ഭരണിയൂ എന്ന ഗ്രാമത്തിൽ കുറച്ച് കാലി വളർത്തലുകാർ ഉണ്ടായിരുന്നു. അവരിലൊളായിരുന്നു റാലോ.
സൂത്രശാലിയും രസികനും ചെറിയ കാര്യങ്ങളില്‍ പോലും സന്തോഷിക്കു ന്നയാളുമായിരുന്നു റാലോ. അതേസമയം തന്നെ, ആരെയും കൂസാത്തവനും മറ്റുള്ളവരെ കബളിപ്പിക്കാനും പരിഹസിക്കാനും തക്ക വാക് സാമർത്ഥ്യവും ഉള്ള ആളായിരുന്നു അയാൾ.
ഗ്രാമത്തില്‍ സമ്പന്നരായ കാലി വളർത്തലുകാർ ധാരാളം ഉണ്ടായിട്ടും അവരെക്കാളും എപ്പോഴും സന്തോഷവാനായി, ഗ്രാമം മുഴുവൻ തനിക്ക് സ്വന്തമാണ് എന്ന മട്ടിൽ നടക്കുന്ന, ഒരു എരുമ മാത്രമുള്ള ഒരാളെ പെട്ടന്നങ്ങ് ഉള്‍ക്കൊള്ളാന്‍ പലർക്കും പ്രയാസമുണ്ടാകുമല്ലോ.
ചെറിയ ആ കുന്നിന്‍ പുറത്തുകൂടി റാലോ അങ്ങനെ പാടി നടക്കുമ്പോള്‍ അയാളുടെ എരുമ വളരെ സന്തോഷത്തോടെ അയാളുടെ പിന്നാലെ മേഞ്ഞു നടക്കും.
“ഇതാ മണി മുഴങ്ങുന്നു മണി മുഴങ്ങുന്നു…” കുന്നിന്‍ പുറങ്ങളില്‍ റാലോയുടെ എരുമ മേയാൻ തുടങ്ങുമ്പോള്‍ അയാള്‍ പാടി തുടങ്ങും. റാലോയുടെ പാട്ട് കേള്‍ക്കുമ്പോള്‍ കാലി വളർത്തലുകാരുടെ ഉള്ളില്‍ ദേഷ്യം ഉരുണ്ടു കയറും.

എന്നിട്ട് എന്തു ചെയ്തു.
ഒരുദിവസം അവര്‍ അതിനെ അങ്ങ് കൊന്നുകളഞ്ഞു.
റാലോ ഒറ്റയ്ക്കായിപ്പോയി. വല്ലാത്ത വിഷമം. ആകെയുള്ള സമ്പാദ്യം നഷ്ടപ്പെട്ടിട്ടും അതുചെയ്ത ഗ്രാമവാസികളോട് അയാള്‍ വഴക്കിനൊന്നും പോയില്ല. പക്ഷേ, അവര്‍ ചെയ്ത ക്രൂരതയ്ക്ക് ബുദ്ധിപൂർവം ഉചിതമായ ഒരു മറുപടി കൊടുക്കാന്‍ അയാള്‍ ഉറപ്പിച്ചിരുന്നു .
ചത്ത എരുമയുടെ തോല്‍ പൊളിച്ച് എടുത്ത് റാലോ ഗ്രാമവാസികളുടെ മുന്നിലൂടെ കാട്ടിലേക്ക് വെച്ചു പിടിച്ചു. എരുമത്തോല്‍ വില്‍ക്കാന്‍ പോകുന്ന അയാളെ കണ്ട് അവര്‍ക്ക് ഉള്ളില്‍ സന്തോഷമായി.
രാത്രിയാപ്പോഴേക്കും നടന്നു നടന്ന് തളര്‍ന്ന റാലോ എത്തിയതാകട്ടെ ഒരു വലിയ ആല്‍മരത്തിനു മുന്നില്‍. ക്ഷീണിതനായ റാലോ പതിയെ ആൽമരത്തിന് മുകളിൽ കയറി സുരക്ഷിതമായി ഇരുന്നു. അന്ന് ഒരു സംഭവമുണ്ടായി. കൊള്ളനടത്തി വന്ന ഒരു സംഘം കള്ളന്മാര്‍ ആൽ മരത്തിന് ചുവട്ടില്‍ എത്തി. അവിടെയിരുന്ന് അവർ തങ്ങളുടെ കൊള്ളമുതല്‍ പങ്കു വയ്ക്കാൻ തുടങ്ങി. റാലോ ആല്‍മരത്തിന് മുകളിലിരുന്നു കള്ളന്മാര്‍ പറയുന്നതൊക്കെ ശ്രദ്ധിച്ചു.
ഇടക്ക് ഒരാള്‍ പറയുന്നുണ്ടായിരുന്നു. “നോക്ക് ആരെങ്കിലും എന്തെങ്കിലും ഒളിപ്പിച്ചു വയ്ക്കാന്‍ ശ്രമിച്ചാല്‍ ആകാശം ഇടിഞ്ഞു തലയില്‍ വീഴും.” ഒരുത്തന്‍ ഇതിനിടയില്‍ കീശയില്‍, മറ്റുള്ളവര്‍ അറിയാതെ മുതല്‍ ഒളിപ്പിക്കുന്നത് കണ്ട റാലോ, അരയാലിന്റെ മുകളിലിരുന്ന് ആരും കാണാതെ അയാളുടെ തലയിലേക്ക് തന്റെ കൈവശമിരുന്ന എരുമത്തോലിട്ടു.
ആകാശം പൊട്ടിവീണു എന്നുകരുതിയ കള്ളന്മാര്‍ ആകെ ഭയന്നു വിറച്ചു. അവർ, തങ്ങൾ മോഷ്ടിച്ചുകൊണ്ടുവന്നതല്ലൊം അവിടെ ഇട്ട് തിരിഞ്ഞു നോക്കാതെ ഓടി. താഴെ ഇറങ്ങിയ റാലോ തനിക്ക് കിട്ടിയ സ്വര്‍ണ്ണവുമായി ഗ്രാമത്തിലേക്ക് പോയി.

ഇത്രയധികം സ്വർണവുമായി തിരികെ എത്തിയ റാലോയോട് മറ്റ് കാലിവളർത്തലുകാർ അതിന്റെ രഹസ്യം ചോദിച്ചു. എരുമയുടെ തോല്‍ വിറ്റാണ് താൻ സമ്പന്നനായതെന്ന് റാലോ അവരോട് പറഞ്ഞു. റാലോ പറഞ്ഞതു കേട്ടപ്പോൾ എരുമ തോൽ വിറ്റാല്‍ ഇത്രയും സമ്പന്നരാകാം എന്ന് അവർ കരുതി. ആർത്തികൊണ്ട് അവർ തങ്ങളുടെ എരുമകളെ കൊന്ന് തോലുമായി ചന്തയിലേക്ക് പോയി. അവിടെ ചെന്നപ്പോഴാണ് അവർ തങ്ങൾക്ക് പറ്റിയ അക്കിടി മനസ്സിലായത്. ആർക്കും വേണ്ടാത്ത സാധനമായിരുന്നു എരുമത്തോൽ. കാലിവളർത്തലുകാർക്ക് തങ്ങൾക്ക് പറ്റിയ അമിളി മനസിലായി.
അവരുടെ ദേഷ്യം കൂടി വന്നു.
റാലോയെ ഇങ്ങനെ വിട്ടാല്‍ ശരിയാവില്ല.അവർ തീരുമാനിച്ചു.
അന്നുരാത്രി അവര്‍ അയാളുടെ വീടിന് തീവെച്ചു. വീട് കത്തിച്ചാമ്പലായി. പാവം റാലോ ഇത്തവണയും അയാള്‍ അവരോട് വഴക്കിനും വക്കാണത്തിനുമൊന്നും പോയില്ല. കാലിവളർത്തലുകാർ കത്തിച്ച വീടിന്റെ ചാരവുമായി അയാൾ യാത്ര തിരിച്ചു. വഴിയിൽവച്ച് റാലോ ഒരു യാത്രാ സംഘത്തോടൊപ്പം ചേർന്നു. പലിത്താന എന്ന സ്ഥലത്തേക്ക് യാത്ര ചെയ്യുകയായിരുന്നു ആ സംഘം. റാലോ ഒരു കാളയെയും ഒപ്പം കൂട്ടിയിരുന്നു.
യാത്രാ സംഘത്തില്‍ അതി സമ്പന്നയും ഒരു വൃദ്ധ ഉണ്ടായിരുന്നു. യാത്രാകൊണ്ട് ക്ഷീണമനുഭവപ്പെട്ട അവര്‍ റാലോയോട് ചോദിച്ചു.
“യാത്ര ചെയ്യാൻ എന്നെ ഒന്ന് സഹായിക്കാമോ?”
“എന്ത് സഹായമാണ് വേണ്ടത്,” റാലോ വിനീതനായി വൃദ്ധയോട് ചോദിച്ചു
“എനിക്ക് നടക്കാൻ വയ്യ. നിങ്ങളുടെ കാളയുടെ പുറത്ത് കയറി യാത്ര ചെയ്യാൻ അനുവദിക്കാമോ,” വൃദ്ധ ചോദിച്ചു.
“അതിനെന്താ, കാളുയുടെ പുറത്ത് കയറി യാത്ര ചെയ്തോളൂ. പക്ഷേ, ഒരു പ്രശ്നമുണ്ട്. ഉറങ്ങാതെ, ഒരുപോള കണ്ണടയ്ക്കാതെ വേണം കാളപ്പുറത്ത് യാത്ര ചെയ്യാൻ. ശ്രദ്ധിച്ചില്ലെങ്കിൽ കാളപ്പുറത്തെ ചാക്കുകെട്ടിലുള്ള എന്റെ സമ്പാദ്യമെല്ലാം ചാരമായിപ്പോകും,” റാലോ പറഞ്ഞു.
താനത് കണ്ണിലെ കൃഷ്ണമണിപോലെ നോക്കിക്കൊള്ളാമെന്ന് വൃദ്ധ റാലോയ്ക്ക് ഉറപ്പ് നൽകി.
റാലോ ഉടന്‍ തന്നെ അവരെ കാളയുടെ പുറത്തു കയറ്റി യാത്ര തുടര്‍ന്നു.

യാത്രാ സംഘം പലിത്താനയിലെത്തിയപ്പോൾ കാളപ്പുറത്ത് നിന്നും ഇറങ്ങി വൃദ്ധ റാലോയോട് നന്ദി രേഖപ്പെടുത്തി, പിരിയാൻ തുടങ്ങുമ്പോൾ റാലോ പറഞ്ഞു, “ഒരു നിമിഷം നിൽക്കണേ ഞാനന്റെ സമ്പാദ്യം ഒന്ന് നോക്കട്ടെ.”
ആ ചാക്ക് കെട്ട് തുറന്ന് നോക്കിയ ശേഷം വിഷമത്തോടെ വൃദ്ധയോട് പറഞ്ഞു. “ഇത് മുഴുവൻ ചാരമാണ്! അതായത് നിങ്ങൾ ശ്രദ്ധിച്ചില്ല എന്ന് തോന്നുന്നു.”
സത്യസന്ധയായ വൃദ്ധ പറഞ്ഞു “ശരിയാണ്, ഞാൻ കുറച്ച് സമയം മയങ്ങിപ്പോയി. അപ്പോൾ എന്റെ ശ്രദ്ധ പാളിപ്പോയിട്ടുണ്ട്.”
“അപ്പോൾ പകരമായി നിങ്ങളുടെ സമ്പാദ്യമൊക്കെ എനിക്ക് നൽകണം,” റാലോ പറഞ്ഞു.
ഇതു കേട്ട നിഷ്കളങ്കയായ വൃദ്ധ തന്റെ കൈവശമുണ്ടായിരുന്ന സമ്പാദ്യമൊക്കെ റാലോയ്ക്ക് നൽകി. അതോടെ റാലോ വലിയ സമ്പന്നനായി ഗ്രാമത്തിലേക്ക് തിരിച്ചെത്തി. റാലോയുടെ കൈവശമുള്ള നാണയങ്ങളുടെ കിലുക്കം അയൽക്കാരെ അസൂയാലുക്കളാക്കി. അവർ റാലോയോട് ചോദിച്ചു. “നിനക്ക് ഇത്രയധികം പണം എങ്ങനെ കിട്ടി?”
“എന്റെ വീടിന്റെ ചാരം വിറ്റപ്പോൾ കിട്ടിയ പണമാണ്,” റാലോ പറഞ്ഞു.
ഇതുകേട്ട അത്യാഗ്രഹികളായ അയൽക്കാർ തങ്ങളുടെ വീടുകള്‍ക്ക് തീവെച്ചു. അവര്‍ ചാരം വിൽക്കാനിറങ്ങി. ഗ്രാമീണർ അവരെ പരിഹസിച്ചു. വീട് നഷ്ടപ്പെട്ട അവർ തങ്ങൾവീണ്ടും കബളിപ്പിക്കപ്പെട്ടതാണ് എന്ന് അപ്പോഴാണ് മനസ്സിലായത്.
റാലോ ആകട്ടെ ഒരുപാട് എരുമകളേയും കാളകളെയും വാങ്ങി. വലിയ വീടുണ്ടാക്കി എന്നിട്ടും അയാള്‍ കന്നുകാലികളെ മേക്കാന്‍ കുന്നിന്‍ മുകളിലേക്ക് പോയി.
വീണ്ടും ആ പാട്ട് തുടര്‍ന്നു… “ഇതാ മണി മുഴങ്ങുന്നു, മണി മുഴങ്ങുന്നു… റാലോ എരുമകളെ മേക്കാനായി മേച്ചില്‍പ്പുറങ്ങളിലേക്ക് പോകുന്നു…”
- കഥ കടപ്പാട്: അക്ഷര പ്രകാശന്‍, അഹമ്മദാബാദ്
- മൊഴിമാറ്റം : അഖിൽ മുരളീധരന്‍