ഉറുമ്പുകളുടെ ഉപ്പേരിയാത്ര
രവി, ഹരി എന്നീ കുട്ടികള്‍ കറുത്ത ഉറുമ്പുകളുടെ ഘോഷയാത്രനോക്കി മുറ്റത്ത് മണ്ണില്‍ ഇരിക്കുകയായിരുന്നു. മുറ്റത്ത് കിടന്ന കൊഴിഞ്ഞ ഇലകളുടെ മേലെ കൂടി കയറിമറിഞ്ഞ് അവര്‍ നിരനിരയായി പോയിക്കൊണ്ടിരിക്കുകയായിരുന്നു.
“ചെലപ്പോ അവര് ഓഫീസില് പോകുവായിരിക്കും രാവിലെ തന്നെ,” എന്ന് ഹരി പറഞ്ഞു.
“അല്ലെടാ ,അവര് ഒരു ഉത്സവത്തിന് പോകുവാന്നാ എനിക്കു തോന്നുന്നെ,”എന്ന് രവി പറഞ്ഞു.
അവരെന്തു ചെയ്യും വഴിയില്‍ തടസം വന്നാല്‍ എന്നു നോക്കാനായി രവി, കുറേ ചുള്ളിക്കമ്പുകളും ഹരി, അവന്റെ ചെരിപ്പുകളും അവരുടെ വഴിയില് കൊണ്ടുചെന്നിട്ടു.
തടസ്സങ്ങളെയൊന്നും ഗൗനിക്കാതെ, ചുള്ളിക്കമ്പുകളുടെ കൊമ്പുകളില്‍ക്കൂടി മുകളിലേക്കു കയറി പിന്നെ നിലത്തേക്കിറങ്ങി, ചെരിപ്പുകളില്‍ക്കൂടി അരിച്ചരിച്ചു നീങ്ങി അവര്‍. ഇടക്കൊക്കെ അവരൊന്നു നിന്ന് പരസ്പരം മൂക്കോ വായോ മുട്ടിച്ച് എന്തെല്ലാമോ പറഞ്ഞു.
“നമ്മുടെ കാര്യമായിരിക്കും അവര്‍ പറയുന്നത്, നമ്മള്‍ കുട്ടികളാണെന്നല്ല , കൂറ്റന്‍ ചെകുത്താന്‍മാരാണെന്നായിരിക്കും അവര്‍ക്ക് തോന്നുന്നത്,”എന്നു രവി പറഞ്ഞു.
‘ചെകുത്താന്മാര്‍ നമ്മുടെ യാത്ര അപകടത്തിലാക്കാന്‍ നോക്കുന്നുണ്ട്, നമ്മള്‍ കരുതലോടെ നീങ്ങണം,’ എന്നാവും അവര്‍ പറയുന്നതെ’ന്ന് ഹരിയും രവിയും വിചാരിച്ചു.
ഹരി, അവന്റൈ പോക്കറ്റില്‍ നിന്ന് ഒരു ഉപ്പേരിക്കഷണമെടുത്ത് അവരുടെ ഉറുമ്പുമാര്‍ച്ചിന്റെ മുന്നിലിട്ടു. അതോടെ അവര്‍ യാത്ര നിര്‍ത്തി. എന്നിട്ട് ഉപ്പേരിക്കഷണത്തെ പൊതിഞ്ഞു.
അവരത് നക്കിനോക്കി തിന്നാനുള്ള സാധനമാണെന്ന് ഉറപ്പുവരുത്തുന്നത് രവിയും ഹരിയും കുനിഞ്ഞിരുന്ന് നോക്കി. അതു തിന്നു കൊണ്ട് അതിന്റെ സ്വാദില്‍ മതിമയങ്ങി നില്‍ക്കും അവര്‍ ,അവരെങ്ങോട്ടാണ് പോകുന്നതെന്ന് അവര്‍ തത്ക്കാലം മറക്കും എന്നു വിചാരിച്ച് അവര്‍ നോക്കിനോക്കിയിരുന്നു. അപ്പോഴോ? അവര് അത് തിന്നാന്‍ നില്‍ക്കാതെ അതും വലിച്ചു കൊണ്ട് അവരുടെ യാത്ര തുടരാനാണ് ഉദ്ദേശം.
‘നമ്മള് ചെകുത്താന്മാരല്ല, മാലാഖമാരാണ് എന്നാവും ഇപ്പോ അവര്‍ വിചാരിക്കുന്നത്’എന്നു കുട്ടികള്‍ പരസ്പരം പറഞ്ഞുചിരിച്ചു.
“ഉറുമ്പുകള്‍ക്ക് ഉപ്പേരിക്കഷണം എന്നാല്‍ വലിയ പാറക്കഷണത്തേക്കാള്‍ ഭാരം തോന്നുന്നുണ്ടാവും അല്ലേ,”ഹരി ചോദിച്ചു.
‘അതെ’ എന്ന്, അവരുടെ ഉപ്പേരിയാത്രയില്‍ നിന്ന് കണ്ണെടുക്കാതെ രവി പറഞ്ഞു.
ഉപ്പേരിവലിക്കാര്‍ ഇടക്ക് അവരുടെ വലിക്കല്‍ ശരിയാകാതെ വന്ന് ഉപ്പേരിയിലുള്ള പിടിവിട്ടുപോയി ‘പൊത്തോ’ന്ന് താഴെ വീഴുന്നുണ്ടായിരുന്നു. പക്ഷേ വീണതൊന്നും കാര്യമാക്കാതെ തട്ടിക്കുടഞ്ഞെഴുന്നേറ്റ് അവര്‍ വീണ്ടും ഉപ്പേരിവലിയില്‍ മുഴുകുന്നത് കണ്ട്, ‘കൊള്ളാല്ലോ ഇവര് ,നല്ല മിടുക്കന്മാരാണല്ലോ’എന്നു പറഞ്ഞു രവി.
“നല്ല മിടുക്ക് കാണിക്കുന്നവര്‍ക്ക് സമ്മാനം കൊടുക്കണ്ടേ? ഇവര്‍ക്ക് നമ്മളെന്താ സമ്മാനം കൊടുക്കുക,” എന്നായി അവര്‍ രണ്ടാളും കൂടി ആലോചന.
പിന്നെ അവര്‍ അടുക്കളയില്‍ ചെന്ന് അമ്മയോട് ഒരു കുഞ്ഞു ശര്‍ക്കരക്കഷണം വാങ്ങിക്കൊണ്ടുവന്ന്, അത് ഉപ്പേരിയുടെ നടുക്കുവച്ചു.
ഉപ്പേരിയുടെ മേല്‍ കൂടി കയറിച്ചെന്ന് ഉറുമ്പങ്കുഞ്ഞന്മാര്, ‘ഇതെന്താ സാധനം? ‘ എന്ന് ശര്‍ക്കരയുടെ നാലുവശത്തും കൂടി നടന്ന് പരിശോധനയായി.
“നിങ്ങള് പേടിക്കണ്ട, അത് നല്ല മധുരമുള്ളതാ, തിന്നാനുള്ളതാ” എന്നു പറഞ്ഞു കുട്ടികളവരോട്.
പക്ഷേ അവരത് കേട്ടഭാവം കൂടി വയ്ക്കാതെ പരിശോധന തുടര്‍ന്നു. ‘ആരും പറയുന്നതൊന്നും കണ്ണടച്ചു വിശ്വസിക്കരുത്, സ്വയം പരീക്ഷിച്ച് ഉറപ്പുവരുത്തണം ഓരോന്നിന്റെയും നന്മയും തിന്മയും’ എന്ന് അപ്പൂപ്പന്‍, രവിയോടും ഹരിയോടും പറയുന്നത് ചിലപ്പോള്‍ എവിയെയെങ്കിലുമൊക്കെ നിന്ന് അവര്‍ കേട്ടിട്ടുണ്ടാവും എന്ന് ഹരിക്കു തോന്നി.
ശര്‍ക്കര നക്കിനോക്കി, അപകടം പിടിച്ച സാധനമൊന്നുമല്ല അതെന്നുറപ്പു വരുത്തി അവര്‍ ശര്‍ക്കര നടുക്കുവച്ച ഉപ്പേരിക്കഷണവും വലിച്ചുകൊണ്ടുള്ള യാത്ര തുടര്‍ന്നു. ഇടക്ക് രണ്ടുറുമ്പന്മാര്‍ ഉപ്പേരിയിലെ പിടിവിട്ട് രവിയുടെയും ഹരിയുടെയും കാല്‍പ്പാദങ്ങളിലൂടെ ഒന്ന് കേറിയിറങ്ങി.
“നമ്മള് മാലാഖമാരാണ് ചെകുത്താന്മാരല്ല എന്നുറപ്പു വന്നതു കാരണം അവര് നമ്മളെ നമസ്‌ക്കരിക്കുകയാണ് എന്നാണ് തോന്നുന്നത്,” എന്ന് രവി പറഞ്ഞു.
‘നിങ്ങള്‍ക്കെവിടേക്കാണ് പോകേണ്ടതെന്നു പറഞ്ഞാല്‍ ഞങ്ങള്‍ നിങ്ങളെയും ഈ ശര്‍ക്കരയേയും ഉപ്പേരിയേയും അവിടെ എത്തിക്കാമായിരുന്നു, നിങ്ങളിങ്ങനെ വിയര്‍ത്തു കുളിച്ച് ഉപ്പേരി വലിക്കേണ്ടി വരില്ലായിരുന്നു അങ്ങനെയായിരുന്നെങ്കില്‍,’ എന്നു പറഞ്ഞു അവര്‍ ഉറുമ്പുകളോട്.
‘ഇങ്ങനയൊക്കെ ചെയ്തു ശരീരമനക്കിയില്ലെങ്കില്‍ അവര്‍ക്ക് നടക്കാന്‍പോലും വിഷമമാകും, ഇവര് ഫിറ്റ്‌നസിനുവേണ്ടി ചെയ്യുന്ന എക്‌സര്‍സൈസുകളാണ് ഇതെല്ലാം എന്നാണ് തോന്നുന്നത്,’ എന്നു തമ്മില്‍ത്തമ്മില്‍ പറഞ്ഞ് അവര്‍ പിന്നെയും ഉറുമ്പു നിരീക്ഷണം തുടര്‍ന്നു.
ഉറുമ്പുകള്‍ പിന്നെയും കുട്ടപ്പന്മാരായി ഉപ്പേരിയാത്ര തുടര്‍ന്നു .