എന്റെ പേര് ചിക്കൂന്നാ… ഞങ്ങളുടെ ഗേറ്റിലെ വീട്ടുപേര് നോക്കിക്കേ.. സ്വർണ്ണ കളറില് കണ്ടോ, ഡാലിസ് വില്ല.. സൂപ്പറ് പേരാണല്ലേ? ഇക്കാണുന്ന വലിയ വീട്ടിൽ എലുമ്പനായ ഞാനെങ്ങനെ എത്തിയെന്ന് അത്ഭുതപ്പെടുന്നുണ്ടാവും.
ഡാലിസ് വില്ലയിലേക്ക് എന്നെ കൂട്ടിക്കൊണ്ടു വന്നത് റോസുമോളാണ്. ഈ ബംഗ്ലാവിലെ മാലാഖക്കുഞ്ഞാണവൾ. റോഡരികീന്ന് അവൾ എടുത്തോണ്ടു വളർത്തുന്ന കുറേ ജീവികളുണ്ടിവിടെ. ഞങ്ങളെപ്പോലെ ആർക്കും വേണ്ടാത്തവരെയാണ് അവൾക്ക് ഒത്തിരി ഇഷ്ടം. വൃത്തീം വെടിപ്പുമില്ലാത്തതിനെയൊക്കെ വീട്ടിക്കേറ്റി കുഞ്ഞെന്തിനാ ലാളിക്കുന്നതെന്നും ചോദിച്ച് ഇവിടുത്തെ കുട്ടിച്ചേടുത്തി റോസുമോളോടു എപ്പോഴും പിണങ്ങും.
നഗരത്തിൽ അലഞ്ഞു നടന്നിരുന്ന എന്നെ റോസുമോളാണ് എടുത്തു വളർത്തിയതെങ്കിലും ഇവിടുത്തെ അപ്പാപ്പൻ സൈമണിന്റെ കൂടെയാണ് ഇപ്പോഴെന്റെ ചങ്ങാത്തം. ഞാനിവിടെ എത്തുന്നതിന് വർഷങ്ങൾക്കു മുന്നേ അപ്പാപ്പന്റെ ഭാര്യ മരിച്ചുപോയിരുന്നു.
അപ്പാപ്പന്റെ ഇളയ മകന്റെ മക്കളാണ് റോസുമോളും ജിതിനും. അവരുടെ ഡാഡിയും മമ്മയും അമേരിക്കയിലാണ്. ആണ്ടിലൊരിക്കലേ വരാറുള്ളു. ഈ വീട്ടിലെ ബാക്കിയുള്ളവരൊക്കെ വല്ലപ്പോഴും വന്നുപോകുന്നവരായിരുന്നു. അതുകൊണ്ട് അവരെ ആരെയും എനിക്കത്ര പരിചയവുമില്ല.

ചാരുകസേരയിൽ കിടന്നുറങ്ങി മടുക്കുന്ന വൈകുന്നേരങ്ങളിൽ സൈമണപ്പാപ്പൻ എന്നേം കൂട്ടി നടക്കാ നിറങ്ങും. നഗരത്തിലെ പാർക്കിന് മുന്നിലെത്തുമ്പോൾ വേസ്റ്റ് കൂനയിൽ നിന്നും ചീഞ്ഞളിഞ്ഞതൊക്കെ നക്കിത്തിന്ന് ചിരങ്ങും പിടിച്ച്, കഴിഞ്ഞിരുന്ന പഴയ കാലം ഞാനോർക്കും. കൊഴിഞ്ഞുപോയ രോമമൊക്കെ കിളിർത്ത് സുന്ദരനായ എന്നെ കാണുമ്പോൾ പാർക്കിന് മുന്നിലെ ചാവാലിപ്പട്ടികൾക്ക് അസൂയ മൂക്കും. കുരുച്ചുകൊണ്ടു അവൻമാര് ഞങ്ങളുടെ പിന്നാലെ വരും. അപ്പാപ്പന്റെ കൈയിൽ ഒരു കറുത്തവടിയുണ്ട്. അപ്പാപ്പനത് ചുഴറ്റി അവറ്റകളെ ഓടിക്കും. പാർക്കിലെ പൊന്തക്കാട്ടിലേക്ക് അവരോടുന്നതും നോക്കി നിൽക്കുന്ന എന്നെ ചൂളംകുത്തി അപ്പാപ്പൻ അടുത്തേക്ക് വിളിക്കും.
പണ്ട് കടലിൽ മീൻ പിടിക്കാൻ പോയ ചരിത്രമൊക്കെ അപ്പാപ്പൻ ആരോടെന്നില്ലാതെ പറയും. മീനെന്ന് കേൾക്കുമ്പോഴേ എന്റെ നാവീന്ന് ഈള ഇറ്റി താടിക്കൂടി നൂലുപോലെ വലിയും. കരേ കാണുന്ന എല്ലാ ജീവികളും കടലിലുമുണ്ടത്രെ! കടൽക്കഥ കേട്ട് മടങ്ങുമ്പോൾ വഴിവക്കിലെ പോസ്റ്റിൽ കാലുപൊക്കി മുള്ളിയും വാലാട്ടിയും ഞാൻ അനുസരണയോടെ അപ്പാപ്പന്റെ പിന്നാലെ നടക്കും.
Read More: മാണിക്യക്കല്ലിന്റെ കഥ എം ടി എഴുതുന്നു
വീട്ടിലേക്ക് മടങ്ങുന്ന വഴി കെന്റക്കി ചിക്കനിലിൽ കയറി സൈമണപ്പാപ്പൻ ജിതിൻമോന് പാഴ്സൽ വാങ്ങും. വീടിനു മുന്നിലെ പുൽത്തകിടിയിലേക്ക് ജിതിൻ വലിച്ചെറിയുന്ന ചുവന്നബോള് കടിച്ചെടുത്ത് കൊടുത്താലെ അവൻ തിന്നതിന്റെ ബാക്കി കോഴിക്കാല് തരൂ. അവനൊരു കുറുമ്പൻ ചെക്കനായിരുന്നു. റോസുമോളു കാണാതെ കളിത്തോക്കെടുത്ത് ഞങ്ങളെ എപ്പോഴും പേടിപ്പിക്കും.
ചിക്കൻ എനിക്ക് ഭയങ്കര ഇഷ്ടാ. സൈമണപ്പാപ്പന് ചിക്കനേക്കാൾ ഇഷ്ടം ഉണക്കമീനാണ്. അതും ചോറുമുണ്ടെങ്കിൽ അപ്പാപ്പന് എന്നും പെരുന്നാളാണ്. പക്ഷെ അതൊന്നും കഴിക്കാൻ വീട്ടിലുള്ളവർ സമ്മതിക്കില്ല. വീടുമുഴുവൻ മീനിന്റെ നാറ്റം നിറയുമത്രെ.
ഈയിടെയായി പാർക്കിനു മുന്നിലൂടെയുള്ള ഞങ്ങളുടെ നടപ്പു നിന്നു. വീട്ടുമുറ്റത്തേക്കിറങ്ങിയാലും മുഖത്ത് മാസ്ക് ഇടണമെന്ന് ജിതിൻ പറഞ്ഞോണ്ടിരിക്കും. സൈമണപ്പാപ്പന് അതിട്ടാൽ ശ്വാസം മുട്ടും. ജിതിൻ എനിക്കും ഒരു മാസ്ക്ക് ഇടീച്ച് തരും. രണ്ടു തവണ എന്റെ കോമ്പല്ലുകൊണ്ട് അത് കീറയതുകാരണം ഇപ്പോൾ ഒരു കാക്കിത്തുണിയാണ് വെച്ചുകെട്ടിയിരിക്കുന്നത്.
മാസ്ക് വന്നതോടെ ഇടയ്ക്കിടെയുള്ള തീറ്റിയും വെള്ളം നക്കി കുടിയും അവസാനിച്ചു. ആരെങ്കിലും മുഖത്തെ തുണി അഴിച്ചു തന്നാലെ എനിക്കെന്തെങ്കിലും തിന്നാൻ പറ്റൂ. നേരേ ചൊവ്വേ കുരയ്ക്കാൻ പറ്റാത്തതിന്റെ സങ്കടവുമായി അപ്പാപ്പൻ ഉറങ്ങുന്ന ചാരുകസേരയ്ക്കു കീഴെ ഞാനും ചുരുണ്ടുകൂടി.

പുറത്തേക്കിറങ്ങാതെ ചാരുകസേരയിൽ കഴിഞ്ഞിട്ടും പെട്ടെന്നൊരു ദിവസം സൈമണപ്പാപ്പനു പനി പിടിച്ചു. ജലദോഷപ്പനിപോലെ പെട്ടെന്ന് മാറണേന്ന് പ്രാർത്ഥിച്ചിട്ടും അതാകെ കൊഴപ്പമായി. മൂന്നുദിവസം കഴിഞ്ഞ് അപ്പാപ്പനെ ആശുപത്രിവണ്ടിയിൽ കേറ്റി കൊണ്ടുപോയി. ഞാൻ ഗേറ്റുവരെ കുരച്ചോണ്ടു ചെന്നിട്ട് തിരികെ വരാന്തയിൽ വന്ന് സങ്കടപ്പെട്ടു കിടന്നു.
സൈമണപ്പാപ്പന്റെ അടുത്തുപോകാനോ അപ്പാപ്പനെ കാണാനോ ആർക്കും പറ്റില്ലെന്ന് റോസുമോൾ സങ്കടത്തോടെ പറഞ്ഞുകൊണ്ടിരുന്നു. ഞാൻ ആശ്വസിപ്പിക്കാനെന്നോണം അവളുടെ കാലുകളെ മുട്ടിയുരുമ്മി മുഖത്തേക്ക് നോക്കി.
“റോസുമോളേ, ഞങ്ങൾ പട്ടികൾക്ക് അസുഖമൊന്നും പകരില്ല. ഞാൻ പോയി തിരക്കാം…”
എന്റെ കണ്ണേലോട്ടു നോക്കിയിട്ട് അവൾക്കെന്തോ മനസ്സിലായതുപോലെ. അവളെന്റെ കഴുത്തിലെ തൊടലും മുഖത്തെ കട്ടിമാസ്കും അഴിച്ചു. തുറന്ന ഗേറ്റിലൂടെ ജിതിൻ കാണാതെ ഞാൻ റോഡിലേക്ക് ഓടി.
പാർക്കിന്റെ അടുത്തുള്ള ഹോസ്പ്പിറ്റലിലാണ് അപ്പാപ്പനെ കിടത്തിയിരിക്കുന്നതെന്ന് റോസുമോൾ പറഞ്ഞത് എനിക്കോർമ്മ വന്നു. ആശുപത്രിയുടെ മുന്നിലെത്തിയ ഞാൻ അവിടെയെല്ലാം കറങ്ങി നടന്നു. കുറച്ചു കഴിഞ്ഞപ്പോൾ ചീറിപ്പാഞ്ഞു വന്ന ഓട്ടോയെന്നെ ഇടിച്ചു തെറിപ്പിച്ചു. എന്റെ കണ്ണിലിരുട്ടു കയറിയപോലെ. ആരോ എന്നെ വലിച്ചിഴച്ച് കുപ്പവീപ്പയുടെ അരികിലേക്ക് മാറ്റി കിടത്തി.
കുറേനേരം കഴിഞ്ഞപ്പോൾ ഒരു വെട്ടം എന്റെ കണ്ണിൽ വീണു. ഞാനെഴുന്നേറ്റ് നോക്കുമ്പോൾ സൈമണപ്പാപ്പൻ കറുത്ത വടിയും കുത്തി ആശുപത്രിയിൽ നിന്നിറങ്ങി വരുന്നു.
ശ്രദ്ധയില്ലാതെ വണ്ടിക്ക് വട്ടം ചാടിയതിന് അപ്പാപ്പൻ എന്നെ വഴക്കു പറയുമെന്ന് വിചാരിച്ചു. എന്നാൽ, എന്നെ കാണാത്തതുപോലെ അപ്പാപ്പൻ മുന്നോട്ടു നടന്നു. ഞാൻ സങ്കടപ്പെട്ടു തല ഉയർത്തി. അപ്പാപ്പന്റെ പിന്നാലെ ഒരു ജന്തു വാലാട്ടി നടക്കുന്നുണ്ടായിരുന്നു. മരിക്കുമ്പോൾ ആത്മാവിനെ കൂട്ടിക്കൊട്ടുപോകാൻ വരുന്ന ചിറകുള്ള കടൽപ്പശുവാണതെന്ന് എനിക്ക് മനസ്സിലായി. കടച്ചങ്കെന്നാണ് തീരത്തുള്ളവർ അതിനെ വിളിക്കുന്നത്. റോസു മോൾക്ക് അപ്പാപ്പൻ പറഞ്ഞു കൊടുക്കാറുള്ള കടൽക്കഥയിലെ രാജകുമാരിയാണ് കടച്ചങ്ക്.
കൈയിലിരുന്ന കറുത്തവടി ഒരു പ്രത്യേക രീതിയിൽ ചുഴറ്റി, അപ്പാപ്പൻ കടച്ചങ്കിന്റെ പുറത്തേക്ക് കയറി. ചങ്കിന്റെ പക്കില് ചിറകുമുളക്കുന്നതു കണ്ട് ഞാനും പിന്നാലെ ചെന്നു. കടച്ചങ്കിന്റെ വാലിലാണ് എനിക്കാദ്യം പിടിത്തം കിട്ടിയത്. അതെന്നെ താഴേക്ക് കുടഞ്ഞെങ്കിലും, ഞാനെങ്ങനെയെങ്കിലും വലിഞ്ഞു കയറി അപ്പാപ്പനൊപ്പം ഇരുന്നു.
കടച്ചങ്ക് അതിന്റെ കുഞ്ഞിച്ചിറകു വിരിച്ചു മേപ്പോട്ടു ഉയർന്നു. കുറേ പറന്നു കഴിഞ്ഞപ്പോഴേക്കും കടലിൽ നങ്കൂരമിട്ടു കിടക്കുന്ന കപ്പലുകൾ കണ്ടു തുടങ്ങി. മീൻവള്ളങ്ങളുടെ പിന്നാലെ വട്ടമിട്ടു പറക്കുന്ന കടൽകാക്കകളേയും നോക്കിയിരിക്കെ ഒരു കുഞ്ഞുവിമാനം കാതടപ്പിക്കുന്ന ഒച്ചയോടെ ഞങ്ങളുടെ അരികിലൂടെ പറന്നു പോയി. താഴെ ഇളകിത്തിമിർക്കുന്ന തിരകൾ കണ്ടു പേടിച്ചെങ്കിലും സൈമണപ്പാപ്പൻ കൂടെയുള്ള ധൈര്യത്തിൽ ഞാൻ കടച്ചങ്കിന്റെ മീതെ അള്ളിപ്പിടിച്ചിരുന്നു.

ഒരു വലിയപള്ളിയുടെ മുകളിൽ എത്തിയപ്പോൾ സൈമണപ്പാപ്പൻ കുരിശുവരച്ചു. അപ്പോഴേക്കും നെറ്റിയിൽ ഒറ്റക്കൊമ്പുള്ള ഒരു മാലാഖയും നെറ്റിയിൽ പൂവുള്ള ഒരു മാലാഖയും പറന്നു വന്ന് കടചങ്കിന്റെ ചെവിയിലിരുന്നു. ഒന്നുലഞ്ഞെങ്കിലും പെട്ടെന്നു തന്നെ ചിറകുവിടർത്തി കടച്ചങ്ക് ധൈര്യം കാട്ടി.
മാലാഖമാർ അവരുടെ പക്കലുള്ള പുസ്തകം തുറന്നു സൈമണപ്പാപ്പനോടു കുറേ ചോദ്യങ്ങൾ ചോദിച്ചു. മറുപടി പറയുന്നതിനിടയിൽ അപ്പാപ്പൻ കരഞ്ഞു. എനിക്കും സങ്കടമായി. കൊമ്പൻ മാലാഖയുടെ ചോദ്യങ്ങൾ തീർന്നയുടനേ അത് ദേഷ്യത്തോടെ, നരകത്തിലേക്ക് പറന്നുപോയി. പൂ മാലാഖ ഞങ്ങളെ വിട്ടു പോകാതെ കൂട്ടിരുന്നു.
“ഞാനിത്തിരി നേരം കൂടി കടപ്പുറത്തിനു മീതെ പറന്നോട്ടേ,” സൈമണപ്പാപ്പൻ ചോദിക്കുന്നത് കേട്ട് പൂ മാലാഖ പുസ്തകം മടക്കിവെച്ചിട്ട് കടപ്പുറത്തെ പള്ളിയുടെ എടുപ്പിനുമീതെ ഇരുന്നു.
കടലിൽപോയ വള്ളങ്ങൾ തിരിച്ചു വരുന്ന നേരമായിരുന്നു. മീൻ വാങ്ങാൻ കൊട്ടയും വട്ടിയുമായി എത്തിയവരുടെ തിരക്കിനിടയിലൂടെ ഞാൻ തെക്കുവടക്കു നടന്നു. പെടയ്ക്കുന്ന പച്ചമീൻ കണ്ടിട്ട് എനിക്ക് കൊതിച്ചിട്ട് വയ്യാണ്ടായി. ആരോ വലിച്ചെറിഞ്ഞു തന്ന പള്ള കീറിയ അയലയും കടിച്ചെടുത്ത് ഞാൻ അപ്പാപ്പന്റെ പുറകെ നടന്നു. അടമ്പുവള്ളികളുടെ വയലറ്റു പൂക്കൾ നിറഞ്ഞ പഞ്ചാരമണ്ണും ചവിട്ടി ഞങ്ങൾ രണ്ടാളും കൈതോല വളരുന്ന പൊഴിയോരത്തുകൂടി നടന്നു.
“കുട്ടിക്കാലത്ത് ഞാനിവിടെയാ കളിച്ച് തിമിർത്തത്. ദാ അവിടെയായിരുന്നു ഞങ്ങളുടെ വീട്…”
കൂടെ ആരോ ഉണ്ടെന്ന ധാരണയിൽ അപ്പാപ്പൻ സംസാരിച്ചു തുടങ്ങി. ഞാൻ അപ്പാപ്പന്റെ അടുത്തേക്ക് ചെന്ന് പുള്ളിക്കുത്ത് നിറഞ്ഞ രോമക്കെട്ടുള്ള കാലിൽ മുട്ടിയുരുമ്മി. എന്നിട്ടും അപ്പാപ്പന് എന്നെ കാണാൻ പറ്റിയില്ലെന്ന് എനിക്ക് മനസ്സിലായി.
അപ്പാപ്പൻ ചൂണ്ടിക്കാട്ടിയ സ്ഥലത്ത് മോന്തായം ചരിഞ്ഞൊരു ഓലപ്പുര നിന്നിരുന്നു. അതിന്റെ മുറ്റത്ത് ചിതലു കയറി ദ്രവിച്ചുപോയ ഒരു വള്ളം കമഴ്ത്തിവെച്ചിട്ടുണ്ട്. കുറച്ചുനേരം വീടിനെ നോക്കി നിന്നിട്ട് സൈമണപ്പാപ്പൻ മുന്നോട്ടു നടന്നു. ഞാനപ്പോഴേക്കും മീൻ തിന്ന് കിറി നക്കിത്തുടച്ചിരുന്നു. എനിക്ക് ഉറക്കം വരാൻ തുടങ്ങി. പിൻകാൽ പൊക്കി ഞാൻ തെങ്ങിൻമൂട്ടിൽ മൂത്രമൊഴിച്ചു.
കുറച്ചുദൂരം കൂടി കിഴക്കോട്ടു ചെന്നപ്പോഴേക്കും ആകാശത്തുനിന്നും കണ്ട ചെറിയപള്ളിയുടെ മുറ്റത്ത് എത്തി. അതിന്റെ ചുമരിലെല്ലാം പായൽ പിടിച്ചിരുന്നു. വിജാഗിരികൾ അടർന്ന ജനാലകൾ താഴേക്ക് തൂങ്ങിക്കിടന്നിരുന്നു. മാറാല പിടിച്ച ഒരു രൂപത്തെ വണങ്ങിയിട്ട് അപ്പാപ്പൻ നടന്നു. തൊട്ടാവാടി നിറഞ്ഞ കുഴിമാടത്തിനരികിൽ അപ്പാപ്പൻ മുട്ടുകുത്തി. തൊട്ടടുത്ത കുരിശിലേക്ക് പിൻകാലുയർത്തിയ എന്നെ ഒരു റൂഹാൻകിളി കണ്ണുരുട്ടി വിലക്കി.

സൈമണപ്പാപ്പന്റെ പ്രാർത്ഥന നീണ്ടു. സന്ധ്യയായി. വലേന്ന് കുടഞ്ഞിട്ട അയലകളുടെ കണ്ണുകൾപോലെ ആകാശത്ത് നക്ഷത്രങ്ങൾ. അമ്പിളിക്കല മേഘക്കൂട്ടങ്ങളീന്ന് തലനീട്ടി പള്ളിക്കു മുകളിൽ വെള്ളിവെട്ടം വിതറി.
കുഴിമാടത്തിന്റെ അരികിലെ മണ്ണു തുരന്നൊരു കുഴിയുണ്ടാക്കി ഞാൻ അതിന്റെ ചൂടിൽ ചുരുണ്ടുകൂടി കിടന്നു. മരിച്ചവർക്കുവേണ്ടിയുള്ള ചാവുമണി മുഴങ്ങിയതും തിരകൾക്കു മീതെ നടന്നുവന്ന പൂ മാലാഖ പെട്ടെന്ന് കരയിലേക്ക് കയറി.
കവിണികൊണ്ടു നരച്ചതല പാതിമറച്ച ഒരു അമ്മാമ്മ മാലാഖയോടൊപ്പമുണ്ട്. അവരുടെ കാതിലെ കാത്തളകൾ കഴുത്തറ്റംവരെ തൂങ്ങിക്കിടന്നിരുന്നു. അവരെ കണ്ടതും അപ്പാപ്പന്റെ മുഖത്തൊരു സന്തോഷം നിറഞ്ഞു. ആ മാലാഖ എന്നേം കൂട്ടി മുന്നേ നടന്നു.
Read More: ഞാൻ ബാലസാഹിത്യകാരനായ കഥ
അപ്പാപ്പനും അമ്മാമ്മയും കൂടി വർത്താനം പറഞ്ഞ് ഞങ്ങളുടെ പിന്നാലെയും. വെള്ളിമേഘങ്ങളൊഴുകുന്ന ആകാശത്തിനു താഴെ കടലിളകുന്ന ഒച്ച. രാത്രി മീൻ പിടിക്കാനുള്ള ഒരുക്കത്തിൽ ചിലർ തീരത്തോടു ചേർന്നു കിടന്നിരുന്ന വഞ്ചിയിൽ വീശുവലയും വിളക്കും വയ്ക്കുന്നു.
“ഇവനായിരുന്നു അപ്പാപ്പന് അന്തിക്കൂട്ട്.” മുന്നോട്ട് ഓടിപ്പോയ എന്നെ അടുത്തേക്ക് വിളിച്ച് മാലാഖ പരിചയപ്പെടുത്തി.. അമ്മാമ്മ കുമ്പിട്ട് എന്റെ കഴുത്തിലൊരു ഉമ്മ തന്നിട്ട് ചോദിച്ചു “ഞാനാരാണെന്ന് നിനക്ക് മനസ്സിലായോ?”
ഒന്നുമറിയാത്തപോലെ നാക്കു പുറത്തേക്കിട്ട് അണച്ചുനിൽക്കുന്ന എന്നെ നോക്കി അപ്പാപ്പൻ ഉറക്കെ ചിരിച്ചു. “എടാ കുട്ടാ, ഇതാ, എന്റെ കെട്ടിയോള്.”
അതു കേട്ട് മാലാഖ ചിരിച്ചു. മാലാഖച്ചിരി കണ്ടപ്പോൾ എനിക്കും സന്തോഷമായി. അപ്പാപ്പന് എന്നെ കാണാനായതിന്റെ സന്തോഷത്തിൽ, തീരത്തെ ചൊരിമണ്ണിൽ മുൻകാൽ അമർത്തി വരഞ്ഞ് ഞാൻ ഉച്ചത്തിൽ നീട്ടിക്കുരച്ചു. അപ്പോൾ ആകാശത്തിന്റെ അതിരിൽനിന്നും ഒരു പേടകം കടലിനുമീതെ എത്തി. അതിന്റെ നാലുവശത്തുനിന്നും വീശിക്കൊണ്ടിരുന്ന വെള്ളിവെളിച്ചം ഓളങ്ങളെ പാൽനുരപോലെ പതപ്പിച്ചു.
ഒന്നു വട്ടം ചുറ്റിയിട്ട് പേടകം തീരത്തെ ചൊരിമണ്ണിലേക്കിറങ്ങി. അതിൽ നിന്നിറങ്ങിയ മാലാഖവൃന്ദം ഞങ്ങളെയെല്ലാവരേയും കീരീടവും അങ്കിയും ധരിപ്പിച്ച് പേടകത്തിനുള്ളിലേക്ക് കയറ്റി. വെളിച്ചം വിതറി പേടകം ഉയർന്നപ്പോൾ ഞാൻ ചില്ലുപാളിയിലൂടെ താഴേക്ക് നോക്കി.
തീരത്തെ വഞ്ചികളിലേക്ക് മീൻവലകയറ്റിക്കൊണ്ടിരുന്നവർ അതിശയത്തോടെ അപ്പോഴും ആകാശത്തേക്ക് നോക്കിനിൽക്കുന്നുണ്ടായിരുന്നു.