“ബാക്കി കഥ പറ മുത്തശ്ശി. ത്രീ കഥയെ ആയുള്ള ബാക്കി ടൂ സ്റ്റോറീസ് കൂടെ പറ…” കുട്ടിമാളു ചിണുങ്ങി.
“മാളൂ നീ ചുമ്മാ മുത്തശ്ശിയെ ബുദ്ധിമുട്ടിക്കാതെ,” കുട്ടിമാളുവിന്റെ അമ്മ അടുക്കളയിൽ നിന്ന് വിളിച്ച് പറഞ്ഞു.
മാളു സ്കൂൾ അവധിക്ക് മുത്തശ്ശിയുടെ അടുത്ത് വന്നാൽ അവൾക്ക് എന്നും അഞ്ച് കഥ പറഞ്ഞു കൊടുക്കണം. അതാണ് മുത്തശ്ശിയും മാളുവും തമ്മിലുള്ള ഡീൽ.
“പറ മുത്തശ്ശി…” മാളു പിന്നെയും പറഞ്ഞത് കേട്ട് മുത്തശ്ശി ചിരിച്ചുകൊണ്ട് അടുത്ത കഥ തുടങ്ങി.
”പണ്ട്, പണ്ട് ഒരുകാട്ടിൽ ഒരു ഭൂതം താമസിച്ചിരുന്നു…”
“അയ്യോ ഭൂതമോ,” മാളു ചോദിച്ചു.
“ഏയ്, ഭൂതം എന്ന് കേട്ട് പേടിക്കണ്ടാ. ഇതൊരു പഞ്ചപാവം ഭൂതമായിരുന്നു. പാവം എന്ന് പറഞ്ഞാ ഒരു പേടിത്തൊണ്ടൻ. കാട്ടിൽ ഒരു വലിയ മരത്തിന്റെ മുകളിലെ ഒരു പൊത്തിൽ ആയിരുന്നു അവന്റെ താമസം. ആ പൊത്തിൽ നിന്ന് പുറത്തിറങ്ങുന്നത് തന്നെ അവന് വലിയ പേടിയായിരുന്നു. ഒരു ചെറിയ അണ്ണാൻ കുഞ്ഞിനെ കണ്ടാൽ പോലും അവൻ തന്റെ മാളത്തിൽ കയറി ഒളിക്കും.”
”അയ്യോ പാവം,” മാളു പറഞ്ഞു. “അപ്പൊ ഈ പേടിത്തൊണ്ടൻ ഭൂതം എങ്ങനെയാ ഫുഡ് കഴിക്കണത് മുത്തശ്ശി,” മാളു ചോദിച്ചു.
“അതോ. അത്, കാട്ടിലെ പഴങ്ങൾ പിന്നെ കിഴങ്ങുകൾ ഒക്കെ ആയിരുന്നു അവന്റെ ഭക്ഷണം.”
“അപ്പോ ഭൂതം വെജിറ്റേറിയൻ ആയിരുന്നല്ലേ?”
മാളൂന്റെ ചോദ്യം കേട്ട് മുത്തശ്ശിയും അടുക്കളയിൽ നിന്ന് മാളുവിന്റെ അമ്മയും ഉറക്കെ ചിരിച്ചു.
“ഹാ, ഹാ… അതേ വെജിറ്റേറിയൻ ഭൂതം.
“ഭൂതത്തിന്റെ പേരെന്താ, മാളുവിന്റെ അടുത്ത സംശയം.
“മാളൂട്ടി തന്നെ ഒരു പേര് പറ.”

“ഹാരിപോട്ടർ,” മാളു ആവേശത്തിൽ ഭൂതത്തിന് പേരിട്ടു.
“ഏയ് അതൊക്കെ പറയാൻ മുത്തശ്ശിക്ക് അറിഞ്ഞൂടാ. നമുക്ക് ഭൂതത്തിനെ ഉണ്ണിഭൂതം എന്ന് വിളിക്കാം.”
‘ഹായ് ഉണ്ണിഭൂതം. നല്ല പേര്.’ കുട്ടിമാളുവിന് ആ പേര് ഇഷ്ടായി.
“ഉണ്ണിഭൂതം അങ്ങനെ പഴങ്ങളൊക്കെ കഴിച്ച് തന്റെ പൊത്തിൽ, ജീവിക്കുകയായിരുന്നു. താൻ ഒരു ഭൂതമാണെന്നോ തന്നെ കണ്ടാൽ മറ്റുള്ളവർ പേടിക്കും എന്നോ തനിക്ക് കുറേ മാന്ത്രിക ശക്തികൾ ഉണ്ടെന്നോ ഒന്നും പാവം ഉണ്ണിഭൂതത്തിന് അറിഞ്ഞൂടായിരുന്നു. അതുകൊണ്ട് മൃഗങ്ങളുടെ ഒന്നും കണ്ണിൽപ്പെടാതെ ആ മരത്തിന്റെ മുകളിൽ താമസിച്ച് പോന്നു.”
“അങ്ങനെ ഇരിക്കെ കാടിളക്കി കുറെ വേട്ടക്കാർ വന്നു.”
“വേട്ടക്കാരോ അതാരാ മുത്തശ്ശി?”
“വേട്ടക്കാർ എന്നുവച്ചാ ഹണ്ടേഴ്സ്. അവർ മൃഗങ്ങളെ ഒക്കെ കൊല്ലാൻ വരുന്നതാ,” മാളുവിന്റെ അമ്മയാണ് മറുപടി പറഞ്ഞത്.
മുത്തശ്ശി ഇത് കേട്ട് തലയാട്ടികൊണ്ട് കഥ തുടർന്നു.
“തങ്ങളെ വേട്ടയാടി പിടിക്കാൻ മനുഷ്യർ വരുന്നു എന്നറിഞ്ഞു മൃഗങ്ങളൊക്കെ പെട്ടെന്ന് ഒത്തുകൂടി. ഭൂതം താമസിച്ച മരത്തിന്റെ താഴെ ആയിരുന്നു അവരുടെ മീറ്റിങ്. കാട്ടിലെ രാജാവായ സിംഹം തന്റെ പ്രജകളോട് പറഞ്ഞു ‘എല്ലാവരുടെയും ശ്രദ്ധയ്ക്ക്, മനുഷ്യർ കാടുകയറിയിട്ടുണ്ട്. അവർ സൂത്രശാലി കളാണ്. അതുകൊണ്ട് എല്ലാവരും സൂക്ഷിച്ച് അവരുടെ മുന്നിൽ പെടാതെ നടന്നോളിൻ,’ രാജാവിന്റെ കൽപ്പന കേട്ട് എല്ലാ മൃഗങ്ങളും പേടിയോടെ തങ്ങളുടെ താവളങ്ങളിലേക്ക് മടങ്ങി.”
“ഇതെല്ലാം കേട്ടുകൊണ്ട് മരത്തിന്റെ മുകളിലിരുന്ന ഭൂതത്താനും പേടിച്ച് വിറച്ചുപോയി. അയ്യോ അവരെങ്ങാനും എന്നെ കണ്ടാലോ എന്നേം കൊല്ലുല്ലേ. ഇനി അവർ പോക്കുന്നത് വരെ വെളിയിൽ ഇറങ്ങുകയേ വേണ്ട എന്ന് ഉണ്ണിഭൂതം തീരുമാനിച്ചു.”

“പക്ഷേ ഒരു ദിവസം കഴിഞ്ഞപ്പോ ഉണ്ണിഭൂതത്തിന് വിശക്കാൻ തുടങ്ങി. അവൻ പതുക്കെ മാളത്തിൽ നിന്ന് തല വെളിയിൽ ഇട്ടു ചുറ്റും നോക്കി. ‘ഏയ് ഇവിടെയെങ്ങും ഒരു വേട്ടക്കാരനെയും കാണുന്നില്ല. വേഗം പുറത്തിറങ്ങി വല്ലതും കഴിച്ച് തിരിച്ച് വരാം.’ പേടിയുണ്ടെങ്കിലും വിശപ്പ് സഹിക്കാൻ പറ്റാതെ ഉണ്ണിഭൂതം പതിയെ പുറത്തിറങ്ങി. അവൻ പറന്നു താഴെ ഇറങ്ങി തനിക്കിഷ്ടമുള്ള പഴങ്ങളൊക്കെ കഴിച്ചുകൊണ്ട് ഇരിക്കുമ്പോ അതാ തൊട്ടടുത്തുള്ള കുറ്റിക്കാട്ടിൽ ഒരു അനക്കം. പേടിച്ച് വിറച്ച ഉണ്ണിഭൂതം അനങ്ങാൻ പോലും പറ്റാതെ അവിടെതന്നെ നിന്നു. പെട്ടെന്ന് ഒരു അമ്പ് അവന്റെ നേരെ പാഞ്ഞ് വന്നു. അത് നേരെ അവന്റെ നെഞ്ചിലേക്ക് തുളച്ച് കയറി.”
“അയ്യോ, ഉണ്ണിഭൂതം മരിച്ച് പോയോ,” മാളു വിഷമത്തോടെ ചോദിച്ചു.
“ഏയ് ഭൂതം മരിക്കാനോ. ആദ്യം ഒന്ന് പേടിച്ച് പോയെങ്കിലും ഒരു മുള്ളു കുത്തിയ പോലെയേ അവന് തോന്നിയുള്ളൂ. അവൻആ അമ്പ് വലിച്ചൂരി എടുത്ത് തിരിച്ചും മറിച്ചും നോക്കി. ങേ ഇതെന്ത് സാധനം?!”
“പെട്ടെന്ന് കുറേ ആളുകൾ കുറ്റിക്കാട്ടിൽ നിന്നും അവന്റെ നേരെ വന്നു. ആദ്യമായ് മനുഷ്യരെ കണ്ട ഉണ്ണിഭൂതം പേടിച്ച് വിറച്ചു. എന്നാൽ അമ്പു കൊണ്ടത് ഏതോ മൃഗത്തിനാണെന്ന് കരുതി അതിനെ പിടിക്കാനായി വന്ന മനുഷ്യരോ! ഒരു വലിയ ഭൂതത്തെ മുന്നിൽ കണ്ട് പേടിച്ച് വിറച്ച് ‘അയ്യോ ഭൂതം… ഓടിക്കോ…’ എന്ന് നിലവിളിച്ച് കൊണ്ട് നാലുപാടും ഓടെടാ ഓട്ടം.”
“ഉണ്ണിഭൂതത്തിന് ഒന്നും മനസിലായില്ല. ഇവരെന്താ ഓടുന്നെ? ഉണ്ണിഭൂതം ഓർത്തു. പെട്ടെന്ന് അവന്റെ പുറകിൽ ഒരനക്കം.”

“ഭയന്ന് വിറച്ച് തിരിഞ്ഞ്നോക്കുമ്പോ അതാ കാട്ടിലെ രാജാവായ സാക്ഷാൽ സിംഹം. സിംഹത്തെ കണ്ട് വിറച്ച് നിന്ന ഭൂതത്തിന്റെ മുന്നിലേക്ക് രാജാവ് നമസ്കരിച്ചുകൊണ്ട് പറഞ്ഞു ‘ അല്ലയോ ഭൂതമേ അങ്ങ് ഞങ്ങളെ എല്ലാവരെയും രക്ഷിച്ചു. അങ്ങില്ലായിരുന്നു എങ്കിൽ ഈ കാട്ടിലെ എല്ലാ ജീവികളെയും ആ ദുഷ്ടന്മാർ കൊന്നൊടുക്കിയേനെ. ഈ കാടിനെ രക്ഷിച്ച അങ്ങാണ് ഇനി മുതൽ ഈ കാട്ടിലെ രാജാവ്.’ ഇത്രയും പറഞ്ഞ് സിംഹം തന്റെ കിരീടം ഭൂതത്തിന്റെ തലയിൽ വച്ച് കൊടുത്തു. മറ്റു മൃഗങ്ങളൊക്കെ ഉറക്കെ പറഞ്ഞു ഭൂതരാജാവ് നീണാൾ വാഴട്ടെ! ഭൂതരാജാവ് നീണാൾ വാഴട്ടെ!”
“മന്ത്രിയായ കുറുക്കൻ പറഞ്ഞു ‘അങ്ങ് ഇനി ഭക്ഷണത്തിന് പുറത്തേക്ക് വരേണ്ടതില്ല. അങ്ങേക്കുള്ള എല്ലാ ഭക്ഷണവും ഞങ്ങൾ എത്തിച്ചുകൊള്ളാം’ ഇത്രയും പറഞ്ഞ് മൃഗങ്ങളെല്ലാം പുതിയ രാജാവിനെ വണങ്ങി സന്തോഷത്തോടെ ആർപ്പുവിളിച്ചുകൊണ്ട് തിരിച്ച് പോയി.”
“വേട്ടക്കാരെയും മൃഗങ്ങളെയും ഒക്കെ കണ്ട് പേടിച്ച് നിന്ന പാവം ഉണ്ണിഭൂതത്തിന് എന്തൊക്കെയാണ് സംഭവിച്ചതെന്ന് മനസിലായതുമില്ല.”
“എന്തായാലും അന്നത്തോടെ ഉണ്ണിഭൂതം താൻ അത്ര നിസ്സാരക്കാരനല്ല എന്ന് തിരിച്ചറിഞ്ഞു. അവന്റെ പേടിയും അതോടെ പമ്പകടന്നു. അങ്ങനെ കാട്ടിലെ രാജാവായി വേട്ടക്കാരുടെ പേടിസ്വപ്നമായി ഉണ്ണിഭൂതം പിന്നീടുള്ള കാലം സുഖമായി താമസിച്ചു,” മുത്തശ്ശി പറഞ്ഞു നിർത്തി.
“ഇത്രേ ഉള്ളോ കഥ. പെട്ടെന്ന് തീർന്നു പോയി. സാരില്ല മുത്തശ്ശി ഇനി നെക്സ്റ്റ് കഥ പറ,” മുത്തശ്ശിയും മാളൂട്ടിയും അടുത്ത കഥയിലേക്ക് കടന്നു.