Latest News

പരാശരൻ

ഒട്ടേറെ കഥകൾ നിറഞ്ഞതാണ് പുരാണങ്ങളും ഐതീഹ്യങ്ങളും. അതിൽ നിന്നും ചെറുകഥാകൃത്ത് ഗ്രേസി കുട്ടികൾക്ക് വേണ്ടി നടത്തിയ പുനരാഖ്യാനമാണ് “പരാശരൻ” എന്ന ഈ കഥ

മൂന്ന് വർഷം മുമ്പ് 2018ൽ കേരളപ്പിറവിയും ശിശുദിനവും ആഘോഷിക്കുന്ന നവംബറിലാണ് ഐഇ മലയാളം കുട്ടികൾക്കായുള്ള വിഭാഗം ആരംഭിച്ചത്. കുട്ടികളുടെ രചനകളും കുട്ടികൾക്കായി മുതിർന്നവർ എഴുതിയ രചനകളും ഉൾപ്പെടുത്തിയാണ് ഐഇ മലയാളം മുന്നോട്ട് പോയത്. കോവിഡ് മഹാമാരി വന്നതോടെ കുട്ടികളുടെയും മുതിർന്നവരുടെയും ഓൺലൈൻ വായന വളരെയധികം വർദ്ധിച്ചു.

അതുകൊണ്ട് തന്നെ കുട്ടികളുടെ ലോകത്തെ ഗൗരവമായി കണ്ടുകൊണ്ട് തന്നെയുളള ഉളളടക്കം നൽകുന്നതിന് ശ്രദ്ധ ചെലുത്തിയ ഐഇ മലയാളത്തിന് കൂടുതൽ ഉത്തരവാദിത്തവും ചുമതലയും കുട്ടികളുടെ വിഭാഗത്തിൽ ഏറ്റെടുക്കേണ്ടി വന്നു. ആ ഉത്തരവാദിത്തോടുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമാണ് ഈ കേരളപ്പിറവി ദിനത്തിൽ ആരംഭിക്കുന്ന കഥമാസം. എല്ലാ ദിവസവും കുട്ടികൾക്കായി ഒരു കഥ എന്നതാണ് ഈ കുട്ടിക്കഥക്കൂട്ടിലൂടെ ലക്ഷ്യമിടുന്നത്.

സാഹിത്യം മാത്രമല്ല, മറ്റ് വിഷയങ്ങളും കുട്ടികൾക്കായി അവതരിപ്പിക്കുന്നതിൽ ശ്രദ്ധ ചെലുത്തിയാണ് ഐഇ മലയാളം മുന്നോട്ട് പോകുന്നത്.

2018 നവംബർ ഒന്നിന് മലയാളത്തിലെ പ്രിയ കഥാകാരി പ്രിയ എ എസ് എഴുതിയ ‘പെരുമഴയത്തെ കുഞ്ഞിതളുകള്‍’ എന്ന നോവലും കൗമാരക്കാരിയായ അകിയാ കൊമാച്ചിയുടെ ഫൊട്ടോ ഗ്യാലറിയിലുമായാണ് ദ് ഇന്ത്യൻ എക്സ്പ്രസ്സിന്റെ ഐ ഇ മലയാളം കുട്ടികൾക്കായുളള പുതിയ വിഭാഗം ആരംഭിച്ചത്.

മൂന്ന് വർഷത്തിനുള്ളിൽ കുട്ടികൾക്കായുള്ള നോവലും കഥയും കവിതയും അടക്കം അഞ്ഞൂറോളം രചനകളാണ് ഐഇ മലയാളം പ്രസിദ്ധീകരിച്ചത്. ഇതിൽ പ്രിയ എ എസ്, മൈന ഉമൈബാൻ എന്നിവരുടെ രചനകൾക്ക് വിവിധ സാഹിത്യ പുരസ്കാരങ്ങളും ലഭിച്ചു.

കുഞ്ഞുങ്ങളെ ചുവന്ന റോസാ പുഷ്പം പോലെ നെഞ്ചോടു ചേർത്തു പിടിച്ചിരുന്ന ജവഹർലാൽ നെഹ്റുവിന്റെ ജന്മമാസം കൂടിയാണ് നവംബർ. നെഹ്റുവിനോടുള്ള സ്നേഹവും ആദരവും കുട്ടികൾക്കുള്ള കഥകളായി ഈ നവംബർ മാസം മുഴുവൻ ieMalayalam.comമിലെ താളുകളിലൂടെ വിരിയുകയാണ്

കഥകൾ, കുട്ടികളുടെ വളർച്ചയ്ക്ക് കാത്സ്യമെന്നതു പോലെ ആവശ്യമാണ്. കുട്ടികളെ കഥയുള്ളവരാക്കുന്നതിൽ കഥയോളം പങ്ക് വേറെന്തിനുണ്ട്? കഥയുമായി കാൽ നീട്ടിയിരിക്കാൻ ഒരു മുത്തച്ഛനോ മുത്തശ്ശിയോ ഇല്ലെങ്കിൽ തന്നെയും കഥ മധുരം നാവിലിറ്റിച്ചു കൊടുക്കുകയാണ് ഈ നവംബർ കഥക്കൂട്ട്.

കേരളപ്പിറവിയുടെ ഓർമ്മയിൽ വീണ്ടുമൊരു നവംബർ. മലയാണ്മയിലേക്ക് ഒരു പിടി കഥകളിലൂടെ കുട്ടികൾക്കൊപ്പം നടക്കാനൊരു ചെറു ശ്രമം. നാടായ നാട്ടിൽ നിന്നൊക്കെ പെറുക്കിയെടുത്ത കഥക്കല്ലുകൾ വച്ച് കുട്ടികൾ കൊത്തങ്കല്ലാടട്ടെ.

സ്നേഹത്തോടെ
എഡിറ്റർ

പരാശരൻ

പണ്ട് ഇക്ഷാകു വംശത്തിൽ കന്മാഷപാദൻ എന്നൊരു രാജാവ് ജീവിച്ചിരുന്നു. സ്വന്തം ബലത്തിൽ രാജാവിന് അതിയായ വിശ്വാസമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ, ഒരു ദിവസം ഒറ്റയ്ക്ക് നായാട്ടിനിറങ്ങി. ഏറെ അലഞ്ഞിട്ടും ഒരൊറ്റ മൃഗവും അദ്ദേഹത്തിന്റെ ദൃഷ്ടിയിൽപെട്ടില്ല. ഒടുവിൽ അദ്ദേഹം ഒരാൾക്ക് മാത്രം നടന്നുപോകാനാവുന്ന ഒരു വഴിയിലെത്തിപ്പെട്ടു. വഴിയുടെ ഇരുവശവും ഒരാൾപ്പൊക്കത്തിൽ കാട് മേലാപ്പ് പോലെ വളർന്ന് നിൽക്കുന്നത് കണ്ട് ഒരു നിമിഷം സംശയിച്ച് നിന്നു. പിന്നെ കുതിരപ്പുറത്ത് നിന്നിറങ്ങി നടക്കാൻ തുടങ്ങി. ഈ വഴി എങ്ങോട്ട് പോകുന്നു എന്നറിയാൻ രാജാവിന് കൗതുകം തോന്നി.

അത് വസിഷ്ഠ മുനിയുടെ ആശ്രമത്തിലേക്കുള്ള വഴിയായിരുന്നു. മുനിയുടെ നൂറ് പുത്രന്മാരിൽ മൂത്തയാളായ ശക്തി ആശ്രമത്തിൽ നിന്ന് പുറപ്പെട്ട് രാജാവിന് അഭിമുഖമായി വന്നു. രാജചിഹ്നങ്ങളോടെ നടന്ന് വരുന്ന രാജാവിനെ കണ്ടിട്ടും ശക്തി വഴിമാറിക്കൊടുത്തില്ല. രാജാവാകട്ടെ മുനികുമാരൻ തന്റെ പ്രജകളിലൊരാളായതിനാൽ വഴി മാറിത്തരേണ്ടതാണെന്ന് കരുതുകയും ചെയ്തു. ഇരുവരും തീ പാറുന്ന കണ്ണുകൾ കൊണ്ട് പരസ്‌പരം തുറിച്ച് നോക്കി ഒരേ നില നിന്നു. ഒടുവിൽ, കുപിതനായ രാജാവ് ശക്തിയെ ചാട്ട കൊണ്ട് ആഞ്ഞടിച്ചു.

അപമാനിതനായ ശക്തി രാജാവിനെ ശപിച്ചു “നീ ഒരു രാക്ഷസനായിപ്പോകട്ടെ!”

അങ്ങനെ രാജാവ് ഒരു രാക്ഷസനായിത്തീർന്നു. ഭയങ്കരമായ ഒരലർച്ചയോടെ രാക്ഷസൻ ശക്തിയെ പിടിച്ച് മുകളിലേക്ക് വലിച്ചെറിഞ്ഞു. താഴേക്ക് വന്ന മുനികുമാരനെ കറുമുറാ കടിച്ച് തിന്ന് പിന്തിരിഞ്ഞോടി. സ്വന്തം കുതിരയേയും ഭക്ഷിച്ച് കാട് മുഴുവൻ തിണ്ടാടി നടന്നു.

gracy, story, iemalayalam

ഈ സംഭവം വിശ്വാമിത്ര മഹർഷി അറിഞ്ഞു. വിശ്വാമിത്രൻ മഹർഷിയാവും മുമ്പ് രാജാവായിരുന്നു. ഒരിക്കൽ ആയിരത്തോളം വരുന്ന അനുചരന്മാരോടൊപ്പം വിശ്വാമിത്ര മഹാരാജാവ് വസിഷ്ഠമുനിയുടെ ആശ്രമത്തിലെത്തി. വിശന്ന് വലഞ്ഞ അവരെ മുനി സ്നേഹപൂർവ്വം സ്വീകരിച്ചു. സ്വാദിഷ്ഠമായ ഭക്ഷണവും നൽകി. കാട്ടിൽ വസിക്കുന്ന മുനിക്ക് എങ്ങനെയാണ് ഇത്രയേറെ ആളുകളെ ഊട്ടാൻ കഴിഞ്ഞെതെന്ന് മഹാരാജാവ് അതിശയിച്ചു. ദേവലോകത്തെ പശുവായ കാമധേനുവിന്റെ മകൾ നന്ദിനി തന്നോടൊപ്പം ഉള്ളതുകൊണ്ടാണ് അത് സാധ്യമായതെന്ന് മുനി അറിയിച്ചു.

കാട്ടിൽ വസിക്കുന്ന മുനിയേക്കാൾ നന്ദിനിപ്പശുവിനെ ക്കൊണ്ട് പ്രയോജനം രാജാവിന് തന്നെയാണെന്ന് വിശ്വാമിത്രന് തോന്നി. അതുകൊണ്ട് നന്ദിനിയെ തനിക്ക് തരണമെന്ന് രാജാവ് വസിഷ്ഠനോട് അഭ്യർത്ഥിച്ചു. പക്ഷേ, തന്റെ കൂടെ ആശ്രമത്തിൽ കഴിയുന്നതാണ് നന്ദിനിക്ക് ഇഷ്ടം എന്നായിരുന്നു മുനിയുടെ മറുപടി. രാജാവിന് അത് തീരെയും ഇഷ്ടപ്പെട്ടില്ല.

അന്ന് രാത്രി വിശ്വാമിത്രനും അനുചരന്മാരും കൂടി നന്ദിനിയെ ബലമായി പിടിച്ച് കെട്ടിക്കൊണ്ട് പോകാനൊരു ശ്രമം നടത്തി. എന്നാൽ, നന്ദിനിയുടെ ഓരോ രോമകൂപത്തിൽ നിന്നും വീരശൂരപരാക്രമികളായ ഓരോ പടയാളികൾ പുറപ്പെട്ട് വിശ്വമിത്രനെയും അനുചരന്മാരെയും തുരത്തി. നാണംകെട്ട് കൊട്ടാരത്തിലെത്തിയ വിശ്വാമിത്രൻ രാജപദവി ഉപേക്ഷിച്ച് തപസ് ചെയ്യാൻ പുറപ്പെട്ടു. രാജാവ് ഋഷിയായിത്തീർന്നതു കൊണ്ട് രാജർഷി എന്ന് അറിയപ്പെടുകയും ചെയ്തു.

ഋഷിയായിത്തീർന്നുവെങ്കിലും വിശ്വാമിത്രന്റെ ഉള്ളിൽ നിന്ന് പഴയ അപമാനം ഒഴിഞ്ഞ് പോയില്ല. അതുകൊണ്ട് അവസരം കിട്ടുമ്പോഴൊക്കെ വിശ്വാമിത്രൻ മത്സരബുദ്ധിയോടെ വസിഷ്ഠനെ നേരിട്ടു.

കന്മാഷപാദരാജാവ് രാക്ഷസനായിത്തീർന്നതറിഞ്ഞപ്പോൾ ഈ സാഹചര്യവും വസിഷ്ഠനെതിരെ ഉപയോഗിക്കാൻ തന്നെ വിശ്വാമിത്രൻ തീർച്ചപ്പെടുത്തി. കിങ്കരൻ എന്നൊരു രാക്ഷസനെ കന്മാഷപാദന്‍റെ ശരീരത്തിലേക്ക് കടത്തിവിട്ടു. അതോടെ അതിഭീകരനായിത്തീർന്ന കന്മാഷപാദൻ ഒറ്റയടിക്ക് വസിഷ്ഠന്റെ ശേഷിച്ച പുത്രന്മാരെയും തിന്നു തീർത്തു.

gracy, story, iemalayalam

പുത്രന്മാർ നൂറ് പേരും നഷ്ടമായപ്പോൾ വസിഷ്ഠമുനി എത്രയും ദുഃഖിതനായിത്തീർന്നു. ഇനി ജീവിച്ചിരിക്കേണ്ടതില്ലെന്ന് തീർച്ചപ്പെടുത്തിയ അദ്ദേഹം ആത്മഹത്യക്ക് മുതിർന്നു. എന്നാൽ, എത്ര ശ്രമിച്ചിട്ടും ആത്മാവ് വസിഷ്ഠമുനിയുടെ ശരീരം വിട്ടുപോകാൻ കൂട്ടാക്കിയില്ല. വിഷണ്ണനായിത്തീർന്ന വസിഷ്ഠമുനി പുത്രനായ ശക്തിയുടെ ഭാര്യ അദൃശ്യന്തിയോടൊപ്പം ആശ്രമത്തിൽതന്നെ തുടരാൻ നിർബന്ധിതനായി.

ഒരുനാൾ ആരോ വേദം ഉരുവിടുന്നതിന്റെ മുഴക്കം അശരീരിയായി വസിഷ്ഠമുനിയുടെ കാതിൽ പതിച്ചു. ചുറ്റുവട്ടത്തൊക്കെ തിരഞ്ഞെങ്കിലും മുനിക്ക് അതിന്റെ ഉറവിടം മനസില്ലായില്ല. അദ്ദേഹം കണ്ണടച്ച് ചെവിയോർത്തു.

അന്നേരം പുത്രഭാര്യയായ അദൃശ്യന്തി പറഞ്ഞു “അങ്ങയുടെ പുത്രനായ ശക്തിയുടെ സന്തതി എന്റെ ഗർഭത്തിലുണ്ട്. ആ ശിശു വേദം ഉരുവിടുന്നതാണ് അങ്ങ് കേട്ടത്.”

തന്റെ കുലം കുറ്റിയറ്റ് പോയില്ലെന്നറിഞ്ഞ് വസിഷ്ഠമുനി സന്തുഷ്ടനായി. എന്നാൽ, ഒരു ദിവസം കന്മാഷപാദരാക്ഷസൻ ആശ്രമത്തിൽ കയറി വന്ന് അദൃശ്യന്തിയെ പിടിച്ച് തിന്നാൽ ഭാവിച്ചു. മുനി തന്റെ തപശ്ശക്തിയത്രയും ആവാഹിച്ച് രാക്ഷസന് ശാപമോക്ഷം നൽകി. പൂർവ്വരൂപം പ്രാപിച്ച കന്മാ ഷപാദൻ മുനിയുടെ കാൽക്കൽവീണ് വന്ദിച്ച് രാജധാനിയിലേക്ക് മടങ്ങിപ്പോവുകയും ചെയ്തു.

കാലം തികഞ്ഞപ്പോൾ അദൃശ്യന്തി ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു. ആ ശിശുവത്രേ വ്യാസന്റെ പിതാവായ പരാശര മുനിയായി തീർന്നത്.

Get the latest Malayalam news and Children news here. You can also read all the Children news by following us on Twitter, Facebook and Telegram.

Web Title: Gracy story for children parasharan

Next Story
പെരുമഴയത്തെ കുഞ്ഞിതളുകള്‍-കുട്ടികളുടെ നോവൽ ഒന്നാം ഭാഗംpriya a s, novel
The moderation of comments is automated and not cleared manually by malayalam.indianexpress.com