പാടലീപുത്രത്തില്‍ ശുഭദത്തന് എന്ന ഒരു വിറക് വെട്ടുകാരന് ജീവിച്ചിരുന്നു. കാട്ടില്‍ ചെന്ന് വിറക് വെട്ടി വിറ്റാണ് അയാള്‍ കുടുംബം പുലര്‍ത്തിപ്പോന്നത്. ഉണങ്ങിയ മരത്തില്‍ മഴു കൊണ്ട് ആഞ്ഞ് വെട്ടുമ്പോഴൊക്കെ അയാള്‍ വിധിയെ പഴിച്ചു. ഒരു ധനികനായി ജനിച്ചിരുന്നെങ്കെില് അധ്വാനിക്കാതെ കഴിഞ്ഞ് കൂടാമായിരുന്നുവല്ലൊ എന്ന് ഇടയ്ക്കിടെ പിറുപിറുത്തു.
ഒരിക്കല്‍ നാല് ഗന്ധര്വ്വന്മാര് കാട്ടില്‍ വിഹരിക്കാനെത്തി. വിറക് വെട്ടുകാരനെ കണ്ടപ്പോള്‍ ഒന്നാമന് പറഞ്ഞു:
“അധ്വാനിക്കാതെ ജീവിക്കാനാഗ്രഹിക്കുന്ന ഇയാള്‍ ഒരു ബുദ്ധിശൂന്യനാണ്!”
രണ്ടാമന് പറഞ്ഞു:
“ഇയാള്‍ ഭാഗ്യം തീരെയില്ലാത്ത ഒരു മനുഷ്യനാണ്.”
മൂന്നാമന് പറഞ്ഞു: “ഭാഗ്യമില്ലാത്തവന് ധനം കിട്ടിയാലും സൂക്ഷിക്കാന്‍ കഴിയുകയില്ല!”
അപ്പോള്‍ നാലാമന് പറഞ്ഞു:
“നമുക്കത് ഒന്ന് പരീക്ഷിച്ച് നോക്കാം!”
ഗന്ധര്വ്വന്മാര് കാട്ടിൽ ഒരു കൊട്ടാരം നിര്‍മ്മിച്ചു. പിന്നെ വിറക് വെട്ടുകാരനെ സമീപിച്ച് പറഞ്ഞു.
“ഞങ്ങളുടെ കാര്യങ്ങള്‍ നോക്കാന്‍ ഒരാളെ ആവശ്യമുണ്ട്. എത്ര ധനം വേണമെങ്കിലും കൊടുക്കാന്‍ ഞങ്ങള്‍ തയ്യാറാണ്.”

ശുഭദത്തന് മഴു താഴെയിട്ട് നെറ്റിയിലെ വിയര്‍പ്പ് തുടച്ച് പറഞ്ഞു “ഈ പ്രദേശത്ത് ആരെയെങ്കിലും കിട്ടാന്‍ പ്രയാസമാണ്. അതുകൊണ്ട് ഞാന്‍ തന്നെ നിങ്ങളോടൊപ്പം വന്ന് കാര്യങ്ങളൊക്കെ നോക്കിക്കൊളളാം.”
വിറക് വെട്ടുന്നതിനേക്കാള്‍ എളുപ്പമുളള ജോലിയാണല്ലോ അത് എന്നോര്‍ത്ത് ശുഭദത്തന് ഗന്ധര്വ്വന്മാരോടൊപ്പം കൊട്ടാരത്തിലെത്തി. ഭക്ഷണ സമയമായപ്പോള്‍ ഒരു മൺകുടം ചൂണ്ടിക്കാണിച്ച് ഒന്നാമത്തെ ഗന്ധര്വ്വന് പറഞ്ഞു “ഈ മൺകുടത്തില് നിന്ന് ആഹാര സാധനങ്ങളെടുത്ത് വിളമ്പുക!”
ശുഭദത്തന് മൺകുടത്തില് നോക്കി. അതില്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. അപ്പോള്‍ രണ്ടാമത്തെ ഗന്ധര്വ്വന് പറഞ്ഞു “അതില്‍ കൈയിട്ടാല്‍ ഇഷ്ടമുളള ഭക്ഷണം കിട്ടും.”
ശുഭദത്തന് കുടത്തില്‍ കൈയിട്ടു. അതില്‍ നിറയെ പലതരത്തിലുളള ഭക്ഷണം ഉണ്ടായിവരുന്നത് കണ്ട് അയാള്‍ അത്ഭുതപ്പെട്ടു. അത് ഗന്ധര്വ്വന്മാര്ക്ക് വിളമ്പിക്കൊടുക്കുമ്പോള്‍ അധ്വാനിക്കാതെ ആഹാരം കിട്ടുന്നത് എത്ര നല്ല കാര്യമാണെ് ഓര്‍ത്തു.
ഇങ്ങനെ കുറച്ച് ദിവസം സുഖമായി കഴിഞ്ഞപ്പോള്‍ അയാള്‍ക്ക് ഭാര്യയേയും മക്കളേയും ഓര്‍മ്മ വന്നു. താനിങ്ങനെ കുടത്തില്‍ കൈയിട്ട് ഒന്നാന്തരം ആഹാര സാധനങ്ങളെടുത്ത് കഴിക്കുമ്പോള്‍ ആ പാവങ്ങള്‍ പട്ടിണി കിടക്കുകയാണല്ലോ എന്ന് ദുഃഖിച്ചു. മടങ്ങിപ്പോകാനനുവദിക്കണമെന്ന് അയാള്‍ ഗന്ധര്വ്വന്മാരോട് അപേക്ഷിച്ചു. അപ്പോള്‍ മൂന്നാമത്തെ ഗന്ധര്വ്വന് ചോദിച്ചു
‘നീ ഇത്രനാളും ഞങ്ങളെ സേവിച്ചുവല്ലോ! പകരം നിനക്ക് എന്താണ് വേണ്ടത്?”
ശുഭദത്തന് ആ മൺകുടം ആവശ്യപ്പെട്ടു. അത് കേട്ട നാലാമത്തെ ഗന്ധര്വ്വന് ഉപദേശിച്ചു “‘ആ മൺകുടം നിനക്ക് സൂക്ഷിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. വേറെ എന്തെങ്കിലും ആവശ്യപ്പെടുന്നതാണ് ബുദ്ധി!”
എന്നാല്‍ ശുഭദത്തന് ആ ഉപദേശം സ്വീകരിക്കാന്‍ കൂട്ടാക്കിയില്ല. ഇത്ര രുചികരമായ ഭക്ഷണം മുമ്പെങ്ങും അയാള്‍ കണ്ടിട്ടുപോലുമുണ്ടായിരുന്നില്ല. ജോലിയൊന്നും ചെയ്യാതെ മൂന്ന് നേരവും ഒന്നാന്തരം ആഹാരം കഴിച്ച് വെറുതെയങ്ങനെ കിടക്കുന്ന കാര്യമോര്‍ത്തപ്പോള്‍ത്തന്നെ അയാള്‍ക്ക് സന്തോഷം കൊണ്ട് തുളളിച്ചാടാന്‍ തോന്നി.

മൺകുടവും തലയിലേറ്റി അയാള്‍ വീട്ടിലെത്തി. വേണ്ടത്ര ആഹാരമില്ലാതെ എല്ലും തോലുമായ ഭാര്യയേയും കുട്ടികളേയും കണ്ടപ്പോള്‍ അയാള്‍ മൺകുടത്തില് കൈയിട്ടു. പുറത്ത് വരു ആഹാരസാധനങ്ങള്‍ കണ്ട് ആ പാവം കുട്ടികളുടേയും ഭാര്യയുടേയും കണ്ണ് തളളിപ്പോയി! അവര്‍ അതൊക്കെയും ആര്‍ത്തിയോടെ ഭക്ഷിച്ചു.
വിറക് വെട്ടാന്‍ പോകാതെ തീറ്റയും കുടിയുമായി കഴിയുന്ന ശുഭദത്തനേയും കുടുംബത്തേയും കണ്ട് അയല്‍വാസികള്‍ വിവരമന്വേഷിച്ചു. കുറച്ച് അഹങ്കാരത്തോടു കൂടിത്തന്നെ ശുഭദത്തന് അവരോട് കാര്യങ്ങളൊക്കെ പറയുകയും ചെയ്തു.
വിറക് വെട്ടുകാരന്റെ ഭാഗ്യത്തില്‍ അസൂയാലുക്കളായ ചിലര്‍ മഴുവുമേന്തി കാട്ടിലൊക്കെ അലഞ്ഞ് നടന്നെങ്കിലും കൊട്ടാരമോ ഗന്ധര്‍വ്വന്മാരെയോ കാണാന്‍ കഴിഞ്ഞില്ല. ഇതറിഞ്ഞ് പൊട്ടിച്ചിരിച്ചുക്കൊണ്ട് ശുഭദത്തന് മൺകുടം തലയിലേറ്റി നൃത്തം ചെയ്തു. കാലിടറി അയാളുടെ തലയില്‍ നിന്ന് മൺകുടം വീണ് ചിതറിപ്പോയി!
അയാള്‍ വീണ്ടും വിറകു വെട്ടുകാരനായിത്തീർന്നു!
- കുട്ടിക്കഥക്കൂട്ടിൽ നാളെ ഷാഹിന ഇ കെ എഴുതിയ കഥ വായിക്കാം
