അന്ന് ലൈബ്രറിയിലേക്ക് പോകാം എന്നച്ഛന്‍ പറഞ്ഞപ്പോള്‍ ഗൗരി വളരെ സന്തോഷത്തിലായിരുന്നു. വീട്ടിലുണ്ടായിരുന്ന പത്മനാഭന്റെ പുസ്തകങ്ങളെല്ലാം വായിച്ചു തീര്‍ത്തതുകൊണ്ടാവാം അത്. ടി പത്മനാഭനോടും അദ്ദേഹത്തിന്റെ പുസ്തകങ്ങളോടുമുള്ള അവളുടെ ആരാധന അച്ഛന്‍ തന്നെ തുടങ്ങിവച്ചതാണ്. സ്കൂളില്‍ നടന്ന കഥാമത്സരത്തില്‍ ഒന്നാം സമ്മാനം കിട്ടിയപ്പോള്‍ അച്ഛന്‍ പത്മനാഭന്റെ നവരസകഥാപരമ്പര അവള്‍ക്ക് വാങ്ങിച്ചുകൊടുത്തു. അതിലെ ‘പ്രകാശം പരത്തുന്ന പെണ്‍കുട്ടിയും’ ‘കടയനെല്ലൂരിലെ സ്ത്രീയു’മൊക്കെ അവളുടെ ആരാധന വളര്‍ത്തി. അങ്ങനെ പത്മനാഭന്റെ ‘പെരുമഴപോലെ’യും ‘പുഴകടന്ന് മരങ്ങളുടെ ഇടയിലേയ്ക്കും’ ഒക്കെ അവള്‍ ആവേശത്തോടെ വായിച്ചു തീര്‍ത്തു. പക്ഷേ, ഗൗരി അവള്‍ വായിച്ചിട്ടില്ല. വായിക്കാന്‍ ശ്രമിക്കാത്തതല്ല, കിട്ടാത്തതാണ്. സ്വന്തം പേരും ഗൗരി എന്നായതുകൊണ്ട് മാത്രമല്ല, പത്മാഭന്റെ പ്രധാന കഥ കൂടി ആയതിനാലാണ് അവള്‍ അത് വായിക്കാന്‍ മോഹിച്ചത്. ലൈബ്രറിയിലേക്കുള്ള ഇന്നത്തെ യാത്ര അതിനുവണ്ടിയാണ്.

“ഉം, സ്കൂള്‍ തുറക്കുന്നതു വരെയുള്ളൂ പുസ്തകവും പത്മനാഭനുമൊക്കെ”- അടുക്കളയില്‍ നിന്ന് അമ്മ പറഞ്ഞു. വീടിനടുത്തായിരുന്നു സിറ്റി ലൈബ്രറി. അച്ഛനോടൊപ്പം നടന്നാണ് പോയത്. ഇതിനുമുമ്പ് അച്ഛനൊപ്പം ലൈബ്രറിയില്‍ പോകുമ്പോള്‍ പുറത്ത് പാര്‍ക്കില്‍ കുട്ടികളോടൊപ്പം കളിക്കുകയായിരുന്നു ചെയ്തിരുന്നത്. എന്നാല്‍ ഇക്കൂറി അവള്‍ ആദ്യമായി ലൈബ്രറിക്കുള്ളില്‍ കയറാന്‍ പോകുകയാണ്. അകത്ത് കടന്നപ്പോള്‍ അച്ഛന്‍ തന്റെ ബാഗ് അവള്‍ക്ക് കൊടുത്തു.

“നീ ബാഗ് കൗണ്ടറില്‍ കൊടുക്കു”
“അവള്‍ കൗണ്ടറിലേയ്ക്ക് പോയി”
“അങ്കിള്‍ ഈ ബാഗ് ഇവിടെ വയ്ക്കാമോ”
“എന്തിനാ ഇവിടെ വയ്ക്കുന്നത്”- കൗണ്ടറിലെ മീശക്കാരന്‍ സെക്യൂരിറ്റി അവളോട് തര്‍ക്കിച്ചു
“ഉം, ആ ഷെല്‍ഫിലേയ്ക്ക് വച്ചോ.” ബാഗുകള്‍ വച്ചിരുന്ന ഇരുമ്പ് ഷെല്‍ഫുകള്‍ ചൂണ്ടി പരുക്കന്‍ ശബ്ദത്തില്‍ അയാള്‍ പറഞ്ഞു. ബാഗ് അവിടെ വച്ചിട്ട് അവള്‍ അച്ഛന്റെ അടുത്തേയ്ക്ക് പോയി.
കാക്കിയിട്ടവര്‍ പാവമാണെന്നാണ് അവള്‍ കരുതിയിരുന്നത്. പക്ഷെ ഇപ്പോള്‍…
“അച്ഛാ ആ സെക്യൂരിറ്റി എന്നെ വഴക്കു പറഞ്ഞു.”
“അതു നിന്നെ പേടിപ്പിക്കാന്‍ പറഞ്ഞതായിരിക്കും. നീ പോയി പുസ്തകം എടുത്തോ. ഞാന്‍ ഇഗ്ലീഷ് സെക്ഷനില്‍ കാണും.”

അവള്‍ മലയാളം സെക്ഷനിലേക്ക് പോയി. വായനയുടെ കോട്ടയിലേക്ക് അവള്‍ കാലെടുത്തു വച്ചു. എവിടുന്നോ ഒരു കോരിതരിപ്പ്. പുസ്തകങ്ങളില്‍ നിന്ന് കണ്ണെടുക്കാത്ത വായനക്കാര്‍. കമ്പ്യൂട്ടറില്‍ നിന്ന് വിരലെടുക്കാത്ത ഉദ്യോഗസ്ഥര്‍.അവള്‍ നാലുപാടും നോക്കി. ഷെല്‍ഫുകള്‍. അതിന്റെയുള്ളില്‍ കൂട്ടിലടച്ച മൃഗങ്ങളെ പോലെ ജീവനില്ലാത്ത പുസ്തകങ്ങള്‍. എങ്ങും അലയടിക്കുന്ന നിശബ്ദത. അവള്‍ക്കൊന്നും മനസ്സിലായില്ല. അവിടെ പുസ്തകം വായിച്ചു കൊണ്ടിരുന്ന ഒരാളുടെയടുത്ത് അവള്‍ ചോദിച്ചു.
“അങ്കിള്‍ പത്മനാഭന്റെ പുസ്തകങ്ങളെവിടെയാണ്.” പുസ്തകത്തില്‍ നിന്നും കണ്ണെടുക്കാതെ ദേഷ്യത്തില്‍ അയാള്‍ പറഞ്ഞു
“അവിടെ എവിടെയെങ്കിലും കാണും, പോയി നോക്ക്”devadathan,story
അവള്‍ ഷെല്‍ഫുകളുടെ മുകളിലേക്ക് നോക്കി. ഓരോ ഷെല്‍ഫിലും നോവല്‍, കവിത എന്നൊക്കെ എഴുതിയിരിക്കുന്നു. ഗൗരി ചെറുകഥയാണെന്ന് അവള്‍ക്ക് അറിയാമായിരുന്നു. അവള്‍ ചെറുകഥയെ തേടി. വലത്തേയറ്റത്ത് ചെറുകഥ എന്നെഴുതിയ ഷെല്‍ഫ് കണ്ടു. അവിടേക്ക് പോയി. നോക്കിയപ്പോള്‍ ഷെല്‍ഫിന്റെ നിരകളില്‍ കുറെ എഴുത്തുകാരുടെ പേരുകള്‍. പേരുകള്‍ അക്ഷരമാല ക്രമത്തിലായിരുന്നു. അങ്ങനെയെങ്കില്‍ പ യില്‍ പത്മനാഭന്‍. അവള്‍ ചെറുകഥയിലെ പ -യെ തേടി. ഒടുവില്‍ കണ്ടു.പക്ഷെ ആ നിര തുടങ്ങുന്നത് പിള്ള എന്ന പേരിലാണ്. അവള്‍ അതിശയിച്ചു. പ തുടങ്ങേണ്ടത് പത്മനാഭനിലല്ലേ. അവള്‍ കമ്പ്യൂട്ടറില്‍ എന്തോ ചെയ്തു കൊണ്ടിരുന്ന ഒരു ഉദ്യോഗസഥന്റെയടുത്ത് ചോദിച്ചു.
“അങ്കിള്‍ പത്മനാഭന്റെ പുസ്തകങ്ങളെവിടെയാ.”
“പ എന്നുള്ള സെക്ഷനില്‍ കാണും.”
“അവിടെ ഇല്ലങ്കിള്‍.”
“അവിടെ കാണും മുകളിലൊക്കെ നോക്ക്.”
അവള്‍ തിരിച്ചു പോയി. മുകളിലത്തെ നിരയിലേക്ക് ഊന്നി. പക്ഷെ കൈയ്യെത്തിയില്ല. അവള്‍ അപ്പുറത്തിരുന്ന ഒരു സ്റ്റൂള്‍ എടുത്തു കൊണ്ട് വന്നു. അതില്‍ കയറി മുകളിലത്തെ ഒരു പുസ്തകം എടുക്കാന്‍ ശ്രമിച്ചു. പക്ഷെ അവള്‍ തെന്നി താഴെ വീണു. കൂടെ അവളറിയാതെ കുറെ പുസ്തകങ്ങളും.
“ഹോ ആ സ്റ്റൂളും കൊണ്ട് പോയപ്പഴേ ഞാന്‍ വിചാരിച്ചതാ എന്തെങ്കിലും പണിയൊപ്പിക്കാന്‍ ആയിരിക്കുമെന്ന്. മര്യാദയ്ക്ക് അതോക്കെ എടുത്തു വച്ചോ.”
അവളൊന്നും മിണ്ടിയില്ല. അവള്‍ പോലും അറിയാതെയല്ലേ. ആ വീഴ്ച്ചയിലും അവള്‍ ഗൗരിയെ തേടി. മുകളിലത്തെ നിരയിലെ പകുതിയിലേറെ പുസ്തകങ്ങളും താഴെ വീണിരുന്നു. അവള്‍ ഓരോ പുസ്തകവും ഏതാണെന്ന് നോക്കി മുകളില്‍ വച്ചു. പക്ഷെ അതിലൊന്നിലും പത്മനാഭനും ഗൗരിയും ഇല്ലായിരുന്നു. അവള്‍ പ സെക്ഷനില്‍ ഉണ്ടായിരുന്ന എല്ലാം പുസ്തകങ്ങളും നോക്കി. ഗൗരിയെ തേടി വന്ന അവള്‍ പത്മനാഭന്റെ ഒരു പുസ്തകവും അവിടെ കണ്ടില്ല. വായിക്കാനുള്ള മോഹവുമായി വായനയുടെ കോട്ടയില്‍ കയറിയ അവള്‍ വെറുംകൈയ്യോടെ ഇറങ്ങി. അവള്‍ ഇരിക്കാറുള്ള പാര്‍ക്കില്‍ പോയിരുന്ന് കരഞ്ഞു. തൊട്ടപ്പുറത്ത് ഒരു വെളുത്ത പൂച്ചക്കുട്ടിയെ മടിയില്‍ താലോലിച്ചു കൊണ്ടിരുന്ന ഒരു അപ്പൂപ്പന്‍ അവളുടെയടുത്തേക്ക് വന്നു.
“മോളെന്തിനാ കരയുന്നേ.”
“ഒരു പുസ്തകം എടുക്കാനാ ഞാനിവിടെ വന്നേ.”പക്ഷെ ഇവിടെ പത്മനാഭന്റെ ഒരു പുസ്തകം പോലുമില്ല.”
“മോള്‍ക്ക് പത്മനാഭന്റെ ഏത് പുസ്തകമാ വേണ്ടത്.”
“ഗൗരി.”
“വാ ഞാനെടുത്ത് തരാം.”
അദ്ദേഹം അവളെയും കൂട്ടി ലൈബ്രറിയിലേക്ക് കയറി. അദ്ദേഹത്തെ കണ്ടപ്പോള്‍ എല്ലാവരും ഞെട്ടിയെഴുന്നേറ്റു.
“അയ്യോ സാറെന്താ ഇവിടെ.”
“നിങ്ങളെന്താ ഈ കുട്ടി ചോദിച്ച പുസ്തകം കൊടുക്കാത്തത്.”
“ഏത് പുസ്തകമാ മോളെ വേണ്ടത്.”
“ഗൗരി.”
“സാര്‍ അത് റിസര്‍വേഷന്‍ സെക്ഷനിലാണ്. മൂന്നാഴ്ച്ച മുമ്പ് റിസേര്‍വ് ചെയ്താലേ കിട്ടുകയുള്ളൂ.”
അദ്ദേഹം അവളെയും കൊണ്ട് തിരിച്ച് പാര്‍ക്കിലേക്ക് പേയി. തന്റെ തോളിലുണ്ടായിരുന്ന ബാഗില്‍ നിന്നും ഒരു പുസ്തകം പുറത്തെടുത്തു.
“ഇതല്ലേ മോള്‍ക്ക് വേണ്ട പുസ്തകം.’
“ഹായ് ഗൗരി, ഇതെനിക്കാണോ”
“അതെ ഇത് മോള്‍ വച്ചോ. ഞാന്‍ പോട്ടെ.” അദ്ദേഹം പാര്‍ക്കില്‍ നിന്നും ഇറങ്ങി
“അല്ല അപ്പൂപ്പനാരാ.”അവള്‍ ഉറക്കെ ചോദിച്ചു
അദ്ദേഹം തിരിഞ്ഞു.”ഞാനോ, ഗൗരിയുടെ അച്ഛന്‍.”

തിരുവനന്തപുരം പട്ടം സെന്റ് മേരീസ് സ്കൂളിലെ ഒന്‍പതാം ക്ലാസ്സ്‌ വിദ്യാര്‍ത്ഥിയാണ് ദേവദത്തന്‍

സാഹിതി ബുക്സ് പ്രസിദ്ധീകരിക്കുന്ന ‘ഒറ്റമരം നട്ട പെണ്‍കുട്ടി’ എന്ന കഥാസമാഹാരത്തില്‍ നിന്നും

Get Malayalam News and latest news update from India and around the world. Stay updated with today's latest Children news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ