/indian-express-malayalam/media/media_files/2025/12/24/tency-jacob-ginger-breadman-fi-2025-12-24-18-31-53.jpg)
ചിത്രീകരണം: അരുണ നാരായണൻ ആലഞ്ചേരി
പണ്ടുപണ്ടു നടന്ന ഒരു കഥയാണേ... ഇംഗ്ലണ്ടിലെ ബാത്ത് എന്ന സ്ഥലത്തെ ഒരു മനോഹര ഗ്രാമം ആയിരുന്നു ടിംസ് ബെറി. അവിടെയാണ് കൃഷിക്കാരായ റോബർട്ടും ഭാര്യ മോർഫിഡും താമസിച്ചിരുന്നത്.
ഓട്സും സൂര്യകാന്തി പൂക്കളും നിറഞ്ഞ വയലുകൾക്കിടയിൽ ഒരു കുഞ്ഞു വീട്. നിറയെ പശുക്കളും ചെമ്മരിയാടുകളും കുതിരകളും പന്നികളും കോഴികളുമെല്ലാമുണ്ട്. വീടിനു ചുറ്റും വയലറ്റ് വിരിച്ച് ലാവണ്ടർ പാടങ്ങളും.
ഡിസംബറിലെ ഒരു വെളുപ്പാൻ കാലം. റോബർട്ട് അപ്പൂപ്പൻ മുറ്റത്തും വഴിയിലും തലേന്നു വീണ മഞ്ഞ് കോരി മാറ്റുന്ന തിരക്കിലായിരുന്നു. അമ്മൂമ്മയാകട്ടെ വീടിനുള്ളിലെ സ്വീകരണമുറിയിലിരുന്ന് ഒരു കമ്പിളി തൊപ്പി തുന്നുന്ന പണിയിലും. പെട്ടെന്നാണ് അമ്മൂമ്മയ്ക്ക് ഓർമ്മ വന്നത്, അത്താഴത്തിന് എന്തുണ്ടാക്കും? കുറച്ചുനേരം ആലോചിച്ചിരുന്നു. പിന്നെ ഓടിച്ചെന്നു ജനാല തുറന്ന് അപ്പൂപ്പനോട് ചോദിച്ചു "അത്താഴത്തിനു കഴിക്കാനായി ജിഞ്ചർ ബ്രഡ് ഉണ്ടാക്കട്ടെ?" അപ്പൂപ്പൻ സമ്മതം കൊടുത്തു.
അമ്മൂമ്മ ഒരുക്കങ്ങൾ തുടങ്ങി. ആദ്യം ഒരു പൗണ്ട് മൈദ എടുത്തു. അതിലേക്കു രണ്ടു ടീസ്പൂൺ ബേക്കിങ് പൗഡറും നാലു ടീസ്പൂൺ ചുക്കുപൊടിച്ചതും രണ്ടു ടീസ്പൂൺ കറുവാപ്പട്ട പൊടിച്ചതും ഒരു നുള്ളു ഉപ്പും കൂടി തെള്ളിയെടുത്തു.
ഇതിലേക്ക് ഏഴ് ഔൺസ് പഞ്ചസാരയും ഒമ്പത് ഔൺസ് ഉപ്പില്ലാത്ത വെണ്ണയും ചേർത്ത് പുട്ടിനു നനയ്ക്കുന്നതുപോലെ മൃദുവായി തിരുമ്മിയെടുത്തു. ഒരു വലിയ മുട്ട പൊട്ടിച്ചതിലേക്ക് നാലു വലിയ സ്പൂൺ ഗോൾഡൻ സിറപ്പും ചേർത്തു നന്നായി അടിച്ചു പതപ്പിച്ച് എടുത്തത് മൈദ കൂട്ടിലേക്ക് ഒഴിച്ചു നന്നായി കുഴച്ചു. കൂട്ട് മൃദുവായെന്നു തോന്നിയപ്പോൾ പാത്രം അടച്ചു ഫ്രിഡ്ജിലേക്ക് എടുത്തു വച്ചു.
അമ്മൂമ്മ വീണ്ടും തുന്നൽ പണിയിൽ മുഴുകി. ഇടയ്ക്കിടെ അപ്പൂപ്പനെ ജനാലയിലൂടെ ഒളികണ്ണെറിഞ്ഞു നോക്കുന്നുണ്ടായിരുന്നു. ചുറ്റും വെൺമേഘനുരകൾ പോലെ പുതഞ്ഞു കിടക്കുന്ന മഞ്ഞ്. സൂര്യൻ മിന്നി മാഞ്ഞുപോകുന്ന പകൽ. ആ വെളിച്ചത്തിൽ റോബർട്ട് എന്തൊരു സുന്ദരനാണ്. അമ്മൂമ്മയുടെ ഹൃദയത്തിൽ സ്നേഹം വന്നു നിറഞ്ഞു. കുറച്ചുനേരം ആ മനോഹര കാഴ്ച നോക്കി നിന്ന ശേഷം അടുക്കളയിലേക്ക് പോയി.
/filters:format(webp)/indian-express-malayalam/media/media_files/2025/12/24/tency-jacob-ginger-breadman-1-2025-12-24-17-36-27.jpg)
ഇനി ജിഞ്ചർ ബ്രഡ് ഉണ്ടാക്കണം. അമ്മൂമ്മ ബ്രഡ് ഉണ്ടാക്കാനുള്ള നീളൻ പാത്രം തിരഞ്ഞു. എത്ര നോക്കിയിട്ടും കാണുന്നില്ല. മൈക്രോവേവ് ഓവൻ്റെ താഴെയായി ബേക്ക് ചെയ്യുന്ന പാത്രങ്ങൾ വയ്ക്കുന്ന സ്ഥലമുണ്ട്, അവിടെയുമില്ല. പാത്രങ്ങൾ വയ്ക്കുന്ന മറ്റു ഇടങ്ങളിലും നോക്കി. എവിടെയും ഇല്ല. ഇനി എന്തു ചെയ്യും? ഒരു കാര്യം ചെയ്യാം, കുക്കീസ് ഉണ്ടാക്കാം.
എന്നെ അങ്ങനെയൊന്നും തളർത്താൻ പറ്റില്ലെന്ന് സ്വയം പറഞ്ഞ് മോർഫിഡമ്മൂമ്മ ബ്രഡിന്റെ മാവ് വട്ടത്തിൽ പരത്തി. പിന്നെ പല ആകൃതികളിലായി വെട്ടിയെടുത്തു. പെട്ടെന്നാണ് അമ്മൂമ്മയ്ക്ക് ഒരു കുസൃതി തോന്നിയത്.
മനുഷ്യന്റെ രൂപത്തിൽ ഒരെണ്ണം വെട്ടിയെടുത്തു. എന്നിട്ട് ചോക്ലേറ്റ് ചിപ്സ് കൊണ്ട് രണ്ടു കണ്ണുവെച്ചു. ചെറിപ്പഴങ്ങൾ കൊണ്ട് മൂന്ന് ബട്ടൺസും. ഈ ജിഞ്ചർ ബ്രഡ്മാനെ റോബർട്ടിനു കൊടുത്ത് അമ്പരപ്പിക്കാം. അമ്മൂമ്മയ്ക്ക് ചിരി വന്നു. ഒരു ബേക്കിംഗ് ട്രേയിൽ ഇവയെല്ലാം നിരത്തിവച്ചു. 180 ഡിഗ്രി സെൽഷ്യസിൽ 10 മിനിറ്റ് ചൂടാക്കിയ ഓവനിൽ 12 മിനിറ്റോളം ബേക്ക് ചെയ്യാൻ വച്ചു.
കുക്കീസിന്റെ നല്ല മണം പരന്നപ്പോൾ അമ്മൂമ്മ കയ്യുറയെല്ലാമിട്ടു ഓവൻ തുറന്നു. പെട്ടെന്നതാ ' ജിഞ്ചർ ബ്രഡ് മാൻ ' ഓവനിൽ നിന്നു ചാടിയിറങ്ങി തുറന്നു കിടന്ന ജനാലയിലൂടെ ഒറ്റയോട്ടം. അമ്മൂമ്മ ഒരുനിമിഷം അന്തംവിട്ടു നിന്നെങ്കിലും പുറകെ വെച്ചു പിടിച്ചു.
"ഹേയ്... ഹേയ് നീ എവിടേക്കാണ് പോകുന്നത്? നിന്നെ ഞങ്ങൾ അത്താഴത്തിന് കഴിക്കാനാണ് വിചാരിക്കുന്നത്" അമ്മൂമ്മ ഓട്ടത്തിനിടയിൽ പറഞ്ഞു.
"അല്ല... അല്ല... ഞാൻ നിങ്ങളുടെ അത്താഴമല്ല. നിന്നാൽ നിങ്ങൾ എന്നെ പിടിക്കും" ഇതും പറഞ്ഞ് ജിഞ്ചർ ബ്രഡ്മാൻ ഓട്ടം തുടർന്നു.
മഞ്ഞു കോരി മാറ്റുന്നതിനിടയിൽ തെല്ലുനേരം വിശ്രമിക്കാൻ ഇരുന്ന അപ്പൂപ്പൻ കാറ്റത്തെ പഞ്ഞി പോലെ അമ്മൂമ്മ ഓടിപ്പോകുന്നതു കണ്ടു അമ്പരന്നു. കാര്യം എന്തെന്നറിയാനായി അപ്പൂപ്പനും പുറകെ ഓടി. അപ്പൂപ്പൻ വഴിയിലെ മഞ്ഞൊക്കെ കോരി മാറ്റിയതു കാരണം ഓടാൻ എളുപ്പമായിരുന്നു.
ലാവണ്ടർ പാടങ്ങളും ഓട്സ് പാടങ്ങളും കടന്നു ജിഞ്ചർ ബ്രഡ്മാൻ ഓടി. പുറകെ അമ്മൂമ്മയും അതിനു പുറകെ അപ്പൂപ്പനും. ഓട്ടത്തിനിടയിൽ അമ്മൂമ്മ സംഭവിച്ചതെല്ലാം അപ്പൂപ്പനോടു പറഞ്ഞു.
"അവൻ നമ്മുടെ കണ്ണിൽ നിന്നും മറയുന്നതിനു മുമ്പു പിടികൂടണം."
അപ്പൂപ്പൻ ഉച്ചത്തിൽ വിളിച്ചുപറഞ്ഞു. "ജിഞ്ചർ ബ്രഡ്മാൻ നിൽക്കൂ... നിൽക്കൂ..."
എന്നാൽ ജിഞ്ചർ ബ്രഡ് മാൻ ഓട്ടം നിറുത്താതെ പറഞ്ഞു "ഓടൂ... ഓടൂ... നിനക്ക് കഴിയുന്ന അത്രയും വേഗം ഓടൂ... എങ്കിലും നിനക്ക് എന്നെ തൊടാൻ കഴിയില്ല, ഞാനാണ് ജിഞ്ചർ ബ്രഡ്മാൻ."
കുറച്ചു ദൂരം കഴിഞ്ഞപ്പോൾ ജിഞ്ചർ ബ്രഡ്മാൻ ഓടുന്നതു ഒരു കറുമ്പി പയ്യ് കണ്ടു. അവൾ അയവിറക്കിക്കൊണ്ടു കിടക്കുകയായിരുന്നു. എന്തൊരു രുചിയായിരിക്കും ഈ ജിഞ്ചർ ബ്രഡ്മാനെ തിന്നാൻ എന്നോർത്ത് അവനോട് പറഞ്ഞു "നിൽക്കൂ... നിൽക്കൂ... എനിക്കു നിന്നെ കഴിക്കാൻ കൊതിയാകുന്നു."
"ആ അപ്പൂപ്പനും അമ്മൂമ്മയും നോക്കിയിട്ടു പറ്റിയില്ല, പിന്നെയാണ് നീ." ജിഞ്ചർ ബ്രഡ്മാൻ പറഞ്ഞു.
" ഓടൂ ഓടൂ... നിനക്ക് കഴിയുന്ന അത്രയും വേഗം ഓടൂ. എങ്കിലും നിനക്ക് എന്നെ തൊടാൻ കഴിയില്ല, ഞാനാണ് ജിഞ്ചർ ബ്രഡ്മാൻ."
"ഹും, എനിക്ക് നിന്നെ പിടിക്കാൻ പറ്റില്ലെന്നോ" കറുമ്പി പയ്യ് തലയും വാലും കുലുക്കി ഓട്ടം തുടങ്ങി. അതിനു പിന്നിൽ അപ്പൂപ്പനും അമ്മൂമ്മയും. ഈ കാഴ്ച വഴിയരികിൽ മേയുന്ന ചെമ്പൻ കുതിര കണ്ടു. ഇന്നത്തെ അത്താഴത്തിന് പുല്ലിനു പകരം ഈ ജിഞ്ചർ ബ്രഡ് മാനേ തിന്നാം, ചെമ്പൻ കുതിര തീര്‍ച്ചയാക്കി.
"നിൽക്കൂ... എനിക്ക് നിന്നെ അത്താഴത്തിന് കഴിക്കണം" കുതിര പറഞ്ഞു.
" കൊള്ളാമല്ലോ ചെമ്പൻ കുതിരേ... നിനക്ക് കഴിയുമെങ്കിൽ എന്നെ പിടിക്കാൻ നോക്കൂ. ഓടൂ... ഓടൂ...നിനക്ക് കഴിയുന്ന അത്രയും വേഗം ഓടൂ...
എങ്കിലും നിനക്ക് എന്നെ തൊടാൻ കഴിയില്ല, ഞാനാണ് ജിഞ്ചർ ബ്രഡ്മാൻ."
അങ്ങനെ ജിഞ്ചർ ബ്രഡ്മാനു പിന്നാലെ ഓടുന്ന കറമ്പി പയ്യിന്റെയും അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും കൂടെ ചെമ്പൻ കുതിരയും ചേർന്നു.
കുറച്ചു ദൂരം കഴിഞ്ഞപ്പോൾ ജിഞ്ചർ ബ്രഡ്മാൻ തിരിഞ്ഞുനിന്നു അവരോടു പറഞ്ഞു. "ഇനിയും നിങ്ങൾ പരാജയം സമ്മതിക്കുന്നില്ലേ!" എന്നിട്ട് വീണ്ടും ഓടാൻ തുടങ്ങി.
/filters:format(webp)/indian-express-malayalam/media/media_files/2025/12/24/tency-jacob-ginger-breadman-2-2025-12-24-17-39-28.jpg)
ഈ സമയം ഒരു പന്നിയും അതിന്റെ മൂന്നു കുട്ടികളും ഈ കാഴ്ച കണ്ടു. "എന്റെ മക്കൾക്ക് ഈ ജിഞ്ചർ ബ്രഡ്മാനെ കൊടുത്താൽ എന്തു സന്തോഷമായിരിക്കും. ഒന്നു നിൽക്കൂ... എന്റെ മക്കൾക്ക് നിന്നെ അടുത്തു കാണാൻ ആഗ്രഹമുണ്ട്."
"നിന്റെ ഉള്ളിലിരുപ്പ് എനിക്ക് മനസ്സിലായി." ജിഞ്ചർ ബ്രെഡ്മാൻ തിരിഞ്ഞു നോക്കാതെ വിളിച്ചു പറഞ്ഞു.
" ഓടൂ... ഓടൂ... നിനക്ക് കഴിയുന്ന അത്രയും വേഗം ഓടൂ... എങ്കിലും നിനക്ക് എന്നെ തൊടാൻ കഴിയില്ല, ഞാനാണ് ജിഞ്ചർ ബ്രഡ്മാൻ."
ഇതും പാടിക്കൊണ്ട് ഓട്ടം തുടർന്നു. പുറകെ പന്നിയും മക്കളും ചെമ്പൻ കുതിരയും കറുമ്പി പയ്യും അപ്പൂപ്പനും അമ്മൂമ്മയും.
ഇതേതാ ഇങ്ങനെയൊരു ജാഥ! വഴിയിൽ കൊത്തിപ്പെറുക്കി നിന്നിരുന്ന പൂവൻകോഴി അമ്പരന്നു. അപ്പോഴാണ് മുന്നിൽ വരുന്ന ജിഞ്ചർ ബ്രഡ്മാൻ കാഴ്ചയിലുടക്കിയത്. ഇവനെ കഷണങ്ങളാക്കി കഴിക്കാൻ എന്തൊരു രുചിയായിരിക്കും, കോഴി മനസ്സിലോർത്തു.
"നിൽക്കൂ... നിൽക്കൂ... എനിക്ക് നിന്നെ കൊത്തിത്തിന്നണം."
"ഹ... ഹ... ഹ... നിനക്ക് എന്നെ കിട്ടില്ല. ഇവരൊന്നും ഓടിയിട്ടു നടന്നിട്ടില്ല. പിന്നെയല്ലേ ഉയരത്തിൽ പറക്കാൻ കഴിയാത്ത നീ." ജിഞ്ചർ ബ്രഡ്മാൻ പരിഹസിച്ചു.
" ഓടൂ... ഓടൂ... നിനക്ക് കഴിയുന്ന അത്രയും വേഗം ഓടൂ... എങ്കിലും നിനക്ക് എന്നെ തൊടാൻ കഴിയില്ല, ഞാനാണ് ജിഞ്ചർ ബ്രഡ്മാൻ."
ജിഞ്ചർ ബ്രഡ്മാൻ ഓട്ടം തുടർന്നു. പുറകെ പൂവൻകോഴിയും പന്നിയും മക്കളും ചെമ്പൻ കുതിരയും കറുമ്പിപ്പയ്യും അപ്പൂപ്പനും അമ്മൂമ്മയും. ഓടിയോടി ജിഞ്ചർ ബ്രഡ്മാൻ ഒരു പുഴയുടെ തീരത്തെത്തി. ഇനിയെന്തു ചെയ്യും? പുഴ നീന്തി കടക്കാമെന്നു വച്ചാൽ നനഞ്ഞു കുതിർന്നു പോകും. ഇത്രയും ദൂരത്തിൽ ചാടാനും കഴിയില്ല. ജിഞ്ചർ ബ്രഡ്മാൻ പിന്നിലേക്ക് തിരിഞ്ഞുനോക്കി. അതാ എല്ലാവരും പിന്നാലെ തന്നെയുണ്ട്. വേഗം എന്തെങ്കിലും ചെയ്യണം.
"പുഴ കടക്കാൻ ഞാൻ നിന്നെ സഹായിക്കാം." ഈ ശബ്ദം കേട്ടു ജിഞ്ചർ ബ്രഡ് മാൻ ചുറ്റും നോക്കി. ഒരു കുറുക്കൻ പുൽത്തകിടിയിൽ അലസമായി കിടന്നു വെയിലുകായുന്നു.
" നീയെന്നെ തിന്നാൻ ശ്രമിക്കുമോ?" ജിഞ്ചർ ബ്രഡ്മാന് സംശയമായി.
"ഒരിക്കലുമില്ല, നിന്നെ തിന്നാൽ എന്റെ വയറിന്റെ മൂലയിലേക്കെത്തില്ല. ഞാൻ ഇളം മാനിനെയും മുയലിനെയുമാണ് തിന്നുക. നിനക്കെന്നെ വിശ്വസിക്കാം." കുറുക്കൻ മറുപടി പറഞ്ഞു.
"എങ്ങനെ നീ എന്നെ പുഴ കടത്തും?"
"നിനക്ക് എന്നെ വിശ്വാസം ആണെങ്കിൽ എന്റെ പുറത്തു കയറിയിരിക്കൂ. ഞാൻ നീന്തി നിന്നെ അക്കരെയെത്തിക്കാം."
ജിഞ്ചർ ബ്രഡ്മാൻ തിരിഞ്ഞുനോക്കി. അധികം ചിന്തിക്കാൻ സമയമില്ല. അവരെല്ലാം അടുത്തേക്കെത്തുകയാണ്.
"ശരി ശരി... എനിക്കു നിന്നെ വിശ്വാസമാണ്. നമുക്കു വേഗം പോകാം." ജിഞ്ചർ ബ്രഡ്മാൻ തിടുക്കം കൂട്ടി.
/filters:format(webp)/indian-express-malayalam/media/media_files/2025/12/24/tency-jacob-ginger-breadman-3-2025-12-24-17-41-57.jpg)
വേഗം കുറുക്കന്റെ പുറത്ത് കയറിയിരുന്നു. അവർ പുഴ കടന്നു തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ കുറുക്കൻ പറഞ്ഞു.
"നിന്റെ ഇരിപ്പു ശരിയല്ല, എനിക്കു മുതുകു വേദനിക്കുന്നു. നീ എന്റെ കഴുത്തിൽ കയറിയിരിക്കൂ" ജിഞ്ചർ ബ്രഡ് മാൻ അങ്ങനെ ചെയ്തു.
"എന്നെ സഹായിച്ചതിനു എന്താണ് പ്രതിഫലമായി വേണ്ടത്?" ജിഞ്ചർ ബ്രഡ്മാൻ കുറുക്കനോടു ചോദിച്ചു.
"അതു ഞാൻ അക്കരെ എത്തിയിട്ടു പറയാം."
"ഹോ... എനിക്ക് കഴുത്തു കഴയ്ക്കുന്നു. നീ എന്റെ മൂക്കിൻ തുമ്പത്തിരിക്കാമോ? അതാകും എനിക്കു കൂടുതൽ സൗകര്യം" കുറുക്കൻ ജിഞ്ചർ ബ്രഡ്മാനോടു ആവശ്യപ്പെട്ടു.
ജിഞ്ചർ ബ്രഡ്മാൻ അങ്ങനെ ചെയ്തു. നേർത്ത കാറ്റേറ്റ് കാഴ്ചകൾ കണ്ടു രസിച്ചങ്ങനെ ഇരിക്കുകയായിരുന്നു. പെട്ടെന്നായിരുന്നു കാര്യങ്ങള്‍ മാറിയത്.
കുറുക്കൻ ജിഞ്ചർ ബ്രഡ്മാനെ മുകളിലേക്കിട്ടു വായിലേക്കു പിടിച്ചു. ഒറ്റക്കടിയും... തിന്നലും എല്ലാം ഒരുമിച്ചു കഴിഞ്ഞു.
ടെൻസി ജേക്കബിന്റെ കുട്ടികൾക്കായുള്ള മറ്റ് കഥകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us