത്തെ സാറുമ്മാരെപ്പോലെയല്ല. കൂട്ടുകാരൻ ഒറ്റി. അച്ഛൻ എഴുന്നേറ്റു നിന്നു. ഹെഡ്മാഷ് അച്ഛന്റെ നിക്കറിന്റെ പോക്കറ്റിൽ കൈയ്യിട്ടു. ചോക്കെടുത്തു. കള്ളനെ ബഞ്ചിൽ കയറ്റി നിർത്തി. ചൂരൽ വടിയിലേക്ക് സാറിന്റെ കൈ നീണ്ടു. പടാ, പടാ… നാലഞ്ച് അടി. അച്ഛന്റെ കരച്ചിൽ മലമുഴുവൻ കേട്ടു.
“കുട്ടാ. ഞാൻ പിന്നെ ഇതുവരെ മോട്ടിച്ചില്ല കേട്ടോ, ആ അടിയുടെ ഗുണം.”
എങ്കിലും ഹെഡ്മാഷുടെ ആ ചൂരൽ പ്രയോഗം ഹൊ കേട്ടപ്പോ തന്നെ എനിക്ക് പേടിയായി. ചൂരൽ പോലെ മറ്റ് പല പീഡനമുറകളും പണ്ടുണ്ടായിരുന്നു. സ്വന്തം പേരിന്റെ കൂടെ മണ്ടൻ എന്ന് സ്വയം വിളിച്ചു പറയുന്ന ഒരു വിചിത്ര ശിക്ഷയും അച്ഛന്റെ സ്കൂളിൽ ഉണ്ടായിരുന്നു.

എനിയ്ക്ക് ക്യാപ്റ്റൻ അമേരിക്കയുടെയും അവഞ്ചേഴ്സിന്റെയുമൊക്കെ കളക്ഷൻ ഉള്ളതു പോലെ അച്ഛന് പണ്ട് തീപ്പെട്ടി പടങ്ങളുടെ ശേഖരമുണ്ടായിരുന്നു സ്കൂളിൽ കൊണ്ടുപോകുന്ന അലുമിനിയം പെട്ടിയിലാണ് അത് ശേഖരിച്ചു വെച്ചിരുന്നത്.
“കുട്ടാ, ഭയങ്കര രസമായിരുന്നു. കണ്ട കാനയിലും കുപ്പയിലുമെല്ലാം തീപ്പെട്ടി പടം തിരഞ്ഞ്. കടകളുടെ പിന്നാമ്പുറത്ത് അലയും. ‘വീ ടു,’ ‘തീവണ്ടി’ തുടങ്ങി ഇഷ്ടം പോലെ പടങ്ങൾ. സ്കൂളിൽ ഞങ്ങള് പിള്ളാര് തമ്മിൽ മത്സരമായിരുന്നു.”
ഒരിക്കൽ അച്ഛന്റെ സ്ക്കൂളിൽ കള്ളൻ കയറിയിട്ടുണ്ട്. അച്ഛന്റെ സ്ക്കൂളിൽ ഉച്ചയ്ക്ക് കഞ്ഞിയും പയറും കിട്ടും. അച്ഛൻ ഒരു സ്റ്റീൽ പാത്രവും സ്പൂണുമായാണ് ഉച്ചക്കഞ്ഞി കുടിക്കാൻ സ്കൂളിൽ പോയിരുന്നത്.
“എന്റെ കുട്ടാ, ആ ഉച്ചക്കഞ്ഞിയുടെ മണം ഇപ്പോഴും മൂക്കിൻ തുമ്പിലുണ്ട്. ചോറ് വെന്ത് മലരുന്നത് പൂ പോലെ മണം വിടരും…”
ഇപ്പോഴും കഞ്ഞിയുടെ കാര്യം പറയുമ്പോ അച്ഛന്റെ വായിൽ കപ്പലോടിക്കാം.
“കുട്ടാ, ഞങ്ങടെ സ്ക്കൂളിലെ അരിയും പയറും ഒരിക്കൽ ഒരു കള്ളൻ കട്ടോണ്ട് പോയി. കള്ളൻ പോയ വഴിയെ, മലയിലെ വഴിയിലൂടെ ഹെഡ് മാഷിനൊപ്പം ഞങ്ങളും നടന്നു. പൊട്ടിയ ചാക്കിൽ നിന്നും ഊർന്നു വീണ ചാക്കരി വഴി നീളെ കരിയിലകളിൽ അടയാളമിട്ടിരുന്നു. പക്ഷെ കള്ളനെ കിട്ടിയില്ല. അന്ന് സ്കൂളിൽ ഉച്ചക്കഞ്ഞിയില്ലായിരുന്നു കുട്ടാ.”
അച്ഛൻ കുട്ടിക്കാലത്തേക്ക് ഊളിയിട്ടു. ഇങ്ങനെ അച്ഛൻ എന്നെ സ്കൂളിലേക്ക് കൊണ്ടു വിടുമ്പോഴും വിളിക്കാൻ വരുമ്പോഴും അച്ഛന്റെ സ്കൂളിലെ കഥകൾ പറയും. പശു സ്കൂളിൽ കയറിയ കഥ, അച്ഛന് ആദ്യമായി പുസ്തകം സമ്മാനം കിട്ടിയ കഥ അങ്ങനെ… അങ്ങനെ… നിറയെ കഥകൾ.
പക്ഷേ ഇപ്പോൾ അച്ഛൻ കഥകൾ പറയാറില്ല. കഴിഞ്ഞ പ്രളയത്തിൽ അച്ഛൻ പഠിച്ച സ്കൂൾ തകർന്നു വീണു. പത്ത് നൂറ്റമ്പത് വർഷം പഴക്കമുള്ള സ്കൂൾ. ഇനി പുതിയ സ്കൂൾ കെട്ടണം. സർക്കാറിലേക്ക് എഴുതി പോയിട്ടുണ്ട്. അവിടെ അച്ഛന്റെ സ്കൂൾ വരും. പക്ഷെ അത് അച്ഛന്റെ സ്കൂൾ അല്ലല്ലോ… ആ പെരുമഴയിൽ അച്ഛന്റെ കഥകളും ഓർമ്മകളും ഒലിച്ചു പോയി. പാവം അച്ഛൻ.
“കുട്ടാ, അടുത്ത തവണ നാട്ടിൽ പോവുമ്പോ കുട്ടനെ അച്ഛന്റെ സ്കൂളിൽ കൊണ്ടുപോകാം,” അച്ഛൻ എപ്പഴും പറയും.
ഇനി എനിക്ക് അച്ഛന്റെ സ്കൂളിൽ പോവാൻ കഴിയില്ല. പാവംഅച്ഛൻ. ഞാൻ അച്ഛന് ടാറ്റാ പറഞ്ഞ് ക്ലാസിലേക്ക് കയറി.