scorecardresearch
Latest News

കുഞ്ഞു കുഞ്ഞു കഥകൾ

വിവിധ രാജ്യങ്ങളിൽ പ്രചാരത്തിലുളള നാല് നാടോടിക്കഥകളുടെ സമ്പാദനവും മൊഴിമാറ്റവും

കുഞ്ഞു കുഞ്ഞു കഥകൾ

പാകിസ്ഥാൻ, ഫിലിപ്പൈൻസ്,റൊമേനിയ, സ്വീഡൻ എന്നിവിടങ്ങളിൽ നിന്നുളള നാല് നാടോടിക്കഥകൾ. ഉമാ പ്രസീദയുടെ മൊഴിമാറ്റം

സൂര്യന്റെയും ചന്ദ്രന്റെയും വഴക്ക്

ഒരിക്കൽ സൂര്യനും ചന്ദ്രനും തമ്മിൽ ഒരു ഊക്കൻ വഴക്ക് നടന്നു. സൂര്യൻ പറഞ്ഞു: “നീ വെറും ചന്ദ്രൻ. ഞാൻ നിനക്ക് വെളിച്ചം തന്നില്ലെങ്കിൽ നീ രാത്രി എങ്ങിനെ ഇങ്ങനെ തിളങ്ങും?”

ചന്ദ്രൻ: “താൻ വെറും സൂര്യൻ … എന്ത് ചൂടനാടോ താൻ. പെൺകുട്ടികൾക്ക് എന്നെയാ ഇഷ്ടം. ഞാൻ രാത്രി തിളങ്ങുമ്പോൾ അവർ പുറത്തിറങ്ങി വന്നു നൃത്തം ചവിട്ടുന്നത് കാണണം!”

ചന്ദ്രച്ചാരുടെ ഈ വാക്കുകൾ സൂര്യനെ ദേഷ്യം പിടിപ്പിച്ചു. സൂര്യനാകെ ചുമന്ന് തുടുത്തു. ആ ദേഷ്യത്തിൽ മൂപ്പർ ചന്ദ്രന്റെ മുഖത്ത് മണൽ വാരിയെറിഞ്ഞു. കുഞ്ഞുങ്ങളെ ഒന്ന് നോക്കൂ. അതാണത്രേ ചന്ദ്രന്റെ മുഖത്ത് കാണുന്ന മറുകുകൾക്കു കാരണം കേട്ടോ ?Short Story, uma praseeda, nadodikathakal, folktales, folktales for children, children literature,

(ഫിലിപ്പീനിയൻ നാടോടി കഥ)

പട്ടിയും പൂച്ചയും എലിയും

പണ്ട് പണ്ട്, പൂച്ചയും പട്ടിയും എലിയും ഒക്കെ വല്യ കൂട്ടുകാർ ആയിരുന്നു. അവരൊക്കെ അവരുടെ യജമാനൻ ആദാമിന്റെ കൂടെയാണ് താമസിച്ചിരുന്നത്. പിന്നീട് വഴക്കാവാതിരിക്കാൻ അവർ എല്ലാവരും കൂടി ഒരു കരാർ ഒപ്പിട്ടു- ആരൊക്കെ എന്തൊക്കെ പണി എടുക്കുമെന്ന്. വീടിന് പുറത്തെ പണിയൊക്കെ പട്ടിയും, അകത്തെ പണിയൊക്കെ പൂച്ചയും. ആ കരാർ സൂക്ഷിച്ചു വെക്കാൻ പപ്പി പൂച്ചയോട് പറഞ്ഞു. പൂച്ചയാകട്ടെ, അത് തട്ടിൻ പുറത്ത് വെച്ചു.

അങ്ങനേ ഇരിക്കേ, പട്ടിക്ക് തോന്നി പൂച്ച തനിക്ക് ഒട്ടും വില തരുന്നില്ല എന്ന്. രാത്രി മുഴുവൻ കള്ളൻ വരുന്നുണ്ടോ നോക്കി ഉറക്കമിളയ്ക്കുക, തണുപ്പും മഴയും കൊണ്ട് തണുത്ത് വിറങ്ങലിച്ച് രാത്രി മുഴുവൻ പുറത്തിരിക്കുക, എന്നിട്ട് വെറും എല്ലും തോലും മാത്രം ഭക്ഷണം, ചിലപ്പോൾ ഒന്നും കിട്ടാതിരിക്കുക…എന്തൊക്കെ കഷ്ടപ്പാടാ തനിക്ക്! പൂച്ചക്ക് നല്ല സുഖം- വീട്ടിനകത്ത് സുഖസൗകര്യങ്ങൾ, നല്ല ഭക്ഷണം, നെരിപ്പോടിലെ ചൂട്!

പൂച്ച പറഞ്ഞു: “കരാർ ഒപ്പിട്ടാൽ ഒപ്പിട്ടതാ”

പട്ടി പറഞ്ഞു: “എന്നാ കരാർ കൊണ്ട് വാ. ഞാനൊന്ന് നോക്കട്ടെ… ”

തട്ടിൻപുറത്ത് കയറി നോക്കിയ പൂച്ച കണ്ടതോ? കൊഴുപ്പ് പുരണ്ട ആ കരാർ ചീട്ട് എലി കരണ്ടിരിക്കുന്നു! ബാക്കി ഉള്ളത് കുറച്ച് തുണ്ടു കടലാസ് മാത്രം…ഇത് കണ്ട പൂച്ച ദേഷ്യം കാരണം കുറെ എലികളുടെ പിന്നാലെ ഓടി അവയെ ഒക്കെ വകവരുത്തി. താഴെ എത്തിയപ്പോഴോ കരാർ എവിടെയെന്ന് ചോദിച്ച പട്ടി പൂച്ചയെ ദേഷ്യം കാരണം, പിടിച്ച് ജീവൻ പോണ വരെ കുലുക്കി.Short Story, uma praseeda, nadodikathakal, folktales, folktales for children, children literature,

അന്ന് തൊട്ടാണത്രെ, എപ്പോൾ പട്ടി പൂച്ചയെ കണ്ടാലും കരാറിനെ പറ്റി അന്വേഷിക്കുകയും, പൂച്ചയെ ഓടിച്ചു മരം കേറിപ്പിക്കുകയും ചെയ്യാൻ തുടങ്ങിയത്. പൂച്ച ആകട്ടെ, എപ്പോൾ എലിയെ കണ്ടാലും കരാർ നശിപ്പിച്ച ദേഷ്യം തീർക്കാൻ പിന്നാലെ ഓടി എലിയെ പിടിച്ചു തിന്നുകയും ചെയ്യാൻ തുടങ്ങി.

(റൊമാനിയൻ നാടോടി കഥ)

നീല ചെന്നായ

ഭക്ഷണം അന്വേഷിച്ച് കറങ്ങി നടന്ന ഒരു ചെന്നായ നീലച്ചായം കലക്കിയ പാത്രത്തിലേക്ക് വീണു. അവൻ തിരിച്ചു മടയിലെത്തിയപ്പോൾ, അവന്റെ കൂട്ടുകാർ ഞെട്ടിത്തരിച്ച് അവനോട് ചോദിച്ചു: “ഇതെന്താ പറ്റിയത്?”

“എന്നെ പോലെ ഭംഗിയുള്ള എന്തിനെയെങ്കിലും നിങ്ങളൊക്കെ കണ്ടിട്ടുണ്ടോ? നോക്കെന്നേ! എന്നെ ഇനി അബദ്ധത്തിൽ പോലും ‘ചെന്നായ’ എന്ന് വിളിക്കല്ലേ..”-ചെന്നായ വാൽ ചുരുട്ടി പറഞ്ഞു.

“എന്ത്? പിന്നെ നിന്നെ എന്ത് വിളിക്കും?” – കൂട്ടുകാർ ചോദിച്ചു.

“മയിൽ..ഇനി എന്നെ മയിൽ എന്ന് വിളിക്കൂ സഹോ..” -നീല ചായത്തിന്റെ ഭംഗിയിൽ ചാടി നടന്നു കൊണ്ട് ചെന്നായ പറഞ്ഞു.

“പക്ഷെ, മയിലിനു പീലിവിരിച്ചാടാൻ പറ്റും. നിനക്ക് പറ്റുമോ …വാൽ പരത്താൻ?” -കൂട്ടുകാർ ചോദിച്ചു.

“ഓ അതൊന്നും എന്നെ കൊണ്ട് പറ്റൂല… “- ചെന്നായ പറഞ്ഞു.

“മയിലിന് മന്ത്രമധുരമായി ശബ്ദമുണ്ടാക്കാൻ പറ്റും… നിനക്കോ?” – കൂട്ടുകാർ തുടർന്നു.

“അതും പറ്റില്ല.”- ചെന്നായ പരുങ്ങലിൽ ആയി.

“അപ്പൊ പിന്നെ നീ ചെന്നായയുമല്ല, മയിലും അല്ല… “- കൂട്ടുകാർ തറപ്പിച്ചു പറഞ്ഞു. ഇത് പറഞ്ഞതോടെ അവരെല്ലാവരും കൂടി ചെന്നായയെ അവിടുന്ന് ആട്ടി ഓടിച്ചു.

(പാകിസ്ഥാനി നാടോടിക്കഥ)

Short Story, uma praseeda, nadodikathakal, folktales, folktales for children, children literature,

സ്റ്റോമ്പേ പിൽറ്റ്

ബാൽസ്ബർഗിൽ നിന്നും അധികം ദൂരെയല്ലാതെ , വില്ലൻഡ്ഷാരടിൽ ഫിൽകേസ്റ്റലിനടുത്ത് ഒരു കുന്നിൽ ഒരു ഭീമൻ ജീവിച്ചിരുന്നു. അവന്റെ പേരോ ? സ്റ്റോമ്പേ പിൽറ്റ് .

ഒരിക്കൽ തന്റെ ആട്ടിൻകുട്ടികളെയും കൊണ്ട് ഒരു ആട്ടിടയൻ ആ കുന്നിന്മുകളിലേയ്ക്ക് എത്തിപ്പെട്ടു.

“ആരാണത് ?” ആടുകളുടെ ശബ്ദം കേട്ട ഭീമൻ കയ്യിൽ ഒരു വലിയ ഉരുളൻ കല്ലുമെടുത്ത് കുന്നിൻ മുകളിൽ നിന്ന് ഗർജ്ജിച്ചു.

“ഓ ഈ ഞാൻ തന്നെ” ആട്ടിടയൻ ഇങ്ങനെ വിളിച്ച് പറഞ്ഞ് ആട്ടിൻ കുട്ടികളെ കുന്നിൻ മുകളിലേയ്ക്ക് നയിച്ചു .

“നീ ഇവിടെ വന്നാൽ ഞാൻ ഈ കല്ല് കൊണ്ട് നിന്നെ ചതക്കും,”  ഭീമൻ ഇങ്ങനെ പറഞ്ഞു കൊണ്ട് ദേഷ്യത്താൽ ആ കല്ല് ഞെരിച്ച് തവിടു പൊടിയാക്കി.

“ആഹാ. എന്നാലിത് പോലെ ഞെരിച്ച് ഞാനും നിന്നെ ചണ്ടിയാക്കും. “- പോക്കറ്റിൽ നിന്ന് ഒരു പുതിയ ചീസ് എടുത്ത് അതിലെ വെള്ളം പോകുമാറ് അവനും ഞെരിച്ചു കാണിച്ചു.

“എന്നെ കണ്ടിട്ട് പേടി ഒന്നും തോന്നുന്നില്ലേ?” – ഭീമൻ ചോദിച്ചു.

“തന്നെയോ? പേടിയോ. ഹഹഹ !” ആട്ടിടയൻ ചിരിച്ചു.

“എന്നാൽ ഇന്ന് യുദ്ധം തന്നെ. അപ്പൊ കാണാം ആര് ആരെ പേടിച്ചോടുമെന്ന്!” ഭീമൻ വെല്ലുവിളി നടത്തി.

“നിന്റെ ഇഷ്ടം… പക്ഷെ അതിനു മുൻപ് നമ്മൾ അന്യോന്യം ചീത്ത വിളിക്കണം. എന്നാലേ ശരിക്ക് ദേഷ്യം മൂത്ത് യുദ്ധം ചെയ്യാൻ പറ്റൂ,” ആട്ടിടയൻ പറഞ്ഞു.

“എന്നാൽ ഞാൻ തുടങ്ങാം ചീത്ത വിളി,” ഭീമൻ പറഞ്ഞു

“അതും നിന്റെ ഇഷ്ടം. എന്നാൽ അത് കഴിഞ്ഞ് എന്റെ അവസരമാണ്,” ആട്ടിടയൻ പറഞ്ഞു.

“നിന്നെ വളഞ്ഞ മൂക്കുള്ള ഒരു രാക്ഷസൻ തൂക്കി കൊണ്ടുപോകട്ടെ,” ഭീമൻ ഉറക്കെ പറഞ്ഞു.

“നിന്നെ പറക്കുന്ന ഭൂതം പൊക്കി കൊണ്ട് പോകട്ടെ,” ആട്ടിടയനും വിട്ടു കൊടുത്തില്ല. ഇതിനൊപ്പം തന്നെ അവൻ ഭീമന്റെ ദേഹത്തേക്ക് ഒരു മൂർച്ചയുള്ള അമ്പു തൊടുത്തു. “ഇതെന്താ?” ഭീമൻ ആ അമ്പു വലിച്ചെടുക്കാൻ നോക്കിക്കൊണ്ട് ചോദിച്ചു.

“അതോ ? അതാണ് ചീത്ത വിളി,” ആട്ടിടയൻ പറഞ്ഞു.

“ഈ ചീത്തവിളിക്കെന്താ തൂവലുകൾ,” ഭീമൻ ചോദിച്ചു.
“എന്നാലല്ലേ ഞാൻ ഉറക്കെ നിന്നെ ചീത്ത വിളിക്കുമ്പോൾ അതിനു നിൻ്റെ ചെവിയിലേക്ക് പറന്നെത്താൻ കഴിയൂ,” ആട്ടിടയൻ പറഞ്ഞു.
“ഇതെന്താ ഊരാൻ പറ്റാത്തത്,” ഭീമൻ അന്തം വിട്ടു.
“അത് നിന്റെ ശരീരത്തിൽ തറച്ചു,” ആട്ടിടയൻ പറഞ്ഞു.
“ഇനി നിന്റെ കയ്യിൽ ഇത് പോലെ വേറേം ചീത്തവിളി ഉണ്ടോ?” – ഭീമൻ ആകെ പരിഭ്രാന്തിയോടെ ചോദിച്ചു.
“ഇന്നാ പിടിച്ചോ…” എന്ന് പറയലും, ആട്ടിടയൻ വീണ്ടും ഒരു അമ്പു ഭീമനെ ലക്ഷ്യം വച്ച് തൊടുത്തു.Short Story, uma praseeda, nadodikathakal, folktales, folktales for children, children literature,

“അയ്യോ..അയ്യോ.. ഇനിം പോരെ ചീത്തവിളിക്കൽ… ദേഷ്യം മൂത്തില്ലേ? ഇനി യുദ്ധം തുടങ്ങാം…,” ഭീമൻ വേദന കൊണ്ട് ഞെരി പിരി കൊള്ളാൻ തുടങ്ങി.
“ഏയ്.. ചീത്ത വിളിച്ച് തീർന്നില്ല…,”ആട്ടിടയൻ ഒരു അമ്പും കൂടി ഉന്നം വെച്ചു.

“നീ നിന്റെ ആടുകളെയും കൊണ്ട് എവിടെ വേണമെങ്കിലും വന്നോ. എനിക്ക് നിന്റെ ചീത്ത വിളി തന്നെ സഹിക്കാൻ പറ്റുന്നില്ല. ചീത്ത വിളി ഇങ്ങനെയെങ്കിൽ നിന്റെ ഇടി എന്തായിരിക്കും,”നിലവിളിച്ചു കൊണ്ട് സ്റ്റോമ്പേ പിൽറ്റ് കുന്നിലെവിടെയോ ഓടിയൊളിച്ചു.

ഇങ്ങനെയാണ് കൂട്ടുകാരെ, ആട്ടിടയൻ തന്റെ ധൈര്യവും ബുദ്ധിയും കൊണ്ട് ഒരു ഭീമനെ തോല്പിച്ചത്.

(സ്വീഡിഷ് നാടോടി കഥ)

Stay updated with the latest news headlines and all the latest Children news download Indian Express Malayalam App.

Web Title: Folk tales pakistan romania sweden philippines uma praseeda