Latest News

കട്ടക്കാരനും അപ്പൽ രാജകുമാരനും -ലക്ഷദ്വീപിൽ നിന്നൊരു കഥ

ഇറ്റ കമ്പി ഒന്നെടുത്ത് അപ്പലിന്റെ കഴുത്തിലേക്ക് തന്നെ കുത്തി. പെട്ടെന്ന് അപ്പൽ ഇറ്റയുടെ മുഖത്തേക്ക് ചവിട് (മഷി) വിട്ടു. കണ്ണിലും മൂക്കിലും മഷി തെറിച്ച ഇറ്റയുടെ ലക്ഷ്യം പിഴച്ചു. ഇസ്മത്ത് ഹുസൈൻ എഴുതിയ ലക്ഷദ്വീപി നിന്നുള്ള കഥ

ismath hussain, story, iemalayalam

ലക്ഷദ്വീപിൽ കട്ടക്കാരൻ എന്ന് വിളിക്കുന്നത് ചെത്തുകാരനെയാണ്. അപ്പൽ എന്ന് വിളിക്കുന്നത് നീരാളിയേയും. ദ്വീപിൽ കള്ളുചെത്തില്ല. തെങ്ങിൽ ചർക്കര, സുർക്കാ എന്നിവയുണ്ടാക്കാൻ നീര ചെത്തി എടുക്കുന്ന പരമ്പരാഗതമായ ജോലി ചെയ്യുന്നവരാണ് കട്ടക്കാരൻ.

നല്ല കൈവർക്കത്തുള്ള കട്ടക്കാരനായിരുന്നു ബീരാൻ കാക്കാ. എല്ലാ തറവാട്ടുകാർക്കും അയാളെ വേണമായിരുന്നു. എന്നാൽ മേലായില്ലം തറവാട് വക തെങ്ങുകളാണ് അയാൾ കയറിയത്. അവർക്ക് വേണ്ടിയാണ് കട്ടം മൂനത്. ബീരാൻ കാക്കാ കട്ടം മൂനാൽ ചെമ്പ് നിറയെ മീരായുണ്ടാവും. അയാൾ തൊട്ടതെങ്ങെല്ലാം നന്നായി കായിക്കും.

കട്ടം മൂനും കട്ടിമുറുക്കിയും സുറുക്കാവിറ്റും കൊപ്ര വെട്ടിയും ആണ്ടോടാണ്ട് അയാൾക്ക് നല്ലൊരു വരുമാനം കിട്ടുന്നുണ്ടായിരുന്നു. പട്ടിണിയുള്ള വീടുകളിലെല്ലാം സഹായവുമായി ബീരാൻ കാക്കാ എത്തുക പതിവായിരുന്നു.

പതിവുപോലെ അന്നും കാക്കാ തണ്ണി കുറ്റിയും മീരാക്കുറ്റിയുമായി തെങ്ങിലേക്ക് ചാടിക്കയറി. തെങ്ങിന്‍റെ മണ്ടയിൽ കണ്ട കാഴ്ച അയാളെ തളർത്തി കളഞ്ഞു. മീരാ ശേഖരിക്കുന്ന ചിരട്ടകളെല്ലാം കാലിയായി കിടക്കുന്നു. എല്ലാ തെങ്ങിലേയും സ്ഥിതി ഇതുതന്നെയായിരുന്നു. ആരോ മീരാ കട്ട് കുടിച്ചിരിക്കുന്നു.

എന്ത് ചെയ്യണമെന്നറിയാതെ അയാൾ തളർച്ചയോടെ താഴെ ഇറങ്ങി കോക്ക ഫുളുക്കിയാറ്റിലെ വെള്ളമണലിൽ അമർന്നിരുന്നു. ജീവിതത്തിലൊരിക്കൽ പോലും സംഭവിക്കാത്ത ഒരനുഭവം ഇപ്പോൾ സംഭവിച്ചിരിക്കുന്നു. സീതിക്കോയാ മുതലാളിയോട് എന്ത് സമാധാനമാണ് പറയുക. അയാൾ ഇത് വിശ്വസിക്കുമോ. എന്ത് പറഞ്ഞാലും വിശ്വസിക്കാത്ത ഒരു മുരടന്നാണയാൾ.

തുടർച്ചയായ ദിവസങ്ങളിൽ മീരാ മോഷ്ടിക്കപ്പെട്ടു.

ismath hussain, story, iemalayalam

മുതലാളിയെ കണ്ട് കാര്യം അറിയിച്ചപ്പോൾ സീതിക്കോയാ കാരണവർ ചൂടായി. തന്‍റെ പിടിപ്പ് കേടുമൂലമാണ് ഇങ്ങനെയെല്ലാം സംഭവിച്ചതെന്ന് കുറ്റപ്പെടുത്തി. മീരാക്കുറ്റിയെടുത്ത് അയാളുടെ മുഖത്തേക്ക് എറിഞ്ഞ് ഇറങ്ങി പോയാലോ? അയാളുടെ മുശടൻ സ്വഭാവം പോലെ താനും പെരുമാറിയാൽ അയാളും താനും തമ്മിൽ എന്താണ് വ്യത്യാസം. മുല്ലക്കോയാ തങ്ങൾ ഹൃദയത്തിലേക്ക് ഊതി തന്ന ശാന്തിമന്ത്രം ബീരാൻ കാക്കാന്റെ ഉള്ളത്തെ ഒരു തീരുമാനത്തിലെത്തിച്ചു. മീരാ കള്ളനെ കാത്തിരുന്ന് പിടിക്കുക.

രാത്രി ബീരാൻ കാക്കാ കടപ്പുറത്ത് ഒളിച്ചിരുന്നു. സമയം മെല്ലെ മെല്ലെ ഇഴഞ്ഞ് ഇഴഞ്ഞ് നീങ്ങി. കടലിൽ വേലിയേറ്റങ്ങളും ഇറക്കങ്ങളുമുണ്ടായി. പാതിരാത്രി നേരം വേലിയേറ്റത്തിൽ തിരകൾ വന്ന് തീരത്ത് പൊട്ടി മറിഞ്ഞു. പെട്ടെന്ന് കടലിൽ ഒരാളനക്കം. കാക്കാ സൂക്ഷിച്ച് നോക്കി. ഒരു കുന്നിപ്പിള്ള (ചെറിയ കുട്ടി) നീന്തി വന്ന് കരയിലേക്ക് കയറുന്നു‌. അവൻ നടന്ന് വന്ന് തെങ്ങിന്റെ ചുവട്ടിലേക്കെത്തി. ബീരാൻ കാക്കാ കൊക്ക് മാടി കൈയ്യിലെടുത്തു. കുഞ്ഞിക്കത്തി എടുക്കാൻ പാകത്തിന് “ഫണ്ടി”യിൽ ശരിയാക്കി വെച്ചു. അവൻ തെങ്ങിലേക്ക് കയറുകയാണ്.

”നീം തെങ്ങിന മേലേക്കേറ്, നിക്ക് പണിയുണ്ട്, ” കാക്കാ മനസാലെ പറഞ്ഞ് കാത്ത് നിന്നു. അവൻ തെങ്ങിന്റെ മണ്ടയിലേക്ക് കയറി പോയി. തെങ്ങിൻ മടലുമായി കാക്കാ തെങ്ങിൻ ചുവട്ടിലേക്ക് നീങ്ങി നിന്നു. കുറേ കഴിഞ്ഞപ്പോൾ അവൻ മീരായും കുടിച്ച് മെല്ലെ ഇറങ്ങി വന്നു. താഴെ എത്തിയതും കൊക്ക് മാടികൊണ്ട് അടിക്കാനോങ്ങിയതും അവൻ തിരിഞ്ഞ് നോക്കി. അവന്റെ മുഖം കണ്ട് ബീരാൻ കാക്കാ ഞെട്ടി. അതൊരു അപ്പലായിരുന്നു.

“എന്നേ ഒന്നും ചെയ്യല്ലേ. നിനക്ക് ഞാനൊരു സമ്മാനം തരാം.”

ബിരാൻ കാക്കായ്ക്ക് അത്ഭുതം അടക്കാനായില്ല. മീരാ കുടിക്കുകയും സംസാരിക്കുകയും ചെയ്യുന്ന അപ്പലിനെ അയാൾ ആദ്യമായി കാണുകയായിരുന്നു.

”എല്ലാ അപ്പലും സംസാരിക്കില്ല. ഞാൻ അപ്പൽ രാജകുടുംബത്തിലെ അംഗമാണ്. ഞങ്ങൾക്ക് ഒരു ദിവ്യൻ തന്ന അനുഗ്രഹമാണ് ഈ സംസാര ശേഷി. ഞങ്ങളെ മനുഷ്യരുള്ള സ്ഥലത്തേക്ക് പറഞ്ഞയക്കാറില്ല. മനുഷ്യരെ ഞങ്ങൾക്ക് പേടിയാണ്.”

ismath hussain, story, iemalayalam

“പിന്നെ നീ വന്നതോ?”

”ഞങ്ങളുടെ കൊട്ടാരത്തിലൊരു വൈദ്യനുണ്ട്. അയാളാണ് മീരാ എന്ന വിശിഷ്ട പാനീയത്തെക്കുറിച്ച് പറഞ്ഞത്. എന്റെ രാജ്യത്തിലെ അടുത്ത കിരീടാവകാശി യാണ് ഞാൻ. രാജ്യത്തെ നിയമപ്രകാരം അംഗപരിമിതിയുള്ളയാൾക്ക് രാജസ്ഥാനം ഏറ്റെടുക്കാൻ പാടില്ല. കുറേ മുമ്പ് മലഞ്ഞികളുമായി നടന്ന യുദ്ധത്തിൽ എന്റെ ഒരു കാല് നഷ്ടപ്പെട്ടു. ഇപ്പോൾ എന്റെ പിതാവ് ചെവിട് കുടിയൻ നാടുനീങ്ങിയാൽ ഭരണം അട്ടിമറിക്കാനാണ് മലഞ്ഞി കൂട്ടത്തിന്റെ നീക്കം. അമാവാസി ദിവസത്തിന് മുമ്പത്തെ മൂന്ന് ദിവസവും പുറകിലത്തെ മൂന്ന് ദിവസവും ഇറ്റി വീഴുന്ന മീരാ കുടിച്ചാൽ എന്റെ എട്ടാമത്തെ കാല് വളർന്ന് വരും. ഇതാ എന്റെ കാല് വളരാൻ തുടങ്ങിയിരിക്കുന്നു. ഈ കാലിന്റെ വളർച്ച പൂർത്തിയായാലെ എന്നെ അടുത്ത കിരീടാവകാശിയായി പ്രക്യാപിക്കാനാവൂ. അതുകൊണ്ടാണ് ഞാൻ…”

”നീ കാരണം എന്റെ മാനം പോയി. ഞാൻ കഷ്ടത്തിലുമായി. “

“ഞാൻ നിനക്ക് വിശിഷ്ടമായ ഒരു സമ്മാനം തരാം. അത് വലിയ വില പിടിപ്പുള്ളതാണ്. അത് വിറ്റ് കൊടുക്കേണ്ടവർക്കൊക്കെ കൊടുത്ത് സുഖമായി ജീവിച്ചോ. ദിവസവും എനിക്ക് വേണ്ടി മീര ചെത്തി വെക്കണം.”

അപ്പൽ തന്റെ തൊപ്പിക്കുള്ളിൽ കൈ കടത്തി കുറേ പവിഴ മുത്തുകൾ പുറത്തെടുത്ത് കട്ടക്കാരന് കൊടുത്തു. മുത്തുകൾ അയാളുടെ കൈയ്യിൽ കിടന്ന് വെട്ടി തിളങ്ങി.

“ഇക്കാര്യം താങ്കൾ മറ്റാരോടും പറയരുത്,” അപ്പൽ കട്ടക്കാരനോട് പറഞ്ഞു.

പറയില്ല എന്ന് സത്യം ചെയ്താണ് അയാൾ വീട്ടിലേക്ക് മടങ്ങിയത്. എന്നാൽ അയാൾക്ക് ആ വാക്ക് പാലിക്കാനായില്ല. അയാളുടെ ഏറ്റവും അടുത്ത ചങ്ങാതി ഇറ്റയോട് ബീരാൻ കാക്കാ പവിഴമുത്തുകളുടെ രഹസ്യം പറഞ്ഞു.

പവിഴമുത്തുകൾ നേരിൽ കണ്ട ഇറ്റ ചങ്ങാതിയുടെ മനസ് മോഹക്കടലായി ഇരമ്പി. ആ അത്ഭുത അപ്പലിനെ പിടിച്ച് തൊപ്പി മറിച്ചാൽ കോടികൾ വിലമതിക്കാവുന്ന പവിഴങ്ങൾ കിട്ടും. സംസാരിക്കുന്ന അപ്പലിനെ ജീവനോടെ കിട്ടിയാൽ അതിനും കോടികൾ മറിയും. പിന്നെ നമ്മുടെ ജീവിതം ജഗപൊക. അപ്പൽ കുടുക്കുമായി ഇറ്റ ചങ്ങാതി കോക്ക ഫുളുക്കിയാറ്റിലെ തൈക്കൂട്ടത്തിനിടയിൽ അപ്പല്ലിനേയും കാത്തിരുന്നു. ഇരുട്ട് കനത്ത് തുടങ്ങി.

ismath hussain, story, iemalayalam

ഇറ്റ ചങ്ങാതി മെല്ലെ തൈക്കൂട്ടത്തിലേക്ക് നടന്ന് ചെന്നു. അപ്പൽ കുടുക്കിനുള്ള ഉപകരണങ്ങൾ ഓരോന്നായി എടുത്ത് പരിശോധിച്ചു. എത്ര എത്ര അപ്പലുകളാണ് ഈ കയ്യിൽ കിടന്ന് പിടഞ്ഞ് ജീവൻ വെടിഞ്ഞിട്ടുള്ളത്.

കടൽ തന്റെ രഹസ്യങ്ങളെല്ലാം ഇറ്റ എന്ന മുക്കുവന് മുന്നിൽ തുറന്ന് കൊടുത്തിട്ടുണ്ട്. ഏത് അളയിലുള്ള അപ്പലിനേയും നിമിഷ നേരം കൊണ്ട് പുറത്തിറക്കി, തൊപ്പി മറിച്ച് സഞ്ചിയിലാക്കാനുള്ള ഇറ്റയ്ക്കുള്ള കരവിരുത് ഒന്ന് വേറെ തന്നെയായിരുന്നു.

തന്റെ മുന്നിലേക്ക് എത്താൻ പോവുന്നത് സംസാരിക്കുന്ന അപ്പൽ രാജകുമാരനാണ്. കിട്ടിയാൽ കോടികൾ വിലമതിക്കാവുന്ന ജീവി. ഇറ്റ ക്ഷമയോടെ കാത്തിരുന്നു. ഇന്ന് തിങ്കളില്ലാത്ത ദിവസമാണ്. കടപ്പുറത്ത് ഇരുട്ട് കട്ടപിടിച്ച് കിടന്നു. നേരിയ നക്ഷത്രവെളിച്ചത്തിൽ ഇറ്റ കടലിലേക്ക് നോക്കിയിരുന്നു.

കടലിൽ ആളനക്കം കേൾക്കുന്നു. അപ്പൽ രാജകുമാരൻ എത്തിയിരിക്കുന്നു. അവൻ കരയിലേക്ക് നടന്നുവരികയാണ്. തെങ്ങിലേക്ക് കയറുകയാണ്. ഇറ്റ ഇരുമ്പ് കമ്പികൾ കൈയ്യിലെടുത്തു. മീരാ കുടിച്ച് ഇറങ്ങി വരുന്ന അപ്പലിനെ മണ്ണിലിറങ്ങുന്നതിന് മുമ്പ് ഇരുമ്പ് കുത്തിയിറക്കി തൊപ്പി മറിക്കാനായിരുന്നു ഇറ്റയുടെ ശ്രമം.

അപ്പൽ ഇറങ്ങിവരികയാണ്. ഇറ്റ കമ്പി ഒന്നെടുത്ത് അപ്പലിന്റെ കഴുത്തിലേക്ക് തന്നെ കുത്തി. പെട്ടെന്ന് അപ്പൽ ഇറ്റയുടെ മുഖത്തേക്ക് ചവിട് (മഷി) വിട്ടു. കണ്ണിലും മൂക്കിലും മഷി തെറിച്ച ഇറ്റയുടെ ലക്ഷ്യം പിഴച്ചു. ഇറ്റ മുഖത്തെ ചവിട് വടിച്ച് കളഞ്ഞ് നോക്കുമ്പോഴേക്കും അപ്പൽ രാജകുമാരൻ കടലിൽ മറഞ്ഞിരുന്നു.

തന്റെ മോഹം പൂവണിയാത്തതിൽ ഇറ്റക്ക് വല്ലാതെ വിഷമം തോന്നി. ഇനി ഒരു ദിവസം വലക്കുടുക്കുണ്ടാക്കി പിടിക്കാനായിരുന്നു അടുത്ത ആലോചന. പിറ്റെ ദിവസം പുതിയ കരുതലോടെയാണ് ഇറ്റ അപ്പലിനെ പിടിക്കാൻ എത്തിയത്. മീരാ കൂടിച്ചിറങ്ങിയ അപ്പലിന്റെ ദേഹത്തേക്ക് നല്ല ഇഴയടുപ്പുള്ള ബീച്ച് വല വന്ന് വീണു. വലയിൽ നിന്നും രക്ഷപ്പെടാനാവാതെ അപ്പൽ കുടുങ്ങി. ഇറ്റ വലക്ക് പുറത്ത് കൂടി അപ്പലിന്റെ തൊപ്പി മറിച്ചിട്ടു. തൊപ്പിക്കുള്ളിൽ പവിഴങ്ങളൊന്നുമില്ലായിരുന്നു.

ismath hussain, story, iemalayalam

“ഞാൻ നിനക്ക് വിലപിടിപ്പുള്ള പവിഴങ്ങൾ തരാം. എന്നെ വിട്… ” എന്ന് അപ്പൽ പറഞ്ഞ് കൊണ്ടിരുന്നു. ഇറ്റ അപ്പലിനെ വിടാൻ ഒരുക്കമല്ലായിരുന്നു. അവസാനം അപ്പൽ രാജകുമാരൻ ഒരു കഥ പറയാൻ തുടങ്ങി.

കടലിനടിയിലെ രാജ്യത്തിന്റെയും ജനങ്ങളുടേയും കഥയാണ് അപ്പൽ പറഞ്ഞത്. കടലിനടിയിൽ ഏഴു കടലുകൾക്കുമടിയിൽ പവിഴപ്പുറ്റുകൾ വിരിഞ്ഞ് നിൽക്കുന്ന അതിമനോഹരങ്ങളായ കടൽ ചെടികൾ വളർന്ന് മുറ്റിയ രാജ്യമാണ് പവിഴമാല രാജ്യം.

അവിടത്തെ രാജാവ് ചെവിട്കൂടിയൻ എന്ന് പേരുള്ള വാർദ്ധക്യം ബാധിച്ച രാജാവാണ് അപ്പൽ രാജകുമാരന്റെ പിതാവ്. ചെവിട്കുടിയൻ നാടു നീങ്ങിയാൽ അടുത്ത ഊഴം രാജകുമാരനായ എനിക്കാ ണ്. ഞാൻ ഇല്ലാതായാൽ രാജ്യം അന്യാധീനമായി പോവും. നാട്ടിൽ കലഹമുണ്ടാവും. അതിന് വേണ്ടി കാത്തിരിക്കുന്ന കുറേയാളുകൾ ഞങ്ങളുടെ രാജ്യത്തുണ്ട്.

ആദം ബാവാ, കരിമലഞ്ഞിയും കട്ക്കാ മലഞ്ഞിയും തൊമ്പും പേച്ചാനും ഒക്കെയായി വലിയൊരു സംഘം തന്നെയുണ്ട്. പ്രശ്നമായാൽ മീനുകൾ ചത്തൊടുങ്ങും. കടലിനടിയിൽ കലഹമുണ്ടാകുമ്പോഴാണ് കടൽ കോപിക്കുന്നത്. അതിനാൽ നിങ്ങൾക്ക് കടലിലെ എന്ത് വിലപിടിപ്പുള്ളതും എനിക്ക് തരാനാവും. എന്നെ പോവാൻ അനുവദിക്കണം.

രാജകുമാരന്റെ കണ്ണുകളിൽ കണ്ണുനീരിന്റെ തിളക്കം. ഇറ്റയുടെ മനസലിഞ്ഞു. ഒരു രാജ്യത്തെ രക്ഷിക്കാൻ ജീവൻ പണയം വെച്ച് ഇറങ്ങി തിരിച്ച അപ്പൽ രാജകുമാരനോട് ഇറ്റയ്ക്ക് എന്തെന്നില്ലാത്ത ബഹുമാനം തോന്നി. ഇറ്റ വലക്കുടുക്കിൽ നിന്നും അപ്പലിനെ മോചിപ്പിച്ചു.

“ഞാൻ അടുത്ത അമാവാസിക്ക് മുമ്പുള്ള മൂന്നാമത്തെ നാൾ ഞാൻ വരും. അന്ന് നിനക്കുള്ള സമ്മാനം ഞാൻ കൊണ്ടു വരാം…”

“എനിക്കൊന്നും വേണ്ട. മനുഷ്യരെ പോലെതന്നെ ഈ പ്രപഞ്ചത്തിലെ ഓരോ ജീവിക്കും ജീവിതവും കുടുംബവും കഥകളുമുണ്ടെന്ന് ഞാനിപ്പോഴാണ് തിരിച്ചറിഞ്ഞത്. ഞാനിനി ഒരു ജീവിയേയും ഉപദ്രവിക്കില്ല. ഈ സത്യം മനസിലാക്കി തന്നത് തന്നെ വല്യ കാര്യം. നീ പോയിക്കോ. അടുത്ത അമാവാസിനാളുകളിൽ നിന്നെ കാത്തു രക്ഷിക്കാൻ ഞാനീ കടപ്പുറത്തുണ്ടാവും.”
.
അപ്പൽ തിരികെ പോയി. പിറ്റേ അമാവാസിക്ക് മുമ്പുള്ള മൂന്നാം ദിവസം പരിവാരസമേതമാണ് അപ്പൽ രാജകുമാരൻ മീരാ കൂടിക്കാനെത്തിയത്. പലതരത്തിലും വലിപ്പത്തിലുമുള്ള അപ്പലുകളും മീനുകളും കടൽ നിറയെ അണിനിരന്നിരുന്നു. എല്ലാ കണ്ണുകളിലും ഇറ്റയോടും ബീരാൻ കാക്കാനോടുമുള്ള നന്ദി നിറഞ്ഞിരുന്നു.

മീരാ കൂടിച്ച് വന്ന അപ്പൽ തന്റെ തൊപ്പിക്കുള്ളിൽ നിന്നും രണ്ട് അപൂർവ്വ തരം പവിഴങ്ങൾ പുറത്തെടുത്തു. ഒട്ടേറെ അത്ഭുത സിദ്ധികളുള്ള രത്നങ്ങളായിരുന്നു അവ. അതിലൊന്ന് ബീരാൻ കാക്കായിക്കും മറ്റേത് ഈറ്റ ചങ്ങാതിക്കും സമ്മാനിച്ച് അപ്പലും പരിവാരങ്ങളും കടലിലേക്ക് മടങ്ങി. അപൂർവ്വ രത്നം ലഭിച്ച രണ്ട് ചങ്ങാതിമാരും സന്തോഷത്തോടെയും സമൃദ്ധിയോടെയും ദീർഘകാലം ജീവിച്ചു.

Read More: ഒരു കഥ കൂടി വായിക്കാന്‍ തോന്നുന്നുണ്ടോ, എന്നാല്‍ ഇവിടെ ക്ലിക്ക് ചെയ്യു

Get the latest Malayalam news and Children news here. You can also read all the Children news by following us on Twitter, Facebook and Telegram.

Web Title: Ismath hussain story for children kattakaranum appal rajakumaranum

The moderation of comments is automated and not cleared manually by malayalam.indianexpress.com