മിത്രയുടെ വീട്ടില് ഒരു വലിയ ഇല്ലിക്കാടുണ്ട്.  ‘ഇല്ലിമുളം കാടുകളിൽ ലലല്ലലം പാടിവരും’ എന്ന പാട്ടു കേട്ടിട്ടില്ലേ? അതു തന്നെ. ഈ ഇല്ലിക്കാട്ടില് സൂചിമുഖി എന്ന് പേരുള്ള ഒത്തിരി കുഞ്ഞിക്കിളികളുണ്ട്.

ഈ കുഞ്ഞി കിളികൾക്ക് താമസിക്കാൻ അവര് തന്നെ ഉണ്ടാക്കിയ കുറേ കൂടുകളുണ്ട്. കിളിക്കൂട്…

മഴക്കാലമായാൽ മിത്രേടെ വീടിനുള്ളിലാ ഇവര് കൂടുകെട്ടണെ. തുണി ഉണങ്ങാൻ ഇടുന്ന അഴയിൽ, അലമാരയുടെ സൈഡിൽ എന്നുവേണ്ട, ഫാനിന്റെ കപ്പില്‍ വരെ കൂട് കൂട്ടും! അകത്തൊക്കെ വരാൻ ഒരു പേടിയുമില്ലന്നെ! അതു കൊണ്ടു മഴക്കാലത്തു മിത്രയുടെ വീട്ടില് ഫാൻ ഇടാറില്ല… കിളികൾക്ക് ഉവ്വാവു ആവൂല്ലേ?

ഇപ്പം ചൂടുകാലമല്ലേ. ചൂടുകാലത്തു സൂചിമുഖികൾക്കു കുടിക്കാനായി മിത്രയുടെ അച്ഛൻ ചിരട്ടകളിൽ വെള്ളം നിറച്ചു വക്കും…

ഇന്നലെ ഉണ്ടല്ലോ, നമ്മുടെ പാവം സൂചിമുഖിപ്പെണ്ണ് വെള്ളം കുടിക്കാനായി ചിരട്ടയുടെ അടുത്തേയ്ക്ക് വരുവായിരുന്നു…
‘വൂം…’
‘അയ്യോ…’
ഒരു വലിയ കാക്ക പെട്ടന്ന് പറന്നുവന്നു. ചിരട്ടയും വെള്ളവും കൂടെ, ധടുപുടിനത്തോം… ദേ കെടക്കണ്…
ഒക്കെ കൂടെ താഴെ! സൂചിമുഖിക്ക് ദേഷ്യം വന്നു.

‘കലപില കലപില’ന്ന് അവൾ കാക്കച്ചിയെ വഴക്ക് പറഞ്ഞു.

‘എന്റമ്മോ… ഈ പെണ്ണിന് എന്തു പറ്റിയാവോ. എന്ന് വിചാരിച്ചു കാക്കച്ചി പറന്നു പോയി.

അന്നേരം മിത്രേടെ വീട്ടിലെ ചെല്ലക്കുറിഞ്ഞിപ്പൂച്ച പാലൊക്കെ കുടിച്ചു, ചിറിയൊക്കെ നൊട്ടി നുണഞ്ഞു ആ വഴി വന്നു.damodar radhakrishnan, childrens stories, iemalayalam

അപ്പൊ അശോകച്ചെത്തിയുടെ മോളിലിരുന്ന് അണ്ണാറക്കണ്ണനെ കണ്ടു.

“കുറെ ആയല്ലോ കണ്ടിട്ട്. ഇങ്ങു വാ, എന്താ വിശേഷം, ചോദിക്കട്ടെ.”

ഇതു കേട്ടതും അണ്ണാനു ദേഷ്യം വന്നു. താഴെ വന്നാൽ തന്നെ പിടിച്ച് തിന്നാനുള്ള സൂത്രമാ ഈ കള്ളിപ്പൂച്ചേടെ…

‘ചിൽ, ചിൽ, ചിൽ, ചിൽ…’

‘കല പില, കല പില കല പില…’

‘മ്യാവൂ മ്യാവൂ മ്യാവൂ മ്യാവൂ…’

ഈ ബഹളമൊക്കെ കേട്ട് മിത്ര പുറത്തേക്ക് ഓടിവന്നു.

“ഒന്ന് മിണ്ടാതിരിക്കാവോ.. കൊച്ചു കുട്ടികൾക്ക് ഇവിടെ പഠിക്കണ്ടേ? എന്തൊരു ബഹളമാ ഇത്?”

ഇതു കേട്ടതും അണ്ണാൻ ഓടിപ്പോയി പൈപ്പിന്റെ ചോട്ടിൽ കിടന്നിരുന്ന ഒരു ക്യാരറ്റ് കഷ്ണം എടുത്ത് രണ്ട് കൈകളും കൊണ്ടു കൂട്ടി പ്പിടിച്ചു, ‘കറുമൂറും കറുമൂറും’ എന്ന് തിന്നാൻ തുടങ്ങി.

സൂചി മുഖിയാകട്ടെ വേഗം പറന്നു ചെന്ന് അരളിമേൽ ഇരുന്നു. എന്നിട്ട് ഒന്നും അറിയാത്തപോലെ നീണ്ട കൊക്ക് അരളിപ്പൂവിനകത്തു കടത്തി തേൻ കുടിക്കാൻ തുടങ്ങി.

നമ്മുടെ സുന്ദരിപ്പൂച്ചയോ?

ഇലഞ്ഞിമരത്തണലിലെ പഞ്ചാര മണ്ണിൽ കിടന്ന്, കണ്ണൊക്കെ ചിമ്മിക്കൊണ്ട് ദേഹം വൃത്തിയാക്കാൻ തുടങ്ങി.

എല്ലാർക്കും എന്തൊരു അനുസരണ!

അതേയ്, കൊച്ചു കുട്ടികൾ പറഞ്ഞാൽ പക്ഷികളും മൃഗങ്ങളും ഒക്കെ അനുസരിക്കും!

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook